Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതിനെ തുടർന്ന് അടുത്ത രണ്ടു വർഷങ്ങളിൽ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. നിരക്കുകൾ ഉയർന്നതിനെ തുടർന്ന് “ബൈ -ടു -ലെറ്റ് ” പ്രോപ്പർട്ടികൾ വാങ്ങുവാൻ ഭൂവുടമകൾ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോൺ ചാർകോളിലെ മോർട്ട്ഗേജ് ബ്രോക്കറായ റേ ബൗൾജർ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചാൻസിലർ ക്വാസി ക്വാർട്ടെങിന്റെ മിനി ബഡ്ജറ്റ് വരാനിരിക്കെ, നിലവിലെ വിപണിയുടെ സ്ഥിതി അവലോകനം ചെയ്യുവാനാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഈ വർഷത്തിൽ ഉടനീളം ഫിക്സഡ് – റേറ്റ് മോർട്ട്ഗേജുകളുടെ റേറ്റുകൾ ക്രമാതീതമായി ഉയർന്നിരുന്നു. ബാക്കിയുള്ള വിപണികളേക്കാൾ ബൈ – ടു – ലെറ്റ് സെക്ടറിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എംപിമാരുടെ കമ്മിറ്റിക്ക് മുൻപിൽ എത്തിയത്.


പലയിടങ്ങളിലും വസ്തുവിന്റെ 50 മുതൽ 60 ശതമാനം വരെ മോർട്ട്ഗേജ് സുരക്ഷിതമാക്കാൻ ഭൂവുടമകൾക്ക് ചില പ്രദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബൌൾജർ വ്യക്തമാക്കി. ഇത് ചില ഭൂഉടമകളെ വസ്തു വിൽക്കുന്ന തീരുമാനത്തിലെത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം, നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി യുകെയിലെ വീടുകളുടെ വില ഒക്ടോബറിൽ 0.9% കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. 15 മാസത്തെ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിക്കാൻ ഇരിക്കുന്ന മിനി ബഡ്ജറ്റ് ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പോലീസ് സേനയിൽ ഒട്ടേറെ ക്രിമിനലുകളും ലൈംഗിക കുറ്റവാളികളുമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വീട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മെട്രോ പോളിറ്റൻ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായത് പോലീസ് സേനയ്ക്കെതിരെ കടുത്ത ജനരോക്ഷം ഉയരാൻ കാരണമായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് സേനയിലെ ക്രിമിനൽ വത്കരണത്തിനെ കുറിച്ച് പഠിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി പ്രീതിപട്ടേൽ കമ്മിറ്റിയെ നിയോഗിച്ചത്.

പരിശോധിച്ച 725 ഓഫീസർമാരുടെ കാര്യത്തിൽ 131 പേർ പോലീസ് സേനയിൽ തുടരുന്നതിൽ കടുത്ത ആശങ്കയാണ് കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് സേനയിലെ സ്ത്രീവിരുദ്ധതയും ലൈംഗിക അതിക്രമണവും തുറന്നു കാട്ടുന്നതാണ് റിപ്പോർട്ട് . സാറാ എവറാർഡിന്റെ കൊലപാതകം പോലുള്ള അപലിനീയമായ കുറ്റകൃത്യത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായ സാഹചര്യത്തിൽ സേനയിലേക്ക് ആളെ എടുക്കുന്നതിന് നിലവിലുള്ള സംവിധാനത്തിനെ കുറിച്ച് കടുത്ത സംശയങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത് .

റിപ്പോർട്ട് തയ്യാറാക്കാൻ 11,000 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആണ് കമ്മിറ്റി ചോദ്യം ചെയ്തത്. പോലീസ് സേന പൊതുജന വിശ്വാസം ആർജിക്കണമെന്നും സ്ത്രീകളായ തങ്ങളുടെ സഹപ്രവർത്തകരോട് മാന്യമായ പെരുമാറണമെന്നും റിപ്പോർട്ട് എഴുതിയ പാർ പറഞ്ഞു . പോലീസ് സേനയിലെ അംഗങ്ങൾക്ക് ഓരോ പത്തു വർഷത്തിലൊരിക്കലോ അല്ലെങ്കിൽ തന്തപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറുമ്പോഴോ അവരുടെ പ്രവർത്തനങ്ങളെ സമൂലമായി വിലയിരുത്തുക എന്നതുൾപ്പെടെയുള്ള ക്രിയാത്മകനിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളി സമൂഹത്തിന് തീരാനഷ്ടമായി രണ്ടുപേർ കൂടി വിടവാങ്ങി. ഈസ്റ്റ് ഹാമിലെ അഡ്വ. ജോസ് പീടിയേക്കലും ക്രോയ്ഡോൺ സ്വദേശിയായ സതീഷും ഇനി ഓർമ്മകളിൽ മാത്രം. അഡ്വ. ജോസ് പീടിയേക്കൽ ( 67 ) ഏതാനും വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ന്യൂ ഹാം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ജോസ് പീടിയേക്കലിന്റെ അന്ത്യാഭിലാഷം പോലെ തന്നെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ ആയിരിക്കുമെന്നാണ് അറിയാൻ സാധിച്ചത്. യുകെയിലേയ്ക്കുള്ള ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് അദ്ദേഹം.

നാലുവർഷത്തോളമായി പക്ഷാഘാതത്തിന് ചികിത്സയിൽ ആയിരുന്നു സതീശൻ ശ്രീധരൻ (64 ). മിച്ചമിലെ കാർക്ലോ ടെക്നിക്കൽ പ്ലാസ്റ്റിക് മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സതീശൻ 2003 ലാണ് യു കെ യിൽ എത്തിയത്. കേരളത്തിൽ കിളിമാനൂർ ആണ് സ്വദേശം . ഷെല്ലിയാണ് ഭാര്യ. നിതീഷ്, നിഷിത, നിധുന എന്നിവർ മക്കളാണ്. മരുമകൾ : അപർണ . നവംബർ 5-ാം തീയതി ആണ് സതീഷിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുക. 10 . 30 മുതൽ 11.30 വരെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ക്രോയ്‌ഡോൺ ക്രിമറ്റോറിയത്തിൽ 11. 45 ന് സംസ്കാരം നടക്കും.

ജോസ് പീടിയേക്കലിൻെറയും സതീശൻ ശ്രീധരൻെറയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ: ലോകകപ്പിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളിലും ഫാൻസ് പാർക്കുകളിലും മാത്രമേ ആരാധകർക്ക് മദ്യം കഴിക്കാൻ കഴിയൂ. ലോകകപ്പിനായി ഖത്തറിൽ വിന്യസിച്ചിരിക്കുന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥർ ആരാധകരും പ്രാദേശിക നിയമപാലകരും തമ്മിലുള്ള ബഫറുകളായി പ്രവർത്തിക്കുമെന്ന് ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പറഞ്ഞു.

എങ്ങനെ പെരുമാറണമെന്ന് ആരാധകരോട് പറയാൻ ബ്രിട്ടീഷ് പോലീസ് ഇല്ലെന്ന് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന പോലീസിന്റെ തലവൻ റോബർട്ട്സ് പറഞ്ഞു. ആരാധകരുടെ പ്രശ്നം നിയന്ത്രിക്കുന്നതാണ് പോലീസിന്റെ മുഖ്യ പരിഗണന വിഷയമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നവംബർ 20നാണ് ലോകകപ്പ് ആരംഭിക്കുന്നത്. വികാര പ്രകടനങ്ങൾ ഏറ്റവും കൂടുതൽ നടക്കാൻ സാധ്യതയുള്ളതും ഇവിടെയാണ്. ഷർട്ട്‌ ഊരി വീശാനും പതാക പറത്താനും ആരാധകർ മുൻപന്തിയിൽ കാണും. യുകെ പോലീസ് പ്രതിനിധി സംഘത്തിൽ 15 എൻഗേജ്‌മെന്റ് ഓഫീസർമാരുണ്ട്, അവർ പിന്തുണക്കാർക്കും ഖത്തറി നിയമപാലകർക്കുമിടയിൽ ഒരു ബഫർ ആയി പ്രവർത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളിലേയ്ക്കുള്ള നിയമനങ്ങളിലെ യോഗ്യതയിൽ മാറ്റം വരുത്തി. പുതിയ മാറ്റങ്ങൾ കൂടുതൽ സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനാണെന്നാണ് റിപ്പോർട്ടുകൾ . നേരത്തെ ഉദ്യോഗാർത്ഥിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ബ്രിട്ടീഷ് വംശജരായിരിക്കണമെന്നുള്ള നിബന്ധന ഉണ്ടായിരുന്നു. ഈ നിബന്ധനയിലാണ് കാതലായ മാറ്റം വന്നിരിക്കുന്നത് . ഇത് പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള ഏതൊരാൾക്കും അവരുടെ മാതാപിതാക്കൾ ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷകരുടെ മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കുന്നതു മൂലം സമർത്ഥരായ പല ഉദ്യോഗാർത്ഥികൾക്കും അവസരം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് രഹസ്യന്വേഷണ ഏജൻസികളെ പ്രതിനിധീകരിച്ച് ഒരു വക്താവ് പറഞ്ഞു. ഇനി മുതൽ രഹസ്യന്വേഷണ ഏജൻസികളിലേയ്ക്ക് ജോലിക്ക് അപേക്ഷിക്കാൻ ഏതൊരാളും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത് , അവരുടെ മാതാപിതാക്കൾ എവിടെ നിന്നാണെങ്കിലും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യന്വേഷണ ഏജൻസികളിലേയ്ക്കുള്ള 11 ആഴ്ചത്തെ ഡൈവേഴ്സിറ്റി ഇന്റലിജൻസ് ഇന്റേൺഷിപ്പിങ്ങിൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി അടുത്തിടെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപന പ്രകാരം ബ്രിട്ടീഷ് പൗരത്വമുള്ള യു കെ മലയാളികളുടെ മക്കൾക്കും ജോലിക്കായി അപേക്ഷിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യഹൂദ മതവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് ബ്രിട്ടനിലെ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന ഷൈമ ദല്ലാലിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. ഷൈമയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര അന്വേഷണം അവർക്കെതിരെ നടന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഇനിയും സംഘടന പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തു നിന്നും ഷൈമയെ നീക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും , എന്നാൽ അവർ ഇത്തരം ഒരു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ സംഘടനയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്ന് യൂണിയൻ ഓഫ് ജ്യൂവിഷ് സ്റ്റുഡൻസ് (യു ജെ എസ് ) വ്യക്തമാക്കി. തന്നെ പുറത്താക്കിയ വിവരം താൻ ട്വിറ്ററിലൂടെ അറിഞ്ഞതായും അത് സ്വീകാര്യമായിരുന്നില്ലെന്നും ഷൈമ പ്രതികരിച്ചു. രാജ്യത്തുടനീളം നിലനിൽക്കുന്ന വിദ്യാർത്ഥി യൂണിയനുകളിലൂടെ യുകെയിലെ ഏകദേശം 7 മില്യനോളം വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ്. ഷൈമയ്ക്കെതിരെ അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

മാർച്ചിൽ നടന്ന നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടനയുടെ നാഷണൽ കോൺഫറൻസിലാണ് ഷൈമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഷൈമയുടെ ചില നിലപാടുകളെ സംബന്ധിച്ച് ജൂത വിദ്യാർത്ഥികൾ അന്ന് തന്നെ പരാതി ഉയർത്തിയിരുന്നു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കാൻ നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് സംഘടന മാപ്പ് ചോദിച്ചു. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ എല്ലാവരുമായി ഒരുമിച്ച് സഹകരിക്കുമെന്ന് ആക്ടിംഗ് ഹെഡ് ക്ളോ ഫീൽഡ് വ്യക്തമാക്കി. എന്നാൽ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ് ഇസ്ലാമിക് സൊസൈറ്റിസ് ഷൈമയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യഹൂദ വിരുദ്ധതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ സർക്കാർ എൻ‌യു‌എസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നികത്തി, സാമ്പത്തിക രംഗം സുസ്ഥിരമായ നിലയിലെത്തിക്കുവാൻ ജനങ്ങളെല്ലാവരും തന്നെ കൂടുതൽ നികുതി നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് ട്രഷറി നൽകി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നയം കൊണ്ട് മാത്രം സ്ഥിതി പൂർവസ്ഥിതിയിൽ എത്തുകയില്ലെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം. നവംബർ 17ന് പ്രഖ്യാപിക്കാനിരിക്കുന്ന ബഡ്ജറ്റിന് മുന്നോടിയായി ചാൻസലർ ജെറെമി ഹണ്ട് പ്രധാനമന്ത്രി റിഷി സുനക്കുമായി തിങ്കളാഴ്ച ചർച്ച നടത്തി. നികുതി  വർദ്ധന അനിവാര്യമാണെന്നും കൂടുതൽ കടുത്ത തീരുമാനങ്ങൾ ഇത് സംബന്ധിച്ച്  ഉണ്ടാകുമെന്നും ട്രഷറിയുമായി ബന്ധപ്പെട്ട മറ്റൊരു സ്രോതസ്സ് വ്യക്തമാക്കി.

നിലവിൽ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ‘ഫിസ്ക്കൽ ബ്ലാക്ക് ഹോൾ ‘ എത്ര തുകയാണെന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെയും വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ ഇത് കുറഞ്ഞത് 50 ബില്യൺ പൗണ്ട് തുകയെങ്കിലും ഉണ്ടാകുമെന്നാണ് മുൻപ് ബിബിസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.  ലിസ് ട്രസ്സിന് ശേഷം റിഷി സുനക് അധികാരം ഏറ്റെടുത്തപ്പോൾ ജനങ്ങൾ എല്ലാവരും തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന സാമ്പത്തിക പ്രസ്താവന രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 17ന് ഉണ്ടാകും.

ഗവൺമെന്റ് പദ്ധതികളെ സംബന്ധിച്ച് ഇതുവരെയും വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എന്നാൽ മന്ത്രിമാർക്ക് ആദായനികുതി പരിധികൾ നിയന്ത്രിക്കാനും മരവിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള നിയമനിർമ്മാണം ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചില സൂചനകൾ വ്യക്തമാക്കുന്നത്. 50 ശതമാനം നികുതി വർദ്ധനവും, 50% ഗവൺമെന്റിന്റെ ചെലവ് വെട്ടിക്കുറക്കലും ഒരുമിച്ച് നടപ്പിലാക്കി നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ചാൻസലർ ഹണ്ട് ശ്രമിക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. ലിസ് ട്രെസ്സിന്റെ കാലയളവിൽ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങളിൽ പലതും ചാൻസലറായി ചുമതലയേറ്റ ഉടൻ തന്നെ ഹണ്ട് തിരുത്തിയിരുന്നു. ഇത് സാമ്പത്തിക രംഗത്തെ കുറച്ചധികം ഉത്തേജിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നവംബർ 17ന് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാമ്പത്തിക പ്രസ്താവന വളരെയധികം  പ്രാധാന്യമർഹിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോഡ് മാർഗം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ആളുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 53 ദിവസം റോഡ് മാർഗം മുഖേന ഏകദേശം 22000 കിലോമീറ്റർ താണ്ടി,1 കോടി രൂപ ചിലവിലാണ് യാത്ര നടത്തിയത്. ഇത് ലഖ്‌വീന്ദറിന്റെ കഥയാണ്.

ടൊയോട്ട ടകോമയിൽ 22,000 കിലോമീറ്ററിലധികം സഞ്ചരിച്ച അദ്ദേഹം 53 ദിവസങ്ങൾ കൊണ്ട് യുഎസ്എയിൽ നിന്ന് ജലന്ധറിലേക്ക് റോഡ് മാർഗം യാത്ര ചെയ്തു. കാറിൽ യാത്ര ചെയ്യാൻ പലർക്കും താല്പര്യം ഉണ്ടെങ്കിൽ പോലും പലപ്പോഴും പല തടസങ്ങളും അതിന് മുൻപിൽ ഉണ്ടാവാറുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ലഖ്‌വീന്ദർ യാത്ര ആരംഭിച്ചത്. വിസ, പെർമിറ്റ് ഇങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള യാത്രകൾ ശാരീരികമായും സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുള്ളതുമാണ്. ഇവ ഏറ്റെടുക്കാൻ ഇച്ഛാശക്തിയും കഴിവും അനിവാര്യമാണ്. പുതിയതും വ്യത്യസ്‌തവുമായ എന്തെങ്കിലും പരീക്ഷിക്കാനുള്ള ശ്രമത്തിൽ, യു‌എസ്‌എയിൽ നിന്ന് ഇന്ത്യയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘റൈഡ് ആൻഡ് ഡ്രൈവ്’ എന്ന യൂട്യൂബ് വീഡിയോയിൽ അദ്ദേഹത്തിന്റെ മുഴുവൻ യാത്രയുടെയും ഒരു രത്ന ചുരുക്കം പറയുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പതിനാലു വയസ്സുകാരി വിദ്യാർത്ഥിനി ബസിടിച്ചു അത്യാസന്ന നിലയിൽ ആശുപത്രിയിലായി. കൂടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സ്കൂൾ വിട്ട ശേഷം ക്രോസിംഗിൽ കാത്തു നിൽക്കുമ്പോഴായിരുന്നു ഡബിൾഡക്കർ ബസ് പെൺകുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.

നോർത്ത് ലണ്ടനിലെ സ്റ്റാംഫോർഡ് ഹിൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഉടൻതന്നെ എമർജൻസി സർവീസുകൾ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസ്, ആംബുലൻസ്, അഗ്നിശമന സേന വിഭാഗം എന്നിവരെല്ലാം തന്നെ സംഭവസ്ഥലത്ത് എത്തി. പെൺകുട്ടിയെ ഇടിച്ച ശേഷം പിന്നീട് ബസ് അടുത്തുള്ള ലാമ്പ് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു പെൺകുട്ടി ബസ്സിന് അടിയിൽ പെട്ടതാണ് കൂടുതൽ അപകടകാരണം ആയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

കൂടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയും സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. യെല്ലോ ജംഗ്ഷനിൽ കടക്കാതെ ബസ് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഇതുവരെയും ഇത് സംബന്ധിച്ച് അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോവറിലെ അഭയാർത്ഥി ക്യാമ്പിലേയ്ക്ക് ഒരാൾ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സംഭവത്തോട് അനുബന്ധിച്ച് പോലീസ് ഒരു വീട്ടിൽ തിരച്ചിൽ നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ചയാണ് ഒരാൾ അഭയാർത്ഥി കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞത്. ആക്രമണം നടത്തിയ ആളെ പിന്നീട് പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത കൂട്ടുകയും ചെയ്തു. ആക്രമണം നടത്തിയ ആൾ വൈകോംബ് ഏരിയയിൽ താമസിക്കുന്ന 66 വയസ്സുകാരനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി കെന്റ് പോലീസ് സ്ഥിരീകരിച്ചു.

ആക്രമണത്തിന് തീവ്രവാദ സ്വഭാവമില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് കെന്റ് കൗണ്ടിയിലെ കൗൺസിലർ നൈജൽ കോളർ പറഞ്ഞു .

എന്നാൽ പ്രസ്തുത സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർത്ഥി നയത്തിനോട് കടുത്ത വിമർശനങ്ങളാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഉയർന്നു വന്നിരിക്കുന്നത് . അഭയാർത്ഥികളെ റുവാണ്ടയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുന്നതിനു പകരം ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് പൊതുവേ ഉയർന്നുവന്നിരിക്കുന്ന വികാരം . റഷ്യയുടെ ഉക്രൈൻ ആക്രമണം ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved