ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സിംഗ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു അവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ചിലവില്ലാതെ നേഴ്സിംഗ് പഠിക്കാൻ കഴിയും. പഠനത്തിൽ മികവ് പുലർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ബ്രിട്ടനിൽ മികച്ച സ്റ്റൈഫണ്ട് നൽകിയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. നേഴ്സിംഗ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് നടപടി. പ്രരംഭ ഘട്ടം എന്നുള്ള നിലയിൽ വെയിൽസിലാണ് ഇത് ആരംഭിക്കുന്നത്. പഠനത്തിന് ശേഷം ജോലിയും ഉറപ്പായും നൽകുന്നു. സ്കിൽഡ് വിസ സ്കീമിന് കീഴിൽ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ജോലി ഉറപ്പാക്കുന്നത്. 2023 ഫെബ്രുവരി മാസം 15 നു പുറത്ത് വന്ന ഉത്തരവ് പ്രകാരമാണ് നീക്കം.

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ സൗജന്യ പഠനമാണ് വെയിൽസ് സർക്കാർ ഒരുക്കുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈഫണ്ടായിട്ടും നൽകുന്നു. പഠനം പൂർത്തിയാക്കുന്നതോടെ രണ്ട് വർഷം രജിസ്റ്റർഡ് എൻ എച്ച്എസ് നേഴ്സ് ആയിട്ടാണ് നിയമനം നൽകുന്നത്. ഈ രണ്ട് വർഷം ജോലി നിർബന്ധമാണ്. പിന്നീട് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് മാറാൻ കഴിയും. യൂണിവേഴ്സിറ്റി ഫീസ് മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. പഠനകാലത്തെ ഹോസ്റ്റൽ ഫീ, ഭക്ഷണം എന്നിവയുടെ ചിലവുകൾ വിദ്യാർത്ഥികൾ തന്നെ വഹിക്കണം. പ്ലസ് ടുവിന് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയ്ക്കും 70% മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യവും പരിശോധിക്കുന്നതാണ്. ഐ ഇ എൽ ടി എസിനു ഓവർഓൾ 6.5 സ്കോറും നിർബന്ധമാണ്.

നേഴ്സിംഗ് മേഖലയോടുള്ള താല്പര്യം പരിശോധിക്കാൻ രണ്ട് റൗണ്ട് അഭിമുഖവും ഉണ്ടായിരിക്കും. പഠന മികവ്, ഭാഷ പരിജ്ഞാനം, എന്നിവയോടൊപ്പം ഇതിനും മുൻ‌തൂക്കം നൽകുന്നു. വിദേശരാജ്യങ്ങളിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ചൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ഏറെ നാളുകളായി നഴ്സിംഗ് മേഖലയെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയരുന്നതിനിടയിലാണ് നിർണായക നീക്കം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിൽ ഇളവുകൾ വരുത്തിയത് മലയാളികൾ ഉൾപ്പടെയുള്ളവർക്ക് അവസരം ഉപയോഗിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധർ പങ്കുവെക്കുന്നത്.