Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വാക്‌സിനേഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒഴിഞ്ഞ കോവിഡ് വാക്‌സിൻ കുപ്പികൾ മോഷ്ടിച്ച് വിറ്റു. സ്റ്റീവൻ ഫ്ലിന്റ്(34) എന്നയാളാണ് മൂന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ബോട്ടിലുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിറ്റത്. കഴിഞ്ഞ വർഷം കോവിഡ് കേസുകൾ ഉയർന്ന സമയത്താണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയതെന്ന് അധികൃതർ പറയുന്നു. സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിശദാംശങ്ങളും അധികൃതർ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തുടർന്ന് സറേയിലെ ടാഡ്‌വർത്തിലുള്ള വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മോഷണം നടത്തിയതിന്റെ തെളിവുകൾ കണ്ടെടുക്കുകയും ചെയ്തു. ശൂന്യമായ വാക്സിൻ കുപ്പികളും ഫ്ലിന്റിന്റെ ഇ-ബേ വാങ്ങുന്നവർക്ക് പോസ്റ്റ് ചെയ്ത പാക്കേജുകളുടെ ഒന്നിലധികം രസീതുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. തന്നെ പിന്തുടരാതിരിക്കാൻ ഒരു പുതിയ ഇ-ബേ അക്കൗണ്ട് തുടങ്ങാൻ സുഹൃത്തിന്റെ സഹായം തേടിയതായും അന്വേഷണ സം​ഘം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച സ്റ്റെയിൻസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയും 18 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയും 150 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

” വാക്സിൻ കുപ്പികൾ എൻഎച്ച്എസിന്റെ സ്വത്താണ്. കുപ്പികൾ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഈ ഉടമസ്ഥാവകാശം നിലനിൽക്കുന്നു. ഇതെടുക്കുന്നത് മോഷണം മാത്രമായിരിക്കും. വളരെ വിജയകരമായ ദേശീയ വാക്‌സിൻ പ്രോഗ്രാമിന്റെ ആരംഭത്തിലാണ് ഫ്ലിന്റിന്റെ കുറ്റകൃത്യങ്ങൾ നടക്കുന്നത്. വാക്‌സിൻ റോളൗട്ടിൽ പൊതുജനങ്ങളുടെ വിശ്വാസത്തെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്”- സറേ പോലീസിന്റെ അന്വേഷണ സംഘത്തിലുള്ള ഇൻസ്പെക്ടർ പോൾ ഗോർഡൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എ ലെവൽ പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയവുമായി ടിനു റെജി യുകെ മലയാളികളുടെ അഭിമാനമായി.  ടിനുവിന് നാല് വിഷയങ്ങളിലും എ സ്റ്റാർ ലഭിച്ചു. ലണ്ടൻ ഹാരോയിലെ സെന്റ് ഡൊമിനിക്‌സ് സിക്‌സ്ത് ഫോം കോളേജിലാണ് ടിനു പഠിച്ചത്. ജിസിഎസ്ഇ യിൽഎല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടിയ ടിനുവിന്റെ വിജയഗാഥ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ജി സി എസ് സി ക്ക് സ്വദേശികളായ ഇംഗ്ലീഷ് വിദ്യാർഥികളേക്കാൾ മാർക്ക് കരസ്ഥമാക്കിയ ടിനു റെജിയുടെ വിജയം യുകെ മലയാളി വിദ്യാർഥികളിൽ വൻ പ്രചോദനമായിരുന്നു.

A-ലെവലിൽ മികച്ച വിജയം നേടിയ ടിനു, യുകെയിലെ നമ്പർ വൺ യൂണിവേഴ്‌സിറ്റിയായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ഉറപ്പാക്കി കഴിഞ്ഞു . ഇക്കണോമിക്‌സും മാനേജ്‌മെന്റ് കോഴ്‌സും പഠിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടിനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ടിനുവിന്റെ മാതാപിതാക്കളായ റെജി ജോർജും മിനിമോൾ റെജിയും ലണ്ടൻ നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്‌സുമാരായി ജോലി ചെയ്യുകയാണ്. ടിനുവിന്റെ ഇളയ സഹോദരൻ റിവിൻ റെജി ഒൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൽ ടിനുവിന്റെ മാതാപിതാക്കളുടെ സ്വദേശം തിരുവല്ലയാണ്.

ഒഴിവുസമയങ്ങളിൽ പിയാനോയും ഗിറ്റാറും വായിക്കുകയും ചർച്ച് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ടിനു ലണ്ടനിലെ വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അംഗമാണ്.

മികച്ച വിജയം നേടിയ ടിനു റെജിക്ക്‌ മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

 

30 വയസ്സിന് താഴെയുള്ളവർ തങ്ങളുടെ വരുമാനത്തിൽ കൂടുതലും വാടകയ്ക്ക് ചെലവഴിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ. ഈ പ്രായപരിധിയിലുള്ള 10-ൽ നാലുപേരും നിലവിൽ അവരുടെ ശമ്പളത്തിന്റെ 30 ശതമാനത്തിലധികവും വാടകയ്ക്കായാണ് ചെലവഴിക്കുന്നത്. ഇത് അഞ്ചുവർഷത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ്. ഇവരുടെ വരുമാനം വാടക ചെലവുകൾക്കായി താങ്ങാൻ കഴിയുന്നതിലും അധികമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ലണ്ടനിലാണ് ഏറ്റവും ഉയർന്ന വാടക ഉള്ളതെങ്കിലും റോതർഹാം, ബോൾട്ടൺ തുടങ്ങിയ പട്ടണങ്ങളിൽ പകർച്ചവ്യാധിക്ക് ശേഷം ചെറുപ്പക്കാർക്ക് താങ്ങാനാവുന്നതിൽ നിന്നും നിരക്ക് വളരെ ഉയർന്നിട്ടുണ്ട്.

പഠനത്തിൽ പങ്കെടുത്ത മിക്കവരും വാടകയിനത്തിലും ജീവിതചിലവുകളിലും ഇത്ര വലിയ കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 2022 ജൂണിൽ 30 വയസ്സ് തികയുന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത് . അതുപോലെ തന്നെ 10,000 പൗണ്ടിൽ താഴെ വരുമാനമുള്ളവരെയും പഠനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബ്രിട്ടനിൽ പഠനത്തിനായി എത്തിച്ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും കടുത്ത വാടക നൽകാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 150,000 യുവാക്കളുടെ ഇടയിലാണ് പഠനം നടത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ എ – ലെവല്‍ പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ജോയൽ ജോർജിൻറെ വിജയം ശ്രദ്ധേയമായി. ന്യൂകാസിൽ അണ്ടർ-ലൈം സ്കൂളിലെ വിദ്യാർഥിയായിരുന്ന ജോയൽ ജോർജ് നാല് വിഷയങ്ങൾക്ക് എ സ്റ്റാറുമായി മിന്നും വിജയം കരസ്ഥമാക്കി. നേരത്തെ ജിസിഎസ്ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടുക എന്ന അഭിമാനകരമായ നേട്ടവും ജോയൽ നേടിയിരുന്നു.

പാലാ മൂഴൂർ സ്വദേശിയായ ജോർജ് ജോസഫ് വള്ളവനാലിന്റെയും വയനാട് പുൽപ്പള്ളി സ്വദേശിയായ മഞ്ജുഷ ജോസഫിന്റെയും മകനാണ് ജോയൽ ജോർജ് . പത്തിലും അഞ്ചിലും രണ്ടിലും പഠിക്കുന്ന ഇളയ സഹോദരിമാരായ ജിയയും, ജൂവലും, ജസിയയും ജേഷ്ഠന്റെ വിജയത്തിൻറെ ആഹ്ളാദത്തിലാണ്.

പഠനത്തിൽ മാത്രമല്ല കലാകായിക രംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് ജോയൽ ജോർജ് . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദ്യത്തെ ബൈബിൾ ക്വിസ് മത്സരത്തിലെ വിജയിയായിരുന്ന ജോയൽ രൂപതാ അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമത്സരത്തിലും ഇംഗ്ലീഷ് ബൈബിൾ വായനയിലും തുടർച്ചയായി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ തലത്തിലെ ഡിബേറ്റ് , ക്രിക്കറ്റ്, ഹോക്കി ക്ലബ്ബുകളിലും പഠനത്തോടൊപ്പം തന്നെ ജോയൽ സജീവമായിരുന്നു.

യുകെയിലെ ഏറ്റവും പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ട്രിനിറ്റി കോളേജിൽ മെഡിസിൻ പഠിക്കാനാണ് തന്റെ ആഗ്രഹമെന്ന് ജോയൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജവഹർലാൽ നെഹ്റുവും രാജീവ് ഗാന്ധിയും മൻമോഹൻ സിംഗും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും യുകെയിലെ പത്തോളം പ്രധാനമന്ത്രിമാരും പഠിച്ച ട്രിനിറ്റി കോളേജിൽ തുടർ പഠനം സാധ്യമായതിന്റെ സന്തോഷത്തിലാണ് ജോയൽ.

2005 – ലാണ് ജോയലിന്റെ മാതാപിതാക്കൾ യുകെയിലെത്തിയത്. ജോയലിന്റെ പിതാവ് റീറ്റെയിൽ രംഗത്തുള്ള കമ്പനിയിലും അമ്മ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ നേഴ്സായിട്ടുമാണ് ജോലി ചെയ്യുന്നത്.

മികച്ച വിജയം നേടിയ ജോയൽ ജോർജിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കോവിഡിന് ശേഷമുള്ള ആദ്യ പരീക്ഷകളിൽ ഉയർന്ന എ-ലെവൽ ഗ്രേഡുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ-ലെവൽ ഗ്രേഡുകളുടെ അനുപാതം 2021 മുതൽ കുറഞ്ഞെന്നും എന്നാൽ ഇത് 2019-നെക്കാൾ ഉയർന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 36.4% എ-ലെവലുകൾ ഈ വർഷം എ*, എ എന്നിവയിൽ മാർക്ക് ചെയ്‌തിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം 44.8% പരീക്ഷകൾക്ക് എ അല്ലെങ്കിൽ അതിനുമുകളിൽ ഗ്രേഡ് ലഭിച്ചിരുന്നു. ഇത് പരിഹരിക്കാൻ വിവിധ പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുകയാണിപ്പോൾ. കോവിഡ്-19 മൂലം രണ്ട് വർഷത്തെ ഇടവേളകൾക്ക് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളെ അടിസ്ഥാനമാക്കി എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.

തങ്ങൾ ഒരു വീണ്ടെടുക്കൽ കാലഘട്ടത്തിലാണെന്നും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടുവെന്നും, അതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്നും പരീക്ഷാ കൺട്രോളർ ഓഫ്ക്വൽ പറഞ്ഞു. സാഹചര്യത്തെ മുന്നിൽ കണ്ട് വടക്കൻ അയർലൻഡിലും വെയിൽസിലും സമാനമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. 2019 നെ അപേക്ഷിച്ച് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പശ്ചാത്തലത്തിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ ഇടം ലഭിച്ചതായി യുകാസ് പറഞ്ഞു.

മൊത്തത്തിലുള്ള വിജയ ശതമാനം 98.4% ആണ്. ഇത് 2019 ലെ നിരക്കിനും 2021 ലെ നിരക്കിനും ഇടയിൽ മാത്രമാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഇവിടെ ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്. മൊത്തത്തിൽ, പെൺകുട്ടികൾക്ക് 37.4% എ*, എ ഗ്രേഡുകൾ നൽകി, ആൺകുട്ടികളുടെ എൻട്രികളിൽ 35.2%. ഇതോടെ ഏറ്റവും ജനപ്രിയമായ 10 വിഷയങ്ങളിൽ ഒന്നായി ഇംഗ്ലീഷ് സാഹിത്യം ഉയർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പൊലീസിൽ ചേരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിനിപ്പോൾ സുവർണാവസരം. ഇംഗ്ലണ്ടിലും വെയിൽസിലും 38 പോലീസ് സേനകൾ നിലവിൽ റിക്രൂട്ട് ചെയ്യുന്നുണ്ട്. നിങ്ങളുടെ അടുത്ത് റിക്രൂട്ട് ചെയ്യുന്ന സേനകൾക്കായി പോസ്റ്റ് കോഡ് ഉപയോഗിച്ചോ എൻട്രി പ്രോഗ്രാം ഉപയോഗിച്ചോ തിരയാവുന്നതാണ്. നിങ്ങളുടെ ജോലിയും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച്, ഒരു പോലീസ് ഓഫീസർ ആകുന്നതിന് നിരവധി വ്യത്യസ്ത എൻട്രി റൂട്ടുകളുണ്ട്.

ഡിഗ്രി ഇല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് ആയി അപേക്ഷിക്കാം. മുൻപ് ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിൽ റീജോയിനർ ആയും ബിരുദധാരിയാണെങ്കിൽ ഡീറ്റെക്റ്റീവ് എൻട്രി വഴിയും അപേക്ഷിക്കാം. ഇതിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്‌കോഡ് ഉപയോഗിച്ച് തിരയുക.

https://www.joiningthepolice.co.uk/

ഒരു പോലീസ് ഓഫീസർ ആകുന്നത് വ്യക്തിപരമായും തൊഴിൽപരമായുമുള്ള വികസനത്തിന് കാരണമാകും. പോലീസ് സേവനം എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് എല്ലാ പശ്ചാത്തലത്തിലും പ്രായത്തിലും വംശത്തിലും വിശ്വാസത്തിലും കഴിവിലും ലിംഗഭേദത്തിലുമുള്ള ആളുകൾ പോലീസിൽ ചേരുന്നതിന് അപേക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പൊലീസ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ സർ സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച മത തീവ്രവാദി വിവാദ നോവലായ സാത്താനിക് വേഴ്‌സസിൻെറ രണ്ടു പേജുകൾ മാത്രമാണ് വായിച്ചിട്ടുള്ളത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിലിൽ നിന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അക്രമി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന പരിപാടിയിലാണ് 24 കാരനായ ഹാദി മതർ ആക്രമണം നടത്തിയത്.

വിവാദ നോവലായ സാത്താനിക് വേഴ്‌സ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എഴുത്തുകാരൻെറ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാൻ ഹത്‌വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതാണ് തന്റെ ആക്രമണത്തിന് പിന്നിലെന്ന് ഹാദി മതർ സ്ഥിരീകരിച്ചിട്ടില്ല. 1988-ൽ സൽമാൻ തൻെറ വിഖ്യാതവും വിവാദപരവുമായ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പുസ്തകത്തിലെ ഉള്ളടക്കത്തിൽ മതനിന്ദ ആരോപിച്ച് വൻ പ്രതിഷേധമാണ് ഉടലെടുത്തത്. പുസ്തകത്തിൻറെ പ്രകാശനത്തെ തുടർന്ന് റുഷ്‌ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിയൻ നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയെയാണ് ഹത്‌വ പുറപ്പെടുവിച്ചത്.


ആക്രമണത്തിൽ റുഷ്‌ദിക്ക് കണ്ണിനും കൈകൾക്കും കരളിനും മാരകമായി പരിക്ക് പറ്റിയിരുന്നു. മാരകമായ ആക്രമണത്തെ അതിജീവിച്ച എഴുത്തുകാരനെ ശനിയാഴ്ചയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. നാളെ വെള്ളിയാഴ്ച പ്രിയ എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി അദ്ദേഹത്തിൻറെ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ സാഹിത്യകാരന്മാർ പാരായണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻഭാഗത്ത് അപ്രതീക്ഷിതമായി പെയ്ത പെരുമഴയിൽ ജനജീവിതം സ്തംഭിച്ചു. ലണ്ടൻ വിക്ടോറിയ സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെ പേമാരി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മഴയെ തുടർന്ന് ട്യൂബ് സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. എം 25, എ 406 എന്നീ മോട്ടോർ വേകളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത് പൊതു ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലണ്ടനിലെ യാത്രക്കാർ വീടുകളിൽ തിരിച്ചെത്താൻ വളരെ കഷ്ടപ്പെടേണ്ടതായി വന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ യെല്ലോ, ആമ്പർ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ചിചെസ്റ്റർ മുതൽ ഇപ്സ് വിച്ച് വരെയുള്ള ഭാഗങ്ങളിലും ബ്രൈറ്റൺ, എസെക്സ്, കെന്റ് എന്നിവിടങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒരു മണിക്കൂറിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാനുള്ള സാധ്യതയുണ്ട്. വെള്ളപ്പൊക്കം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. വെള്ളപ്പൊക്കം കാരണം നിരവധി ഭൂഗർഭ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. പേമാരി കാരണം 45 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും ഒട്ടേറെ വിമാന സർവീസുകൾ വൈകാനും കാരണമായത് വിമാനയാത്രക്കാരെയും ദുരിതത്തിലാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ ഇന്നലെ കുടുങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 1982 ന് ശേഷം ആദ്യമായി യുകെയിലെ പണപെരുപ്പ തോത് പത്തു ശതമാനത്തിലധികമായി. ജൂണിലെ 9.4 ശതമാനത്തിൽ നിന്ന് ജൂലൈയിൽ പണപ്പെരുപ്പം 10.1 ശതമാനത്തിലെത്തിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) വ്യക്തമാക്കി. ഈ വർഷം പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. കുതിച്ചുയരുന്ന ഭക്ഷ്യ വില ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ശമ്പളവർധനയില്ലാതെ ചെലവ് കൂടുന്നത് മിക്ക കുടുംബങ്ങളെയും തകർത്തു.

ഊർജം, പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഒഎൻഎസ് കണക്കുകൾ പ്രകാരം ജൂലൈയിൽ പണപെരുപ്പ തോത് ഉയരാൻ കാരണമായത് ഭക്ഷണങ്ങളുടെയും ആൽക്കഹോൾ ഇതര പാനീയങ്ങളുടെയും വില വർധനയാണ്. റൊട്ടി, ധാന്യങ്ങൾ, പാൽ, ചീസ്, മുട്ട എന്നിവയുടെ വില കുതിച്ചുയർന്നു. പച്ചക്കറികൾ, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയും വർധിക്കുന്നു.

ടോയ്‌ലറ്റ് റോളുകൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, ടൂത്ത് ബ്രഷുകൾ എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വർധനയാണ് സൂപ്പർമാർക്കറ്റുകളിലെ വില വർധനവിന് കാരണം. ഒക്ടോബറിൽ എനർജി ബില്ലുകൾ ഉയരുമ്പോൾ അതിനനുസൃതമായി പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഉടനീളം വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. എ ലെവൽ, റ്റി -ലെവൽ, ബി ടെക് പരീക്ഷകളുടെ ഫലങ്ങളാണ് ഇന്ന് വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് പൊതുപരീക്ഷകളുടെ അടിസ്ഥാനത്തിൽ യുകെയിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർത്തേൺ അയർലണ്ടിലെയും പരീക്ഷാഫലങ്ങളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ ഫലപ്രഖ്യാപനം ഓഗസ്റ്റ് 9-ാം തീയതി നടന്നിരുന്നു. 2021 -ൽ 87.30 ശതമാനം കുട്ടികൾ പാസായ സ്ഥാനത്ത് സ്കോട്ട്‌ലൻഡിലെ ഈ വർഷത്തെ വിജയശതമാനം 78.9 ആയിരുന്നു. ഒട്ടേറെ യുകെ മലയാളികളുടെ മക്കളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്ന പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ പോലെ ഗ്രേഡ് പോയിന്റുകളിൽ കുറവുണ്ടാകുമോ എന്ന് ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും .

RECENT POSTS
Copyright © . All rights reserved