Main News

തിരുവല്ല: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആഷ്ഫോർഡിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്ക് പറ്റി. അയൽക്കാരും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് സ്ഫോടനത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത് . പാചകവാതകത്തിന് തീ പിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. പ്രായമായ ദമ്പതികൾ ഉൾപ്പെടെയാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീക്ക് 100 വയസ്സ് പ്രായം ഉണ്ടെന്ന് അയൽക്കാർ പറഞ്ഞു.

സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു . രണ്ടുപേരുടെ നില വളരെ ഗുരുതരമാണ്. ഇന്ന് രാവിലെ ഏകദേശം എട്ടുമണിക്ക് ഉണ്ടായ സ്ഫോടനത്തിൽ വീട് പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിൻെറ വ്യാപ്തി ആകാശ ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. അപകടത്തെ തുടർന്ന് അയൽ വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ലണ്ടനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയാൻ സാധിച്ചത്. സ്ഫോടനത്തിൻെറ പ്രകമ്പനങ്ങൾ തങ്ങളുടെ വീടുകളിലും അനുഭവപ്പെട്ടു എന്ന് അയൽവാസികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒൻപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഒരു മരണം മാത്രം. രോഗ ബാധിതരുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് . ഇന്നലെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1649 മാത്രമാണ് . 50 മില്യൺ ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് ഇതിനകം നൽകി കഴിഞ്ഞതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 34.6 ദശലക്ഷം ആളുകൾക്ക് ആദ്യ ഡോസ് ആണ് ലഭ്യമായിരിക്കുന്നത്. 15.4 ദശലക്ഷം ജനങ്ങൾക്ക് രണ്ടു ഡോസുകളും നൽകാനായി. അതായത് മുതിർന്നവരിൽ 30 ശതമാനം ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി പൂർണമായ പ്രതിരോധശേഷി നേടിയെടുക്കാനായിട്ടുണ്ട്.

രോഗ വ്യാപനവും മരണ നിരക്കും കുറഞ്ഞത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ ഗവൺമെന്റിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചത് . നമ്മൾക്ക് നല്ലൊരു വേനലവധിക്കാലം ലഭിക്കാൻ പോവുകയാണെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു . മെയ് 17 -ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലൊന്നാകെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. “ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾക്ക് ഒരുമിച്ചു നീങ്ങാൻ കഴിയുമെന്ന് ഇനി വിശ്വസിക്കുന്നില്ല. വളരെയധികം ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും ശേഷം വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഞങ്ങൾ എടുത്തു.” ഇരുവരും ട്വിറ്ററിൽ എഴുതി. 1980 കളുടെ അവസാനത്തിലാണ് മെലിൻഡ, ബില്ലിന്റെ മൈക്രോസോഫ്റ്റ് സ്ഥാപനത്തിൽ ചേർന്നത്. ബില്ലിനും മെലിൻഡയ്ക്കും മൂന്നു കുട്ടികളുണ്ട്. ഇരുവരും ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്നു. പകർച്ചവ്യാധികൾ തടയുക, കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംഘടന കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ് ബിൽ ഗേറ്റ്സ്.

1970 കളിൽ അദ്ദേഹം സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിലൂടെയാണ് പണം സമ്പാദിച്ചത്. “കഴിഞ്ഞ 27 വർഷത്തിനിടയിൽ, ഞങ്ങൾ മൂന്ന് കുട്ടികളെ വളർത്തി. ലോകമെമ്പാടും പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പടുത്തുയർത്തി. എല്ലാവരേയും ആരോഗ്യകരവും ഉൽ‌പാദനപരവുമായ ജീവിതം നയിക്കാൻ പ്രാപ് തരാക്കുന്നു. ഞങ്ങൾ ആ ദൗത്യത്തിൽ ഇനിയും ഒരുമിച്ചു പ്രവർത്തിക്കും. എന്നാൽ ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദമ്പതികളായി മുന്നോട്ട് നീങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല.” വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും ട്വിറ്ററിൽ പ്രസ്താവന പോസ്റ്റ് ചെയ്തു.

1987 ലാണ് മെലിൻഡ മൈക്രോസോഫ്റ്റിൽ ഒരു പ്രൊഡക്റ്റ് മാനേജരായി ചേർന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. 1994 ൽ ഹവായി ദ്വീപായ ലനായിൽ വച്ച് അവർ വിവാഹിതരായി. 2000 ത്തിൽ സിയാറ്റിലിൽ വച്ച് ദമ്പതികൾ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചു. കോവിഡ് -19 സമയത്ത് വാക്സിൻ സംരംഭങ്ങൾക്കും ഗവേഷണത്തിനുമായി 1.75 ബില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. 2019 ൽ ഫൗണ്ടേഷന് 43 ബില്യൺ ഡോളറിലധികം ആസ്തി ഉണ്ടായിരുന്നു. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിൽ ഗേറ്റ്സ് കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റിന്റെ ബോർഡിൽ നിന്ന് മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ജനവാസ മേഖലകളിൽ പതിക്കുവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിദഗ് ധർ. വ്യാഴാഴ്ച വിക്ഷേപിച്ച ലോങ്ങ്‌ മാർച്ച്‌ 5 ബി റോക്കറ്റിനാണ് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേയ്ക്ക് പതിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റിന്റെ പാത ന്യൂയോർക്ക്, മാഡ്രിഡ്‌, ബെയ് ജിങ് തുടങ്ങിയ നഗരങ്ങൾക്ക് കുറച്ച് വടക്കു നിന്നും ചിലി, വെല്ലിങ്‌ടൺ ന്യൂസിലൻഡ് തുടങ്ങി തെക്കൻ നഗരങ്ങളിലൂടെ ആണ്. ഈ നഗരങ്ങൾക്കു മേൽ പതിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥാൻ മക്ഡോനൽ വിലയിരുത്തുന്നു. എന്നാൽ റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടങ്ങൾ എത്തിക്കുന്നതിനായാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ‘ ടിയാൻഹെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശനിലയം പൂർത്തീകരിക്കപ്പെടുമ്പോൾ ഏകദേശം മൂന്ന് ക്രൂവിലുള്ള ആളുകൾക്ക് ഇതിൽ താമസിക്കാം. 2022 ഓടെ ബഹിരാകാശ നിലയം പൂർത്തീകരിക്കുവാൻ ആണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം പൂർത്തീകരിക്കപ്പെടുമ്പോൾ 211 മുതൽ 280 മൈൽ വേഗത്തിൽ ഇത് ഭൂമിയെ വലംവയ്ക്കും എന്നാണ് ചൈനീസ് വിദഗ് ധർ വ്യക്തമാക്കുന്നത്.

യു എസ്‌, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ അത്യാധുനികമായ ഒരു ബഹിരാകാശനിലയം നിർമ്മിക്കുവാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന് ഏകദേശം പത്ത് വർഷത്തോളം ആണ് സമയം എടുത്തത്. യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നത്. ചൈനയെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് യു എസ് വിലക്കിയിരുന്നു.
എന്നാൽ വിക്ഷേപിച്ച ഈ റോക്കറ്റ് ജനവാസ മേഖലകളിൽ പതിച്ചാൽ ചൈനയ്ക്ക് അത് വൻ തിരിച്ചടിയാകും.

യു കെ യിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വേക്ഫീൽഡ് സ്വദേശിയായ നവീൻ ഭാസ്കർ (37) മരണമടഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണെങ്കിലും നവീന് യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇടുക്കി സ്വദേശിയായ ആനി ആണ് നവീന്റെ ഭാര്യ. മൂന്ന് മക്കളാണ് നവീൻ ആനി ദമ്പതികൾക്കുള്ളത്. ആൻഡ്രിയ നവീൻ (11), കേസിയ നവീൻ (8), ജെറമിയ നവീൻ( 3).

കോവിഡിൽ നിന്ന് രോഗമുക്തി നേടിയിരുന്നെങ്കിലും കോവിഡാനന്തര പാർശ്വഫലങ്ങളിലൊന്നായ ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്. വയനാടിന്റെ അതിർത്തി ജില്ലയായ നീലഗിരി സ്വദേശിയായ നവീൻെറ കുടുംബബന്ധങ്ങളിലേറെയും കേരളത്തിലായിരുന്നു. ഭാര്യ മലയാളിയും. നന്നായി മലയാളം സംസാരിച്ചിരുന്ന നവീൻ മാഞ്ചസ്റ്റർ ആസ്ഥാനമായ പെന്തക്കോസ്ത് ചർച്ചിന്റെ പ്രാർത്ഥന കൂട്ടായ്‌മയിൽ സജീവസാന്നിധ്യമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തി ചെറിയ ജോലികൾ ചെയ്ത് ജീവിതം പച്ച പിടിക്കുന്ന അവസ്ഥയിലാണ് വിധി കോവിഡിന്റെ രൂപത്തിൽ വന്ന് നവീന്റെ ജീവിതം തട്ടിയെടുത്തത്. സ്വന്തമായി ബിസിനസ് ചെയ്യാനുള്ള പ്രാരംഭ നടപടികളിലായിരുന്നെങ്കിലും കോവിഡും ലോക്ക് ഡൗണും കാരണം മുന്നോട്ട് പോകാനായില്ല. ഇതിനിടെ ആനിയ്ക്ക് പാർട്ട് ടൈം ആയി കെയർ അസിസ്റ്റന്റിന്റെ ജോലി ലഭിച്ച് ജീവിതം പച്ച പിടിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം . നവീന്റെ കുടുംബത്തെ സഹായിക്കാനായിട്ട് ഒട്ടേറെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

നവീൻ ഭാസ്കറിന്റെ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് സംഭാവന നൽകാം.

നവീൻ ഭാസ്കറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . ബ്രിട്ടീഷ് സർക്കാർ കുട്ടികളെ തിരികെ സ്കൂളുകളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകിയെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഒരുവർഷത്തിലേറെയായി കുട്ടികൾ വീട്ടിലാണ്. യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. മാത്രമല്ല ക്ലാസ് കയറ്റം നൽകാത്ത ഒരു കുട്ടിയ്ക്കായി ഗവൺമെൻറ് 6000 പൗണ്ടോളം അധികം കണ്ടെത്തേണ്ടിവരും. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 135 ബില്യൺ പൗണ്ട് വിലമതിക്കുന്ന യുകെ ബിസിനസുകൾ, ഇൻഫ്രാസ്ട്രക്ചർ, പ്രോപ്പർട്ടി, മറ്റ് ആസ്തികൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ ചൈനീസ് നിക്ഷേപകർ സ്വരൂപിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്‌. 200 ഓളം ബ്രിട്ടീഷ് കമ്പനികളെ ചൈനീസ് നിക്ഷേപകരാണ് നിയന്ത്രിക്കുന്നതെന്നും അവരെ ന്യൂനപക്ഷ ഓഹരി ഉടമകളായി കണക്കാക്കുന്നുവെന്നും അന്വേഷണം വെളിപ്പെടുത്തുന്നു. സൺ‌ഡേ ടൈംസ് കണ്ടെത്തിയ 200 നിക്ഷേപങ്ങളിൽ 80 ലധികം എണ്ണത്തിലെ ബ്രിട്ടീഷ് – ചൈന ബന്ധം 2019 മുതൽ വഷളായികൊണ്ടിരിക്കുകയാണ്. തേംസ് വാട്ടർ, യുകെ പവർ നെറ്റ്‌വർക്കുകൾ, ഹീത്രോ എയർപോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണായക ബിസിനസുകളുടെ ഓഹരികൾ ചൈനീസ്, ഹോങ്കോംഗ് കമ്പനികളോ നിക്ഷേപകരോ സ്വന്തമാക്കിയിട്ടുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തി.

എഫ്‌ടി‌എസ്‌ഇയുടെ 100 സ്ഥാപനങ്ങളിൽ കുറഞ്ഞത് 57 ബില്യൺ പൗണ്ട് ചൈനീസ് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 134 ബില്യൺ പൗണ്ടിൽ 44 ബില്യൺ പൗണ്ട് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. പ്രശസ്ത സ്വകാര്യ സ്കൂളുകളായ തെറ്റ് ഫോർഡ് ഗ്രാമർ സ്കൂൾ, ബോർനെമൗത്ത് കൊളീജിയറ്റ് കോളേജ് തുടങ്ങിയവയിലും ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മെയിൽ ഓൺ സൺ‌ഡേ റിപ്പോർട്ട്‌ ചെയ്തു. സർക്കാരുകൾ തുടർച്ചയായ നിരീക്ഷണത്തിൽ ആണെന്ന് തെളിയിക്കുന്നതാണ് ഈ അന്വേഷണ റിപ്പോർട്ടുകളെന്ന് മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് സർ ഇയാൻ ഡങ്കൻ സ്മിത്ത് പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അവശേഷിക്കുന്ന നൂറുകണക്കിന് സ്വതന്ത്ര വിദ്യാലയങ്ങൾ ചൈനീസ് നിക്ഷേപകർ ലക്ഷ്യമിടുന്നതെങ്ങനെയെന്ന് ഈ വർഷം തുടക്കത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴ് സ്കൂളുകൾ ഇതിനകം ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ വർഷം, ചൈനീസ് കമ്പനികൾ സ്റ്റാഫോർഡ്ഷയറിലെ ലിച്ച്ഫീൽഡിനടുത്തുള്ള അബോട്ട്സ് ബ്രോംലി സ്കൂൾ ഉൾപ്പെടെ മൂന്ന് സ്കൂളുകൾ വാങ്ങിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത അംഗങ്ങൾ ബ്രിട്ടന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചൈനയുടെ ആഗോള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ ബെൽറ്റ് ആൻഡ് റോഡ് തന്ത്രത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സഹായിക്കുന്നതിന് ബ്രിട്ടീഷ് സ്കൂളുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 3689 ആണ്. രോഗവ്യാപനതോതും മരണസംഖ്യയും ഇതുവരെ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും കൂടുതലാണ്. മഹാമാരിയെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആളെ കൂട്ടിയതും രണ്ടാം തരംഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കാണിച്ച ഗുരുതരമായ അനാസ്ഥയും തുടർന്ന് മോദി സർക്കാരിനെതിരെ രാജ്യത്തിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വൻ പ്രാധാന്യത്തോടെയാണ് ബി ബി സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ മഹാമാരിയിൽ ആടിയുലയുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യുകെ രംഗത്തുവന്നു. രാജ്യത്തെ രോഗബാധിതരെ സഹായിക്കാനായി 1000 വെൻറിലേറ്ററുകൾ കൂടി അയക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാൻ സാധിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് യുകെ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു . നേരത്തെതന്നെ യുകെ ഇന്ത്യയ്ക്ക് കോവിഡിനെ തടയാനുള്ള ഒട്ടേറെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറിയിരുന്നു.

ഗ്ലാസ്ഗോയിൽ താമസിക്കുന്ന കോട്ടയം,കോതനല്ലൂർ സ്വദേശി രാജു സ്റ്റീഫൻ (58) നിര്യാതനായി. ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ ‘വല്യേട്ടൻ ‘ എന്നായിരുന്നു രാജു സ്റ്റീഫൻ അറിയപ്പെട്ടിരുന്നത്. കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളി ബോൾ താരവും വാഗ്മീയും , സംഘാടകനും ആയിരുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളി ബോൾ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ്സ് റാന്നി ചെമ്മാരിയിൽ കുടുംബാഗമാണ്. മക്കൾ ലിബിൻ , വിവിൻ , ഡോ. അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫനും ഗ്ലാസ്ഗോ നിവാസിയാണ്.

2004 മുതൽ ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ കുടിയേറ്റ കാലഘട്ടത്തിന്റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്.
കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചാണ് മരണമടഞ്ഞത്. പൊതു ദർശന -സംസ്കാര ചടങ്ങുകളേക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീടറിയിക്കുന്നതാണ്.

രാജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved