ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ എത്തുന്ന എല്ലാവർക്കുമുള്ള ആഗ്രഹമാണ് ഗ്രാമർ സ്കൂളിൽ കുട്ടികളെ ചേർക്കുക എന്നുള്ളത്. എല്ലാ വർഷവും, രാജ്യത്തുടനീളമുള്ള ഏകദേശം 100,000 വിദ്യാർത്ഥികൾ ഇതിനായുള്ള 11+ പരീക്ഷ എഴുതുന്നുണ്ട്. യുകെയുടെ വിവിധ മേഖലകളിൽ നിന്നുമാണ് ഇവിടേക്ക് കുട്ടികൾ പഠിക്കാൻ എത്തുന്നത്.

ഇംഗ്ലീഷ്, ഗണിതം, വെർബൽ റീസണിംഗ്, നോൺ-വെർബൽ റീസണിംഗ് എന്നിവയിലെ പ്രഗാത്ഭ്യത്തെ അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നൽകുന്നത്. 30 ചോദ്യങ്ങളാണ് ഉള്ളത്. അത് പത്ത് മിനിറ്റ് കൊണ്ട് എഴുതി പൂർത്തിയാക്കണം. 15 ചോദ്യങ്ങൾക്ക് എങ്കിലും കൃത്യമായ ഉത്തരം നൽകണം. അധ്യാപന മികവും മികച്ച വിദ്യാഭ്യാസ രീതിയുമാണ് ഗ്രാമർ സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയാണ് ഇവിടുത്തെ പഠനരീതി. ഭാഷയിലും, വിവിധ വിഷയങ്ങളിലും സമഗ്രമായ അറിവ് ഇവിടെ നിന്ന് പകർന്നു നൽകുന്നു. ഈ വർഷം ഗ്രാമർ സ്കൂളിലെ അഡ്മിഷന് വേണ്ടി പരീക്ഷ എഴുതുന്ന എല്ലാ യുകെ മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉത്പന്നങ്ങളുടെ വില വർദ്ധനവ് മൂലം യുകെയിലുടനീളമുള്ള അര ഡസനിലധികം സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാർക്‌സ് ആൻഡ് സ്പെൻസർ. 300 മില്യൺ പൗണ്ട് ലാഭിക്കുന്നതിനായി തങ്ങളുടെ കീഴിലുള്ള 67 ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ അടയ്ക്കുമെന്ന് കഴിഞ്ഞ വർഷം എം ആൻഡ് എസ് പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് കിൽബ്രൈഡ്, കാസിൽഫോർഡ്, എഡിൻബർഗ്, കാർഡിഫ്, റെക്‌സാം, മിഡിൽസ്ബ്രോ, ബോൾട്ടൺ എന്നിവിടങ്ങളിലെ സ്റ്റോറുകളാണ് അടച്ചിടാൻ ഒരുങ്ങുന്നത്. 2028 ന്റെ തുടക്കത്തോടെ ഭക്ഷണം, വസ്ത്രങ്ങൾ, ഹോംവെയർ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന 180 ‘ഫുൾ-ലൈൻ’ ഷോപ്പുകളാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എം ആൻഡ് എസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് മച്ചിൻ പറഞ്ഞു.

ടികെ മാക്സും ബി&ക്യുവും കഴിഞ്ഞയാഴ്ച തങ്ങളുടെ കടകൾ അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള എം ആൻഡ് എസിൻെറ പ്രഖ്യാപനം ബ്രിട്ടീഷ് ഹൈ സ്ട്രീറ്റിന് വൻ പ്രഹരമായിരിക്കും. അടച്ച് പൂട്ടലിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും നിലവിൽ ഏഴ് ഫുൾ ലൈൻ സ്റ്റോറുകളാണ് അടയ്ക്കാനായി ഉദ്ദേശിക്കുന്നതെന്നും എം ആൻഡ് എസ് പറഞ്ഞു. ഈസ്റ്റ് കിൽബ്രൈഡ് ഷോപ്പിംഗ് സെന്ററിലെ സ്റ്റോറുകളായിരിക്കും ഫെബ്രുവരി 25-ന് ആദ്യമായി അടയ്ക്കുക. നിലവിൽ എത്ര പേരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

എം ആൻഡ് എസിൻെറ ഊർജ്ജ ഉപയോഗത്തിന്റെ 80 ശതമാനവും സ്റ്റോറുകളിൽ നിന്നാണ് വരുന്നത്. അതിനാൽ തന്നെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നത് വഴി എനർജി ബില്ലുകളിൽ മാത്രം 100 മില്യൺ പൗണ്ട് വരെ കമ്പനിക്ക് ലാഭിക്കാൻ കഴിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലാണ് നേഴ്സുമാർക്ക് താരതമ്യേന ശമ്പളം കുറവുള്ളത്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി യുകെയിലെ ആരോഗ്യ മേഖലയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സമരമുഖത്താണ് . അതുകൊണ്ടുതന്നെ എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. യുകെയിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അധിക ജോലിഭാരവും മോശം ശമ്പളം മൂലം കടുത്ത അതൃപ്തിയിലാണ്.
ഇതൊക്കെയാണെങ്കിലും യുകെയിലെ എൻഎച്ച്എസിന്റെ കീഴിലുള്ള ജോലി കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ഇന്നും സ്വപ്നതുല്യമാണ്. എന്നാൽ യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. മലയാളികൾ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഒട്ടേറെ നേഴ്സുമാർ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ കാത്തിരിക്കുകയാണ്. യുകെയിലെ നേഴ്സുമാരുടെ അസംതൃപ്തി മുതലാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്ന് യുകെയിൽ ഫെബ്രുവരി 25 മുതൽ റിക്രൂട്ട്മെൻറ് നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ, അധ്യാപകർ എന്നിവരെയും യുകെയിലെനേക്കാൾ ഉയര്‍ന്ന ശമ്പളം നൽകി റിക്രൂട്ട് ചെയ്യാനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ 30,000 -ത്തിലധികം തൊഴിൽ ഒഴിവുകളിലേയ്ക്കാണ് പ്രതിരോധ വ്യവസായ മന്ത്രി പോൾ പപ്പാലിയയുടെ നേരിട്ടുള്ള നേതൃത്വത്തിൽ റിക്രൂട്ട്മെൻറ് നടത്തുന്നത്.
യുകെയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും വേതന സേവന വ്യവസ്ഥകൾ ഓസ്ട്രേലിയയിൽ മെച്ചപ്പെട്ടതാണ്. ഓസ്ട്രേലിയയിൽ എനർജി ബില്ലുകൾ കുറവായതിനാൽ ജീവിത ചെലവുകൾ കുറയ്ക്കാൻ സാധിക്കും എന്ന് നേട്ടവും ഉണ്ട് . ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾക്ക് വലിപ്പ കൂടുതലുണ്ടെങ്കിലും വാടക കുറവാണെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഓസ്ട്രേലിയയിലെ കാലാവസ്ഥയും ഒരു അനുകൂല ഘടകമാണ്.
വെസ്റ്റ് ഓസ്ട്രേലിയയിൽ കുടിയേറുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വൻ ഞെരുക്കത്തിലൂടെയാണ് യുകെ സമ്പദ് വ്യവസ്ഥ ഇപ്പോൾ കടന്നു പോകുന്നത്. ഉയർന്ന ജീവിത ചിലവിനോട് ആനുപാതികമായി ശമ്പളം വർധിക്കാത്തത് ജനങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നു. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചിരിക്കുന്നത്. 2023-ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ പ്രവചിച്ചിരുന്നു. പകർച്ചവ്യാധി, ഉക്രെയ്നിലെ യുദ്ധം, ഉയർന്ന ജീവിത ചെലവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങലായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

എന്നാൽ എന്തുകൊണ്ടാണ് യുകെയുടെ സമ്പദ് വ്യവസ്ഥ യു.എസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മോശമായിരിക്കുന്നത്. രാഷ്ട്രീയം മുതൽ കാലാവസ്ഥ വരെ നിരവധി ഘടകങ്ങൾ ഒരു രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് രാജ്യങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വെല്ലുവിളികളുടെ ആഘാതം താരതമ്യേന കുറവാണ്. സമ്പന്ന രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്ന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിൻെറ (ഒഇസിഡി) കണക്കുകൾ പ്രകാരം പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഇടിഞ്ഞതായി കാണാം.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തി. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകളുണ്ട്, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും ഡയാന രാജകുമാരിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് അറിയിച്ച് മുൻ പാചകക്കാരൻ രംഗത്ത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു പരാമർശം.10 വർഷത്തിലധികമായി രാജകുമാരിയുടെ എല്ലാമായിരുന്ന പോൾ ബറെൽ എന്നായാളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രാജകുമാരിയുടെ രഹസ്യങ്ങൾ തന്നെ ഭാരപ്പെടുത്തുന്നു എന്നും, രണ്ട് ആൺമക്കളോടും അത് പറയാം എന്ന് തീരുമാനിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വൈകിയാൽ അതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വില്യമിനോടും ഹാരിയോടും അമ്മയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പറയാനുള്ള ഉത്തരവാദിത്തം തന്റെ അസുഖം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബറെൽ ദ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എല്ലാം അത്ര നല്ല കാര്യങ്ങൾ ഒന്നുമല്ല, പക്ഷെ ഞാൻ വേറൊരിടത്തേക്ക് പോയാൽ ഇവർ ഒരിക്കലും ഇത് അറിയില്ല. അവർ അറിയണമെന്ന് ഞാൻ കരുതുന്നു. രാജ്ഞിയുടെ ആഗ്രഹം അത് തന്നെ ആണെന്നും ഞാൻ മനസിലാക്കുന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ഡയാനയുടെ ഏറ്റവും നല്ല സുഹൃത്തും, അവൾ വിശ്വസിച്ചിരുന്ന ഒരേയൊരു പുരുഷൻ താൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാന തന്നിൽ വിശ്വസിച്ചറിയിച്ചിരുന്ന വിവരങ്ങൾ മക്കളെ കൂടുതൽ അടുപ്പിച്ചേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അന്തരിച്ച രാജകുമാരി തന്റെ മക്കളെ ജീവിതകാലം മുഴുവൻ അരികിൽ നിർത്താൻ ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തന്നെ വല്ലാതെ വലച്ചെന്നും ഉടൻ തന്നെ ഓപ്പറേഷന് വിധേയനാകണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഏഴ് ദിവസമായി തുടരുന്ന സമരം നിർത്തിവച്ചു. ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കാനിരുന്ന പ്രതിഷേധവും മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. അധികൃതരുമായി നടത്തിയ ചർച്ചകളിൽ ഉണ്ടായ പുരോഗതിയെ തുടർന്നാണ് ഈ തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അടുത്ത ആഴ്ച്ചകളിൽ എല്ലാം സാധാരണ നിലയിൽ എത്തുമെന്ന് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് പ്രേരിപ്പിച്ചത്.

ചർച്ചകൾ ക്രിയാത്മകമായ രീതിയിൽ മുൻപോട്ട് പോകാൻ അടുത്ത രണ്ടാഴ്ചത്തേക്ക് പണിമുടക്കുകൾ നിർത്തിവക്കുകയാണെന്നാണ് ഗ്രേഡി പറഞ്ഞു. യൂണിയനും സർക്കാരും തമ്മിൽ പെൻഷൻ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു ദശാബ്ദത്തിലേറെ മുമ്പ് ആരംഭിച്ചതാണ്. എന്നാൽ അക്കാദമിക് ജീവനക്കാർ ഉപയോഗിക്കുന്ന പെൻഷൻ പദ്ധതിയുടെ പുനർമൂല്യനിർണ്ണയത്തോടെയാണ് ഇത് വീണ്ടും ചർച്ചയായത്. പുതിയ സ്കീം പ്രകാരം പെൻഷൻ സംഭാവനകൾ വർധിക്കുകയും ഭാവി ആനുകൂല്യങ്ങൾ കുറയുകയും ചെയ്യുന്നതായാണ് യൂനിയൻെറ പരാതി. 2023-ൽ നടന്ന പരിശോധനയിൽ ഈ സ്കീമിൽ 1.8 ബില്യൺ പൗണ്ട് മിച്ചമുള്ളതായി കണ്ടെത്തി. ഇതിന് പിറകെയാണ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തൊഴിലുടമകൾ പുനഃസ്ഥാപിക്കണം എന്ന ആവിശ്യം ശക്തമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയെ കുറിച്ചുള്ള സ്വകാര്യവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയത് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും പോലീസിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വിവരം. അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്.
മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനി ക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്. തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ന്യൂ മിൽട്ടനിൽ മരണമടഞ്ഞ നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാനെ അവസാനമായി ഒരു നോക്ക് കാണാൻ യുകെ മലയാളികൾ ഒഴുകിയെത്തി. മലയാളികളുടെ മരണ വാർത്ത തുടർച്ചയായി പുറത്തു വരുന്നതിന് പിന്നാലെയാണ് യുകെ മലയാളികൾക്ക് പ്രിയപ്പെട്ട മാഞ്ഞൂരാൻ യാത്രയായത്. ഈ മാസം മൂന്നിനായിരുന്നു അന്ത്യം. കവിതയും പാട്ടുമായി സമൂഹമാധ്യമങ്ങളിലും സൗഹൃദ സദസ്സുകളിലും നിറഞ്ഞുനിന്നിരുന്ന മാഞ്ഞൂരാൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.അനിൽ പനച്ചൂരാന്റെ കവിതയായ വയലിൽ വീണ കിളികളാണ് പോളി മഞ്ഞൂരാന് ഏറ്റവും ഇഷ്ടമുള്ള കവിത. അന്തിമ യാത്രയിൽ പ്രിയപ്പെട്ടവർ ഈ കവിത ആലപിച്ചാണ് യാത്രയാക്കിയത്.

രോഗബാധയെ തുടർന്ന് ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു . മൃതദേഹത്തിനരികിൽ കരഞ്ഞു തളർന്നു നില്ക്കുന്ന ഭാര്യയെയും മക്കളെയും നിറക്കണ്ണുകളോടെയാണ് ആളുകൾ ആശ്വസിപ്പിച്ചത് .

ക്രൈസ്റ്റ് ദി കിങ് പള്ളിയിൽ 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. 12.30 -ന് മിൽഫോഡ് റോഡ് സെമിത്തെരിയിൽ മൃതദേഹം സംസ്‌ക്കരിച്ചു. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലി രേഖപ്പെടുത്തി. ഫാ. ടോമി ചിറക്കൽ, ഫാ. സ്കറിയ, ഫാ. ചാക്കോ പണിക്കത്തറ എന്നിവരാണ് ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ന് ഫെബ്രുവരി 17 -ാം തീയതി വെള്ളിയാഴ്ച രാജ്യത്ത് ഒട്ടേറെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് യുകെയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ബോർഡർ ഫോഴ്സിന്റെ സമരം മൂലം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇന്ന് ആംബുലൻസ് ജീവനക്കാരുടെ സമരം അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി സർവീസിനെ വിളിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം . വെസ്റ്റ് മിഡ്ലാൻഡിലും നോർത്തേൺ അയർലണ്ടിലുമാണ് ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്.

ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്ന അത്യാവശ്യ ഘട്ടങ്ങളിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് . അടിയന്തര ഘട്ടങ്ങളിൽ അതായത് മാരകമായി മുറിവേൽക്കുകയോ, കടുത്ത രോഗാവസ്ഥയിലോ ഉള്ളവർ 999 എന്ന നമ്പറിലേയ്ക്ക് വിളിക്കണമെന്നാണ് എൻഎച്ച് എസ് നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ 111 എന്ന് ഹെല്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച് ജിപിയേയോ ഫാർമസിയേയോ ബന്ധപ്പെടണം. സമരം മൂലം ആരുടെയെങ്കിലും അപ്പോയിൻമെന്റുകൾ റീഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് .

ഇംഗ്ലണ്ടിലുടനീളം എൻഎച്ച്എസ് ഫിസിയോതെറാപ്പി ജീവനക്കാരും പണിമുടക്കിലാണ്. 4200 ജീവനക്കാർ ഇന്നത്തെ പണിമുടക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് അവരുടെ യൂണിയൻ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് ഇംഗ്ലണ്ടിലുടനീളമുള്ള 150 സർവകലാശാലകളിലെ ജീവനക്കാരുടെ പണിമുടക്ക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിമാനത്തിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഏറെയും. ഏറ്റവും സുഖകരവും ആയാസരഹിതവുമായ യാത്രയാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ വിമാന ടോയ്‌ലറ്റുകളുടെ കാര്യം വരുമ്പോൾ യാത്രക്കാർ എല്ലാം പിൻവാങ്ങും. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഒരു പ്രമുഖ എയർലൈനിൽ വർഷങ്ങളോളം ജോലി ചെയ്ത മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാങ്ച്വറി ബാത്ത്റൂംസ് ബാത്ത്റൂം സ്പെഷ്യലിസ്റ്റുകളോട് സംസാരിക്കുമ്പോഴാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

വിമാനത്തിലെ ഏറ്റവും മോശം സ്ഥലമായി യാത്രക്കാർ കണക്കാക്കുന്നത് ബാത്റൂമിനെ ആണെന്നുള്ളത് ഒരു യഥാർഥ്യമാണ്. പലപ്പോഴും ആളുകൾക്ക് ഉള്ളതായ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഇതിനെ കുറിച്ച് അവർ നൽകുന്ന നിർദേശങ്ങൾ ഇതൊക്കെയാണ്..
1. ലൂയിൽ നിർബന്ധമായും മാസ്ക് ധരിക്കുക. കാരണം ഇടുങ്ങിയ സ്ഥലവും, വിൻഡോകൾ ഇല്ലാത്തതും സാഹചര്യത്തെ കൂടുതൽ മോശമാക്കുന്നു.
2. ഒരു കാരണവശാലും പല്ലുകൾ വൃത്തിയാക്കരുത്. കാരണം വിമാനത്തിലേക്ക് എത്തുന്ന വെള്ളം എല്ലാം ഒരു ഉറവിടത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.
3. ലൂ സീറ്റ് ഉൾപ്പെടെ പ്രതലങ്ങളിൽ ഒന്നും തന്നെ സ്പർശിക്കരുത്. ഗ്ലൗസ് മുതലായ കാര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.
4. യാത്ര കഴിഞ്ഞെത്തിയാൽ ഉടൻ തന്നെ കുളിക്കുക. പല രാജ്യത്തുള്ള ആളുകളുമായും ഇടപഴകേണ്ടി വരുന്നതായതിനാൽ നിർബന്ധമായും കുളിക്കണം.
5. ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക.
6. കാലിൽ നിന്ന് ഷൂസ് ഊരി മാറ്റാൻ ശ്രമിക്കരുത്.
7. ഫ്ലൈറ്റിന്റെ തുടക്കത്തിലോ അവസാനത്തിലോ ലൂസ് ഉപയോഗിക്കരുത്.