Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം ഇന്നലെ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും രോഗ വ്യാപനവും . ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിന് ശേഷവും മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ പുതിയതായി 1712 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അതേസമയം 11 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുവരെ രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 12 ദശലക്ഷത്തിന് മുകളിലായി. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം33,666,638 ആണ്.

അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ ഇന്ത്യയ്ക്ക് ആശ്വാസമായി ബ്രിട്ടൻ ഒട്ടേറെ ജീവൻരക്ഷാ ഉപകരണങ്ങൾ കയറ്റി അയച്ചു. ചൊവ്വാഴ്ചയോടെ ആദ്യഘട്ട ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് അറിയാൻ സാധിച്ചത് . 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, എന്നിവയടക്കം 600 ലധികം ഉപകരണങ്ങളുമായി 9 കണ്ടെയ് നറുകളാണ് ബ്രിട്ടനിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ഇനിയും കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ അടുത്ത ആഴ്ച ഇന്ത്യയിലേയ്ക്ക് അയക്കും. കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ആഗോള സമൂഹത്തെ പിന്തുണയ്ക്കാൻ യുകെ ആവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോ മില്യൺ ലോട്ടറിയിൽ 105 മില്യൺ പൗണ്ട് നേടിയ ബിൽഡർ 4.5 മില്യൺ പൗണ്ടിന്റെ എസ്റ്റേറ്റ് സ്വന്തമാക്കി. 2019 നവംബറിലാണ് സ്റ്റീവ് തോംസൺ (43), ഭാര്യ ലെങ്ക (42) എന്നിവർക്ക് ലോട്ടറി അടിച്ചത്. ഭാഗ്യദേവത തുണച്ചതോടെ വെസ്റ്റ് സസെക്സിലെ അവരുടെ മൂന്ന് കിടക്കകളുള്ള വീട്ടിൽ നിന്നും കെന്റിലെ ഒരു എസ്റ്റേറ്റിൽ ഉള്ള ഫാം ഹൗസിലേക്ക് താമസം മാറി. നീന്തൽക്കുളം, പാർട്ടി നടത്താനുള്ള ഇടം, ടെന്നീസ് കോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഈ എസ്റ്റേറ്റ്. 14 ഏക്കറിൽ നിലകൊള്ളുന്ന ഈ മനോഹരമായ എസ്റ്റേറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് തോംസൺ.

തന്റെ പുതിയ സ്വത്തിൽ ഒരുപാട് ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് തോംസൺ പറഞ്ഞു. എല്ലാം സ്വയം ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നു. “കുട്ടികൾക്ക് ഒടുവിൽ സ്വന്തമായി കിടപ്പുമുറികൾ ലഭിച്ചു. ഇത് ഒരു ലളിതമായ കാര്യമാണെങ്കിലും അവർ എപ്പോഴും ആഗ്രഹിച്ചിരുന്നു.” മൂന്ന് കുട്ടികളുടെ പിതാവായ തോംസൺ കൂട്ടിച്ചേർത്തു. “ഈ സ്ഥലത്ത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. അതിനാൽ തൽക്കാലം ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.’ അദ്ദേഹം വെളിപ്പെടുത്തി.

ഒരു ബിൽഡറായ തോംസൺ, തന്റെ വിജയത്തിനുശേഷം നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നു. നറുക്കെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഈ സന്തോഷവാർത്ത തോംസണെ തേടിയെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്തോനേഷ്യ:- ഇന്തോനേഷ്യയിൽ കഴിഞ്ഞ ആഴ്ച കാണാതായ സബ് മറൈനിൽ ഉണ്ടായിരുന്ന 53 പേരും കൊല്ലപ്പെട്ടതായി മിലിറ്ററി വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് ഈ സ്ഥിരീകരണം. എന്താണ് സംഭവിച്ചത് എന്നതിന് ഇതുവരെയും വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ 800 മീറ്ററോളം താഴ്ചയിൽ നിന്ന് കപ്പലിന്റെ സിഗ്നലുകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത്രയധികം താഴ്ചയിൽ കപ്പലിന് പ്രഷർ താങ്ങാൻ പറ്റുകയില്ല എന്നാണു വിദഗ് ധർ വിശദീകരിക്കുന്നത്. അയൽരാജ്യമായ സിംഗപ്പൂർ നൽകിയ റെസ്ക്യൂ വെഹിക്കിൾ ഉപയോഗിച്ച് ഇന്തോനേഷ്യൻ നേവി കപ്പലിന്റെ അവശിഷ്ടങ്ങക്കായി തിരച്ചിൽ നടത്തി. മൂന്നു ഭാഗങ്ങളായാണ് കപ്പൽ വേർപെട്ടത് എന്നാണ് നേവി ചീഫ് യുഡോ മാർഗോണോ വിശദീകരിച്ചത്.

എമർജൻസി സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള സേഫ്റ്റി കിറ്റുകൾ, കപ്പലിന്റെ നങ്കൂരം എന്നിവ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിരിക്കുവാൻ സാധ്യതയില്ല എന്നാണ് നേവി അധികൃതർ വ്യക്തമാക്കുന്നത്. ട്രെയിനിങ്ങിനിടയിൽ ബുധനാഴ്ചയാണ് കപ്പൽ കാണാതാകുന്നത്. ഇതിനു ശേഷം നിരവധി യുദ്ധക്കപ്പലുകളും, പ്ലെയിനുകളും ഉപയോഗിച്ച് കപ്പലിനായി തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ചയാണ് കപ്പൽ മുങ്ങിയതായി മിലിറ്ററി അധികൃതർ സ്വീകരിച്ചത്. ഇന്തോനേഷ്യയുടെ ഏറ്റവും മികച്ച രാജ്യസ്നേഹികളായി കപ്പലിലുണ്ടായിരുന്ന നാവീകരെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വികോഡോ പ്രശംസിച്ചു. സംഭവത്തിൽ കപ്പലിൽ ഉണ്ടായിരുന്നവരുടെ കുടുംബങ്ങളോടുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

സംഭവത്തെ പറ്റി വ്യക്തമായ വിശദീകരണം ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അമിത പ്രഷർ മൂലമാണ് കപ്പൽ തകർന്നത് എന്നാണ് നിലവിലുള്ള കണ്ടെത്തൽ.1981 ലാണ് ജർമ്മൻ നിർമ്മിതമായ നാൻഗ്ഗല എന്ന ഈ അന്തർവാഹിനി ഇന്തോനേഷ്യയ്ക്ക് ലഭിക്കുന്നത്. ഇത്രയും വർഷങ്ങളുടെ പഴക്കം ആകാം ചിലപ്പോൾ അപകടകാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആഡംബര ഗോൾഫ് റിസോർട്ട് 597 കോടിയ്ക്ക് (57 ദശലക്ഷം പൗണ്ട്) സ്വന്തമാക്കി. കൺട്രി ക്ലബ് സമുച്ചയവും ആഡംബര ഗോൾഫ് റിസോർട്ടായ സ്റ്റോക് പാർക്കും ഉൾപ്പെടെയാണ് ഏറ്റെടുക്കലിന് വിധേയമായത്.  ഇത് രണ്ടാംതവണയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുക്കുന്നത്. പ്രശസ്ത ബ്രിട്ടിഷ് കളിപ്പാട്ട ബ്രാൻഡ് ഹാംലീസിനെ റിലയൻസ് 2019ൽ സ്വന്തമാക്കിയിരുന്നു.

സ്റ്റോക് പാർക്കിന് 900 വർഷത്തെ ചരിത്രമാണുള്ളത്. ഒഫീഷ്യൽ വെബ്സൈറ്റിൽ പറയുന്ന പ്രകാരം 1908 വരെ ഇത് ഒരു സ്വകാര്യ വസതിയായി ഉപയോഗിക്കുകയായിരുന്നു. ബ്രിട്ടീഷ് സിനിമാ വ്യവസായവുമായി സ്സ്റ്റോക് പാർക്കിന് അഭേദ്യമായ ബന്ധമുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ടുമാറോ നെവർ ഡൈസ്, ഗോൾഡ് ഫിംഗർ ഉൾപ്പെടെയുള്ള സിനിമകൾ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ഹോൾഡിങ്സ് ലിമിറ്റഡാണ് സ്റ്റോക് പാർക്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വാങ്ങിയത്.

സേവനം യുകെയുടെ ആറാം വാർഷികാഘോഷം പ്രൗഢ ഗംഭീരമായി   മെയ്‌ 1ന് ബഹുമാനപെട്ട കേരള ഗവർണർ  ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്യും. ഉച്ചക്ക് യുകെ സമയം 1:30 മുതൽ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിനു കല്പിച്ച എട്ടു വിഷയങ്ങളിൽ എട്ടാമത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന സമ്മേളനത്തിൽ ശിവഗിരി മഠത്തിൽ നിന്നും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വിർച്വവൽ സമ്മേളനത്തിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, കൊല്ലം ജില്ലാ അസി: കലക്റ്റർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് മുഖ്യാതിഥി കളാകും. കോട്ടയം ആർപ്പൂക്കര ഗുരുനാരായണ സേവനികേതൻ ഡയറക്ടർ ആചാര്യൻ കെ എൻ  ബാലാജി  മുഖ്യ പ്രഭാഷണം നടത്തും.

കഴിഞ്ഞ ആറു വർഷക്കാലമായി ഗുരു ധർമ്മത്തിൽ അധിഷ്ഠിതമായി  ജാതി മത ഭേദമന്യേ  ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരെ പങ്കാളികളാക്കി ദരിദ്രർക്ക് വീട്, അന്നദാനം, ആമ്പുലൽസ് സർവീസ്, ചികിത്സാ പഠന സഹായങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ  എത്തിക്കുവാൻ സേവനം യുകെക്കു കഴിഞ്ഞു.
മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെ കാണുവാൻ സാധിക്കും എന്ന ഗുരുവചനം അർത്ഥവത്താക്കുന്ന പ്രവർത്തനത്തോടൊപ്പം യുകെ യിൽ ഗുരുവിന്റെ പേരിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും വന്നു ചേരുവാൻ പറ്റിയ ഒരു സ്ഥലം കണ്ടു  ഒരു ആശ്രമ സമുച്ചയം നിർമ്മിക്കുക എന്നുള്ളതാണ് സേവനം യു കെ യുടെ അത്യന്തികലക്ഷ്യം.അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ വാർഷികത്തോടെ തുടക്കം കുറിക്കും എന്നത് സന്തോഷത്തോടെ അറിയിക്കുന്നു.

മുംബൈ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ ശ്രീ  എം ഐ ദാമോദരൻ, ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ആലുംമൂട്ടിൽ ചാന്നാരുടെ ഇളം തലമുറക്കാരൻ അമേരിക്കയിൽ നിന്നും ഡോ.ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ, കോൺഫിഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡന്റ്‌ അഡ്വ: വി കെ മുഹമ്മദ്, യു. എ. ഈ യിലെ ഗുരുധർമ്മ പ്രചരണ സഭയുടെ മുഖ്യ രക്ഷാധികാരി ഡോ. സുധാകരൻ, പ്രമുഖ എഴുത്തുകാരനും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്‌ ശ്രീ അശോകൻ വെങ്ങാശേരിൽ, ഗുരുധർമ്മ പ്രചരണസഭയുടെ ജിസിസി കോർഡിനേറ്റർ ശ്രീ അനിൽ തടാലിൽ,പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ പ്രസിഡന്റ്‌ ശ്രീ സജീവ് നാരായണൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും. തുടർന്ന് ഗുരുദേവ കൃതികളെ കോർത്തിണക്കിക്കൊണ്ട് കോട്ടയത്തു നിന്നും ഗുരുനാരായണ ഭജനാമൃതം അവതരിപ്പിക്കുന്ന ഭജൻസ്.
മസ്‌ക്കറ്റിൽ നിന്നും ശ്രീമതി  കലാമണ്ഡലം ലക്ഷ്മി വൈശാഖിന്റെ ദൈവദശകം നൃത്താവിഷ്‌ക്കാരം എന്നിവ ചടങ്ങുകൾക്ക് ദൃശ്യ മിഴിവേകും. യു കെ യിലെ അറിയപ്പെടുന്ന അനുഗ്രഹീത ഗായകൻ ശ്രീ സദാനന്ദൻ ദിവാകരന്റെ ഗുരുസ്മരണയോടു കൂടി തുടങ്ങുന്ന പൊതുസമ്മേളനത്തിൽ സേവനം യു കെ ഡയറക്ടർ ബോർഡിനു വേണ്ടി ശ്രീ ബൈജു പാലക്കൽ സ്വാഗതവും  ശ്രീ സജീഷ് ദാമോദരൻ നന്ദിയും പറയുന്നതിനോടൊപ്പം യു കെ യുടെ വിവിധ സ്റ്റേജുകളിൽ അവതാരകയായി കഴിവു തെളിയിച്ച സേവനം യുകെ മുൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീമതി രശ്മി പ്രകാശ് രാജേഷ് പരിപാടിയുടെ അവതാരകയായി എത്തും. പരിപാടിയുടെ വിജയത്തിലേക്കു  ഏവരെയും സേവനം യു കെ ഡയറക്ടർ ബോർഡ്‌ സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ സംബന്ധിച്ച് ഒരു തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തക കെയിറ്റ് ഗാരവേ. കഴിഞ്ഞവർഷം മാർച്ചിലാണ് കൊറോണ ബാധിച്ച് കെയിറ്റിന്റെ ഭർത്താവ് അമ്പത്തിമൂന്നുകാരനായ ഡെറെക് ഡ്രെയ്പർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉടൻതന്നെ അദ്ദേഹത്തെ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലേയ്ക്ക് ആശുപത്രി അധികൃതർ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ ബാധ മൂലം അദ്ദേഹത്തിന്റെ കിഡ്നി, ലിവർ, പാൻക്രിയാസ് എന്നിവയ്ക്ക് സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. ഇതോടൊപ്പംതന്നെ ന്യൂമോണിയ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ ഹോളുകളും ഉണ്ടായിരുന്നു. യുകെയിൽ തന്നെ ഏറ്റവും കൂടുതൽ കാലം കൊറോണ ബാധിതനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇതിൽനിന്നെല്ലാം മോചിതനായി, ഈമാസം ആദ്യം അദ്ദേഹം സൗഖ്യം പ്രാപിച്ച് വീട്ടിലെത്തി.


എന്നാൽ ഈ ഒരു വർഷം നീണ്ട തന്റെ അനുഭവത്തെക്കുറിച്ച് കെയിറ്റ് ഗാരവേ ദി മെയിലിൽ സീരിയലൈസ് ചെയ്യപ്പെടുന്ന അവരുടെ മെമ്മോയറിൽ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിന്റെ രോഗം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്ന് അവർ ഇതിൽ വെളിപ്പെടുത്തുന്നുണ്ട്. ഭവനത്തിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത്, ഇത് തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് പോലും ഡെറെക് സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രി വാസത്തിൽ അദ്ദേഹം വളരെയധികം നിരാശനായിരുന്നു. തനിക്ക് അയച്ച മെസേജുകൾ പലതും ഹൃദയഭേദകമായിരുന്നു എന്ന് കെയിറ്റ് പറയുന്നു.


ഈ മാസം ആദ്യം ഡെറെക് സൗഖ്യമായി ഭവനത്തിൽ എത്തിയ വിവരം കെയിറ്റ് ജനങ്ങളെ അറിയിച്ചിരുന്നു. ഡെറെക് കോമയിൽ തന്നെ തുടരുമോ എന്ന് പോലും തങ്ങൾ എല്ലാവരും ഭയപ്പെട്ടു. രോഗം ബാധിച്ച നിരവധി ആളുകളുടെ പ്രതിനിധിയായാണ് ഡെറെക് നിലനിൽക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഭവം മറ്റ് എല്ലാവരുടെയും അനുഭവം പോലെ തന്നെയാണ്. ഏകദേശം ഏഴ് മില്യനോളം ആളുകളാണ് കെയിറ്റിന്റെ ഡോക്യുമെന്ററി ഇതു വരെ കണ്ടത്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന ആവശ്യമാണ് കെയിറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

“ഓക്സിജൻ, ഓക്സിജൻ എവിടെ നിന്നാണ് ഞങ്ങൾക്ക് പ്രാണവായു ലഭിക്കുക ” ജനങ്ങളുടെ രോദനം തുടർക്കഥയാവുന്നു. സൗദ്ധിക് ബിശ്വാസ് പറയുന്നത് ശ്രദ്ധിക്കാം.

ഇന്ന് രാവിലെ ഞാൻ ഉറക്കമുണർന്നത്, ഒരു സ്കൂൾ ടീച്ചർ 46കാരനായ തന്റെ ഭർത്താവിന് ഓക്സിജൻ സിലിണ്ടർ ലഭിക്കുമോ എന്ന പരിഭ്രാന്തിയോടെയുള്ള ഫോൺ വിളി കേട്ടാണ്, ആവശ്യം അറിഞ്ഞ ഉടനെ അടിയന്തരമായി കുറച്ചു ഫോൺകോളുകൾ നടത്തി. ഓക്സിജൻ ലഭ്യമല്ലാത്ത ഡൽഹിയിലെ ആശുപത്രികളിൽ ഒന്നിലാണ് അവർ ഉള്ളത്. ഓക്സിജൻ സാച്ചുറേഷൻ ലെവൽ 58 ലേക്ക് കുറഞ്ഞെന്നും പിന്നീട് 62 ആയി ഉയർന്നു എന്നും അവർ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു. ആരോഗ്യമേഖലയിൽ ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോൾ 92ഇൽ കുറഞ്ഞാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം എന്ന നിർദ്ദേശമാണ് ലഭിച്ചത്. ശരീരത്തിൽ ഓക്സിജൻെറ അളവ് എത്ര കുറഞ്ഞിട്ടും തന്റെ ഭർത്താവ് ബോധത്തോടെ ഇരിക്കുന്നതും സംസാരിക്കുന്നതും അവർക്ക് ആശ്വാസമായിരുന്നു.

പത്രം എടുത്ത് നോക്കിയപ്പോൾ ആദ്യം കണ്ട വാർത്ത ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിൽ 25ഓളം രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നതാണ്. ആദ്യ പേജിൽ തന്നെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരേ ഓക്സിജൻ സിലിണ്ടർ പങ്കുവെക്കുന്ന ചിത്രം കണ്ടു. ഇതേ ആശുപത്രിയുടെ മുന്നിൽ ആണ് നാൽപതുകാരനായ ഒരാൾ കിടക്ക കാത്തു ഒടുവിൽ ലഭിക്കാതെ അവിടെത്തന്നെ അന്ത്യശ്വാസം വലിച്ചത്.

മനുഷ്യരെല്ലാം തങ്ങളുടെ ഉറ്റവർക്കായി ആശുപത്രി കിടക്കയും, ഓക്സിജൻ സിലിണ്ടറുകളും മറ്റു മരുന്നുകളും അന്വേഷിച്ചു നെട്ടോട്ടമോടുകയാണ്. ഓരോ ദിവസവും കഴിയുന്തോറും സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നു. നേരാംവണ്ണം ആശുപത്രികളിൽ ലഭിക്കാൻ ഇല്ലാത്ത മരുന്നുകളും ഓക്സിജനും മറ്റു സൗകര്യങ്ങളും കരിഞ്ചന്തയുടെയും പൂഴ്ത്തിലൂടെയും പണം ഉള്ളവരുടെ കൈകളിൽ മാത്രം എത്തുന്നു. ഗവൺമെന്റ് എന്തൊക്കെ നിർദേശങ്ങൾ നൽകിയിട്ടും ഒരു ഫലവും ഇല്ലാതെ കാര്യങ്ങൾ അനുദിനം കൈവിട്ടു പോവുകയാണ്. പണവും സൗകര്യങ്ങളും ഉണ്ടായിട്ടുപോലും ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഞാൻ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ മാത്രം അമ്പതോളം പേർക്ക് രോഗബാധ ഉണ്ടായിരുന്നു, എല്ലായ്പ്പോഴും ഒരാളെങ്കിലും ഓക്സിജന് വേണ്ടി അന്വേഷിച്ചു നടക്കുന്നത് കാണാം. രോഗം ബാധിച്ചു രൂക്ഷമായാൽ മരണം ഉറപ്പാണ് എന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കാര്യങ്ങൾ.

ഷെഫ് ജോമോൻ കുര്യക്കോസ്

പാചകാവും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ് . ശാസ്ത്രം ഇല്ലാത്ത പാചകവും ഇല്ല പാചകത്തിൽ ഇല്ലാത്ത ശാസ്ത്രവും ഇല്ല .

ശാസ്ത്ര പഠനം ഞാൻ തുടങ്ങുന്നത് അമ്മയുടെ അടുത്ത് നിന്നും ആണ് . മാവ് പുളിക്കുന്നതും, ചപ്പാത്തിക്കു കുഴക്കുമ്പോൾ ഇലാസ്റ്റിക് പോലെ മാവ് വലിയുന്നതും, പാൽ ഒഴിച്ച് തൈരാക്കുന്നതും, മുട്ട പുഴുങ്ങുമ്പോൾ കട്ടിയാകുന്നതും, കിഴങ്ങു പുഴുങ്ങുമ്പോൾ സോഫ്റ്റ്‌ ആകുന്നതും ഒക്കെ കണ്ടു തുടങ്ങിയത് വീട്ടിലെ അടുക്കളയിൽ നിന്ന്.

ഇതിന്റെ എല്ലാം പുറകിലെ സയൻസ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ചുടാകുമ്പോൾ മുട്ട കട്ടിയാകുന്നത് അതിനുള്ളിലെ പ്രോട്ടീനിലുണ്ടാകുന്ന രാസമാറ്റം ആണ് . ചൂടാകുമ്പോൾ കിഴങ്ങു സോഫ്റ്റ് ആകാനുള്ള കാരണം അതിനുള്ളിലെ കോശ തന്മാത്രകൾ വിഘടിക്കുന്നതു മൂലം ആണ്. ശാസ്ത്രത്തെയും പാചകത്തെയും ഇതിലും അനായാസമായി ബന്ധിപ്പിക്കാൻ അമ്മയുടെ മുട്ട റോസ്‌റ് റെസിപ്പി കടം എടുത്തതാണ് .

ഉണ്ടാക്കിയത് അമ്മയുടെ ചേരുവകൾക്ക് അനുസരിച്ചാണെങ്കിലും പ്രസന്റേഷൻ ഇപ്പോഴത്തെയും പോലെ ഒന്ന് നവീകരിക്കാൻ ശ്രമിച്ചു.

എങ്ങനെയൊക്കെ നോക്കീട്ടും ‘അമ്മ ഉണ്ടാക്കി തന്നിരുന്ന ആ രുചി അങ്ങോട്ട് കിട്ടുന്നില്ല . അതെങ്ങനെയാ ‘അമ്മ ചാലിച്ച് ചേർക്കുന്ന സ്നേഹം എന്ന ചേരുവ നമ്മള് കൂട്ടിയാൽ കൂടില്ലല്ലോ ..

ശാസ്ത്രവും പാചകവുമായി ബന്ധപ്പെട്ടു നിങ്ങളുടെ രസകരമായ ഓർമ്മകൾ ഇവിടെ പങ്കു വെക്കു.,

ചേരുവകൾ

6 കാട മുട്ട – ( half boiled)
3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
1 ടീസ്പൂൺ കടുക്
2 ടീസ്പൂൺ ഇഞ്ചി
1 ടീസ്പൂൺ വെളുത്തുള്ളി
3 സവോള ( finely chopped)
1 തക്കാളി (finely chopped)
1 ഉരുള കിഴങ്ങ് 1/2″ thick slice
1 തണ്ട് കറിവേപ്പില
¼ ടീസ്പൂൺ മഞ്ഞള്‍പൊടി
1 ½ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി
1ടേബിൾ സ്പൂൺ മല്ലിപൊടി
½ ടീസ്പൂൺ കുരുമുളക് ചതച്ചത്
½ തിളച്ച വെള്ളം

പാചകം ചെയ്യുന്ന വിധം

1) കാട മുട്ട ആദ്യം പുഴുങ്ങി വയ്ക്കുക . ഉപ്പിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ കാട മുട്ടകൾ ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം വയ്ക്കുക , 2 മിനിറ്റിൽ അവയെല്ലാം സ്പൂൺ ഉപയോഗിച്ചു തിരിച്ചെടുക്കുക .

Start your timer! Let the eggs boil for
👉2 minutes-soft-boiled
👉3 minutes -medium-boiled
👉3.5 minutes -hard-boiled.

2 ) അടുത്തതായി ഒരു പാത്രത്തിൽ വെള്ളം വെച്ച് ഉപ്പിട്ട് തിളപ്പിക്കുക , അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങു പകുതി വേവിച്ചു മാറ്റി വെക്കുക

3) ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന കിഴങ്ങ് ഇരു പുറവും നല്ല ഗോൾഡൻ നിറം ആകുന്ന വരെ മൊരിച്ചെടുത്തു മാറ്റി വയ്ക്കുക

( ഞാൻ പ്രസന്റേഷൻെറ ഭാഗമായി ആണ് ഇങ്ങനെ ചെയ്യുന്നത് , സാധാരണ വയ്ക്കുന്ന കറിയ്ക്കു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു പകുതി വേവിച്ചു മുട്ട ചേർക്കുന്നതിന് മുന്നേ മസാലയിൽ ചേർത്ത് വേവിച്ചാലും മതിയാകും )

4) അതെ പാനിൽ തന്നെ ബാക്കി ഉള്ള 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ച് കറിവേപ്പിലയും ചേർക്കുക

5) അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റി എടുക്കുക .

6)അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് അല്പം ഉപ്പും ഇട്ടു നല്ല ഗോൾഡൻ ബ്രൗൺ ആകുന്ന വരെ വഴറ്റുക .

7) തീ അല്പം കുറച്ചു വെച്ചതിനു ശേഷം മഞ്ഞൾ പൊടി , മുളക് പൊടി , മല്ലി പൊടി , കുരുമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക

8) മസാലയയുടെ പച്ച മണം മാറിയതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക

8) ഈ സമയത്തു കഷ്ണങ്ങൾ ആയി അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങു ചേർത്ത് അര കപ്പു വെള്ളവും ഒഴിച്ച് വേവിക്കുക.

9) മസാല അല്പം ഡ്രൈ ആയതിനു ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ഇളക്കി അലപം വെളിച്ചെണ്ണ മുകളിൽ തൂവി അടച്ചു വെക്കുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

പാചകത്തിന്റെ യൂ ട്യൂബ് ലിങ്ക് താഴെ ചേർക്കുന്നു .

ഡോ. ഐഷ വി

കിളികളുടെ മധുരസംഗീതവും കലപില ശബ്ദവും നയന മനോഹരമായ കാഴ്ചകളും പുഴയുടെ കളകളാരവവും വൈവിധ്യമാർന്ന സസ്യജന്തു ജനസ്സുകളും ഭൗമോപരിതലത്തിലെ നിന്മോന്നതങ്ങളും ഭാവി തലമുറയ്ക്കായ് മാറ്റിവയ്ക്കാൻ നാമേവരും ശ്രദ്ധിക്കേണ്ടതാണ്. . കാരണം സുനാമി വന്നാലും കാട്ടു തീ വന്നാലും നമ്മൾ ഓടിക്കയറുന്നത് ഉയരങ്ങളിലേയ്ക്കാണ് വെള്ളപ്പൊക്കം വന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ചകളും ആവശ്യമാണെന്ന് നാം സമീപകാലത്തു തന്നെ കണ്ടു കഴിഞ്ഞു.

അടുത്ത കാലത്തായ് ഭൂമിയുടെ ചൂട് കൂടി കൂടി വരികയാണ്.. മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒന്ന് ഭാഗം മാത്രം കരയുമുള്ള ഈ ഗ്രഹത്തിൽ ധ്രുവങ്ങളിലെ മഞ്ഞ് പാളികൾക്ക് രൂപാന്തരം സംഭവിച്ച് ഖരാവസ്ഥ ദ്രാവകാവസ്ഥയിലേയ്ക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ജലത്താൽ മാത്രം ചുറ്റപ്പെട്ട കരയില്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും.

ലക്ഷക്കണക്കിന് വരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഭൂമി. ദിനോസർ , മാമത്ത് തുടങ്ങിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. പാന്റാ , ഒരിനം സൂര്യകാന്തി തുടങ്ങി പല ജീവികളും സസ്യങ്ങളും വംശനാശ ഭീഷണിയുടെ വക്കിലാണ്. കടൽത്തീരവും പുഴയോരവും വനങ്ങളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ എന്നും നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ നിലനിർത്തിയെങ്കിൽ മാത്രമേ വരുo തലമുറയ്ക്ക് ഈ ഗ്രഹത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കയുള്ളൂ.
ജൈവ വൈവിധ്യമാണ് ഭൂമിയുടെ നേട്ടം. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക ഒന്ന് മറ്റൊന്നിന് ഇരയാവുക തുടങ്ങിയ പ്രക്രിയകളും അനസ്യൂതം സംഭവിച്ചു കൊണ്ടേയിരിയ്ക്കും. ഈ തുടർ പ്രക്രിയയിൽ ഏതെങ്കില്ലമൊരുകണ്ണി നഷ്ടപ്പെട്ടാൽ അത് മറ്റെല്ലാ ജീവജാലങ്ങളെയും നേരിട്ടോ അല്ലാതേയോ ബാധിച്ചേക്കാം.

ഞങ്ങളുടെ നാട്ടിൽ കല്ലുവാതുക്കൽ ജങ്ഷനിൽ ഒരു വലി പാറയുണ്ടായിരുന്നു.. നോക്കെത്താ ദൂരത്തു നിന്നും കാണാമായിരുന്ന കല്ലുവാതുക്കൽ പാറയെന്ന ആഗ്‌നേയ ശില . എന്റെ കുട്ടിക്കാലത്തു തന്നെ പാറ പൊട്ടിക്കൽ മൂലം അത് തറനിരപ്പിൽ നിന്നും താഴ്ചയിലേയ്ക്കായി കഴിഞ്ഞിരുന്നു. ഇന്ന് ജനനിബിഡമായി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്‌നേയശില അവിടെയുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കാത്ത തരത്തിലേയ്ക്ക് ആ സ്ഥലം മാറിയിട്ടുണ്ട്.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്തപ്പോൾ ശ്രീ. ബാബയെ ജിയോളജിസ്റ്റിനെ കാണാനും സംസാരിക്കാനും ഇടയായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തം വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസിലും സജീവമായി പങ്കെടുക്കുക പതിവാണ്. ഒരേ സീറ്റിൽ ഇരുന്ന ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്തു. യാദൃശ്ചികമെന്നു പറയട്ടെ തിരികെയുള്ള ബസ്സിലും ഞങ്ങൾ ഒരേ സീറ്റിലായിരുന്നു. തീരത്തേയ്ക്കാഞ്ഞടിയ്ക്കുന്ന തിരമാലകൾ കരയിൽ തീർക്കുന്ന ഷോക്ക് ആഗിരണം ചെയ്യാൻ തീരത്തെ മണൽ തിട്ടയക്കാണ് കഴിയുക. . കടൽ തീരത്ത് മനുഷ്യന്റെ ഇടപെടൽ അധികമില്ലാത്ത സ്ഥലത്ത് മണലിനെ പൊതിഞ്ഞ് കിടക്കുന്ന വളളികൾ നല്ലൊരു കവചമാണ്.

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ പ്രകൃതിക്ഷോഭം മലിനീകരണം എന്നിവമൂലം ധാരാളം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. മരങ്ങൾ വച്ച് പിടിപ്പിക്കുക, മലിനീകരണം ഉണ്ടാകാതെ നോക്കുക, ആഗേളതാപനം കുറയ്ക്കുക, ചെറു വനങ്ങൾ സൃഷ്ടിയ്ക്കുക. മിയാ വാക്കി ഫലവൃക്ഷ വനം സൃഷ്ടിക്കുക എന്നീ കർമ്മങ്ങൾ നമുക്ക് അനുഷ്ടിക്കാവുന്നതാണ്. ആണവ അവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളും നമ്മൾ ശാസ്ത്രീയമായി മറവു ചെയ്യേണ്ടവയാണ്.

അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാനും നമ്മൾ പരിശ്രമിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. ഭൂമി സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് അര നൂറ്റാണ്ടു മുമ്പ് മനസിലാക്കിയവർ 22 ഏപ്രിൽ 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. അതിനാൽ നല്ല ഭാവിയ്ക്കായ് നമുക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സന്ദർലാൻഡ്: യുകെ മലയാളികൾക്ക്‌ ദുഃഖം നൽകി മലയാളി നഴ്‌സിന്റെ മരണവാർത്ത. സുന്ദർലാണ്ടിൽ താമസിച്ചിരുന്ന ബെറ്റി സോജിയാണ് (47)  ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ ഇന്നലെ (23/04/2021) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡയാലിസീസ് നടക്കുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സോജി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ. എ ലെവൽ വിദ്യാർത്ഥിനിയായ സാന്ദ്ര ജോജി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബെൻ ജോജി എന്നിവർ.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബെറ്റിയും കുടുംബവും നാട്ടിൽ എത്തിയത്. ഈസ്റ്റർ ദിവസമാണ് ഇവർ കുടുംബസമേതം നാട്ടിൽ എത്തിയത്. മെയ് ആദ്യ ആഴ്ചയിൽ യുകെയിലേക്കുള്ള തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് ഇവിടെനിന്നും നാട്ടിലേക്ക് ചികിത്സാർത്ഥം പുറപ്പെട്ടത്. കുറച്ചു നാളുകളായി ഡയബറ്റിക് ചികിത്സയിൽ ആയിരുന്നു ബെറ്റി. തുടർന്ന് ഷുഗർ രോഗത്തിന്റെ പിടിയിൽ കൂടിയായപ്പോൾ കാര്യമായി ആരോഗ്യത്തെ ബാധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിസകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.

സുന്ദർലാണ്ടിൽ നിന്നും 12 മയിലുകൾക്കപ്പുറമുള്ള ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ നേഴ്‌സായിരുന്നു പരേത. 2006 യുകെയിൽ ആദ്യമെത്തിയത് ക്രോയിഡോണിൽ ആയിരുന്നു. പിന്നീട് റെഡിങ്ങിലേക്ക് മാറിയ കുടുംബം തുടർന്ന് 2010 സുന്ദർലാണ്ടിൽ എത്തുകയായിരുന്നു. യുകെയിൽ എത്തുന്നതിന് മുൻപ് സൗദിയിൽ ആയിരുന്നു.

ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു ഭർത്താവായ സോജിയുടെ ഇടവകയായ താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു. ബെറ്റി, പാലാ ഭരണങ്ങാനം, അമ്പാറനിരപ്പ്‌ സ്വദേശിനിയും , വെളുത്തേടത്ത് വീട്ടിൽ കുടുംബാംഗവും ആണ്.

പരേതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved