Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു മഹാമാരിയുടെ മറവിൽ എൻ‌എച്ച്‌എസിനെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം ഏറുന്നു. പിപിഇ കരാറുകൾ മുതൽ രാഷ്ട്രീയ നിയമനങ്ങളിൽ വരെ സർക്കാർ സ്വകാര്യ ദാതാക്കളെ ആരോഗ്യ സേവനത്തിന്റെ ഹൃദയഭാഗത്ത് ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഏറ്റവും മൂല്യവത്തായ ദേശീയ സ്ഥാപനത്തിൽ സ്വകാര്യ താൽപ്പര്യങ്ങൾ ഉൾച്ചേർക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. “കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും, യഥാർഥ പ്രക്രിയയില്ലാതെ പൊതുമേഖലാ കമ്പനികൾക്ക് ജനങ്ങളുടെ പണം വിതരണം ചെയ്ത പ്രക്രിയകളെക്കുറിച്ചും ഞാൻ വളരെയധികം ആശങ്കപ്പെടുന്നു.” മുൻ ശാസ്ത്ര ഉപദേഷ്ടാവ് ആയിരുന്ന ഡേവിഡ് കിങ്, നേരത്തെ നൽകിയ അഭിമുഖത്തിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. സ്വകാര്യവത്കരണത്തിന്റെ ഈ കഥ ബ്രിട്ടീഷ് ഗ്യാസ് അല്ലെങ്കിൽ റോയൽ മെയിൽ വിറ്റഴിക്കൽ പോലുള്ള മൊത്തവ്യാപാര കൈമാറ്റങ്ങളിലൊന്നല്ല. മറിച്ച് ഈ പ്രക്രിയ പകർച്ചവ്യാധി കൂടുതൽ ത്വരിതപ്പെടുത്തുകയും ജോൺസൺ സർക്കാരിന് കീഴിൽ തുടരുകയും ചെയ്യും.

2010 ൽ എൻ‌എച്ച്എസ് സ്വകാര്യമേഖലയിലെ കരാറുകൾക്കായി 4.1 ബില്യൺ പൗണ്ട്. ചെലവഴിച്ചു. 2019 ആയപ്പോഴേക്കും ഇത് ഇരട്ടിയായി 9.2 ബില്യൺ പൗണ്ടായി മാറി. പിപിഇ സംഭരണത്തിലും ഈയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് കാണാം. മാറ്റ് ഹാൻ‌കോക്കിന്റെ പബ് ലാൻഡ് ലോഡ് അലക്സ് ബോർൺ, പ്രീതി പട്ടേലിന്റെ മുൻ ഉപദേഷ്ടാവ് സമീർ ജസ്സൽ എന്നിവരാണ് രണ്ട് ഗുണഭോക്താക്കൾ. ഈ നടപടികൾക്ക് കൂടുതൽ പരിശോധന ആവശ്യമാണെന്ന് ട്രാൻസ്പരൻസി ഇന്റർനാഷണൽ ചാരിറ്റി പറയുന്നു. എന്നാൽ കുറഞ്ഞ സൂക്ഷ്മപരിശോധനയാണ് സർക്കാർ ഒരുക്കുന്നത്.

ഓരോ ആറുമാസത്തിലും പ്രസിദ്ധീകരിക്കേണ്ട മന്ത്രിമാരുടെ സാമ്പത്തിക താൽപ്പര്യങ്ങളുടെ രജിസ്റ്റർ അവസാനമായി അപ്ഡേറ്റ് ചെയ്തത് ഒമ്പത് മാസം മുമ്പാണ് . ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാന വഴികൾ തടസ്സപ്പെടുകയാണ് ഇപ്പോൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനെ (പിഎച്ച്ഇ) പകരമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹാൻകോക്ക്. എന്നാൽ പൊതുജനാരോഗ്യ വിദഗ്ധരെ ട്രാക്ക് ആൻഡ് ട്രേസ് മാനേജ്മെൻറിനു കീഴിലാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരായ തിരിച്ചടിക്ക് ശേഷം, എൻഐഎച്ച്പി ഇപ്പോൾ ഡോ. ജെന്നി ഹാരിസിന്റെ നേതൃത്വത്തിലുള്ള യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ആയി മാറും. സ്വകാര്യമേഖല കൂടുതൽ താൽപര്യം കാണിക്കുന്ന ഒരു മേഖലയാണ് ആരോഗ്യ സേവനങ്ങൾ എന്നതുകൊണ്ട് തന്നെ കരാറുകളിൽ‌ സുതാര്യതയും ഉത്തരവാദിത്തവും കൂടുതൽ ഉറപ്പാക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയുമായി ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന പുതിയ വ്യാപാര നിക്ഷേപ പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതുവഴി ഇന്ത്യയിൽ നിന്നും 533 മില്യൺ പൗണ്ടിൻെറ പുതിയ നിക്ഷേപം യുകെയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 6000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും ഭാവിയിൽ ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിന് വഴിയൊരുക്കാൻ പുതിയ വ്യാപാര നിക്ഷേപ ഇടപാടുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ കോവിഡ് -19 രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ ഇന്ത്യൻ സന്ദർശനം ആദ്യം വെട്ടിച്ചുരുക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഓൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായി സാങ്കേതിക മേഖലയിലും ആരോഗ്യമേഖലയിലും ഒട്ടേറെ സംരംഭങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇൻഫോസിസ്, എച്ച്സി‌എൽ ടെക്നോളജീസ്, എംഫാസിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡും ലോക്ക്ഡൗൺ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരത്തെ മറികടക്കാനും ബ്രിട്ടീഷ് , ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും പുതിയതായി സൃഷ്ടിക്കപ്പെട്ട 6000 ത്തിലധികം തൊഴിലവസരങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും ഇന്ത്യയും തമ്മിൽ പ്രതിവർഷമുള്ള 23 ബില്യൻ പൗണ്ട് വ്യാപാരം 2030 ഓടെ ഇരട്ടിയാക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡും ലോക്ക് ഡൗണും ലോകത്തെയാകെ അടിമുടി മാറ്റിമറിച്ചെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യം പരിശോധിച്ചാൽ കുറെയേറെ പേർക്ക് സഹായകരമായി എന്ന് വേണം പറയാൻ. എക്സെറ്റർ യൂണിവേഴ്സിറ്റിയും കിംഗ് സ് കോളേജ് ലണ്ടനും നടത്തിയ പഠനത്തിൽ ഏകാന്തത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡ് 2020 തിൽ കൂടുതൽ പേരുടെയും മാനസികാവസ്ഥ ബുദ്ധിമുട്ടിൽ ആയിരുന്നു എന്ന കണ്ടെത്തൽ നടത്തിയിരുന്നു.

അതേസമയം ലോക്ക് ഡൗൺ റിലീഫ് എന്ന പേരു നൽകിയിരിക്കുന്ന മറ്റൊരു പ്രതിഭാസം മുതിർന്നവർക്ക് ഇടയിൽ സംഭവിച്ചതായി പുതിയ പഠനം തെളിയിക്കുന്നു. വർഷങ്ങളായി പാലിച്ചു വന്നിരുന്ന നിത്യേനയുള്ള കാര്യങ്ങളിൽ നിന്നുള്ള മാറ്റം കുറെയേറെ പേർക്ക് ആശ്വാസം നൽകി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആദ്യത്തെ ലോക് ഡൗണിന്റെ സമയത്ത് വിഷാദം 43 ശതമാനവും ഉൽക്കണ്ഠ 48 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. അതേസമയം മാനസികാരോഗ്യ സംഘടനകളെയും സർവീസുകളെയും ബന്ധപ്പെടാൻ വ്യക്തികൾക്ക് സാധിക്കാനാവാത്തതിനാലാവാം കണക്കുകളിൽ കുറവുണ്ടായത് എന്ന വാദവും വിദഗ് ധർ പങ്കുവെക്കുന്നുണ്ട്.

നമ്മൾ സാമൂഹിക ജീവികളാണ്, മാനസികാരോഗ്യനിലവാരം ഉയർന്നു നിൽക്കണമെങ്കിൽ മറ്റുള്ളവരുമായി ബന്ധം ഉണ്ടായിരിക്കണമെന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോക്ടർ നടാഷ ബിജ്‌ലാനി പറയുന്നു. പക്ഷേ ചില വ്യക്തികൾക്ക് സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത് ആശ്വാസം നൽകിയിട്ടുണ്ട്. വിഷാദരോഗം ഉള്ളവർക്ക് അവർക്ക് താല്പര്യം ഇല്ലാത്ത വ്യക്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ മികച്ച സാഹചര്യമായിരുന്നു. 74,000 പേരിൽ നടത്തിയ പഠനത്തിൽ ലോക് ഡൗണ് ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഉത്കണ്ഠ പോലുള്ള രോഗങ്ങളിൽ കാര്യമായ ശമനം നൽകാൻ സാധിച്ചു.

ഒറ്റയ്ക്കല്ല എന്ന തോന്നലാണ് പലരെയും സഹായിച്ചതെന്ന് സീനിയർ സൈക്കോതെറാപ്പിസ്റ്റായ ജയ് സൺ വാർഡ് പറയുന്നു. ചുറ്റുമുള്ളവർ ഒരുമിച്ച് കൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോൾ തങ്ങൾ ഒറ്റപ്പെട്ടുപോയി എന്ന തോന്നലിൽ വിഷാദത്തിന് അടിമപ്പെട്ട് കഴിയുന്നവർക്ക് ലോക് ഡൗൺ നൽകിയ ആശ്വാസം ചെറുതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവല്ല: മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആഷ്ഫോർഡിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്ക് പറ്റി. അയൽക്കാരും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് സ്ഫോടനത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത് . പാചകവാതകത്തിന് തീ പിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. പ്രായമായ ദമ്പതികൾ ഉൾപ്പെടെയാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീക്ക് 100 വയസ്സ് പ്രായം ഉണ്ടെന്ന് അയൽക്കാർ പറഞ്ഞു.

സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു . രണ്ടുപേരുടെ നില വളരെ ഗുരുതരമാണ്. ഇന്ന് രാവിലെ ഏകദേശം എട്ടുമണിക്ക് ഉണ്ടായ സ്ഫോടനത്തിൽ വീട് പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിൻെറ വ്യാപ്തി ആകാശ ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. അപകടത്തെ തുടർന്ന് അയൽ വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ലണ്ടനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അറിയാൻ സാധിച്ചത്. സ്ഫോടനത്തിൻെറ പ്രകമ്പനങ്ങൾ തങ്ങളുടെ വീടുകളിലും അനുഭവപ്പെട്ടു എന്ന് അയൽവാസികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒൻപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഒരു മരണം മാത്രം. രോഗ ബാധിതരുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് . ഇന്നലെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1649 മാത്രമാണ് . 50 മില്യൺ ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് ഇതിനകം നൽകി കഴിഞ്ഞതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 34.6 ദശലക്ഷം ആളുകൾക്ക് ആദ്യ ഡോസ് ആണ് ലഭ്യമായിരിക്കുന്നത്. 15.4 ദശലക്ഷം ജനങ്ങൾക്ക് രണ്ടു ഡോസുകളും നൽകാനായി. അതായത് മുതിർന്നവരിൽ 30 ശതമാനം ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി പൂർണമായ പ്രതിരോധശേഷി നേടിയെടുക്കാനായിട്ടുണ്ട്.

രോഗ വ്യാപനവും മരണ നിരക്കും കുറഞ്ഞത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ ഗവൺമെന്റിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചത് . നമ്മൾക്ക് നല്ലൊരു വേനലവധിക്കാലം ലഭിക്കാൻ പോവുകയാണെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു . മെയ് 17 -ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലൊന്നാകെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. “ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾക്ക് ഒരുമിച്ചു നീങ്ങാൻ കഴിയുമെന്ന് ഇനി വിശ്വസിക്കുന്നില്ല. വളരെയധികം ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും ശേഷം വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഞങ്ങൾ എടുത്തു.” ഇരുവരും ട്വിറ്ററിൽ എഴുതി. 1980 കളുടെ അവസാനത്തിലാണ് മെലിൻഡ, ബില്ലിന്റെ മൈക്രോസോഫ്റ്റ് സ്ഥാപനത്തിൽ ചേർന്നത്. ബില്ലിനും മെലിൻഡയ്ക്കും മൂന്നു കുട്ടികളുണ്ട്. ഇരുവരും ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്നു. പകർച്ചവ്യാധികൾ തടയുക, കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സംഘടന കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ് ബിൽ ഗേറ്റ്സ്.

1970 കളിൽ അദ്ദേഹം സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിലൂടെയാണ് പണം സമ്പാദിച്ചത്. “കഴിഞ്ഞ 27 വർഷത്തിനിടയിൽ, ഞങ്ങൾ മൂന്ന് കുട്ടികളെ വളർത്തി. ലോകമെമ്പാടും പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പടുത്തുയർത്തി. എല്ലാവരേയും ആരോഗ്യകരവും ഉൽ‌പാദനപരവുമായ ജീവിതം നയിക്കാൻ പ്രാപ് തരാക്കുന്നു. ഞങ്ങൾ ആ ദൗത്യത്തിൽ ഇനിയും ഒരുമിച്ചു പ്രവർത്തിക്കും. എന്നാൽ ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദമ്പതികളായി മുന്നോട്ട് നീങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല.” വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും ട്വിറ്ററിൽ പ്രസ്താവന പോസ്റ്റ് ചെയ്തു.

1987 ലാണ് മെലിൻഡ മൈക്രോസോഫ്റ്റിൽ ഒരു പ്രൊഡക്റ്റ് മാനേജരായി ചേർന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. 1994 ൽ ഹവായി ദ്വീപായ ലനായിൽ വച്ച് അവർ വിവാഹിതരായി. 2000 ത്തിൽ സിയാറ്റിലിൽ വച്ച് ദമ്പതികൾ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചു. കോവിഡ് -19 സമയത്ത് വാക്സിൻ സംരംഭങ്ങൾക്കും ഗവേഷണത്തിനുമായി 1.75 ബില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു. 2019 ൽ ഫൗണ്ടേഷന് 43 ബില്യൺ ഡോളറിലധികം ആസ്തി ഉണ്ടായിരുന്നു. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിൽ ഗേറ്റ്സ് കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റിന്റെ ബോർഡിൽ നിന്ന് മാറി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈന :- 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ജനവാസ മേഖലകളിൽ പതിക്കുവാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിദഗ് ധർ. വ്യാഴാഴ്ച വിക്ഷേപിച്ച ലോങ്ങ്‌ മാർച്ച്‌ 5 ബി റോക്കറ്റിനാണ് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേയ്ക്ക് പതിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. റോക്കറ്റിന്റെ പാത ന്യൂയോർക്ക്, മാഡ്രിഡ്‌, ബെയ് ജിങ് തുടങ്ങിയ നഗരങ്ങൾക്ക് കുറച്ച് വടക്കു നിന്നും ചിലി, വെല്ലിങ്‌ടൺ ന്യൂസിലൻഡ് തുടങ്ങി തെക്കൻ നഗരങ്ങളിലൂടെ ആണ്. ഈ നഗരങ്ങൾക്കു മേൽ പതിക്കാനുള്ള സാധ്യത വളരെ വലുതാണെന്ന് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥാൻ മക്ഡോനൽ വിലയിരുത്തുന്നു. എന്നാൽ റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ നശിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന ഈ റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടങ്ങൾ എത്തിക്കുന്നതിനായാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ‘ ടിയാൻഹെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശനിലയം പൂർത്തീകരിക്കപ്പെടുമ്പോൾ ഏകദേശം മൂന്ന് ക്രൂവിലുള്ള ആളുകൾക്ക് ഇതിൽ താമസിക്കാം. 2022 ഓടെ ബഹിരാകാശ നിലയം പൂർത്തീകരിക്കുവാൻ ആണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം പൂർത്തീകരിക്കപ്പെടുമ്പോൾ 211 മുതൽ 280 മൈൽ വേഗത്തിൽ ഇത് ഭൂമിയെ വലംവയ്ക്കും എന്നാണ് ചൈനീസ് വിദഗ് ധർ വ്യക്തമാക്കുന്നത്.

യു എസ്‌, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ അത്യാധുനികമായ ഒരു ബഹിരാകാശനിലയം നിർമ്മിക്കുവാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന് ഏകദേശം പത്ത് വർഷത്തോളം ആണ് സമയം എടുത്തത്. യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നത്. ചൈനയെ ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് യു എസ് വിലക്കിയിരുന്നു.
എന്നാൽ വിക്ഷേപിച്ച ഈ റോക്കറ്റ് ജനവാസ മേഖലകളിൽ പതിച്ചാൽ ചൈനയ്ക്ക് അത് വൻ തിരിച്ചടിയാകും.

യു കെ യിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വേക്ഫീൽഡ് സ്വദേശിയായ നവീൻ ഭാസ്കർ (37) മരണമടഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണെങ്കിലും നവീന് യുകെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇടുക്കി സ്വദേശിയായ ആനി ആണ് നവീന്റെ ഭാര്യ. മൂന്ന് മക്കളാണ് നവീൻ ആനി ദമ്പതികൾക്കുള്ളത്. ആൻഡ്രിയ നവീൻ (11), കേസിയ നവീൻ (8), ജെറമിയ നവീൻ( 3).

കോവിഡിൽ നിന്ന് രോഗമുക്തി നേടിയിരുന്നെങ്കിലും കോവിഡാനന്തര പാർശ്വഫലങ്ങളിലൊന്നായ ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്. വയനാടിന്റെ അതിർത്തി ജില്ലയായ നീലഗിരി സ്വദേശിയായ നവീൻെറ കുടുംബബന്ധങ്ങളിലേറെയും കേരളത്തിലായിരുന്നു. ഭാര്യ മലയാളിയും. നന്നായി മലയാളം സംസാരിച്ചിരുന്ന നവീൻ മാഞ്ചസ്റ്റർ ആസ്ഥാനമായ പെന്തക്കോസ്ത് ചർച്ചിന്റെ പ്രാർത്ഥന കൂട്ടായ്‌മയിൽ സജീവസാന്നിധ്യമായിരുന്നു.

സ്റ്റുഡൻറ് വിസയിൽ എത്തി ചെറിയ ജോലികൾ ചെയ്ത് ജീവിതം പച്ച പിടിക്കുന്ന അവസ്ഥയിലാണ് വിധി കോവിഡിന്റെ രൂപത്തിൽ വന്ന് നവീന്റെ ജീവിതം തട്ടിയെടുത്തത്. സ്വന്തമായി ബിസിനസ് ചെയ്യാനുള്ള പ്രാരംഭ നടപടികളിലായിരുന്നെങ്കിലും കോവിഡും ലോക്ക് ഡൗണും കാരണം മുന്നോട്ട് പോകാനായില്ല. ഇതിനിടെ ആനിയ്ക്ക് പാർട്ട് ടൈം ആയി കെയർ അസിസ്റ്റന്റിന്റെ ജോലി ലഭിച്ച് ജീവിതം പച്ച പിടിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം . നവീന്റെ കുടുംബത്തെ സഹായിക്കാനായിട്ട് ഒട്ടേറെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

നവീൻ ഭാസ്കറിന്റെ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് സംഭാവന നൽകാം.

നവീൻ ഭാസ്കറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . ബ്രിട്ടീഷ് സർക്കാർ കുട്ടികളെ തിരികെ സ്കൂളുകളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകിയെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഒരുവർഷത്തിലേറെയായി കുട്ടികൾ വീട്ടിലാണ്. യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. മാത്രമല്ല ക്ലാസ് കയറ്റം നൽകാത്ത ഒരു കുട്ടിയ്ക്കായി ഗവൺമെൻറ് 6000 പൗണ്ടോളം അധികം കണ്ടെത്തേണ്ടിവരും. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.

RECENT POSTS
Copyright © . All rights reserved