ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിൽ താപനില ഉയരുമ്പോൾ ആളുകൾ കടൽതീരത്തേക്ക് എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അവിടെയും സ്ത്രീകളെ ചൂഷണം ചെയ്യാൻ ക്രിമിനൽ സംഘങ്ങൾ ഒരുങ്ങിയിരിപ്പുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച ബ്രൈറ്റൺ ബീച്ചിൽ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടന്ന പരാതി ഉയർന്നതിനെ തുടർന്ന് സസെക്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടൽ തീരത്തും ലൈഫ് ഗാർഡ് ഹട്ടിനുമിടയിലാണ് പീഡനങ്ങൾ നടന്നത്.
സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സിൽ നിന്നുള്ള 32 കാരനായ പുരുഷൻ അറസ്റ്റിലായിരുന്നു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ബീച്ചിൽ വെച്ച് പീഡനത്തിനോ ആക്രമണത്തിനോ ഇരയായവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് ടെയ്‌ലർ പറഞ്ഞു.
ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗൗരവമായി എടുക്കുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് പറഞ്ഞു. താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ആഴ്ച ബീച്ചിലേക്ക് പോയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോട്ടറി ടിക്കറ്റെടുക്കുന്നതും ഭാഗ്യം കടാക്ഷിക്കുന്നതായും സ്വപ്നം കാണുന്നവരാണ് മിക്കവരും . പ്രത്യേകിച്ച് മലയാളികൾക്ക് ലോട്ടറി എടുക്കുന്നതിനോടുള്ള അഭിനിവേശം വളരെ കൂടുതലാണ്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ പേരാണ് കേരളത്തിലുള്ളത്. യു കെ മലയാളികൾ ഒട്ടേറെയുള്ള യോർക്ക്ഷെയറിൽ നിന്നുള്ള ഒരു ഭാഗ്യക്കുറി വിശേഷമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
യുറേ മില്യൺ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ടിക്കറ്റ് ഉടമ 195 മില്യൺ പൗണ്ട് ആണ് നേടിയത്. എക്കാലത്തെയും ഏറ്റവും വലിയ ലോട്ടറി വിജയം കൂടിയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഭാഗ്യശാലി ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. ഇതിനുമുമ്പ് നേടിയ ഏറ്റവും കൂടിയ ഭാഗ്യക്കുറി വിജയം 184 മില്യൺ പൗണ്ടിന്റേതായിരുന്നു. യൂറോ മില്യൺ നറുക്കെടുപ്പ് ആഴ്ചയിൽ രണ്ടുതവണ ചൊവ്വാഴ്ചയും , വെള്ളിയാഴ്ചയുമാണ് നടക്കുന്നത്. യൂറോ മില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ ഇതുവരെ 15 യുകെ ടിക്കറ്റുകൾ 100 മില്യണിലധികം വിലയുള്ള ജാക്ക്പോട്ട് നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബിബിസി റേഡിയോ 4 പരിപാടിയായ ഡെസർട്ട് ഐലൻഡ് ഡിസ് കസിൽ, തന്റെ കരിയറിന്റെ തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡൽ കെയ്റ്റ് മോസ്. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു ഫോട്ടോ ഷൂട്ടിനിടെ തെറ്റായ രീതിയിൽ തന്റെ ക്യാമറമാൻ തന്നോട് നഗ്നയാകാൻ ആവശ്യപ്പെട്ടതായും, പിന്നീട് താൻ അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോസ് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് ഫാഷൻ ഇൻഡസ്ട്രിയൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് താൻ കൂടുതൽ ബോധവതി ആയത്. ഇപ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ തനിക്ക് മുൻകൂട്ടി കാണാൻ സാധിക്കുന്നതും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോയതുകൊണ്ടാണെന്നും അവർ പറഞ്ഞു.
1988ൽ പതിനാലാം വയസ്സു മുതൽ മോഡലിംഗ് ആരംഭിച്ച മോസ്, തുടക്കത്തിൽ സ്റ്റോം മോഡലിംഗ് ഏജൻസിയുമായി കരാറിൽ ആയിരുന്നു. ലണ്ടനിലുടനീളം സഹായത്തിന് ആരുമില്ലാതെ തനിയെയാണ് കരിയറിന്റെ തുടക്കത്തിൽ താൻ യാത്ര ചെയ്തിരുന്നതെന്ന് അവർ പറഞ്ഞു. 1992 ൽ കാൽവിൻ ക്ലൈനുവേണ്ടി മാർക്ക് വാൽബെർഗിനോടൊപ്പം അഭിനയിച്ച പരസ്യമാണ് ലോകമെമ്പാടും മോസിനെ പ്രസിദ്ധയാക്കിയത്. എന്നാൽ ആ പരസ്യ ഷൂട്ടിംഗ് തനിക്ക് വേദനാജനകമായ അനുഭവങ്ങളാണ് ഓർമ്മയിലേക്ക് കൊണ്ടുവരുന്നതെന്ന് അവർ പറഞ്ഞു. പലപ്പോഴും തൻെറ ശരീരത്തെ ഒരു വസ്തുവെന്ന രീതിയിലാണ് ആളുകൾ സമീപിച്ചിരുന്നതെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ഈ വർഷം തുടക്കത്തിൽ ജോണി ഡെപ്പിന് എതിരെയുള്ള കേസിൽ, മോസ് അദ്ദേഹത്തിന് അനുകൂലമായി മൊഴിനൽകിയിരുന്നത് ശ്രദ്ധേയമായിരുന്നു. ഡെപ്പിന്റെ മുൻ കാമുകിയായിരുന്ന മോസ് അത്തരത്തിൽ ഒരു മൊഴി നൽകിയത് മാധ്യമങ്ങളുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം തന്നെ 2011 ൽ ഫാഷൻ ഡിസൈനറായ ജോൺ ഗല്ലിയാനോക്കെതിരെ ഉയർന്ന കേസിലും അദ്ദേഹത്തെ അനുകൂലിച്ച് മോസ് രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തുക്കളോട് താൻ എപ്പോഴും സത്യസന്ധത പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മോസ് വെളിപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോഡലുകളിൽ ഒരാളായ മോസ്, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയത് ഫാഷൻ ഇൻഡസ്ട്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ഒന്നാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പ്രധാനമന്ത്രിയായാൽ എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുമെന്ന ഉറപ്പുമായി ഋഷി സുനക്. ടോറി നേതൃപോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം ലിസ് ട്രസിനാണെന്ന് സർവേകൾ പറയുന്നെങ്കിലും താൻ ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് ഋഷി. ഇംഗ്ലണ്ടിൽ 66 ലക്ഷത്തിലധികം പേർ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്നുണ്ട്. 2024 സെപ്റ്റംബറോടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്ന് ഋഷി അറിയിച്ചു. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ജന്മനാടായ ഗ്രന്ഥാമിൽ നടത്തിയ പ്രചാരണ പ്രസംഗത്തിൽ, എൻഎച്ച്എസ് ബാക്ക്‌ലോഗ് കൈകാര്യം ചെയ്യുന്നത് ഏറ്റവും പ്രധാനമാണെന്ന് സുനക് വ്യക്തമാക്കി.
രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്ന 58,000 ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് ഹബ്ബുകളായി മാറ്റും. ഇവിടെ എംആര്‍ഐ, സിടി സ്‌കാനുകൾ നടത്താം. കൂടാതെ വാതില്‍പ്പടിക്കല്‍ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നാണ് സുനകിന്റെ വാഗ്ദാനം. വ്യത്യസ്‌തമായ ഒരു സമീപനം ഇല്ലെങ്കിൽ, എൻഎച്ച്‌എസ് തകരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എന്‍എച്ച്എസ് ബെഡുകൾ ഒഴിച്ച് കിടത്താനായി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ വിര്‍ച്വലായി നിരീക്ഷിക്കും. രാജ്യം നേരിടുന്ന അഞ്ച് അടിയന്തര പ്രശ്നങ്ങളിൽ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റ് നേരിട്ട് കുറയ്ക്കുന്നതാണ് പ്രധാനമെന്ന് സുനക് വ്യക്തമാക്കുന്നു. അതേസമയം, ലിസ് ട്രസിന്റെ നികുതി വെട്ടിച്ചുരുക്കല്‍ പദ്ധതികളെയും സുനക് വിമർശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്ലാക്ക് ഔട്ടുകൾ തടയാനുള്ള എമർജൻസി പ്ലാനുകളുടെ ഭാഗമായി യുകെയിലെ ജനങ്ങൾ തങ്ങളുടെ തെർമോസ്റ്റാറ്റുകളും ലൈറ്റുകളും ഓഫ് ചെയ്യേണ്ടി വന്നേക്കാം. ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധിയെ നേരിടാൻ സർക്കാർ നിരവധി നടപടികൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതിയ്ക്ക് വിതരണ ക്ഷാമമുണ്ടായാൽ ഊർജ്ജ ഉപയോഗം വെട്ടി കുറയ്ക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് അധികൃതർ അറിയിച്ചു. റഷ്യ ഗ്യാസ് വിതരണം കുറച്ചതിനെ തുടർന്ന് ശൈത്യകാലത്തേക്ക് വേണ്ടത്ര വാതകം സംഭരിക്കാൻ കഴിയില്ലെന്ന ആശങ്കയെ തുടർന്ന് അടുത്തമാസം മുതൽ യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങൾ വാതകങ്ങളുടെ ഉപയോഗം 15 ശതമാനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടത്.
ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളോട് ഊർജ്ജം ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ലൈറ്റുകൾ ഓഫ് ചെയ്യാനും, തെർമോസ്റ്റാറ്റുകളുടെ ഉപയോഗം കുറയ്ക്കാനും, ചെറിയ ഷവറുകൾ ഉപയോഗിക്കാനും ഇതിനോടകം തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. യുകെ ഗവൺമെന്റിനും ഇത്തരത്തിൽ ഊർജ്ജ സംരക്ഷണം നടപടികൾ അവതരിപ്പിക്കേണ്ടിവന്നാൽ ടിവി, റേഡിയോ, സോഷ്യൽ മീഡിയ, പോസ്റ്ററുകൾ എന്നിവ വഴി സന്ദേശം അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. യുകെയിലെ ഊർജ പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശൈത്യകാലത്ത് വീടുകളിലെ ബില്ലുകൾ 3300 പൗണ്ടിൽ കൂടുതൽ ഉയരാനാണ് സാധ്യത.
ശരാശരി ഒരു കുടുംബത്തിൻറെ എനർജി ബില്ല് പ്രതീക്ഷിച്ചതിലും 360 പൗണ്ട് വരെ കൂടുമെന്ന് എനർജി കൺസൾട്ടന്റ് ആയ കോൺവാൾ പറഞ്ഞു. ജീവിതച്ചെലവ് വർധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഊർജ്ജവിലയിലുണ്ടായ ഈ വൻ വർദ്ധനവ് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇത്തരത്തിൽ ഉണ്ടാവുന്ന പ്രതിസന്ധി ലഘൂകരിക്കാനായി സർക്കാർ 15 മില്യൻ പൗണ്ടിന്റെ പാക്കേജ് ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് 1200 പൗണ്ട് വരെ നൽകും. എന്നിരുന്നാലും കോൺവാളിന്റെ ഈ പ്രവചനം ശരിയാണെങ്കിൽ ഗവൺമെന്റിൽ നിന്ന് പരമാവധി സഹായം ലഭിച്ചെങ്കിൽ പോലും ജനുവരിയോട് കൂടി ഊർജ്ജബല്ലുകൾ 900 പൗണ്ട് വരെ ഉയരും. വർദ്ധിച്ചു വരുന്ന ജീവിത ചിലവും ഊർജ്ജ പ്രതിസന്ധിയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മങ്കി പോക്സിനെ ആഗോള പകർച്ചവ്യാധിയുടെ ഗണത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. കുരങ്ങു പനിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് നടപടി കൈക്കൊണ്ടത്. 75 രാജ്യങ്ങളിലായി 1600 -ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനം രോഗികളും ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.
ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് അപകടകാരിയാണ് മങ്കിപോക്സ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. നിലവിൽ ലോകമെങ്ങും മങ്കിപോക്സ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. 2020 ജനുവരി 30 -ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് വെറും 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്നാണ് ലോകത്തെ കീഴടക്കിയ വൈറസ് ഭീകരനായി കോവിഡ് പടർന്നു പിടിച്ചത്. സമാനമായ രീതിയിൽ മങ്കിപോക്സ് ലോകമെങ്ങും പടർന്നു പിടിച്ചേക്കാമെന്നുള്ള ആശങ്കയാണ് ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- അവധി ആഘോഷിക്കാനായി തന്റെ രണ്ട് മക്കളോടൊപ്പം ഇറ്റലിയിൽ എത്തിയ ബ്രിട്ടീഷുകാരനായ പിതാവിനെ, തടാകത്തിൽ മുങ്ങിത്താണ 14 വയസ്സുകാരനായ മകനെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ കാണാതായി. നീന്തുന്നതിനിടെ മകന് ബുദ്ധിമുട്ടുണ്ടാകുന്നതായി കണ്ടാണ് മകനെ രക്ഷിക്കാനായി അദ്ദേഹം വെള്ളത്തിൽ ഇറങ്ങിയത്. വിജയകരമായി തന്നെ മകനെ സ്പീഡ് ബോട്ടിനു അടുത്തേക്ക് എത്തിച്ചെങ്കിലും, പിന്നീട് പിതാവിനെ കാണാതാവുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന മാതാവ് മകനെ വലിച്ചു ബോട്ടിനുള്ളിൽ ആക്കിയ ശേഷം നോക്കുമ്പോഴാണ് തന്റെ ഭർത്താവ് വെള്ളത്തിനടിയിലേക്ക് താണു പോകുന്നത് കാണുന്നത്. നോർത്തേൺ ഇറ്റലിയിലെ ഗാർഡ ലേയ്ക്കിൽ വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. ഉടൻതന്നെ ഭാര്യ നിലവിളിക്കുകയും, തുടർന്ന് അടുത്തുണ്ടായിരുന്നു മറ്റു ബോട്ടുകളും കോസ്റ്റ് ഗാർഡ് യൂണിറ്റും സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിയും തിരച്ചിൽ തുടരുകയാണ് എന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്.
കാണാതായ അൻപത്തൊന്നുകാരനായ ആളുടെ 14 വയസ്സുള്ള മകനും അഞ്ചു വയസ്സുള്ള മകളും ഭാര്യയും അദ്ദേഹത്തെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുവാനിരിക്കുന്ന തന്റെ ഭർത്താവിന്റെ അപകടം കുടുംബത്തെയാകെ തകർത്തതായി ഭാര്യ പറഞ്ഞു. ഇറ്റലിയിൽ അപകടത്തിൽപ്പെട്ട ബ്രിട്ടീഷുകാരന്റെ കുടുംബത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും, ഇറ്റാലിയൻ പോലീസ് അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും ബ്രിട്ടീഷ് ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്മെന്റ് ഓഫീസ് വക്താവ് അറിയിച്ചു. കഠിനമായ കാറ്റ് മൂലം തിരച്ചിൽ ദുഷ്കരമാണെന്നും , എങ്കിലും പരമാവധി ശ്രമിക്കുന്നുണ്ടെന്നും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കുടുംബം സ്വന്തമായി ഒരു ബോട്ട് വാടകക്കെടുത്ത ശേഷം രണ്ടര മണിക്കൂറോളം അവർ അതിൽ ഉണ്ടായിരുന്നതായും കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. പിതാവിന്റെ എന്തെങ്കിലും വിവരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മക്കളും കുടുംബവും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ വിദേശകാര്യ മന്ത്രി ലിസ് ട്രസ് മുന്നിലെന്ന് അഭിപ്രായ സർവേ. ഋഷി സുനകും ലിസ് ട്രസും തമ്മിലാണ് അവസാന റൗണ്ട് മത്സരം. 735 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം ഋഷി സുനകിന് ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പുകളിൽ എല്ലാം മുമ്പനായി എത്തിയെങ്കിലും പ്രധാനമന്ത്രി പദത്തിലേക്കുള്ള അവസാന റൗണ്ട് മത്സരത്തില്‍ തോല്‍വി സംഭവിച്ചേക്കുമെന്നാണ് യു ഗവ് എന്ന് പോളിങ് സ്ഥാപനം നടത്തിയ സര്‍വേയില്‍ സൂചിപ്പിക്കുന്നത്.
ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍, ലിസ് ട്രസ് ഋഷി സുനകിനെ മറികടക്കുമെന്ന് 54 ശതമാനം പേര്‍ കരുതുന്നു. 35 ശതമാനം പേര്‍ ഋഷിക്ക് അനുകൂലമാണ്. 11 ശതമാനം പേര്‍ അറിയില്ല എന്ന് പ്രതികരിച്ചു. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇവരിലൊരാളെ പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കും. സെപ്റ്റംബർ 5ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ അറിയാം.
പെന്നി മോര്‍ഡന്റുമായി നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എട്ടു വോട്ടുകൾ അധികം നേടിയാണ് ലിസ് ട്രസ് അവസാന രണ്ടിലേക്ക് എത്തിയത്. താന്‍ പ്രധാനമന്ത്രി ആയാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഭരിക്കുകയും, ആദ്യ ദിവസം മുതല്‍ പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് ട്രസ് പറഞ്ഞു. നികുതികള്‍ വെട്ടി കുറയ്ക്കുകയും, സമ്പദ് വ്യവസ്ഥ വളര്‍ത്തുകയും ചെയ്യുന്ന പുതിയ സാമ്പത്തിക പദ്ധതിയാണ് ട്രസ് മുന്നോട്ട് വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പങ്കാളിയും കുറ്റക്കാരെന്ന് കോടതി. ദമ്പതികൾ കൊലപാതകം നിഷേധിച്ചിരുന്നുവെങ്കിലും ലീഡ്സ് ക്രൗൺ കോടതിയിൽ ആറാഴ്ചത്തെ വിചാരണയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞു. കൊടിയ പീഡനത്തിനിരയായാണ് സെബാസ്റ്റ്യൻ കലിനോവ്‌സ്‌കി മരിച്ചത്. ഹഡേഴ്‌സ്‌ഫീൽഡിൽ വെച്ച് 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ അഗ്‌നീസ്‌ക കലിനോവ്‌സ്‌ക, പങ്കാളി ആൻഡ്രെജ് ലറ്റോസ്‌സെവ്‌സ്‌കി എന്നിവർ ചേർന്ന് കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു.
സെബാസ്റ്റ്യനെ ബെഡ് സ്ലാറ്റ് ഉപയോഗിച്ച് മർദിക്കുകയും കേബിൾ കൊണ്ട് അടിക്കുകയും സൂചികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് കോടതിയിൽ വെളിപ്പെട്ടു . വാരിയെല്ലുകൾ ഒടിഞ്ഞുണ്ടായ അണുബാധയെത്തുടർന്ന് ഓഗസ്റ്റ് 13 ന് സെബാസ്റ്റ്യൻ ആശുപത്രിയിൽ മരിച്ചു. അമ്മയുടെയും പങ്കാളിയുടെയും പീഡനത്തിരയായാണ് കുട്ടി മരിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
കുട്ടിയെ നൂറിലധികം തവണ അടിക്കുന്നതും വായിൽ ബലമായി ഭക്ഷണം തിരുകി കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സെബാസ്റ്റ്യൻ അബോധാവസ്ഥയിൽ കിടന്നിട്ടും രണ്ട് മണിക്കൂറിന് ശേഷമാണ് ലറ്റോസെവ്സ്കി ആംബുലൻസ് വിളിച്ചത്. സ്വന്തം മകനെ മർദിക്കുന്നത് കണ്ട അമ്മ ചിരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. ശിക്ഷ ഒക്ടോബറിൽ പ്രഖ്യാപിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വയോധികയുടെ മൃതശരീരം ആരോരുമറിയാതെ സ്വവസതിയിൽ കിടന്നത് രണ്ടു വർഷത്തോളം . ഷീല സെലിയോൻ എന്ന 58 കാരിയുടെ മൃതശരീരമാണ് 2 വർഷങ്ങൾക്ക് ശേഷം അവരുടെ ഭവനത്തിൽ നിന്ന് കണ്ടെത്തിയത്. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തുന്നതുവരെ ഹൗസിംഗ് അസോസിയേഷൻ വാടക കൈപ്പറ്റിയിരുന്നതായുള്ള വാർത്തകളും പുറത്തുവന്നു.
ഫ്ലാറ്റിലെ ലിവിങ് റൂമിൽ കണ്ടെത്തിയ അസ്ഥികൂടം ഷീലയുടെതാണെന്ന് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ്. ഷീലയുടെ മരണത്തിൻറെ യഥാർത്ഥ കാരണം കണ്ടെത്തുക അസാധ്യമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീര അവശിഷ്ടങ്ങളുടെ പഴക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവർക്ക് ഉദരസംബന്ധമായ ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
താമസക്കാരി മരിച്ച് രണ്ടുവർഷത്തോളം വിവരമറിയാൻ വൈകിയതിന് ഹൗസിംഗ് സൊസൈറ്റിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഷീലയെ കുറിച്ചുള്ള പല അന്വേഷണങ്ങളും ഹൗസിംഗ് സൊസൈറ്റികളിലും പോലീസിലും എത്തിയിരുന്നു . പക്ഷേ അവരെ കണ്ടെത്തിയതായുള്ള ചില മൊഴികളാണ് പോലീസിന്റെ തുടരന്വേഷണങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. മക്കളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങളുടെ ദുരവസ്ഥയ്ക്കുള്ള നേർക്കാഴ്ചയായ പ്രസ്തുത സംഭവം ആഗോളതലത്തിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയത് .