ന്യൂസ് ഡെസ്ക് മലയാളം യുകെ

10 വർഷത്തെ എൻഎച്ച്എസ് സേവനം പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരുടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളണം എന്ന ആവിശ്യം മുന്നോട്ട് വച്ച് വിദഗ്ദ്ധർ. നേഴ്‌സുമാർ മിഡ്‌വൈഫുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് തടയാൻ സാമ്പത്തിക പ്രോത്സാഹനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നഫീൽഡ് ട്രസ്റ്റ് രംഗത്ത് വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിരവധി ജീവനക്കാർ പരിശീലനം പോലും പൂർത്തിയാക്കാനാവാതെ എൻഎച്ച്എസിൽ നിന്ന് പോകാൻ നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് ആവശ്യമായ പിന്തുണകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപിമാർ ആശയം നിരസിച്ചു.

എൻഎച്ച്എസിൽ പരിശീലനം ആരംഭിക്കുകയും കരിയർ ആരംഭിക്കുകയും ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് നഫീൽഡ് ട്രസ്റ്റിന്റെ റിപ്പോർട്ട്. സ്കാനിംഗ് നടത്തുന്ന ഫിസിയോകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, ഡോക്ടർമാർ നേഴ്സുമാർ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോർട്ടിൽ പരിശീലനം കഴിഞ്ഞവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ജോലിക്കായി പ്രവേശിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ ജോലിയിൽ പ്രവേശിച്ചവരിൽ അഞ്ചിൽ ഒരാൾ രണ്ട് വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എൻഎച്ച്എസിൽ ജോലി ഉപേക്ഷിക്കുന്നവരിൽ ചിലർ ഇപ്പോഴും ചാരിറ്റികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി ജോലി ചെയ്യുന്നതായും നഫീൽഡ് ട്രസ്റ്റ് പറഞ്ഞു. നിലവിൽ എൻഎച്ച്എസ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്‌ത്‌ വരുന്നത്.