ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈ വർഷം ഇതുവരെ 25000 – ത്തിലധികം അഭയാർത്ഥികൾ ചാനൽ കടന്ന് എത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു. മറ്റ് മാർഗങ്ങളിലൂടെ രാജ്യത്ത് അനധികൃതമായി കുടിയേറിയവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. ഇന്നലെ 915 പേർ ചെറിയ ബോട്ടുകളിലായി ചാനൽ കടന്നെത്തിയതായി മിനിസ്ട്രി ഓഫ് ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ആഗസ്റ്റ് 22 -ന് 1295 പേരാണ് ചാനൽ കടന്നെത്തിയത്. ഇത് അടുത്തകാലത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ്. ചാനൽ കടന്നെത്തുന്നവരെ പിന്തിരിപ്പിക്കാനായി റുവാണ്ടയിലേയ്ക്ക് കുടിയേറ്റക്കാരെ അയക്കാനുള്ള പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മുന്നോട്ട് വച്ചിരുന്നു . എന്നാൽ അതിനുശേഷവും 19878 പേർ ചാനൽ കടന്ന് യുകെയിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫ്രാൻസിൽ നിന്ന് ചെറു ബോട്ടുകളിലായി യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അടുത്ത കാലത്തായി വളരെ വർധിച്ചിട്ടുണ്ട്. റഷ്യ ഉക്രൈൻ സംഘർഷത്തിന്റെ ഫലമായി ഒട്ടേറെ പേർക്ക് യുകെ അഭയം നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ്ജെൻഡർ മോഡലായി മാറിയിരിക്കുകയാണ് ട്രാൻസ് ദമ്പതികളുടെ മകളായ 10 വയസ്സുകാരി നോയല്ല മക്മഹർ. നോയല്ലയുടെ ബയോളജിക്കൽ മാതാവ് ഇപ്പോൾ ഒരു ട്രാൻസ് പുരുഷനാണ്. കഴിഞ്ഞദിവസം ന്യൂയോർക്കിൽ നടന്ന ഒരു ഫാഷൻ ഷോയിലാണ് ആദ്യമായി നോയെല്ല റാമ്പിലൂടെ നടക്കുന്നത്. നോയല്ലയ്ക്ക് രണ്ടര മൂന്നു വയസ്സുള്ളപ്പോഴാണ് ആദ്യമായി ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിയുന്നതെന്ന് അവളുടെ ബയോളജിക്കൽ മാതാവായ 35 വയസ്സുള്ള ഡി വ്യക്തമാക്കി. ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവർ നോയെല്ലയോട് നീ ഒരു സുന്ദരനായ ആൺകുട്ടിയാണ് എന്ന് പറയുമ്പോൾ തന്നെ, താൻ ആൺകുട്ടിയല്ല, മറിച്ച് പെൺകുട്ടിയാണെന്ന് അവൾ തിരിച്ച് പ്രതികരിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. എന്നാൽ നോയല്ലയുടെ അമ്മ മനഃപ്പൂർവ്വം അവളെ ട്രാൻസ് ആകുവാൻ പ്രേരിപ്പിക്കുകയാണെന്ന വിമർശനങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ നടന്ന ഫാഷൻ ഷോയിൽ റാമ്പിലൂടെ നടന്ന ഏറ്റവും പ്രായം കുറഞ്ഞ ട്രാൻസ് മോഡൽ എന്ന ലേബലിലൂടെയാണ് അവൾ പത്രങ്ങളുടെ ശ്രദ്ധ നേടിയത്. നോയല്ല ഇത്തരത്തിലുള്ളവർ ഉയർന്നു വരാനുള്ള ഭാവിയിലെ പ്രതീക്ഷയാണ് സൂചിപ്പിക്കുന്നതെന്ന് പ്രശസ്ത ഹോളിവുഡ് ഏജന്റിൽ ഒരാൾ വ്യക്തമാക്കി.

വളരെയധികം ആത്മവിശ്വാസം ഉള്ള ഒരാളാണ് നോയെല്ല. അതിനാൽ തന്നെ അടുത്ത ഒരു വർഷം കൊണ്ട് തന്നെ നോയെല്ലയ്ക്ക് ഒന്നു മുതൽ രണ്ട് മില്യൻ ഡോളർ വരെ സമ്പാദിക്കാൻ ആകുമെന്ന് ഹോളിവുഡ് വക്താക്കൾ പറഞ്ഞു. എന്നാൽ നോയെല്ലയുടെ ബയോളജിക്കൽ പിതാവ് ഇത്തരത്തിലുള്ള ട്രാൻസ്ജെൻഡർ ചിന്താഗതിക്ക് എതിരാണ്. ചിക്കാഗോയിലെ ശാസ്ത്രജ്ഞനായ അദ്ദേഹം നോയെല്ലയെ ആൺകുട്ടി ആക്കി തന്നെ വളർത്തുവാൻ ശാരീരിക ഉപദ്രവം വരെ ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡി വിവാഹം ചെയ്തിരിക്കുന്നത് 32 വയസ്സുകാരനായ ട്രാൻസ്ജെൻഡർ റേയെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വില്യം രാജകുമാരനും ഹാരി രാജകുമാരനും ഡയാന രാജകുമാരിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികം ഒരുമിച്ച് ആഘോഷിക്കുകയില്ല. ഇരുവരും തമ്മിൽ സ്വരചേർച്ചയിൽ അല്ലാത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്. 40കാരനായ കേംബ്രിഡ്ജിലെ ഡ്യൂക്കും 37 കാരനായ സസെക്സിലെ ഡ്യൂക്കും പൊതു അനുസ്മരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം കുടുംബത്തോടൊപ്പം അമ്മയെ അനുസ്മരിക്കും എന്നറിയിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനുശേഷം ഇരുവരും നേരിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നില്ല.

ഡയാന രാജകുമാരിയുടെ ലണ്ടനിലെ വസതിയായ കെൻസിംഗ്ടൺ പാലസിലെ സുങ്കൻ ഗാർഡനിൽ അവരുടെ സ്മരണയ്ക്കായി പണിത പ്രതിമയുടെ അനാച്ഛാദനത്തിനായി ഇരുവരും തങ്ങളുടെ ബന്ധത്തിലുള്ള അസ്വാരസ്യം മാറ്റിവെച്ച് പങ്കെടുത്തിരുന്നു. 2017ൽ ഡയാന രാജകുമാരിയുടെ ഇരുപതാം ചരമവാർഷികത്തിൽ കെൻസിംഗ്ടൺ കൊട്ടാരത്തിൽ ഒരു സ്മാരക പൂന്തോട്ടം സൃഷ്ടിച്ച വില്യം രാജകുമാരനും ഹാരി രാജകുമാരനും ഒരു ഡോക്യുമെൻററിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഡയാന രാജകുമാരിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികമാണ്. എന്നാൽ ഈ അവസരത്തിൽ സഹോദരങ്ങൾ പൊതുപരിപാടികൾ ഒഴിവാക്കി സ്വകാര്യമായി ആയിരിക്കും ചിലവഴിക്കുക എന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം തൻറെ അമ്മയുടെ അവിശ്വസനീയമായ പ്രവർത്തികളുടെ ഓർമ്മകളും അവർ മറ്റുള്ളവർക്ക് നൽകിയ സ്നേഹവും ലോകത്തോട് വിളിച്ചോതുന്ന ഒരു ദിവസമായി ഇത് മാറണം എന്ന് താൻ ആഗ്രഹിക്കുന്നതായി ഹാരി രാജകുമാരൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഊർജ്ജബില്ലുകളിലെ കുതിച്ചു കയറ്റം ബ്രിട്ടനിൽ വളരെ നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഊർജ്ജബില്ലുകളിലെ വർദ്ധനവും പണപ്പെരുപ്പവും കാരണം കൂടുതൽ ശമ്പള വർധനയ്ക്കുള്ള സമരപരമ്പരകൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എല്ലാ തരത്തിലുള്ള വിലവർധനവ് മൂലം കുറഞ്ഞ വരുമാനമുള്ളവരുടെ കഷ്ടപ്പാടുകളുടെ വാർത്തകൾ മാധ്യമങ്ങളിൽ തുടർച്ചയായി തലക്കെട്ട് സൃഷ്ടിച്ചത് രാഷ്ട്രീയനേതൃത്വത്തെയും വെട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന സംവാദങ്ങളിൽ ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും പരിഹരിക്കുന്നതിനായുള്ള പദ്ധതികളെ വളരെ ആകാംക്ഷയോടെയാണ് ജനം ശ്രദ്ധിച്ചത്.

ഊർജ്ജബില്ലുകളുടെ വർദ്ധനവ് സോളാർ എനർജിയിലേയ്ക്ക് തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു . ബ്രിട്ടനിൽ ജൂലൈ മാസത്തിലെ ഒരാഴ്ചയിൽ ആയിരത്തോളം സോളാർപാനലുകൾ സ്ഥാപിച്ചതായിട്ടാണ് ട്രേഡ് അസോസിയേഷൻ സോളാർ എനർജി യുകെയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഊർജ്ജവില വർദ്ധനവിനൊപ്പം പാരമ്പര്യ ഊർജ്ജ സ്രോതസുകൾ പ്രകൃതിക്ക് നല്ലതാണെന്നുള്ള അവബോധവും സൗരോർജം ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതായി സോളാർ എനർജി യുകെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹെവെറ്റ് പറഞ്ഞു. സോളാർപാനലുകൾ സ്ഥാപിച്ചവർക്ക് വൈദ്യുത ബില്ലിൽ വൻ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ തുടക്കത്തിലെ വൻ മുതൽമുടക്കാണ് പലരെയും സൗരോർജ വൈദ്യുത പദ്ധതിയിൽ നിന്ന് മുഖം തിരിക്കാൻ പ്രേരിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജ്യത്തുടനീളം ബിൻ സ്ട്രൈക്ക് തുടരുന്നതിനാൽ പൊതുജനാരോഗ്യത്തിന് അപകടസാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി സ്കോട്ട്‌ലന്റിന്റെ നാഷണൽ ഹെൽത്ത് ഏജൻസി . നാപ്കിനുകളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യതയുണ്ടാക്കുന്നതായി സ്കോട്ട്ലൻഡിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി . ബിന്നുകൾ കവിഞ്ഞൊഴുകുന്ന പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഏജൻസി കൗൺസിലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തർക്കം പരിഹരിക്കാനുള്ള തുടർച്ചയായുള്ള മൂന്നാം വട്ട ചർച്ചകളും പരാജയപ്പെട്ടിരിക്കുകയാണ് . കൗൺസിലും യൂണിയനും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കായി ഒരു പുതിയ കരാർ രൂപീകരിക്കുന്നതിനെപ്പറ്റിയാണ് പരിഗണിച്ചിരുന്നത്. ഞായറാഴ്ച ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാലിന്യത്തിന്റെ തരവും കാലാവസ്ഥയും ഉൾപ്പെടെയുള്ള പഠനങ്ങളെ ആശ്രയിച്ചാണ് മാലിന്യം എത്രമാത്രം ആരോഗ്യത്തിന് അപകടരം എന്ന് പറയാൻ കഴിയൂ എന്ന് പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലൻഡ് അറിയിച്ചു. ജൈവമാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണെങ്കിൽ അത് മനുഷ്യൻറെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണ അവശിഷ്ടങ്ങൾ, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, മനുഷ്യമാലിന്യങ്ങൾ, വളം എന്നിവയെല്ലാം ജൈവ മാലിന്യങ്ങളിൽ ഉൾപ്പെടുന്നു. ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യത ഒഴിവാക്കാനായി ബിന്നുകൾ കവിഞ്ഞൊഴുകുന്ന പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കാൻ കൗൺസിലുകൾക്ക് ശുപാർശ നൽകിയതായി ഏജൻസി കൂട്ടിച്ചേർത്തു. എഡിൻബർഗിലുടനീളം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ പൊതുജന ആരോഗ്യത്തിന് ആശങ്ക ഉയർത്തുന്നതായി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഡയാന രാജകുമാരിയുടെ മരണത്തിന് 25 വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകം കേൾക്കണമെന്ന് താൻ ആഗ്രഹിച്ച കുറച്ചു കാര്യങ്ങളാണ് ആൻഡ്രൂ മോർട്ടണുമായുള്ള അഭിമുഖത്തിന്റെ രത്നചുരുക്കം.
ആൻഡ്രൂ മോർട്ടണിന്റെ വാക്കുകൾ…
‘ഞാൻ ടേപ്പ് റെക്കോർഡർ ഓണാക്കി, ഡയാന രാജകുമാരിയുടെ അവ്യക്തമായ ശബ്ദം കേൾക്കാം. വിശ്വാസവഞ്ചന, ആത്മഹത്യാശ്രമങ്ങൾ, സങ്കടങ്ങൾ അങ്ങനെ ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളെ കുറിച്ചുമാണ് അവൾ പറയുന്നത്. 1991ൽ ഡയാനയ്ക്കന്ന് 30 വയസായിരുന്നു. പത്തുവർഷത്തെ ദാമ്പത്യം കടുത്ത പ്രശ്‌നത്തിലൂടെ കടന്നു പോകുന്ന സമയം. അവളുടെ വിവാഹത്തിന്റെ യഥാർത്ഥ കഥയാണ് എന്നോട് പങ്കുവെച്ചത്. 1986-ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ എക്‌സ്-റേ ഡിപ്പാർട്ട്‌മെന്റിൽ രാജകുമാരി ഒരു പുതിയ സിടി സ്കാനർ തുറന്നപ്പോൾ ഞാൻ കണ്ടുമുട്ടിയ ഡോ. ജെയിംസ് കോൾതർസ്റ്റ് ആയിരുന്നു അതിൽ പ്രധാനി. പിന്നീട് ചായയും ബിസ്‌ക്കറ്റും കുടിച്ച് ആശുപത്രിയിലെ ഡയാനയുടെ സന്ദർശനത്തെ കുറിച്ച് ഞാൻ അവനോട് ചോദിച്ചു, അയാൾക്ക് അവളെ വർഷങ്ങളായി അറിയാമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ക്രമേണ ഞാനും ജെയിംസും സൗഹൃദത്തിലായി. അവളുടെ സുഹൃത്ത് എന്ന നിലയിൽ, അവളുടെ വിവാഹം പരാജയപ്പെട്ടുവെന്നും കാമില പാർക്കർ ബൗൾസുമായി അവളുടെ ഭർത്താവിന് ബന്ധമുണ്ടെന്നും ജെയിംസിന് അറിയാമായിരുന്നു.

ഏത് നിമിഷവും കൊട്ടാരത്തിലെ ശത്രുക്കൾ തന്നെ മാനസിക രോഗിയാക്കി അടച്ചിടുമെന്ന് ഡയാന ഭയപ്പെട്ടിരുന്നു. അവളുടെ ജീവിതത്തിന്റെ മുഴുവൻ കഥയും പറഞ്ഞില്ലെങ്കിൽ, അവൾ ചെയ്യാൻ തീരുമാനിച്ചതിന്റെ പിന്നിലെ കാരണങ്ങൾ പൊതുജനങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ലെന്ന് അവൾക്ക് മനസ്സിലായി.

ഞാൻ അവളെക്കുറിച്ച് ഒരു പുസ്തകം തയാറാക്കുകയായിരുന്നെന്ന് അവൾക്കറിയാമായിരുന്നു. ഞാൻ എഴുതുമ്പോൾ അവൾ എന്റെ പുസ്തകം പലതവണകളായി വായിച്ചു. 1992 ജൂൺ 7-ന്, എന്റെ പുസ്തകത്തിൽ നിന്നുള്ള ആദ്യത്തെ ഉദ്ധരണി ഒരു പത്രത്തിൽ പ്രത്യക്ഷപ്പെട്ടു – ‘ഡയാനയെ ചാൾസ് അഞ്ച് ആത്മഹത്യാശ്രമങ്ങളിലേക്ക് നയിച്ചു’ എന്ന തലക്കെട്ടിൽ. രഹസ്യ ടേപ്പുകളിൽ നിന്നുള്ള ചില ഉദ്ധരണികൾ ഞാൻ ഉപയോഗിച്ചുവെന്നും, പക്ഷേ അവൾ പറഞ്ഞതിൽ ഭൂരിഭാഗവും മാറിയാണ് വന്നതെന്നും പത്രം പറഞ്ഞു. 1997 ആഗസ്റ്റ് 31-ന് പാരീസിൽ ഒരു വാഹനാപകടത്തിൽ അവർ മരിച്ചപ്പോൾ രാജ്യം സങ്കടംകൊണ്ട് വിതുമ്പി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെയിൽ ജോലി ചെയ്യുന്ന യുക്രൈൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഏപ്രിലിൽ 9% ആയിരുന്നിത് ഓഗസ്റ്റ് തുടക്കമായപ്പോഴേക്കും 42% ആയി ഉയർന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 20 നും ഓഗസ്റ്റ് 4 നും ഇടയിൽ 1,132 യുക്രൈൻകാരുമായി ഒഎൻഎസ് നടത്തിയ സർവേയിൽ നിന്നാണ് കണ്ടെത്തലുകൾ. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് പ്രത്യേകം ആരംഭിച്ച രണ്ട് വിസ സ്കീമുകളിലായാണ് ഇവർ എത്തുന്നത്. ഏകദേശം 100,000-ത്തിലധികം ആളുകൾ ഇതുവരെ യുകെയിൽ എത്തിയിട്ടുണ്ടന്നും കണക്കുകൾ വ്യക്തമാക്കുന്നു. താമസത്തിനു പുറമെ വരുമാനവും കണ്ടെത്താൻ യു കെ യിൽ പറ്റുന്നത് കൊണ്ടാണ് ഇവരുടെ വരവ് വർദ്ധിക്കുന്നത്.

ഫാമിലി സ്കീം യുക്രൈനിയൻ പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും നൽകാനൊരുങ്ങുകയാണ് യു കെ. വിസ സുരക്ഷിതമാക്കുന്ന അഭയാർത്ഥികൾക്ക് മൂന്ന് വർഷം വരെ യുകെയിൽ തുടരാൻ അനുവാദമുണ്ട്. സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും ഇംഗ്ലീഷ് ഭാഷാ ജോലി ഏറ്റെടുക്കാനുള്ള കഴിവിന് തടസ്സമാണെന്നും പറയുന്നു. അതേസമയം ചില ജോലികൾക്ക് സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ ഏറ്റവും തിരക്കേറിയ 22 വിമാനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഡ്രൈവർമാർക്ക് യാത്രക്കാരെ ഇറക്കാനുള്ള ചാർജുകൾ ഏർപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്തിട്ടുള്ളതായി ആർഎസിയുടെ റിപ്പോർട്ട് പുറത്ത്. യാത്രക്കാരെ കൊണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ ചാർജ് ഈടാക്കുന്നത് സ്റ്റാൻസ്റ്റഡ് എയർപോർട്ട് ആണ്. അതേസമയം ലണ്ടൻ സിറ്റി, ബെൽഫാസ്റ്റ്, കാർഡിഫ് എന്നിവിടങ്ങളിൽ നിശ്ചിത സമയത്തേക്ക് ഈ സൗകര്യം സൗജന്യമാണ് എന്നും മോട്ടോർ ഗ്രൂപ്പ് പറഞ്ഞു. പഠനത്തിന് വിധേയമാക്കിയ 22 വിമാനത്താവളങ്ങളിൽ 16 എണ്ണവും ചാർജുകൾ വർധിപ്പിച്ചതായി കണ്ടെത്തി.

പകർച്ചവ്യാധി മൂലമുള്ള നഷ്ടം നികത്താനാണ് വിമാനത്താവളങ്ങൾ ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്ന് ആർഎസി പറഞ്ഞു. എന്നാൽ പല ഇടങ്ങളിലും ഈടാക്കുന്ന ഫീസ് പലപ്പോഴും ഡ്രൈവർമാർക്ക് താങ്ങാൻ ആവുന്നതിലും കൂടുതൽ ആണെന്ന് മോട്ടോർ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. 2019-ൽ 20 മിനിറ്റിന് നാല് പൗണ്ട് ചാർജ് ചെയ്തിരുന്ന സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിലവിൽ 15 മിനിറ്റിന് 7 പൗണ്ട് ഈടാക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിന് തൊട്ട് പിന്നിൽ നിൽക്കുന്ന മാഞ്ചസ്റ്റർ എയർപോർട്ട് അഞ്ചുമിനിറ്റിന് 5 പൗണ്ട് ഈടാക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഇത് മൂന്ന് പൗണ്ടായിരുന്നു. യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായ ഹീത്രുവും ഗാറ്റ്‌വിക്കും ഡ്രോപ് ഓഫുകൾക്ക് അഞ്ച് പൗണ്ട് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലൂട്ടൺ, ബ്രിസ്റ്റോൾ, ലീഡ്സ്, ബ്രാഡ്ഫോർഡ്, സൗത്ത്എൻഡ് എന്നിവിടങ്ങളിൽ എല്ലാം 10 മിനിറ്റിന് 5 പൗണ്ട് ഈടാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഒൻപത് വയസ്സുകാരി സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ വീടിൻെറ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിൻെറ ഇടയിൽ ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. മെർസിസൈഡിൽ ഒരു ഏറ്റുമുട്ടലിനു ശേഷം പോലീസ് മുപ്പത്താറുകാരനായ പ്രതിയെ അറസ്റ്റു ചെയ്തതായി വ്യക്തമാക്കി. ഇയാൾക്കെതിരെ രണ്ടു കൊലപാതകശ്രമ ആരോപണങ്ങളും നിലവിൽ ഉണ്ട്. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഉർജ്ജിതമാക്കിയ വിവരം പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

തോക്കുധാരികളുടെ യഥാർത്ഥ ലക്‌ഷ്യം ജോസഫ് നീ എന്ന മുപ്പത്തഞ്ചുകാരനായിരുന്നു. പുറത്തുള്ള ബഹളം കേട്ട് ചെറിൽ കതക് തുറന്നതിന് പിന്നാലെ തോക്കുധാരി അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് ഒലിവിയയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ ചെറിൽ ആശുപത്രി വിട്ടു. സംഭവ സ്ഥലത്തിനടുത്ത് നിന്ന് ശരീരത്തിൻെറ മുകൾ ഭാഗത്ത് പരുക്കേറ്റ നിലയിൽ നീയേ കണ്ടെത്തിയിരുന്നു. ഇയാളുടെ ചികിത്സ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ജയിലിലേക്ക് തിരികെവിളിക്കും. ഇയാൾക്ക് 2018 -ൽ മോഷണശ്രമത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മൂന്ന് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതിനും മുൻപും പല കുറ്റകൃത്യങ്ങൾ ആരോപിച്ച് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : റോയൽ മെയിൽ ജീവനക്കാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതൽ കരുത്താർജ്ജിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി 115,000 തപാൽ ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. ഓഗസ്റ്റ് 31, സെപ്തംബർ 8, 9 തീയതികളിലും പണിമുടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം തൊഴിലാളികൾ സമരം ചെയ്യുന്ന ദിവസങ്ങളിൽ കത്തുകൾ നൽകില്ലെന്നും ചില പാഴ്സലുകൾ വൈകുമെന്നും റോയൽ മെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേതനം വർദ്ധിപ്പിക്കണമെന്നുള്ളതാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. സാധനങ്ങൾ വൈകി ലഭിക്കുന്നതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. തടസ്സങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കാമെന്നും ഇത് മറികടക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പണിമുടക്ക് ദിവസങ്ങളിൽ കഴിയുന്നത്ര സ്‌പെഷ്യൽ ഡെലിവറികളും ട്രാക്ക് ചെയ്‌ത പാഴ്‌സലുകളും വിതരണം ചെയ്യുമെന്നും, മെഡിക്കൽ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അവർ പറയുന്നു.

സമരക്കാരെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയനുമായി മൂന്ന് മാസം ചർച്ചകൾ നടത്തിയെന്നും നിലവിൽ ശമ്പളം പുതുക്കി നൽകാനുള്ള കമ്പനിയുടെ തീരുമാനം യൂണിയൻ നിരസിച്ചതായും റോയൽ മെയിൽ പറഞ്ഞു. നിലവിലെ ജീവിതച്ചെലവ് ഉൾക്കൊള്ളുന്ന തുകയിലേക്ക് വേതനം വർദ്ധിപ്പിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

തപാൽ ജീവനക്കാർ അർഹിക്കുന്ന മാന്യമായ വേതന വർദ്ധനവ് ഉറപ്പാക്കാണമെന്ന് ജനറൽ സെക്രട്ടറി ഡേവ് വാർഡ് പറഞ്ഞു. “മുതലാളിമാർ കോടിക്കണക്കിന് ലാഭം കൊയ്യുന്ന ഒരു രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. ജീവനക്കാർ ബാങ്കുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പണിമുടക്ക് ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കി.