Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിനുളള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അറിയിച്ചു. യുക്രെയ്നില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ് ഗാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസിലാക്കുന്നുവെന്നും ഇന്ത്യ – റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കേണ്ടതില്ലെന്നതുമായ നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു.

‘ദീപാവലിയോടെ സ്വതന്ത്ര വ്യാപാരകരാറിന് അവസാനരൂപം നൽകണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുള്ള വ്യാപാരം ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇരട്ടിയാക്കാൻ സഹായിക്കും’ – ബോറിസ് ജോൺസൻ പ്രതികരിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ.

അതിനിടെ, ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെയും അമിതാഭ് ബച്ചനെ പോലെയും തോന്നി എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേ‍ർന്നു നിൽക്കും എന്ന ബോറിസ് ജോൺസന്റെ വാക്കുകൾ പുതുപ്രതീക്ഷ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈനിനു മേൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ ആയ ടെസ്‌കോ, വെയിറ്റ്റോസ്, മോറിസൺസ് എന്നിവിടങ്ങളിലെല്ലാം തന്നെ സൺഫ്ലവർ ഓയിലിനും മറ്റും റേഷനിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായിരിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാൻ പറ്റുന്ന എണ്ണയുടെ അളവ് നിജപ്പെടുത്തുക ആണ് ചെയ്യുന്നത്. ബ്രിട്ടൻ ഭൂരിഭാഗം കുക്കിംഗ് ഓയിലും ഉക്രൈനിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ യുദ്ധം മൂലം ഇറക്കുമതി തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ ക്ഷാമത്തെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇറക്കുമതി ക്ഷാമത്തെ തുടർന്ന് എണ്ണയുടെ വിലയിലും ഇരുപത് ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മോറിസൺസ്, വെയിറ്റ്റോസ് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന എണ്ണയുടെ അളവ് നേരത്തെ തന്നെ നിജപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ടെസ്കോയും ഈ പാത തന്നെ പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.


ഒരാൾക്ക് മൂന്ന് ബോട്ടിൽ കുക്കിംഗ് ഓയിൽ വാങ്ങാൻ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. മുൻപോട്ടും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനായാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എന്നാണ് സൂപ്പർമാർക്കറ്റുകൾ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി ഭക്ഷണസാധനങ്ങൾക്ക് യുദ്ധം മൂലം വിലയും വർദ്ധിച്ചിട്ടുണ്ട്. ജനങ്ങളെല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂറിക് : മഡലിൻ മെക്കയിൻ തിരോധാനത്തിൽ ക്രിസ്റ്റ്യൻ ബ്രൂക്ക്നർ തന്നെ പ്രതിയെന്ന് സംശയിക്കുന്നതായി പോർച്ചുഗീസ് പ്രോസിക്യൂട്ടർമാർ. ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. തന്റെ പേരിലുണ്ടായ ആരോപണം ക്രിസ്റ്റ്യൻ നിഷേധിച്ചു. മൂന്ന് വയസ്സുള്ള മഡലിൻ മെക്കയിൻ എന്ന ബ്രിട്ടീഷ് പെൺകുട്ടി,15 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ അപ്രത്യക്ഷയായ സംഭവത്തിന്റെ സുപ്രധാനമായ ഘട്ടത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ എത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, മഡലിനെ ജീവനോടെയോ, അല്ലാതെയോ കണ്ടെത്തിയിട്ടില്ലെങ്കിലും ജർമ്മൻകാരനായ ക്രിസ്റ്റ്യൻ ബ്രൂക്ക്നറാണ് മഡലിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പ്രോസിക്യുട്ടർ നൽകുന്ന വ്യക്തമായ സൂചന. നിലവിൽ ലൈംഗികാതിക്രമ കേസിൽ ജർമ്മനിയിൽ ശിക്ഷിക്കപ്പെട്ട്, അവിടെ ജയിലിൽ ആണ് ഇയാൾ.

2007 മേയ് മൂന്നിന് പോർച്ചുഗലിലെ ടൂറിസ്റ്റ് കേന്ദ്രമായ പ്രായിയ ഡാലുസിലെ ഹോട്ടൽ മുറിയിൽ നിന്നാണ് മഡലിൻ മെക്കയിനെ കാണാതാവുന്നത്. മാതാപിതാക്കളായ ജെറി മെക്കയിനും, കേറ്റ് മെക്കയിനും രണ്ട് സഹോദരങ്ങൾക്കും ഒപ്പമായിരുന്നു മാഡിയെന്ന് വിളിപ്പേരുള്ള മൂന്നു വയസ്സുകാരി. മൂന്ന് മക്കളെയും ഹോട്ടൽ മുറിയിൽ ഉറക്കിയതിന് ശേഷം അന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം റസ്റ്റന്റിൽ അത്താഴം കഴിക്കാൻ പുറത്തു പോയതായിരുന്നു മെക്കയിൽ ദമ്പതികൾ. 10 മണിയോടെ തിരിച്ചു വന്നപ്പോൾ മാഡിയുടെ ഇളയ ഇരട്ട സഹോദരങ്ങൾ ഉറക്കത്തിൽ. മാഡിയെ കാണാനില്ല. ആകെ പൊലീസിന് കിട്ടിയ സൂചന- ഒരു കുട്ടിയുമായി ഒരാൾ രാത്രിയിൽ പോകുന്നത് കണ്ടു എന്ന മൊഴി മാത്രം.

ബ്രിട്ടീഷ് മാധ്യമങ്ങൾ മാഡിയുടെ തിരോധാനം കാര്യമായി ഏറ്റെടുത്തു. പോർച്ചുഗൽ പൊലീസ് അന്വേഷണത്തിൽ ജാഗ്രത കാട്ടി. പലരെയും കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. ബ്രിട്ടീഷ് പെൺകുട്ടിയുടെ തിരോധനത്തിൽ സ്കോട്ലൻഡ് യാർഡും ഊർജിതമായി ഇറങ്ങി. ആണും, പെണ്ണുമായ ഇരട്ടക്കുട്ടികളെ കിട്ടിയതോടെ മാഡിയെ സ്വന്തം മാതാപിതാക്കൾ തന്നെ ഇല്ലാതാക്കിയെന്ന് വരെ സംശയമുന നീണ്ടു. ബ്രിട്ടീഷ് സർക്കാർ ഇതേവരെ 13.5 ലക്ഷത്തലധികം പൗണ്ടാണ് ഈ കേസിനായി മുടക്കിയത്. എല്ലാ ഏജൻസികളും മാഡി ജീവിച്ചിരിപ്പില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും, തിരോധനത്തിന് മാത്രം തെളിവുകൾ ഉണ്ടായില്ല.

മാഡിയെ കാണാതായ ദിവസം സ്ഥലത്തു ക്രിസ്റ്റ്യന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതോടെ അന്വേഷണം അവിടേക്ക് നീങ്ങി. 15 വയസ്സ് മുതൽ പൊലീസ് റെക്കോർഡിൽ കയറിയ ആളാണ് ക്രിസ്റ്റിയാൻ. മാതാപിതാക്കൾ പുറത്തു പോയ സമയത്തു അപ്പാർട്ട്മെന്റിൽ മോഷണത്തിന് കയറിയ ക്രിസ്റ്റിയാൻ മാഡിയുമായി കടന്നുവെന്നാണ് അന്വേഷകർ കരുതുന്നത്. ഒട്ടേറെ തവണ ബാലപീഡനത്തിന് ഇദ്ദേഹം പിടിക്കപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബറിൽ ഇറ്റലിയിലെ മിലാനിൽ വെച്ചാണ് ക്രിസ്റ്റിയാൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2005 സെപ്റ്റംബറിൽ പോർച്ചുഗലിൽ വെച്ച് 72 വയസ്സുള്ള അമേരിക്കൻ ടൂറിസ്റ്റിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇതിന്റെ ശിക്ഷ ഇപ്പോഴും അനുഭവിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ചർച്ചകൾക്കും വഴി തുറന്നു. ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചിരിക്കുകയാണ് അധികൃതർ. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. അതിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്. സബർമതി ആശ്രമത്തിനു സമീപത്തെ ചേരികളാണ് തുണികെട്ടി മറച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

മാധ്യമപ്രവർത്തകനായ ഡി.പി.ഭട്ട ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇതുപോലെ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അത്.

ദ്വിദിന സന്ദർശനത്തിനെത്തിയ ജോൺസൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറും ചർച്ചാവിഷയമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മോഷണം നടത്തുന്നതിനായി കാറിൽ കയറിയ മോഷ്ടാവ് അതിൽതന്നെ ആറ് മണിക്കൂറോളം ഉറങ്ങിയെന്ന പുതിയ വാർത്തയാണ് ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്നത്. രാവിലെ കാറിൽ മോഷ്ടാവിനെ കണ്ടെത്തിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് മോഷ്ടാവ് ഉണർന്നത്. സോയി റീഡ്, ഭർത്താവ് സൈമൺ, മക്കളായ ഡാൻ, കാർട്ടർ എന്നിവരുടെ കാറിലാണ് മോഷണത്തിനെത്തിയാൾ ഉറങ്ങിപ്പോയത്. സോയിയുടെ 12 വയസ്സുകാരനായ മകനാണ് രാവിലെ മോഷ്ടാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. പരിസരപ്രദേശങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ നേരത്തെയും കണ്ടിട്ടുള്ളതായി പരിസരവാസികൾ വ്യക്തമാക്കി. നാല്പത്തിരണ്ടു കാരനായ ഗ്രഹാം മീർ എന്ന വ്യക്തിയാണ് മോഷ്ടാവ് എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കാറിനുള്ളിൽ കയറി പണവും, ഹെഡ് ഫോണുകളും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയ ശേഷം രക്ഷപെടാതെ കാറിനുള്ളിൽ തന്നെയിരുന്നു മോഷ്ടാവ് ഉറങ്ങുകയായിരുന്നു എന്നാണ് പോലീസ് നടത്തിയ വിശദീകരണം.

തങ്ങൾക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. പരിസരവാസികൾ ഇത്തരത്തിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കാർ മോഷ്ടാവിനെ സംബന്ധിച്ച് വാട്സാപ്പിൽ വിവരങ്ങൾ രാത്രിയിൽ കൈമാറിയിരുന്നുവെങ്കിലും, കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ഉറക്കം ആയിരുന്നതിനാൽ ഇത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. പോലീസ് എത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മനുഷ്യന്റെ അടിമവേലയിലൂടെ നിർമ്മിക്കപ്പെടുന്ന എല്ലാവിധ ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിൽ നിന്ന് എൻ എച്ച് എസിനെ വിലക്കുവാൻ പുതിയ നിയമം കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെന്റ്. ഇതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ വിലവരുന്ന മെഷീനുകളും മറ്റും വാങ്ങുവാൻ എൻഎച്ച് എസിനു സാധിക്കുകയില്ല. ചൈനയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നിർബന്ധിത അടിമവേല നടക്കുന്നുണ്ടെന്നുള്ളതിന്റെ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളതാണ്. ആധുനിക കാലത്ത് നടക്കുന്ന അടിമത്തം പൂർണമായും നീക്കം ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത് എന്നാണ് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചത്. ഈ തീരുമാനം അടുത്തയാഴ്ച വോട്ടെടുപ്പിലൂടെ എംപിമാർ പാസാക്കും എന്നാണ് വ്യക്തമാകുന്നത്. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പുതിയ നിയമം വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലുള്ള ഹെൽത്ത് ആൻഡ് സോഷ്യൽ ബില്ലിന്റെ ഭേദഗതി ആയിട്ടാകും പുതിയ നിയമം അവതരിപ്പിക്കുക.

ഇതോടെ എൻഎച്ച്എസിൽ മനുഷ്യന്റെ നിർബന്ധിത അടിമവേലയിലൂടെ നിർമ്മിക്കപ്പെട്ട യാതൊരുവിധ ഉപകരണങ്ങളും ഉപയോഗിക്കുകയില്ല എന്ന തീരുമാനം ആണ് കൈക്കൊണ്ടിരിക്കുന്നത്. കോവിഡ് സമയത്ത് ബ്രിട്ടൻ നിരവധി ബില്യൺ പൗണ്ടിന്റെ ആരോഗ്യ ഉപകരണങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും അടിമവേല യിലൂടെ നിർമിക്കപ്പെതാണെന്ന ആരോപണത്തെ തുടർന്നാണ് പുതിയ നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ഫെബ്രുവരിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോവിഡ് കാലത്ത് ചൈനയിൽ നിന്ന് 5.8 ബില്യൺ പൗണ്ടിന്റെ ലാറ്ററൽ ഫ്ലോ ടെസ്റ്റ്‌ കിറ്റുകൾ മാത്രം വാങ്ങിയതായി വിശദീകരിച്ചിരുന്നു. വെസ്റ്റേൺ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ നിർബന്ധിത അടിമവേല നടക്കുന്നുണ്ടെന്ന് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗവൺമെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നിരവധിപേർ തങ്ങളുടെ മറുപടികളിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഗുജറാത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവണര്‍ ആചാര്യ ദേവറത്തും അഹമ്മാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോറിസ് ജോണ്‍സണെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തുമായി ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗുജറാത്തിലെ ഹലോലിൽ പുതുതായി ഉദ്ഘാടനം ചെയ്ത ജെ സി ബി പ്ലാന്റ് സന്ദർശിച്ചു. പുതിയ ഫാക്ടറിയിലെ ജെസിബിയിൽ കയറിയ ജോൺസൺ മാധ്യമങ്ങൾക്ക് നേരെ കൈ വീശി.

“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എത്തിയതിൽ അതിശയം തോന്നുന്നു. ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിശാലമായ സാധ്യതകൾ ഞാൻ കാണുന്നു. ഞങ്ങളുടെ പവർഹൗസ് പങ്കാളിത്തം തൊഴിലുകളും വളർച്ചയും അവസരങ്ങളും നൽകുന്നു. വരും ദിവസങ്ങളിൽ ഈ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.” ഇന്ത്യയിൽ എത്തിയ ഉടൻ ജോൺസൺ ട്വീറ്റ് ചെയ്തു. വ്യാപാരികളുമായുള്ള ചർച്ചയുടെ ഭാഗമായി അദ്ദേഹം ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. അക്ഷർധാം ക്ഷേത്രവും സബർമതി ആശ്രമവും സന്ദർശിച്ചു. ഒപ്പം ബ്രിട്ടനിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലെ പരിപാടിയിലും ജോൺസൻ പങ്കെടുത്തു.

സബർമതി ആശ്രമം സന്ദർശിച്ച ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിച്ചു. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു. ഇന്ന് ഡല്‍ഹിയിലെത്തുന്ന ബോറിസ് ജോണ്‍സണ്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധ മേഖലകളില്‍ ഊന്നിയായിരിക്കും ചർച്ചകൾ നടക്കുക. ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറും ഇന്ത്യ പസഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിച്ച് നീങ്ങുന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തുമെന്നാണ് സൂചന.

അതേസമയം, ബോറിസ് ജോൺസൻ പോകുന്ന വഴിയിലെ ചേരികളുടെ കാഴ്ചകൾ ഇത്തവണയും തുണി കെട്ടി മറച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഭയാര്‍ത്ഥി അപേക്ഷകരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയ് ക്കെതിരെ പ്രസ്താവന നടത്തിയ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിനെ വിമർശിച്ച ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി. എന്നാൽ താൻ മാപ്പ് പറയില്ലെന്ന് ജോൺസൻ വ്യക്തമാക്കി. ആർച്ച് ബിഷപ്പിനെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയും അപകീർത്തിപ്പെടുത്തിയതിന് മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന ചോദ്യമാണ് ലേബർ പാർട്ടി ഉന്നയിച്ചത്. എന്നാൽ ഇത് ചാനൽ കടക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള പദ്ധതിയാണെന്ന് ജോൺസൻ പറഞ്ഞു.

സര്‍ക്കാര്‍ നയത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിബിസിയും, ചില പുരോഹിതന്മാരും സർക്കാരിന്റെ പദ്ധതിയെ തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് ജോൺസൻ വ്യക്തമാക്കി. പുടിനെതിരെ സംസാരിക്കാൻ ആർച്ച് ബിഷപ്പ് തയ്യാറായില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

റുവാണ്ട പദ്ധതി ദൈവഹിതത്തിന് എതിരാണെന്നായിരുന്നു ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞത്. അഭയാര്‍ത്ഥികളെ മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്ന നടപടി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മാഞ്ചസ്റ്ററിലെ ആൻകോട് സിൽ നടന്ന കത്തിക്കുത്തിൽ ഒരാൾ മരണപ്പെട്ടതായും ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലെത്തിച്ചതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. 20 വയസ്സുകാരനായ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായി പോലീസ് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നതെന്നാണ് ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സംഭവത്തെക്കുറിച്ച് വ്യക്തത ഇല്ലെന്നും ഡിറ്റക്ടർ ചീഫ് ഇൻസ്പെക്ടർ വെസ് നെറ്റ്സ് വ്യക്തമാക്കി. സംഭവത്തെ സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ അറിയുന്നവർ ഉടൻതന്നെ പോലീസ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നയാൾക്ക് കാലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്. മരണപ്പെട്ട ആളുടെ കുടുംബാംഗങ്ങളോടുള്ള എല്ലാവിധ ദുഃഖവും അറിയിക്കുന്നതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ വ്യക്തമാക്കി. മാഞ്ചസ്റ്ററിൽ നടന്ന സംഭവം അവിടെ താമസിക്കുന്ന ജനങ്ങളെ ആകെ നടുക്കത്തിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം ഉണ്ടാകുമെന്നും ഉടൻതന്നെ വിവരങ്ങൾ പുറത്തുവിടുമെന്നും പോലീസ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറ്റിയാറാം പിറന്നാൾ ആഘോഷങ്ങൾ നോർഫോക്കിലെ സാന്ദ്രിൻഹാം എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടുമെന്നുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം രാജ്ഞി പദത്തിലിരുന്ന എലിസബത്ത് രാജ്ഞി ഇന്ന് നോർഫോക്കിലെ എസ്റ്റേറ്റിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചേരും. തുടർന്ന് മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും രാജ്ഞിയോടൊപ്പം ചേരുമെന്നാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നോർഫോക്കിൽ ഫിലിപ്പ് രാജകുമാരന് ഏറ്റവും താൽപര്യമുണ്ടായിരുന്ന ഒരു കോട്ടേജിൽ രാജ്ഞി താമസിക്കുകയും ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് രാജ്ഞിയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്. രണ്ടു കുതിരകളോടൊപ്പം നടുവിൽ നിൽക്കുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രമാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. വിൻഡ്സർ കാസ്റ്റിലിൽ വെച്ചെടുത്ത ഈ ചിത്രം രാജ്ഞിയുടെ എക്കാലവുമുള്ള കുതിരകളോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ്.

നിരവധി പ്രമുഖർ രാജ്ഞിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ എന്നിവരെല്ലാം തന്നെ ആശംസകൾ അറിയിച്ചു കഴിഞ്ഞു. അടുത്തിടെ രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ വർഷം രാജ്ഞി പങ്കെടുത്ത ഏക പൊതുപരിപാടി ഫിലിപ്പ് രാജകുമാരന്റെ താങ്ക്സ് ഗിവിങ് സർവീസിൽ ആയിരുന്നു. തൊണ്ണൂറ്റി ആറാം പിറന്നാൾ ആഘോഷിക്കുന്ന രാജ്ഞി ഈ വർഷം തന്നെ തന്റെ പദവിയിലെത്തിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved