Main News

ജോജി തോമസ്

നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.

ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കൊറോണ വൈറസ് ബാധിതനായ ക്യാപ്റ്റൻ സർ ടോം മൂറിനെ ബെഡ്ഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്നാണ് മൂറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം മൂറിന്റെ മകളാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വീട്ടിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും ഇപ്പോൾ ശ്വസനത്തിന് അധിക സഹായം ആവശ്യമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എങ്കിലും രോഗബാധിതനായ മൂറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടില്ല.

കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസിനായി 1,000 ഡോളർ സമാഹരിക്കാനാണ് യോർക്ക്ഷെയറിലെ കീഗ്ലിയിൽ നിന്നുള്ള 99 കാരൻ ആദ്യം ഉദ്ദേശിച്ചിറങ്ങിത്തിരിച്ചത്. എന്നാൽ തന്റെ ഉദ്യമം പൂർത്തിയാക്കിയപ്പോൾ എൻഎച്ച്എസിനായി സമാഹരിച്ചത് 17 മില്യൺ പൗണ്ട് ആണ്. കോവിഡ് -19 കാലഘട്ടത്തിൽ എൻഎച്ച്എസിനായി പണം സ്വരൂപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിദൂരത്തുള്ള ആളുകളെ വരെ ഏറെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ കേണൽ പദവി നൽകുകയും ചെയ്തിരുന്നു. ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി.

അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോമുകൾക്കും കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു. കെയർ ഹോമിൽ കഴിയുന്നവർക്ക് അധികം വൈകാതെ തന്നെ വാക്സീൻ ലഭിക്കും. 90 ലക്ഷം ആളുകൾക്ക് ഇതിനകം വാക്സിൻ ആദ്യ ഡോസ് ലഭിച്ചു. 490,000 പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി വാക്സീനാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഓരോ രണ്ടു മിനിറ്റിലും പുതിയ കൊറോണ വൈറസ് രോഗികൾ എത്തുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യ മേഖലയിലെ മുൻനിര പ്രവർത്തകർ. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് ചുരുങ്ങിയത് ഏഴ് ആംബുലൻസുകൾ എങ്കിലും രോഗികളുമായി ആശുപത്രിയിൽ എത്തും. ആശുപത്രിയിലെ ഡൊമസ്റ്റിക് ക്ലീനർ ലാരിസ അറ്റനസോവ സഹപ്രവർത്തകരുടെ ഭാഷയിൽ ‘ പയറുമണി പോലെ’ ഓടി നടന്ന് ജോലി ചെയ്തു കൊണ്ടിരുന്നതാണ്. ഇത്തവണ അവർ ഒച്ചിനെ പോലെ ഇഴയുന്നത് പോലെ തോന്നി. ശരിയാണ് ഓരോ രണ്ടു മിനിറ്റിലും പുതിയ രോഗി വരും, അവർക്കുവേണ്ടി ഒരു മുറിയിലെ കട്ടിൽ, ഫ്രെയിമുകൾ, പ്രതലങ്ങൾ, തറ, ബാത്റൂം എല്ലാം തുടച്ചു വൃത്തിയാക്കണം. ഒരു ക്ലോക്ക് കറങ്ങുന്നതുപോലെ നിലക്കാതെ പണിയെടുത്തു കൊണ്ടേയിരിക്കണം.

52 കാരനായ രോഗി, കാഴ്ചയിൽ ആരോഗ്യ ദൃഢഗാത്രനാണ്. “താൻ അങ്ങേയറ്റം ക്ഷീണിതനാണ്. കണ്ണു തുറക്കാൻ പോലും ആവുന്നില്ല. എപ്പോഴും ഉറങ്ങാൻ തോന്നും. ” എപ്പോഴാണ് ഇനി പഴയതുപോലെ എന്നറിയില്ല, അദ്ദേഹം വിതുമ്പുന്നു.

63 വയസ്സുള്ള മറ്റൊരു രോഗി ശ്വസന സഹായികളുടെ സഹായം കൊണ്ടു മാത്രം ജീവിക്കുന്നു. തൊണ്ടയിലൂടെയും മറ്റും കുത്തിയിറക്കിയ ട്യൂബുകൾ അനങ്ങിയാൽ വേദന ഉണ്ടാക്കുന്നവയാണ്. നിശ്ചലമായി കിടന്നു ജീവൻ പിടിച്ചു നിർത്തുക മാത്രമാണ് ഇപ്പോൾ ഏക പോംവഴി. അദ്ദേഹത്തിൻെറ 40 വയസ്സുകാരനായ മകൻ മുകൾനിലയിൽ വെന്റിലേറ്ററിൽ ഉണ്ട്. കുടുംബത്തിലെ മറ്റ് പലരും ചികിത്സ നേടി മടങ്ങിയിരിക്കുന്നു. കോവിഡ് ഇങ്ങനെയാണ് കുടുംബങ്ങളെ പിച്ചിച്ചീന്തുന്നത്. അവരെ ചികിത്സിക്കുന്ന രണ്ട് നഴ്സുമാരും രോഗം ഭേദമായി എത്തിയതേയുള്ളൂ.

നേഴ്സ് മക്കാർത്തി പറയുന്നു, ഞങ്ങൾ അങ്ങേയറ്റം ക്ഷീണിതരാണ്. എപ്പോഴാണ് തളർന്നു വീഴുന്നത് എന്ന് പറയാനാവില്ല. പക്ഷേ കോവിഡ് ആദ്യ ആക്രമണത്തിൽ മരിച്ചുവീണത് വയോധികരായിരുന്നു. അന്ന് എന്റെ അമ്മയ്ക്കോ ആന്റിക്കോ രോഗം വരുമോ എന്നായിരുന്നു ഭയം. എന്നാൽ ഇന്നോ, മുപ്പതും നാൽപ്പതും വയസ്സുള്ളവർ ചുറ്റും മരണം കാത്തു കിടക്കുമ്പോൾ, അടുത്തത് ഞാൻ ആണോ എന്റെ സഹോദരൻ ആണോ, എന്റെ പങ്കാളി ആണോ രോഗഗ്രസ്തരാവുക എന്ന ചിന്തയാണ് സമാധാനം കളയുന്നത്. കാര്യങ്ങൾ അത്രമാത്രം കൈവിട്ടുപോയി കഴിഞ്ഞു.

നിങ്ങൾ സൂക്ഷിക്കണം. രോഗം വന്നു പൊയ്ക്കോളും എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ആരോഗ്യത്തിന്റെ നല്ലൊരുഭാഗം എന്നെന്നേക്കുമായി കവർന്നെടുത്തു കൊണ്ടാവും കോവിഡ് പോവുക. ഒരുപക്ഷേ നിങ്ങളുടെ ജീവനും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് കോളനിയായിരുന്ന മ്യാൻമാറിൽ പട്ടാള അട്ടിമറി നീക്കം നടന്നതായി ഉള്ള വാർത്ത പരക്കെ ആശങ്ക ഉണർത്തി. നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവ് ആംഗ് സാൻ സൂകിയെ അറസ്റ്റ് ചെയ്തതായി പാർട്ടി വക്താവ് പറഞ്ഞു. സൈന്യം ഭരണം കഴിക്കാൻ ശ്രമിക്കുന്നു എന്ന സൂചനകൾ നിലനിൽക്കെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ പാർട്ടി സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകൾ നേടിയിരുന്നെങ്കിലും വ്യാജ വോട്ടുകൾ ചെയ്യപ്പെട്ടതായി പട്ടാളം ആരോപിച്ചിരുന്നു.

ബർമ എന്ന് അറിയപ്പെടുന്ന മ്യാൻമാർ 2011 വരെ പട്ടാള ഭരണത്തിൻെറ കീഴിലായിരുന്നു . മ്യാൻമാറിൻെറ സ്വാതന്ത്ര നായകൻ ജനറൽ മിൻ ആംഗ് ഹ്ലേയിംഗിൻെറ മകളായ സൂകി വർഷങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. 1948 -ൽ മ്യാൻമാർ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പാണ് ജനറൽ കൊല്ലപ്പെട്ടത്. 1991 -ൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോങ്കോങിലെ പൗരൻമാർക്ക് യുകെയിലേക്ക് എത്തിച്ചേരാനുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് ബോറിസ് ഗവൺമെൻറ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്നുലക്ഷത്തോളം ഹോങ്കോങ് നിവാസികൾ യുകെ പൗരത്വം നേടുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നാഷണൽ പാസ് പോർട്ട് കൈവശമുള്ളവർക്കും അവരുടെ ബന്ധുക്കൾക്കുമാണ് ഈ വിസ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഈ പദ്ധതിയിലൂടെ ബ്രിട്ടീഷ് പൗരന്മാരായി മാറാനുള്ള സാധ്യതയാണ് ലഭ്യമാകുന്നത്. ഈ പദ്ധതിയിലൂടെ വിസ അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷത്തിന് ശേഷം ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കും. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങുമായുള്ള ബ്രിട്ടന്റെ സൗഹൃദത്തിന്റെയും അഗാധമായ ബന്ധത്തിന്റെയും ഫലമാണ് ഈ വിസ പദ്ധതിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഹോങ്കോങ് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിന് വേണ്ടിയും യുകെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ യുകെയുടെ ഈ നടപടി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നാണ് ചൈനയുടെ നിലപാട് . ചൈനീസ് വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് നാഷണൽ പാസ്പോർട്ടിനെ ഒരു യാത്ര രേഖയായി അംഗീകരിക്കില്ല എന്ന നിലപാടിലാണ്.

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്ക് ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണ് ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും. 1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് പ്രതിജ്ഞയെടുത്തതാണ് ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുകയാണ് രാജ്യം .ആദ്യഘട്ടത്തിൽ എം പി മാരിൽ നിന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും സമൂഹത്തിൻറെ വിവിധ കോണുകളിൽനിന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വളരെ നിശിതമായ വിമർശനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടേണ്ടിവന്നത് . എന്നാൽ രാജ്യത്ത് രോഗവ്യാപന തീവ്രത കുറഞ്ഞത് ഗവൺമെൻറ് ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.

 

ഇതിനിടെ ഈ വർഷം അവസാനം വരെ സാമൂഹ്യ അകലം പാലിക്കുന്നത് തുടരേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി . വാർവിക് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനപ്രകാരം പ്രതിരോധകുത്തിവെയ്പ്പ് കുറഞ്ഞാൽ മരണനിരക്ക് ഗണ്യമായി കൂടാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളഞ്ഞാൽ കോവിഡ് മരണങ്ങൾ തടയുന്നതിൽ പ്രതിരോധകുത്തിവെയ്പ്പുകൾ 85% ഫലപ്രദമാണെന്ന് ഡൗണിങ് സ്ട്രീറ്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.  പ്രതിരോധ കുത്തിവെയ്പ്പുകൾ എത്രമാത്രം ഫലപ്രദമായി നൽകപ്പെട്ടാലും മെയ് മാസം വരെ ലോക്ക്ഡൗൺ തുടരേണ്ടതായി വരുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

യുകെയിൽ വാക്സിനേഷൻ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയതന്ത്രപരമായ നീക്കത്തിലൂടെ രാജ്യത്തിന് വേണ്ട വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തിയിരുന്നു. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ക്ഷണം ലഭിച്ച പലരും എത്തിച്ചേരുന്നില്ല എന്ന പരാതി ആരോഗ്യപ്രവർത്തകർക്കുണ്ട്. പലരും വരാതിരുന്നതിനാൽ അപ്രതീക്ഷിതമായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ അവസരം ലഭിച്ച അനുഭവം പല യുകെ മലയാളികളും മലയാളം യുകെയോടെ പങ്കുവെച്ചു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിലേക്ക് കോവിഡ് വാക്സിൻ എത്തുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇടപെടലിൽ ഉപേക്ഷിക്കപ്പെട്ടു. ബെൽജിയത്തിലെ ഒരു ഫാക്ടറിയിൽ നിന്നും 3.5 മില്യൺ ഡോസ് ഫൈസർ വാക്സിൻ ബ്രിട്ടനിലേക്ക് എത്തുന്നത് തടയാനാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുളാ വോൺ ഡേർ ലേയിൻ ശ്രമിച്ചത്. ഇതോടൊപ്പംതന്നെ നോർത്ത് അയർലൻഡിന്റെ ബോർഡറിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവും ബോറിസ് ജോൺസന്റെ ഇടപെടലിൽ അവർ ഉപേക്ഷിച്ചു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമായി വിവാദ തീരുമാനത്തെ സംബന്ധിച്ച് ഫോൺ സംഭാഷണങ്ങൾ നടത്തി. വാക്‌സിൻ തടയുന്നത് ബ്രിട്ടണിലെ നിരവധി ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഉർസുളാ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് മാറിയത്. തങ്ങൾക്ക് ഒരു തെറ്റ് പറ്റിയതായി യൂറോപ്യൻ യൂണിയൻ തിരിച്ചറിഞ്ഞെന്നും, ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നെന്നും ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് മാധ്യമങ്ങളോട് പറഞ്ഞു.


യൂറോപ്യൻ യൂണിയന്റെ നീക്കം തികച്ചും തെറ്റായിരുന്നുവെന്ന് നോർത്തേൺ അയർലൻഡ് പ്രഥമ മന്ത്രി അർലിൻ ഫോസ്റ്റർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇടപെടൽ മികച്ചതായിരുന്നു എന്നും, ഇത് ഗവൺമെന്റിന്റെ വിജയ നിമിഷം ആണെന്നും ടോറി എംപിമാർ അവകാശപ്പെട്ടു. യുകെയിൽ മൊത്തം ജനസംഖ്യയിലെ 12 ശതമാനത്തോളം ആളുകൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മൊത്തമായി, 2.5 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ ഇതുവരെ ലഭിച്ചത്.


വെള്ളിയാഴ്ച വൈകിട്ടാണ് ഈ വിവാദങ്ങൾ എല്ലാംതന്നെ ആരംഭിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവി നമ്മളാണ് തീരുമാനിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇത്തരമൊരു നീക്കം, യൂറോപ്യൻ യൂണിയൻ പ്രസിഡന്റായുള്ള ഉർസുളയുടെ സ്ഥാനത്തിനേറ്റ തിരിച്ചടിയാണ്. നിരവധി ആളുകൾ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡോ. ഐഷ വി

കൂട്ടുകാരാരോ കാണിച്ചു തന്നത് പ്രകാരം നഞ്ചും പത്തലിന്റെ ( ജെട്രോഫിയ) കറയിൽ നിന്നാണ് ഞങ്ങൾ കുട്ടികൾ കുമിളകൾ ഉണ്ടാക്കാൻ തുടങ്ങിയത്. കുമിളകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുമ്പോൾ വർണ്ണരാജി വിരിയും. മഴക്കാലമല്ലെങ്കിലും കുഞ്ഞു മഴവില്ലുകൾ ഞങ്ങൾ ആസ്വദിക്കും. എങ്ങനെയാണ് കുമിളകൾ ഉണ്ടാക്കുകയെന്നല്ലേ ? കുരുമുളകിന് താങ്ങ് കാലായി നട്ടിരുന്ന പത്തൽ ചിരവത്തോട്ടത്തും ചിറക്കര ത്താഴത്തും ധാരാളമുണ്ടായിരുന്നു. ഇതിന്റെ കായ വിഷമുള്ളതാണ്. ഇതിന്റെ വിത്താട്ടിയെടുക്കുന്ന എണ്ണ റെയിൽവേ എഞ്ചിൻ ഓയിലായി ഉപയോഗിക്കാറുണ്ട്.
ഞങ്ങൾ ഈ പത്തലിന്റെ അഗ്രമുകളങ്ങൾ നുള്ളും. തുടർന്ന് മുറി ഭാഗത്തു കൂടി ഊറി വരുന്ന കറ ഒരു വട്ടയിലയിലോ മറ്റിലകളിലോ ശേഖരിക്കും. പിന്നെ പപ്പായത്തണ്ടോ സ്ട്രോയോ ഉപയോഗിച്ച് ഒരറ്റം കറയിൽ മുക്കി മറ്റേയറ്റം വായിൽ വച്ച് അല്പമൊന്ന് വലിക്കും. പിന്നെ തണ്ട് കറയിൽ നിന്നും ഉയർത്തി ഊതി വിടും. അയൽപക്കത്തെ കുട്ടികളും ഞങ്ങളും കൂടി ഈ പരിപാടി തുടങ്ങിയാൽ പിന്നെ കുമിളകളുടെ അയ്യര് കളി തന്നെ. ചിലപ്പോൾ അമ്മ തുണി അലക്കാനായി സർഫ് വെള്ളത്തിൽ കലക്കുമ്പോൾ ആ വെള്ളത്തിലാകും പപ്പായ ത്തണ്ടു കൊണ്ടുള്ള കുമിള പരിപാടി.

കുട്ടിക്കാലം മുതലേ എനിക്ക് എന്റേതായ ചില ഏകാന്ത നിമിഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതിർന്നവർ തിരക്കുള്ളവരും കുട്ടികൾ ധാരാളം സമയമുള്ളവരും ആയിരുന്നല്ലോ. അങ്ങനെയുള്ള നിമിഷങ്ങളിലാണ് ഞാൻ ആകാശ കുമിളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കുമിളകൾ നേരത്തേ പറഞ്ഞ കൃത്രിമ കുമിളകൾ അല്ല. നല്ല പ്രകാശമുള്ള അന്തരീക്ഷത്തിൽ വൃക്ഷങ്ങളുടേയും ചെടികളുടേയും പശ്ചാത്തലമില്ലാത്ത നമ്മുടെ കണ്ണിന് നേർക്ക് അടുത്തായി വരുന്ന സുതാര്യമായ അന്തരീക്ഷ ഭാഗത്ത് സൂക്ഷ്മമായി ശ്രദ്ധയോടെ നിരീക്ഷിച്ചാൽ വായുവിലെ തന്മാത്രകളും ആറ്റങ്ങളുമൊക്കെ നഗ്‌ന നേത്രങ്ങൾക്ക് ഗോചരമാകുമെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആറ്റങ്ങളെ കുറിച്ചോ തന്മാത്രകളെ കുറിച്ചോ പഠിക്കുന്നതിന് വളരെ മുമ്പ്. ഞാൻ അച്ഛനോട് ഇതേ പറ്റി ചോദിച്ചപ്പോൾ പൊടിപടലങ്ങൾ ആകുമെന്നായിരുന്നു അച്ഛന്റെ മറുപടി. വെറുo പൊടിപടലമല്ല അവ എന്നതായിരുന്നു എന്റെ നിഗമനം. കാരണം സാധാരണ പൊടിപടലങ്ങൾക്ക് നിയതമായ രൂപം കാണില്ലല്ലോ? ഞാൻ കണ്ടവയെല്ലാം ചെറിയവയിൽ തന്നെ വലുതും ചെറുതുമായ സുതാര്യമായ ഗോളാകൃതിയുള്ളവയായിരുന്നു. ഈ ഗോളങ്ങൾ നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ നേത്രങ്ങൾക്ക് ഇത് ഗോചരമായ ദിവസം മുതൽ ഏകാന്ത നിമിഷങ്ങൾ കണ്ടെത്തി ഇവയെ നിരീക്ഷിയ്ക്കുക എന്റെ വിനോദമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഫിസിക്സ് ക്ലാസ്സിൽ റാന്റം മൂവ്മെന്റ് ഉള്ള വാതക കണങ്ങളെ കുറിച്ചും അവയുടെ റൂട്ട് മീൻ സ്ക്വയർ വെലോസിറ്റിയെ കുറിച്ചും പഠിച്ചപ്പോൾ കുട്ടിക്കാലത്ത് ഞാൻ നഗ്നനേത്രം കൊണ്ട് നിരീക്ഷിച്ച കണങ്ങളെ കുറിച്ചും അവയുടെ വലുപ്പ ചെറുപ്പങ്ങളെ കുറിച്ചും ചലനത്തെ കുറിച്ചുമാണ് ഓർമ്മ വന്നത്.

മറ്റൊരു കാഴ്ച നമ്മൾ ആകാശത്തിൽ ഇത്തിരി ദൂരത്തേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ കാണുന്ന സൂക്ഷ്മ കണങ്ങളാണ്. ഇത് നേരത്തേ വിവരിച്ച കുമിളകളേക്കാൾ വ്യത്യസ്ഥമായവയാണ്. അവയും കാണണമെങ്കിൽ വൃക്ഷങ്ങളുടെ പശ്ചാത്തലമില്ലാത്ത സ്ഥലത്തേയ്ക്ക് നല്ല പ്രകാശത്തിൽ സൂക്ഷ്മതയോടെ നോക്കണം. ഈ കാഴ്ച എനിക്ക് ഗോചരമായത് മുതിർന്നതിന് ശേഷമാണ്. പ്രത്യേകിച്ച് കാർത്തിക പള്ളിയിൽ നിന്ന് ചിറക്കരയിലെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ. ഞാനാദ്യം വിചാരിച്ചത് ഈ കണങ്ങൾ അന്തരീക്ഷത്തിൽ ഉള്ളവയാണെന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല എന്ന് വേഗം മനസ്സിലായി. ബസ്സ് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഈ കാഴ്ച എന്റെ ഒപ്പം ഉണ്ടായിരുന്നു. കണങ്ങൾ പല ആകൃതിയിലുള്ളവയായിരുന്നു. ചലനമുണ്ടായിരുന്നു. എന്നാൽ ഞാൻ ഏത് ഭാഗത്തേയ്ക്ക് നോക്കുന്നുവോ ആ ഭാഗത്തേയ്ക്ക് ഈ കണങ്ങൾ നീങ്ങുന്നതായി എനിക്ക് തോന്നി. അങ്ങനെ ഈ കാഴ്ച പുറത്തല്ല അകത്താണ് എന്ന് മനസ്സിലായി. അങ്ങനെ ദിവസവും നിരീക്ഷിച്ചപ്പോൾ യാത്രയിൽ മറ്റെല്ലാ പുറംകാഴ്ചകളെയും പിന്നിലാക്കി മുന്നേറുമ്പോൾ എന്റെ കൂടെ വരുന്ന ഈ കുമിള കാഴ്ച എന്റെ കണ്ണിനുള്ളിലെ കണങ്ങളാണെന്ന് എനിക്ക് തോന്നിയത്. ഇന്റർനെറ്റും മറ്റുമുള്ള കാലമായതിനാൽ എനിക്ക് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞു. അപ്പോൾ നമ്മുടെ കണ്ണിനുള്ളിലെ രക്തകുഴലുകളുടേയും രക്താണുക്കളുടേയും നിഴലുകൾ റെറ്റിനയിൽ പതിയുമെന്നും ഇവ ഇത്തരം കാഴ്ചകളായി മാറാമെന്നും മനസ്സിലായി.

ഒത്തിരി ഉൾകാഴ്ചകളും പുറം കാഴ്ചകളും നമുക്ക് അനുഭവവേദ്യമാകാൻ ഇത്തിരി ഏകാന്തതയും നമുക്ക് ആവശ്യമാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തു തന്നെ ഒന്നാമതായി പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകി തുടങ്ങിയത് യുകെ ആയിരുന്നു. പരീക്ഷണങ്ങളിൽ ഫലപ്രാപ്തി തെളിയിച്ച വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടാൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അക്ഷീണ പരിശ്രമം ആണ് ഉണ്ടായത് . അതുകൊണ്ടുതന്നെ പലരാജ്യങ്ങളും വാക്സിൻ ദൗർലഭ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോഴും ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ രാജ്യത്തിനായി. ഫെബ്രുവരി പകുതിയോടെ മുൻഗണന ഗ്രൂപ്പിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുന്ന യുകെയുടെ കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം ഫലപ്രാപ്തി കാണുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിന്റെ ആദ്യ ഡോസ് തന്നെ 80 വയസിന് മുകളിലുള്ളവരെയും ചെറുപ്പക്കാരെയും സംരക്ഷിക്കാൻ സഹായകരമാണെന്ന് പ്രാഥമിക ഗവേഷണത്തിൽ വെളിപ്പെട്ടതായി വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു.

ഫൈസൽ ബയോടെക് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് നടത്തപ്പെട്ടത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിനു ശേഷം അടുത്ത ഡോസ് മറ്റൊരു നിർമ്മാതാവിന്റെ വാക്സിൻ സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ കൂടുതൽ തുടർ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ ഹാർഡൻ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved