Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനകിനുമേൽ പുതിയ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ മേൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമേ, ഇപ്പോൾ ചാൻസലർ യു എസ് ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായാണ് പുതിയ വിവാദം. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സുനക് രാജിവെക്കാനുള്ള സാധ്യതയും അടുത്തവൃത്തങ്ങൾ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം ഒക്ടോബർ മാസം വരെ യു എസ് ഗ്രീൻ കാർഡ് സുനകിനു സ്വന്തമായി ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ചു വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടാകണമെന്നും സുനകിന്റെ രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ സ്ഥിരതാമസവും, ടാക്സുകൾ അടയ്ക്കാനുള്ള താല്പര്യവുമുണ്ടെങ്കിൽ യു എസ് പൗരത്വം ഉറപ്പാക്കാൻ ഗ്രീൻ കാർഡ് സഹായകരമാകും. ബ്രിട്ടീഷ് ചാൻസലർ സുനകിനും ഭാര്യയ്ക്കും കാലിഫോർണിയയിലെ സാന്റ മോനിക്കയിൽ 5 മില്യൺ പൗണ്ട് വിലമതിക്കുന്ന ഫ്ലാറ്റ് സ്വന്തമായുണ്ട്. ട്രഷറി നൽകിയ വിശദീകരണത്തിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ കാർഡിന്റെ കാലാവധി അവസാനിപ്പിക്കുന്ന സമയം വരെ സുനക് അമേരിക്കയിൽ ടാക്സുകൾ നൽകിയതായി റിപ്പോർട്ടുണ്ട്.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് നിയമങ്ങൾ പ്രകാരം ഗ്രീൻ കാർഡ് ഉള്ളവർക്ക് മറ്റുള്ള രാജ്യങ്ങളിൽ ഗവൺമെന്റ് ജോലികൾ സ്വീകരിക്കാനോ, മറ്റുള്ള രാജ്യങ്ങളിലെ ഇലക്ഷനിൽ പങ്കെടുക്കാനോ അനുവാദമില്ല. സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് കഴിഞ്ഞദിവസങ്ങളിൽ വൻവിവാദമായിരുന്നു. ടാക്സ് വെട്ടിപ്പ് നടത്താനുള്ള മാർഗമായാണ് അക്ഷത മൂർത്തി ഇതിന് ഉപയോഗപ്പെടുത്തുന്നത് എന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ താൻ ഇനി മുതൽ യു കെ ടാക്സുകളും അടയ്ക്കാൻ സന്നദ്ധയാണെന്ന് അക്ഷത വെള്ളിയാഴ്ച നൽകിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സുനക് കൃത്യമായ വിവരങ്ങൾ നൽകുന്നില്ല എന്ന ആരോപണം എതിരാളികൾ ശക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൈവിൽ ചർച്ച നടത്തി. സന്ദർശനം യുക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യോഗത്തിന് ശേഷം യുക്രൈനിൽ പിന്തുണയ്ക്കാൻ യുകെ 120 കവചിത വാഹനങ്ങളും കപ്പൽ വിരുദ്ധ മിസൈൽ സംവിധാനങ്ങളും അയക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. റഷ്യയുമായുള്ള പോരാട്ടത്തിൽ യുകെ നൽകുന്ന പിന്തുണയെ മിസ്റ്റർ സെലെൻസ്‌കി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ കൈവിലേക്കുള്ള സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നില്ല. പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച യുടെ ഫോട്ടോ ലണ്ടനിലെ യുക്രൈനിയൻ എംബസി ട്വിറ്റ് ചെയ്തപ്പോഴാണ് അദ്ദേഹം നഗരത്തിൽ വന്ന വാർത്ത പുറത്തുവന്നത്. യുക്രൈനിയൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സെലൻസ്‌കിയെ നേരിട്ട് കാണാൻ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോയതായി പിന്നീട് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

മിസ്റ്റർ സെലെൻസ്‌കി യുകെയുടെ നിർണായകവും സുപ്രധാനവുമായ പിന്തുണയെ സ്വാഗതം ചെയ്യുന്നതായും മോസ്കോയിൽ സമ്മർദം ശക്തമാക്കാൻ മറ്റു പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. യുക്രൈൻ പ്രതിരോധ പിന്തുണ നൽകുന്ന രാജ്യങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് യുകെ ആണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, ഉക്രേനിയൻ പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ആൻഡ്രി സിബിഹ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെലും വെള്ളിയാഴ്ച പ്രസിഡന്റ് സെലെൻസ്‌കിയുമായി ചർച്ചകൾക്കായി യുക്രൈനിലെത്തിയിരുന്നു. എന്നാൽ സംഘർഷങ്ങൾക്കിടെ ചർച്ചകൾക്കായി യുക്രൈൻ തലസ്ഥാനത്തേക്ക് പോകുന്ന ജി7 രാജ്യങ്ങളിലെ ആദ്യത്തെ അംഗമാണ് ജോൺസൺ. പ്രദേശത്ത് നിന്ന് പാലായനം ചെയ്യാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ സ്റ്റേഷനിൽ മിസൈൽ ആക്രമണം നടത്തിയ റഷ്യൻ സേനയുടെ ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും സെലെൻസ്കി മുന്നോട്ടുവെച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫോർവേഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ആരാധകൻെറ ഫോൺ തകർക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മാപ്പപേക്ഷിച്ച് രംഗത്തെത്തി. എവർട്ടണിൽ തന്റെ ടീമിന്റെ 1-0 തോൽവിക്ക് ശേഷം പിച്ച് വിടുമ്പോൾ സംഭവം നടാന്നതായുള്ള കമന്റുകൾക്ക് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നത്. 37 കാരനായ റൊണാൾഡോ പിന്നീട് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയായിരുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന ചില വിഷമകരമായ നിമിഷങ്ങളിൽ വികാരങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല എന്ന് അദ്ദേഹം പറഞ്ഞു.

ഈ കളിയിലെ ഫലം യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത നേടാനുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയിരുന്നു. എന്നിരുന്നാലും തങ്ങൾ എല്ലായിപ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം എന്നും മനോഹരമായ ഈ കളിയെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാർക്കും മാതൃകയായിരിക്കണമെന്നും പോർച്ചുഗീസ് താരം കൂട്ടിച്ചേർത്തു. തൻെറ തെറ്റായ പ്രവർത്തിയോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും കഴിയുമെങ്കിൽ ഓൾഡ് ട്രാഫോർഡിൽ മത്സരം കാണുവാൻ ഈ ആരാധകനെ ക്ഷണിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ നാലാം തീയ്യതി തിങ്കളാഴ്ച നോർത്താംപ്ടൺ ആശുപത്രിയിൽ നമ്മളെ വിട്ട് പിരിഞ്ഞ വിനോദ് സെബാസ്റ്റ്യന്റെ മരണാനന്തര കർമ്മങ്ങളുടെ ക്രമീകരണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് നോർത്താംപ്ടൺ മലയാളിസമൂഹം.

മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് നോർത്താംപ്ടണിൽ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭൗതികശരീരം അവസാനമായി കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കുവാനും അവസരമൊരുക്കിയിരിക്കുന്നു. 13-ാം തീയ്യതി 11 മണി മുതൽ 1 മണി വരെ നോർത്താംപ്ടൺ സെന്റ് ഗ്രിഗറി കാത്തോലിക് ദേവാലായത്തിലാണ് മൃതശരീരം ദർശനത്തിനായ് ഒരുക്കിയിരിക്കുന്നത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നോർത്താംപ്ടൺ മിഷന്റെ ഇൻചാർജ് ആയ ഫാദർ എബിൻ ആണ് പള്ളിയിലെ മരണാന്തര ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.

കോഴിക്കോട് പുല്ലൂരംപാറ തയ്യിൽ മാമച്ചന്റേയും മേരിയുടെയും രണ്ടു മക്കളിൽ ഇളയവനായ വിനോദ് കഴിഞ്ഞ മാർച്ചിലാണ് ഇംഗ്ലണ്ടിൽ എത്തിയത്. മൂത്ത സഹോദരി നാട്ടിലാണ്. ഭാര്യ ബാംഗ്ലൂർ സ്വദേശിനിയായ എലിസബത്ത് രണ്ടു വർഷം മുമ്പ് കുവൈറ്റിൽ നിന്ന് എത്തി നോർത്താംപ്ടൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലിയിൽ പ്രവേശിച്ചത്.

എലിസബത്ത് – വിനോദ് ദമ്പതികൾക്ക് പത്തു വയസ്സായ ആൺകുട്ടിയും അഞ്ചും നാലും വയസ്സുമുള്ള രണ്ട് പെൺ കുഞ്ഞങ്ങളുമാണുള്ളത്. വിനോദിനോടൊപ്പമാണ് കുട്ടികൾ മൂന്ന് പേരും ഇംഗ്ലണ്ടിൽ എത്തിയത്. വിനോദ് നോർത്താംപ്ടണിൽ എത്തുന്നതിന് മുമ്പ് കുവൈറ്റിൽ ആംബുലൻസ് നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു നോർത്താംപ്ടൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്.

ബുധനാഴ്ച നടക്കുന്ന പൊതു ദർശനത്തിനു ശേഷം മൃതശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതും പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്. ഈസ്റ്റർ വാരമായതിനാൽ നാട്ടിൽ നടക്കുന്ന ചടങ്ങുകളുടെ വിവരം പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്.

Address:
St Gregory R C Church
22 Park Avenue North Northampton
NN3 2HS

More details please contact on

1. +44 7912 205864. Sunny
2. +44 7903 986970. Suresh
3 +44 7526 536707. Jomon
4. +44 7730 883823. Babu

കുടുംബത്തെ സഹായിക്കുവാനായി തുടങ്ങിവച്ച ചാരിറ്റി ഫണ്ടിംഗ് ഇതുവരെ £12750.00  സമാഹരിച്ചു. താല്പര്യമുള്ളവർ സഹായിക്കുക. ലിങ്ക് താഴെ കൊടുക്കുന്നു

https://www.justgiving.com/crowdfunding/vinod-sebastian-12?utm_term=eYqJqZJn9

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ആശുപത്രിയിൽ കഴിയുന്ന പ്രായമായ രോഗിക്ക് ഡിന്നറായി നൽകിയത് ചിക്കൻ നഗറ്റ്സും ചിപ്സും. ഗ്ലാസ്‌ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആണ് സംഭവം. ആരോഗ്യകരമല്ലാത്ത ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രോഗിക്ക് നൽകിയ ജങ്ക് ഫുഡിന്റെ ചിത്രം സഹിതമാണ് ബില്ലി ക്വീൻ ഓൺലൈനിൽ പോസ്റ്റ്‌ ചെയ്തത്.

തന്റെ സുഹൃത്തിന്റെ അമ്മയ്ക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഭക്ഷണമാണിതെന്ന് അദ്ദേഹം ഓൺലൈനിൽ കുറിച്ചു. ആശുപത്രി ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെ പറ്റി രാഷ്ട്രീയക്കാരിൽ നിന്നും പ്രതികരണം ആവശ്യപ്പെട്ടു. രോഗിയായിരിക്കുമ്പോൾ നല്ല ഭക്ഷണം അത്യാവശ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റിന് മറുപടിയായി നിരവധി പേർ അവരുടെ ആശങ്ക പങ്കുവെച്ചു.

അതേസമയം, കൂടുതൽ നേരം ജോലി ചെയ്യുന്ന ഡോക്ടർമാർ ഫാസ്റ്റ് ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. വൈകി ജോലി ചെയ്യുമ്പോൾ ഡെലിവറൂ, ജസ്‌റ്റ് ഈറ്റ്, യൂബർ ഈറ്റ്‌സ് പോലുള്ളവ ഉപയോഗിക്കേണ്ടി വരുമെന്ന് ഡോക്‌ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈന് 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ആയുധങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റെയിൽവേസ്റ്റേഷനിൽ അഭയാർഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. സ്റ്റാർസ്ട്രീക്ക് വിമാനവേധ മിസൈലുകളും 800 ടാങ്ക് വേധ മിസൈലുകളും ഉൾപ്പെടെ കൂടുതൽ സൈനിക ഉപകരണങ്ങൾ യുകെ അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കിഴക്കൻ യുക്രൈനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ മരിച്ചത് പിന്നാലെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കവേ ക്രാമാറ്റോർസ്ക് സ്റ്റേഷനിൽ നടന്ന ആക്രമണത്തിന് റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ജോൺസൺ മുന്നറിയിപ്പുനൽകി.

റഷ്യയുടെ അധിനിവേശത്തെ തടയാനായി യുകെ മാസ്റ്റിഫ് വാഹനങ്ങളും യുക്രൈന് നൽകുമെന്ന് പ്രതിരോധ സെക്രട്ടറിബെൻ വാലസ് പറഞ്ഞു. റോഡ് പെട്രോളിനും വാഹനവ്യൂഹങ്ങൾക്കും അനുയോജ്യമായ വാഹനമാണ് മാസ്റ്റിഫുകൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വാഹനങ്ങളിൽനിന്ന് സെൻസിറ്റീവ് ഉപകരണങ്ങൾ നീക്കം ചെയ്യുകയും ബ്രിട്ടീഷ് സൈന്യത്തെ അയൽ രാജ്യത്തിന്റെ പരിശീലനത്തെ സഹായിക്കാനായി വിടുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് മൂലം വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനായി സർക്കാരിന് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് എയര്‍വേയ്‌സും ഈസി ജെറ്റും സർവീസുകൾ റദ്ദാക്കിയിരുന്നു.

പുതിയ റിക്രൂട്ട്‌മെന്റുകൾക്കായുള്ള സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനും സർക്കാരിന് കഴിയുന്നില്ല. അടുത്ത രണ്ട് മാസത്തേക്ക് കൂടി ഈ പ്രതിസന്ധി തുടരുമെന്ന് മാഞ്ചസ്റ്റർ മേയർ പറഞ്ഞു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി മേയർ എയർപോർട്ട് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. സെക്യൂരിറ്റി ചെക്കിന് കാലതാമസം നേരിടുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.

സെക്യൂരിറ്റി ചെക്കിനായി 90 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടി വരുമെന്ന് എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനം നഷ്‌ടപ്പെടാതിരിക്കാനായി മൂന്ന് മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിൽ എത്തണമെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ചാർലി കോർണിഷ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. കാബിന്‍ ക്രൂവിന്റെ കാര്യത്തിലും വലിയ ക്ഷാമം നേരിടുന്നുണ്ട്. വാരാന്ത്യ യാത്രകളെ ഇത് സാരമായി ബാധിക്കുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ വിദേശ വരുമാനത്തിന് ഇനി യുകെയിൽ നികുതി നൽകും. അക്ഷത മൂർത്തിയുടെ നോൺ – ഡോമിസിലിയറി പദവിയെ തുടർന്നുള്ള വിവാദങ്ങൾക്ക് ഒടുവിലാണ് ഈ തീരുമാനം. അക്ഷത മൂർത്തിയുടെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൻെറ ഓഹരികളിൽ നിന്ന് 700 മില്യൺ പൗണ്ട് ഇവർക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരുമാനത്തിൽ നിന്ന് മാത്രം ഇവർക്ക് ലഭിച്ചത് 11.6 മില്യൺ പൗണ്ട് ആണ്. നോൺ – ഡോമിസിലിയറി പദവിയിൽ ഉള്ളവർക്ക് തന്റെ വിദേശ വരുമാനത്തിൻെറ നികുതി യുകെയിൽ അടയ് ക്കേണ്ടതില്ല. എന്നാൽ തന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും താൻ നികുതി അടയ്ക്കാം എന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഈ വിഷയത്തെ തുടർന്ന് ചാൻസലർക്കെതിരെ കാപട്യത്തിന് ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവ് ക്രമാതീതമായ വർധിക്കുന്ന സമയത്ത് ഋഷി സുനക് തൻെറ കുടുംബത്തിന് നേട്ടമുണ്ടാക്കുകയാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അക്ഷത മൂർത്തിയുടെ ഈ നീക്കം. തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ഉപയോഗിച്ച് അക്ഷതയ്ക്ക് പ്രതിവർഷം 2.1 ബില്യൺ പൗണ്ട് വരെ നികുതി ഒഴിവാക്കാമായിരുന്നു.


തൻെറ നികുതി ക്രമീകരണങ്ങൾ പൂർണമായി നിയമപരം ആയിരുന്നു എന്നും, ചാൻസിലർ എന്ന നിലയിൽ തൻെറ ഭർത്താവിനെ ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല എന്ന് ഇതിലൂടെ വ്യക്തമായെന്നും അവർ പറഞ്ഞു. ബ്രിട്ടീഷ് ന്യായബോധം താൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും തന്റെ നികുതി വിഷയം മൂലം ഭർത്താവിൻെറ ശ്രദ്ധ മാറാനോ തൻെറ കുടുംബത്തെ അത് ബാധിക്കാനോ താൻ ആഗ്രഹിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയ എതിരാളികൾ തന്നെ ആക്രമിക്കാനായി ഭാര്യയെ ഇരയാക്കിയെന്ന് എന്ന് ഋഷി സുനക് ആരോപിച്ചു. തന്റെ ഭാര്യ ഒരു ഇന്ത്യൻ പൗരയായതിനാലും തന്റെ മാതാപിതാക്കളെ പരിപാലിക്കാനായി ഭാവിയിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതിനാലുമാണ് നോൺ – ഡോമിസിലിയറി പദവി നിലനിർത്തുന്നതെന്നും അതിനാൽ അവ നൽകുന്ന എല്ലാ ആനുകുല്യങ്ങൾക്കും അവർ അർഹയാണെന്നും അദ്ദേഹം പറഞ്ഞു. നോൺ – ഡോമിസിലിയറി പദവിനിലനിർത്താനായി പ്രതിവർഷം അക്ഷത മൂർത്തി മുപ്പതിനായിരം പൗണ്ട് നൽകുന്ന വാർത്ത നേരത്തെ വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആയിരക്കണക്കിന് ഉക്രേനിയൻ അഭയാർത്ഥികളെ യുകെയിലേക്ക് കടക്കുന്നതിന് തടസമായ വിസാ കാലതാമസത്തിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ക്ഷമാപണം നടത്തി. വിസ അനുവദിച്ച ഉക്രേനിയക്കാരിൽ നാലിലൊന്ന് പേർ മാത്രമാണ് ഇതുവരെ യുകെയിലെത്തിയിട്ടുള്ളത് എന്ന് പട്ടേൽ പറഞ്ഞു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഹോം ഓഫീസ് കണക്കുകൾ പ്രകാരം യുദ്ധത്തിൽനിന്ന് പലായനം ചെയ്യുന്ന യുക്രേനിയക്കാരിൽ ഏകദേശം 41,000 പേർക്കാണ് സർക്കാർ വിസ അനുവദിച്ചിരിക്കുന്നത്. സർക്കാരിൻെറ ഭാഗത്തു നിന്ന് നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിലും ഉക്രേനിയൻ അഭയാർഥികൾക്ക് വിസ അനുവദിക്കുന്നതിന്റെ വേഗതയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

യുക്രേനിയൻ ഫാമിലി സ്കീം വഴി ആഴ്ചയിൽ ഏകദേശം 6000 വിസകൾ ആണ് ഇഷ്യു ചെയ്യുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏഴുദിവസ കാലയളവിൽ വെറും 4000 ആയി ഇത് കുറഞ്ഞിരുന്നു. ഹോംസ് ഫോർ യുക്രൈൻ പദ്ധതിയുടെ പ്രവർത്തനത്തിൻെറ ആദ്യ ആഴ്ചയിൽ 4,700 ആയിരുന്നത് കഴിഞ്ഞ ആഴ്ച ഏകദേശം 8000 ആയി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും യുകെയിലേക്ക് എത്തുന്ന അഭയാർഥികളുടെ എണ്ണം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ ആഴ്ച ആദ്യം മൂന്നുലക്ഷം ആൾക്കാരെ സ്വീകരിച്ചതായി ജർമൻ സർക്കാർ അറിയിച്ചിരുന്നു. അതേസമയം 20,000 അഭയാർത്ഥികൾ അയർലൻഡിൽ എത്തിയിട്ടുണ്ട്. മാർച്ചിൽ യൂറോപ്യൻ യൂണിയൻ യുക്രേനിയൻ അഭയാർത്ഥികൾക്ക് യൂറോപ്യൻ യൂണിയനിൽ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശങ്ങൾ അനുവദിച്ചിരുന്നു. കൂടാതെ ഒരു ഔപചാരിക കുടിയേറ്റ പ്രക്രിയയിലൂടെ കടന്നു പോകാതെ തന്നെ മൂന്നുവർഷംവരെ ആരോഗ്യസംരക്ഷണം, ഭവനം, വിദ്യാഭ്യാസം എന്നിവ ഉടനടി ലഭിക്കാൻ ഉള്ള അവകാശവും അവർക്ക് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈൻ – റഷ്യ യുദ്ധം പുതിയ വ്യത്യസ്തമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ഇപ്പോൾ റഷ്യയെ കേന്ദ്രീകരിച്ചുള്ള കൂടുതൽ ആക്രമണം ഉണ്ടെന്നും യുക്രൈയിന് പുതിയ ഉപകരണങ്ങൾ നൽകാൻ സമ്മതിച്ചതായും ട്രസ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും യുക്രൈനിന് എതിരായുള്ള യുദ്ധത്തിൽ പുടിൻ തോൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ സൈനിക സഹായം ലഭിച്ചില്ലെങ്കിൽ ഇനിയും ക്രൂരതകൾ തുടരുമെന്ന് യുക്രൈൻ നേരത്തെ അറിയിച്ചിരുന്നു. പുടിൻ തൻെറ തന്ത്രങ്ങൾക്ക് മാറ്റം വരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശത്തിനു യാതൊരു മാറ്റവും സംഭവിച്ചില്ലെന്നും യുക്രൈൻെറ മുഴുവൻ മേൽ ഒരു നിയന്ത്രണമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ബ്രസ്സൽസിൽ നടന്ന യോഗത്തിന് ശേഷം സംസാരിച്ച ട്രസ് പറഞ്ഞു. യുകെയിൽ നിന്നുള്ള ആയുധ വിതരണം വേഗത്തിലാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നാൽ ഇതിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത് എന്നതിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. യുക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിന് യുകെ 30 മില്യൺ പൗണ്ട് കൂടി പോളണ്ടിനെ അയക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതിനെ പിന്നാലെയാണ് ഈ വാഗ്‌ദാനം.

നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും സഖ്യകക്ഷികൾക്ക് സൈനിക ഉപകരണങ്ങൾ നൽകാൻ കൂടുതൽ സഹായം ചെയ്യാൻ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. കഴിയുന്നത്ര സഹായം വളരെ വേഗത്തിൽ തന്നെ ഉണ്ടാകണമെന്ന ആവശ്യം നാറ്റോ മീറ്റിംഗിൽ സംസാരിച്ച ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. അതേസമയം യുക്രെയിനിലേക്ക് ആയുധങ്ങൾ കടത്തുന്നത് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പുനൽകി. യുക്രൈൻ നാറ്റോയുടെ ഭാഗമല്ലെങ്കിലും അതിലെ അംഗങ്ങളിൽ നിന്ന് സൈനിക സഹായം സ്വീകരിക്കുന്നുണ്ട്. ഇതുവരെ യുകെ ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളാണ് സൈനിക സഹായം നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് 800 മില്യൺ പൗണ്ടും യുഎസിൽ നിന്നുള്ള 1.3 ബില്യൻ പൗണ്ടും ഇതിലുൾപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും വെടി മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും ടാങ്ക് വിരുദ്ധ മിസൈലുകളും യുക്രൈന് ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved