ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വീടുകളുടെ വിലയിൽ വൻ തകർച്ച നേരിടുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നു. 20% വരെ വില ഇടിയുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മേഖലയിലെ തകർച്ചയാണ് വീടുകളുടെ വിലയിലെ ഇടിവിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. പലിശ നിരക്ക് കൂട്ടിയത് കാരണം തിരിച്ചടവ് കൂടിയതാണ് വീടുകളുടെ വിലയിടിയാനുള്ള മറ്റൊരു കാരണം.

വീടുകളുടെ വില ഇടിയുന്നത് പുതിയതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സഹായകരമാവും. പക്ഷേ,പ്രോപ്പർട്ടി മാർക്കറ്റിൽ പണം മുടക്കിയിരിക്കുന്ന ഭൂരിപക്ഷം പേരെയും സംബന്ധിച്ചിടത്തോളം വീടുകളിലെ വിലയുടെ ഇടിവ് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കും.

കഴിഞ്ഞ ദിവസം ചാൻസലർ അവതരിപ്പിച്ച മിനി ബഡ്‌ജറ്റിനെ തുടർന്ന് യുകെയിലെ ഓഹരി വിപണിയും പൗണ്ടിന്റെ വിലയും തകർന്നടിഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഉടൻ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടിയേക്കുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് നിലവിൽ ലോൺ എടുത്ത് വീട് വാങ്ങിച്ചവർക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.