ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിൽ ഏകദേശം 20 മില്യണ്‍ കുടുംബങ്ങള്‍ 150 പൗണ്ടിന്റെ കൗൺസിൽ ടാക്സ് റിബേറ്റിനായി കാത്തിരിക്കുകയാണ്. ജീവിതച്ചെലവ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്നോണം ഫെബ്രുവരിയിലാണ് ചാൻസലർ നികുതിയിൽ ഇളവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നീണ്ട കാലയളവിലാണ് ഈ കിഴിവ് നൽകുക. അതിനാൽ മിക്ക കുടുംബങ്ങളുടെയും കാത്തിരിപ്പ് നീളുകയാണ്. ദീര്‍ഘകാല സമയപരിധി കാരണം ചില കുടുംബങ്ങള്‍ക്ക് ടാക്‌സ് റിബേറ്റ് ലഭിക്കാന്‍ ആറുമാസം വരെ കാത്തിരിക്കേണ്ടിവരുന്നു.
സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കാരണം ജൂൺ വരെ പണം ലഭിക്കില്ലെന്ന് സൗത്ത് ഡെർബിഷെയറിലെ 39,000 ആളുകളോട് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പേയ്‌മെന്റ് സ്ഥാപനമായ ക്യാപിറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസ്ട്രിക്ട് കൗൺസിൽ വക്താവ് പറഞ്ഞു. ഇതുമൂലം നികുതിയിളവ് ലഭിക്കുന്ന സമയം രാജ്യത്തുടനീളം വ്യത്യസ്തമായിരിക്കും. സെപ്തംബർ 30-നകം പണം നൽകണമെന്ന് സർക്കാർ കൗൺസിലുകളെ അറിയിച്ചിട്ടുണ്ടെങ്കിലും അത് നേരത്തെ ലഭിക്കുമെന്ന് പല കുടുംബങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡെർബി സിറ്റി കൗൺസിൽ, ലണ്ടൻ ബറോ കൗൺസിൽ ഹാവറിംഗ്, റീഡിംഗ് ബറോ കൗൺസിൽ, ലൂട്ടൺ ബറോ കൗൺസിൽ, നോർത്തംബർലാൻഡ് കൗണ്ടി കൗൺസിൽ, നോർത്ത് നോർത്താംപ്ടൺഷയർ കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടില്ല.

സമയം നീളുന്നത് തട്ടിപ്പുകാർക്ക് പുതിയ അവസരമൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഫിസിംഗ് ടെക്‌നിക്കുകളും ഫോണ്‍ വിളികളും വഴി ഇവര്‍ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈക്കലാക്കും. അതിനാൽ ഫോണിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്നും കൗണ്‍സിലുകള്‍ ശക്തമായി ആവശ്യപ്പെടുന്നു. നിങ്ങള്‍ ഏത് അക്കൗണ്ടില്‍ നിന്നാണോ ഡയറക്ട് ഡെബിറ്റ് വഴി ടാക്‌സ് അടയ്ക്കുന്നത് ആ അക്കൗണ്ടിലേക്കായിരിക്കും തുക വരിക. ഇതിനായി പ്രത്യേകിച്ച് ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല.
ഡയറക്ട് ഡെബിറ്റ് വഴിയല്ല ടാക്‌സ് അടയ്ക്കുന്നതെങ്കില്‍ കൗൺസിലിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ലഭിക്കും. ഫോണിലൂടെ ബാങ്ക് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് ലോക്കല്‍ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്കോട്ട്‌ലൻഡിൽ ഇനി കോവിഡ് പോസിറ്റീവ് ആയവർക്ക് സെൽഫ് ഐസലേഷനിൽ കഴിയേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് പിന്നാലെ കോൺടാക്ട് ട്രെയ്‌സിംങ്ങും നിർത്തി. അഞ്ചാം ആഴ്ചയും കോവിഡ്-19 അണുബാധ കുറഞ്ഞു. നിലവിൽ 25 പേരിൽ ഒരാൾക്കാണ് വൈറസ് ബാധ ഉള്ളത്. കഴിഞ്ഞ ആഴ്ച 19 ആളുകളിൽ ഒരാൾ എന്ന കണക്കിൽ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. സ്കോട്ടിഷ് ഗവൺമെൻറ് മാർഗനിർദേശത്തിലെ മാറ്റത്തെത്തുടർന്ന് കോവിഡ് ലക്ഷണമുള്ളവർക്ക് ഇപ്പോൾ വീട്ടിൽ തുടരാനാകും. ടെസ്റ്റിംഗ് സെൻററുകൾ അടയ്ക്കുകയും മാസ് ടെസ്റ്റിംങ്ങുകൾ അവസാനിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നൽകുന്നതും ഇതിനോടകം അവസാനിച്ചു.

പ്രൊട്ടക്ട് സ്കോട്ട്‌ലൻഡ് ആപ്പ് വൈകാതെ ക്ലോസ് ചെയ്യും എന്നാൽ ഭാവിയിൽ ഈ ആപ്പിൻെറ ആവശ്യം ഉണ്ടായേക്കാം എന്ന് കരുതി ഉപയോക്താക്കളോട് തങ്ങളുടെ ഫോണിൽ ഈ ആപ്പ് നിലനിർത്തണം എന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൻെറ ഔദ്യോഗിക കൊറോണ വൈറസ് രോഗലക്ഷണങ്ങളുടെ പട്ടിക ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. പനി,തുടർച്ചയായ ചുമ, ഗന്ധമോ രുചിയോ തിരിച്ചറിയാനാവാത്ത അവസ്ഥ എന്നിവയാണ് യുകെയിൽ നിലവിലുള്ള കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ. അതേസമയം ശ്വാസതടസ്സം, കാരണങ്ങൾ ഇല്ലാത്ത ക്ഷീണം, ഊർജ്ജ കുറവ്, പേശിവേദന, അസാധാരണമായ വിശപ്പ്, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് സ്കോട്ട്‌ലൻഡ് പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ ആഴ്ച ലങ്കാഷെയറിൽ കാണാതായ കാറ്റി കെൻയോണിയുടേത് എന്ന് വിശ്വസിക്കുന്ന മൃതശരീരം പോലീസ് കണ്ടെത്തി. ഏപ്രിൽ 22 വെള്ളിയാഴ്ച ബേൺലിയിൽ വച്ച് 33-കാരൻ കാറ്റി ഒരു സിൽവർ ഫോർ ട്രാൻസിറ്റ് വാൻ ഓടിച്ച് പോകുന്നത് കണ്ടിരുന്നു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ തിരച്ചിൽ പോലീസ് നടത്തിയത്. അതേസമയം യുവതിയുടെ മുൻകാമുകനായ ആൻഡ്രൂ ബർഫീൽഡിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. യുവതി എവിടെയായിരിക്കും എന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് കാറ്റിയുടേത് എന്ന് കരുതപ്പെടുന്ന മൃതശരീരം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഫോറസ്റ്റ് ഓഫ് ബൗലാൻഡിലെ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് പോലീസിന് മൃതശരീരം ലഭിച്ചത്. യുവതിയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. വിപുലമായ പോലീസ് അന്വേഷണങ്ങൾക്കും നിരവധി ദിവസത്തെ തിരച്ചിലിനും ശേഷമാണ് കാറ്റി കെനിയൻെറ എന്ന് കരുതുന്ന മൃതശരീരം കണ്ടെത്തിയതെന്നും അവരുടെ മരണം കുടുംബാംഗങ്ങൾക്ക് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നും ലങ്കാഷെയർ ഫോഴ്‌സ് മേജർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് മേധാവി ഡെറ്റ് സപ്റ്റ് ഗാരി ബ്രൂക്‌സ് പറഞ്ഞു. ഈ സമയത്ത് കാറ്റിയുടെ കുടുംബാംഗങ്ങളെ തങ്ങൾ പിന്തുണയ്ക്കുമെന്നും സങ്കീർണവും വൈകാരികവുമായ ഈ തിരച്ചിലിനിടെ തങ്ങൾക്ക് എല്ലാവിധ സഹായവും നൽകിയ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അന്വേഷണത്തിൽ പങ്കാളികളായ ഏജൻസികൾക്കും എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും താൻ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമീപകാലത്ത് കുട്ടികളിൽ ഉയർന്നുവന്ന ഹെപ്പറ്റൈറ്റിസിന് കോവിഡ് പ്രതിരോധകുത്തിവയ്പ്പുകളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിരുന്നു. രോഗം ബാധിച്ച കുട്ടികളിൽ ഭൂരിപക്ഷവും അഞ്ചുവയസ്സിനു താഴെയുള്ളവരാണെന്നും അതിനാൽ തന്നെ ഇവർക്കൊന്നും തന്നെ വാക്സിൻ സ്വീകരിക്കാൻ അർഹത ഇല്ല എന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ആരോഗ്യ ഏജൻസികൾ പറഞ്ഞു. 2022 ജനുവരി മുതൽ ഏപ്രിൽ 21 വരെയുള്ള ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 11 രാജ്യങ്ങളിലെ കുട്ടികളിൽ വിശദീകരണങ്ങൾ ഇല്ലാത്തരീതിയിൽ ഹെപ്പറ്റൈറ്റിസ് അഥവാ കരളിന്റെ വീക്കം കണ്ടെത്തുകയായിരുന്നു. രേഖപ്പെടുത്തിയ 269 കേസുകളിൽ 114 കേസുകളും യുകെയിൽ നിന്നുള്ളതാണ്. സാധാരണയായി ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന 5 വൈറസുകളെയും ഇവിടെ കണ്ടെത്താനായില്ല. എന്നാൽ രോഗം ബാധിച്ച ഭൂരിപക്ഷം യുവാക്കളിലും ഒരു പ്രത്യേക അഡെനോവൈറസിൻെറ സാന്നിധ്യം കണ്ടത്താൻ സാധിച്ചു. ജലദോഷം മുതൽ കണ്ണുകളുടെ അണുബാധയ്ക്ക് വരെ കാരണമാകുന്ന വൈറസിൻെറ കുടുംബത്തിൽപ്പെട്ടതാണ് ഇവ.

രോഗങ്ങളിലുള്ള വർധനവ് അഡെനോവൈറസ് അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ)യിലെ ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷനുകളുടെ ഡയറക്ടർ ഡോ. മീരാ ചന്ദ് പറഞ്ഞു. എന്തായാലും സാധ്യമായ മറ്റു കാരണങ്ങളെക്കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്നും വാക്സിൻ സ്വീകരിച്ചത് ഇതിന് ഒരു കാരണം ആവുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. യുകെഎച്ച്എസ്എ ഉയർന്നുവരുന്ന ഹെപ്പറ്റൈറ്റിസിന് കാരണമായി കോവിഡ് വാക്സിനെ തള്ളിക്കളയാം എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്വിറ്റർ, റെഡ്ഡിറ്റ്, ഫേസ്ബുക്ക്, ടെലിഗ്രാം എന്നിവയിൽ ഹെപ്പറ്റൈറ്റിസ് കേസുകൾക്ക് കാരണം കോവിഡ് വാക്സിൻ ആണ് എന്ന തെറ്റായ അവകാശവാദങ്ങൾ നടക്കുന്നതായി കണ്ടെത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഈസ്റ്റ് സസ്സെക്സിലുള്ള സൗദി സ്റ്റോൺ ട്രെയിനിൽവച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏപ്രിൽ 22ന് രാത്രി 11 മണിയോടെയാണ് ലിയോനാർഡ്‌സ് വാരിയർ സ്ക്വയറിനും വാഡ്ഹസ്റ്റിനുമിടയിൽ ഓടുന്ന ട്രെയിനിൽവച്ച് സ്ത്രീയെ ആദ്യമായി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, പിന്നീട് റേപ്പ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന നാൽപത്തിനാലുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട്. സംഭവം നടക്കുന്നതിനു മുൻപ് സ്ത്രീ രണ്ട് പുരുഷന്മാരുമായി സംസാരിച്ചിരുന്നതായും, ഇവരിലൊരാൾ സംഭവത്തിനു മുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയതായും സ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് രണ്ടാമത്തെ ആൾ തന്നെ ട്രെയിനിന്റെ ടോയ് ലറ്റിൽ വെച്ച് റേപ്പ് ചെയ്തതെന്ന് അവർ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന സംഭവമാണ് ട്രെയിനിൽവച്ച് ഉണ്ടായതെന്നും, സംഭവത്തിൽ സ്ത്രീക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് മേജർ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഗെമ്മ ലിറ്റിൽവുഡ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ അന്വേഷണം തുടർന്നു വരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിനു തൊട്ടുമുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയ ആളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും അധികൃതർ നൽകി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പാർലമെന്റലെ ഹൗസ് ഓഫ് കോമൺസിൽ സമ്മേളനം നടക്കുന്നതിനിടെ കൺസർവേറ്റീവ് പാർട്ടി എംപി നീൽ പാരിഷ് അശ്ലീല വീഡിയോകൾ കണ്ടതായുള്ള ആരോപണം ശക്തമായതിനെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഈ ആരോപണത്തിൽ പാർലമെന്റ് സ്റ്റാൻഡേർഡ്സ് കമ്മീഷണർ അന്വേഷണവും നടത്തുന്നുണ്ട്. പാർലമെന്റ് സമ്മേളനത്തിനിടെ അദ്ദേഹത്തിന്റെ അടുത്തായിരുന്ന രണ്ട് വനിത സഹപ്രവർത്തകരാണ് ഈ പരാതി മുന്നോട്ടുവെച്ചത്. ഇദ്ദേഹത്തിന്റെ സമീപത്തിരുന്നപ്പോൾ നീൽ അശ്ലീല പോൺ വീഡിയോകൾ ഫോണിൽ കാണുകയായിരുന്നു എന്ന് ഇരുവരും വ്യക്തമാക്കി. പാർലമെന്ററി സ്റ്റാൻഡേർഡ്സ് കമ്മീഷണർ കാത്റിൻ സ്റ്റോൺ നടത്തുന്ന അന്വേഷണത്തിൽ നീൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ , അദ്ദേഹത്തിനെതിരെ സസ്പെൻഷൻ മുതലായ നടപടികൾ ഉണ്ടാകും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും, അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ഇത് സംബന്ധിച്ച് തന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാവുകയില്ലെന്നും ബി ബി സി ന്യൂസിനോട് നീൽ വ്യക്തമാക്കി.

ഫോണിൽ ഇത്തരത്തിലുള്ള വീഡിയോകൾ തുറന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അനുകൂലമായ മറുപടിയാണ് നീൽ നൽകിയത്. എന്നാൽ അന്വേഷണ കമ്മീഷൻ തനിക്കെതിരെയുള്ള നടപടികൾ തീരുമാനിക്കട്ടെ എന്ന പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഒരിക്കലും തന്നെ എം പി സ്ഥാനത്ത് തുടരുകയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കി. തനിക്ക് എല്ലാവിധ പിന്തുണയും തന്റെ കുടുംബം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതുതായി ഉയർന്നുവന്നിരിക്കുന്ന ആരോപണം ബോറിസ് ജോൺസനുമേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതാണ്. ഉടൻതന്നെ ഇദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ലേബർ പാർട്ടി നേതാക്കൾ ഉയർത്തിയിട്ടുണ്ട്. അറുപത്തഞ്ചുകാരനായ നീൽ 2010 മുതൽ തന്നെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള എംപിയാണ്. നീലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കൺസർവേറ്റീവ് പാർട്ടി വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തടുത്തുണ്ടായ മരണത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . യുകെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ജൂലിയറ്റ് ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. എറണാകുളം പിറവം സ്വദേശിയായ ജൂലിയറ്റ് ജർമനിയിൽ നിന്നാണ് യുകെയിലേയ്ക്ക് കുടിയേറിയത്. നോർത്ത് പറവൂരിനടുത്തുള്ള കൈതാരം സ്വദേശിയായ ജൂലിയറ്റ് കൊടുവള്ളി ചാണയിൽ കുടുംബാംഗമാണ്. കഴിഞ്ഞ 12 വർഷമായി ഫുള്‍ഹാം ചറിംഗ്ടണ്‍ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ തലകറങ്ങി വീണതിനെ തുടർന്നുള്ള പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത് .
ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ജൂലിയറ്റിന്റെ അവസാനനാളുകൾ ദുരിതപൂർണമായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഓട്ടിസം ബാധിച്ച ഏകമകൻ സോഷ്യൽ കെയർ സംരക്ഷണത്തിലാണ്. ജൂലിയറ്റിന് പൊതുവേ സാമൂഹ്യ ബന്ധങ്ങളും കുറവായിരുന്നു.
തൻറെ അന്ത്യാഭിലാഷമായ കുടുംബ കല്ലറയിൽ അടക്കം ചെയ്യപ്പെടുന്നതിനുള്ള ആഗ്രഹം ജൂലിയറ്റ് പങ്കുവെച്ചിരുന്നു. ജൂലിയറ്റിന്റെ ഈ ആഗ്രഹം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലുള്ള ബന്ധുക്കളും യുകെയിലുള്ള മലയാളി സമൂഹവും.
ജൂലിയറ്റിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാസ്പോർട്ട് ഓഫീസ് മേധാവികളെ എല്ലാം തന്നെ ഡൗണിങ് സ്ട്രീറ്റിലേക്ക് വിളിച്ചുവരുത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാസ്പോർട്ട് പുതുക്കുന്നതിനും മറ്റുമായുള്ള ഏഴ് ലക്ഷത്തോളം ആപ്ലിക്കേഷനുകൾ കെട്ടി കിടക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിൽ ഒരു നീക്കത്തിന് കാരണം. പാസ്പോർട്ട് ഓഫീസ് ഡയറക്ടർ ജനറൽ എബി റ്റിർനി ലണ്ടൻ ഓഫീസിൽനിന്നും നൂറ് മൈൽ അകലെ ലെയ്സെസ്റ്റർഷെയറിലെ വീട്ടിലാണ് താമസിക്കുന്നതെന്നും, അതിനാൽ തന്നെ നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ആകുന്നില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. പാസ്പോർട്ടുകൾ പുതുക്കാനായി മറ്റും ആപ്ലിക്കേഷനുകൾ നൽകിയവരെ കൂടുതൽ സമയം കാത്തിരിപ്പിക്കുന്നത് ജനങ്ങൾക്കിടയിലും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇതിനോട് പാസ്പോർട്ട് ഓഫീസ് സ്വകാര്യവൽക്കരിക്കാൻ എന്ന ഭീഷണി പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴും വർക്ക് ഫ്രം ഹോമിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നുമാണ് വിശദീകരണം. പാസ്പോർട്ട് ഓഫിസ് മേധാവിയെ പിന്തുണച്ചാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഉക്രൈൻ യുദ്ധത്തിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും മറ്റൊരാളെ കാണാതായതായും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉക്രൈൻ സേനയോടൊപ്പം പോരാടിയ സ്ക്കോട്ട് സിബ്ലി എന്നയാളാണ് മരണപ്പെട്ടത് എന്നാണ് ഉക്രൈനിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുദ്ധത്തിൽ മരണപ്പെട്ട ആദ്യ ബ്രിട്ടീഷ് പൗരനാണ് സിബ്ലിയെന്നും, ഉക്രൈനിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നുമാണ് ഉക്രൈൻ അധികൃതർ വിശദീകരിച്ചത്. എന്നാൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ഇരുവരുടെയും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരു കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നാണ് വിദേശകാര്യവകുപ്പിന്റെ വക്താക്കളിൽ ഒരാൾ വ്യക്തമാക്കിയത്. എന്നാൽ സിബ്ലിയുടെ മരണം സംബന്ധിച്ചും കാണാതായ ആളുടെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ചും ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഉക്രൈൻ സേനയോടൊപ്പം പോരാടിയിരുന്ന രണ്ട് സന്നദ്ധരായ ബ്രിട്ടീഷ് പൗരന്മാരാണ് ഇവരെന്നാണ് നയതന്ത്ര വിവരങ്ങൾ വ്യക്തമാക്കുന്നത്.

സിബ്ലിയുടെ മരണത്തിൽ സോഷ്യൽമീഡിയകളിൽ എല്ലാം തന്നെ ആദരാഞ്ജലികളും മറ്റും നിരവധിപ്പേർ അറിയിക്കുന്നുണ്ട്. ബ്രിട്ടീഷ് സേനയിലെ മുൻ അംഗമായിരുന്നു സിബ്ലി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പോളണ്ട് അതിർത്തിയിൽ മാർച്ച് മാസത്തിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ യുകെ സ്പെഷ്യൽ ഫോഴ്സിലെ മൂന്നുപേർ കൊല്ലപ്പെട്ടതായി വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇത് ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ തന്നെ ബ്രിട്ടീഷ് പൗരൻമാരോട് ഉക്രൈൻ വിടാൻ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി ആളുകൾ തങ്ങൾക്ക് ഉക്രൈനിൽ പോയി യുദ്ധത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന ആഗ്രഹവുമായി മുന്നോട്ടുവന്നിരുന്നു. നിലവിൽ ഏകദേശ കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന് ഉക്രൈൻ സേനയോടൊപ്പം പോരാടുന്നുണ്ട് എന്നാണ് ഉക്രൈൻ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ പ്രസവ സേവനങ്ങൾ ഇനി ‘ചെസ്റ്റ്ഫീഡിങ്’ (chestfeeding), ഫ്രന്റൽ ബർത്ത് (frontal Birth) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് ശുപാർശ. 121 ട്രാൻസ് ബ്രിട്ടീഷുകാർക്കിടയിൽ അവരുടെ ഗർഭധാരണ അനുഭവത്തെക്കുറിച്ച് സർവേ നടത്തിയതിന് ശേഷമാണ് എൽജിബിടി ഫൗണ്ടേഷന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ലിംഗഭേദം നിറഞ്ഞ പദങ്ങളായ ബ്രെസ്റ്റ്ഫീഡിങ് (Breastfeeding), വജൈനൽ ബർത്ത് (vaginal birth) പോലുള്ളവ ഒഴിവാക്കണമെന്നാണ് നിർദേശം. ചില ട്രാൻസ്, നോൺ-ബൈനറി ആളുകൾക്ക് പ്രസവിക്കാൻ ആശുപത്രികളിൽ ഒരു സ്വകാര്യ ഇടം ലഭിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ചാരിറ്റി പറയുന്നു.

ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, അവരുടെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ മുലപ്പാലിനെ (Breast milk ) ‘മനുഷ്യ പാൽ’ (Human Milk) എന്ന് വിളിക്കുന്നു. ഗർഭകാലയളവിൽ തങ്ങളുടെ ലിംഗഭേദം അടിസ്ഥാനമാക്കി ആരോഗ്യ സംരക്ഷണ വിദഗ്ധർ സംസാരിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 59 % പേർ ചൂണ്ടിക്കാട്ടി. കൂടാതെ, പ്രസവസമയത്ത് തങ്ങളോട് മാന്യതയോടെ പെരുമാറിയിട്ടില്ലെന്ന് 28 ശതമാനം പേരും പറഞ്ഞു. സർവേയിൽ പ്രതികരിച്ചവരെ 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ സോഷ്യൽ മീഡിയ വഴിയാണ് റിക്രൂട്ട് ചെയ്തത്. തുടർന്ന് എൽജിബിടി ഫൗണ്ടേഷൻ അവരുമായി അഭിമുഖം നടത്തി.