ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ 5 വയസ്സു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി തുടങ്ങി . രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് വേണ്ടി കുറഞ്ഞ ഡോസിലുള്ള വാക്സിൻ ബുക്ക് ചെയ്യാനാവും. മറ്റ് രാജ്യങ്ങളിൽ ഇതിനോടകം വ്യാപകമായി ഉപയോഗിക്കുന്ന വാക്സിനുകളാണ് യുകെയിലും ലഭ്യമാകുക . തിങ്കളാഴ്ച മുതൽ നൂറുകണക്കിന് സൈറ്റുകളിൽ നിന്ന് വാക്സിൻ ലഭ്യമാകും.

കുട്ടികൾക്ക് വാക്സിനുകൾ നൽകുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്കോട്ലാൻഡ് , വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ വാക്‌സിൻ നൽകി തുടങ്ങിയിട്ടുണ്ട്. പൊതുവെ മിക്ക കുട്ടികൾക്കും കോവിഡിൽ നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 12 ആഴ്ച ഇടവിട്ടാണ് വാക്‌സിനുകൾ നൽകേണ്ടത്. അഞ്ചുലക്ഷത്തോളം കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ യോഗ്യരാണ്.

യുകെയിൽ ദിനംപ്രതി കോവിഡ് വ്യാപനതോത് ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ 4.9 ലക്ഷം ആളുകൾക്ക് വൈറസ് ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് . ഒരാഴ്ച മുമ്പ് ഇത് 4.3 ലക്ഷം മാത്രമായിരുന്നു. കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന സൗജന്യ പരിശോധനകൾക്ക് ഇപ്പോൾ ഇംഗ്ലണ്ടിൽ ഭൂരിഭാഗംപേരും അർഹരല്ല . അതുകൊണ്ട് തന്നെ രോഗബാധിതരുടെ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാകാം എന്ന ആശങ്കയും ശക്തമായിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി നേഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എച്ച്. എസ്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും.
ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്‌മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ടുമെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ക്ക റൂട്ട്‌സ് യു.കെയിലേക്ക് നഴ്‌സുമാരെ അയക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. വിശദാംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്. ഇ മെയിൽ [email protected]
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
1 .1 കപ്പ് ഉഴുന്നു പരിപ്പ്
2 . 1 tbsp മൈദ
3 .1 tbsp കോൺ ഫ്ലോർ
4 . ഓറഞ്ച്/മഞ്ഞ ഫുഡ് കളർ
പഞ്ചസാര സിറപ്പിനായി
1 . 2 കപ്പ് പഞ്ചസാര
2 . 1¾ കപ്പ് വെള്ളം
3 . 2 tbsp നാരങ്ങാ നീര്
4 . വറുത്തെടുക്കാനുള്ള എണ്ണ

ഉണ്ടാക്കുന്ന രീതി
1 .ഉഴുന്നു പരിപ്പ് 3-4 മണിക്കൂർ കുതിർക്കുക.
2 . ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ക്രിസ്റ്റലൈസേഷൻ തടയാൻ നാരങ്ങ നീര് ചേർക്കുക.
3 . ഉഴുന്നു പരിപ്പ് വെള്ളം ചേർക്കാതെ നല്ല പേസ്റ്റാക്കി അരക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി മൈദ, കോൺ ഫ്ലോർ, ഫുഡ് കളർ എന്നിവ ചേർക്കുക. ഒരു തടി സ്പൂണോ സ്പാറ്റുലയോ ഉപയോഗിച്ച് നന്നായി ഇളക്കുക.
4 . നോൺ-സ്റ്റിക്ക് പാത്രത്തിൽ എണ്ണ ചൂടാക്കുക. ഒരു സിപ്പ് ലോക്ക് ബാഗ് അല്ലെങ്കിൽ പേപ്പർ/പൈപ്പിംഗ് ബാഗ് എടുത്ത് അതിൽ ബാറ്റർ നിറയ്ക്കുക.പൈപ്പിംഗ് ബാഗിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി പരസ്പരം ഓവർലാപ്പ് ചെയ്യുന്ന വൃത്താകൃതിയിൽ പൈപ്പ് ചെയ്യുക.
5 . 3-4 മിനിറ്റ് കുറഞ്ഞ മീഡിയം തീയിൽ ജിലേബി കട്ടിയാകുന്നത് വരെ ഫ്രൈ ചെയ്യുക.
6 . എണ്ണയിൽ നിന്നും കോരിയെടുത്തു ചൂടുള്ള പഞ്ചസാര സിറപ്പിലേക്ക് നേരിട്ട് മുക്കുക.
7 . 2 മിനിറ്റ് കുതിർക്കാൻ അനുവദിക്കുക; എന്നിട്ടു അധിക സിറപ്പ് ഊറ്റി ചൂടോടെ വിളമ്പുക
ഓറഞ്ച് ജിലേബി ചൂടോടെ ആസ്വദിക്കൂ !!!
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രൈറ്റൺ : ബ്രൈറ്റണില്‍ അഞ്ചു മലയാളി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതിക്ക് എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ. കോഴിക്കോട് സ്വദേശിയായ റമീസ് അക്കര (28)യ്ക്കാണ് ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് മജിസ്ട്രേറ്റ് കോടതി എട്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ആജീവനാന്ത വിലക്കും ഇയാള്‍ നേരിടേണ്ടി വരും. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിനിടെ, മതിയായ തെളിവില്ലെന്ന കാരണത്താല്‍ കൂട്ടു പ്രതികളെ വെറുതെ വിട്ടു. സെന്‍ട്രല്‍ ലങ്കാഷെയര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ റമീസ് നിലവില്‍ വിദ്യാര്‍ഥിയാണോ എന്ന കാര്യം സർവകലാശാല പുറത്തുവിട്ടില്ല. കൂട്ടു പ്രതികളും റമീസും ഏറെക്കാലമായി ബ്രൈറ്റണിലും പരിസരത്തുമായി ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറയുന്നു.
സെപ്റ്റംബര്‍ 22 അര്‍ധരാത്രിയോടെയാണ് മദ്യ ലഹരിയിലായിരുന്ന പെൺകുട്ടിയെ റമീസും സംഘവും ലൈംഗിക പീഡനത്തിനിരയാക്കിയത്. മുന്‍പരിചയം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ റമീസ് തന്റെ മുറിയിലെത്തിച്ചു. തുടർന്നായിരുന്നു കൂട്ട ബലാത്സംഗം. ശേഷം പെണ്‍കുട്ടിയെ വെളിയില്‍ തള്ളിയെങ്കിലും പുലര്‍ച്ചെ 2.40ഓടെ പെൺകുട്ടി തന്റെ താമസ സ്ഥലത്ത് എത്തിയെന്നു പോലീസ് കണ്ടെത്തി. ലൈംഗിക പീഡനം നടന്നതായി പരാതി ലഭിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ അഞ്ചു പേരെയും കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചില്ല.
എന്നാൽ, പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ഘട്ടത്തില്‍ റമീസിന്റെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചത് ശക്തമായ തെളിവായി മാറി. ഒട്ടും വൈകാതെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയിൽ വിദ്യാർത്ഥികളായി എത്തുന്ന യുവാക്കൾ പല ബലാത്സംഗ കേസിലും പ്രതികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. മദ്യ ലഹരിയിലുള്ള യുവതികളെ ലക്ഷ്യമിടുന്ന മലയാളി യുവാക്കള്‍ ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയെ പറ്റിയും അജ്ഞരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ദോഹ : 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. സ്വപ്നതുല്യമായ ഒരു ഗ്രൂപ്പ് ആണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, ഇറാൻ എന്നീ ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പം. സ്‌കോട്ട്‌ലൻഡോ വെയിൽസോ യുക്രൈനോ ഈ ഗ്രൂപ്പിൽ ഉൾപ്പെടും. ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13–14 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ദിവസം തന്നെ ഇംഗ്ലണ്ട് ഇറാനുമായി ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ആദ്യ ദിനം തന്നെ കളത്തിലിറങ്ങുന്നത് ആവേശകരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ട്വീറ്റ് ചെയ്തു. കൃത്യമായ മത്സര ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഡിസംബർ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.

സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ‘ഇ’ ആണ് മരണഗ്രൂപ്പ്. അര്‍ജന്റീനയും പോളണ്ടും മെക്‌സിക്കോയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് സിയിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. ഫിഫ റാങ്കിങ്ങില്‍ ഒന്നാമന്മാരും അഞ്ചു തവണ ലോകകപ്പ് നേടിയവരുമായ ബ്രസീലിന് ഇക്കുറി ഗ്രൂപ്പ് ഘട്ടം എളുപ്പമാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടം ഏറെക്കുറേ എളുപ്പമാകും.
ഗ്രൂപ്പുകള്‍ :-
ഗ്രൂപ്പ് എ :- ഖത്തര്‍, ഹോളണ്ട്, സെനഗല്‍, ഇക്വഡോര്‍
ഗ്രൂപ്പ് ബി :- ഇംഗ്ലണ്ട്, യു.എസ്.എ, ഇറാന്‍, വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/യുക്രെയ്ന്‍
ഗ്രൂപ്പ് സി :- അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി :- ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, യു.എ.ഇ/ഓസ്‌ട്രേലിയ/പെറു
ഗ്രൂപ്പ് ഇ :- സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍, കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ്
ഗ്രൂപ്പ് എഫ് :- ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി :- ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍
ഗ്രൂപ്പ് എച്ച് :- പോര്‍ച്ചുഗല്‍, യുറുഗ്വേ, ദക്ഷിണ കൊറിയ, ഘാന
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചോക്ലേറ്റ് പ്രേമികൾക്ക് സൗജന്യമായി ഈസ്റ്റർ ചോക്ലേറ്റ് ബാസ്‌ക്കറ്റ് നൽകുമെന്ന തട്ടിപ്പ് സന്ദേശം അവഗണിക്കണമെന്ന് കാഡ്ബറി. റഷ്യയിലെ ഡാറ്റാ തട്ടിപ്പുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നതെന്നും കാഡ്ബറി വ്യക്തമാക്കി. ഏകദേശം 5000 രൂപയുടെ ആകർഷകമായ സമ്മാനങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നതും തട്ടിപ്പിന്റെ മറ്റൊരു വശമാണ്. റഷ്യൻ URL അടങ്ങിയ ലിങ്ക് ആണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്.

സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചാൽ മാത്രമേ ഇതിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അതേസമയം, വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് ആളുകൾ ചിന്തിക്കണമെന്നും, തട്ടിപ്പിന് ഇരയായതായി ആരെങ്കിലും കരുതുന്നുവെങ്കിൽ, എല്ലാ പണമിടപാടുകളും തടയുന്നതിന് ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടുകയും, 0300 123 2040 എന്ന നമ്പറിൽ ആക്ഷൻ ഫ്രോഡിനെ വിവരം അറിയിക്കുകയും ചെയ്യണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉപഭോക്തൃ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണനയെന്നും ഇത് എത്രയും വേഗം പരിഹരിക്കുമെന്നും കാഡ്ബറി വ്യക്തമാക്കി. കോവിഡിന്റെ മറവിൽ ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വാക്‌സിൻ, പാർസൽ ഡെലിവറി എന്നിവയുടെ മറവിലാണ് ഏറെയും തട്ടിപ്പുകൾ അരങ്ങേറുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പഴങ്ങളും പച്ചക്കറികളും വാങ്ങുന്ന ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ടെസ്‌കോയും ആൽഡിയും. കഴിഞ്ഞ മാസമാദ്യം വീശിയടിച്ച സഹാറന്‍ പൊടിക്കാറ്റിനാൽ ഉത്പന്നങ്ങൾ മലിനമായേക്കാം എന്ന ആശങ്കയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഏതെങ്കിലും പഴമോ പച്ചക്കറിയോ കഴിക്കുന്നതിനുമുമ്പ് വൃത്തിയായി കഴുകണമെന്ന് സൂപ്പർമാർക്കറ്റ് കമ്പനികൾ അഭ്യർത്ഥിച്ചു.

ചില സ്പാനിഷ് വിളകളെ പൊടിക്കാറ്റ് ബാധിച്ചതായി ടെസ്കോ പറഞ്ഞു. അതിനാൽ ഉത്പന്നങ്ങൾ കഴുകിയ ശേഷം മാത്രം കഴിക്കണമെന്ന നിർദേശം അവർ വെബ്സൈറ്റിൽ പുറപ്പെടുവിച്ചു. പഴം, പച്ചക്കറി എന്നിവ വൃത്തിയായി കഴുകണമെന്ന് ആൽഡി നിർദേശിച്ചു. ചില പായ്ക്കുകളിൽ ചെറിയ അളവിൽ പൊടി പടർന്നിട്ടുണ്ടാകുമെന്ന് അവർ അറിയിച്ചു.

മാർച്ച് പകുതിയോടെ വീശിയടിച്ച സഹാറന്‍ പൊടിക്കാറ്റ് ലണ്ടന്‍ നഗരത്തിന്റെ ഛായ മാറ്റിയിരുന്നു. മഞ്ഞ, ചുവപ്പ്, പച്ച, മുതലായ നിറങ്ങള്‍ ആകാശത്ത് മിന്നി മറഞ്ഞ് ഒടുവില്‍ നഗരത്തിന് മുകളിലുള്ള ആകാശം ദിവസങ്ങളായി ഓറഞ്ച് നിറത്തിലായിരുന്നു. തിളങ്ങുന്ന ഓറഞ്ച് നിറത്തില്‍ ചുവന്ന് തുടുത്ത് നിന്ന ആകാശം ഒരേ സമയം കൗതുകമുള്ളതും ഭയപ്പെടുത്തുന്നതുമാണെന്ന് നഗരവാസികൾ അഭിപ്രായപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാർ നികുതി നിരക്ക് ഇന്ന് മുതൽ ഉയരും. വാർഷിക നിരക്കിൽ 10 മുതൽ 30 പൗണ്ട് വരെ ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സമീപ വർഷങ്ങളിലെ പോലെ റീട്ടെയിൽ പ്രൈസ് ഇൻഡക്സിന് (ഉപഭോക്തൃ വില സൂചിക) അനുസൃതമായി വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു. ഇതിലൂടെ, പുതിയ കാർ വാങ്ങുന്നവരിൽ നിന്ന് ‘ഷോറൂം’ നികുതിയായി ആദ്യ വർഷം 120 പൗണ്ട് വരെ ഈടാക്കും. ആദ്യ വർഷത്തെ നികുതി നിരക്ക് ആണിത്. ആദ്യ വർഷത്തിന് ശേഷം, ഉടമകൾ സ്റ്റാൻഡേർഡ് ടാക്സ് റേറ്റ് നൽകേണ്ടി വരും.

കൂടുതൽ മലിനീകരണമുണ്ടാക്കുന്ന പുതിയ പെട്രോൾ, ഡീസൽ കാറുകൾക്ക് ആദ്യ വർഷത്തിൽ 2,365 പൗണ്ട് നികുതി നൽകേണ്ടി വരും. 2017 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ രജിസ്റ്റർ ചെയ്ത കാറുകളുടെ സ്റ്റാൻഡേർഡ് റേറ്റിലും വർധനവ് ഉണ്ടാകും. പെട്രോൾ, ഡീസൽ മോഡലുകൾക്ക് £150 ൽ നിന്ന് £155 ആയാണ് വർധിക്കുക.

പുതിയ കാറിനായി £40,000-ൽ കൂടുതൽ ചെലവഴിക്കുന്ന വാഹനഉടമകളിൽ നിന്ന് അധിക പ്രീമിയം നികുതി ഈടാക്കും. അഞ്ച് വർഷത്തേക്ക് സ്റ്റാൻഡേർഡ് റേറ്റിന് മുകളിലാണ് ഈ പ്രീമിയം നിരക്ക്. ആഡംബര കാറുകളുടെ നികുതി നിരക്ക് ഇന്ന് മുതൽ £355 ആയി ഉയരും. ആഡംബര കാറുകളുടെ നികുതി നിരക്ക് കഴിഞ്ഞ വർഷം £335 ആയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിലവിലുള്ള കോവിഡ് വാക്സിൻ പ്രതിരോധശേഷിയെ മറികടക്കുന്ന പുതിയ വകഭേദം ലോകത്തിൽ രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ്. വെർച്വൽ റോയൽ സൊസൈറ്റി കോൺഫറൻസിൽ സംസാരിച്ച വാലൻസ്, ഭാവി പകർച്ചവ്യാധികൾക്കായി ലോകം തയ്യാറായിരിക്കണമെന്ന് പറഞ്ഞു. ഭാവിയിലെ പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെ ‘100 ദിവസത്തെ ദൗത്യ’ത്തെപറ്റി വാലൻസ് യോഗത്തിൽ ശാസ്ത്രജ്ഞരോട് പറഞ്ഞു.

പകർച്ചവ്യാധി ഭീഷണി തിരിച്ചറിഞ്ഞ് 100 ദിവസത്തിനുള്ളിൽ ഫലപ്രദമായ വാക്സിനുകളും ചികിത്സകളും പരിശോധനകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഭാവിയിൽ ഒരു പകർച്ചവ്യാധി ഉണ്ടാകുമെന്ന് എല്ലാവർക്കും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ എന്തായാലും ലോകം തയ്യാറായിരിക്കണം. ഭാവിയിലെ പകർച്ചവ്യാധികൾ തടയാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ലൈഫ് സയൻസ് ഗവേഷണത്തിനായി 2025 വരെ 5 ബില്യൺ പൗണ്ട് വകയിരുത്തിയതിൽ സന്തോഷമുണ്ടെന്നു വാലൻസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൺവേർഷൻ തെറാപ്പി നിരോധനവുമായി മുന്നോട്ട് പോകാൻ സർക്കാർ. എന്നാൽ ഈ നിയമത്തിൽ ട്രാൻസ്‌ജെൻഡേഴ്സ് ഉൾപ്പെടുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. സ്വവർഗാനുരാഗികളെ ‘കൺവേർഷൻ തെറാപ്പി’ക്കു വിധേയമാക്കി സ്വവർഗാനുരാഗത്തിൽ നിന്നു പിന്തിരിപ്പിക്കുന്ന നടപടി നിരോധിച്ച് പ്രഖ്യാപനം ഉണ്ടായത് തെരേസ മേയുടെ ഭരണ കാലത്താണ്. എന്നാൽ, ഈ നിരോധനം പൂർണമായും നീക്കുമെന്ന് ഇന്നലെ പറഞ്ഞെങ്കിലും മണിക്കൂറുകൾക്ക് ശേഷം സർക്കാർ തീരുമാനം പിൻവലിച്ചു. കൺവേർഷൻ തെറാപ്പി നിരോധിക്കുമെന്നും എന്നാൽ ഇതിൽ ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടുന്നില്ലെന്നും സർക്കാർ അറിയിച്ചു. നിരോധനം അടുത്ത ക്വീൻസ് സ്പീച്ചിൽ ഉൾപ്പെടുത്തുമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നിരോധനം പിൻവലിക്കാനും പകരം നിലവിലുള്ള നിയമം അവലോകനം ചെയ്ത് കൂടുതൽ ഫലപ്രദമാക്കാനുമാണ് സർക്കാർ ഇന്നലെ ആദ്യം തീരുമാനിച്ചത്. കൺവേർഷൻ തെറാപ്പി തടയുന്നതിന് മറ്റ് നിയമനിർമ്മാണേതര നടപടികളും അന്വേഷിക്കുമെന്ന് അവർ അറിയിച്ചു. എന്നാൽ മൂന്നര മണിക്കൂറിന് ശേഷം, ഗേ കൺവേർഷൻ തെറാപ്പി നിരോധിക്കുമെന്ന നിലപാടുമായി സർക്കാർ എത്തി. ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടാത്ത ഏതൊരു നിരോധനവും യഥാർത്ഥ നിരോധനമല്ല എന്ന് റെയിൻബോ പ്രോജക്റ്റ് അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ എതിർപ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആരും ഭയക്കേണ്ടതില്ലെന്നും സ്വവർഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാൻ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും തെരേസ മേയ് 2018ൽ പറഞ്ഞിരുന്നു. സ്വവർഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗൺസിലിങിലൂടെയും സ്വവർഗാനുരാഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കൺവേർഷൻ തെറാപ്പി’യിൽ സ്വീകരിക്കുന്നത്. വിവിധ മതസംഘടനകളും, ആരോഗ്യ പ്രവർത്തകരുമാണ് ഇതിനു പിന്നിൽ.