Main News

ടോം ജോസ് തടിയംപാട്

മാഞ്ചെസ്റ്റെർ ന്യൂടൗൺ ഹീത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി കരിംങ്കുന്നം സ്വദേശി ഷോയ് ചെറിയാന്റെ കടയിൽ മോഷ്ടിക്കാൻ കത്തിയും ,ഡ്രില്ലിങ് മിഷ്യനുമായി, എത്തിയ കള്ളനെ തന്റെ മനക്കരുത്തുകൊണ്ട് കുപ്പികൊണ്ട് എറിഞ്ഞ് ഓടിക്കുകയാണ് ഷോയ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച ക്യാഷ് മിഷ്യൻ ഇരിക്കുന്ന ക്യബിൻ പൊളിക്കാൻ കൊണ്ടുവന്ന ഡ്രില്ലിങ് മിഷ്യനുമായി തുറന്നു കിടന്ന ക്യബിനിൽ പ്രവേശിച്ച കള്ളൻ പണം എടുക്കാൻ ശ്രമിക്കുന്നത് പുറത്തു സാധനം അടുക്കിക്കൊണ്ടിരുന്ന ഷോയ് കാണുകയും അദ്ദേഹം ഓടിയെത്തിയപ്പോൾ ഡ്രില്ലിങ് മിഷ്യൻ കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി കാണിക്കുകയും ചെയ്യുകയുമായിരുന്നു . മനോനില കൈവിടാതെ ഷോയ് കുപ്പികൊണ്ട് കള്ളനുനേരെ എറിഞ്ഞു, പിന്നീട് കള്ളൻ ഷോയ്ക്കു നേരെ വന്നപ്പോൾ വെള്ളം നിറച്ച കുപ്പികൾ കൊണ്ട് എറിഞ്ഞു ഓടിക്കുകയായിരുന്നു പുറത്തിറങ്ങിയ കള്ളൻ കത്തിയുമായി വീണ്ടും വന്നെകിലും കടയുടെ വാതിലിൽ കുപ്പിയുമായി അടിച്ചുകൊല്ലുമെന്നു പറഞ്ഞു നിന്ന ഷോയിയെ കണ്ട് കള്ളൻ സൈക്കിളിൽ ഓടി മറയുകയും പുറകെ കുതിച്ചെത്തിയ പോലീസ് സംഘം പോലീസ് നായുടെ സഹായത്തോടെ കള്ളനെ പിടിക്കുകയും ചെയ്തു .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കുകയാണ്. പാർലമെന്റിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ, 516 എംപിമാർ ലോക്ക്ഡൗൺ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ 38 കൺസർവേറ്റീവ് എംപിമാർ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ എതിർത്തു. ഡിസംബർ 2 വരെയാണ് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ആളുകൾ പരമാവധി വീട്ടിൽ തന്നെ കഴിയണം. അവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.

എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ, കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെയുള്ള 38 എംപിമാർ എതിർത്തു. ഇതിൽ പ്രശസ്ത ടോറി നേതാക്കളായ സർ ഗ്രഹാം ബ്രാഡി,സർ ലെയിൻ ഡൻകാൻ സ്മിത്ത് എന്നിവർ ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെ 21 ടോറി എംപിമാർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയില്ല. ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ക്രിസ്മസോടുകൂടി ബിസിനസ് സ്ഥാപനങ്ങൾ എല്ലാം തന്നെ തുറക്കാൻ സാധിക്കും എന്ന ഉറപ്പുനൽകി. ഇപ്പോൾ ഈ തീരുമാനം എടുത്തില്ലെങ്കിൽ, രാജ്യത്ത് ക്രമാതീതമായ രീതിയിൽ മരണനിരക്ക് വർദ്ധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇന്നലെ മാത്രം യുകെയിൽ 25, 177 പേരാണ് കൊറോണ ബാധിതരായി തീർന്നത്. 492 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ലേബർ പാർട്ടിയുടെ എല്ലാ പിന്തുണയും ലഭിച്ചു. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നത്.

സ്വന്തം ലേഖകൻ

യു കെ :- കോവിഡ് 19 മൂലം തകർച്ചയിലായ ബിസിനസ് സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ സ്കീമുകളിൽ തട്ടിപ്പ് നടത്തിയ ആറു പേർ അറസ്റ്റിൽ. ഓഗസ്റ്റിൽ ചാൻസിലർ ഋഷി സുനക് പ്രഖ്യാപിച്ച ‘ ഈറ്റ് ഔട്ട്‌ ടു ഹെല്പ് ഔട്ട്‌ ‘ എന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിനാണ് മൂന്നുപേർ അറസ്റ്റിലായതെന്ന് റവന്യൂ & കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ചൊവ്വാഴ്ച ലണ്ടനിൽ വെച്ചാണ് ഈ മൂന്നുപേരും അറസ്റ്റിലായത്. നികുതി വെട്ടിപ്പ് നടത്തി എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പംതന്നെ കൊറോണക്കാലത്തെ ഏർപ്പെടുത്തിയ ലോണുകൾ നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് മറ്റ് മൂന്ന് പേർ അറസ്റ്റിലായി. ഈ പദ്ധതിയിലൂടെ 1,40,000 പൗണ്ട് ഇവർ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരെ നാഷണൽ ക്രൈം ഏജൻസി കസ്റ്റഡിയിലെടുത്തിക്കുകയാണ്.

ഭൂരിഭാഗം ബിസിനസുകാരും ‘ ഈറ്റ് ഔട്ട്‌ ടു ഹെല്പ് ഔട്ട്‌ ‘ പദ്ധതിയെ തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടു, എന്നാൽ ചിലർ മാത്രമാണ് അതിനെ ഒരു തട്ടിപ്പിന്റെ ഉപാധിയായി എടുത്തതെന്ന് റവന്യൂ ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കാത്ത് ഡോയ്ൽ പറഞ്ഞു. ജനങ്ങൾ തരുന്ന നികുതി വെട്ടിക്കുവാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാരെ സഹായിക്കുന്നതിനാണ് ലോൺ പദ്ധതി നടപ്പിലാക്കിയത്. 50,000 പൗണ്ട് വരെ ലോൺ ഇല്ലാതെ ബിസിനസുകാർക്ക് ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി. ഇത്തരത്തിൽ രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുമ്പോൾ, തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നാഷണൽ ക്രൈം ഏജൻസിയും അറിയിച്ചു.

സ്വന്തം ലേഖകൻ

ബൈഡൻ 264 ഇലക്ടറൽ കോളേജ് വോട്ടിന് അടുത്ത് നിൽക്കെ, വിജയസാധ്യത ഏകദേശം ഉറപ്പിച്ചതായും, ബാക്കി വോട്ടുകൾ കൂടി എണ്ണി സമാധാനപരമായി ഫലം തീരുമാനിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു. പെൻസിൽവേനിയ, നവാട എന്നിവിടങ്ങളിൽ വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കേസ് ഫയൽചെയ്ത ട്രംപ് ജോർജിയയിലും അവസാന വോട്ടുകളിൽ സംശയം രേഖപ്പെടുത്തി. മിച്ചിഗൻ, വിൻകൺസിൻ എന്നിവിടങ്ങളിൽ കൂടി വിജയിച്ച ബൈഡൺ വൈറ്റ് ഹൗസിലേക്കുള്ള പാത എളുപ്പമാക്കി മുന്നേറുകയാണ്. പതിവായി ചുവപ്പ് മാത്രം വിജയിക്കുന്ന സ്ഥലങ്ങളിൽ ബൈഡൻ മുന്നിട്ടുനിൽക്കുന്നത് സംശയാസ്പദമാണെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ട്രംപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 270 ഇലക്ടറൽ വോട്ടുകളിൽ 6 എണ്ണം കൂടി ലഭിച്ചാൽ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവി ഉറപ്പിക്കും. ബാക്കിയുള്ള നാലു സ്റ്റേറ്റുകളിൽ കൂടി വിജയം ഉറപ്പിച്ചാൽ മാത്രമേ ട്രംപിന് മടങ്ങിവരവ് സാധ്യമാവൂ.

ചാതം കൗണ്ടിയിലെ സവന്നയിൽ 53 ലേറ്റ് ആബ്സെന്റി ബാലറ്റുകൾ കൂടി വൈകിയവേളയിൽ കൂട്ടിച്ചേർത്തതും ബൈഡൻ ഇലക്ഷനിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ച് ട്രംപ് ക്യാംപെയിൻ പ്രവർത്തകർ കേസ് ഫയൽ ചെയ്തു.” ബുധനാഴ്ച രാത്രി വൈകിയ വേളയിൽ ജോർജിയയിൽ46000 വോട്ടുകളുമായി ട്രംപ് മുന്നിലാണ്.

നെവാഡ,നോർത്ത് കരോലിന, ജോർജിയ പെൻസിൽവാനിയ എന്ന് സ്റ്റേറ്റുകളിൽ ഏതെങ്കിലും ഒരെണ്ണം ഉറപ്പിച്ചാൽ ബൈഡന് വിജയം സുനിശ്ചിതമാണ്. അതേസമയം ഇനിയും മർമ്മ പ്രധാനമായ നിരവധി കേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണാൻ ശേഷിക്കേ സ്വയം വിജയിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇക്കുറി വോട്ടിങ് ശതമാനം കൂടുതലായതിനാൽ ഫലപ്രഖ്യാപനവും നീളുന്നുണ്ട്. അസോസിയേറ്റഡ് പ്രസ്സ് ഫോക്സ് പോലെയുള്ളവ അരിസോണയിൽ ബൈഡന് മുൻതൂക്കം ഉറപ്പിക്കുന്നുണ്ട്. 90000 വോട്ടുകൾക്കു അദ്ദേഹം ലീഡ് ചെയ്യുന്നുണ്ട്.

ബൈഡൻ ചരിത്രത്തിലെ മറ്റേത് പ്രസിഡണ്ടുമാരേക്കാളും കൂടുതൽ വോട്ടുകൾ നേടി കഴിഞ്ഞു. രേഖപ്പെടുത്തിയ വോട്ടുകളുടെ 80 ശതമാനത്തോളം എണ്ണിക്കഴിഞ്ഞിരിക്കെയാണ് ബൈഡണ്‌ മുൻതൂക്കം. 2.6 മില്യൺ ബാലറ്റുകൾ എണ്ണി കഴിഞ്ഞു. തപാൽ വോട്ടുകളിൽ ഏറിയപങ്കും എണ്ണാൻ ബാക്കിയുണ്ട്, ഇനി വരാനിരിക്കുന്ന മണിക്കൂറുകൾ അങ്ങേയറ്റം നിർണായകമാണ്.

ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ട്രംപിന് തിരിച്ചുവരവ് ബുദ്ധിമുട്ടാകും എന്ന് ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. ” ഒരു രാത്രിയുടെ കൂടി അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വൈറ്റ് ഹൗസിലേക്കുള്ള പാത സുഗമമാവും. ഞാനിവിടെ നിൽക്കുന്നത് ജയിച്ചു എന്ന് ഉറപ്പിച്ചു പറയാനല്ല, പക്ഷേ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ വിജയം ഉറപ്പിക്കാമെന്ന് പ്രതീക്ഷ നൽകാനാണ്. തപാലിൽ 78 ശതമാനത്തോളം വരുന്ന വോട്ടുകളിൽ എനിക്ക് വിശ്വാസമുണ്ട്. അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം നമ്മൾ നേടിക്കഴിഞ്ഞു. സെനറ്റർ ഹാരിസും ഞാനും അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എഴുപത് മില്യൻ വോട്ടുകളിൽ അധികമാണ് ലഭിച്ചത്. ഇലക്ഷൻ ജയിച്ച കഴിഞ്ഞാൽ രാജ്യത്തിന്റെ അന്തരീക്ഷതാപനില കുറയ്ക്കുമെന്നും രാജ്യത്തെ ഒരുമിച്ച് നിർത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. എതിരാളികളെ ശത്രുക്കളായി കാണുന്നത് നമ്മൾ അവസാനിപ്പിക്കും.

നമ്മളെ ഒരുമിപ്പിക്കുന്ന ഒരേ ഒരു കാര്യം നമ്മൾ അമേരിക്കക്കാരാണ് എന്നതാണ്. ഓരോ വോട്ടും എണ്ണപ്പെടും. ഓരോ വ്യക്തിക്കും പ്രാധാന്യമുണ്ട്. നമ്മുടെ ജനാധിപത്യത്തെ ആരും എവിടേക്കും കൊണ്ടുപോകുന്നില്ല.നന്മയ്ക്കായി നമ്മൾ ഐക്യപ്പെട്ട് തന്നെ തുടരും” ബൈഡൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- യുകെയിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നീണ്ടു നിൽക്കുന്ന ലോക്ക്ഡൗണിന് നിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.നാല് ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഈ ലോക്ക്ഡൗണിൽ, ആളുകൾ പരമാവധി വീട്ടിൽ തന്നെ ഇരിക്കണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ മുതലായവ അടച്ചു തന്നെ ഇടണം എന്നാണ് നിർദേശം. ലോക്ക് ഡൗൺ ചട്ടങ്ങളെ സംബന്ധിച്ച് എംപിമാർക്കിടയിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. എന്നാൽ ചില ബിസിനസ് സ്ഥാപനങ്ങൾക്കും, കടകൾക്കും തുറക്കാനുള്ള അനുമതി ഗവൺമെന്റ് നിർദ്ദേശങ്ങളിൽ ഉണ്ട്. സൂപ്പർമാർക്കറ്റുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ലൈസൻസ് ഉള്ള മദ്യശാലകൾ,ഫാർമസികൾ,ഹാർഡ് വെയർ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, കാർ റിപ്പയർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് തുറക്കാനുള്ള അനുമതി ഉണ്ട്.


യുകെയിൽ രണ്ടാം പ്രാവശ്യമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിക്കുന്നത്. വിവാഹങ്ങൾക്ക് അനുമതി ഉണ്ടെങ്കിലും, ആറ് പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള അനുമതി നൽകിയിരിക്കുന്നത്. 30 പേർക്ക് വരെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ള അനുമതിയുണ്ട്. സ്കൂളുകൾ തുടർന്നും തുറന്നു പ്രവർത്തിക്കാൻ തന്നെയാണ് നിർദ്ദേശം.

ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് എതിരെ ചില കൺസർവേറ്റീവ് എംപിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ലേബർ പാർട്ടി തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ദിനംപ്രതി കൂടുന്ന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ അധികൃതരെയും, ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കട്ടപ്പന സ്വദേശിയായ യുവതി റെയ്ച്ചൽ തുണ്ടത്തിൽ (33) നിര്യാതയായി. റെഡ് ഡിങ് ൽ താമസിച്ചിരുന്ന റെയ്‌ച്ചൽ ഏതാനും നാളുകളായി ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു . രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനിൽ. സുനില്‍ റെയ്‌ച്ചൽ ദമ്പതികൾക്ക് മക്കളില്ല.

കട്ടപ്പന റ്റി.എസ് ബേബി സാറിന്റെയും (തുണ്ടത്തിലേട്ട് ) മണി ടീച്ചറിന്റെയും മകളാണ്. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റെയ്ച്ചലിൻറെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 131 വോട്ടുകളുമായി ബൈഡൻ മുന്നിൽ, ട്രംപിന് 92. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ജോ ബൈഡനാണ് മുൻതൂക്കം. സമാധാനപരമായ ഇലക്ഷൻ മുന്നേറി കൊണ്ടിരിക്കെ, വീട്ടിലിരുന്നു തന്നെ ബാലറ്റ് രേഖപ്പെടുത്തി കഴിഞ്ഞത് 100 മില്ല്യൻ വോട്ടർമാരാണ്. ഇലക്ഷനോടനുബന്ധിച്ച് തോക്കുകളുടെ വില്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, അക്രമ ഭീഷണികൾ നിലനിൽക്കെത്തന്നെ ചൊവ്വാഴ്ച സമാധാനപരമായ വോട്ടിംഗ് ആണ് നടന്നത്. ചിക്കാഗോയിൽ മാത്രം വോട്ട് ചെയ്യാൻ പോവുകയായിരുന്ന ഒരു വ്യക്തിക്ക് നേരെ ബേസ് ബോൾ സ്റ്റിക്കുകൾ കൊണ്ട് ആക്രമണഭീഷണി ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. നോർത്ത് കരോലിനയിലെ ചാർലറ്റിൽ ട്രംപിന്റെ മുഖംമൂടി ധരിച്ചെത്തിയ വ്യക്തിക്ക് നേരെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിൻെറ പേരിൽ കേസെടുത്തു.തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന റോബോട്ടിക് കോളുകൾ പലയിടത്തും ജനങ്ങൾക്ക് ലഭിച്ചിരുന്നു. നീണ്ട ക്യൂ ഉള്ളതിനാൽ ജനങ്ങൾ നാളെ തന്നെ വോട്ട് ചെയ്യണം എന്ന സന്ദേശമാണ് തെറ്റിദ്ധാരണ പരത്തിയതെന്ന് മൽചിഗൻ അറ്റോണി ജനറൽ ഡാന നെസ്സൽ പറഞ്ഞു.ഉറവിടം അന്വേഷിച്ചുവരികയാണ്.

1968 മുതൽ റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് ഉറപ്പിക്കുന്ന സൗത്ത് ഡക്കോട്ടയിൽ ട്രംപിനാണ് ആണ് സാധ്യത കൂടുതൽ.1992 മുതൽ ഡെമോക്രാറ്റിന് മാത്രം വിജയമുള്ള കണക്ടിക്കട്ട് സ്റ്റേറ്റിൽ ബൈഡന് സാധ്യത കൂടുതലുണ്ട്. ഇക്കുറി കൂടുതൽ യുവജനങ്ങൾ വോട്ട് ചെയ്യാൻ ഉള്ളതിനാൽ ട്രംപിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ബൈഡൻ മുന്നോട്ടു കുതിക്കുന്നുണ്ട്. 2016ലെ വോട്ടിംഗ് നിലയെക്കാൾ വളരെ കൂടുതലാണ് ഇക്കുറി. അതിനാൽ മത്സരവും കടുക്കുന്നു. ബൈഡൻ ന്യൂയോർക്കിൽ പിടിമുറുക്കുമ്പോൾ, ട്രംപ് ആർകാൻസാസിൽ മുന്നിട്ടുനിൽക്കുന്നു. ബൈഡൻ 89 സീറ്റുകൾ ഉറപ്പിച്ചപ്പോൾ, ട്രംപിന് നിലവിൽ 72 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ വേണം.

1992ൽ ജോർജ്ജ് ബുഷ് നുശേഷം എല്ലാ അമേരിക്കൻ പ്രസിഡന്റ്മാരും ഭരണത്തുടർച്ച നേടിയവരായിരുന്നു. ട്രംപ് ഇക്കുറി അത് നിലനിർത്തുമോ എന്ന് കണ്ടറിയണം. തപാൽ വോട്ടുകളിൽ അധികവും ബൈഡനെയാണ് തുണയ്ക്കുന്നത്. ഡെല്ലവെയറിൽ യുഎസ് ചരിത്രത്തിൽ തന്നെ ആദ്യത്തെ ട്രാൻസ് ജെൻഡർ സ്റ്റേറ്റ് സെനട്ടറെ തെരഞ്ഞെടുത്തിരിക്കുകയാണ്. എൽ ജി ബി ടി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്ത സാറയുടെ വിജയം മാറ്റത്തിന്റെ സൂചികയാണ്. സ്ത്രീകളും ആഫ്രിക്കൻ അമേരിക്കൻ വംശജരും, മറ്റ് മിശ്ര വംശജരും ബൈഡനെയാവും തുണയ്ക്കുക.

സ്വന്തം ലേഖകൻ

യു കെ :- യു കെയിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 20,018 പേർക്ക് കൊറോണ ബാധിച്ചതായി പുതിയ റിപ്പോർട്ട്‌. ആരോഗ്യ വകുപ്പ് പുറത്തിരക്കിയ കണക്കുകൾ പ്രകാരമാണ് ഇത്. ഇതോടെ രാജ്യത്ത് ഇതു വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,073,882 ആയി. രാജ്യത്തെ മൊത്തം മരണ നിരക്ക് 47,250 ആയും ഉയർന്നു. ആറുമാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണനിരക്കും ഇന്നലെയാണ് രേഖപ്പെടുത്തിയത്.

എന്നാൽ യു കെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിസ് നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മരണനിരക്ക് 63000 എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ, കൊറോണ മരണങ്ങൾ ഒരാഴ്ചയിൽ 45 ശതമാനത്തോളം ഉയർന്നതായി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 670 പേരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഗവണ്മെന്റ്.

ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ വേറെ ഒരു മാർഗ്ഗവുമില്ലെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്തു പറഞ്ഞു.

സ്വന്തം ലേഖകൻ

നോർത്ത് കൊറിയ:- നോർത്ത കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൊറോണ ബാധിതരെ രഹസ്യ ക്യാമ്പുകളിൽ പാർപ്പിച്ചു പട്ടിണിക്കിട്ട് കൊല്ലുന്നതായി റിപ്പോർട്ട്. തന്റെ രാജ്യത്ത് ഒരാൾക്കുപോലും കൊറോണ ബാധിച്ചിട്ടില്ലെന്ന് മുൻപ് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോൾ കൊറോണ ബാധിതരായവരെ പട്ടിണിക്കിട്ട് കൊല്ലുകയാണ് എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചികിത്സ സൗകര്യങ്ങൾ ഒന്നും തന്നെ ഇത്തരം ക്യാമ്പുകളിൽ രോഗികൾക്ക് ലഭിക്കുന്നില്ല. ആവശ്യമായ ഭക്ഷണവും രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ടിം പീറ്റേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ക്വാറന്റൈൻ ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ അധികൃതർ അറിയാതെയാണ് ഭക്ഷണം ഇത്തരം രോഗികൾക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. രോഗബാധിതരായവർ മിക്കവാറും പേരും മരണപ്പെടുകയാണ്. ആവശ്യമായ ചികിത്സ ഒന്നും തന്നെ രോഗികൾക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗത്തെ ഒരു പ്രേതബാധ പോലെയാണ് കിംമിന്റെ ഗവൺമെന്റ് കാണുന്നതെന്ന് പാസ്റ്റർ ഡേവിഡ് ലീ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗബാധയുടെ കൃത്യമായ കണക്കുകൾ ഒന്നുംതന്നെ എടുക്കുവാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ 75 മത് സ്ഥാപകദിനം ആഘോഷിച്ച്, കഴിഞ്ഞ മാസം നടത്തിയ ചടങ്ങിൽ കൊറോണ ബാധ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാൻ സഹായിച്ച എല്ലാ പട്ടാളക്കാർക്കും കിം ജോങ് ഉൻ നന്ദി പറഞ്ഞിരുന്നു. തന്റെ രാജ്യത്ത് ഇതുവരെ ഒരാൾക്കുപോലും കൊറോണാ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കൊറോണ ബാധ മൂലം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർച്ചയിലേക്കാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.നോർത്ത് കൊറിയയിലെ 40 ശതമാനം ജനങ്ങളും പട്ടിണി അനുഭവിക്കുന്നതായി യു എൻ പുറത്തിറക്കിയ കണക്കിൽ പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങൾ കൂട്ടംകൂടിയുള്ള പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ. രണ്ടിൽ കൂടുതൽ ആളുകൾ ഉൾപ്പെടുന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസിന് അധികാരം നൽകുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി. പ്രതിഷേധക്കാർക്കുള്ള ഇളവുകൾ നീക്കംചെയ്യണമെന്നും നിയമങ്ങൾ വ്യക്തവും നീതിയുക്തവുമാണെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഈ കാര്യത്തെ സംബന്ധിച്ച് പ്രീതി പട്ടേൽ ചീഫ് കോൺസ്റ്റബിൾമാരെ അറിയിച്ചിട്ടുണ്ട്. നിയമങ്ങൾ നടപ്പാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഈ നീക്കം മനുഷ്യാവകാശ ലംഘനമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ആദ്യ ലോക്ക്ഡൗൺ സമയത്ത് ആയിരക്കണക്കിന് ആളുകൾ നിരത്തിലിറങ്ങി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

അതേസമയം ലിവർപൂളിൽ ക്രിസ്മസിന് മുമ്പ് നടത്തുന്ന പൈലറ്റ് കോവിഡ് ടെസ്റ്റിംഗ് വിജയകരമാകുമെങ്കിൽ രാജ്യത്തുടനീളം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരു പൈലറ്റ് സ്കീമിന് കീഴിൽ, നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആവർത്തിച്ചുള്ള കോവിഡ് -19 പരിശോധന ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ടെസ്റ്റുകളും നടത്തപ്പെടും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് ഇതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടു.

പൈലറ്റ് ടെസ്റ്റിംഗ് നടപ്പാക്കാനായി 2000 വോളിന്റിയറുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. “ഞങ്ങളുടെ നിരവധി സംഭാഷണങ്ങളുടെ ഫലമായി പൈലറ്റ് ടെസ്റ്റിംഗ് നടത്തപ്പെടുന്ന ആദ്യ പ്രദേശമായി ലിവർപൂൾ മാറി. അതിൽ സന്തോഷമുണ്ട്.” മേയർ ജോ ആൻഡേഴ്സൺ പറഞ്ഞു. ഈ ദ്രുത പരിശോധനയിലൂടെ പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥർക്ക് അവരുടെ നഗരത്തിലോ പ്രദേശത്തിലോ രോഗം പൊട്ടിപുറപ്പെടുന്നതിന്റെ വ്യക്തമായ ചിത്രം നൽകാനാവുമെന്നും വൈറസ് വ്യാപനം കൂടുതൽ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ടെസ്റ്റുകളിൽ നിന്നുള്ള പോസിറ്റീവ് ഫലങ്ങൾ എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്സ് ശേഖരിക്കുകയും ദൈനംദിന കേസുകളുടെ ഭാഗമായി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലണ്ടിൽ ടയർ 3 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യ പ്രദേശമായിരുന്നു ലിവർപൂൾ.

RECENT POSTS
Copyright © . All rights reserved