ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ഡൗണിങ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്. 2020 മുതൽ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും നടന്ന പാർട്ടികളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രേയുടെ അന്വേഷണ റിപ്പോർട്ട് പൂർത്തിയായെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം നിയമം ലംഘിച്ചതായി പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ബോറിസ് ജോൺസൺ ജനസഭയിൽ പറഞ്ഞു. ഇത് പൊതുജനങ്ങൾക്ക് വ്യക്തത നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 2020 മേയിൽ യുകെ കർശന ലോക്ഡൗണിലായിരിക്കെ, പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മദ്യവിരുന്നിൽ പങ്കെടുത്തതിന് ജോൺസൻ ക്ഷമാപണം നടത്തിയിരുന്നു. ലോക് ഡൗൺ കാലത്തെ മദ്യവിരുന്നുകൾ സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകളാണ് ഇതുവരെ ഉണ്ടായത്. 2020 ജൂണിൽ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടി നടത്തിയെന്ന ആരോപണമാണ് ഏറ്റവും പുതിയത്.
ആദ്യ ലോക്ക്ഡൗണിൽ ബോറിസ് ജോൺസന്റെ ജന്മദിനം ആഘോഷിക്കാൻ നമ്പർ 10ൽ ജീവനക്കാർ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. 2020 ജൂൺ 19ന് നടന്ന പരിപാടിയിൽ 30 പേർ വരെ പങ്കെടുത്ത് കേക്ക് മുറിച്ചും ജന്മദിന ആശംസ പാടിയും ആഘോഷിച്ചതായി ഐടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്നത്തെ നിയന്ത്രണങ്ങൾ പ്രകാരം രണ്ടിൽ കൂടുതൽ ആളുകൾക്ക് കണ്ടുമുട്ടാൻ അനുവാദം ഉണ്ടായിരുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ട് ഏകദേശം ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇംഗ്ലണ്ടിൽ വ്യാഴാഴ്ച സ്കൂളിൽ ഹാജരാകാതിരുന്നത്. സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞുവരികയാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് നാലിലൊന്ന് സ്കൂളുകളിലെ അധ്യാപകരുടെയും അധികൃതരുടെയും അഭാവം 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ ആകമാന കണക്കുകൾ എടുക്കുമ്പോൾ ഏകദേശം 9% അധ്യാപകരും ഹാജരായിരുന്നില്ല. വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള അധികാരം സ്കൂൾ അധികൃതർക്ക് വിട്ടു നൽകിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. പാൻഡെമിക് അവസ്ഥയിൽനിന്ന് രാജ്യം എൻഡമിക് അവസ്ഥയിലേക്ക് നീങ്ങുമ്പോൾ കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി താൻ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കുക എന്നതുൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ സ്കൂളുകളിൽ പാലിക്കേണ്ടതില്ലെന്നും സർക്കാർ പറയുന്നു. ഹാജരാകാത്ത ഒരു ദശലക്ഷം വിദ്യാർഥികളിൽ 12.6 ശതമാനം പേരും കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സ്‌കൂളിൽ ഹാജരാകാത്തവരാണ്.
ഈ അധ്യായന വർഷത്തിൽ കോവിഡ് മൂലം വിദ്യാർത്ഥികളുടെ അഭാവം വളരെ കൂടുതലാണ് എന്ന് നാഷണൽ അസോസിയേഷൻ ഓഫ് ടീച്ചേഴ്‌സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. ജീവനക്കാരുടെ അഭാവം മൂലം സ്കൂളുകൾ പ്രവർത്തിക്കാൻ പാടുപെടുകയാണെന്നും ഏകദേശം പത്ത് ശതമാനത്തോളം സ്റ്റാഫുകളുടെ സ്‌ഥാനം ശരാശരി ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ചില സ്കൂളുകളിൽ ഈ കണക്കുകൾ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യം അവസാന വർഷ വിദ്യാർഥികൾക്ക് കനത്ത സമ്മർദ്ദം ആണ് നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പത്തൊൻപതുകാരിയായ ലോറൻ മാൾട്ട് കാർ ക്രാഷിൽ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ട് നോർഫോക്കിലെ വെസ്റ്റ് വിഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിനും ആമാശയത്തിലും മറ്റുമേറ്റ മുറിവുകളാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.
ലോറന്റെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച വാഹനം ഓടിച്ച ഡ്രൈവറും ലോറന്റെ പിതാവുമായ നൈജൽ മാൾട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഇയാളെ നോർവിച്ച് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കും.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലോറന്റെ മരണം ഇപ്പോഴും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന നൈജൽ അമിതമായി മദ്യപിച്ചിരുന്നതായും ഇതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഇയാൾ പോലിസ് കസ്റ്റഡിയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റ് : ആൾട്ടൺ ടവേഴ്‌സ് തീം പാർക്കിൽ ആയിരം ജോലി ഒഴിവുകൾ. ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഹിൽട്ടൺ ഫെസ്റ്റിവൽ പാർക്ക് ഹോട്ടൽ ഡബിൾ ട്രീയിൽ നടത്തുന്ന സ്റ്റോക്ക് ജോബ്‌സ് ഫെയറിലെ റിക്രൂട്ട്‌മെന്റ് ഇവന്റിൽ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. റൈഡ് ഓപ്പറേറ്റർമാർ, അഭിനേതാക്കൾ, റീട്ടെയിൽ അസിസ്റ്റന്റുമാർ, റെസ്റ്റോറന്റ്, ബാർ ഹോസ്റ്റുകൾ എന്നിവരെയാണ് പ്രധാനമായും തേടുന്നത്. ഹോട്ടൽ അധിഷ്ഠിത ജോലി ഒഴിവുകളുമുണ്ട്. ഒഴിവുകളെപറ്റി കൂടുതൽ അറിയാനും സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനും ജോബ് ഫെയറിൽ അവസരമുണ്ട്.
2022 സീസണിൽ ആൾട്ടൺ ടവേഴ്‌സ് അവരുടെ സിബിബീസ് ലാൻഡിൽ മൂന്ന് പുതിയ ആകർഷണങ്ങൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോലിക്കാരെ തേടുന്നത്. ഹേ ഡഗ്ഗി ബിഗ് അഡ്വഞ്ചർ ബാഡ്ജ്, ആൻഡീസ് അഡ്വഞ്ചേഴ്സ് ദിനോസർ ഡിഗ്, ജോജോ & ഗ്രാൻ ഗ്രാൻ അറ്റ് ഹോം എന്നിവ തീം പാർക്കിന്റെ ഭാഗമാകും.
നിലവിലെ ഒഴിവുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ:
www.altontowersjobs.com
വൃത്തിയും കർശനമായ സുരക്ഷാ നിയമങ്ങളും പാലിച്ച് റൈഡുകൾ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്ക് റൈഡ് ഓപ്പറേറ്റർ ആകാം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
2016 മെയ് മാസത്തിൽ ആരംഭിച്ച യുകെയിലെ ആദ്യത്തെ റോളർകോസ്റ്റർ റെസ്റ്റോറന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം. അതോടൊപ്പം ഈ വർഷത്തെ സ്കാർഫെസ്റ്റിൽ പങ്കെടുക്കാൻ അഭിനേതാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ആൾട്ടൺ ടവേഴ്സ് റിസോർട്ട് അറിയിച്ചു. വർഷം മുഴുവൻ ഓഡീഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിഷനുകളിൽ തിരിച്ചറിയൽ രേഖയായി സാധുവായ പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ ദേശീയ ഇൻഷുറൻസ് നമ്പറോ സമർപ്പിക്കാം. റീട്ടെയിൽ ഹോസ്റ്റ്, അഡ്മിഷൻ ഹോസ്റ്റ് തുടങ്ങി മറ്റ് നിരവധി അവസരങ്ങളും തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.
ലണ്ടൻ : ഒരു പാർട്ടി നടത്തണമെന്ന് ആഗ്രഹമുണ്ടോ? അത് ഒരു വിമാനത്തിനുള്ളിൽ ആയാലോ? എന്നാൽ അതിനായി ഉടൻ അവസരമൊരുങ്ങുകയാണ്. ബ്രിട്ടീഷ് എയർവേസിന്റെ നെഗസ് 747 വിമാനമാണ് ഒരു പാർട്ടി വിമാനമായി രൂപം മാറിയത്. നിലവിൽ ഒരു കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്‌സ്‌വോൾഡ്‌സ് എയർപോർട്ടിലാണ് വിമാനം ഉള്ളത്. കോവിഡ് കാരണം ബ്രിട്ടീഷ് എയർവേസ് നേരത്തെ പിൻവലിച്ച ഫ്‌ളീറ്റിൽ ഉൾപ്പെട്ട വിമാനമാണ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന ഹാർവി വെറും 1 പൗണ്ടിന് വാങ്ങിയത്. ഫ്‌ളീറ്റുകൾ നശിപ്പിക്കപ്പെട്ടെങ്കിലും ഈ വിമാനം ഒരു പുരാവസ്തു പോലെയോ മ്യൂസിയം പോലെയോ സൂക്ഷിക്കാമോ എന്ന് സൂസന്ന ചോദിച്ചു. അങ്ങനെ സാങ്കേതികമായി വിമാനം വിൽക്കേണ്ടി വന്നു. ഇടപാട് തുക – 1 പൗണ്ട്!
വിമാനം പൊതു ഉപയോഗത്തിനായി സൂക്ഷിക്കുമെന്നത് കരാറിന്റെ ഭാഗമാണെന്ന് സൂസന്ന വ്യക്തമാക്കി. ഒരു പൗണ്ടിനാണ് വാങ്ങിയതെങ്കിലും പാർട്ടി വിമാനം ആക്കി രൂപം മാറ്റാൻ കമ്പനിക്ക് ഏകദേശം 500,000 പൗണ്ട് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. വിമാനത്തിന്റെ പുറമെയുള്ള ഘടന അതേപടി തുടരുന്നുവെങ്കിലും ഉള്ളിൽ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ബാറും സജ്ജമാക്കിയിട്ടുണ്ട്. വളരെ പഴക്കമുള്ള ഈ വിമാനം 2020 ഒക്‌ടോബറിലാണ് സൂസന്ന വാങ്ങിയത്. ഇപ്പോൾ സ്വകാര്യ ജന്മദിന പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഇവന്റുകൾ വരെ ഈ വിമാനത്തിനുള്ളിൽ നടത്താൻ കഴിയുമെന്നതാണ് പ്രധാന ആകർഷണം.
ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിൽ 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടി വരും. പൊതുജനങ്ങൾക്ക് പാർട്ടികൾ ബുക്ക് ചെയ്യാനായി ഒരു ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സൂസന്ന കൂട്ടിച്ചേർത്തു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.
പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മുഴുവൻ ഇപ്പോഴും കോവിഡിൻെറ ദുരന്തമുഖത്താണ്. മഹാമാരി പല രീതിയിലുള്ള ആരോഗ്യ പ്രതിസന്ധികളെയാണ് വൈറസ് ബാധിച്ചവരിൽ സൃഷ്ടിച്ചത്. 56 ലക്ഷത്തിലധികം പേരുടെ ജീവനാണ് ലോകത്താകെ കോവിഡ് തട്ടിയെടുത്തത് . ജനിതകമാറ്റം വന്ന് പലരൂപത്തിൽ കൊറോണവൈറസ് മനുഷ്യരാശിയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു. വൈറസ് ബാധിച്ചവരുടെ പല ശാരീരിക പ്രശ്നങ്ങളും ആരോഗ്യരംഗത്തെ ഇപ്പോഴും കുഴയ്ക്കുന്ന പ്രശ്നങ്ങളാണ് .ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് ഒരു മാസത്തോളം കോമയിൽ ആയിരുന്നു സംഭവം ആരോഗ്യവിദഗ്ധർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
31 ആഴ്ച ഗർഭിണിയായിരുന്നപ്പോഴാണ് 29 കാരിയായ എറെം അലിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗിൽഫോർഡിലെ റോയൽ സറേ കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധം നഷ്ടപ്പെട്ട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ശ്വാസകോശത്തെ ഗുരുതരമായി വൈറസ് ബാധിച്ചിരുന്ന തുടർന്ന് അവളെ വിദഗ്ധചികിത്സയ്ക്കായി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു.
മൂന്നാഴ്ചകൾക്ക് ശേഷമാണ് എറെം കോമയിൽ നിന്ന് ഉണർന്നത് . പക്ഷേ അവൾക്ക് ഒന്നും ഓർമ്മയില്ലായിരുന്നു . തനിക്ക് മൂന്നര ആഴ്ച പ്രായമുള്ള ഒരു കുട്ടിയുള്ള കാര്യം അപ്പോഴാണ് അവൾ അറിയുന്നത്. ഗുരുതരമായ അണുബാധയെത്തുടർന്ന് 5 ആഴ്ച കഴിഞ്ഞാണ് അവൾക്ക് തൻെറ കുഞ്ഞിനെ കാണാൻ സാധിച്ചതുതന്നെ. കുട്ടിയെ മറ്റൊരു ആശുപത്രിയിലാണ് പാർപ്പിച്ചിരുന്നത്. എറെമിന് എല്ലാം ഒന്നേന്ന് തുടങ്ങേണ്ടി വന്നു. നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം അവൾക്ക് പുതിയതായി പഠിക്കേണ്ടി വന്നു. പക്ഷേ അവളുടെ അതിജീവനും അത്ഭുതകരമായിരുന്നു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവൾ കഴിഞ്ഞ മാർച്ചിൽ ആശുപത്രിയിൽനിന്ന് വീട്ടിലെത്തി.
ഭർത്താവ് ജുനൈദും തൻറെ മറ്റു രണ്ടു കുട്ടികൾ ആര്യ (5), സക്കറിയ( 2) എന്നിവർക്കും തൻറെ കുഞ്ഞിനുമൊപ്പം അവൾ സുഖമായിരിക്കുന്നു. ജീവിതത്തിൽ നിന്നും കോവിഡ് മായിച്ചു കളഞ്ഞ ഒന്നര മാസത്തിനുശേഷം തൻറെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയതിൻെറ സന്തോഷത്തിലാണ് എറെം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടന്റെ സാമ്പത്തിക വളർച്ച 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകൾ. കോവിഡ് കേസുകളിലെ വർധന സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായി. പണപെരുപ്പം ഉയർന്നതും വലിയ തിരിച്ചടിയായി. ഐഎച്ച്എസ് മാർകിറ്റ് /സിഐപിഎസ് സൂചിക ഈ മാസം 53.4 ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. ഹോസ്പിറ്റാലിറ്റി, വിനോദം, യാത്രാ എന്നീ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.
ഊർജ വില വർധനയും ജീവനക്കാരുടെ ചെലവും മൂലം ബിസിനസുകൾ വലിയ സമ്മർദത്തിലായി. ഒമിക്രോൺ കേസുകൾ പല ബിസിനസുകളെയും സാരമായി ബാധിച്ചുവെന്നും ഇത് വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും ഐഎച്ച്എസ് മാർകിറ്റ് -ലെ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസൺ വ്യക്തമാക്കി. ഡിസംബറിലെ 53.6 എന്ന നിലയിൽ നിന്നാണ് പിന്നെയും താഴ്ന്നത്.
ഹോസ്പിറ്റാലിറ്റി, വിനോദം ഉൾപ്പെടെ പല ബിസിനസ് മേഖലകളിലും തുടർച്ചയായി മൂന്നാം മാസവും ഈ പ്രതിസന്ധി തുടർന്നു. കോവിഡ് നിയന്ത്രണങ്ങളും ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതുമാണ് വളർച്ചയ്ക്ക് തടസ്സമായതെന്ന് സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വ്യക്തമാക്കി.
ലണ്ടൻ : എനർജി ബില്ലുകളിൽ നികുതി വെട്ടികുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ സാധ്യമായ മാർഗങ്ങളിലൊന്നാണ് ഈ നടപടി. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ഋഷി സുനക്കും ഈയാഴ്ച കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 7 ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ, ഗാർഹിക ഇന്ധന നികുതി ഒഴിവാക്കുന്നതിനെ പ്രധാനമന്ത്രി എതിർത്തിരുന്നു. എന്നാൽ ജീവിതച്ചെലവിലുണ്ടാകുന്ന വർധന ധാരാളം കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എനർജി ബില്ലിൽ മൂല്യ വർധിത നികുതി വെട്ടികുറച്ചാൽ അത് താത്കാലിക ആശ്വാസം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.
നികുതി വെട്ടിക്കുറച്ചാൽ ട്രഷറിക്ക് 1.7 ബില്യൺ പൗണ്ട് ചിലവാകും. കൂടാതെ ഒരു ശരാശരി ഗാർഹിക ഇന്ധന ബില്ലിൽ നിന്ന് ഏകദേശം 60 പൗണ്ട് കുറയും. ഏപ്രിൽ മുതൽ ബില്ലുകളിൽ 50 ശതമാനം വർധന ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ സുപ്രധാന നീക്കം ഉണ്ടാവുന്നത്. എന്നാൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെയും കുറഞ്ഞ വേതനം വാങ്ങുന്നവരെയും സഹായിക്കുന്ന ‘ബ്രോഡ് ബ്രഷ്’ നടപടിക്ക് മന്ത്രിമാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
സമൂഹത്തിലെ ധാരാളം വിഭാഗങ്ങളെ നികുതി വർധന ദോഷകരമായി ബാധിക്കുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാർ ഇപ്പോൾ ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ കണക്കുകൾ വിശകലനം ചെയ്തപ്പോൾ, ദാരിദ്ര്യത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ എണ്ണം നിലവിൽ 38 ലക്ഷമാണെന്ന് കണ്ടെത്തി. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വന്ന ശേഷം കണക്കുകളിൽ വൻ വർധന ഉണ്ടായി.
2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടം കാമ്പെയ്‌നിനിടെ, യുകെ യൂറോപ്യൻ യൂണിയൻ വിട്ടാൽ എനർജി ബില്ലുകളിൽ വാറ്റ് ഒഴിവാക്കുമെന്ന് ജോൺസണും മൈക്കൽ ഗോവും പ്രതിജ്ഞയെടുത്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ :- ഉക്രൈനിലെ യുഎസ് എംബസി സ്റ്റാഫുകളുടെ കുടുംബാംഗങ്ങളോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ്. ഇതോടൊപ്പംതന്നെ പ്രധാന ചുമതലകളില്ലാത്ത സ്റ്റാഫുകളോടും തിരികെ പോകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലുള്ള യുഎസ് പൗരൻമാരോടും തിരികെ പോകണമെന്ന മുന്നറിയിപ്പുകൾ യുഎസ് നൽകിക്കഴിഞ്ഞു. റഷ്യ ശക്തമായ മിലിറ്ററി ആക്രമണം ഉക്രയിന് മേൽ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദ്ദേശങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. ഇതോടൊപ്പംതന്നെ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. യുഎസ് പൗരൻമാർക്ക് മേൽ ആക്രമണങ്ങളും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഈ തീരുമാനം. യുഎസ് എംബസി ഉക്രൈനിൽ തുടർന്നും പ്രവർത്തിക്കുമെന്നും എന്നാൽ ഏതുസമയത്തുമൊരു ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുനൽകി കഴിഞ്ഞതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. റഷ്യയുടെ ശക്തമായ മിലിറ്ററി ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവൺമെന്റ് ഇപ്പോൾ യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച യുഎസിൽ നിന്നുള്ള ആയുധ സഹായവും മറ്റും ഉക്രൈനിൽ എത്തിയിട്ടുണ്ട്. ഉക്രൈനിന് ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അറിയിച്ചു. 2014 ലിലും ഇത്തരത്തിൽ റഷ്യ ഉക്രൈനിന് മേൽ ആക്രമണം നടത്തി, ഉക്രൈനിലെ പ്രദേശങ്ങൾ കയ്യേറിയിരുന്നു. യു കെയും തങ്ങളുടെ സഹായങ്ങൾ ഉക്രൈയിനിന് പ്രഖ്യാപിച്ചിട്ടുണ്ട്.