Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശനിരക്ക് അടുത്തവർഷം രണ്ട് ശതമാനമോ അതിൽ കൂടുതലോ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. പണപെരുപ്പ തോത് നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഔട്ട്ഗോയിംഗ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം മൈക്കൽ സോണ്ടേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ പലിശ നിരക്ക് 0.1% ൽ നിന്ന് 1.25% ആയി ഉയർത്തിയിട്ടുണ്ട്. ജൂണിൽ നടന്ന മീറ്റിംഗിൽ നിരക്ക് 1.5% ആയി വർധിപ്പിക്കാൻ സോണ്ടേഴ്‌സ് വോട്ട് ചെയ്തിരുന്നു.

പണപ്പെരുപ്പം ഇതിനകം 9.1 ശതമാനമായിരിക്കെ വർഷാവസാനത്തോടെ 11 ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം. അതിനാൽ, പലിശനിരക്കുകൾ 2 ശതമാനമോ അതിലധികമോ ആയി ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സോണ്ടേഴ്‌സ് പറഞ്ഞു. പലിശ നിരക്ക് കുത്തനെ ഉയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് ചെലവ് കുതിച്ചുയരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

ആഗോള വിതരണ പ്രശ്‌നങ്ങളിലോ ഊർജ വിലയിലോ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് യാതൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട ഒറ്റത്തവണ പലിശ നിരക്കിൽ മാറ്റം വരുത്താൻ കഴിയും. അടിസ്ഥാന നിരക്ക് 2 ന് മുകളില്‍ എത്തുക എന്നു പറഞ്ഞാല്‍ അത് പ്രതികൂലമായി ബാധിക്കുക മോര്‍ട്ട്‌ഗേജ് ഉള്ളവരേയും മറ്റു തരത്തിലുള്ള ബാങ്ക് വായ്പകള്‍ എടുത്തവരെയുമായിരിക്കും. മലയാളികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാകും. ഉപഭോക്താക്കൾ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും തുടർച്ചയായുള്ള നിരക്ക് വർധന മോർട്ട്ഗേജ് മാർക്കറ്റിന് ആക്കം കൂട്ടുന്നുവെന്നും മണിഫാക്ടിലെ സാമ്പത്തിക വിദഗ്ധയായ റേച്ചൽ സ്പ്രിംഗാൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം കടുക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഇന്നലെ അഞ്ചു സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത ടിവി ഡിബേറ്റ് ഒരുക്കിയ ലീഡേഴ്‌സ് ഡിബേറ്റിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുൻ ചാൻസലർ ഋഷി സുനകിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. സുനക്, 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് നികുതി ഉയർത്തിയെന്നും ഇത് സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും കുറ്റപ്പെടുത്തി. അതേസമയം, പകർച്ചവ്യാധി സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് സുനക് വ്യക്തമാക്കി. ഇത് വെറും സാമ്പത്തിക ശാസ്ത്രമല്ല എന്ന് അദ്ദേഹം തിരിച്ചടിച്ചു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എങ്ങനെ നിയന്ത്രണത്തിലാക്കാം എന്നതായിരുന്നു തർക്കവിഷയം.

അതേസമയം, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് പുതിയ കാബിനറ്റിൽ സ്ഥാനം നൽകുമെങ്കിൽ കൈ ഉയർത്താൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന ആൾ മത്സരത്തിൽ നിന്നും പുറത്താകും. ജൂലൈ 21ന് മുൻപ് മത്സരം രണ്ട് പേരിലേക്ക് ചുരുങ്ങും. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷൻ സംബന്ധിച്ച് പെന്നി മോർഡൗണ്ടും കെമി ബാഡെനോക്കും തമ്മിൽ വാക്കുതർക്കമുണ്ടായി. ജെന്‍ഡര്‍ സെല്‍ഫ് ഐഡന്റിഫിക്കേഷനെ താന്‍ പിന്തുണക്കുന്നില്ല എന്ന നിലപാടിൽ പെന്നി ഉറച്ചുനിന്നു.

സുനക് തന്റെ ഭാര്യ അക്ഷതയുടെ നികുതി നിലയെയും കുടുംബ സമ്പത്തിനെയും ന്യായീകരിച്ചു. ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത് ഇരിക്കുമോ എന്ന ചോദ്യത്തിന്, ലിസ് ട്രസ് ഒഴികെയുള്ളവർ മറുപടി നൽകിയില്ല. ഒപ്പം, 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള യുകെയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കിഴക്കൻ ലണ്ടനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഹാവെറിംഗിൽ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഹിന ബഷീറിനെ (21) ഇൽഫോർഡിൽ നിന്ന് കാണാതായിരുന്നു എന്ന് മെറ്റ് പോലീസ് പറഞ്ഞു . ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലന്നും , എന്നാൽ ഇരുപത്തിയൊന്നുകാരിയുടെ കുടുംബത്തെ വിവരം അറിയിച്ചതായും മെറ്റ് പോലീസ് അറിയിച്ചു.

മകളുടെ വിയോഗത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തിന് എല്ലാ പിന്തുണയും തങ്ങൾ നൽകുമെന്ന് പോലീസ് അറിയിച്ചു . കേസന്വേഷണം അതിവേഗം പുരോഗമിക്കുന്നുണ്ട് . ഇപ്പോൾ ഒരാൾ അറസ്റ്റിലാണെന്നും മെറ്റിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡിൽ നിന്നുള്ള ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഡേവ് വെല്ലംസ് പറഞ്ഞു . അന്വേഷണത്തിലൂടെ ഹിനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുവാൻ സാധിക്കുമെന്നുo അദ്ദേഹം കൂട്ടിച്ചേർത്തു . കേസിൽ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും വിവരങ്ങൾ നൽകാൻ സാധിക്കുന്നവർക്ക് 101 (റഫറൻസ് 2674/14JUL) എന്ന നമ്പറിൽ പോലീസിനെയോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സ് സെല്ലിലേയ് ക്കോ വിളിച്ച് വിവരങ്ങൾ നൽകാനായിട്ട് സാധിക്കും .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. കടുത്ത ചൂട് ജീവന് അപകടമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ ആളുകൾക്ക് വീട്ടിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്. ഉയർന്ന താപനില പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിലെ 184 മൈൽ ട്രാക്ക് ചൊവ്വാഴ്ച അടയ്ക്കാൻ നെറ്റ്‌വർക്ക് റെയിൽ തീരുമാനിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൻ യാത്ര ഒഴിവാക്കണം. റോഡിൽ ചൂട് കൂടുമെന്നും ടയറുകൾ പൊട്ടാൻ സാധ്യത ഉള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ബ്രിട്ടനിൽ ഇന്ന് ഡൽഹിയേക്കാളും സഹാറ മരുഭൂമിയേക്കാളും ചൂട് അനുഭവപ്പെടും. പീറ്റർബറോയിൽ 37 ഡിഗ്രി സെൽഷ്യസും മിൽട്ടൺ കെയിൻസ്, നോർവിച്ച്, ലിങ്കൺ എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസുമായി ചൂട് ഉയരും. ലണ്ടനിൽ ചൊവ്വാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്താം. കനത്ത ചൂട് ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കും. ശിശുക്കൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പോർച്ചുഗലിലെയും സ്പെയിനിലെയും ഉഷ്ണതരംഗം മൂലം ഇതുവരെ 1,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ കാലാവസ്ഥാ ഏജൻസികളുടെ കണക്ക് പ്രകാരം, വ്യാഴാഴ്ച മാത്രം 440 മരണങ്ങൾ രേഖപ്പെടുത്തി. പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപിന്‍റെ തെക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗം ആഞ്ഞ് വീശുകയാണ്. ഇതിന്‍റെ ഫലമായി ജലാശയങ്ങളും നദികളും വറ്റിവരണ്ടു. യൂറോപിലാകമാനം ആയിരക്കണക്കിന് പ്രദേശങ്ങളില്‍ ശക്തമായ കാട്ട് തീ ആളിപ്പടരുകയാണ്. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കീത്തിലി : കീത്തിലിയുടെ മുഖമായിരുന്ന ഡബ്ല്യുഎച്ച് സ്മിത്ത് സ്റ്റോർ അടച്ചുപൂട്ടാനൊരുങ്ങുന്നു. എയർഡെയിൽ ഷോപ്പിംഗ് സെന്ററിലെ കുക്ക് ലെയ്ൻ ഔട്ട്‌ലെറ്റ് സെപ്റ്റംബർ 3 ന് അടച്ചുപൂട്ടുമെന്ന് ഡബ്ല്യുഎച്ച് സ്മിത്ത് സ്ഥിരീകരിച്ചു. ഡബ്ല്യുഎച്ച് സ്മിത്ത് കീത്തിലിയുടെ സുപ്രധാന ഭാഗമാണെന്നും സ്റ്റോർ അടച്ചുപൂട്ടുന്നതിൽ സങ്കടമുണ്ടെന്നും മേയർ കൗൺസിലർ ലൂക്ക് മൗൺസെൽ പറഞ്ഞു. സ്റ്റോറിൽ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഇതിന്റെ ഭാവിയും ആശങ്കയിലാണ്.

താൻ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന സ്റ്റോറാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നതെന്നും ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും മേയർ പ്രതികരിച്ചു. പോസ്റ്റ്‌ ഓഫീസ് സേവനം നിലനിർത്താനുള്ള ക്രമീകരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൗൺ സെന്റർ സേവനം നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പോസ്റ്റ് ഓഫീസ് ലിമിറ്റഡുമായി ബന്ധപ്പെടുമെന്ന് കീത്തിലി എംപി റോബി മൂർ പറഞ്ഞു.

കീത്തിലി വിടുന്നത് നിരാശാജനകമാണെന്ന് ഡബ്ല്യുഎച്ച് സ്മിത്ത് പറഞ്ഞു. എന്നാൽ, വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സെപ്റ്റംബറിൽ അടച്ചുപൂട്ടുമെന്നും ഡബ്ല്യുഎച്ച് സ്മിത്ത് വക്താവ് പറഞ്ഞു. ജീവനക്കാർക്ക് നന്ദി പറഞ്ഞതിനൊപ്പം ചിലരെ മറ്റ് സ്റ്റോറുകളിൽ നിയമിക്കുമെന്നും അറിയിച്ചു. 1792-ൽ സ്ഥാപിതമായ ഡബ്ല്യുഎച്ച് സ്മിത്തിന് 600-ലധികം ഹൈ സ്ട്രീറ്റ് സ്റ്റോറുകളും എയർപോർട്ടുകൾ, ട്രെയിൻ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയായാൽ നികുതി വെട്ടിച്ചുരുക്കുന്നതിന് മുമ്പായി പണപ്പെരുപ്പ തോത് കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഋഷി സുനക്. “ഒരു രാജ്യം എന്ന നിലയിൽ നാം സാമ്പത്തിക മുൻഗണന നൽകേണ്ടത് പണപെരുപ്പത്തിനാണ്. പണപ്പെരുപ്പമാണ് എല്ലാവരെയും ദരിദ്രരാക്കുന്നത്. അത് പിടിച്ചുനിർത്തുക എന്നതാണ് പ്രധാനം. അതിന് ശേഷമാകും നികുതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക.” സുനക് വ്യക്തമാക്കി. രാജ്യത്തെ പണപെരുപ്പ നിരക്ക് നിലവിൽ 9.1% ആണ്. ഇത് ഇനിയും ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. നികുതി ഉടനടി വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ സ്ഥാനാർഥികൾ ഏവരും മുന്നോട്ട് വെക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി കെമി ബാഡെനോക്ക്, വിദേശകാര്യ സമിതി ചെയർമാൻ ടോം തുഗെന്ധത് എന്നിവരാണ് സുനകിനൊപ്പം മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നവർ. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മത്സരരംഗത്ത് രണ്ടു പേർ മാത്രം ശേഷിക്കുന്ന തരത്തിൽ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും.

പാർലമെന്‍റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ ഒന്നര ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റേതായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുരങ്ങ് പനി ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. തൽസ്ഥിതി തുടർന്നാൽ ഈ വർഷാവസാനത്തോടെ കൂടുതൽ ആളുകളിലേയ്ക്ക് രോഗം ബാധിച്ചേക്കാം. രോഗവ്യാപനം കൂടുന്നത് കുട്ടികളിലേയ്ക്കും മങ്കി പോക്സ് ബാധിക്കുന്നതിന് കാരണമാകും. മുതിർന്നവരെക്കാൾ കുട്ടികളിൽ മങ്കിപോക്സ് ബാധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

 

രോഗവ്യാപനം തടയുന്നതിനായി 50,000 ഡോസ് വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ട് . എന്നാൽ ഇതിൻറെ 4 ഇരട്ടിയായ രണ്ട് ലക്ഷം ഡോസ് വാക്സിനുകൾ എങ്കിലും വേണമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ഇതുവരെ മങ്കി പോക്സിന്റെ 1850 ലധികം കേസുകൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും രോഗവ്യാപനം ഇരട്ടിയാകുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ശാരീരിക സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോർത്ത് ഗ്രീസിലെ കവാല നഗരത്തിന് സമീപം ചരക്ക് വിമാനം തകർന്നു വീണു. ഉക്രെയ്ൻ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് ശനിയാഴ്ച സെർബിയയിൽ നിന്ന് ജോർദാനിലേക്ക് പറക്കുന്നതിനിടെ തകർന്നത്. വിമാനത്തിൽ എത്രയാത്രക്കാർ ഉണ്ടായിരുന്നുവെന്നോ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെയും വ്യക്തമല്ല. വിമാനത്തിൽ 12 ടൺ സാധനങ്ങൾ ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് സുരക്ഷിതമായുള്ള ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട ഭാരത്തേക്കാൾ കൂടുതലാണ്. എഞ്ചിൻ തകരാർ മൂലം പൈലറ്റ് കവാല വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടെങ്കിലും റൺവേയിൽ എത്താൻ കഴിഞ്ഞില്ല. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് എട്ടു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നിലത്ത് പതിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ വിമാനം കത്തിയെരിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി ഏകദേശം 10:45 ഓടെ വിമാനത്തിൻറെ എൻജിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ വാർത്താമാധ്യമങ്ങളോട് പറഞ്ഞു. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയെങ്കിലും തുടർച്ചയായി ഉണ്ടായ സ്ഫോടനം മൂലം അവർക്ക് സംഭവ സ്ഥലത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ വിമാനത്തിൽ ഉണ്ടായിരുന്ന ചരക്കുകളിൽ സ്‌ഫോഡന സ്വഭാവമുള്ള പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്ന് നിഗമനം. ഗ്രീസിലെ പ്രത്യേക ദുരന്തനിവാരണ വിഭാഗം സംഭവസ്ഥലം പരിശോധിച്ചു വരികയാണ് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ശമ്പള വർധനയാവശ്യപ്പെട്ട് നേഴ്സുമാർ പണിമുടക്കിലേക്കെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ). അഞ്ച് ശതമാനം പൊതുമേഖലാ ശമ്പള വർധന സ്വീകാര്യമല്ലെന്നും നേഴ്സുമാരുടെ കഠിനാധ്വാനം കണക്കിലെടുത്ത് 16% വർധനയാണ് ആവശ്യമെന്നും ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. നേഴ്‌സുമാർ, അധ്യാപകർ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന 25 ലക്ഷം പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ശതമാനം ശമ്പള വർധന സർക്കാർ അംഗീകരിക്കുമെന്ന് ഒരു കാബിനറ്റ് മന്ത്രി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

നേഴ്‌സുമാരുടെ ശമ്പള വർധന പ്രഖ്യാപിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കാൻ പുതിയ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വർധന പ്രഖ്യാപിച്ചത്. സർക്കാർ തീരുമാനത്തിനായി മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നതിനാൽ നേഴ്‌സുമാർക്ക് ഉടനടി ശമ്പള വർധന നൽകണമെന്ന് ആർസിഎൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷവും ശമ്പള വർധനയ്‌ക്കായി നേഴ്സുമാർ പ്രചാരണം നടത്തിയിരുന്നു. അതേസമയം, ശമ്പളം, ജോലി വ്യവസ്ഥകൾ എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ വഷളായ സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്താഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന പ്രവചനത്തെതുടർന്ന് രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലണ്ടൻ, മാഞ്ചസ്റ്റർ, യോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മെറ്റ് ഓഫീസ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ ലൈനുകളിൽ വേഗ നിയന്ത്രണം ഉണ്ടാകും. സ്കൂളുകൾ നേരത്തെ അടയ്ക്കും. അലേർട്ടിനെ ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് റെഡ് ഹീറ്റ് അലേർട്ട് പ്രഖ്യാപിക്കുന്നത്.

ഇത് വളരെ ഗുരുതരമായ സാഹചര്യമാണെന്നും താപനില 40 ഡിഗ്രിയിൽ എത്താൻ അൻപത് ശതമാനം സാധ്യത ഉണ്ടെന്നും മെറ്റ് ഓഫീസ് വക്താവ് ഗ്രഹാം മാഡ്‌ജ് പറഞ്ഞു. യുകെയിലെ ആളുകൾ താപനില ഉയരുമ്പോൾ പാർക്കിലേക്കും ബീച്ചിലേക്കും ഇരച്ചെത്താറുണ്ട്. എന്നാൽ ഇനി വരുന്നത് അത്തരത്തിലുള്ള കാലാവസ്ഥയല്ലെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഈ അവസ്ഥയിൽ സുരക്ഷിതമായിരിക്കാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ:.

• ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

• വീടിനുള്ളിലേക്ക് വെയിൽ കടക്കാതെ കർട്ടൻ ഇട്ട് മറയ്ക്കുക.

• നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

• വെയിലത്തു പാർക്ക്‌ ചെയ്ത കാറുകളിൽ ശിശുക്കളെയും കുട്ടികളെയും ഒറ്റയ്ക്കിരുത്തരുത്.

• ഫ്രിഡ്ജുകളും ഫ്രീസറുകളും ഫാനുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക

• രാവിലെ11 മുതൽ വെെകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.

• പുറത്തിറങ്ങേണ്ടി വന്നാൽ തണലത്ത് നടക്കുക. സൺക്രീം പുരട്ടുക, വീതിയേറിയ തൊപ്പി ധരിക്കുക

• ചൂട് കൂടുന്ന ദിവസങ്ങളിൽ പുറംപണികൾ ചെയ്യാതിരിക്കുക.

• യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

• വെള്ളത്തിൽ ഇറങ്ങുകയാണെങ്കിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുക.

RECENT POSTS
Copyright © . All rights reserved