Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈൻ – റഷ്യ സംഘർഷത്തെ ചൊല്ലിയുള്ള ആശങ്ക ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഉയരാൻ കാരണമായി. ഇതിനെ തുടർന്ന് യുകെയിൽ പെട്രോൾ, ഡീസൽ വില ഉയർന്നു. ഇന്ന് പെട്രോൾ വില ലിറ്ററിന് 149.30 പെൻസിലെത്തി. അധികം വൈകാതെ പെട്രോൾ വില 1.50 പൗണ്ട് കടക്കുമെന്നാണ് ആർഎസിയുടെ മുന്നറിയിപ്പ്. ഡീസൽ വിലയും ഉയരുകയാണ്. 152.68 പെൻസാണ് ഇന്നത്തെ വില. ഹോൾസെയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നത് ധാരാളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. റഷ്യയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം 2 മരവിപ്പിക്കാനുള്ള ജർമനിയുടെ തീരുമാനത്തെ തുടർന്നാണ് ഹോൾസെയിൽ ഗ്യാസ് വില വർധന.

ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് മൂന്നു ഡോളർ ഉയർന്ന് നൂറു ഡോളറിനടുത്തെത്തിയിരുന്നു. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ബാരലിന് 99 ഡോളറിലെത്തുന്നത്. യൂറോപ്പിനാവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നൽകുന്നത് റഷ്യയാണ്. അതിനാൽ യൂറോപ്യൻ മേഖലയിൽ എണ്ണലഭ്യത സംബന്ധിച്ച ആശങ്ക ഉയരുകയാണ്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവും ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദകരും റഷ്യയാണ്.

റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വന്നാൽ ആഗോളതലത്തിൽ എണ്ണ ലഭ്യത കുറയുകയും അത് വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഈ ആശങ്കയാണ് യുകെയിലെ പെട്രോൾ, ഡീസൽ വില വർധനയ്ക്ക് കാരണം. യുകെയിലെ ഉയർന്ന ഊർജ വില മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലേക്ക് പൂർണ്ണമായ അധിനിവേശമുണ്ടായാൽ റഷ്യയുടെ മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് യുക്രൈനിലെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര്യ രാജ്യങ്ങളായി പുടിൻ പ്രഖ്യാപിച്ചത്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. പുടിന്റെ ഈ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി.

പുടിന്റെ നടപടിയെ തുടർന്ന് റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിന് പണം ശേഖരിക്കുന്നത് തടയുമെന്നും ജോൺസൻ വ്യക്തമാക്കി.

മൂന്ന് റഷ്യൻ ശതകോടീശ്വരന്മാർക്കും അഞ്ച് ബാങ്കുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും ലംഘനമാണ് പുടിന്റെ തീരുമാനമെന്ന് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.

2014-ലെയും 15-ലെയും മിൻസ്‌ക് സമാധാന ഉടമ്പടികളുടെ ലംഘനമാണ് പുടിന്റേതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈ‍ഡൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ പറഞ്ഞു. റഷ്യയിൽ നിന്ന് ജർമനി യിലേക്കുള്ള നോർഡ് സ്ട്രീം 2 വാതക പൈപ്പ്ലൈൻ പദ്ധതി ജർമനി ചാൻസലർ ഒലാഫ് ഷോൾസ് മരവിപ്പിച്ചു. ഇത്തരം അധിനിവേശങ്ങളിലൂടെ സമാധാന ശ്രമങ്ങളെ ആട്ടിമറിക്കുകയാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബ്രിട്ടനിൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും അവസാനിപ്പിക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനം ശക്തമാണ് . പ്രധാനമായും കെയർ ഹോമുകൾ സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തിക്കഴിഞ്ഞു.

ഏപ്രിൽ മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് പണം നൽകേണ്ടി വരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചിരുന്നു. ഇതിൽനിന്ന് കെയർഹോം സന്ദർശകർക്ക് ഒഴിവില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഏപ്രിൽ മാസം മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് ജനങ്ങൾ പണം നൽകേണ്ടതായി വരുന്നതുമൂലം കെയർഹോം സന്ദർശകർ മതിയായ കോവിഡ് ടെസ്റ്റ് ഇല്ലാതെ നടത്തുന്ന സന്ദർശനങ്ങൾ അന്തേവാസികൾക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് പലരും വിരൽചൂണ്ടുന്നത്. അതുപോലെതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ വർഷത്തിൽ പല പ്രാവശ്യം സന്ദർശിക്കുന്നതിന് നൂറുകണക്കിന് പൗണ്ട് വിനിയോഗിക്കാൻ നിർബന്ധിക്കുന്നത് അന്യായവും അധാർമികവും ആണെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹൃദയാഘാതവും സ്ട്രോക്കുമുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണക്കാരനാണ് അമിത കൊളസ്ട്രോള്‍. എന്നാൽ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളെ ആശങ്കയോടെയാണ് പലരും കാണുന്നത്. സ്റ്റാറ്റിന്‍ മരുന്നുകളെ പറ്റിയാണ് ആശങ്കകൾ ഏറെയും. എന്നാൽ കൊളസ്ട്രോള്‍ മരുന്നുകളെ പേടിക്കേണ്ടതില്ലെന്ന് പറയുകയാണ് എൻ എച്ച് എസ് ഡോക്ടർമാർ. പരിധിവിട്ട് ഉയരുന്ന കൊളസ്ട്രോളിനെ തടഞ്ഞു, മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നു ചികിത്സ കൂടിയേ തീരൂ.

എന്താണ് കൊളസ്ട്രോൾ?

കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു പദാർഥമാണ്. ശരീരപ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുവാനും, കോശങ്ങളുടെ നിർമ്മാണത്തിനും ഉൾപ്പെടെ നിരവധി ശരീരാവശ്യങ്ങൾക്ക് കൊളസ്ട്രോൾ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളിൽ 80 ശതമാനവും ശരീരം (കരൾ) തന്നെ നിർമ്മിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കിൽ അതിനെ കുറയ്ക്കുന്നതിനാണ് പ്രധാനമായും മരുന്നുകഴിക്കുന്നത്. ഒപ്പം നല്ല കൊളസ്ട്രോളായ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിന്റെ (എച്ച്ഡിഎൽ) അളവ് ആവശ്യമായ നിലയിൽ ഉയർത്താനും ഒരു പരിധിവരെ മരുന്നു സഹായിക്കും. അതിന് ഏറ്റവും നല്ലത് വ്യായാമം തന്നെ.

ശരീരത്തിലെ കൊളസ്‌ട്രോൾ ലിറ്ററിന് 5 മില്ലിമോളിൽ താഴെയായിരിക്കണമെന്ന് (mmol/L) എൻ എച്ച് എസ് പറയുന്നു. എച്ച്ഡിഎൽ കൊളസ്‌ട്രോൾ 1 mmol/L ന് മുകളിലും എൽഡിഎൽ (മോശം കൊളസ്ട്രോൾ) 3 mmol/L അല്ലെങ്കിൽ അതിൽ താഴെയും ആയിരിക്കണം.

സ്റ്റാറ്റിൻ മരുന്നുകൾ

കരളില്‍ കൊളസ്ട്രോള്‍ രൂപീകരണത്തിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍സൈമാണ് HMG-CoA reductase. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് സ്റ്റാറ്റിൻ. രക്തക്കുഴലിൽ തടസം ഉണ്ടാവുന്നതിനെ തടയുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു എന്നിവ ഈ മരുന്നിന്റെ സവിശേഷതകളാണ്. സ്റ്റാറ്റിന്‍ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 18-55% വരെ കുറയ്ക്കുന്നതായും നല്ല കൊളസ്ട്രോളായ എച്ചഡിഎല്‍ന്റെ അളവ് അഞ്ചു മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള പ്രധാന ആരോപണം അവ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്നാണ്. എന്നാല്‍ അപൂര്‍വം പേരില്‍ മാത്രമേ സ്റ്റാറ്റിന്‍ പാര്‍ശ്വഫലം പ്രകടിപ്പിക്കുകയുള്ളൂ. കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കുവാന്‍ പാടില്ല. ഗര്‍ഭിണികളും പാലൂട്ടുന്നവരും ഈ മരുന്നുകള്‍ കഴിക്കരുത്. സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവര്‍ ചിലതരം ആന്റിബയോട്ടിക്കുകളും മരുന്നുകളും കഴിക്കുമ്പോള്‍ പേശീവേദന കൂടുതലാകും. അതിനാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന കാര്യം മറ്റേതു ഡോക്ടറെ കാണുമ്പോഴും പറയാൻ മറക്കരുത്. മരുന്നിലൂടെ മാത്രം കൊളസ്ട്രോളിനെ തടഞ്ഞു നിർത്താൻ ശ്രമിക്കരുത്. അതിന് ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണവും ശീലമാക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: ജനങ്ങളെ പരിഭ്രാന്തരാക്കി ബിര്‍മ്മിംഗ്ഹാമില്‍ ഭൂചലനം. ഇന്നലെ രാത്രി 10:59നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബിർമിംഗ്ഹാമിലെയും വെസ്റ്റ് മിഡ്‌ലാൻഡിലെയും നിരവധി കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ബിർമിംഗ്ഹാം, വോൾവർഹാംപ്ടൺ, വാർവിക്ക്, വാൽസാൽ, സട്ടൺ കോൾഡ്‌ഫീൽഡ്, വെഡ്‌നെസ്‌ബറി, വില്ലൻഹാൾ, ഹാൽസോവൻ, ഡഡ്‌ലി, റുഗെലി, പൂൾ, ടിപ്റ്റൺ, റൗലി റെഗിസ് എന്നീ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായി.

ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെമാത്രമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറഞ്ഞു. വാൽസാളിലാണ് ഭൂചലനം കൂടുതൽ ശക്തമായി അനുഭവപ്പെട്ടതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) വ്യക്തമാക്കി. ഇവിടെയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോർട്ടുകളുണ്ട്.

ഭൂകമ്പം ഉണ്ടായതിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ചത്. ഡഡ്‌ലി ഈസ്റ്റിലെ പോലീസ് ഇൻസ്‌പെക്ടറായ പീറ്റ് സന്ധു തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; “ഞാൻ കരുതി ജനലിൽ ആരോ മുട്ടുന്നുണ്ടെന്ന്!! ഡഡ്‌ലിയിൽ ഒരു ഭൂകമ്പം ഉണ്ടായി.” ഒരു കാര്‍ തന്റെ വീട്ടിലേക്ക് ഇടിച്ചുകയറി എന്നാണ് വിചാരിച്ചതെന്ന് വെനെസ് ഫീല്‍ഡ് സ്വദേശി പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ വന്ന് നാശം വിതച്ചതിന് പിന്നാലെ ഒരു ഭൂകമ്പവും ഉണ്ടായിരിക്കുന്നുവെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സ്ഥലങ്ങൾ ഓർത്തിരുന്നോളൂ. ഡ്രൈവിംഗ് ടെസ്റ്റിനായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ നിങ്ങൾക്കുണ്ടാകാതിരിക്കട്ടെ. വാഹനമോടിക്കുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമാണെന്നിരിക്കെ ഡ്രൈവിംഗ് പഠിച്ച് ലൈസെൻസ് നേടുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ അതിന് വിലങ്ങുതടിയാവുന്ന സംവിധാനങ്ങളാണ് രാജ്യത്തെങ്ങും. ഒരു ഡ്രൈവിംഗ് ടെസ്റ്റിനായി ശരാശരി പതിനഞ്ചു ആഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (ഡിവിഎസ്എ) പറയുന്നു. 79 ടെസ്റ്റ്‌ സെന്ററുകളിൽ ഈ കാത്തിരിപ്പ് രണ്ട് വർഷത്തിലേക്ക് നീളും. കോവിഡും പാസ്സ് ആകുന്നവരുടെ എണ്ണത്തിലുള്ള കുറവുമാണ് ടെസ്റ്റുകൾ വൈകാനുള്ള പ്രധാന കാരണം.

എളുപ്പം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന ഇരുപത് സ്ഥലങ്ങൾ ഇതാ (സ്ഥലം – ടെസ്റ്റിനായി കാത്തിരിക്കേണ്ട സമയം)

•കിർക്കാൽഡി (സ്കോട്ട്ലൻഡ്) – രണ്ടാഴ്ച
• സ്പീക്ക് (ലിവർപൂൾ) – 10 ആഴ്ച
•പ്ലൈമൗത്ത് – 13 ആഴ്ച
•സതാംപ്ടൺ (മേബുഷ്) – 14 ആഴ്ച
•എക്സെറ്റർ – 14 ആഴ്ച
•അപ്ടൺ – 14 ആഴ്ച
•ഡെർബി (അൽവാസ്റ്റൺ) – 15 ആഴ്ച
•വോർസെസ്റ്റർ – 15 ആഴ്ച
•ബ്ലാക്ക്പൂൾ – 15 ആഴ്ച
•വോൾവർഹാംപ്ടൺ – 17 ആഴ്ച
•ന്യൂട്ടൺ അബോട്ട് – 17 ആഴ്ച
•റോതർഹാം – 17 ആഴ്ച
•നോറിസ് ഗ്രീൻ (ലിവർപൂൾ) – 18 ആഴ്ച
•ഡഡ്ലി – 18 ആഴ്ച
•പോർട്ട്സ്മൗത്ത് – 18 ആഴ്ച
•ഡോൺകാസ്റ്റർ – 18 ആഴ്ച
•പൂൾ – 19 ആഴ്ച
•ലീഡ്സ് – 20 ആഴ്ച
•ബ്രാഡ്ഫോർഡ് (തോൺബറി) – 20 ആഴ്ച
•ബ്രിസ്റ്റോൾ (കിംഗ്സ്വുഡ്) – 21 ആഴ്ച

ലണ്ടനിലെ 17 പ്രദേശങ്ങളിൽ ഇപ്പോൾ ബുക്കിംഗ് ലഭ്യമല്ല. ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാനുള്ള മോശം സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമത് കിഴക്കൻ ലണ്ടൻ ഇൽഫോർഡിലെ ഗുഡ്‌മെയ്‌സ് ആണ്.

  1. Goodmayes (London)
    Isleworth (Fleming Way) (London)
    Slough (London)
    Morden (London)
    Chingford (London)
    Reading
    West Didsbury (Manchester)
    Mill Hill (London)
    Cardiff Llanishen
    Peterborough
    Hither Green (London)
    Tolworth (London)
    Cambridge (Brookmount Court)
    Chadderton
    Oxford (Cowley)
    Cheetham Hill (Manchester)
    Bletchley
    Sale (Manchester)
    Luton
    Barking (Tanner Street) (London)
    Preston
    Mitcham (London)
    Featherstone
    Wood Green (London)
    Farnborough
    Lancing
    Sidcup (London)
    Ipswich
    Hull
    Wanstead (London)
    Colchester
    West Wickham (London)
    Gillingham
    Crawley
    Bromley (London)
    Hornchurch (London)
    St Albans
    Hyde (Manchester)
    Coventry
    Stoke-on-Trent (Newcastle-Under-Lyme)
    Leighton Buzzard (Stanbridge Road)
    Huddersfield
    Sheffield (Middlewood Road)
    Rochdale (Manchester)
    Bury St Edmunds
    Greenford (Horsenden Lane – London)
    Ashfield
    Herne Bay
    York
    Banbury

തുടങ്ങിയ സ്ഥലങ്ങളിൽ ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാൻ നീണ്ട നാൾ കാത്തിരിക്കേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ബാധിച്ചവർക്കുള്ള സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് ബാധിച്ച ശേഷം ഒന്നാം ദിവസം മുതൽ ലഭ്യമായിരുന്ന സിക്ക് പേ, മാർച്ച് 24 മുതൽ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കുക എന്ന പുതിയ മാറ്റത്തിനായാണ് ഇത്തരം നടപടികൾ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദീകരിച്ചു.

നാലോ അതിലധികമോ ദിവസം രോഗം മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ സിക്ക് പേ ലഭ്യമാവുക. ഇതോടൊപ്പംതന്നെ സെൽഫ് – ഐസലേഷന് സഹായകരമായി നൽകിയിരുന്ന 500 പൗണ്ട് വീതമുള്ള അലവൻസും നിർത്തലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ തുടക്കത്തിൽ കോവിഡ് ബാധിച്ച ആദ്യ ദിവസം മുതൽ തന്നെ സിക്ക് പേ നൽകുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. രോഗം പൂർണമായ തോതിൽ തടഞ്ഞു നിർത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം അന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ഗവൺമെന്റിന്റെ ഈ തീരുമാനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


നിലവിൽ ഒരാഴ്ചയിൽ 96.35 പൗണ്ട് എന്നതോതിൽ 28 ദിവസത്തോളമാണ് സ്റ്റാറ്റ്യൂട്ടറി സിക്ക് പേ ലഭ്യമാകുന്നത്. ഗവൺമെന്റിന്റെ ഈ തീരുമാനം സാധാരണക്കാരായ ജോലിക്കാരെ നിർണായകമായ തോതിൽ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. രോഗം വരുന്നവർക്ക് സിക്ക് പേ ലഭ്യമാക്കാതിരുന്നാൽ, സാധാരണക്കാർ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുമെന്നും, ഇത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. നിർധനരായ ജീവനക്കാർക്ക് സിക്ക് പേ ലഭ്യമാകാതെ രോഗം വന്നാൽ വീടുകളിൽ ഇരിക്കാൻ സാധിക്കില്ലെന്നും, ഗവൺമെന്റ് ഈ തീരുമാനം മാറ്റണമെന്നുള്ള ശക്തമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.


ഇതോടൊപ്പം തന്നെ എല്ലാവർക്കും ഫ്രീയായി ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ഗവൺമെന്റ് ഉടൻതന്നെ നിർത്തലാക്കുമെന്ന് പുതിയ കോവിഡ് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കോൺടാക്ട് ട്രെയിസിംഗ് സംവിധാനവും പൂർണമായി നിർത്തലാക്കും. കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ഉണ്ടായിരുന്ന നിർബന്ധമായ ക്വാറന്റൈനും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ് ഗ്രൂപ്പുകൾ എല്ലാം തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തോടുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കായിട്ടാണ് അവർ ഈ തീരുമാനങ്ങളെ കാണുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വളപ്പിലെ ന്യൂട്ടന്റെ ആപ്പിൾ മരം യൂനിസ് കൊടുങ്കാറ്റിൽ കടപുഴകി. 1954-ലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ബോട്ടാണിക്കൽ ഗാർഡനിൽ ന്യൂട്ടൻെറ ആപ്പിൾമരം വച്ചുപിടിപ്പിച്ചത്. 68 വർഷമായി ബൊട്ടാണിക്കൽ ഗാർഡൻെറ ബ്രൂക്ക്സൈഡ് പ്രവേശനകവാടത്തിൽ നിലനിന്നിരുന്ന ആപ്പിൾ മരം മറിഞ്ഞുവീണത് വലിയ നഷ്ടമാണെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു.

ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ തലയിൽ വീണപ്പോഴാണ് ന്യൂട്ടൻ ഗുരുത്വാകർഷണ നിയമത്തെക്കുറിച്ച് ആദ്യമായി ചിന്തിച്ചതെന്ന  കഥ ലോകപ്രശസ്തമാണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിലേയ്ക്ക് നയിച്ച യഥാർത്ഥവൃക്ഷം ലിങ്കൺഷെയറിലെ ഗ്രന്ഥാമിലെ വൂൾസ്‌തോർപ്പ് മാനറിലാണ്. ന്യൂട്ടൻെറ യഥാർത്ഥ ആപ്പിൾ മരത്തിൽ നിന്ന് ബഡ് ചെയ്ത് വികസിപ്പിച്ച മൂന്ന് ആപ്പിൾ മരങ്ങളിൽ ഒന്നായിരുന്നു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റിയിലെ ആപ്പിൾ മരത്തിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത വൃക്ഷം നട്ടുപിടിപ്പിച്ച് ന്യൂട്ടൻ ആപ്പിൾ മരത്തിൻെറ പാരമ്പര്യം നിലനിർത്താനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് വർഷം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ‘കോവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും. കോവിഡ് പോസിറ്റീവ് ആയവർക്കുള്ള സെൽഫ് ഐസൊലേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഇല്ലാതെയാകും. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. സർക്കാരിന് വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സൗജന്യ കോവിഡ് പരിശോധനയും നിര്‍ത്തലാക്കും. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ ലഭ്യത കുറയുമോ എന്ന് വ്യക്തമല്ല. അതേസമയം പുതിയ പദ്ധതിയ്ക്കുള്ള ഫണ്ടിങ്ങിനെ ചൊല്ലി ട്രഷറിയും ആരോഗ്യ വകുപ്പും തമ്മിൽ തർക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.

തന്റെ പുതിയ പദ്ധതിയിലൂടെ സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്ന് ജോൺസൻ ഉറപ്പ് നൽകി. വാക്‌സിനുകളെയും പുതിയ ചികിത്സാരീതികളേയും മാത്രം ആശ്രയിച്ച് കോവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കോവിഡ് പരിശോധനയ്ക്കായി ജനുവരിയിൽ മാത്രം രണ്ട് ബില്യൺ പൗണ്ടാണ് സർക്കാർ ചിലവാക്കിയത്.

പ്രധാനമന്ത്രിയുടെ കോമൺസ് പ്രസ്താവനയ്ക്ക് മുൻപായി ഇന്ന് മന്ത്രിസഭയുമായി നടത്താനിരുന്ന യോഗം വൈകിയതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. കോമൺസിലെ പ്രസ്താവനയ്ക്ക് ശേഷം, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ സർ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ് യുകെയിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈൽ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ജീവന് ഭീഷണിയാകുന്ന രീതിയിൽ വെള്ളം ഉയർന്നതോടെ വീടുകൾ വിടാൻ ആളുകൾ തയ്യാറായി. സൗത്ത് മാഞ്ചസ്റ്ററിലെ 400 ലധികം വീടുകൾ ഇതിനകം ഒഴിപ്പിച്ചു. യോർക്ക്ഷയറിലും നോർത്തേൺ അയർലൻഡിലും വെള്ളപൊക്കം ഉണ്ടായി.

നോർത്തേൺ അയർലൻഡിൽ നദികൾ കരകവിഞ്ഞൊഴുകി. ലണ്ടൻഡെറി, ടൈറോൺ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഡ്രംരാഗ്, ഫിൻ നദികൾ കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫ്രാങ്ക്ലിൻ കൊടുങ്കാറ്റിന് മുന്നോടിയായി പെയ്യുന്ന മഴയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മെർസി നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നു. നദിക്ക് സമീപമുള്ള വീടുകൾ ഇന്നലെ തന്നെ ഒഴിപ്പിച്ചു.

അതേസമയം, ഗതാഗതം സ്തംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് ട്രെയിൻ ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. ഇംഗ്ലണ്ട്, വെയിൽസ്, തെക്ക്-പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ കാറ്റിന്റെ യെല്ലോ അലേർട്ട് നിലനിൽക്കുന്നു. ഡഡ്‌ലിക്കും യൂനിസിനും ശേഷം യുകെയിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് ഫ്രാങ്ക്ലിൻ.

RECENT POSTS
Copyright © . All rights reserved