ലണ്ടൻ : ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച തീരുമാനിക്കും. വരാനിരിക്കുന്ന ആഴ്ചകൾ വെല്ലുവിളി നിറഞ്ഞതാകാമെന്ന് പ്രധാനമന്ത്രി തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസിനും പുതുവത്സരാഘോഷത്തിനും ഇടയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജോൺസൺ തയ്യാറായിട്ടില്ല. അതേസമയം ഇന്നലെ ബ്രിട്ടനില്‍ 1,89,213 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക ഉയരുന്ന സാഹചര്യത്തിലും പുതുവത്സരാഘോഷവുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് ബോറിസ് ജോണ്‍സൻെറ തീരുമാനം. കൂടുതൽ കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
വാക്സിൻ വിതരണത്തിന് നന്ദി അറിയിച്ച ജോൺസൺ, കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഇപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ചതാണെന്ന് പുതുവത്സര സന്ദേശത്തിൽ കൂട്ടിച്ചേർത്തു. വലിയ രീതിയിലുള്ള പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കാൻ സ്കോട്ടിഷ് സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഇരട്ടിയായി. പ്രതിദിന കോവിഡ് മരണനിരക്ക് 332 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11,452 ആണ്. ഒരാഴ്ചയ്ക്കുള്ളിൽ 61 ശതമാനം വർധന.
ഒമിക്രോൺ തരംഗം ശക്തമാവുന്നതോടെ രാജ്യത്തെ ആരോഗ്യ സംവിധാനം തകരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്ന് മുന്നറിയിപ്പ് നൽകി. കേസുകൾ ഇങ്ങനെ കുതിച്ചുയർന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ കണക്കിലേക്ക് എത്താൻ അധികം നാളുകൾ വേണ്ടിവരില്ല. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം അഞ്ചു കോടി പതിനേഴ് ലക്ഷമായും രണ്ടാം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാലു കോടി എഴുപത്തിമൂന്ന് ലക്ഷമായും ഉയര്‍ന്നു. ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം മൂന്നു കോടി മുപ്പത്തഞ്ചു ലക്ഷമായി. കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം തിരിച്ചറിഞ്ഞ് ഇതുവരെയും വാക്സീനെടുക്കാൻ തയ്യാറാകാത്തവർ അതിനായി മുന്നോട്ട് വരുന്നത് ശുഭ പ്രതീക്ഷ ഏകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. എൻആർഐകൾക്കും ഒസിഐ കാർഡ് ഉള്ളവർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വിൽക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി ഇനി ആവശ്യമില്ല. 2019 ഒക്‌ടോബർ 17 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റൂളുകളുടെ IX-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇരുകൂട്ടർക്കും കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങൾ എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ സ്ഥാവരസ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ആർബിഐ തന്നെ വ്യക്തമാക്കി.
എന്നാൽ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട്. ഇത്തരം പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണമെന്നും അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണമെന്നും നിബന്ധനയുണ്ട്. സാധാരണയായി ഒരു വിദേശി, ഇന്ത്യയിലുള്ള തന്റെ ഭൂമി വില്‍ക്കുകയോ, ഭൂമി വാങ്ങുകയോ ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഉണ്ടായിരുന്നു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) 1973 പ്രകാരമാണ് ഇത് നടന്നുവന്നിരുന്നത്. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലേക്ക് (ഫെമ) ഭേദഗതി ചെയ്തു. ഈ നിയമമനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അദ്ധ്യാപകരിൽ ഭൂരിഭാഗംപേരും ഐസലേഷനിൽ കഴിയുന്നതിനാൽ ജനുവരിയിൽ പഠനം ക്ലാസ്സ് മുറികളിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കില്ല എന്ന ആശങ്ക മുന്നോട്ടുവന്നിരിക്കുകയാണ്. കഴിയുന്നത്ര അധ്യാപകരെ തങ്ങളുടെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി ഐസൊലേഷൻ കാലയളവ് അഞ്ചു ദിവസമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെട്ടിക്കുറച്ചു. ജീവനക്കാരുടെ സ്വയം ഒറ്റപ്പെടുത്തൽ കാരണം വിദ്യാർഥികൾക്ക് മുഖാമുഖം ഇരുന്ന് പഠിക്കുന്നതിനുള്ള അവസരങ്ങൾ നഷ്ടമാകുന്നില്ല എന്ന് ഈ നീക്കം ഉറപ്പാക്കും. വിദ്യാഭ്യാസ വകുപ്പിൻെറയും പ്രധാനമന്ത്രിയുടെയും എല്ലാ ഊർജ്ജവും കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരുന്നതിനെകുറിച്ചായിരിക്കണമെന്ന് എഡ്യൂക്കേഷൻ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷൻ റോബർട്ട് ഹാൽഫൺ പറഞ്ഞു. അമേരിക്ക ചെയ്തത് പോലെ ഐസലേഷൻ കാലയളവ് കുറയ്ക്കുന്നതിലൂടെ ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്നും ഇതുവഴി സ്കൂൾ അടച്ചുപൂട്ടുന്നത് നിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎച്ച്എസിനെ സംരക്ഷിക്കേണ്ടത് പോലെതന്നെ പ്രധാനമാണ് നമ്മുടെ കുട്ടികളുടെ ഭാവിയെ സംരക്ഷിക്കേണ്ടതെന്നും ക്യാച്ച് അപ്പ് പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ കുട്ടികളെ വീണ്ടും വീട്ടിലേക്ക് അയക്കുക എന്നത് ഏറ്റവും അവസാനം മാത്രം പരിഗണിക്കേണ്ട തീരുമാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വർഷം തുടങ്ങുമ്പോൾ സ്കൂൾ വിദ്യാഭ്യാസം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. കോവിഡ് മൂലമുള്ള അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനായി വിരമിച്ച അധ്യാപകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് പിടിപെടുന്നവർ 10 ദിവസം ഐസലേഷനിൽ കഴിയാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ പുതിയ മാർഗനിർദ്ദേശമനുസരിച്ച് ആറ്-ഏഴ് ദിവസങ്ങളിൽ നിങ്ങളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഐസലേഷനിൽ കഴിയുന്നത് നിർത്താം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസറും വാക്‌സിൻ ടാസ്‌ക് ഫോഴ്‌സിലെ അംഗവുമായ സർ ജോൺ ബെല്ലും ഐസൊലേഷൻ നിയമത്തിൽ വന്ന മാറ്റങ്ങളെ പിന്തുണച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലാറ്ററൽ ഫ്ലോ കോവിഡ്-19 ടെസ്റ്റുകൾ ഉപയോഗിക്കുന്നതിന് എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാൻ റാപ്പിഡ് ടെസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗും പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യകത നിയന്ത്രിക്കാൻ രണ്ടാഴ്ചത്തേക്ക് വിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെയിലെ പ്രധാന കോവിഡ് കേസുകൾ 189,213 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തി. ഇതിൽ വെയിൽസിൽ നിന്നുള്ള കണക്കുകളും ഉൾപ്പെടുന്നു. പോസിറ്റീവായി 28 ദിവസത്തിനുള്ളിൽ മരിച്ചത് 332 പേരാണ്, മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
വെയിൽസ് ഇംഗ്ലണ്ടിന് നാല് ദശലക്ഷം ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് വായ്പ നൽകിയിട്ടുള്ളത്. അടുത്ത വർഷം ആദ്യം യുകെയിലെ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ വിതരണം മൂന്നിരട്ടി ആക്കാനും, പ്രതിമാസം 300 ദശലക്ഷം ആയി ഉയർത്താനും ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. പിസിആർ, ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ എന്നിവയിൽ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. ഇത് ജീവനക്കാരുടെ കുറവിനെ പരിഹരിക്കാൻ കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ഓൺലൈനിൽ നിന്ന് റാപ്പിഡ് ടെസ്റ്റുകൾ ഓർഡർ ചെയ്യാനോ ഫാർമസിയിൽ നിന്ന് ശേഖരിക്കാനോ കഴിയാതെ വന്ന സാഹചര്യത്തിൽ തനിക്ക് ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടുമാറേണ്ട അവസ്ഥ ഉണ്ടായെന്ന് ലണ്ടനിൽ നിന്നുള്ള ഒരു ക്യാൻസർ കെയർ വർക്കർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉള്ള കുറവിന് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ് എന്നും അവർ കൂട്ടിച്ചേർത്തു. ക്രിസ്തുമസ് കാലയളവിനു മുമ്പ് തൻറെ ആശുപത്രിയിൽനിന്ന് റാപ്പിഡ് പരിശോധനകൾ നിർത്താൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം കേംബ്രിഡ്ജ്ഷെയർ ആസ്ഥാനമായുള്ള മറ്റൊരു എൻഎച്ച്എസ് ജീവനക്കാരനും പങ്കുവെച്ചു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ പോലെതന്നെ പിസിആർ ടെസ്റ്റുകളുടെ കാര്യവും ഇതേ അവസ്ഥയിലാണെന്ന് ഒരു എൻഎച്ച്എസ് ഡോക്ടർ പറഞ്ഞു. അതിനാൽ ക്രിസ്തുമസിന് തൊട്ടുമുൻപ് “ഫിറ്റ് ടു ഫ്ലൈ” ടെസ്റ്റിനായി അവർക്ക് ഏകദേശം 80 പൗണ്ട് ആണ് ചിലവഴിക്കേണ്ടി വന്നത്. കെന്റിലെ ജിപി നേഴ്സായ കരോളിന് ലാറ്ററൽ ഫ്ലോ ടെസ്റ്റുകളോ പിസിആറോ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതിനാൽ ഒരു ടെസ്റ്റും എടുക്കാതെ തന്നെ ക്രിസ്‌മസിന് ശേഷം ജോലിയിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് കോവിഡിൻെറ ലക്ഷണങ്ങൾ കാണിക്കുകയും പോസിറ്റീവായി സ്‌ഥിരീകരിക്കുകയും ആയിരുന്നു.
വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.
കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 2022 ജനുവരി 1 മുതൽ വീട്, വാഹന ഇൻഷുറൻസ് വില മാറും. ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ (എഫ്‌സിഎ) നിയന്ത്രണങ്ങൾ പ്രകാരം അധിക പണം നൽകേണ്ടി വരില്ല. അതിനർത്ഥം, സ്ഥിരമായി പോളിസി മാറുന്നവർക്ക് വില കൂടും. അതേസമയം ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കൾക്ക് 10 വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്‌സിഎ പറഞ്ഞു.
ഒരു ഉപഭോക്താവിൽ നിന്ന് വർഷാവർഷം കൂടുതൽ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇൻഷുറൻസിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വർഷത്തേക്ക് 130 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരികയെന്ന് എഫ്‌സിഎ ചൂണ്ടിക്കാണിച്ചു. എന്നാൽ അതേ പോളിസിക്ക്, ഒരേ ഇൻഷുറർക്കൊപ്പം അഞ്ച് വർഷം നിന്നവരുടെ വാർഷിക പ്രീമിയം 238 പൗണ്ട് ആയി ഉയർന്നു. മോട്ടോർ ഇൻഷുറൻസിനായി, പുതിയ ഉപഭോക്താക്കൾ 285 പൗണ്ട് അടച്ചപ്പോൾ അഞ്ച് വർഷത്തിലേറെയായി ഒരേ ഇൻഷുറർക്കൊപ്പം നിന്ന ആളുകൾ 370 പൗണ്ട് നൽകി.
വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയിലുള്ള 100 ലക്ഷം പോളിസികൾ, ദാതാവിനൊപ്പം അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള ആളുകളാണ് കൈവശം വച്ചിരിക്കുന്നത്. വീടും മോട്ടോർ ഇൻഷുറൻസും സംബന്ധിച്ച എഫ്‌സിഎയുടെ ധീരമായ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായി സിറ്റിസൺസ് അഡ്വൈസിലെ പോളിസി ഡയറക്ടർ മാത്യു അപ്‌ടൺ പറഞ്ഞു. മറ്റ് വിപണികളിലെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമിക്രോൺ തരംഗത്തിന് എതിരെയുള്ള തയ്യാറെടുപ്പിൻെറ ഭാഗമായി ഇംഗ്ലണ്ടിലുടനീളം ആശുപത്രികളിൽ കൊറോണ വൈറസ് “സർജ് ഹബുകൾ” സ്ഥാപിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഇതിനായി നൂറോളം രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള എട്ട് താൽക്കാലിക സൈറ്റുകളാണ് ഒരുങ്ങുന്നത്. ഈയാഴ്ച തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കും. നൈറ്റിംഗേൽ ഹോസ്പിറ്റൽ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ആവശ്യമെങ്കിൽ നാലായിരം കിടക്കകൾ വരെ ഉൾപ്പെടുത്താൻ കഴിയുന്ന സൈറ്റുകൾ കണ്ടെത്തി അവ നിലവിലുള്ള ആശുപത്രികളിലേക്ക് ചേർക്കും. എൻഎച്ച്എസിൻെറ ഈ പുതിയ സേവനം യുദ്ധകാലടിസ്ഥാനത്തിലാകുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു. യുകെയിൽ ഈ ആഴ്ച റെക്കോർഡ് തരത്തിലുള്ള പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ നീക്കം. ബുധനാഴ്ച 183,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധിച്ചവരിൽ എത്ര പേർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും എന്നാൽ അണുബാധയുടെ എണ്ണം കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ഇനിയും കാത്തിരിക്കാൻ ആവില്ല എന്നും അതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലങ്കാഷെയറിലെ റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റൽ, ലീഡ് സിലെ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റൽ, ലണ്ടനിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ, കെന്റിലെ വില്യം ഹാർവി ഹോസ്പിറ്റൽ, നോർത്ത് ബ്രിസ്റ്റോൾ ഹോസ്പിറ്റൽ, സോളിഹുൾ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ലെസ്റ്റർ എന്നിവിടങ്ങളിൽ ആയിരിക്കും ഹബ്ബുകൾ സ്ഥാപിക്കുക. പുതിയ ഹബ്ബുകൾ ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഏത് സാഹചര്യവും നേരിടാൻ കഴിയുന്നതിന് വേണ്ടി തങ്ങൾ തയ്യാറെടുക്കുന്നതിൻെറ ഭാഗം മാത്രമാണിതെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾക്കായുള്ള അംഗത്വ സംഘടനയായ എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രിസ് ഹോപ്സൺ ഹബ്ബുകളെ “ബാക്കപ്പ് ഇൻഷുറൻസ് പോളിസി” എന്നാണ് വിശേഷിപ്പിച്ചത്. ആവശ്യമെങ്കിൽ നാലായിരം രോഗികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ജിമ്മുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി മറ്റ് സ്ഥലങ്ങളിൽ ഈ ഹബ്ബുകൾ സ്ഥാപിക്കും. ഇതിനായി ഇത്തരത്തിലുള്ള സ്ഥലങ്ങൾ തിരിച്ചറിയാൻ ട്രസ്റ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൗമാരക്കാരനെ കുത്തികൊലപ്പെടുത്തിയ സംഭവസ്ഥലത്തുനിന്ന് സെൽഫി എടുത്ത പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മെർസിസൈഡ് പോലീസിൽ ജോലി ചെയ്തിരുന്ന പി സി റയാൻ കനോലിയാണ് വംശീയ വിദ്വേഷം പുലർത്തുന്ന ചിത്രങ്ങൾ പങ്കുവച്ചത്. അഴിമതിവിരുദ്ധ അന്വേഷണത്തിനുശേഷം 37 കാരനായ ഈ പോലീസുകാരനെ മോശമായ പെരുമാറ്റത്തെ തുടർന്ന് പുറത്താക്കിയതായി പോലീസ് അറിയിച്ചു. 2015-നും 2018-നും ഇടയിൽ എടുത്ത തെറ്റായ ഫോട്ടോഗ്രാഫുകൾ ഈ ഉദ്യോഗസ്ഥൻെറ കയ്യിൽനിന്നു കണ്ടെത്തിയതായി സേന അറിയിച്ചു. തൻറെ സ്ഥാനം ദുരുപയോഗിക്കൽ, പോലീസ് കമ്പ്യൂട്ടറിൻെറ ദുരുപയോഗം, പൊതു ഓഫീസിലെ മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾക്ക് കനോലിയെ ജനുവരി 10-ന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ വിചാരണ ചെയ്യും. ഡ്യൂട്ടിയിലായിരിക്കെ ദുർബലരായ ആളുകളുടെ ഫോട്ടോഗ്രാഫുകൾ എടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻെറ ഫോണിൽ ഭയപ്പെടുത്തുന്ന സ്വവർഗ്ഗ വിദ്വേഷവും വംശീയ നിന്ദ്യവുമായ ചിത്രങ്ങൾ ഉള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.
2018-ൽ ഒരു കൗമാരക്കാരന് കുത്തേറ്റ കൊലപാതക സ്ഥലത്തിലെ ഫോട്ടോ ഇയാൾ എടുത്തതായും ഒരു കു ക്ലക്സ് ക്ലാൻ അംഗത്തിന് ഈ ഫോട്ടോ അയച്ചു കൊടുത്തതായും ഉള്ള പരാതിയെ തുടർന്നായിരുന്നു അന്വേഷണം. കനോജയുടെ പ്രവർത്തികൾ തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള മൂല്യങ്ങൾ അദ്ദേഹത്തിൽ കാണുന്നില്ല എന്നും ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ഇയാൻ ക്രിച്ച്‌ലി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പെരുമാറ്റം തനിക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കെയർ സിസ്റ്റത്തിന്റെ പ്രവർത്തനം താറുമാറിലെന്ന് റിപ്പോർട്ട്. ചൂഷണത്തിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന കെയർ സിസ്റ്റം, അവരെ ഗുരുതരമായ അപകടസാധ്യതയിലേക്കാണ് തള്ളിവിടുന്നതെന്ന് കമ്മീഷൻ ഓൺ യങ്ങ് ലൈവ്സ് റിപ്പോർട്ട് പറയുന്നു. സംവിധാനം അടിയന്തിരമായി പരിഷ്കരിക്കുകയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ മുൻ ചിൽഡ്രൻസ് കമ്മീഷണർ ആനി ലോംഗ്‌ഫീൽഡിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ചൂഷണത്തിന് വിധേയരായ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സംരക്ഷണം അപര്യാപ്തമാണെന്നും വിവരിച്ചു.
അനുയോജ്യമായ താമസ സ്ഥലങ്ങളുടെ അഭാവം, ചൂഷണത്തിന് സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ സംഭവിക്കുന്ന പരാജയം, ധനസഹായം വെട്ടിക്കുറയ്ക്കൽ എന്നിവ കെയർ സിസ്റ്റത്തെ തകരാറിലാക്കുന്നു. ആരംഭത്തിൽ ചെറിയ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച സിസ്റ്റം ഇപ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ കെയർ സിസ്റ്റം യുവാക്കളെ വലിയ അപകടത്തിലേക്ക് എത്തിക്കുകയാണെന്ന് ലോംഗ് ഫീൽഡ് വിശദമാക്കി. ദുർബലരായ ചില കൗമാരക്കാരെ അവർ താമസിക്കുന്ന പ്രദേശത്തുനിന്നും ഉയർന്ന കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ക്രിമിനൽ സംഘങ്ങൾക്ക് അവസരം ഒരുക്കുന്നതിന് തുല്യമാണ്. കുട്ടികളുടെ സോഷ്യൽ കെയർ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിന് നിശ്ചയദാർഢ്യമുള്ള പ്രവർത്തനവും ഫണ്ടിംഗും ആവശ്യമാണെന്ന് ലോംഗ് ഫീൽഡ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൊവ്വാഴ്ച 117,093 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഏകദേശം 9,546 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. ഇതുവരെ ഒമിക്രോൺ മൂലമുണ്ടായ ആശുപത്രി കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ക്രിസ്തുമസ് കാലയളവിലുള്ള രാജ്യത്തെ മുഴുവൻ കോവിഡ് ഡേറ്റ ഇതുവരെ ലഭ്യമല്ല. യുകെ ഗവൺമെൻറിൻറെ കോവിഡ് ഡാഷ്‌ബോർഡിൽ ചൊവ്വാഴ്ച 129,471 കേസുകൾ കൂടി രേഖപ്പെടുത്തി. എന്നാൽ ഈ കണക്കുകളിൽ ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള ഡേറ്റകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ജനുവരി ആദ്യവാരം മാത്രമേ ദേശീയതലത്തിലുള്ള കോവിഡ് വ്യാപനത്തിൻെറ പൂർണമായ രൂപം ലഭിക്കുകയുള്ളൂ.
ആളുകൾ പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും യുകെയിലെ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. വിനോദസഞ്ചാരികൾ പുറത്തു പോകുന്നതിനു മുമ്പ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തണമെന്നും നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ആഘോഷങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി പുതുവർഷത്തിനു മുന്നോടിയായി ഇംഗ്ലണ്ടിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നില്ല എന്ന് സർക്കാർ തീരുമാനിച്ചു. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികളിൽ വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവായതിനാൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ടതില്ലെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ ജോൺ ബെൽ പറഞ്ഞു. വെയിൽസിൽ ക്രിസ്തുമസിന് മുമ്പുള്ള ദിവസങ്ങളിലെ കണക്കുകൾ കുത്തനെ വർദ്ധിച്ചു അതേസമയം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് സ്കോട്ട്‌ലൻഡിലേത് ഡിസംബർ 24 മുതലുള്ള നോർത്തേൺ അയർലൻഡിലെ പുതിയ കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.