ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മുപ്പത്തിയാറുകാരനായ ജോ ബാൽഡ്വിൻ കോവിഡ് കാലത്ത് എൻ എച്ച് എസിന്റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. ലിവർപൂളിലെ ഐൻട്രീ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പലപ്പോഴും ഡ്യൂട്ടി സമയങ്ങൾക്ക് ശേഷവും രോഗികൾക്കുവേണ്ടി അധിക സമയം കോവിഡ് കാലത്ത് ചിലവഴിക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു. എന്നാൽ 14 വർഷത്തെ പ്രവർത്തി പരിചയമുള്ള ജോയ്ക്ക് ശമ്പളമായി ലഭിക്കുന്നത് ഒരു വർഷത്തിൽ 18500 പൗണ്ട് തുക മാത്രമാണ്. നിലവിൽ ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ലഭിക്കുന്ന തുക കൊണ്ട് അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ സാധിക്കുന്നില്ലെന്നാണ് ജോ വ്യക്തമാക്കുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കുറഞ്ഞ തുക വാടകയായുള്ള ഫ്ലാറ്റിലേക്ക് തനിക്ക് മാറേണ്ടതായി വന്നുവെന്നും, അതോടൊപ്പം തന്നെ ആഹാരസാധനങ്ങൾ സബ്സിഡിയുടെ വിലയിൽ ലഭിക്കുവാനായി ഒരു ഫുഡ്‌ യൂണിയനിൽ തനിക്ക് അംഗമാകേണ്ടതായി വന്നതായും ജോ വ്യക്തമാക്കി. പണമില്ലാത്തതിനാൽ മാസത്തിലുള്ള യാത്രാ പാസ് തനിക്ക് എടുക്കുവാൻ സാധിച്ചില്ലെന്ന് ജോ മാധ്യമങ്ങളോട് പറഞ്ഞു. ചില ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഉള്ള 6 മൈൽ ദൂരം നടന്നാണ് ജോ ജോലിക്ക് എത്തുന്നത്. തനിക്ക് ഒരു ലോൺ ഉണ്ടായിരുന്നതായും, ഇപ്പോൾ ജീവിതച്ചെലവുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് അടയ്ക്കുവാൻ താൻ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഒഴിവാക്കേണ്ടതായി വരുന്നുണ്ടെന്നുമുള്ള തന്റെ നിസഹായവസ്ഥ ജോ വെളിപ്പെടുത്തി.

ജോയുടെ അതേ അവസ്ഥയാണ് ഭൂരിഭാഗം എൻ എച്ച് എസ് സ്റ്റാഫുകൾക്കും പറയാനുള്ളത്. 35000 പൗണ്ട് വർഷത്തിൽ ശമ്പളം വാങ്ങുന്ന തന്റെ സീനിയർ സ്റ്റാഫുകൾക്ക് പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആകുന്നില്ല. രാജ്യം ക്രമാതീതമായ വിലക്കയറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ജനങ്ങളെ ആകെ പിടിമുറുക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉടനടി നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഓരോരുത്തരും..