ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൈക്കിൾ യാത്രക്കാരൻെറ അരികിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചതിന് 1800 പൗണ്ട് പിഴ ചുമത്തി. 77-കാരനായ  വെയ്ൻ ഹംഫ്രീസിനാണ് തന്റെ ഓഡി ക്യൂ 8-ൽ യാത്ര ചെയ്തപ്പോൾ സൈക്കിൾ യാത്രക്കാരന് മതിയായ ഇടം നൽകാത്തതിന് പിഴയും 4 പെനാൽറ്റി പോയിന്റുകളും ലഭിച്ചത്. സൈക്കിൾ യാത്രക്കാരൻറെ  ക്യാമറയിൽ വാഹനം അരികിലൂടെ കടന്നു പോകുന്നത് റെക്കോർഡ് ചെയ്യുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഹംഫ്രീസ് പിഴ അടക്കുവാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിന്  ഹംഫ്രീസിനെ കോടതിയിൽ വിചാരണ ചെയ്യുകയും പിഴയും ചെലവുമായി 1887 പൗണ്ട് അടയ്ക്കാൻ ഉത്തരവിടുകയും 4 പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയുമായിരുന്നു. അതേസമയം തനിക്ക് ലഭിച്ച വിധി നീതി രഹിതമാണെന്നും തനിക്കിപ്പോൾ 77 വയസ്സാണെന്നും അവസാനമായി തനിക്ക് പിഴ ലഭിച്ചത് 35- 40 വയസ്സിനിടയിൽ ആണെന്നും അദ്ദേഹം വാദിച്ചു .

പരാതി ഉണ്ടായതിനെ തുടർന്ന് താൻ സ്ഥലം പരിശോധിച്ചെന്നും സൈക്കിൾ യാത്രക്കാരന് പോകാൻ മതിയായ ഇടമുണ്ടെന്നുമായിരുന്നു ഹംഫ്രിസിൻെറ വാദം. പിഴ ലഭിച്ചത് തികച്ചും അവിശ്വസനീയം ആണെന്നും അപ്പീൽ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനോടകം തന്നെ കോടതിയിലും അഭിഭാഷകനുമായി ഏകദേശം 4500 പൗണ്ട് ചെലവഴിച്ചെന്നും ഇതുമായി ഇനി മുന്നോട്ട് പോകുന്നതിൽ താൻ അർത്ഥം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.