ന്യൂസ് ഡെസ്ക് മലയാളം യുകെ
വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്ന ലോക കിക്ക്ബോക്‌സിംഗ് ചാമ്പ്യൻ കോവിഡ് ബാധിച്ച് മരിച്ചു. നവംബർ അവസാനത്തോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ഒരു ചെറിയ വൈറസിന് തന്നെ ഒന്നും ചെയ്യാൻ ആവുകയില്ല എന്നായിരുന്നു 41 കാരനായ ഫ്രെഡറിക് സിനിസ്ട്രൻെറ വാദം. മൂന്നു തവണ ലോക ചാമ്പ്യനായ ഇദ്ദേഹം തൻറെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് രോഗ ലക്ഷണങ്ങൾക്കുള്ള ചികിത്സ സ്വീകരിക്കുക വീട്ടിൽനിന്ന് ആയിരിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഡിസംബർ 15 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹത്തിൻറെ പങ്കാളി പറഞ്ഞു. ആശുപത്രി വിട്ട് ഓക്സിജൻ സ്വയം നൽകി ചികിത്സിക്കാൻ തീരുമാനിച്ച അദ്ദേഹം സ്വദേശമായ സിനിയിൽ വച്ചായിരുന്നു മരിച്ചത്.
അണ്ടർടേക്കർ എന്നറിയപ്പെടുന്ന ബെൽജിയം വംശജനായ ഇദ്ദേഹം മുമ്പ് മാസ്കുകൾക്കെതിരെയും വാക്സിൻ പാസുകൾക്കെതിരെയും രംഗത്തുവന്നിരുന്നു. തൻറെ യുവത്വവും ശാരീരികക്ഷമതയും വൈറസിൽ നിന്ന് തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ വിശ്വാസം. അദ്ദേഹം കോവിഡിനെ “ഹെയർ ഫ്ലൂ” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഇദ്ദേഹം തൻെറ പങ്കാളിത്തം അറിയിക്കുകയും ചെയ്തിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ആശുപത്രിയിൽ പോകാൻ സിനിസ്ട്രയോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിൻറെ പരിശീലകൻ ഒസ്മാൻ യിഗിൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിച്ചില്ലെങ്കിൽ പരിശീലനം നടത്താൻ വിസമ്മതിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്ന വിളിപ്പേരുള്ള സിനിസ്ട്രയ്ക്ക് അസുഖം മൂലം ഡിസംബർ 4ന് ആസൂത്രണം ചെയ്തിരുന്ന ഒരു പോരാട്ടം മാറ്റിവയ്ക്കാൻ നിർബന്ധിതനായപ്പോൾ അതിനെതിരെയുള്ള അതൃപ്തി സിനിസ്ട്ര പങ്കുവെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വാഹനമോടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും തെറ്റ് പറ്റാത്തവർ ചുരുക്കമാണ്. എന്നാൽ പ്രധാനപ്പെട്ട നാല് തെറ്റുകൾ നാം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഈ തെറ്റുകൾ വരുത്തുന്ന ഡ്രൈവർമാർ 130 പൗണ്ട് പിഴ നൽകേണ്ടി വരും. ഓഫ്-സ്ട്രീറ്റ്, പ്രൈവറ്റ് കാർ പാർക്ക് പെനാൽറ്റി ചാർജുകൾ ലണ്ടനിൽ £130 ഉം തലസ്ഥാനത്തിന് പുറത്ത് £120 ഉം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നാല് പാർക്കിംഗ് പിഴവുകൾ ഇവയൊക്കെയാണ് ;
1) സിഗ്‌സാഗ് ലൈനുകളിൽ പാർക്ക് ചെയ്യരുത്- സിഗ്‌സാഗ് ലൈനുകളിൽ പാർക്കിംഗ് അനുവദനീയമല്ല. മുന്നിൽ സീബ്രാ ലൈനോ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ടെന്നോ സൂചിപ്പിക്കാനുള്ള വരകൾ കൂടിയാണത്. അതുകൊണ്ട് തന്നെ സിഗ്‌സാഗ് വെള്ള വരകൾ ശ്രദ്ധിക്കുക.
2) ഇരട്ട വെള്ള വരകൾക്ക് സമീപം പാർക്ക് ചെയ്യരുത് – റോഡിന്റെ മധ്യത്തിൽ ഇരട്ട വെള്ള വരകൾ കണ്ടാൽ അവിടെ നിങ്ങൾക്ക് നിർത്താനോ പാർക്ക് ചെയ്യാനോ കഴിയില്ല, ഓവർടേക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഹൈവേ കോഡിന്റെ റൂൾ 240 അനുസരിച്ച് അശ്രദ്ധമായി വാഹനമോടിച്ചാലോ ഇരട്ട വെള്ള വരയിൽ പാർക്ക് ചെയ്താലോ 100 പൗണ്ട് വരെ പിഴ നൽകണം.
3) ബ്ലൂ ബാഡ്ജ് സ്പോട്ടുകളിൽ പാർക്ക് ചെയ്യാനുള്ള അവകാശം ബ്ലൂ ബാഡ്ജ് ഹോൾഡേഴ്‌സിന് മാത്രം. കർശന നിയമത്തിന്റെ പരിധിയിൽ പെടുന്നതാണ് ഇത്. തെറ്റ് ചെയ്താൽ 120 പൗണ്ട് പിഴ നൽകേണ്ടി വരും.
4) മഞ്ഞ വരകൾ ഒഴിവാക്കുക – നിങ്ങൾക്ക് ഒറ്റ മഞ്ഞ വരയിൽ നിർത്താൻ സാധിക്കും. എന്നാൽ ഇരട്ട മഞ്ഞ വരയിൽ നിയമങ്ങൾ കർശനമാണ്. ഇരട്ട മഞ്ഞ വരയിൽ വാഹനം പാർക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ്.
പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വാഹനമോടിച്ചാൽ പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഡ്രൈവിങ്ങും കൂടുതൽ സുരക്ഷിതമാകും.
ടോം ജോസ് തടിയംപാട്
ടർക്കിയിലെ ഇസ്താംബുൾ അഥവാ പഴയ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിക്കാൻ കഴിഞ്ഞപ്പോൾ അവിടുത്തെ മഹാരഥന്മാരായ രാജാക്കന്മാർ താമസിച്ചിരുന്ന ടോപ് കോപ്പി പാലസിലെ രാജാവിന്റെ സ്ത്രീകൾ താമസിച്ചിരുന്ന (ഹാരം ) കാണാനിടയായി , അവിടെ അർമേനിയൻ ക്രിസ്റ്റ്യൻ വെപ്പാട്ടികൾ താമസിച്ചിരുന്ന ഒരു ഹാൾ ഉണ്ട് അതിന്റെ കാരണം അന്വേഷിച്ചാൽ എത്തപ്പെടുന്നതു ഒരു വലിയ കൂട്ടക്കൊലയുടെ ബാക്കിപത്രത്തിലേക്കാണ് ..റോം സന്ദർശിച്ചപ്പോൾ തെരുവിൽ കണ്ട അർമേനിയൻ വേശ്യകളെപ്പറ്റിയും യാചകരെപ്പറ്റിയും അന്വേഷിച്ചപ്പോൾ എത്തിപ്പെട്ടതും ഈ കൂട്ടക്കൊലയിലേക്കാണ്
കൊഴിഞ്ഞുപോയ ഇരുപതാം നൂറ്റാണ്ടിൽ ലോകസമൂഹത്തിനു എന്നും വേദന നൽകികൊണ്ടു ചരിത്ര കുരുതികളെ വീണ്ടും അന്വേഷണ ത്വരതയിയിലേക്ക് തള്ളിവിടുന്ന രണ്ടു കൂട്ടകൊലപാതകങ്ങളാണ് അർമേനിയൻ കൂട്ടകൊലപാതകവും യഹൂദ കൂട്ടകൊലപാതകവും. യഹൂദ കൊലപാതകം സാമൂഹിക മനഃസാക്ഷിക്കുമുൻപിൽ കൊണ്ടുവരാൻ ചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അർമേനിയൻ കൊലപാതകം അഥവാ ക്രിസ്റ്റ്യൻ നരഹത്യ വെളിച്ചംകാണാതെ ഇന്നും മണ്മറഞ്ഞു കിടക്കുകയാണ് ,എന്നാൽ 2021 ൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അർമേനിയൻ കൊലപാതകത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ എന്ന് വിശേഷിച്ചപ്പോൾ ആ പഴയ ചരിത്രം ആളുകൾ പൊടിതട്ടിയെടുക്കാൻ തുടങ്ങി നിലവിൽ 31 രാഷ്ട്രങ്ങൾ ഈ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിച്ചു കഴിഞ്ഞു .
ബിസി 6 മുതൽ ഇന്നത്തെ കിഴക്കൻ തുർക്കിയിലെ അനോട്ടോളിയ പ്രദേശത്തു ജീവിച്ചിരുന്ന ജനവിഭാഗമായിരുന്നു അർമീനിയക്കാർ . അതായതു ടർക്കുകൾ എത്തപ്പെടുന്നതിനു 1500 വർഷം മുൻപ് അവിടെ താമസമാക്കിയവർ . ലോകത്തെ ആദ്യ കത്തോലിക്ക രാഷ്ട്രം അർമേനിയയാണ്. എ.ഡി 301 അർമീനിയ കത്തോലിക്ക രാഷ്ട്രമായി അന്നത്തെ രാജാവ് പ്രഖ്യപിച്ചു എന്നുപറഞ്ഞാൽ റോം കത്തോലിക്കാ മതം സ്വീകരിക്കുന്നതിനു മുൻപ് കത്തോലിക്കാമതം സ്വീകരിച്ച രാഷ്ട്രം എന്നർത്ഥം . 1453 ഇസ്ലാമിക അധിനിവേശത്തിന്റെയും പിടിച്ചടക്കലിന്റെയും ഭാഗമായി കോൺസ്റ്റാന്റിനോപ്പിൾ മുഹമ്മദ് രണ്ടാമൻ പിടിച്ചെടുത്ത ശേഷം അർമേനിയൻ പ്രദേശം അദ്ദേഹം തുർക്കിയോട് കൂട്ടിച്ചേർത്തു. അക്കാലത്ത് അർമേനിയക്കാരെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു കഠിനാധ്വാനം കൊണ്ട് അവർ ടർക്കുകളേക്കാൾ ജീവിതനിലവാരം ഉയർന്നവരായിമാറി അവർക്കു സ്വന്തം ഭാഷയും ലിപിയും സംസ്കാരവും ഉണ്ടായിരുന്നു .
കാലക്രമേണ ഇസ്ലാമിക പുരോഹിതരുടെ സമ്മർദ്ദത്തിൽ അവരെ ഇസ്ലാമിക ഭരണകൂടം രണ്ടാം തരം പൗരന്മാരായി മാറ്റുകയും ഇസ്ലാമിക നികുതി ചുമത്തുകയും (ജസിയ )ചെയ്തു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുല്യ അവകാശത്തിനുവേണ്ടി അർമേനിയക്കാർ മുറവിളികൂട്ടാൻ തുടങ്ങിയിരുന്നു . 1876 ബാൽക്കൻ യുദ്ധത്തിൽ റഷ്യ ബാൽക്കൻ രാജ്യങ്ങളെ സഹായിക്കുകയും ടർക്കി യുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്തു എന്നാരോപിച്ചു അർമേനിയക്കാരുടെ ഭൂമി കണ്ടുകെട്ടാൻ തുടങ്ങിയിരുന്നു. അതോടൊപ്പം അനോട്ടോളിയയിൽ കുടിയേറി താമസിച്ചിരുന്ന കുർദിഷ് മുസ്ലിമുകളുടെ ഒരു പാരമിലിട്ടറി രൂപപ്പെടുത്തി അർമേനിയൻ സമൂഹത്തെ കൊള്ളയടിക്കാനും അവരെ കൊന്നൊടുക്കാനും തുടങ്ങി. ഇതിനെതിരെ അർമേനിയൻ സംഘടനകൾ (അർമേനിയൻ റിവൊല്യൂഷനറി ഫെഡറേഷൻ )തുർക്കിയെ ആക്രമിക്കുകയും ചെയ്തു . 1876 ൽ സുൽത്താൻ അബ്ദുൽ മജീത് രണ്ടാമൻ ഭരണഘടന സസ്‌പെൻഡ് ചെയ്യുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു . ഇതിൽ പ്രതിക്ഷേധിച്ചുണ്ടായ ജനകീയ മുന്നേറ്റമായിരുന്നു യുവ തുർക്കി മൂവ് മെന്റ് .
തുർക്കി സമ്രാജ്യത്തിൽ നിന്നും പലരാജ്യങ്ങളും സ്വാതന്ത്ര്യം നേടുകയും ,രാജ്യ൦ സാമ്പത്തികമായി തകരുകയും ചെയ്ത സാഹചര്യത്തിൽ 1908 രാജാവ് പാർലമെന്റും ഭരണഘടനയും പുനഃസ്ഥാപിക്കാൻ നിർബന്ധിതമാകുകയും ഈ സമരത്തിൽ രാജാവിനെതിരെ നിന്ന എല്ലാവരും അണിനിരക്കുകയും ചെയ്തു . പാർലമെന്റ് പുനഃസ്ഥാപിച്ചതോടെ പ്രധാന സ്ഥാനങ്ങളിൽ എത്തിയ മൂന്നു പാഷമാർ യുവ തുർക്കി മുന്നേറ്റത്തിലെ വലതുപക്ഷ വിഭാഗമായിരുന്നു . കടുത്ത ടർക്കി ദേശീയവാദികൾ ആയിരുന്ന വലത് പാഷ , ഇൻവെർ പാഷ , ജമാൽ പാഷ , എന്നിവരായിരുന്നു സർക്കാരിനെ നയിച്ചിരുന്നത് . ഇവർ വളരെ വലിയ ക്രൂരതയാണ് അർമേനിയൻ സമൂഹത്തിനെതിരെ നടത്തിയത്. 1911 നടന്നയുദ്ധത്തിൽ ലിബിയ നഷ്ടപെട്ടു. 1912 ൽ നടന്ന ബാൽക്കൻ യുദ്ധത്തിൽ യൂറോപ്പിലുള്ള എല്ലാ അസ്തിത്വവും ടർക്കിയുടെ തകർന്നടിഞ്ഞു. ബാൽക്കൻ രാജ്യങ്ങളെ സഹായിച്ച റഷ്യയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു അർമേനിയക്കാർക്കു നേരെ ക്രൂരമായ ആക്രമണവും ബലാത്സംഗവുമാണ് നടന്നത് . കൂടാതെ 2 ലക്ഷം പേരെ നിർബന്ധിത മത പരിവർത്തനവും നടത്തി . കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊന്നുകളഞ്ഞു. യുവതികളെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി ..ടർക്കി സൈന്യത്തിൽ ജോലിചെയ്തിരുന്ന അർമേനിക്കാരെ നിരായുധരാക്കി കൊന്നുകളഞ്ഞു .
1914 പൊട്ടിപുറപ്പെട്ട ഒന്നാം ലോകായുധത്തിൽ ടർക്കി ജർമ്മനിയോടൊപ്പം ചേർന്നു . എതിർപക്ഷത്തു നിന്ന റഷ്യ തുർക്കിയുടെ കിഴക്കൻ മേഖല ആക്രമിക്കുകയും റഷ്യൻ സൈന്യത്തെ സഹായിക്കാൻ കുറച്ചു അർമേനിയക്കാർ തയാറാകുകയും ചെയ്തതിന്റെ ഫലമായി തുർക്കിയിൽ നിന്നും അർമേനിയക്കാരെ തുരത്തി ഓടിക്കാനും ഇല്ലായ്മ ചെയ്യാനും മൂന്ന് പാഷമാർ തീരുമാനിച്ചു. ഇതിനു കാരണം ടർക്കി അർമേനിയക്കാർക്കു വേണ്ടി വിഭജിക്കേണ്ടിവരും എന്ന ഭയമായിരുന്നു .
1915 ഏപ്രിൽ മാസം 24 ന് അർമേനിയൻ സമൂഹത്തിലെ പ്രഗൽഭരായ 200 പേരെ ടർക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റു ചെയ്തു കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവന്നു കൊലചെയ്തു. ഇതിൽ രാഷ്ട്രീയക്കാർ ,ഡോക്ടർമാർ ,വക്കീലന്മാർ ,അടങ്ങുന്ന അർമേനിയൻ സമൂഹത്തിലെ മുഴുവൻ പ്രതിഭാശാലികൾ ഉൾപ്പെട്ടിരുന്നു ഇതായിരുന്നു അർമേനിയൻ നരഹത്യയുടെ തുടക്കം . പിന്നീട് നടന്ന കൂട്ടക്കൊലയിൽ ശവ ശരീരങ്ങൾ നദികളിൽ നിറഞ്ഞു വെള്ളം രക്തനിറത്തിൽ ഒഴുകാൻ തുടങ്ങി . നദിയിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ നദിയിൽ ഒഴുക്കുന്നത് നിർത്തി ശവങ്ങൾ മലയിടുക്കുകളിൽ കൊണ്ടുപോയി തള്ളി. അവിടെനിന്നും അസ്ഥികൂടങ്ങളുടെ നീണ്ടനിര പിന്നീട് കണ്ടെത്തി. വാൻ എന്ന ഒരു വില്ലേജിൽ നിന്നുമാത്രം റഷ്യൻ സൈന്യ൦ 55000 ശവശരീരങ്ങൾ കണ്ടെത്തി . കൊല്ലപ്പെടാതിരിക്കാൻ ഒരു മാർഗം മാത്രം ഇസ്ലാം സ്വികരിക്കുക .
ഏകദേശം 15 ലക്ഷം ആളുകളെ തുർക്കിയിൽ നിന്നും 1000 കിലോമീറ്റർ അകലെ സിറിയിയിലേക്കു ടെസിർ മരുഭൂമിയിലൂടെ നടത്തി കൊണ്ടുപോയി. ഇതിനെ ഡെത്ത് മാർച്ച് എന്നാണ് അറിയപ്പെടുന്നത്. പോയവഴിയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ രോഗം ബാധിച്ചു ഒട്ടനേകം പേർ മരിച്ചു, കൂടാതെ കൊള്ളയും ബലാത്സംഗവും കൊണ്ട് മരിച്ചവർ വേറെയും. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങൾ തിന്നാൻ കഴുകന്മാർ പറന്നടുത്തു .1000 കിലോമീറ്റർ നടന്നു സിറിയയിൽ തടങ്കൽ പാളയത്തിൽ എത്തിച്ചേർന്നത് പത്തു ശതമാനം മനുഷ്യ രൂപങ്ങൾ മാത്രം . ഈ നരനായാട്ടിൽ മാത്രം 10 ലക്ഷം, മനുഷ്യരാണ് കൊല്ലപ്പെട്ടത് . എന്നാൽ ടർക്കി ഈ കൊലപാതകത്തെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നും ഇതൊരു വംശഹത്യ അല്ലായെന്നും വാദിക്കുന്നു. കൂടാതെ മൂന്നു ലക്ഷം പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നും അവകാശപ്പെടുന്നു . അമേരിക്കൻ പ്രസിഡണ്ട് റൂസ് വെൽറ്റ് ഈ കൊലപാതകത്തെ വിശേഷിച്ചത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റം എന്നാണ്.
1915 ൽ ടർക്കിയിലെ അമേരിക്കൻ അംബാസിഡർ ആയിരുന്ന ഹെൻറി മോർഗൻ ഈ കൊലപാതകത്തെപ്പറ്റി അമേരിക്കൻ സർക്കാരിനു നൽകിയ റിപ്പോർട്ടിലൂടെയാണ് ഈ ദുരന്തം പുറംലോകം അറിഞ്ഞത്. പിന്നീട് 1943 ൽ ഒരു പോളിഷ് അഭിഭാഷകൻ റാഫേൽ ലെംകിൻ ,ഈ കൊലപാതകത്തെ പഠിച്ചു ലോകം കണ്ട ഏറ്റവും വലിയ നരഹത്യയാണിതെന്നു പറഞ്ഞു പുസ്തകം എഴുതി. ഇതിലൂടെയാണ് ഈ ക്രൂരതയെപ്പറ്റി ലോകം കൂടുതൽ അറിഞ്ഞത്.
ഒന്നാം ലോക യുദ്ധം അവസാനിച്ച ശേഷം 1919 മെയ് 28 ന് അർമേനിയൻ റിപ്പബ്ലിക്ക് പിറവിയെടുത്തു . 3 കോടിയിൽ താഴെ ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ് ഇന്നും അർമേനിയ . 1919 ൽ ബ്രിട്ടീഷുകാരുടെ സമ്മർദ്ദപ്രകാരം യുദ്ധ കോടതികൾ സ്ഥാപിക്കുകയും യുദ്ധകുറ്റവാളികളെ വിചാരണ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുകളിൽ പറഞ്ഞ മൂന്നു പാഷമാരെയും മരണ ശിക്ഷ നൽകി. അവർ കോടതി മുറിയിൽനിന്നും രക്ഷപെട്ടെങ്കിലും അവരെ പിന്നീട് ജർമനിയിലും ഇറ്റലിയിലും ജോർജിയയിലും വച്ച് അർമേനിയൻ യുവാക്കൾ കൊന്നുകളഞ്ഞു .
അർമേനിയൻ നരഹത്യയിൽ നിന്നും രക്ഷപെട്ടവർ പിന്നീട് അവരുടെ അനുഭവങ്ങൾ ലോകത്തോട് പങ്കുവച്ചു. അത് ശ്രവിച്ചവരുടെ കണ്ണുകൾ നിറഞ്ഞു. അവരിൽ പലരും അവരെ ആട്ടിയോടിച്ച അവരുടെ വില്ലേജുകളിൽ തിരിച്ചുപോയി ഓർമ്മകൾ പങ്കിട്ടു. അവരുടെ വില്ലേജുകൾ മുഴുവൻ നശിപ്പിച്ചു അവരുടെ വളരെ പഴക്കം ചെന്ന ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു വൈദികർ മുഴുവൻ കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന അർമേനിയക്കാർ അവരുടെ പിതാമഹന്മാരുടെ വീടുകളും അവർ പ്രാർത്ഥിച്ച പള്ളിയുടെ അവശിഷ്ടങ്ങളും കാണാൻ ടർക്കിയിൽ എത്താറുണ്ട്.
200 അർമേനിയൻ ചിന്തകരെയും പ്രൊബേഷനനുകളെയും കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുപോയി കൊന്നുകളഞ്ഞ ഏപ്രിൽ 24 അർമേനിയൻ നരഹത്യയുടെ ഓർമ്മ ദിനമായി ആചരിക്കുന്നത്. 1967 ൽ ആർമേനിയായുടെ തലസ്ഥാനമായ യെറുവാനിൽ നിന്നും 6 കിലോമീറ്റർ അകലെ കൂട്ടക്കൊലയിൽ മരിച്ചവരെ ഓർമ്മിക്കാൻ സ്മാരകം ഉയർന്നു. ഇന്നതൊരു തീർത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു . ഇത്തരം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് അർമേനിയൻ കൂട്ടക്കൊല ഒരു പാഠമാകട്ടെ .
ബർമിംഗ്ഹാം : ബർമിംഗ്ഹാമിലെ ഒരു ബസ് ലെയ്നിൽ നിന്ന് രണ്ട് വർഷത്തിനിടെ ഈടാക്കിയ പിഴ എത്രയെന്ന് കേട്ടാൽ അതിശയിക്കും; 3.9 മില്യൺ പൗണ്ട് ആണത്. 2019 സെപ്റ്റംബറിൽ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ഒൺലി സോണിൽ 1,30,000-ലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയിട്ടുണ്ട്. വിവരാവകാശ അഭ്യർത്ഥന പ്രകാരമാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. നഗരത്തിലെ മറ്റ് ബസ് ലെയ്നുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുക. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ നിന്ന് 26,336 പെനാൽറ്റി ചാർജ് നോട്ടീസുകൾ (പിസിഎൻ) ഈടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
നഗരത്തിലെ ബാക്കിയുള്ള പത്തു ബസ് ലെയ്നുകളിൽ നൽകിയ പിഴയുടെ മൂന്നിരട്ടിയാണിത്. മറ്റ് ബസ് ലെയ്നുകളിൽ എല്ലാംകൂടി നൽകിയ പിഴ 7476 മാത്രമാണ്. വിവാദമായ ബസ് ലെയ്നെതിരെ ഡ്രൈവർമാർ രംഗത്തെത്തിയെങ്കിലും ഇത് പര്യാപ്തവും ഉചിതവുമാണെന്നാണ് കൗൺസിലിന്റെ വാദം. ആറു മാസം കൊണ്ട് 26,336 പെനാൽറ്റിയാണ് ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ ഉണ്ടായതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള സെന്റ് മാർട്ടിൻസ് ക്വീൻസ്‌വേയിൽ 4409 എണ്ണമാണ് ഉള്ളത്.
ക്യാമറകൾ ആദ്യമായി സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷം ഇത്രയധികം കേസുകൾ ഉണ്ടാവുന്നത് സ്വീകാര്യമല്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. ഷീപ്‌കോട്ടിലെ അടയാളങ്ങൾ അപര്യാപ്തമാണെന്ന് സെപ്തംബറിൽ പിഴ ലഭിച്ച പോൾ സ്റ്റെയ്‌നർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ പുതുവർഷത്തിനു മുൻപ് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജനങ്ങളോട് തങ്ങളുടെ വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. ഇംഗ്ലണ്ടിലും സ്കോട്ട്‌ലാൻഡിലും ക്രിസ്തുമസ് കാലയളവിൽ റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 25 -ന് ഇംഗ്ലണ്ടിൽ 113,628 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 26 -ന് 103,558 ഉം ഡിസംബർ 27 -ന് 98,515 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ മൂന്ന് ദിവസങ്ങളിൽ സ്കോട്ട്ലൻഡിലെ താൽക്കാലിക ഡേറ്റ പ്രകാരം ക്രിസ്തുമസ് ദിനത്തിൽ 8,252 കേസുകളും അതിനടുത്തുള്ള ദിവസങ്ങളിൽ 11,030 ഉം തിങ്കളാഴ്ച 10,562 ഉം കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്‌തുമസ് കാലയളവിൽ യുകെയുടെ ഭാഗിക കോവിഡ് കണക്കുകൾ മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ രാജ്യത്തെ മുഴുവൻ കണക്കുകളും ഈ മാസം അവസാനം പുറത്തുവിടും. ക്രിസ്തുമസ് കാലയളവിൽ പരിശോധന നടത്താനുള്ള ആളുകളുടെ വിമുഖതയും ഡേറ്റാ പ്രോസസ്സിംഗിൻെറ കാലതാമസവും ഉൾപ്പെടെയുള്ള കാരണങ്ങൾ ശരിയായ കണക്കുകളെ കുറച്ച് കാണിക്കാൻ സാധ്യതയുണ്ടെന്ന് ബ്രൈറ്റൺ സർവകലാശാലയിലെ വൈറോളജിസ്റ്റായ ഡോ. സാറാ പിറ്റ് പറഞ്ഞു.
ക്രിസ്‌തുമസ് രാവിന് ശേഷം നോർത്തേൺ അയർലൻഡിലെ കേസുകളുടെ വിവരങ്ങൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. വെയിൽസിൽ ഡിസംബർ 26 -ന് 5335 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. പുതുവർഷത്തിൽ കൂടുതൽ നടപടികൾ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന് സർക്കാർ വിലയിരുത്തുമെന്ന് ജാവിദ് പറഞ്ഞു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റിയും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസും പ്രധാനമന്ത്രിയെ വിവരമറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനം ഉണ്ടായത്. അതേസമയം വെയിൽസിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സ്കോട്ട്‌ലൻഡിലും വടക്കൻ അയർലൻഡിനും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : കോവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി ‘സ്‌പൈഡർമാൻ : നോ വേ ഹോം’. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്‌സ് ഓഫ് സ്‌കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. 2021-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും നോ വേ ഹോമിന് സ്വന്തം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൈനീസ് നിർമ്മിത കൊറിയൻ യുദ്ധ ഇതിഹാസ ചിത്രമായ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍), ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ (774 മില്യണ്‍ ഡോളര്‍)എന്നിവയാണ് കളക്ഷനില്‍ സ്‌പൈഡര്‍മാന് പിന്നില്‍.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ഈ ചിത്രം അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് നേടിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനും എന്‍ഡ് ഗെയിമിനും ശേഷം ഏറ്റവും വേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രവും സ്‌പൈഡര്‍മാന്‍ നോ വേ ഹോമാണ്.
ടോം ഹോളണ്ട് നായകനായി എത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും സംവിധാനം ചെയ്തത്.
2019ൽ പുറത്തിറങ്ങിയ ‘സ്പൈഡർ മാൻ: ഫാർ ഫ്രം ഹോം’ ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളർ നേടിയ ആദ്യത്തെ സ്‌പൈഡർമാൻ ചിത്രമാണ്. ഫ്രാഞ്ചൈസിയിൽ നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ഫാർ ഫ്രം ഹോം. ആഗോളതലത്തിൽ 1.132 ബില്യൺ ഡോളറാണ് ചിത്രം വാരിക്കൂട്ടിയത്. കോവിഡ് ആശങ്കകൾക്കിടയിൽ റിലീസ് ചെയ്തെങ്കിലും അതിവേഗം ഒരു ബില്യൺ ഡോളർ നേടിയ ‘നോ വേ ഹോം’, ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ നഗരമായ ബെനിയിലെ റെസ്റ്റോറന്റിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ ആറ് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടക വസ്തുക്കളുമായി വന്ന ആളെ കെട്ടിടത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞു. എന്നാൽ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളും മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന തീവ്രവാദ സമൂഹമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന് സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം അധികൃതർ ഉന്നയിച്ചു. ഇതുവരെയും ഒരു ഭീകരവാദ സംഘടനയും അക്രമണത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
റസ്റ്റോറന്റിൽ ഏകദേശം 30 ലധികം ആളുകൾ ക്രിസ്‌തുമസ് ആഘോഷിക്കുന്നതിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത് എന്ന് രണ്ട് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയം കുട്ടികളും പ്രാദേശിക ഉദ്യോഗസ്ഥരും റസ്റ്റോറന്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലായി സൈന്യവും ഇസ്ലാമിസ്റ്റുകളും തമ്മിൽ ബെനിയിൽ പതിവായി ഏറ്റുമുട്ടലുകൾ നടന്നിരുന്നു. നവംബറിൽ ആക്രമണപരമ്പര അവസാനിപ്പിക്കുന്നതിനായി കോംഗോ, ഉഗാണ്ടൻ സേനകൾ എഡിഎഫിനെതിരെ സംയുക്ത പ്രവർത്തനം ആരംഭിച്ചിരുന്നു. തലസ്ഥാനമായ കമ്പാലയിൽ ഉൾപ്പെടെ രാജ്യത്ത് അടുത്തിടെ നിരവധി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതിനുപിന്നിൽ ഇസ്ലാമിസ്റ്റ് സംഘംഗങ്ങൾക്ക് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
1990-കളിൽ മുസ്ലീങ്ങളോടുള്ള ഉഗാണ്ടൻ സർക്കാരിൻറെ പെരുമാറ്റത്തോട് അതൃപ്തരായവരാണ് തീവ്രവാദി സംഘടന രൂപീകരിച്ചത്. എന്നാൽ ഇത് പിന്നീട് പടിഞ്ഞാറൻ ഉഗാണ്ടയിൽ നിന്ന് തുരത്തപ്പെടുകയും അതിൻറെ ശേഷിപ്പുകൾ അതിർത്തികടന്ന് ഡി ആർ കോംഗോയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. ഇത് കിഴക്കൻ ഡിആർ കോംഗോയിൽ നിലയുറപ്പിക്കുകയും ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് സിവിലിയൻ കൊലപാതകങ്ങൾക്ക് കാരണമാവുകയും ചെയ്തു. മാർച്ചിൽ അമേരിക്ക എഡിഎഫിനെ ഐഎസ്(IS )മായി ബന്ധമുള്ള ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ബേസിൽ ജോസഫ്
ഹണി ബട്ടർ ഫ്രൈഡ് ചിക്കൻ
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
പ്ലെയിൻ ഫ്ലോർ -75 ഗ്രാം
കോൺഫ്ലോർ – 50 ഗ്രാം
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 എണ്ണം
ഓയിൽ – ചിക്കൻ വറക്കുവാനാവശ്യമുള്ളത്
ഹണി ബട്ടർ സോസിനു വേണ്ട ചേരുവകൾ
ബട്ടർ -50 ഗ്രാം
വെളുത്തുള്ളി – 2 കുടം (ചെറുതായി അരിഞ്ഞത് )
ബ്രൗൺ ഷുഗർ (Demerara sugar)- 1 ടേബിൾ സ്‌പൂൺ
സോയ സോസ് -1/ 2 ടേബിൾ സ്‌പൂൺ
ഹണി – 1 ടേബിൾ സ്‌പൂൺ
പാചകം ചെയ്യുന്ന വിധം
ഒരു മിക്സിങ് ബൗൾ എടുത്ത് പ്ലെയിൻ ഫ്ലോർ ,കോൺഫ്ലോർ, കുരുമുളക് പൊടി , ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് ചെറിയ ക്യൂബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ , മുട്ട എന്നിവ ചേർത്തു യോജിപ്പിച്ചെടുത്തു അര മണിക്കൂർ വയ്ക്കുക . ഒരു പാനിൽ ഓയിൽ ചൂടാക്കി ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തെടുക്കുക . സോസുണ്ടാക്കനായി ഒരു പാനിൽ ബട്ടർ ഉരുക്കി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് ഒരു 3 -4 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് സോയ സോസ് ബ്രൗൺ ഷുഗർ എന്നിവ ചേർത്തിളക്കുക ഷുഗർ നന്നായി ഉരുകി തിളച്ചുതുടങ്ങുമ്പോൾ ഹണി ചേർത്ത് തീ കുറയ്ക്കുക .ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ടോസ് ചെയ്തു എടുക്കക. എല്ലാ ചിക്കൻ പീസിലും ഈ സോസ് നന്നായി ചേർന്നു കഴിയുമ്പോൾ ഒരു സെർവിങ് ഡിഷിലേയ്ക്ക് മാറ്റി സെസ്മെ സീഡോ , പംകിൻ സീഡോ അല്ലെങ്കിൽ സ്പ്രിങ് ഒണിയനോ കൊണ്ട് ഗാർണിഷ് ചെയ്തു ചൂടോടെ വിളമ്പുക.
ബേസിൽ ജോസഫ്
ലണ്ടൻ : കോവിഡ് വാക്സീൻ എടുക്കാത്ത ആളുകളുടെ വീട്ടിലേക്ക് ഇനി വാക്സീനുമായി പ്രത്യേക സംഘമെത്തും. ഡോർ ടു ഡോർ വാക്സീൻ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് മന്ത്രിമാരുടെ തീരുമാനം. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് നടത്താൻ ആരോഗ്യ വകുപ്പും എൻഎച്ച്എസ് ഇംഗ്ലണ്ടും നമ്പർ 10-ഉം തമ്മിൽ ചർച്ച ചെയ്തു. വാക്സിനേഷൻ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് ഈ തീരുമാനം ഗുണകരമാകും. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 90 ശതമാനം കൊവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായതിലും വലിയ കോവിഡ് തരംഗമായിരിക്കും രാജ്യത്ത് വരാൻ പോകുന്നതെന്ന് ശാസ്‌ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകി. ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരും. എന്നാൽ പുതുവർഷത്തിന് മുമ്പ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരരുതെന്ന് എംപിമാരും ഹോസ്പിറ്റാലിറ്റി മേധാവികളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കടുത്ത നിയന്ത്രണങ്ങൾ ബിസിനസ്സുകൾക്ക് ഗുരുതര ഭീഷണിയായി മാറുമെന്ന് അവർ വിശദമാക്കി.
വെള്ളിയാഴ്ച 122,186 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും ഇംഗ്ലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 18 മുതല്‍ 24 വരെയുള്ള ആഴ്ചയിൽ 7,07,306 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ പോകേണ്ടി വരും.
ഏകദേശം 7.5 ലക്ഷം പേര്‍ ഇത്തരത്തില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ ആവിഷ്കരിച്ച് ആശുപത്രി പ്രവേശനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് മുൻപിലുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭർത്താവായ ഫിലിപ്പ് രാജകുമാരൻെറ മരണത്തിനു ശേഷമുള്ള ആദ്യ ക്രിസ്‌തുമസ് സന്ദേശത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രാജ്ഞിയുടെ ക്രിസ്‌തുമസ് സന്ദേശം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ക്രിസ്‌തുമസ് ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്നത് എന്തുകൊണ്ടാണെന്ന് താൻ ഈ വർഷം മനസ്സിലാക്കുന്നുവെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. ഉത്സവ കാലയളവിൽ അദ്ദേഹത്തിൻറെ സാന്നിധ്യം താൻ അനുഭവിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഫിലിപ്പ് രാജകുമാരനോടൊപ്പമുള്ള ഫോട്ടോയ്ക്ക് അരികിൽ ഇരുന്നാണ് രാജ്ഞി തൻെറ ഭർത്താവായ എഡിൻബർഗിലെ ഡ്യൂക്ക് ആയിരുന്ന ഡ്യൂക്കിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ജീവിതത്തിൽ ആദ്യ കണ്ടുമുട്ടലുകൾ പോലെ തന്നെ അവസാനമായുള്ള വേർപിരിയലുകളും ഉണ്ടാകുമെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. താനും കുടുംബവും അദ്ദേഹത്തെ ഓർക്കുന്നത് പോലെ തന്നെ അദ്ദേഹം തങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്ന് അവർ കൂട്ടിച്ചേർത്തു. 2007-ൽ രാജ്ഞിയുടെ ഡയമണ്ട് വിവാഹ വാർഷിക വേളയിൽ എടുത്ത ഫോട്ടോഗ്രാഫ് ആയിരുന്നു പ്രക്ഷേപണ സമയം കാണാൻ സാധിച്ചത്. ഈ ഫോട്ടോയിൽ കാണുന്ന അതേ നീലക്കൽ ബ്രൂച്ച് ആയിരുന്നു സന്ദേശം നൽകാനായി രാജ്ഞി ധരിച്ചിരുന്നത്. 1947-ലെ ഹണിമൂൺ ദിനത്തിലും അവർ ഇതേ ബ്രൂച്ച് ആയിരുന്നു അണിഞ്ഞിരുന്നത്. പുതിയ തലമുറയ്ക്ക് അധികാരത്തിൻെറ ബാറ്റൺ കൈമാറുന്നതിൻെറ പ്രാധാന്യത്തെപ്പറ്റിയും 95 വയസ്സുകാരിയായ രാജ്ഞി തൻെറ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വിൻഡ്‌സർ കാസ്റ്റിലിൽ റെക്കോർഡ് ചെയ്ത ഈ ക്രിസ്‌തുമസ് സംപ്രേഷണം ശരത്കാലത്തെ ചടങ്ങുകളിൽ നിന്ന് രാജ്ഞി പിന്മാറിയതിനുശേഷമുള്ള ഏറ്റവും വിപുലമായ ഒന്നാണ്.