Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന ഇളവുകൾ യാത്രാ മേഖലയ്ക്ക് പുത്തനുണർവേകുന്നു. ഇംഗ്ലണ്ടിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ടുന്ന കോവിഡ് പരിശോധന റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവർ നെഗറ്റീവ് റിപ്പോർട്ട്‌ ലഭിക്കുന്നതുവരെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമവും ഉപേക്ഷിക്കുകയാണെന്ന് ബോറിസ് ജോൺസൻ എംപിമാരെ അറിയിച്ചു. ഇത് യാത്രാ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഇളവുകൾ കൊണ്ടുവന്നതിന് പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിച്ചുകയറ്റമുണ്ടായി. ഒമിക്രോൺ വകഭേദം രാജ്യത്താകെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ജോൺസൻ വെളിപ്പെടുത്തി.

“ഒമിക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാപനം തീവ്രമായിക്കഴിഞ്ഞു. കോവിഡ് പരിശോധനകള്‍ കൊണ്ട് വൈറസിന്റെ വ്യാപനത്തെ തടയുവാന്‍ കാര്യക്ഷമമായി കഴിയില്ല.” പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ യാത്ര കഴിഞ്ഞെത്തുന്നവര്‍, ഇംഗ്ലണ്ടിലെത്തി രണ്ടു ദിവസത്തിനകം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയരാകണം. വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.

അധിക പരിശോധനകൾ യാത്രാ മേഖയിലെ ചിലവ് വർധിക്കാൻ കാരണമായിട്ടുണ്ട്. പിസിആർ പരിശോധന ഒഴിവാക്കുന്നതോടെ ഏകദേശം 300 പൗണ്ട് ലാഭമുണ്ടാകും. ബോറിസ് ജോൺസന്റെ പുതിയ തീരുമാനത്തെ യാത്രാ മേഖല ഒന്നടങ്കം സ്വാഗതം ചെയ്തു. ഈസിജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോഹാൻ ലൻഡ്‌ഗ്രെൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും സർക്കാർ ഇനിയും കൂടുതൽ ഇളവുകൾ നൽകേണ്ടതുണ്ടെന്ന് പറഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഓസ്ട്രേലിയ :- പ്രമുഖ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. രാജ്യത്തേക്കുള്ള പ്രവേശനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിക്കുവാൻ താരത്തിന് കഴിയാത്തതാണ് വിസ റദ്ദാക്കാൻ കാരണമെന്ന് ഓസ്ട്രേലിയൻ ബോർഡർ ഏജൻസി വ്യക്തമാക്കി. മെൽബൺ എയർപോർട്ടിലെത്തിയ ജോക്കോവിച്ചിന്റെ നിരവധി മണിക്കൂറുകളുടെ കാത്തിരുപ്പിന് ശേഷമാണ് ബോർഡർ ഫോഴ്സ് അധികൃതർ വിസ റദ്ദാക്കിയ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ഇതിനുശേഷം ഇദ്ദേഹത്തെ ഗവൺമെന്റ് ഡിറ്റൻഷൻ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വ്യാഴാഴ്ച ഇദ്ദേഹത്തെ തിരിച്ചയയ്ക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ വിവരം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സോഷ്യൽ മീഡിയയിൽ അറിയിച്ചു. അടുത്തതായി വരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ എത്തിയ താരത്തെ വാക്സിൻ എടുക്കാത്തത് മൂലമാണ് നിയന്ത്രിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.


രാജ്യത്തിന്റെ നിയമങ്ങൾ ആർക്കുവേണ്ടിയും ഒഴിവാക്കാനാവില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പുതിയ വിസയ്ക്ക് ജോക്കോവിച്ചിന് അപേക്ഷിക്കാം എന്നാണ് നിലവിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി മാത്രമാണ് ഓസ്ട്രേലിയൻ അധികൃതർ വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കുന്നത്. ഇതിനായി വിസ ആപ്ലിക്കേഷൻ സമയത്ത് പ്രത്യേകമായി രേഖപ്പെടുത്തണമെങ്കിലും ജോക്കോവിച്ച് ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകിയില്ല എന്നതാണ് വിസ റദ്ദാക്കാൻ കാരണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെന്നും അതുപോലെയാണ് ജോക്കോവിച്ചിനെതിരെ ഇത്തരമൊരു നടപടിയെന്നും ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

എന്നാൽ ജോക്കോവിച്ചിനെതിരെയുള്ള ഈ നടപടി അദ്ദേഹത്തിന്റെ മാതൃരാജ്യമായ സെർബിയയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ജോക്കോവിച്ചിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ 90% ജനങ്ങളും വാക്സിൻ ലഭിച്ചവരാണ്. പണമുള്ളവർക്ക് നിയമങ്ങൾ വളച്ചൊടിക്കാമെന്നും, സാധാരണക്കാർക്ക് മാത്രമാണ് കോവിഡ് നിയമങ്ങൾ ബാധകമെന്നുമുള്ള ആരോപണങ്ങൾ ഓസ്ട്രേലിയൻ ഗവൺമെന്റിനെതിരെ ജനങ്ങൾ ഉയർത്തിയിരുന്നു. ഇതേതുടർന്നാണ് പ്രമുഖ ടെന്നിസ് താരത്തിനെതിരെയുള്ള ഇത്തരമൊരു നടപടി. മെൽബണിൽ ജനുവരി 17 നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. മുൻപ് 9 പ്രാവശ്യം ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്യാൻസർ കണ്ടെത്താനുള്ള പുതിയ മാർഗവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാല. രോഗമുണ്ടോ എന്നും അത് മറ്റവയവങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നും ഒരേസമയം തിരിച്ചറിയുന്ന ലളിതമായ രക്തപരിശോധന ആണിത്. രോഗിയുടെ രക്തത്തിലെ മെറ്റബോളിറ്റ്സ്‌ എന്ന രാസവസ്തുക്കൾ അളക്കുന്നതിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ പരിശോധനയിൽ രക്തത്തിലെ മെറ്റബോളിറ്റ്സ്‌ അളക്കാൻ റേഡിയോ തരംഗങ്ങളും മാഗ്‌നറ്റിക് ഫീൽഡും ഉപയോഗിക്കുന്നു.

ഈ പരിശോധനയിലൂടെ, പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവരിൽ പോലും ക്യാൻസറിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് തിരിച്ചറിയാൻ കഴിയുമെന്ന് സംഘം പറഞ്ഞു. വേഗമേറിയതും ചെലവുകുറഞ്ഞതുമായ പരിശോധന ആയതിനാൽ നേരത്തെയുള്ള ക്യാൻസർ രോഗനിർണ്ണയത്തിനുള്ള തടസ്സങ്ങളെ മറികടക്കാനും സാധിക്കും.

നേരത്തെയുള്ള രോഗനിർണയത്തിന് ഇത് സഹായകമാകുമെന്നും ഒട്ടേറെ രോഗികൾക്ക് ഇത് ഗുണം ചെയ്യുമെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ ലീഡ് പേപ്പർ റൈറ്ററും ഓങ്കോളജിസ്റ്റുമായ ജെയിംസ് ലാർക്കിൻ പറഞ്ഞു. 300 രോഗികളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് പരിശോധന ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മെറ്റാസ്റ്റാറ്റിക് ക്യാൻസറിനെ 94 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ പരിശോധനയ്ക്ക് കഴിഞ്ഞു. ഇതുകൂടാതെ വേഗത്തിലുള്ള ക്യാൻസർ രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്നതിനായി റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകൾ രാജ്യത്തുടനീളം സ്ഥാപിക്കാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്കുള്ള പിസിആർ ടെസ്റ്റുകൾ ഒഴിവാക്കാൻ തീരുമാനമായി. ഇംഗ്ലണ്ടിൽ ജനുവരി 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വെയിൽസിലും സ്‌കോട്ട്‌ലൻഡിലും ഈ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. നോർത്തേൺ അയർലണ്ടും സമാന നിയമം പിന്തുടരും. നിലവിൽ, ലാറ്ററൽ ഫ്ലോ ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫലം സ്ഥിരീകരിക്കാനായി ഒരു ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്നാൽ ഈ നയത്തിൽ മാറ്റം വരുത്താൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സമ്മതം അറിയിച്ചു. ഇനി രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. എന്നാൽ ഇവർ ലാറ്ററൽ ഫ്ലോ ടെസ്‌റ്റിൽ പോസിറ്റീവ് ആയ തീയതി മുതൽ തുടർന്നുള്ള ഏഴു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.

പിസിആർ ടെസ്റ്റിന്റെ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഈ മാറ്റം എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ്. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളോട് അവരുടെ ലാറ്ററൽ ഫ്ലോ ഫലം പരിഗണിക്കാതെ തന്നെ പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. ഇന്ന് പ്രഖ്യാപിച്ച മാറ്റം താത്കാലികമാണ്. ഒമിക്രോൺ വ്യാപനം കുറയുമ്പോൾ പിസിആർ പരിശോധനകൾ തിരികെ കൊണ്ടുവരും. വ്യാപനം ഏകദേശം ഒരു ശതമാനമോ അതിൽ താഴെയോ എത്തുമ്പോൾ പിസിആർ പരിശോധന തിരികെ കൊണ്ടുവരും. നിലവിൽ വ്യാപന തോത് നാല് ശതമാനത്തിന് മുകളിലാണ്. ഒമിക്രോണ്‍ വ്യാപകമായതോടെ ഇനി കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിലയിലേക്ക് ബ്രിട്ടന്‍ എത്തുകയാണ്. മാത്രമല്ല ഒമിക്രോൺ മാരകമായ വകഭേദം അല്ലെന്നും തെളിഞ്ഞിട്ടുണ്ട്.

അതിനാൽ, യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ ഇനി പുറപ്പെടുന്നതിന് മുൻപ് പരിശോധന നടത്തേണ്ടെന്ന പ്രഖ്യാപനവും സർക്കാരിൽ നിന്ന് ഉണ്ടായേക്കും. ഇംഗ്ലണ്ടിലേക്ക് മടക്കയാത്ര നടത്തുമ്പോൾ ആവശ്യമായിരുന്ന പ്രീ-ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ്‌ ഈയാഴ്ച റദ്ദാക്കും. പ്ലാൻ ബി നടപടികളുടെ ഭാഗമായിരുന്ന യാത്രാ നിബന്ധന ഈയാഴ്ച മന്ത്രിമാർ പുനഃപരിശോധിച്ച ശേഷമാകും മാറ്റം വരുത്തുക. നാട്ടിൽ നിന്ന് മടങ്ങുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞതിനാൽ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൂടുതൽ നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ ഒമിക്രോൺ വ്യാപനം തടയാനാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇനിയൊരു അടച്ചിടൽ ഉണ്ടാകില്ലെന്ന പ്രതീക്ഷ പ്രധാനമന്ത്രി നൽകിയത്. ബിസിനസ് മേഖലകൾക്കെല്ലാം തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൂടുതൽ ഊർജ്ജം നൽകുന്നതാണ്. ഇതോടൊപ്പംതന്നെ ഫുഡ്‌ പ്രോസസ്സിങ്, ഗതാഗതം, ബോർഡർ കണ്ട്രോൾ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ക്രിട്ടിക്കൽ ജീവനക്കാരെ ദിവസവും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനായി മന്ത്രിമാരുടെ യോഗം ഉടൻ തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്.

ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ യു കെയിൽ ദിവസേന രണ്ടു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതു ജാഗ്രത പാലിക്കേണ്ട സമയം ആണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നാൽ മറ്റ് വേരിയന്റുകളെക്കാൾ രൂക്ഷത കുറഞ്ഞതാണ് ഒമിക്രോൺ എന്നുള്ളതും, ബൂസ്റ്റർ ഡോസുകൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു എന്നുള്ളതു കൊണ്ടുമാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്കൂളുകളും ബിസിനസ് മേഖലകളും അടച്ചിടാതെ തന്നെ ഈ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈറസിനോടൊപ്പം ജീവിക്കാനാണ് ഇനി നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വരുന്ന ആഴ്ചകൾ കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് ഡേറ്റാ നിരീക്ഷിക്കുന്നത് ഗവൺമെന്റ് തുടരുമെന്നും, ആവശ്യമായ ഘട്ടങ്ങളിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കുന്നവർ, ദേശീയ വിരമിക്കൽ പ്രായത്തിൽ (national retirement age) വരുന്ന മാറ്റങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സൗജന്യ ബസ് പാസ്സ് ആനുകൂല്യം ലഭിക്കുന്നവരെ ഇത് ബാധിക്കും. നിലവിൽ, സൗജന്യ പാസുകൾക്കുള്ള യോഗ്യതാ പരിധി പെൻഷൻ പ്രായത്തിന് തുല്യമാണ്. 66 വയസ്സ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം ലഭിക്കും. സ്കോട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ആളുകൾക്ക് 60 വയസ്സ് മുതൽ അപേക്ഷിക്കാൻ കഴിയുന്നതിനാൽ, കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ ബസ് യാത്രയ്ക്ക് വ്യത്യസ്ത നിയമങ്ങൾ നിലവിലുണ്ട്. 2026 നും 2028 നും ഇടയിൽ പെൻഷൻ പ്രായം 66 ൽ നിന്ന് 67 ആയി ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. 2048-ൽ ഇതിൽ നിന്നും ഉയരും.

ഇംഗ്ലണ്ടിൽ സൗജന്യ ബസ് പാസ്സിന് അർഹത നേടണമെങ്കിൽ നിങ്ങൾ ദേശീയ വിരമിക്കൽ പ്രായത്തിൽ എത്തിയിരിക്കണം. പാസ്സ് ലഭിക്കാൻ അർഹതയുണ്ടോ എന്ന് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അവിടെയുള്ള ഏതെങ്കിലും പ്രത്യേക നിയമങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

https://www.gov.uk/apply-for-elderly-person-bus-pass

സ്റ്റേറ്റ് പെൻഷനേക്കാൾ അധിക ആനുകൂല്യങ്ങൾ രാജ്യത്തുടനീളമുള്ള പെൻഷൻകാരുടെ ജീവിതത്തിന് പ്രധാനമാണ്. പെൻഷനിലൂടെ മാത്രം ജീവിത നിലവാരം ഉയരില്ല. വിവിധ ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണോ എന്ന് പരിശോധിക്കുന്നതും പ്രധാനമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എനർജി ബിൽ കുത്തനെ ഉയരുന്നത് യുകെ മലയാളികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ് ഉയരുമ്പോൾ 1,277 പൗണ്ട് എന്ന ശരാശരി വാർഷിക ബിൽ 46% ഉയർന്ന് 1,865 പൗണ്ടിൽ എത്തുമെന്നും ഓഗസ്റ്റിൽ അത് 2000 പൗണ്ട് കടക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചു. ഈ വില വർദ്ധനവ് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കും. അതിനാൽ പ്രധാനമന്ത്രി ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഊർജ്ജ ബില്ലുകളിലെ വാറ്റ് വെട്ടിക്കുറയ്ക്കാനും ‘ഗ്രീൻ ലെവികൾ’ താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള അഭ്യർത്ഥന ഉയരുന്നത് പ്രധാനമന്ത്രിയെയും ചാൻസലറെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈകൊണ്ടില്ലെങ്കിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് എംപിമാർ ഭയക്കുന്നു. കഴിഞ്ഞ ഒരു വർഷമായി മൊത്ത ഊർജ്ജ ചെലവ് കുതിച്ചുയരുകയാണ്. 2021-ൽ യുകെയിലെ 20-ലധികം ഊർജ്ജ വിതരണക്കാരാണ് തകർന്നത്.

ഈ വർഷത്തെ എനർജി ബില്ലുകൾ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് നാഷണൽ എനർജി ആക്ഷൻ ചീഫ് എക്‌സിക്യൂട്ടീവ് ആദം സ്‌കോറർ മുന്നറിയിപ്പ് നൽകി. നികുതികൾ ഉയരുന്നതിന്റെ തിരിച്ചടി നേരിടുന്ന ജനങ്ങൾക്ക് എനർജി ബില്ലുകൾ കൂടി കുതിച്ചുയരുന്നതോടെ ഇരട്ടി പ്രഹരമാവും ഏൽക്കേണ്ടി വരിക.

പി ആൻഡ് ബി മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ റ്റിജോ തടത്തിൽ സംവിധാനം ചെയ്ത് ബിജു മോൻ പ്ലാത്തോട്ടത്തിൽ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജനറേഷൻസ്’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ബോർഡ് ബീൻ ഹോട്ടലിൽ വച്ചു നടന്നു. ഒട്ടനവധി ഗായകരുടെയും മറ്റു സിനിമ മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെയും സാനിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

സംവിധായകൻ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു, കൂടാതെ വിധു പ്രതാപ്, ഡോ:എൻ.എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയൻ, ജയരാജ്‌ സെഞ്ച്വറി, ജ്യൂവൽ ബേബി, രാജ സാഹിബ്‌, മുരളി, ശരത് തെനുമൂല,നെൽസൺ ശൂരനാട് ബൈജു സ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒടിടി പ്ലാറ്റഫോമുകളിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നജീബ് ഫോണോ ആണ്. പയസ് വണ്ണപ്പുറംചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് സ്ക്വയർ രാജീവ് തോമസ് ആണ് ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ: സിജു പൈനായിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദേവരാജ് ബിന്ദു കുട്ടപ്പൻ പ്രൊഡക്ഷൻ കൺട്രോളർ: ടോജോ കോതമംഗലം പ്രൊഡക്ഷൻ മാനേജർ വിവേക് കണ്ണൂരാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോൺ എബ്രഹാം ഇതിൽ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് എലിസബത്ത് രാജു അനുഷ ജയൻ ആന്റോ ഇട്ടൂപ്പ് ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വർഷമാണിത്. അതിനാൽ തന്നെ 2022ൽ അധിക ബാങ്ക് അവധി ദിനങ്ങളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു അധിക ബാങ്ക് അവധി കൂടി ലഭിക്കും. ഫെബ്രുവരി 6 നാണ് രാജ്ഞി സിംഹാസനത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്നതെങ്കിലും ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ജൂണിലാണ്. ഇതിനു വേണ്ടി മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വാരാന്ത്യം ജൂണ്‍ 2 വ്യാഴാഴ്ച്ചയിലേക്ക് മാറ്റും. അപ്പോള്‍ ജൂണ്‍ 3 ന് ആയിരിക്കും ബാങ്ക് അവധി.

പ്ലാറ്റിനം ജൂബിലി വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ മെയ് 30 മുതല്‍ ജൂണ്‍ 1 വരെ മൂന്ന് ദിവസം അവധി എടുത്താൽ തുടര്‍ച്ചയായ 9 ദിവസത്തെ ഒഴിവു ദിനങ്ങൾ ലഭിക്കും. ഇത്തവണ ഏപ്രില്‍ 15 നാണ് ദുഃഖവെള്ളിയാഴ്ച്ച. ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഏപ്രില്‍ 18 നും. ഏപ്രില്‍ 11 മുതല്‍14 വരെയും ഏപ്രില്‍ 19 മുതല്‍ 22 വരെയും ലീവെടുത്താല്‍ ഏപ്രില്‍ 9 മുതല്‍ 24 വരെ നീണ്ട 16 ദിവസങ്ങൾ ഒഴിവുദിനങ്ങളായി ലഭിക്കും.

ഇങ്ങനെ 2022-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും അനുവദിച്ചിരിക്കുന്ന 26 ഒഴിവുദിനങ്ങള്‍ 62 ഒഴിവുദിനങ്ങളാക്കി മാറ്റാന്‍ കഴിയും. വാരാന്ത്യങ്ങളും ബാങ്ക് ഒഴിവുദിനങ്ങളും കണക്കാക്കി വാര്‍ഷിക ലീവുകള്‍ എടുത്താല്‍ കൂടുതൽ അവധി ദിനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകൾ പിടിവിട്ട് ഉയരുന്നതു കാരണം ആശുപത്രികൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ കോവിഡ് പ്ലാനുകൾക്ക് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്ത് 157,758 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരെയോ അല്ലെങ്കിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും അവ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നും അറിയേണ്ടത് പ്രധാനമാണ്. ഒമിക്രോൺ വൈറസ് ബാധയുടെ ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ.

തൊണ്ടയിൽ പൊട്ടൽ

ഒമിക്രോൺ ബാധിതർ പ്രധാനമായും പറയുന്ന പ്രശ്നമാണ് തൊണ്ടയിലെ ‘പോറൽ’. ഇത് അസാധാരണമാണ്. ഒപ്പം തൊണ്ടവേദനയെക്കാൾ വേദനാജനകവും.

ക്ഷീണം, മൂക്കൊലിപ്പ്

മുമ്പത്തെ വകഭേദത്തിന് സമാനമായി ഒമിക്രോണും കടുത്ത ക്ഷീണം ഉണ്ടാക്കിയേക്കാം. ഊർജ കുറവും അമിത ക്ഷീണവും അനുഭവപ്പെടാം. മൂക്കൊലിപ്പും പ്രധാന ലക്ഷണമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വരണ്ട ചുമ, നടുവേദന, തലവേദന

ഒമിക്രോൺ ബാധിച്ചവരിൽ വരണ്ട ചുമയ്ക്ക് വളരെ സാധ്യതയുണ്ട്. മുൻകാല സ്ട്രെയിനുകളിലും ഇത് ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നായിരുന്നു. നടുവേദനയും തലവേദനയും പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.

 

രാത്രി വിയർപ്പും ശരീരവേദനയും

ഒമിക്രോൺ വേരിയന്റിന്റെ ലക്ഷണമാണ് രാത്രി വിയർപ്പ്. രാത്രിയിൽ നിങ്ങൾ നന്നായി വിയർക്കുന്നു. നിങ്ങൾ തണുത്ത സ്ഥലത്ത് കിടന്നാലും നിങ്ങളുടെ വസ്ത്രങ്ങളും കിടക്കകളും വിയർത്ത് നഞ്ഞിരിക്കും. ശരീര വേദന ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം വിയർപ്പ് ഉണ്ടാകാം.

തനിയെ മാറുന്ന നേരിയ പനിയും ഒമിക്രോൺ ലക്ഷണമായി കണക്കാക്കുന്നു. ശരീര താപനില നേരിയ തോതിൽ ഉയരുമെങ്കിലും സ്വയം തന്നെ മെച്ചപ്പെടും. ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved