Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയറ്റ് വെയർ-ഓസ്റ്റിന്റെ ഓർമ്മകൾ ഇപ്പോഴും 1972 ഏപ്രിൽ 18 ൽ നിശ്ചലമായി നിൽക്കുകയാണ്. തന്റെ ജീവിതം കീഴ്മേൽ മാറ്റിമറിച്ച, ദുഃഖങ്ങൾ മാത്രം ബാക്കിയായ ആ പകലിലേയ്ക്കും അന്നുയർന്ന കറുത്ത പുകയിലേയ്ക്കും ഹാരിയറ്റിന്റെ ഓർമകൾ തിരികെനടക്കും. കണ്മുന്നിൽ ഉണ്ടായ വിമാനാപകടത്തിൽ തന്റെ രണ്ട് മൂത്ത സഹോദരിമാരെ നഷ്ടപ്പെട്ട ഹാരിയറ്റ്, അമ്പത് വർഷങ്ങൾക്കിപ്പുറവും നീറുന്ന മനസോടെയാണ് ജീവിക്കുന്നത്. സ്വന്തം സഹോദരിമാരുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന എട്ടു വയസുകാരിയുടെ മാനസികാവസ്ഥ ഭീകരമാണ്. തന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ബിബിസി റേഡിയോയിലൂടെയാണ് ഹാരിയറ്റ് വെയർ-ഓസ്റ്റിൻ തുറന്നു പറഞ്ഞത്.

1972 ഏപ്രിലിൽ എത്യോപ്യയിലെ അഡിസ് അബാബ എയർപോർട്ടിലെ ഓപ്പൺ എയർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്നു ഹാരിയറ്റ്. ഈസ്റ്റർ അവധിക്ക് ശേഷം ഹാരിയറ്റിന്റെ സഹോദരിമാരായ കരോളിനും(12) ജെയ്നും(14) തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹാരിയറ്റിന് അന്ന് എട്ടു വയസാണ് പ്രായം. മാതാപിതാക്കളോടും സഹോദരിയോടും യാത്ര പറഞ്ഞു വിമാനത്തിൽ കയറിയ കരോളിനും ജെയ്നും പിന്നെ തിരിച്ചു വന്നിട്ടില്ല. റൺവേയിൽ നിന്ന് മുകളിലേക്കുയർന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീടുയർന്ന കറുത്ത വലിയ പുകയാണ് ഇപ്പോഴും ഹാരിയറ്റിന്റെ മനസ്സിൽ.

ജെയ്ൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കരോളിനെ യുകെയിലേക്ക് കൊണ്ടുവന്നെങ്കിലും നാല് ദിവസത്തിന് ശേഷം അവളും മരണത്തിന് കീഴടങ്ങി. 1972 ഏപ്രിൽ 18-ന് അഡിസ് അബാബ വിമാനത്താവളത്തിൽ നിന്നുയർന്ന ഈസ്റ്റ് ആഫ്രിക്കൻ എയർലൈൻസ് വിസി 10 തകർന്നുവീണ് 107 യാത്രക്കാരിൽ 43 പേരാണ് കൊല്ലപ്പെട്ടത്. അതിൽ തന്റെ സഹോദരിമാരും ഉൾപ്പെടുന്നുവെന്ന് പറയുമ്പോൾ ഹാരിയറ്റിന്റെ കണ്ണുകൾ നിറയും. റേഡിയോ പ്രോഗ്രാം പ്രക്ഷേപണം ചെയ്തതുമുതൽ, ലോകമെമ്പാടുമുള്ള 200-ലധികം ആളുകൾ ഹാരിയറ്റിനെ ബന്ധപ്പെട്ടു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും ഇപ്പോൾ എങ്ങനെ കഴിയുന്നുവെന്ന് അറിയാൻ ഹാരിയറ്റിന് താല്പര്യം ഉണ്ടായിരുന്നു. ആ ലക്ഷ്യത്തോടെയാണ് തന്റെ അനുഭവം ബിബിസിയുമായി പങ്കുവെക്കാൻ അവൾ തയ്യാറായത്.

അതിനുപിന്നാലെ, പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിച്ച ആഘാതം വിവരിച്ചുകൊണ്ട് ധാരാളം പേർ ഹാരിയറ്റിന് കത്തെഴുതി. റേഡിയോയിൽ ഹാരിയറ്റിന്റെ ശബ്ദം കേട്ടതിന് ശേഷം, മരിച്ചുപോയ തന്റെ പിതാവിനെ ഓർത്തു പൊട്ടിക്കരഞ്ഞതായി ഒരു സ്ത്രീ വെളിപ്പെടുത്തി. വിമാന ദുരന്തത്തിന്റെ തീവ്രത ഹാരിയറ്റിന്റെ വിവരണത്തിലൂടെയാണ് വ്യക്തമായതെന്ന് ചിലർ പറഞ്ഞു. എല്ലാ സന്ദേശങ്ങളും ഹാരിയറ്റിനെ ആഴത്തിൽ സ്പർശിച്ചു. അനുഭവങ്ങൾ അറിയിച്ചതിന് നന്ദിയുണ്ടെന്നറിയിച്ച ഹാരിയറ്റ്, സഹോദരിമാരുടെ ഓർമ്മകളിലേക്ക് തന്നെ കൂട്ടിച്ചേർക്കുന്ന കണ്ണിയാണ് ഇവ ഓരോന്നും എന്ന് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വീക്കെന്റിൽ തന്റെ കോൺസ്റ്റിട്യൂൻസിയിൽ വെച്ച് തനിക്ക് ബൈക്ക് അപകടം ഉണ്ടായതായും ഓപ്പറേഷൻ വേണ്ടി വന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. ഹെർട്ട്ഫോർഡ്ഷെയറിലെ വെൽവിൻ ഹാറ്റ്ഫീൽഡിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടിയിലെ എംപിയായ ഇദ്ദേഹത്തിനു ചുണ്ടിന് സർജറി ആവശ്യമായും വന്നു. മികച്ച എൻ എച്ച് എസ്‌ സ്റ്റാഫുകളുടെ പരിചരണം മൂലമാണ് താൻ പെട്ടെന്ന് സുഖം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെൽവിൻ ഗാർഡൻ സിറ്റിയിലെ ക്വീൻ എലിസബത്ത് 2 ജൂബിലി ഹോസ്പിറ്റലിലും, ലിസ്റ്റർ ആശുപത്രിയിലും ആയിരുന്നു അദ്ദേഹം ചികിത്സതേടിയത്.


തന്റെ ഓപ്പറേഷൻ വളരെ മികച്ചതായി തന്നെ നടന്നുവെന്നും, എല്ലാ എൻ എച്ച് എസ്‌ സ്റ്റാഫുകളോടുമുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയും ആശംസയും നിരവധിപ്പേർ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്തി. ലേബർ പാർട്ടി എം പി കാൾ ടർണർ ഉൾപ്പെടെ ഉള്ള പ്രമുഖരും ഇതിലുൾപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസൽ റീട്ടെയിൽ പാർക്കിലെ സന്ദർശകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തു. വണ്ടി തടഞ്ഞ് അത് കൈയ്യേറാൻ ശ്രമിച്ചതായി വാൽസൽ റീട്ടെയിൽ പാർക്കിലെ ഒരു വാഹനയാത്രികൻ വെസ്റ്റ്‌ലാൻഡ് പോലീസിനോട് പരാതിപ്പെട്ടിരുന്നു. പിന്നീട് പോലീസിൻറെ കണ്ടെത്തലിൽ ഒരു കളി തോക്കും കറുത്തചായം പൂശിയ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും കണ്ടെടുത്തു.

പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തുമണിക്ക് ശേഷം വാഹനങ്ങൾക്ക് നേരെ കല്ലേറും ജീവനക്കാർക്കെതിരെ ഭീഷണിയും ഉണ്ടായതായി . ആൺകുട്ടികളിൽ ഒരാളിൽ കൈവശം കളി തോക്കും മറ്റൊരാളുടെ കയ്യിൽ കത്തിയും കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌.


കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുമെന്നും ഇത് ലോക്കൽ അതോറിറ്റിയുടെ ചിൽഡ്രൻസ് സേവനങ്ങളിലേയ്ക്ക് റഫർ ചെയ്യുമെന്നും സേന അറിയിച്ചു. കേസിലുൾപ്പെട്ട കുട്ടികളുടെ പ്രായം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെന്നും സർജൻറ് ബെൻ ഡോലൻ പറഞ്ഞു. ആളുകൾക്ക് നേരെ വ്യാജ തോക്കുചൂണ്ടിയത് ഒരുതരം കളിയായി മാത്രമായിരിക്കും കുട്ടികൾക്ക് തോന്നിയത്, പക്ഷേ ഇത് ജനങ്ങളിൽ വൻ ആശങ്കയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുകയാണ്. സഹായം തേടാനായി പലരും കൗൺസിലിംഗ് സേവനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഓൺലൈനിൽ ചികിത്സ നൽകുന്ന പല തെറാപ്പിസ്റ്റുകളും അതിന് യോഗ്യരല്ലെന്നും അവർ രോഗികളെ ചൂഷണം ചെയ്യുകയാണെന്നുമുള്ള വാർത്ത പുറത്തുവന്നു. മെന്റൽ ഹെൽത്ത് ചാരിറ്റി മൈൻഡിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 16 ലക്ഷം ആളുകൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. കൃത്യമായ യോഗ്യതയോ പരിശീലനമോ കൂടാതെ ‘തെറാപ്പിസ്റ്റ് ‘ എന്ന പേര് എടുത്തണിയുന്നവരാണ് ഏറെയും.

മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (BACP) വ്യക്തമാക്കി. സ്വകാര്യമായി ചികിത്സ തേടുകയാണെങ്കിൽ, യുകെ കൗൺസിൽ ഫോർ സൈക്കോതെറാപ്പി, ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി പോലുള്ള പ്രൊഫഷണൽ ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തെറാപ്പിസ്റ്റുകളെ സമീപിക്കണമെന്ന് പ്രൊഫഷണൽ സ്റ്റാൻഡേർഡ് മേധാവി കരോലിൻ ജെസ്പർ അറിയിച്ചു. തെറാപ്പിസ്റ്റുകൾ ശരിയായ യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് രോഗികളാണ്. തെറാപ്പിസ്റ്റിന്റെ യോഗ്യതയെയും അനുഭവത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്. സുരക്ഷിതവും വിശ്വാസയോഗ്യവുമായ ചികിത്സാ ബന്ധം സൃഷ്ടിക്കുന്നത് വളരെ പ്രധാനമാണെന്ന് ജെസ്പർ വിശദമാക്കി.

ഇൻസ്റ്റാഗ്രാം വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരം വ്യാജ തെറാപ്പിസ്റ്റുകൾ ധാരാളം രോഗികളെ ചൂഷണം ചെയ്യുന്നുണ്ട്. ഫോണിലൂടെ പല രീതിയിലാണ് ചികിത്സ നടത്തുന്നത്. 15 മിനിറ്റുള്ള പ്രാരംഭ സെഷന് 200 പൗണ്ട് ആണ് ഈടാക്കുന്നത്. 50 മിനിറ്റ് ദൈർഘ്യമുള്ള ആറ് ഫോൺ സെഷനുകൾക്കായി 1,200 പൗണ്ട് ഈടാക്കി. യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരിക്കെ മാനസിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ഓൺലൈനിൽ ചികിത്സ തേടിയ ജേക്ക് എന്ന യുവാവാണ് ഇത് വെളിപ്പെടുത്തിയത്. ആദ്യത്തെ രണ്ട് സെഷനുകൾ മികച്ചതായിരുന്നുവെങ്കിലും പിന്നീടുള്ള സെഷനുകൾ 20 മിനിറ്റാക്കി വെട്ടിച്ചുരുക്കി. ഇതിലൂടെ താൻ വഞ്ചിക്കപ്പെട്ടെന്നും പണം നഷ്ടമായെന്നും ജേക്ക് വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാധാരണയായി പലരിലും അനാവശ്യ ഉത്കണ് ഠ മൂലം ഉണ്ടാകുന്നുവെന്ന് കരുതുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) -നെ വിശദീകരിക്കാൻ ജീനുകൾ കൊണ്ട് കഴിഞ്ഞേക്കാം എന്ന് ഗവേഷകർ. തങ്ങളുടെ കണ്ടെത്തൽ ഐബിഎസിനെ ഒരു വൈകാരിക അവസ്ഥയായി തെറ്റായി വ്യാഖ്യാനിക്കുന്നതു തടയും എന്ന്കരുതുന്നതായും അവർ പറഞ്ഞു. ഐബിഎസ് ഉള്ള ഏകദേശം അമ്പതിനായിരത്തിലധികം ആളുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇവരുടെ ഡിഎൻഎ സാധാരണ ആളുകളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്തത്. നേച്ചർ ജെനറ്റിക്‌സ് ജേണലിലാണ് ഗവേഷണത്തിൻെറ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് .ഐബിഎസ് 10 ആളുകളിൽ ഒരാൾക്കെങ്കിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് വയറുവേദനയ് ക്കോ വയറിളക്കത്തിനോ കാരണമാകും.


സ്ത്രീകളിലാണ് പുരുഷൻമാരേക്കാൾ കൂടുതലായി ഇത് കാണുന്നത്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കാണുന്നത്. ഐബിഎസിനെപ്പറ്റി ഇപ്പോഴും ചില ഡോക്ടർമാർ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നും സൈക്കോസോമാറ്റിക്‌ എന്ന അവസ്ഥയായി ഇതിനെ തെറ്റായി തരം തിരിക്കുന്നവരാണ് കൂടുതലെന്നും ജീൻ ഗവേഷണത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു.
ഉടലും മനസ്സും തമ്മിലുള്ള ബന്ധം ഭാഗികമായെങ്കിലും വിശദീകരിക്കാൻ കഴിയുന്ന ആറ് വ്യത്യസ്ത ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫ മൈൽസ് പാർക്ക്സ് പറഞ്ഞു. ഫലം അനുസരിച്ച് ഐബിഎസ് പാരമ്പര്യം മൂലം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കണ്ടെത്തിയത്.


ആറ് ജനിതക മാറ്റങ്ങൾ വന്ന ജീനുകൾ ഐബിഎസ് ഉള്ള ആളുകളിൽ എല്ലാം തന്നെ പൊതുവായി കാണുവാൻ സാധിച്ചു. ഈ ജീനുകളിൽ ഭൂരിഭാഗവും തലച്ചോറുമായോ കുടലുമായോ അല്ലെങ്കിൽ കുടലിലെ ഞരമ്പുകളുമായോ ബന്ധം ഉള്ളവയാണ്. ഐബിസിൻറെ ഈ ജീനുകൾ വിഷാദം ന്യൂറോട്ടിസിസം, ഉറക്കമില്ലായ്മ, ഉൽക്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ഉൽക്കണ്ഠ ഐബിഎസിൻെറ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്ന് പ്രൊഫസർ പാർക്ക്സ് പറഞ്ഞു. ഈ കണ്ടെത്തൽ ഐബിഎസിൻെറ പരിശോധനകളെയും ചികിത്സയെയും സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേംബ്രിഡ്ജിൽ നിന്നുള്ള 34 വയസ്സുള്ള ലോറ ടെബ്‌സിന് ഐബിഎസ് മൂലം വിഷാദം അനുഭവിച്ചിട്ടുണ്ട്. തനിക്ക് വർഷങ്ങളായി വിഷാദം ഉണ്ടായിരുന്നെന്നും അതിനാൽ തന്നെ ആ അവസ്ഥയിൽ ഉള്ള ജീവിതം എത്ര ഭയാനകം ആണെന്ന് തനിക്കറിയാമെന്നും ജനുവരിയിൽ കോവിഡ് പിടിപ്പെട്ടതിനുശേഷമാണ് തനിക്ക് ഐബിഎസ് ആരംഭിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് തങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഐബിഎസ് ഉള്ള ഒരാളുടെ ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്നും അവർ കൂട്ടിച്ചേർത്തു . ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും സ്ഥിരമായി കഠിന വേദന ഉണ്ടാവും. സാധാരണയായിധരിച്ചിരുന്ന ട്രൗസറുകളോ ജീൻസോ ഒന്നുംതന്നെ ധരിക്കാൻ കഴിഞ്ഞിരുന്നില്ല പകരം ലഗിൻസ് ആണ് ധരിച്ചിരുന്നത്. പ്രൊഫസർ പാർക്ക്സിൻെറ പരിചരണത്തിലാണ് തൻറെ അവസ്ഥ മെച്ചപ്പെട്ടതെന്നും അവർ വ്യക്തമാക്കി .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ നാലാം തരംഗത്തെ മറികടക്കാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിൻെറ ഭാഗമായി ഫ്ലൂ കുത്തിവയ്പ്പുകൾക്കൊപ്പം തന്നെ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാൻ ശ്രമം. 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും അവരുടെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതൽ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനാകും. സൗജന്യ ഫ്ലൂ കുത്തിവയ്പ്പുകൾക്ക് അർഹരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ബൂസ്റ്റർ വാക്സിനുകളും കൂടി നൽകാനാണ് ആരോഗ്യ മേധാവികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിൽ നേരിയ തോതിൽ ആസ്മ ഉള്ളവരും ഉൾപ്പെടും.

കോവിഡിൻെറ നാലാം തരംഗം കാനഡയിലും ഈജിപ്തിലും ഉണ്ടാക്കിയ ആഘാതത്തെ പറ്റിയുള്ള വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമാകെ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഭയം ഉണ്ടാക്കുന്നതാണെന്നും നാലാം തരംഗം ഈജിപ്തിനെ ശക്തമായി ബാധിച്ചു എന്നും ജർമനി മറ്റൊരു തരംഗത്തിൻെറ ഭീഷണിയിലാണെന്നും എന്നാൽ യുകെയിലെ ജനങ്ങളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ തന്നെ ഏതുവിധേനയും ഫ്ലൂ കുത്തിവയ്പുകൾക്കായി വരുന്ന ബൂസ്റ്റർ വാക്സിന് യോഗ്യരായ ആളുകൾക്ക് അവ നൽകണം എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രിസ്മസ് കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് നിയന്ത്രിക്കാൻ ജനങ്ങൾ വാക്സിനേഷൻ സ്വീകരിക്കുകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്ട്രാസെനെക്ക വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിനുശേഷം കോവിഡ് വൈറസിനെതിരെയുള്ള സംരക്ഷണം 45% ആയി കുറഞ്ഞതായും ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ 65% ആയി കുറഞ്ഞതായുമുള്ള കണക്കുകൾ ഒരു പഠനത്തിൽ കാണാൻ സാധിച്ചിരുന്നു. ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നത് വഴി 95.6% സംരക്ഷണം പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആറു മാസത്തിനു മുമ്പ് തന്നെ ബൂസ്റ്റർ വാക്സിനുകൾ ലഭിക്കും. അതിനാൽതന്നെ പലർക്കും ഫ്ലൂ കുത്തിവയ്പ്പുകളും കോവിഡ് പ്രതിരോധകുത്തിവയ്പുകളും ഒരുമിച്ച് സ്വീകരിക്കാനാവും. വിവിധ ഫാർമസികളിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനായി ഇപ്പോൾ വോക്-ഇൻ സൗകര്യങ്ങളും ലഭ്യമാണ്. എൻഎച്ച്എസിൻെറ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ 119 എന്ന നമ്പറിൽ വിളിച്ചോ നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഔദ്യോഗിക കണക്കനുസരിച്ച് 50 വയസ്സിനു മുകളിലുള്ള അഞ്ചിൽ രണ്ട് പേർ ഇതുവരെയും ടോപ്അപ്പ് ഡോസുകൾ സ്വീകരിക്കാത്തവരാണ്. ബൂസ്റ്റർ വാക്സിനുകൾക്ക് യോഗ്യരായ എല്ലാവരും ഉടനെ തന്നെ അവ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ഡോ. ഐഷ വി

വൈകി വന്ന പാസഞ്ചറിൽ വൈകുന്നേരം ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ നിന്നും കയറുമ്പോൾ കംപാർട്ട്മെന്റിൽ ആരുമില്ലെന്നൊരു തോന്നൽ. അപ്പോൾ ചുരിദാറിട്ട സുന്ദരിയായ ഒരു സ്ത്രീ ഓടി വന്ന് ആ കംപാർട്ട്മെന്റിൽ കയറി. ഞാനിരുന്ന ബർത്തിന്റെ എതിർ വശത്തെ ബർത്തിൽ അവരിരുന്നു. ഞാനൊന്ന് കിടന്നു. അവർ ഇരുന്നു കൊണ്ടൊന്ന് മയങ്ങാൻ തുടങ്ങി. ട്രെയിൻ കായംകുളം എത്തിയപ്പോൾ ഒരു ട്രാക്കിലൊതുക്കി. പല അതിവേഗ തീവണ്ടികളും കടന്നുപോയി. എന്തായാലും ട്രെയിൻ വൈകുമെന്നുറപ്പായി. എന്റെ എതിർ വശത്തിരുന്ന സ്ത്രീയോട് എവിടെയിറങ്ങാനാണെന്ന് ഞാൻ കുശലം ചോദിച്ചു. ‘കൊല്ലം’ എന്ന് അവർ മറുപടി നൽകി. “എവിടെ ജോലി ചെയ്യുന്നു ? ” എന്ന ചോദ്യത്തിന് ” എനിക്ക് ജോലിയൊന്നുമില്ല. അഞ്ച് മക്കളെ വളർത്തുകയാണ് ജോലി ” എന്നവർ മറുപടി നൽകിയപ്പോൾ എന്റെ കൗതുകം വർദ്ധിച്ചു.

മിക്കവാറും എല്ലാ വീടുകളിലുമിപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അഞ്ച് കുട്ടികൾ എന്നത് കൗതുകം തന്നെ. ഞാൻ എഴുന്നേറ്റിരുന്നു. “വീട് കൊല്ലത്താണോ ” എന്ന് ഞാൻ ചോദിച്ചു. ” അല്ല . കൊല്ലത്തൊരുമകൾ പഠിക്കുന്നു. മോളെ കാണാൻ പോവുകയാണ്”. വീട് ഹരിപ്പാട് എരിക്കകത്താണ്.” ” മോളെവിടെ പഠിക്കുന്നു. ” ട്രാവൻകൂർ മെഡിക്കൽ കോളേജിലാണ്. മോൾക്കൊരു പനി. അതിനാൽ മകളുടെ അടുത്തേയ്ക്ക് പോവുകയാണ്.” മറ്റ് മക്കൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ മറുപടി നൽകി. മൂത്ത പെൺകുട്ടി എം.ഡി കഴിഞ്ഞ ശേഷം ചെന്നൈയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബിഡി എസ്സിന് പഠിക്കുന്നു. മൂന്നാമത്തെയാളുടെ അടുത്തേയ്ക്കാണ് പോകുന്നത്. മറ്റ് രണ്ട് പേർ പ്ലസ് ടു കഴിഞ്ഞ ശേഷം മെഡിക്കൽ എൻട്രൻസ് എഴുതാൻ പഠിക്കുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കിയ ശേഷമാണ് ആ ഉമ്മയുടെ വരവ്. ” അവർ രണ്ടു പേരും ഇരട്ടകളാണോ?” എന്ന എന്റെ ചോദ്യത്തിന് ” അല്ല , നാലാമത്തെ കുട്ടിയ്ക്ക് ഒരപകടം പറ്റിയിരുന്നു.” അതിനു ശേഷം ഒരുമിച്ചായതാണ്.

ആ ഉമ്മ അവരുടെ ജീവിത കഥയിലേയ്ക്ക് കടന്നു. അഞ്ചാമത്തെ കുട്ടി കൈകുഞ്ഞായിരുന്നപ്പോൾ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് കടബാധ്യതയായി. ബാങ്കുകാർ ജപ്തി നോട്ടീസയച്ചു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാൻ വന്നു. അപ്പോഴേയ്ക്കും ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. മരണം നടന്നത് കൊണ്ട് ജപ്തി നടന്നില്ലെന്നുo, താമസിക്കാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവരിപ്പോഴും ആ വീട്ടിൽ തന്നെ കഴിയുന്നെന്നും കടം ഇതുവരെയും വീട്ടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ചില ബന്ധുക്കളും പരിചയക്കാരും കുറച്ചൊക്കെ സഹായിച്ചു. മൂത്ത മകൾ മിടുമിടുക്കിയായി പഠിച്ചപ്പോൾ ആ ഉമ്മയ്ക്ക് സന്തോഷമായി. എൻട്രൻസ് എഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഹോസ്റ്റൽ ചിലവുകളും മറ്റും പരുങ്ങലിലാവുമെന്ന് കണ്ടപ്പോൾ ആ ഉമ്മ പത്രക്കാരെ സമീപിച്ചു. മാതൃഭൂമി ലേഖകൻ പത്രത്തിൽ കൊടുക്കാൻ തയ്യാറായി. സ്പോൺസറെ കിട്ടിയാൽ മകളുടെ പഠനം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലിരിക്കേയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അലൂമിനി അസോസിയേഷൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ഫീസ് വഹിക്കാൻ തയ്യാറായത്. അത് ആ കുട്ടിയ്ക്ക് ലഭിച്ചു. അങ്ങനെ ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ ആശ്വാസമായി.

രണ്ടാമത്തെ കുട്ടിക്കും പത്രത്തിൽ കൊടുത്തപ്പോൾ സ്പോൺസറെ കിട്ടി. മൂന്നാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ പത്രക്കാർ കൈയൊഴിഞ്ഞു. ഇനി ബാങ്ക് ലോൺ വല്ലതും എടുക്കാൻ നോക്കുക എന്നായിരുന്നു ഉപദേശം. മൂത്ത മകൾ എം.ബി.ബി.എസ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം.ഡിഅഡ്മിഷനുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്ക് പോകേണ്ടി വന്നു. കുടുംബം മുഴുവനും ട്രെയിനിൽ രാജ്യ തലസ്ഥാനത്തേയ്ക്ക് യാത്രയായി. ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തേയ്ക്ക് പോയ നാലാമത്തെ കുട്ടി തിരികെ വന്നില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞപ്പോൾ അവർ ട്രെയിൻ മുഴുവനും തിരഞ്ഞു. ജീവിത കഥ ഇത്രയുമായപ്പോൾ ഞാനാ ഉമ്മയോട് ചോദിച്ചു: കുട്ടിയുടെ പേര് സുൽഫിക്കർ എന്നാണോയെന്ന്. മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഈ കുടുംബത്തിന്റെ ഫീച്ചർ വന്നത് എന്റെ ഓർമ്മയിലുണ്ടായിരുന്നു. പത്രത്തിൽ വായിച്ച കുടുംബത്തെ നയിച്ച ഉമ്മയാണ് എന്റെ മുമ്പിലിരിയ്ക്കുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു.

ഡൽഹിയിൽ എത്തുന്നതു വരെ പല സ്റ്റേഷനിലും അനൗൺസ്മെന്റ് നടത്തിച്ചു. ടെയിൻ മുഴുവൻ അരിച്ചു പെറുക്കി . പലരേയും ഫോണിൽ വിളിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് കാര്യം ഉണർത്തിച്ചു. അവരുടെ ഇടപെടലോടെ രാജ്യം മുഴുവൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നു. മൂന്നാം ദിവസം ആന്ധാപ്രദേശിലെ കുപ്പം റയിൽവേ സ്റ്റേഷനടുത്തുള്ള ചെറിയ ആശുപത്രിയിൽ അപകടം പറ്റി ഒരു കുട്ടി കിടപ്പുണ്ടെന്ന വിവരം ലഭിച്ചു. കുടുംബം അവിടെയെത്തി. അവർ ചെല്ലുന്നതു വരെയും കുട്ടിക്ക് യാതൊരു ചികിത്സയും ലഭിച്ചിരുന്നില്ല. ഡോക്ടർ കുട്ടി മരിച്ചു എന്ന് കരുതി ജഡം മോർച്ചറിയിലേയ്ക്ക് മാറ്റിയതാണ്. മോർച്ചറിയിലെ അറ്റന്റർക്ക് കുട്ടിക്ക് ജീവൻ പോയിട്ടില്ല എന്ന് തോന്നിയതിനാൽ ഇടയ്ക്കിടെ വായിൽ അല്പാല്പം വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. ട്രെയിനിൽ കൈകഴുകുന്നതിനിടയിൽ ജെർക്കിൽ കുട്ടി ട്രെയിനിൽ നിന്നും തെറിച്ചു പുറത്തേയ്ക്ക് വീണതായിരുന്നു. വീൽ കയറിയിറങ്ങി തലയുടെ ഒരു വശത്ത് പറ്റിയ പരിക്ക് ഗുരുതരമായിരുന്നു.

കുടുംബം ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളായ മൂത്ത മക്കൾക്ക് കുട്ടി മരിച്ചിട്ടില്ലെന്ന് മനസ്സിലായി. വേഗം ആംബുലൻസ് വിളിച്ച് അവർ ഹൈദരാബാദിലെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഒരു കൈയ്യും ഒരു കാലും ചലനമറ്റ നിലയിലും മുറിവുകൾ പുഴുവരിച്ച നിലയിലുമാണെന്ന് മനസ്സിലായി. പോരാത്തതിന് തലയിലെ ഗുരുതര പരിക്കും. ഒരു കാലും ഒരു കൈയ്യും മുറിയ് ക്കേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഉമ്മ സമ്മതിച്ചില്ല. ഷർട്ടോ പാൻ്‌സോ ഇടുമ്പോൾ ഒരു കൈയ്യും ഒരു കാലും കയറ്റാൻ എന്തെങ്കിലും ഒരവയവം അവിടെ വേണ്ടേ അതിനാൽ അതവിടെയിരിയ്ക്കട്ടെ എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. ഡോക്ടർമാർ മറുത്തൊന്നും പറഞ്ഞില്ല. അവരാലാവും വിധം അവർ ചികിത്സിച്ചു.

ചികിത്സാ ചിലവുകൾ ആ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ സുമനസ്സുകളുടെ സഹായത്തോടെ അവർ കോഴിക്കോട് മിംസിലെത്തി. അവിടത്തെ ചികിത്സ സൗജന്യമായിരുന്നു. എന്നിട്ടും കൈകാലുകളുടെ ചലന ശേഷി തിരികെ കിട്ടിയിരുന്നില്ല. ചെങ്ങന്നൂരിലെ ഒരു ഫിസിയോ തെറാപിസ്റ്റ് സൗജന്യ ചികിത്സ നൽകാമെന്നേറ്റു. അവർ അങ്ങോട്ട് തിരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം 24 മണിക്കൂറും കുടുംബാംഗങ്ങൾ മാറി മാറി കുട്ടിയ്‌ക്ക് ഫിസിയോ തെറാപ്പി ചെയ്തു. കുറേ നാളുകൾക്കു ശേഷം ഈ ചികിത്സ ഫലം കണ്ടു. കുട്ടി നടക്കാൻ തുടങ്ങി. ഞാൻ ഉമ്മയെ കാണുന്ന സമയത്ത് കുട്ടി പ്ലസ് 2 പാസായിരുന്നു. ഉമ്മ കുട്ടിയ്ക്ക് അപകടം പറ്റിയ ശേഷമുള്ള പല ഫോട്ടോകളും എനിക്ക് കാട്ടിത്തന്നു.

കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അമ്മയാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോവുകയും പ്രതിസന്ധികളെ അതിജീവിക്കുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുന്നതെന്നറിഞ്ഞപ്പോൾ എനിക്കതിശയമായി. ഉമ്മ പറഞ്ഞതു പോലെ ശരിക്കും അതൊരു ജോലി തന്നെയാണ്. ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ശാരീരിക വളർച്ചയുള്ളതിനാൽ മാതാപിതാക്കൾ മകളെ വേഗം വിവാഹം കഴിച്ചയച്ചു. കട ബാധ്യതയും ഭർത്താവിന്റെ മരണവും കൂടിയായപ്പോൾ ഇരു വീട്ടുകാരും ഏതാണ്ട് കൈയൊഴിഞ്ഞു. പിന്നെ ജയിക്കാനുള്ള വാശിയും പ്രയത്നവും മാത്രം ബാക്കി. ഇന്ന് എല്ലാം ഏതാണ്ട് കരയ്ക്കടുത്തു വരുന്നു. സുൾഫിക്കറിനെ സ്പോൺസർ ചെയ്യാൻ ആൾക്കാരുണ്ട്. ഉമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു. വണ്ടി കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ബേസിൽ ജോസഫ്

ചേരുവകൾ

കൊഞ്ച് – 10 എണ്ണം (ഒരു ആവറേജ് വലിപ്പം ഉള്ളത് )
മാരിനേഷന് വേണ്ട മസാലയ്ക്കുള്ള ചേരുവകൾ
കുഞ്ഞുള്ളി – 12 എണ്ണം
ഇഞ്ചി -1 പീസ്
വെളുത്തുള്ളി -1 കുടം
കറിവേപ്പില – 1 തണ്ട്
വിനിഗർ -30 മില്ലി
പെരുംജീരകം – 1 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -100 മില്ലി

 

പാചകം ചെയ്യുന്ന വിധം

കൊഞ്ച് നന്നായി കഴുകി ഉള്ളിലെ വേസ്റ്റ് ഒക്കെ കളഞ്ഞു എടുത്തു കഴുകി മാറ്റി വയ്ക്കുക . ഷെൽ കളയണം എന്നില്ല .കുഞ്ഞുള്ളി , വെളുത്തുള്ളി ഇഞ്ചി, കറിവേപ്പില എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വിനിഗറും പെരുംജീരകവും ,ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക .ഈ അരച്ചെടുത്ത മസാല ഓരോ കൊഞ്ചിലും നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. ഒരു ഗ്രിൽ പാനിൽ നെയ്യ് നന്നായി ചൂടാക്കി കൊഞ്ച് ഇട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക .5 -6 മിനിറ്റിനുള്ളിൽ നന്നായി വെന്തു കളർ മാറി വരും . ചൂടോടെ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചെറുതായി അല്പം സ്പ്രിങ് ഒനിയൻ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സെർവ് ചെയ്യുക . അതിഥികൾ വരുമ്പോൾ കൊടുക്കാൻ ഈസി ആയി തയ്യറാക്കാവുന്ന ഒരു വെറൈറ്റി സ്റ്റാർട്ടർ ആണ് ഈ ഡിഷ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സിയറ ലിയോണിലെ ജംഗ്ഷനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഏകദേശം 91 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി തലസ്ഥാനനഗരമായ ഫ്രീടൗണിൽ ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ചുണ്ടായതിനെ തുടർന്നുണ്ടായ തീ സ്ഫോടനത്തിന് കാരണമാവുകയായിരുന്നു. സംഭവസ്ഥലത്തിന് അടുത്തുണ്ടായ പ്രദേശത്തെ ജനങ്ങളും അപകടത്തിനിരയാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നുപിടിക്കുകയും ചെയ്‌തു. ദുരന്തത്തെ തുടർന്നുണ്ടായ മരണസംഖ്യ ഇതുവരെയും വ്യക്തമല്ല. എന്നാൽ കേന്ദ്ര-സംസ്ഥാന മോർച്ചറിയിൽ ഇതുവരെ നൂറുകണക്കിന് മൃതദേഹങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

പൊട്ടിത്തെറിച്ച വാഹനത്തിൽനിന്ന് ചോർന്ന ഇന്ധനം ശേഖരിക്കുവാനായെത്തിയ ആളുകളും മരിച്ചവരിൽ ഉൾപ്പെടുന്നു എന്ന് പോർട്ട് മേയറായ ഇവോൻ അകി-സായേറിൻെറ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. നഗരത്തിലെ വെല്ലിംഗ്ടൺ മേഖലയിലെ ഒരു സൂപ്പർമാർക്കറ്റിന് പുറത്ത് ഏകദേശം രാത്രി പത്ത് മണിയോടെയാണ് ദുരന്തം നടന്നതെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചിത്രങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ് തെരുവിൽ കിടക്കുന്ന നിരവധി പേരെയാണ് കാണാൻ സാധിക്കുന്നത്. “തങ്ങൾക്ക് ഗുരുതരാവസ്ഥയിലുള്ള നിരവധി പേരെയും കത്തികരിഞ്ഞ മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്ന് കണ്ടെത്താൻ സാധിച്ചു എന്നും വളരെ ഭയാജനകമായ ഒരു അപകടം ആയിരുന്നു ഇതെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ മേധാവി ബ്രിമ ബുറെഹ് സെസെ പറഞ്ഞു.

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോടും അപകടത്തിൻറെ ഫലമായി അംഗവൈകല്യം സംഭവിച്ചവരോടും തൻറെ അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ജൂലിയസ് മാഡ ബയോ ട്വീറ്റ് ചെയ്തു. ദുരന്ത ബാധിതരായ കുടുംബങ്ങളെ സഹായിക്കുവാൻ സർക്കാരിൻെറ ഭാഗത്തുനിന്ന് എല്ലാ തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. സബ്-സഹാറൻ ആഫ്രിക്കയിൽ ടാങ്കർ ലോറികൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ചോർന്ന ഇന്ധനം ശേഖരിക്കുവാൻ ഒത്തുകൂടിയ നിരവധി ആളുകളാണ് പ്രധാന തീപിടുത്തത്തിന് അനുബന്ധമായി ഉണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടത്. 2019-ൽ കിഴക്കൻ കിഴക്കൻ ടാൻസാനിയയിൽ ഉണ്ടായ ടാങ്കർ സ്ഫോടനത്തിൽ 85 പേരാണ് മരണമടഞ്ഞത്. 2018-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സമാനമായ ദുരന്തത്തിൽ അമ്പതോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വിവിധ ഇടങ്ങളിൽ നിന്നും ആശങ്കകൾ ഉയർന്നു വന്നതിനെ തുടർന്ന്, നഴ്സുമാരുടെ കുടിയേറ്റ ബില്ലിൽ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ യോഗ്യതയും മറ്റും തീരുമാനിക്കുവാനുള്ള പൂർണ്ണ അധികാരം നഴ്സിംഗ് & മിഡ് വൈഫെറി കൗൺസിലിനു (എൻ എം സി ) ആയിരിക്കുമെന്ന് ഗവൺമെന്റ് ഉറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. യു കെ യിൽ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെയും, മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്ന യുകെ നേഴ്സുമാരെയും ഒരുപോലെ ബാധിക്കുന്ന ഈ ബില്ലിന് ഈ വർഷം അവസാനത്തോടെയോ, അടുത്തവർഷം ആദ്യമോ അന്തിമ അനുമതി ലഭിക്കും. ഈ ബില്ല് തുടക്കത്തിൽ കൊണ്ടുവന്നപ്പോൾ, എൻ എം സി യുടെ അധികാരം കുറയ്ക്കുന്നതാണെന്നും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒഴിവുകൾ നിറയ്ക്കുവാൻ ഈ ബില്ല് കാരണമായേക്കുമെന്നുമുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെ യൂറോപ്യൻ യൂണിയൻ നിർദ്ദേശിച്ചിട്ടുള്ള യോഗ്യത അടിസ്ഥാനത്തിലാണ് യുകെയിലും നിയമിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രെക്സിറ്റോടെ യുകെ പിൻവാങ്ങിയതിനാലാണ് നിയമനങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നത്. പുതിയ തീരുമാനങ്ങൾ പ്രകാരം എൻ എം സി ക്ക് ആയിരിക്കും നേഴ്സുമാരുടെ റിക്രൂട്ട്മെന്റുകളിൽ പൂർണ ഉത്തരവാദിത്വം ഉണ്ടാവുക.

യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമാകും റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയെന്നും, ഇതിൽ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാവുകയില്ലെന്നും മന്ത്രി ഗ്രിംസ്റ്റോൺ വ്യക്തമാക്കി. മെഡിക്കൽ കൗൺസിലിന് തൃപ്തിയില്ലാത്ത ഒരാളെപ്പോലും അംഗീകരിക്കുവാൻ ഗവൺമെന്റ് ഇടപെടുകയില്ല എന്നും അദ്ദേഹം ഉറപ്പു നൽകി. ഈ ബില്ലിന്റെ തുടക്കത്തിൽ ഗവൺമെന്റിന്റെ കൂടുതൽ സ്വാധീനം മൂലം യോഗ്യതയില്ലാത്തവരെ കൂടെ നിയമിക്കാനുള്ള സാധ്യതയുണ്ട് എന്ന ആരോപണത്തിൻ മേലാണ് പുതിയ മാറ്റങ്ങൾ. ഇതോടെ കേരളത്തിൽ നിന്നും മറ്റുമുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് പ്രക്രിയകൾ കൂടുതൽ കർശനമാകാൻനാണ് സാധ്യത.

RECENT POSTS
Copyright © . All rights reserved