Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിവിധ ഓഫറുകളുമായി റീട്ടെയിൽ കട ഉടമകളും, കമ്പനികളും രംഗത്തെത്തിയിരിക്കുകയാണ് . വീട്ടുപകരണങ്ങളിൽ 50% ഓഫർ വരെയാണ് ചിലയിടങ്ങളിൽ ലഭ്യമാക്കുന്നത്. ബ്രെഡ് മേക്കറുകൾ, സ്‌മാർട്ട് ഹോം ഉപകരണങ്ങൾ, എയർ ഫ്രയറുകൾ, ബ്ലെൻഡറുകൾ, എച്ച്‌ഡി ടെലിവിഷനുകൾ എന്നിവയെല്ലാം തന്നെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകൾ. ആമസോൺ , ജോൺ ലൂയിസ് , സിംബ , ഷാർക്ക് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ അവരുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നേരത്തെ തന്നെ പരസ്യപ്പെടുത്തി കഴിഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് പ്രയോജനപ്പെടുത്താനായി ചില ഓഫറുകൾ ഇതാ :-

ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി ഷാർക്ക് കമ്പനിയുടെ പവേർഡ് – ലിഫ്റ്റ് – എവേ അപ്പ്റൈറ്റ് വാക്വം ക്ലീനർ ആമസോണിലൂടെ 161 പൗണ്ട് വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റ് മോഡലുകളേക്കാൾ അൽപ്പം ഭാരമുള്ളതാണെങ്കിലും, കൂടുതൽ പവർ ഈ മോഡലിന് ഉണ്ടെന്നുള്ളത് കാർപെറ്റുകൾ മുതൽ ഹാർഡ് ഫ്ലോറുകൾ വരെ ഇവയെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കുന്നു.


ഡൈസൻ എയർറാപ്പ് സ്റ്റൈലർ കംപ്ലീറ്റിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 105 പൗണ്ട് വരെ ലാഭിക്കാവുന്ന തരത്തിലുള്ള ഓഫർ ആണ് വന്നിരിക്കുന്നത്. ഇതോടൊപ്പം തന്നെ എക്കോ ഡോട്ടിന്റെ അഞ്ചാം ജനറേഷൻ ബ്ലൂടൂത്ത് സ്പീക്കറിൽ 28 പൗണ്ടിന്റെ ലാഭമുണ്ടാക്കാനും ഉപഭോക്താക്കൾക്ക് ഇപ്പോൾ അവസരമുണ്ട്. മോർഫി റീചാർഡ്‌സിന്റെ ബ്രെഡ് മേക്കർ ഈ സമയത്ത് വാങ്ങുന്നവർക്ക് 60 പൗണ്ടിന്റെ ഓഫർ വരെയാണ് കമ്പനി ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ ആമസോൺ സ്മാർട്ട് പ്ലഗിലും 12 പൗണ്ടിന്റെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. ഡൈസൻ കോർഡ് ലെസ്സ് വാക്വം ക്ലീനറിലും 104 പൗണ്ടിന്റെ ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരത്തിൽ ഈ ക്രിസ്മസ് കാലം ആഘോഷകരം ആക്കുവാനുള്ള എല്ലാവിധ ഓഫറുകളുമായാണ് വിവിധ കമ്പനികൾ ഉപഭോക്താക്കൾക്കായി മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ യൂണിവേഴ്സിറ്റികളിൽ സമരം മുറുകുന്നു. ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, പെൻഷൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അധ്യാപകർ നടത്തിയ സമരം രൂക്ഷമാവുകയാണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് സമരത്തെ പിന്തുണച്ചു രംഗത്ത് വന്നു. അതേസമയം ക്ലാസുകൾ നഷ്ടപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കുറച്ച് വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാകുമെന്നാണ് യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം.

അടുത്ത ആഴ്ചയിൽ നടക്കുന്ന സമരത്തിൽ 70,000-ത്തിലധികം ജീവനക്കാർ പങ്കെടുക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. എന്നാൽ എത്രപേരാണ് പങ്കെടുക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അധ്യാപകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നിരവധി വിദ്യാർത്ഥികളും തെരുവിൽ ഇറങ്ങി.

സമരത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കെന്നാണ് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി വിശേഷിപ്പിച്ചത്. 2.5 ദശലക്ഷം വിദ്യാർത്ഥികളെ പണിമുടക്ക് ബാധിക്കുമെന്നാണ് യൂണിയൻ കണക്കാക്കുന്നത്. ശമ്പള കുറവ്, പെൻഷൻ വെട്ടിചുരുക്കൽ, തൊഴിൽ സാഹചര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. വൈസ് ചാൻസലർമാർ വലിയ തുക ശമ്പളം വാങ്ങുമ്പോൾ അധ്യാപകർക്ക് തുച്ഛമായ തുക പോലും ലഭിക്കുന്നില്ല. ഇത് തിരുത്തപ്പെടേണ്ടതാണ്. ഇല്ലാത്തപക്ഷം, വരും വർഷങ്ങളിൽ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. എന്നാൽ സമരം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കൂടുതൽ തടസങ്ങൾ സൃഷ്ടിക്കുന്നത് നിരാശജനകമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2024 ഓടെ യുകെ വിമാനത്താവളങ്ങളിൽ ഹാൻഡ് ലഗേജിലെ ലിക്വിഡ്, ലാപ്‌ടോപ്പുകൾ എന്നിവയുടെ സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. 2024 പകുതിയോടെ കൂടുതൽ നൂതനമായ 3ഡി സ്കാനറുകൾ പുറത്തിറക്കുന്നത് സർക്കാർ പരിഗണിക്കുകയാണ്.


ആശുപത്രികളിൽ ഉപയോഗിക്കുന്ന സിടി സ്കാനറുകൾ പോലെയുള്ള ഉപകരണം ബാഗിന്റെ ഉള്ളിലെ എന്തുണ്ടെന്നതിനെ പറ്റി കൃത്യമായ ചിത്രം നൽകുന്നു. കോവിഡ് 19 നെ തുടർന്ന് ഇത് കുറച്ചു കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു. യുകെ യിലെ എയർപോർട്ടുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർണായക പ്രഖ്യാപനം വരുന്നത്. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസിന് മുന്നോടിയായി ഒരു തീരുമാനം ഉണ്ടാകുമെന്ന് ടൈംസ് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

നേരത്തെ, യാത്രക്കാർക്ക് കർശനമായ നിർദേശങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ലിക്വിഡ് കൊണ്ടുപോകുന്നത് നിരവധി നിയമവശങ്ങൾ അനുസരിച്ചു മാത്രമായിരുന്നു. എന്നാൽ പുതിയ ക്രമീകരണം വരുന്നതോടെ ഇത് ഒഴിവാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് പുതിയ ദേശീയ മാർഗനിർദേശങ്ങൾ പ്രകാരം ഇനിമുതൽ ആവശ്യമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാൻഡ പ്രിച്ചാർഡാണ് ആദ്യമായി ആർത്തവവിരാമത്തെക്കുറിച്ച് ദേശീയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാർഗം തന്നെ പിന്തുടരണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ജോലിസമയങ്ങളിൽ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ നൽകുവാനും, ഇടവേളകൾ നൽകുവാനുമുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോവിഡ് മൂലം ആശുപത്രികളെല്ലാം പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കുവാൻ പരിശ്രമിക്കുന്ന ഈ സമയത്തും, ഇത്തരം ഒരു തീരുമാനം ഭാവിയിൽ എൻ എച്ച് എസിനു ഗുണം ചെയ്യും എന്ന നിലപാടാണ് ആരോഗ്യസേവന മേധാവി വ്യക്തമാക്കിയത്. ആർത്തവവിരാമം എന്നത് ആരോഗ്യപരമായ ഒരു പ്രശ്നമല്ലെന്നും, മറിച്ച് എല്ലാ സ്ത്രീകളും ജീവിതത്തിൽ നേരിടുന്ന ഒരു അവസ്ഥയാണെന്നും , അതിനാൽ തന്നെ സ്ത്രീകൾക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നും അമാൻഡ വ്യക്തമാക്കി.


ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളിൽ സന്ധി വേദന, ഉത്കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഹോട്ട് ഫ്ലഷുകൾ എന്നിവയും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടുന്നു. എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരു ശതമാനവും 45 മുതൽ 54 വയസ്സിനിടയിലുള്ള സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 2,60000 ത്തോളം ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എൻ എച്ച് എസ് ഗൈഡ് ലൈനുകൾ മറ്റു ജോലി സ്ഥലങ്ങളിലും പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ തുടർന്ന് ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ മഞ്ഞുവീഴ്ച കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന ആഴ്ചകളിൽ താപനില കൂടുമെന്നും, ഒറ്റരാത്രികൊണ്ട് മഞ്ഞുവീണു മൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാഴ്ച മറഞ്ഞു അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഗ്ലാസിൽ വീഴുന്ന മഞ്ഞു നീക്കം ചെയ്തു മുന്നോട്ട് പോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥ പ്രവചനം പറയുന്നത്,വരണ്ടതും തണുത്തതുമായ കാലാവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നാണ്. ഒറ്റരാത്രികൊണ്ട് മഞ്ഞും മൂടൽമഞ്ഞും സാധ്യമാണെന്നും പറയുന്നു. എന്നാൽ വിൻഡ്‌സ്‌ക്രീനുകളിലെ മഞ്ഞു മായ്‌ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തണുപ്പിൽ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. വിവിധ രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലികളും മറ്റും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.

ഇതിനു പകരമായി കാർ സൂര്യനഭിമുഖമായി പാർക്ക് ചെയ്താൽ കുറെ അധികം നേട്ടങ്ങൾ ഉണ്ട്. ഐസ് ഉരുകാനും സ്ക്രാപ്പർ ഉപയോഗിക്കുന്നതിനുള്ള ഏത് ആവശ്യത്തെയും ചെറുക്കാനും സൂര്യന് കഴിയും. അതുപോലെ തന്നെ വിനാഗിരി വിൻഡ് സ്ക്രീനിൽ തളിക്കുന്നതും മഞ്ഞു ഉരുകാൻ സഹായിക്കും. വെള്ളവും വിനാഗിരിയും കലർന്ന മിശ്രിതം തലേദിവസം രാത്രി വിൻഡ്‌സ്‌ക്രീനിൽ സ്‌പ്രേ ചെയ്താൽ നല്ലതാണ്. ഒരു ബാഗിൽ ചെറു ചൂടുവെള്ളം നിറച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിസയ്ക്കും പാസ്പോർട്ടിനുമായി പലപ്പോഴും കാലതാമസം നേരിടാറുണ്ട്. പലപ്പോഴും ഇത് വി എഫ് എസിനും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച വ്യക്തത പുറപ്പെടുവിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ഇതനുസരിച്ച്, വിസകൾ, പാസ്‌പോർട്ട്, ഒസിഐ അല്ലെങ്കിൽ മറ്റ് കോൺസുലാർ സേവന അപേക്ഷകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 8 ദിവസമായിരിക്കും. പാസ്‌പോർട്ട് സേവനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് 10 ഉം ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ ഒസിഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 6 ആഴ്ചയും ആയിരിക്കും കാലതാമസം നേരിടുക. എന്നാൽ ക്രോസ് ചെക്കിംഗിനും ഇന്ത്യയിലെ അധികാരികളുടെ അംഗീകാരം ആവശ്യമുള്ള ചില സന്ദർഭങ്ങളിലും ഈ സമയക്രമത്തിൽ മാറ്റം ഉണ്ടാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും [email protected] എന്ന മെയിൽ ഐഡി ഉപയോഗിക്കുകയോ 02037938629 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ഇമെയിലിൽ, മുഴുവൻ പേര്, ദേശീയത, പാസ്‌പോർട്ട് നമ്പർ, അപേക്ഷ ARN അല്ലെങ്കിൽ GBRL നമ്പർ, അപേക്ഷ സമർപ്പിച്ച തീയതി, അപേക്ഷ സമർപ്പിച്ച VFS സെന്റർ എന്നിവ നിർബന്ധമായും സൂചിപ്പിക്കണം. മൊബൈൽ നമ്പർ ചേർക്കുന്നത് നിങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കും. ഏതെങ്കിലും കാരണത്താൽ സേവനത്തിന്റെ നിലവാരത്തിൽ പോരായ്മ ഉണ്ടാകുന്ന പക്ഷം നിങ്ങൾക്ക് പരാതി നൽകാനും അവകാശമുണ്ട്. [email protected] എന്ന മെയിൽ ഐഡി ഇതിനായി ഉപയോഗിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിയത് അവരുടെ ആരാധകർ മാത്രമല്ല, ലോകകപ്പിലെ മറ്റ് എല്ലാ ടീമുകളുടെയും ആരാധകരും കൂടിയാണ്. സൗദി അറേബ്യയോട് 2–1ന്റെ തോല്‍വിയാണ് അർജന്റീന വഴങ്ങിയത്. 2009ന് ശേഷം ഒരു മത്സരത്തിൽ മെസ്സി ഗോളടിച്ചിട്ടും അര്‍ജന്റീന പരാജയപ്പെടുന്നത് ആദ്യമായാണ്. 1958 -ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യം ഗോളടിച്ച ശേഷം അർജന്റീന തോൽക്കുന്നതും ഖത്തർ ലോകകപ്പിലാണ്. ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു പിന്നീടു തോറ്റുപോകുന്നത് 1930ന് ശേഷം ആദ്യമായാണ്. ഈ തോൽവി ഭാരത്തെ മെസ്സിയും കൂട്ടരും എങ്ങനെ മറികടക്കും എന്നുള്ളതാണ് ചോദ്യം.

ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സൗദി ഞെട്ടിച്ചത്. ആദ്യ പകുതിയിൽ ഓഫ്‌സൈഡ് കുരുക്ക്. രണ്ടാം പകുതിയിൽ ആക്രമണം. ഇതുവഴി അർജന്റീനയെ തകർക്കുകയായിരുന്നു സൗദി. അർജന്റീനയ്ക്കെതിരെ സൗദി ഒരു മത്സരം ജയിക്കുന്നതും ആദ്യമായാണ്. ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ആകെ നാലു കളികളാണ് സൗദി ജയിച്ചത്.

“ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്” മെസ്സിയുടെ ഈ വാക്കുകളിലാണ് ആരാധകരുടെ നിലനിൽപ്പ്. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈയ്ന് സഹായവുമായി ബ്രിട്ടൻ. യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തേക്ക് ബ്രിട്ടൻ ഹെലികോപ്റ്ററുകൾ അയയ്ക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. യുദ്ധത്തിന് ശേഷം ആദ്യമായാണ് യു കെ വിമാനം അയക്കുന്നത്. മൂന്ന് മുൻ സീ കിംഗ് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമായി നൽകും ആദ്യത്തേത് ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനം പറക്കുന്നതിനും, മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട യുക്രേനിയൻ ക്രൂവിന് യുകെയിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ ഇവയ്ക്ക് പുറമെ യുകെ 10,000 പീരങ്കികൾ കൂടി അയക്കുമെന്ന് വാലസ് പറഞ്ഞു. ഓസ്‌ലോയിൽ നിന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സീ കിംഗ് ഹെലികോപ്റ്റർ മുമ്പ് റോയൽ എയർഫോഴ്‌സും റോയൽ നേവിയും ഉപയോഗിച്ചിരുന്നു. അടുത്തിടെ യുക്രൈയ്ൻ മോചിപ്പിച്ച പ്രദേശം സുരക്ഷിതമാക്കാൻ സേനയെ എല്ലാരീതിയിലും സഹായിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഋഷി സുനക് കീവ് സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. അതിനു പുറമെ 50 മില്യൺ പൗണ്ടിന്റെ പുതിയ പ്രതിരോധ സഹായ പാക്കേജ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതിൽ 125 വിമാനവിരുദ്ധ തോക്കുകളും ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. ശൈത്യകാലത്ത് ഉക്രെയ്നിന്റെ ചില ഭാഗങ്ങളിൽ താപനില -20C വരെ താഴും. ഇതിനാൽ യുക്രേനിയൻ സൈനികർക്ക് കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ ശീതകാല ഉപകരണങ്ങളും, ഹെവി ഡ്യൂട്ടി സ്ലീപ്പിംഗ് ബാഗുകളും പായകളും വിതരണം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസിന് മുന്നോടിയായി സമരവുമായി റെയിൽവേ യൂണിയനുകൾ. ഡിസംബർ 13,14, 16,17, ജനുവരി 3,4, 6,7 എന്നിങ്ങനെ തീയതികളിൽ 48 മണിക്കൂറാണ് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർ എം ടി) പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വർദ്ധനവ്, തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം, റയിൽവേ മേഖലയിൽ ഗുരുതര തടസങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ പറയുന്നു. നെറ്റ്‌വർക്ക് റെയിലിലെയും മറ്റ് 14 ട്രെയിൻ കമ്പനികളിലെയും അംഗങ്ങൾ കഴിഞ്ഞ ആഴ്ച പണിമുടക്കിനെ അനുകൂലിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണിത്.

40,000-ത്തിലധികം ആർ‌എം‌ടി അംഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് യൂണിയൻ പറയുന്നത്. ഡിസംബർ 18 മുതൽ ജനുവരി 2 വരെ ഓവർടൈം നിരോധനവും ഉണ്ടായിരിക്കുമെന്ന് ആർഎംടി അറിയിച്ചു, അതായത് മൊത്തം നാലാഴ്ചത്തേക്ക് യൂണിയൻ പണിമുടക്ക് നടത്തും. ക്രിസ്‌മസിന് മുന്നോടിയായി ഡിസംബർ 16, 17 തീയതികളിൽ ലണ്ടനിലും ബർമിംഗ്‌ഹാമിലും നടക്കുന്ന ഹാസ്യനടൻ പീറ്റർ കേയുടെ പ്രകടനങ്ങളും 13, 14, 16 തീയതികളിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന പൗലോ നൂറ്റിനിയുടെ ഗിഗുകളും പോലുള്ള പരിപാടികൾക്കും സമരം മൂലം സാരമായ തടസം നേരിടും. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവർമാരുടെ അസ്ലെഫ് യൂണിയൻ നവംബർ 26 ശനിയാഴ്ച മറ്റൊരു പണിമുടക്ക് നടത്തുന്നുണ്ട്.

ക്രിസ്തുമസ് കാലയളവിൽ ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. പണിമുടക്കിനെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി നെറ്റ്‌വർക്ക് റെയിലും റെയിൽ ഡെലിവറി ഗ്രൂപ്പും പറയുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യൂണിയന്റേത്. തുടർ ചർച്ചയുടെ ഭാഗമായി വ്യാഴാഴ്ച യൂണിയൻ പ്രധിനിധി ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറെ കാണും. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പല മികച്ച സ്കൂളുകളും നിലവാര തകർച്ചയിലാണെന്ന് ഓഫ്സ്റ്റഡിൻെറ കണ്ടെത്തൽ. സുപ്രധാനമായ മാറ്റങ്ങൾ ഒന്നും തന്നെ ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. പല സ്കൂളുകളിലും സമാന അവസ്ഥയാണ്.എന്നാൽ ഓഫ്സ്റ്റഡിന്റെ കണ്ടെത്തലുകൾ വിശ്വാസ യോഗ്യമല്ലെന്നാണ് നാഷണൽ എജ്യുക്കേഷൻ യൂണിയൻ പറയുന്നത്. ഈ സ്കൂളുകൾ മികച്ചതായി തന്നെ തുടരുന്നുവെന്നും നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ വ്യക്തമാക്കി.

പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ച പല സ്കൂളുകളിലും ഇത്തവണയും പോയിരുന്നു. മികച്ച സ്കൂൾ പദവി ലഭിച്ച 80% സ്കൂളുകളെയും നിലവിൽ തരംത്താഴ്ത്തിയിരിക്കുകയാണെന്നാണ് ഓഫ്‌സ്റ്റഡ് ചൂണ്ടിക്കാട്ടുന്നത്. കാലാനുസൃതമായി ഉണ്ടാകേണ്ട പല മാറ്റങ്ങളും ഇവയിൽ ഉണ്ടാകുന്നില്ലെ ന്നും അവർ പറയുന്നു. പരിശോധനയ്ക്ക് വിധേയമാകാതെ ധാരാളം സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവയുടെ നിലവാരം എങ്ങനെയാണ് എന്നുള്ളത് പരിശോധന വിധേയമാണെന്നും ഓഫ്സ്റ്റഡ് ചീഫ് ഇൻസ്‌പെക്ടർ അമൻഡ സ്പിൽമാൻ ബിബിസിയോട് പറഞ്ഞു. സ്കൂളുകളുടെ യാഥാർഥ്യം മാതാപിതാക്കൾ പ്രധാനമായും മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ സ്കൂളുകൾ പതിവിലും നില മെച്ചപ്പെടുത്തി മുന്നേറികൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചയിലെ ശരത്കാല പ്രസ്താവനയിൽ വിദ്യാഭ്യാസ രംഗത്തിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം രാജ്യത്ത് സ്കൂളുകളിൽ 85% മികച്ചതായി തുടരുകയാണ്. 2010 ലെ കണക്കുകളിൽ നിന്ന് ഇത് വളരെ വലിയ വളർച്ചയാണെന്നും കൂട്ടിച്ചേർത്തു.

Copyright © . All rights reserved
➤