ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്തടുത്ത ഫ്ലാറ്റുകളിലുള്ള സ്ത്രീയേയും പുരുഷനേയും മരിച്ചനിലയിൽ എമർജൻസി സർവീസുകൾ കണ്ടെത്തി. സൗത്ത് മാഞ്ചസ്റ്ററിലെ ഒരു വിലാസത്തിലേക്കുള്ള വിളി ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. തൻെറ വീട്ടുവളപ്പിൽ മരിച്ചനിലയിൽ സ്ത്രീയെ കണ്ടെത്തുകയും തുടർന്ന് അടുത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ ഒരു പുരുഷനെ കണ്ടെത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വാതകചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ സമീപത്തെ കടകൾ ഒഴിപ്പിച്ചു. എൻ ഡബ്ല്യു എ എസ് ഏകദേശം വൈകുന്നേരം 4:20 ന് വീട്ടുവളപ്പിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതായി അറിയിച്ചതായി ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ് വക്താവ് അറിയിച്ചു. പോലീസ് ഓഫീസർമാർ അയൽ ഫ്ലാറ്റുകളുടെ ക്ഷേമം അന്വേഷിക്കാനായി ബന്ധപ്പെട്ടപ്പോഴാണ് അതിനുള്ളിൽ മരിച്ച ആളെ കണ്ടെത്തിയത്.

രണ്ട് മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലത്ത് ഗ്യാസ് ചോർച്ച പരിശോധിക്കാൻ ജി എം എഫ് ആർ എസ് സ്ഥലത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും സമൂഹത്തിന് ഭീഷണിയായി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഗ്രേറ്റ് മാഞ്ചസ്റ്റർ ഫയർ റെസ്ക്യൂ സർവീസിൻെറ വക്താവ് അറിയിച്ചു. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം ഏകദേശം 7:52 ന് വിതിംഗ്‌ടൺ, സാൽഫോർഡ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ മാഞ്ചസ്റ്ററിൽ പ്രിൻസസ് റോഡിലെ ഒരു ഫ്ലാറ്റിൽ ഗ്യാസ് ചോർച്ച ഉണ്ടായതായി അറിയിപ്പ് ലഭിച്ചതായും അഗ്നിശമനസേനാംഗങ്ങൾ ഗ്യാസ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് നാശനഷ്ടമുണ്ടായ സമീപത്തെ സ്വത്തുക്കൾ പരിശോധിക്കുകയും ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവയുടെ സഹപ്രവർത്തകരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാർസോ : യുക്രൈൻ അഭയാർഥികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് ബ്രിട്ടീഷ് വിദ്യാർത്ഥിനി. അഭയാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസെക്സിലെ ചെംസ്ഫോർഡ് സ്വദേശിയായ എല്ല ലാംബെർട്ട് (22) ഏപ്രിൽ 18 ന് പോളണ്ടിലെ വാർസോയിൽ എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 1,000 ഡിസ്പോസിബിൾ സാനിറ്ററി ഉൽപ്പന്നങ്ങൾ വാർസോയിലെ അഭയാർഥികൾക്ക് കൈമാറി. തുണികൊണ്ടുള്ളതും പുനരുപയോഗിക്കാവുന്നതുമായ ആയിരം പാഡുകൾ യുക്രൈൻ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്ല ഇപ്പോൾ. പാഡുകൾ വലിയ രീതിയിൽ ആവശ്യമാണെന്ന് എല്ല അറിയിച്ചു.

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി വിദ്യാർഥിയായ എല്ല, 2020 മാർച്ചിൽ പച്ചമാമ പ്രൊജക്റ്റ് ആരംഭിച്ചു. ഈ പ്രൊജക്റ്റിലൂടെ, സന്നദ്ധപ്രവർത്തകർ അഭയാർത്ഥികൾക്കായി തുണികൊണ്ടുള്ള പാഡുകൾ നിർമിക്കുന്നു. യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ ഈ സംഘടന ‘പാഡ് 4 റെഫ്യൂഗീസു’ മായി ചേർന്ന് അഭയാർഥികളായ സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു. ഇതുവരെ 3,000 ഡിസ്പോസിബിൾ പാഡുകൾ യുക്രൈനിലെ ലിവിവിലേക്ക് അയച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു.

“ഇത് ഹൃദയഭേദകമാണ്. എവിടെക്കെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകളാണ് അഭയകേന്ദ്രങ്ങളിൽ എത്തുന്നത്. ഇത് സമ്പൂർണ്ണ പ്രതിസന്ധിയാണ്.” എല്ല വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന പാഡുകൾ യുക്രൈനിലേക്ക് അയയ്ക്കുന്നതിനായി താൻ നിലവിൽ യോർഗാസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവൾ പറഞ്ഞു. ആർത്തവകാല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എല്ല ആവർത്തിച്ച് പറയുന്നു. “ആർത്തവത്തെ പറ്റി സംസാരിക്കാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. ആർത്തവകാല ആവശ്യങ്ങളെപ്പറ്റി ആരും തുറന്ന് പറയുന്നില്ല. എന്നാൽ അത് തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങളുടെ സംഘടന പ്രവർത്തിക്കുന്നു.” എല്ല ദൃഢനിശ്ചയത്തോടെ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ രണ്ട് ക്യാബിനറ്റ് മന്ത്രിമാർക്കും രണ്ട് ഷാഡോ മന്ത്രിമാർക്കുമെതിരെ പുതിയതായി ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. മീ റ്റു വിവാദത്തിനു ശേഷം രൂപീകരിക്കപ്പെട്ട പാർലമെന്ററി കംപ്ലൈന്റ് ബോർഡിന്റെ പക്കലാണ് ഈ മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ ലഭിച്ചിരിക്കുന്നത്. സൺഡേ ടൈംസ് റിപ്പോർട്ട് പ്രകാരം 2018 മുതൽ എഴുപതോളം കംപ്ലൈന്റുകളിലായി ഏകദേശം 56 എംപിമാരാണ് ഇത്തരത്തിൽ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ലൈംഗികപരമായി തെറ്റായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുക, സ്റ്റാഫുകൾക്ക് നേരെ മോശമായി പെരുമാറുക തുടങ്ങിയവയാണ് ഇത്തരം കംപ്ലൈന്റുകളിൽ ഭൂരിഭാഗവും . കൺസർവേറ്റീവ് പാർട്ടി എംപി ഇമ്രാൻ മുഹമ്മദിനെ 2008 ൽ കൗമാരക്കാരനായ ആൺകുട്ടിയെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് കഴിഞ്ഞ ആഴ്ച പാർട്ടി പുറത്താക്കിയിരുന്നു. ഈ സംഭവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നു വന്നിരിക്കുന്നത്.

ഇത്തരം വിവാദങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സോമേർട്ടനിൽ നിന്നുള്ള എം പി ഡേവിഡ് വാർബർട്ടന്റെയും വിപ്പ് റദ്ദാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും മന്ത്രിമാരും സ്റ്റാഫുകളും തമ്മിലുള്ള ബന്ധം കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും എഫ് ഡി എ ജനറൽ സെക്രട്ടറി ഡെവ് പെൻമാൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെഡ്‌വർത്ത്: ബെഡ്‌വർത്ത് നഗരമധ്യത്തിൽ ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്. വാർവിക്‌ഷെയറിലെ ബെഡ്‌വർത്തിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കവൻട്രി റോഡിലും ഗിൽബർട്ട് ക്ലോസിലുമായിരുന്നു ആക്രമണം. ഇരുപത് വയസ്സുകാരനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിനിരയായ മറ്റു പത്തു പേർക്ക് സാരമായ പരിക്കുണ്ട്. 33 കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ലെസ്റ്റർ റോഡിലെ ഒരു കടയ്ക്കുള്ളിൽ വെച്ചായിരുന്നു കത്തിയാക്രമണം. കത്രിക ഉപയോഗിച്ചാണ് ഇരുപതുകാരനെ കുത്തി പരിക്കേൽപ്പിച്ചത്. അതിന് ശേഷമായിരുന്നു ആളുകൾക്ക് നേരെയുള്ള ആക്രമണം. പരിക്കേറ്റവർ ഇനിയുമുണ്ടെങ്കിൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.

ക്രൂരമായ സംഭവം ആണിതെന്നും സമൂഹത്തിന് വലിയ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും ഡിറ്റക്ടീവ് സർജന്റ് റിച്ച് സിംപ്കിൻസ് പറഞ്ഞു. ഒരാൾ കസ്റ്റഡിയിലുണ്ടെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 3.76 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് ഇത് അതിന് മുന്നിലത്തെ ആഴ്ചയുടെ കണക്കുകളേക്കാൾ 15 ശതമാനം കുറവാണ്. പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ 70% ആളുകളും കോവിഡ് ബാധിതരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുള്ള അണുബാധയുടെ നിരക്ക് കുറഞ്ഞതായും എന്നാൽ വൈറസിൻെറ അളവ് നിൽക്കുന്നതായും ഒഎൻഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളിലെ രോഗലക്ഷണങ്ങളോ വൈറസോ ഉണ്ട് എന്ന് കണ്ടെത്തിയാണ് ഒഎൻഎസ് തങ്ങളുടെ ഡേറ്റാ സമാഹരിക്കുന്നത്.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ അണുബാധ നിരക്ക് തുടർച്ചയായി കുറയുന്നത് ശുഭസൂചനയാണെന്നും ഈ വാർത്തയെ സ്വാഗതം ചെയ്യുന്നതെന്നും കോവിഡ്-19 അണുബാധ സർവ്വേയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡങ്കൻ കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ ഉടനീളമുള്ള എല്ലാ പ്രായക്കാരിലും അണുബാധയുടെ നിരക്ക് കുറഞ്ഞു എന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണുബാധ നിരക്ക് കുറയുന്നുണ്ടെങ്കിലും ഈ സ്ഥിതി മുന്നോട്ടു പോകേണ്ടതിന് ആളുകൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിനുളള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അറിയിച്ചു. യുക്രെയ്നില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ് ഗാനില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസിലാക്കുന്നുവെന്നും ഇന്ത്യ – റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കേണ്ടതില്ലെന്നതുമായ നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു.

‘ദീപാവലിയോടെ സ്വതന്ത്ര വ്യാപാരകരാറിന് അവസാനരൂപം നൽകണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുള്ള വ്യാപാരം ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇരട്ടിയാക്കാൻ സഹായിക്കും’ – ബോറിസ് ജോൺസൻ പ്രതികരിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണ.
അതിനിടെ, ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെയും അമിതാഭ് ബച്ചനെ പോലെയും തോന്നി എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനാധിപത്യരാജ്യം എന്ന നിലയിൽ ബ്രിട്ടൺ ഇന്ത്യയോട് ചേർന്നു നിൽക്കും എന്ന ബോറിസ് ജോൺസന്റെ വാക്കുകൾ പുതുപ്രതീക്ഷ നൽകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉക്രൈനിനു മേൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ ആയ ടെസ്‌കോ, വെയിറ്റ്റോസ്, മോറിസൺസ് എന്നിവിടങ്ങളിലെല്ലാം തന്നെ സൺഫ്ലവർ ഓയിലിനും മറ്റും റേഷനിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായിരിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാൻ പറ്റുന്ന എണ്ണയുടെ അളവ് നിജപ്പെടുത്തുക ആണ് ചെയ്യുന്നത്. ബ്രിട്ടൻ ഭൂരിഭാഗം കുക്കിംഗ് ഓയിലും ഉക്രൈനിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ യുദ്ധം മൂലം ഇറക്കുമതി തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ ക്ഷാമത്തെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇറക്കുമതി ക്ഷാമത്തെ തുടർന്ന് എണ്ണയുടെ വിലയിലും ഇരുപത് ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മോറിസൺസ്, വെയിറ്റ്റോസ് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന എണ്ണയുടെ അളവ് നേരത്തെ തന്നെ നിജപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ടെസ്കോയും ഈ പാത തന്നെ പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.

ഒരാൾക്ക് മൂന്ന് ബോട്ടിൽ കുക്കിംഗ് ഓയിൽ വാങ്ങാൻ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. മുൻപോട്ടും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനായാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എന്നാണ് സൂപ്പർമാർക്കറ്റുകൾ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി ഭക്ഷണസാധനങ്ങൾക്ക് യുദ്ധം മൂലം വിലയും വർദ്ധിച്ചിട്ടുണ്ട്. ജനങ്ങളെല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൂറിക് : മഡലിൻ മെക്കയിൻ തിരോധാനത്തിൽ ക്രിസ്റ്റ്യൻ ബ്രൂക്ക്നർ തന്നെ പ്രതിയെന്ന് സംശയിക്കുന്നതായി പോർച്ചുഗീസ് പ്രോസിക്യൂട്ടർമാർ. ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. തന്റെ പേരിലുണ്ടായ ആരോപണം ക്രിസ്റ്റ്യൻ നിഷേധിച്ചു. മൂന്ന് വയസ്സുള്ള മഡലിൻ മെക്കയിൻ എന്ന ബ്രിട്ടീഷ് പെൺകുട്ടി,15 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ അപ്രത്യക്ഷയായ സംഭവത്തിന്റെ സുപ്രധാനമായ ഘട്ടത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ എത്തിയിരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, മഡലിനെ ജീവനോടെയോ, അല്ലാതെയോ കണ്ടെത്തിയിട്ടില്ലെങ്കിലും ജർമ്മൻകാരനായ ക്രിസ്റ്റ്യൻ ബ്രൂക്ക്നറാണ് മഡലിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പ്രോസിക്യുട്ടർ നൽകുന്ന വ്യക്തമായ സൂചന. നിലവിൽ ലൈംഗികാതിക്രമ കേസിൽ ജർമ്മനിയിൽ ശിക്ഷിക്കപ്പെട്ട്, അവിടെ ജയിലിൽ ആണ് ഇയാൾ.

2007 മേയ് മൂന്നിന് പോർച്ചുഗലിലെ ടൂറിസ്റ്റ് കേന്ദ്രമായ പ്രായിയ ഡാലുസിലെ ഹോട്ടൽ മുറിയിൽ നിന്നാണ് മഡലിൻ മെക്കയിനെ കാണാതാവുന്നത്. മാതാപിതാക്കളായ ജെറി മെക്കയിനും, കേറ്റ് മെക്കയിനും രണ്ട് സഹോദരങ്ങൾക്കും ഒപ്പമായിരുന്നു മാഡിയെന്ന് വിളിപ്പേരുള്ള മൂന്നു വയസ്സുകാരി. മൂന്ന് മക്കളെയും ഹോട്ടൽ മുറിയിൽ ഉറക്കിയതിന് ശേഷം അന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം റസ്റ്റന്റിൽ അത്താഴം കഴിക്കാൻ പുറത്തു പോയതായിരുന്നു മെക്കയിൽ ദമ്പതികൾ. 10 മണിയോടെ തിരിച്ചു വന്നപ്പോൾ മാഡിയുടെ ഇളയ ഇരട്ട സഹോദരങ്ങൾ ഉറക്കത്തിൽ. മാഡിയെ കാണാനില്ല. ആകെ പൊലീസിന് കിട്ടിയ സൂചന- ഒരു കുട്ടിയുമായി ഒരാൾ രാത്രിയിൽ പോകുന്നത് കണ്ടു എന്ന മൊഴി മാത്രം.
ബ്രിട്ടീഷ് മാധ്യമങ്ങൾ മാഡിയുടെ തിരോധാനം കാര്യമായി ഏറ്റെടുത്തു. പോർച്ചുഗൽ പൊലീസ് അന്വേഷണത്തിൽ ജാഗ്രത കാട്ടി. പലരെയും കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചു. ബ്രിട്ടീഷ് പെൺകുട്ടിയുടെ തിരോധനത്തിൽ സ്കോട്ലൻഡ് യാർഡും ഊർജിതമായി ഇറങ്ങി. ആണും, പെണ്ണുമായ ഇരട്ടക്കുട്ടികളെ കിട്ടിയതോടെ മാഡിയെ സ്വന്തം മാതാപിതാക്കൾ തന്നെ ഇല്ലാതാക്കിയെന്ന് വരെ സംശയമുന നീണ്ടു. ബ്രിട്ടീഷ് സർക്കാർ ഇതേവരെ 13.5 ലക്ഷത്തലധികം പൗണ്ടാണ് ഈ കേസിനായി മുടക്കിയത്. എല്ലാ ഏജൻസികളും മാഡി ജീവിച്ചിരിപ്പില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും, തിരോധനത്തിന് മാത്രം തെളിവുകൾ ഉണ്ടായില്ല.

മാഡിയെ കാണാതായ ദിവസം സ്ഥലത്തു ക്രിസ്റ്റ്യന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതോടെ അന്വേഷണം അവിടേക്ക് നീങ്ങി. 15 വയസ്സ് മുതൽ പൊലീസ് റെക്കോർഡിൽ കയറിയ ആളാണ് ക്രിസ്റ്റിയാൻ. മാതാപിതാക്കൾ പുറത്തു പോയ സമയത്തു അപ്പാർട്ട്മെന്റിൽ മോഷണത്തിന് കയറിയ ക്രിസ്റ്റിയാൻ മാഡിയുമായി കടന്നുവെന്നാണ് അന്വേഷകർ കരുതുന്നത്. ഒട്ടേറെ തവണ ബാലപീഡനത്തിന് ഇദ്ദേഹം പിടിക്കപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബറിൽ ഇറ്റലിയിലെ മിലാനിൽ വെച്ചാണ് ക്രിസ്റ്റിയാൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2005 സെപ്റ്റംബറിൽ പോർച്ചുഗലിൽ വെച്ച് 72 വയസ്സുള്ള അമേരിക്കൻ ടൂറിസ്റ്റിനെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇതിന്റെ ശിക്ഷ ഇപ്പോഴും അനുഭവിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ചർച്ചകൾക്കും വഴി തുറന്നു. ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചിരിക്കുകയാണ് അധികൃതർ. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. അതിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്. സബർമതി ആശ്രമത്തിനു സമീപത്തെ ചേരികളാണ് തുണികെട്ടി മറച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

മാധ്യമപ്രവർത്തകനായ ഡി.പി.ഭട്ട ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇതുപോലെ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അത്.

ദ്വിദിന സന്ദർശനത്തിനെത്തിയ ജോൺസൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറും ചർച്ചാവിഷയമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മോഷണം നടത്തുന്നതിനായി കാറിൽ കയറിയ മോഷ്ടാവ് അതിൽതന്നെ ആറ് മണിക്കൂറോളം ഉറങ്ങിയെന്ന പുതിയ വാർത്തയാണ് ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്നത്. രാവിലെ കാറിൽ മോഷ്ടാവിനെ കണ്ടെത്തിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് മോഷ്ടാവ് ഉണർന്നത്. സോയി റീഡ്, ഭർത്താവ് സൈമൺ, മക്കളായ ഡാൻ, കാർട്ടർ എന്നിവരുടെ കാറിലാണ് മോഷണത്തിനെത്തിയാൾ ഉറങ്ങിപ്പോയത്. സോയിയുടെ 12 വയസ്സുകാരനായ മകനാണ് രാവിലെ മോഷ്ടാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. പരിസരപ്രദേശങ്ങളിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ നേരത്തെയും കണ്ടിട്ടുള്ളതായി പരിസരവാസികൾ വ്യക്തമാക്കി. നാല്പത്തിരണ്ടു കാരനായ ഗ്രഹാം മീർ എന്ന വ്യക്തിയാണ് മോഷ്ടാവ് എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കാറിനുള്ളിൽ കയറി പണവും, ഹെഡ് ഫോണുകളും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയ ശേഷം രക്ഷപെടാതെ കാറിനുള്ളിൽ തന്നെയിരുന്നു മോഷ്ടാവ് ഉറങ്ങുകയായിരുന്നു എന്നാണ് പോലീസ് നടത്തിയ വിശദീകരണം.

തങ്ങൾക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. പരിസരവാസികൾ ഇത്തരത്തിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കാർ മോഷ്ടാവിനെ സംബന്ധിച്ച് വാട്സാപ്പിൽ വിവരങ്ങൾ രാത്രിയിൽ കൈമാറിയിരുന്നുവെങ്കിലും, കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ഉറക്കം ആയിരുന്നതിനാൽ ഇത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. പോലീസ് എത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു.