ന്യൂസ് ഡെസ്ക് മലയാളം യുകെ

ദോഹ : 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. സ്വപ്നതുല്യമായ ഒരു ഗ്രൂപ്പ് ആണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, ഇറാൻ എന്നീ ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പം. സ്‌കോട്ട്‌ലൻഡോ വെയിൽസോ യുക്രൈനോ ഈ ഗ്രൂപ്പിൽ ഉൾപ്പെടും. ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13–14 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ദിവസം തന്നെ ഇംഗ്ലണ്ട് ഇറാനുമായി ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ആദ്യ ദിനം തന്നെ കളത്തിലിറങ്ങുന്നത് ആവേശകരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ട്വീറ്റ് ചെയ്തു. കൃത്യമായ മത്സര ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഡിസംബർ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.

സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ‘ഇ’ ആണ്‌ മരണഗ്രൂപ്പ്. അര്‍ജന്റീനയും പോളണ്ടും മെക്‌സിക്കോയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് സിയിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. ഫിഫ റാങ്കിങ്ങില്‍ ഒന്നാമന്മാരും അഞ്ചു തവണ ലോകകപ്പ് നേടിയവരുമായ ബ്രസീലിന് ഇക്കുറി ഗ്രൂപ്പ് ഘട്ടം എളുപ്പമാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടം ഏറെക്കുറേ എളുപ്പമാകും.

ഗ്രൂപ്പുകള്‍ :-

ഗ്രൂപ്പ് എ :- ഖത്തര്‍, ഹോളണ്ട്, സെനഗല്‍, ഇക്വഡോര്‍

ഗ്രൂപ്പ് ബി :- ഇംഗ്ലണ്ട്, യു.എസ്.എ, ഇറാന്‍, വെയ്ല്‍സ്/സ്‌കോട്ട്‌ലന്‍ഡ്/യുക്രെയ്ന്‍

ഗ്രൂപ്പ് സി :- അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ

ഗ്രൂപ്പ് ഡി :- ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, യു.എ.ഇ/ഓസ്‌ട്രേലിയ/പെറു

ഗ്രൂപ്പ് ഇ :- സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍, കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ്

ഗ്രൂപ്പ് എഫ് :- ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ

ഗ്രൂപ്പ് ജി :- ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍

ഗ്രൂപ്പ് എച്ച് :- പോര്‍ച്ചുഗല്‍, യുറുഗ്വേ, ദക്ഷിണ കൊറിയ, ഘാന