ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒരു നാടിൻറെ മുഴുവൻ കണ്ണീർ ഏറ്റുവാങ്ങി ഉരുൾപൊട്ടലിൽ ജീവൻ കവർന്നെടുത്ത മാർട്ടിനും കുടുംബത്തിനും രണ്ട് കല്ലറകളിൽ അന്ത്യവിശ്രമം . സമാനതകളില്ലാത്ത ദുരന്തത്തിൽ മരണമടഞ്ഞ ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ (65), മാര്‍ട്ടിന്‍ (48), സിനി മാര്‍ട്ടിന്‍ (45), സ്‌നേഹ മാര്‍ട്ടിന്‍ (14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍ (10) എന്നിവരുടെ സംസ്കാരചടങ്ങുകൾ കാവാലി സെൻ മേരീസ് പള്ളിയിൽ വച്ച് നടന്നു. അന്ത്യയാത്രയ്ക്കായി ഉണ്ടുറങ്ങിയിരുന്ന വീടിൻറെ തരി പോലും ബാക്കി ഇല്ലാത്തതിനാൽ ആറുപേരുടെയും മൃതദേഹങ്ങൾ നേരെ പള്ളിയിലേക്കാണ് എത്തിച്ചത് . പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറ നേതൃത്വത്തിലാണ് സംസ്കാരശുശ്രൂഷകൾ നടന്നത് .
ആറുപേരെയും യാത്ര അയയ്ക്കാൻ ഒരു നാടുമുഴുവൻ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി. ഊണിലും ഉറക്കത്തിലും ഒന്നിച്ച് കളിച്ചു ചിരിച്ചു നടന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം ഏതൊരാളുടെയും കരളലിയിക്കുന്നതായിരുന്നു. കലിതുള്ളി പെയ്ത പേമാരിയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഭൂലോകത്ത് നിന്നും തുടച്ചു നീക്കിയെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ആ കുടുംബം ചുടുകണ്ണീരുള്ള ഓർമ്മകളായി ഇനി ജീവിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊല്ലപ്പെട്ട കൺസർവേറ്റീവ് എംപി ഡേവിഡ് അമേസിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും മത്സരിക്കില്ല. സൗത്ത്എൻഡ് വെസ്റ്റ് സീറ്റിലേക്ക് ഒരു യുദ്ധം ഒഴിവാക്കിക്കൊണ്ട് ഡേവിഡിന് ബഹുമാനം നൽകണമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. 1950ൽ മണ്ഡലം രൂപീകൃതമായതു മുതൽ കൺസർവേറ്റീവുകളാണ് ഭരണം നടത്തുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഡേവിഡ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2016 ൽ ജോ കോക്സിന്റെ കൊലപാതകത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച അതേ നയമാണ് ഇത്തവണയും പിന്തുടരുന്നത്. ലേബർ പാർട്ടി ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു.
വോട്ടെടുപ്പ് തീയതി നിശ്ചയിച്ചാലും പാർട്ടി സീറ്റിനായി പോരാടില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് വക്താവ് സ്ഥിരീകരിച്ചു. ബോറിസ് ജോൺസണും ലേബർ നേതാവ് കെയർ സ്റ്റാർമറും ശനിയാഴ്ച ലീ-ഓൺ-സീയിൽ ഡേവിഡ് കുത്തേറ്റു മരിച്ച സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തിയിരുന്നു. “ഇത് കൺസർവേറ്റീവ് സീറ്റ് ആണ്. ഇപ്പോൾ അതവർക്ക് നഷ്ടപെട്ടിരിക്കുന്നു. അവർക്ക് അത് തിരികെ ലഭിക്കണം.” മുൻ എംപി ലോർഡ് പെൻഡ്രി അഭിപ്രായപ്പെട്ടു. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ 14,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡേവിഡ് അമേസ് തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനങ്ങളുടെ കൂടെ നിന്ന് അവരിലൊരാളായി അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു കൊല്ലപ്പെട്ട സൗത്ത്ഹെൻഡ് എംപി ഡേവിഡ് അമേസ്.1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. പരാതികൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ജനങ്ങളിൽ നിന്ന് ഉൾക്കൊള്ളുന്നതിനുമായിട്ടായിരുന്നു ജനങ്ങളുമായിട്ടുള്ള കൂടിക്കാഴ്‌ച അദ്ദേഹം ഉപയോഗിച്ചിരുന്നത് . തൻെറ മണ്ഡലവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന ഡേവിഡിന് മിസ്റ്റർ സൗത്ത്ഹെൻഡ് എന്നാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വിശേഷിപ്പിച്ചത്.
ഭീകരാക്രമണത്തിൽ എം പി കൊല്ലപ്പെട്ടത് വൻ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എംപിമാരുടെ സുരക്ഷാക്രമീകരണങ്ങൾ ഉടൻ അവലോകനം ചെയ്യാൻ അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പോലീസിനോട് ആവശ്യപ്പെട്ടു . സൗമ്യനും സഹജീവികളോട് കരുണ ഉള്ളവനും ആയ ഒരു നല്ല വ്യക്തിയായിരുന്നു സർ ഡേവിഡ് അമേസ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ഒക്ടോബർ പതിനഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത് . നിരവധി തവണ കുത്തേറ്റ ഡേവിഡിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും ഗർഭ ചിദ്രത്തിനുമെതിരെ പടപൊരുതിയിരുന്ന സർ ഡേവിഡിന്റെ കൊലപാതകം ഞെട്ടലോടെയാണ് ബ്രിട്ടൻ ശ്രവിച്ചത്.
ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകളുടെ എണ്ണംപ്രതിവാരം 30% വർദ്ധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത് . ജൂലൈ മാസത്തിനുശേഷം ആദ്യമായിട്ടാണ് ഇത്രയും കൂടിയ രോഗവ്യാപന നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം കുറയ്ക്കാനായി ബൂസ്റ്റർ ഡോസ് നൽകുന്നതിലേയ്ക്ക് രാജ്യം തുടക്കം കുറിച്ചിരുന്നു. ഒരു മാസം കൊണ്ട് 80 വയസ്സിനുമുകളിലുള്ള പകുതി പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിൻെറ മൂന്നാം ഡോസ് ലാഭിച്ചിട്ടുള്ളൂ എന്നാണ് എൻഎച്ച്എസിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ച 2.2 ദശലക്ഷം ആളുകളിൽ 1.2 ദശലക്ഷത്തിൽ താഴെ ജനങ്ങൾക്കു മാത്രമാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച 85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എട്ടു ശതമാനമായും 65 മുതൽ 84 വയസ്സിനിടയിലുള്ളവരുടെ എണ്ണം 19 ശതമാനമായും വർദ്ധിച്ചു. ഇന്നലെ യുകെയിൽ കൊറോണ വൈറസ് കേസുകളുടെ പ്രതിവാര വർദ്ധനവ് 30% ആയി ഉയർന്നിട്ടുണ്ട്, ഇത് ജൂലൈ മാസത്തിന് ശേഷം റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ മരണങ്ങളുടെ എണ്ണം 148-ൽ നിന്ന് 57- ായി കുറഞ്ഞു. സ്കോട്ട്ലൻഡിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.
റിയൽ വേൾഡ് ഓഗസ്റ്റിൽ നടത്തിയ പഠനമനുസരിച്ച് ഫൈസർ വാക്സിനുകൾ നൽകുന്ന സംരക്ഷണം അഞ്ചു മാസമാകുമ്പോൾ 88% ത്തിൽനിന്നു 74% ആയി കുറയുന്നതായി കണ്ടെത്തി. കോവിഡിനെതിരായി ബ്രിട്ടൺ സ്വീകരിച്ചിരുന്ന ആസ്ട്രാസെനെക്ക വാക്സിനുകൾ നൽകുന്ന സംരക്ഷണം നാലു മാസത്തിനുള്ളിൽ 77 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞതായി ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ടോറി എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് സുരക്ഷാ വൃത്തങ്ങൾ. 25കാരനായ കൊലയാളി ഒരാഴ്ച മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സൊമാലിയൻ വംശജനായ ബ്രിട്ടീഷ് മുസ്ലിം യുവാവ് നേരത്തെ തന്നെ എം പിയെ കാണാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിരുന്നു. എസ്സെക്‌സിലെ ലേ-ഓണ്‍-സീയിലുള്ള പള്ളിയിൽ പൊതുജന സമ്പർക്ക പരിപാടിയിൽ ഡേവിഡ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കത്തിയുമായി എത്തിയ യുവാവ് ഡേവിഡിന്റെ ശരീരത്തിൽ 17 തവണ കുത്തുകയുണ്ടായി. മാരകമായി മുറിവേറ്റ എംപിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ അലി ഹാർബി അലി ആണ് കൊലയാളിയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ, ഡേവിഡിന്റെ മണ്ഡലമായ സൗത്ത്എൻഡ് വെസ്റ്റിലായിരുന്നു അലി താമസിച്ചിരുന്നത്. തുടർന്ന് ലണ്ടൻ നഗരത്തിലേക്ക് മാറി. അലി താമസിച്ച മൂന്നു സ്ഥലങ്ങളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അലിയെ വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഈ കേസിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. കോവിഡിൽ നിന്ന് കരകയറിവരുന്ന ഈ സമയത്ത് സർക്കാർ ഭീകരാക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഡേവിഡ് ഒരു പത്രത്തോട് പറഞ്ഞിരുന്നു. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് കൊലയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് . 1998 മുതൽ അദ്ദേഹം കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രായേലിന്റെ ഓണററി സെക്രട്ടറിയായിരുന്നു. ഡേവിഡിന്റെ മരണത്തിന് തൊട്ടു പിന്നാലെയാണ് ചൗധരി വിവാദ പരാമർശം നടത്തിയത്.
ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ ഇന്നലെ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാർ മോഷണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന യുകെയിലെ പട്ടണങ്ങളും വ്യാപകമായി മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ മോഡലുകളും വിശദമാക്കി ഡിവിഎൽഎ. കാർ മോഷണം ഏറ്റവും കൂടുതൽ നടക്കുന്ന പത്തു പോസ്റ്റ് കോഡുകൾ ഡിവിഎൽഎയുടെ പഠനത്തിൽ ഉൾപ്പെടുന്നു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് നഗരത്തിന്റെ ഒരു ഭാഗം മാത്രം ഉൾക്കൊള്ളുന്ന എൽഇ2 പോസ്റ്റ്‌കോഡിൽ കഴിഞ്ഞ വർഷം 342 മോഷണങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ലോയിലുള്ള എസ്‌എൽ 1 പോസ്റ്റ്‌കോഡ് ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവുമധികം മോഷ്ടിക്കപ്പെടുന്ന കാർ ഫോർഡ് ഫിയസ്റ്റയാണ്. ഫോക്സ് വാഗൺ ഗോൾഫ്, ഫോർഡ് ഫോക്കസ്, വോക്സ്ഹാൾ കോർസ എന്നീ മോഡലുകളും മോഷ്ടിക്കപ്പെടുന്നു.
ലണ്ടനിലാണ് ഏറ്റവുമധികം വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 75,000 ത്തോളം വാഹന മോഷണങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് നടന്നത്. ഓരോ ഏഴു മിനിറ്റിലും ഒരു വാഹനം വീതം മോഷ്ടിക്കപ്പെട്ടുവെന്ന് അർത്ഥം. ഡാർലിംഗ്ടൺ, മിൽട്ടൺ കെയ്ൻസ്, സ്റ്റോക്ക്പോർട്ട് എന്നിവയാണ് ആദ്യ പത്തിൽ ഉള്ള മറ്റ് പ്രധാന പോസ്റ്റ് കോഡുകൾ. സമ്പന്നർക്ക് വേണ്ടി മേഴ്‌സിഡസും ഓഡികളും ഉൾപ്പെടെയുള്ള വിലയേറിയ കാറുകൾ മോഷ്ടിക്കുന്ന സംഘങ്ങളും നിലവിലുണ്ട്. റിമോട്ട് കൺട്രോൾ ജാമിംഗ് ടെക്നോളജി ഉപയോഗിച്ചാണ് മോഷണം എളുപ്പത്തിലാക്കുന്നത്.
ഇത്തരം മോഷണങ്ങൾ തടയാൻ സിസിടിവി ക്യാമറകൾ ഉള്ള സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് പോലീസും മോട്ടോർ അസോസിയേഷനുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം യുകെ പോസ്റ്റ്‌കോഡ് ഏരിയയുടെ അടിസ്ഥാനത്തിൽ ഡിവിഎൽഎ റെക്കോർഡിൽ നൽകിയിരുന്നു.
പോസ്റ്റ് കോഡ്, സ്ഥലം, മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.
1. Le 2 (ലെസാസ്റ്റർ) 342
2. SL1 (സ്ലോ) 285
3. sn5 (സ്വിൻഡൺ) 268
4. ഗു 1 (ആൽഡ്ഷോട്ട്) 263
5. B25 (ബർമിംഗ്ഹാം) 256
6. mk14 (മിൽട്ടൺ കീൻസ്) 252
7. SK3 (സ്റ്റോക്ക്പോർട്ട്) 233
8. ഡിഎൽ 1 (ഡാർലിംഗ്ടൺ) 225
9. SL3 (സ്ലോ) 192
10. എൽ 39 (ഓർംസ്കിർക്ക്) 177
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ആരോഗ്യ സംവിധാനത്തിൽ ജനറൽ പ്രാക്ടീസേഴ്സിനും അവരുടെ ജോലിസ്ഥലമായ സർജറികൾക്കും ഉള്ള പ്രാധാന്യം വളരെ വലുതാണ്. ഭൂരിഭാഗം രോഗികളും അവരുടെ ആരോഗ്യപ്രശ്നങ്ങളുമായി ആദ്യം സമീപിക്കുന്നതും അവരിൽ ഹോസ്പിറ്റൽ ചികിത്സ ആവശ്യമായവരെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് അയക്കുന്നതും സർജറികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരാണ്. എന്നാൽ കോവിഡ് 19-ൻെറ ആരംഭത്തോടെ പൊതുജനങ്ങൾ കഴിവതും സർജറികളിൽ വരുന്നത് ഒഴിവാക്കുന്നതും, ഫോൺകോളുകൾ വഴിയുള്ള ചികിത്സ നിർണയത്തിനും ആയിരുന്നു മുൻതൂക്കം നൽകിയിരുന്നത്.
കോവിഡിനു മുൻപ് പോലും ജിപിയുടെ അപോയിന്റിനായി ബുദ്ധിമുട്ടിയിരുന്ന പൊതുജനത്തെ പുതിയ സമീപനം കുറച്ചൊന്നുമല്ല വലച്ചത്. എന്നാൽ ടെലിഫോൺ വഴിയുള്ള ചികിത്സാ നിർണയം ഇനിയും നടപ്പില്ലെന്നാണ് ഗവൺമെൻറ് നിലപാട്. കൂടുതൽ രോഗികൾക്ക് മുഖാമുഖം ഉള്ള അപോയിമെന്റുകൾ നൽകാൻ ആരോഗ്യ വകുപ്പ് സർജറികളോട് ശക്തമായി ആവശ്യപ്പെടും. ജിപികൾ കൂടുതൽ രോഗികൾക്ക് മുഖാമുഖം ഉള്ള അപോയിമെന്റുകൾ നൽകിയില്ലെങ്കിൽ ശൈത്യകാലത്ത് എമർജൻസി ഡിപ്പാർട്ട്മെന്റുകൾക്ക് രോഗികളുടെ തള്ളിക്കയറ്റം മൂലമുള്ള സമ്മർദ്ദം താങ്ങാൻ ആവില്ലെന്നും യുകെയിലെ ആരോഗ്യ സംവിധാനം തന്നെ തകരാറിലാകും എന്നുള്ള മുന്നറിയിപ്പ് പരിഗണിച്ചാണ് ഗവൺമെൻറ് തീരുമാനം. രോഗികളെ മുഖാമുഖം കാണുന്നതിനായി 250 മില്യൻ പൗണ്ടോളം കൂടുതലായി സർജറികൾക്ക് അനുവദിച്ചു.
ഡോ. ഐഷ വി
ആറ്റുകാൽ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈ പിടിയ്ക്കുമ്പോൾ അതൊന്നു കൂടി മുറുകെ പിടിയ്ക്കാൻ അയാൾക്ക് തോന്നി. കാരണം അതൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അമ്പിളി ഇനിയെന്നും ശരിയുടെ സ്വന്തമെന്ന വിശ്വാസം. ആദ്യം നിശ്ചയിച്ച വിവാഹ ദിനത്തിൽ വിവാഹം നടക്കാതിരുന്നതിനാൽ രണ്ടാമത് നിശ്ചയിച്ച സുദിനത്തിലാണ് ആ വിവാഹം നടക്കുന്നത്. ആദ്യം നിശ്ചയിച്ച വിവാഹദിനത്തിന്റെ തലേന്ന് അയാളുടെ സമനില തെറ്റിയിരുന്നു. ഒരു വൃക്കയില്ലെന്ന വസ്തുത തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. അമ്പിളിയെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇക്കാരും പറയാൻ സാധിച്ചില്ല. വീടും നാടും വിട്ടുപോയി കാലമേറെ കഴിഞ്ഞപ്പോൾ തിരികെയെത്തിയ മൂത്ത മകനെ സഹാദരന്റെ മകളായ അമ്പിളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് അയാളുടെ അമ്മയും അമ്മയുടെ സഹോദരനും അച്ഛനും ചേർന്നാണ്.
ഒരു വൃക്കയില്ലെന്ന വിവരം അവരോടൊക്കെ പറയാൻ അയാളാഗ്രഹിച്ചു. എന്നാൽ അയാൾക്കതിന് കഴിഞ്ഞില്ല. കുട്ടിക്കാലത്ത് കണ്ടു മറന്ന മുറപ്പെണ്ണ് അമ്പിളി ഇന്ന് എം എ ക്കാരിയായ യുവതിയായിരിക്കുന്നു. നാടുവിട്ടു പോയി ഉത്തരേന്ത്യയിൽ പണിയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി പഴയ വീട് പൊളിച്ച് ഒരു ടെറസ് വീടു നിർമ്മിച്ചു. അതും സമീപ പ്രദേശങ്ങളിലെല്ലാം ഓടിട്ടതോ ഓലമേഞ്ഞതോ ആയ വീടുകളുള്ളപ്പോൾ. സഹോദരീ പുത്രന്റെ അനുഭവസമ്പത്തിലും മിടുക്കിലും അമ്പിളിയുടെ അച്ഛന് ഉത്തമ വിശ്വാസമായിരുന്നു. വരന്റെ ഗ്യഹത്തിൽ വിവാഹത്തലേന്ന് ഒത്തുചേർന്നവർ വരന്റെ കഴിവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ട് കേട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട അയാൾക്ക് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് ചിന്തിക്കുമ്പോൾ ഹാലിളകി. നിയന്ത്രണം വിട്ട അയാൾക്ക് പിന്നീട് കാട്ടി കൂട്ടിയതൊന്നും ഓർമ്മയില്ലായിരുന്നു. ഫോണിന്റെ ഉപയോഗം സർവ്വസാധാരണമല്ലാതിരുന്നതിനാൽ വരന്റെ വീട്ടിൽ നിന്നും നല്ല ദൂരത്തുള്ള വധൂഗൃഹത്തിലാരും ഇതൊന്നു മറിഞ്ഞതുമില്ല.
പിറ്റേന്നത്തേയ്ക്കുള്ള സകല ഒരുക്കങ്ങളും അവർ നടത്തി. പിറ്റേന്ന് വരനും കൂട്ടരും എത്തേണ്ട സമയമായിട്ടും ആരും എത്തിയില്ല. കുറെ വൈകിയപ്പോൾ വരന്റെ സഹോദരിയും ഏതാനും അടുത്ത ബന്ധുക്കളുമെത്തി. അവർ കാര്യം പറഞ്ഞു വരൻ മനോനില തെറ്റി ആശുപത്രിയിലാണ്. വരൻ നാടുവിട്ടു പോയി ഡൽഹിയിലായിരുന്ന സമയത്ത് ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയതാണ്. ഒരു ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടെന്ന് ധരിപ്പിച്ച് അവർ വൃക്ക അടിച്ചു മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വയറുവേദനയുമായി മറ്റൊരു ആശുപത്രിയിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ഒരു വൃക്കയില്ലെന്ന വിവരം അയാളറിയിരുന്നത്. പിന്നെ നാട്ടിലെത്തി. വിവാഹം നിശ്ചയിച്ചു.
വരൻ ആശുപത്രിയിലായി. വരന്റെ അസാന്നിദ്ധ്യത്തിൽ വധുവിന് പുടവ കൊടുത്ത് കൊണ്ടുപോകാനാണ് വരന്റെ പെങ്ങൾ എത്തിയിരിയ്ക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവിടെ കൂടിയിരിയ്ക്കുന്നവരിൽ ചിലർ എതിർത്തു. ചിലർ അനുകൂലിച്ചു. എതിർത്തവർ സദ്യ കഴിക്കാതെ സ്ഥലം വിട്ടു. അമ്പിളി പുടവ സ്വീകരിക്കാൻ തയ്യാറായി. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ അംഗമായ തനിക്ക് സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ വന്ന വിവാഹാലോചനയാണിത്. താനും തനിക്കിളയ സഹോദരിമാരും വീട്ടിൽ നിന്നാൽ അച്ഛനമ്മമാരുടെ സാമ്പത്തിക ബാധ്യത കൂടുമെന്നും അവൾ ചിന്തിച്ചു. മറ്റൊന്നുമില്ലെങ്കിലും സ്വന്തം അപ്പച്ചിയുടെ വീട്ടിലേയ്ക്കാണ് പോകുന്നതെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പിന്നെ വിവാഹ ശേഷമാണ് ഇതുപോലൊക്കെ സംഭവിക്കുന്നതെങ്കിൽ അതൊകെ താൻ സഹിക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു. വരന്റെ പെങ്ങളുടെ പക്കൽ നിന്നും പുടവ സ്വീകരിക്കാമെന്ന് അവൾ അച്ഛനോട് സമ്മതിച്ചു. അങ്ങനെ പിരിഞ്ഞു പോകാതെ അവിടെ നിന്നവരുടെ സാന്നിദ്ധ്യത്തിൽ അമ്പിളി പുടവ സ്വീകരിച്ചു. വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി. മനോനില തെറ്റിയ മുറച്ചെറുക്കനെ ആശുപത്രിയിലും വീട്ടിലും അവൾ പരിചരിച്ചു . ഇനി പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആറ്റുകാലമ്പലത്തിൽ വച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കി അവർ വരണമാല്യമണിഞ്ഞപ്പോൾ പേരു പോലെ തന്നെ അവർ ഒന്നാവുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്സ്ഫോർഡ്ഷെയർ : ഓക്സ്ഫോർഡ്ഷെയറിലെ തന്റെ വീട്ടിൽ സുരക്ഷാ ക്യാമറകളും റിംഗ് ഡോർബെല്ലും സ്ഥാപിച്ച ജോൺ വുഡാർഡ് ഒരിക്കലും ചിന്തിച്ചുകാണില്ല, തനിക്കിത്തരമൊരു പണി കിട്ടുമെന്ന്! ക്യാമറയും, മൈക്രോഫോണുമുള്ള ഡോർബെൽ അയൽവാസിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു എന്നതായിരുന്നു പ്രശ്‌നം. വുഡാർഡിന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തന്റെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന കാരണത്താൽ അയൽവാസിയായ ഡോ. മേരി ഫെയർഹർസ്റ്റ് സമർപ്പിച്ച പരാതിയിൽ കോടതി വിധി പറഞ്ഞു. മേരിയുടെ വാദങ്ങൾ ശരിവച്ച കോടതി വുഡാർഡിന് വൻ തുകയാണ് പിഴയിട്ടത്. എന്നാൽ മോഷ്ടാക്കൾക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് താൻ ഉപകരണങ്ങൾ സ്ഥാപിച്ചതെന്ന് വുഡാർഡ് വ്യക്തമാക്കി. വുഡാർഡ് 2018 -ലെ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ടും, ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനും ലംഘിച്ചുവെന്ന് വിചാരണ വേളയിൽ ജഡ്ജി മെലിസ ക്ലാർക്ക് കണ്ടെത്തി.
രണ്ട് വർഷം മുമ്പ് മോഷ്ടാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കാർ മോഷ്ടിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആമസോണിൽ നിന്ന് റിംഗ്ബെല്ലുകൾ വാങ്ങി വാതിലിൽ ഘടിപ്പിച്ചത്. ഇന്റർനെറ്റിൽ കണക്റ്റു ചെയ്‌ത ബെല്ലിലൂടെ വീടിന് പുറത്ത് നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയും. അത് മാത്രമല്ല 40 അടിയിലധികം ദൂരത്ത് നിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. അയൽവാസിയുടെ ക്യാമറ തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നുണ്ടെന്ന് മനസിലാക്കിയ മേരി, വുഡാർഡിനോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അയാൾ മോശമായി പെരുമാറിയെന്ന് കോടതിയിൽ പറഞ്ഞു.
ഓരോ നിമിഷവും താൻ വുഡാർഡിന്റെ നിരീക്ഷണത്തിലായതിനാൽ മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും സ്വഭവനത്തിൽ നിന്ന് മാറാൻ നിർബന്ധിതയായി എന്നും അവർ കോടതിയിൽ പറഞ്ഞു. മേരിയുടെ വീടിന്റെയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ റിംഗ്ബെൽ പകർത്തിയതായി കണ്ടെത്തി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്ന് കോടതി പറഞ്ഞു. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഈ ഡോർബെൽ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശിശു മരണ നിരക്ക് വളരെ ഉയർന്നതാണെന്ന് റിപ്പോർട്ട്. ഗർഭത്തിൽ വച്ചു തന്നെ മരിച്ച ശിശുക്കളുടെ എണ്ണം 2019ൽ യുകെയിൽ 2,399 ആയിരുന്നു. ആ വർഷം തന്നെ 1,158 നവജാതശിശു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ഗർഭത്തിൽ വച്ചു തന്നെ മരണപ്പെടുന്നുണ്ടെന്ന് എംബ്രേസ് റിപ്പോർട്ട് വെളിപ്പെടുത്തി. ജനനസമയത്തുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് അടിയന്തിരമാണെന്ന് ചാരിറ്റികൾ അഭിപ്രായപ്പെട്ടു.
കറുത്ത വംശജരും ബ്രിട്ടീഷ് കറുത്ത വംശജരുമായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 7.23 എന്ന നിലയിലായിരുന്നു. ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 5.05 എന്ന നിലയിലാണ്. വെളുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 3.22 ആയിരുന്നു. അമ്മയുടെ പ്രായം, വംശീയവും സാമൂഹികവുമായ പശ്ചാത്തലം എന്നിവ എങ്ങനെ ശിശു മരണത്തിൽ ഇടപെടുന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.
ഗർഭത്തിൽ വച്ചുള്ള ശിശു മരണവും നവജാത ശിശു മരണ നിരക്കും 25 വയസ്സിനും 35 വയസ്സിനു താഴെയുള്ള അമ്മമാരിൽ കൂടുതലായി കാണപ്പെടുന്നു. യുകെയിലെ ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ ശിശുമരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ധനസഹായം നൽകണമെന്ന് ബേബി ലോസ് ചാരിറ്റി സാൻഡ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു. കറുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.