അഞ്ചുവയസ്സുകാരി അമലയുടെ മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. ഇന്ന് രാവിലെയാണ് ലിവർപൂൾ മലയാളി പിറവം പരിയാരത്ത് ആശിഷ് പീറ്ററിൻെറ ഏകമകൾ അമല ലുക്കീമിയ ബാധിച്ച് മരണമടഞ്ഞത്. അമലയുടെ അമ്മ എയ്ഞ്ചൽ അങ്കമാലി സ്വദേശിയാണ് . മൃതസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .
അമലയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 26 വർഷം മുൻപ് ഒറ്റപ്രസവത്തിൽ എട്ടു കുട്ടികൾക്ക് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയ മാൻഡി ഓൾവുഡ് ക്യാൻസർ ബാധിതായി മരണമടഞ്ഞു. ഗർഭാവസ്ഥയുടെ ഇരുപത്തിനാലാം ആഴ്ചയിൽ മൂന്നു പകലും മൂന്നു രാത്രിയിലുമായി ആറ് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കും ആണ് മാൻഡി ജന്മം നൽകിയത്. എന്നാൽ എട്ട് കുട്ടികളിൽ ഒരാൾക്ക് പോലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. മാൻഡിയുടെ വേദനയിൽ ഡയാന രാജകുമാരി പോലും അന്ന് തന്റെ ദുഃഖം വ്യക്തിപരമായി അറിയിച്ചിരുന്നു. പിന്നീട് മാൻഡിക്ക് മൂന്ന് കുട്ടികൾ ഉണ്ടായെങ്കിലും, എട്ടു കുട്ടികളുടെ നഷ്ടം എപ്പോഴും അവരെ അലട്ടിയിരുന്നു. പിന്നീട് പലതരത്തിൽ മാൻഡിയെ ഈ ദുഃഖം അലട്ടിയിരുന്നതായും, പലതവണ ഫാന്റം പ്രഗ്നൻസി എന്ന് അവസ്ഥയിലൂടെ അവർക്ക് കടന്നു പോകേണ്ടതായി വന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

മാൻഡി പിന്നീട് തന്റെ ഭർത്താവ് പോൾ ഹഡ് സനുമായി വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് 2007 നവംബറിൽ കുഞ്ഞുങ്ങളോടൊപ്പം കാറിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മാൻഡിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് മാൻഡിക്ക് തന്റെ കുഞ്ഞുങ്ങളുടെ കസ്റ്റഡി അവകാശം നഷ്ടപ്പെട്ടിരുന്നു. ക്യാൻസർ ബാധിതയായി മരണപ്പെട്ട മാൻഡിയുടെ ശവസംസ്കാരം ലോക്കൽ കൗൺസിൽ ആണ് നടത്തുന്നത്. കുടുംബാംഗങ്ങളുമായി അടുത്തബന്ധം പുലർത്താത്തതിനാൽ ബന്ധുക്കൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നാല് മുതിർന്ന സഹായികൾ വ്യാഴാഴ്ച രാജി വെച്ചിരിക്കുകയാണ്. പോളിസി ഹെഡ് മുനിറ മിർസ, ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡ്, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റേയ്നോൾഡ്സ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാക്ക് ഡോയിൽ എന്നിവരാണ് രാജിവച്ചത്. ലോക്ക് ഡൗൺ കാലത്ത്, രാജ്യത്തെങ്ങും നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടത്തിയത് സംബന്ധിച്ചുള്ള വിവാദത്തിലാണ് ഇവരുടെ രാജി. എന്നാൽ തന്റെ രാജിയുടെ കാരണം ലേബർ പാർട്ടി നേതാവ് ആയിരിക്കുന്ന കെയർ സ്റ്റാർമറെ സംബന്ധിച്ചുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിവാദപരമായ പ്രസ്താവന ആണെന്ന് പോളിസി ഹെഡ് മുനിറ മിർസ വ്യക്തമാക്കി. സ്റ്റാർമർ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ ആയിരുന്ന സമയത്ത്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റത്തിന് അറസ്റ്റിലായ ജിമ്മി സാവിലിന് തക്കതായ ശിക്ഷ നൽകുന്നതിൽ പരാജയപ്പെട്ടന്നാണ് തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വിവാദപരമായ പ്രസ്താവന. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റാണെന്നും, അത്തരത്തിലൊരു പ്രസ്താവനയ്ക്ക് ആവശ്യമായ യാതൊരു അടിസ്ഥാനപരമായ തെളിവുകളില്ലെന്നും മുനീറ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ തന്റെ പ്രസ്താവനയ്ക്ക് ബോറിസ് ജോൺസൻ മാപ്പ് പറഞ്ഞതുമില്ലെന്ന് മുനീറ പറഞ്ഞു. ചാൻസിലർ റിഷി സുനകും പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെയാണ് പാർട്ടി വിവാദത്തിൽ മറ്റ് മൂന്ന് പേരും കൂടി രാജിവെക്കുന്നത്. നാലുപേരുടെയും രാജി ബോറിസ് ജോൺസന്റെ ഗവൺമെന്റിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. പ്രധാനമന്ത്രി മാപ്പ് പറയണമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ തീരുമാനമാണ് എന്നതായിരുന്നു ചാൻസിലറുടെ മറുപടി. എന്നാൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന തികച്ചും ന്യായമാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ചാനൽ 4 ന്യൂസിനോട് വ്യക്തമാക്കി. മുനിറ മിർസയുടെ രാജിയും, ചാൻസലറുടെ പ്രസ്താവനയുമെല്ലാം ബോറിസ് ജോൺസനെതിരെയുള്ള ശക്തമായ നീക്കമാണോ എന്നതു സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്. ബോറിസ് ജോൺസന്റെ നേതൃത്വത്തെ സംബന്ധിച്ച ആശങ്കകളും വിവിധ ചർച്ചകളിൽ ഉയരുന്നുണ്ട്. എന്നാൽ പാർട്ടി വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി തന്നെയാണ് തന്റെ സ്റ്റാഫുകളുടെ രാജിക്ക് പിന്നിലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ടോറി എംപിമാർ വ്യക്തമാക്കി. ഒരു തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടും നിലവിൽ ഉണ്ടായിരിക്കുന്ന വിവാദത്തെ ഒഴിവാക്കാനാവില്ലെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെയർ ഹോം ജീവനക്കാരൻ അന്തേവാസികളിൽ നിന്ന് പണം തട്ടിയെടുത്തു. മുഹമ്മദ് ഹസൻ-ഒമർ എന്ന ജീവനക്കാരനാണ് നാല് പേരിൽനിന്നായി 1000 പൗണ്ടിലധികം മോഷ്ടിച്ചത്. ഈ പണം ഉപയോഗിച്ച് പ്രതി സ്‌പോർട്‌സ് ഡയറക്‌റ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

കെയർ ഹോം അന്തേവാസികളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. 2020 സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ് അരങ്ങേറിയത്. ഫെബ്രുവരി രണ്ടാം തീയതി ബുധനാഴ്ച ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലു വഞ്ചനാ കേസുകളിലും ഹസൻ ഒമർ കുറ്റം സമ്മതിച്ചു. കെയർ ഹോമിൽ താമസിക്കുന്ന ഒരാൾ പതിവിലും കൂടുതൽ പണം ചിലവഴിക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ 0.5 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്ക് ഉയർത്തുന്നത്. 2004 നു ശേഷം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പലിശനിരക്കുകൾ വർധിപ്പിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിൽ അഞ്ചു പേർ 25 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവിന് അനുകൂലിച്ചപ്പോൾ, മറ്റു നാലു പേർ 50 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടു. ഡിസംബറിനാണ് ബാങ്ക് 0.1 ശതമാനത്തിൽനിന്നും തങ്ങളുടെ പലിശനിരക്കുകൾ 0.25 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇതിനുശേഷമാണ് ബ്രിട്ടനിൽ കുറേ വർഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും രേഖപ്പെടുത്തിയത്. അവശ്യസാധനങ്ങളുടെ വില വർധനവും, ഇലക്ട്രിക്സിറ്റി ബില്ലുകളുടെയും മറ്റും വർധനവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വില വർദ്ധനവിനെ പിടിച്ചു നിർത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഇലക്ട്രിസിറ്റി ബില്ലുകൾക്ക് മേൽ 200 പൗണ്ടിന്റെ കുറവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ സംബന്ധിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് യുകെ പത്രമായ ഡെയ്‌ലി മെയിൽ. വാവ സുരേഷിനെ സംബന്ധിക്കുന്ന വിശദമായ വാർത്തയാണ് പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധനായ ഇന്ത്യൻ പാമ്പ് പിടിത്തക്കാരൻ എന്നാണ് വാവ സുരേഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ഐ സി യുവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവാ സുരേഷിൻെറ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20% മാത്രമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയം കുറിച്ചിയിലുള്ള ഭവനത്തിൽ മൂർഖൻ പാമ്പിനെ പിടിക്കാനായി വാവാ സുരേഷ് എത്തിയപ്പോഴാണ് കടിയേറ്റത്. ഇതെല്ലാം തന്നെ വിശദമായി മെയിൽ പത്രം തങ്ങളുടെ ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടികൂടിയ മൂർഖനെ പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് കടിയേറ്റത്. മുൻപും ഇത്തരത്തിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാര്യവും മെയിൽ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് സെല്ലിൽ മൂന്ന് മണിക്കൂറോളം നഗ്നയായി നിർത്തിയ പോലീസ് നടപടിയിൽ യുവതിക്കു 45000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 2018 ഓഗസ്റ്റിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസാണ് യോവ്നി ഫാരൽ എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനെത്തിയ കാറിൽ നിന്നും മാറാതെ ഇരുന്നതാണ് ഫാരലിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുമൂലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തി തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഇവരെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. സി സി ടി വി യുടെ മുൻപിൽ വച്ച് തന്നെ തന്നോട് നഗ്നയാവാൻ പോലീസ് ആവശ്യപ്പെട്ടതായി ഫാരൽ പറഞ്ഞു. അതിനുശേഷം പോലീസ് അധികൃതർ തനിക്കു ശരീരം മുഴുവൻ മറക്കാത്ത തരത്തിലുള്ള ക്രോപ് ടോപ്പും പാന്റും നൽകിയതായും ഇവർ വ്യക്തമാക്കി. എന്നാൽ ഇതു ധരിക്കുവാൻ ഫാരൽ വിസമ്മതിച്ചു.

റാസ്റ്റഫേറിയൻ വിശ്വാസക്കാരിയായ ഫാരൽ, തനിക്ക് ഇത്തരം വസ്ത്രങ്ങൾ ധരിക്കുവാൻ ഉള്ള അനുവാദം മതം നൽകുന്നില്ലെന്ന് വ്യക്തമാക്കി. തന്നെ അപമാനിക്കുവാനായാണ് ഇത്തരത്തിലുള്ള വസ്ത്രം അധികൃതർ വാങ്ങി നൽകിയതെന്നും ഫാരൽ പറഞ്ഞു. ഫാരലിനനെയും അവരുടെ മതവിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് റാസ്റ്റഫാരി മുവ്മെന്റ് യു കെ കോ ഫൗണ്ടർ സ്റ്റെല്ല ഹെഡ്ലി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണത്തിനു പോലീസ് അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഫാരലിന് 45000 പൗണ്ട് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 2021 ഫെബ്രുവരി 23 -ന് ശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കാണ്. കഴിഞ്ഞ ദിവസത്തെ പ്രതിദിന മരണനിരക്ക് 534 ആയിരുന്നു. അതേസമയം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 88, 085 ആണ് രേഖപ്പെടുത്തിയത്. പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിലെ സാങ്കേതിക പ്രശ്നം കാരണം സ്കോട്ട്‌ലൻഡിലെ പ്രതിദിന മരണനിരക്കും രോഗ വ്യാപനവും ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്കോട്ട്ലൻഡിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തപ്പെടുമ്പോൾ മരണനിരക്കും രോഗവ്യാപനവും വീണ്ടും കൂടിയേക്കാം.

അണുബാധ നിരക്കിൽ കുറവുണ്ടായിട്ടും കൊറോണ വൈറസ് യുവാക്കളെ ബാധിക്കുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമിക്രോൺ വൈറസ് ആരോഗ്യത്തെ മാരകമായി ബാധിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയിരുന്നു.

ഇതിനിടെ അടുത്ത കുടുംബാംഗത്തിന് കോവിഡ് ബാധിച്ചിട്ടും തിങ്ങിനിറഞ്ഞ ഹൗസ് ഓഫ് കോമൺസിലെ മീറ്റിംഗിൽ ചാൻസിലർ ഋഷി സുനക് പങ്കെടുത്തത് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണെന്ന ആരോപണം ഉയർന്നു. സ്യൂ ഗ്രേ റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ ഡൗണിംഗ് സ്ട്രീറ്റ് പാർട്ടികളെക്കുറിച്ച് ബോറിസ് ജോൺസൺ പ്രസ്താവന നടത്തുമ്പോൾ അദ്ദേഹത്തിൻറെ അരികിലായാണ് ചാൻസിലർ ഇരുന്നിരുന്നത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർ അവരുടെ വീടുകളിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആണെങ്കിലും നിയമപരമായി ഒറ്റപെടേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഈ സാഹചര്യത്തിൽ മറ്റുള്ളവരുമായി അകലം പാലിക്കണമെന്നാണ് എൻഎച്ച്എസിൻ്റെ മാർഗ്ഗനിർദ്ദേശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസമായിയിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിസിറ്റി ബില്ലുകളിൽ 200 പൗണ്ട് കുറവുണ്ടാകുമെന്നാണ് ഗവൺമെന്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എനർജി ഫേമുകൾക്ക് 5 മുതൽ 6 ബില്യൺ വരെയുള്ള ലോൺ പാക്കേജുകൾ നൽകാനുള്ള അന്തിമതീരുമാനം ട്രഷറിയുടെ ഭാഗത്തുനിന്നും ഉടനുണ്ടാകും. വർദ്ധിച്ചുവരുന്ന ഹോൾസെയിൽ വിലകൾ മൂലം ബുദ്ധിമുട്ടുകയാണ് എനർജി ഫേമുകൾ. എന്നാൽ ഈ വർദ്ധിച്ച ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാകും.

ഗവൺമെന്റിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുകെയിലെ ഏറ്റവും വലിയ എനർജി ഫേമുകളിൽ ഒന്നായ ഇ ഡി എഫ് അറിയിച്ചു. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച വ്യക്തതകൾ ഇനിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിലകൾ ഒരുവശത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടയിൽ, ഇലക്ട്രിസിറ്റി ബില്ലുകളുടെയും മറ്റും വർദ്ധനവ് ജനങ്ങൾക്ക് മേൽ അമിത ഭാരം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൾട്ടിനാഷണൽ കമ്പനിയായ ആമസോൺ യുകെയിൽ ഉടനീളം 1500 പുതിയ അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങ് മുതൽ ആരോഗ്യരംഗം വരെ 40 ഓളം വിഭാഗങ്ങളിലാണ് അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിരുദ തലത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്ന 200ലധികം അപ്രന്റീസ്‌ഷിപ്പുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

ഏകദേശം 70,000 -ത്തിലധികം ജീവനക്കാരാണ് ആമസോണിൽ യുകെയിൽ മാത്രം ജോലി ചെയ്യുന്നത്. പുതിയ പദ്ധതി തുടക്കക്കാർക്ക് തൊഴിൽ പരിചയം നേടുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 600 -ലധികം അപ്രന്റീസുകളെ നിയമിക്കാനുള്ള പദ്ധതി ബി ടി ഗ്രൂപ്പും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ സ്റ്റുഡന്റ് വിസയിൽ എത്തി പാർട്ട് ടൈം ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.