ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ മുതൽ E 10 പെട്രോൾ നിലവിൽ വന്നെങ്കിലും യുകെയിൽ ഏകദേശം 6 ലക്ഷത്തോളം ഉപഭോക്താക്കൾ E 5 -ൽ തന്നെ തുടരേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. തങ്ങളുടെ വാഹനങ്ങൾ E 10 പെട്രോളുമായി പൊരുത്തപ്പെടാത്തതാണ് കാരണം . 2011 നു ശേഷം നിർമ്മിച്ച എല്ലാ കാറുകളിലും 2000 ത്തിനുശേഷം നിർമ്മിച്ച ഭൂരിഭാഗം കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കും . E 5 പെട്രോൾ തുടർന്നും തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെങ്കിലും ഫുൾ ടാങ്ക് പെട്രോളിന് 8 പൗണ്ടോളം അധികം ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആകസ്മികമായി E 5 പെട്രോളിന് പകരം E 10 പെട്രോൾ ഉപയോഗിച്ചാലും സ്ഥിര ഉപയോഗം എൻജിൻ തകരാറിന് കാരണമാകും.
E 10 ഹരിത ഇന്ധനമായതിനാൽ പ്രകൃതി മലിനീകരണം കുറയുമെന്ന് വിദഗ്‌ധാഭിപ്രായം. E 5 ന്റെ 5 ശതമാനം എഥനോളിനെ അപേക്ഷിച്ച് E 10 പെട്രോളിൽ 10 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനം കാർബൺ ഉദ്‌വമനം പ്രതിവർഷം 750,000 ടൺ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350,000 കാറുകൾ നിരത്തിൽ നിന്ന് നീക്കുന്നതിന് തുല്യമാണിത്. എന്നാൽ പുതിയ ഇന്ധനത്തിലേക്കുള്ള പൂർണ്ണമായ മാറ്റം ഉടനടി സാധ്യമാവുകയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്ലാക്ക്പൂളിനെ അപേക്ഷിച്ച് ബെനിഡോമിലെ അവധിക്കാലം സുരക്ഷിതമാണെന്ന് പുതിയ പഠനം. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരേക്കാൾ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് എൻഎച്ച്എസ് വിശകലനത്തിൽ പറയുന്നത്. സിഗ്‌നോപോസ്റ്റിന്റെ ഗവേഷണ പ്രകാരം ബ്ലാക്ക്‌പൂൾ ഉൾപ്പെടുന്ന വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആളുകൾ 1.56 ശതമാനം നിരക്കിൽ രോഗബാധിതരാവുന്നുണ്ട്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാർക്ക് റിപ്പോർട്ട് ചെയ്ത 0.7 ശതമാനത്തിന്റെ ഇരട്ടിയാണിത്. സ്പെയിൻ നിലവിൽ ആമ്പർ ട്രാവൽ ലിസ്റ്റിലാണ്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സ്പെയിനിലേക്ക് ക്വാറന്റീൻ രഹിത യാത്ര ആസ്വദിക്കാം. ഓഗസ്റ്റ് 11 വരെയുള്ള മൂന്ന് ആഴ്ചകളിൽ ഇംഗ്ലണ്ടിന്റെ മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനമായിരുന്നു. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയ 500,000 യാത്രക്കാരിൽ ഈ നിരക്ക് 1.3 ആയിരുന്നു. ടെസ്റ്റിംഗിൽ യുകെയുടെ കർശനമായ നിയമങ്ങളാണ് ഇതിന് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടി.
ബ്ലാക്ക്പൂൾ അല്ലെങ്കിൽ കോൺവാൾ സന്ദർശിക്കുന്ന ആളുകളോട് ഞങ്ങൾ ചെലവേറിയ പിസിആർ ടെസ്റ്റുകൾ എടുക്കാൻ ആവശ്യപ്പെടുന്നില്ലെന്ന് എയർലൈൻസ് യുകെ ചീഫ് എക്സിക്യൂട്ടീവ് ടിം ആൽഡർസ്‌ലേഡ് പറഞ്ഞു. “നിലവിലെ യാത്രാ നിയന്ത്രണങ്ങൾ യൂറോപ്പിന്റെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ അവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു. യുകെയ്ക്ക് കോടിക്കണക്കിന് വ്യാപാര നഷ്ടം സംഭവിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. “യുകെയേക്കാൾ കുറഞ്ഞ കോവിഡ് അപകടസാധ്യതയാണ് മറ്റു പല രാജ്യങ്ങളിലും. ഈ വസ്തുത അർത്ഥമാക്കുന്നത് നമുക്ക് കൂടുതൽ പ്രായോഗിക സമീപനം ആവശ്യമാണെന്നതാണ്.” ടോറി എംപി ഹെൻറി സ്മിത്ത് വ്യക്തമാക്കി. ബെനിഡോർമിലേക്കുള്ള ഒരു യാത്ര യുകെയിലെ താമസസ്ഥലത്തേക്കാൾ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സാധാരണ പെട്രോളിന് പകരമായി ഈ ആഴ്ച മുതൽ പരിസ്ഥിതി സൗഹൃദ ഇ10 ഇന്ധനം. ഇന്ന് മുതൽ ഇ5 പെട്രോളിന് പകരമായി ഇ10 പെട്രോൾ നിലവിൽ വരും. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും കാർബൺ ഉദ്‌വമനം നെറ്റ് -സീറോ ആയി കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പൂർണമായും ഇലക്ട്രിക് കാറുകളിലേയ്ക്കുള്ള മാറ്റത്തിന് വഴിയൊരുക്കുന്നതിന്റെ ആദ്യപടി കൂടിയാണിത്. ഡീസൽ ഇന്ധനം ഇപ്പോഴും ലഭ്യമാണ്. എന്നാൽ സാധാരണ പെട്രോൾ ഉപയോഗിക്കുന്ന ഏകദേശം 600,000 വാഹനങ്ങൾ ഇ10 മായി പെട്ടെന്ന് പൊരുത്തപ്പെടുകയില്ലെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ ഇ5 എന്ന് വിളിക്കപ്പെടുന്ന വിലകൂടിയ സൂപ്പർ അൺലെഡഡ് പെട്രോളിന് പണം നൽകുന്ന ഡ്രൈവർമാരെ ഇത് കൂടുതൽ ബാധിക്കും.
ഇ10 ഇന്ധനത്തിന്റെ വില കൂടുതലായിരിക്കില്ല. ഇ10 ഹരിത ഇന്ധനമായതിനാൽ പ്രകൃതി മലിനീകരണം കുറയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇ5 ന്റെ 5 ശതമാനം എഥനോളിനെ അപേക്ഷിച്ച് ഇ10 പെട്രോളിൽ 10 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനം കാർബൺ ഉദ്‌വമനം പ്രതിവർഷം 750,000 ടൺ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 350,000 കാറുകൾ നിരത്തിൽ നിന്ന് നീക്കുന്നതിന് തുല്യമാണിത്. എന്നാൽ പുതിയ ഇന്ധനത്തിലേക്കുള്ള മാറ്റം ഉടനടി സാധ്യമാവുകയില്ല.
ഇന്ന് റോഡിലുള്ള മിക്കവാറും എല്ലാ (95%) പെട്രോൾ പവർ വാഹനങ്ങൾക്കും ഇ10 പെട്രോൾ ഉപയോഗിക്കാനാകുമെന്നും 2011 മുതൽ നിർമ്മിച്ച എല്ലാ കാറുകൾക്കും ഇത് അനുയോജ്യമാണെന്നും സർക്കാർ പറയുന്നു. നിങ്ങളുടെ പെട്രോൾ കാർ ഇ10 ഇന്ധനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, മിക്ക ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്നും സൂപ്പർ ഗ്രേഡ് (97+ ഒക്ടേൻ) പെട്രോൾ വാങ്ങിക്കൊണ്ട് ഇപ്പോഴും ഇ5 ഉപയോഗിക്കാൻ കഴിയും. അബദ്ധവശാൽ പൊരുത്തപ്പെടാത്ത പെട്രോൾ എഞ്ചിനിൽ നിങ്ങൾ ഇ10 ഉപയോഗിക്കുകയാണെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. പെട്രോൾ കാറിൽ ഡീസൽ അടിക്കുന്നതുപ്പോലെയുള്ള പ്രശ്നം ഇവിടെയില്ല. എന്നിരുന്നാലും, പൊരുത്തപ്പെടാത്ത വാഹനത്തിൽ ഇ10 പെട്രോൾ ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന്റെ എഞ്ചിൻ തകരാരിലാവുന്നതിന് കാരണമാകും. ഇ10 ഉപയോഗിക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വേണ്ടി ഇ5 പെട്രോൾ നൽകുന്ന സ്റ്റേഷനുകൾ ഉണ്ടാവും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് കേസുകളുടെഎണ്ണത്തിൽ വർദ്ധനവ്. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,838 ആണ്. തിങ്കളാഴ്ച ഇത് 26476 ആയിരുന്നു. 50 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. തിങ്കളാഴ്ച 48 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6479 പേരാണ് കോവിഡ് മൂലം ഹോസ്പിറ്റലുകളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനം വർദ്ധനവാണ്. നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുപ്രകാരം യുകെയിൽ 156000 പേരാണ് കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത് . രോഗവ്യാപനം തടയുന്നതിനായി ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികളിലേയ്ക്ക് എൻഎച്ച്എസ് കടന്നു . ഗവൺമെന്റിൻെറ ഭാഗത്തുനിന്നും അന്തിമാനുമതി ലഭിച്ചാൽ 50 വയസ്സിന് മുകളിലുള്ളവർക്കും മറ്റ് ദുർബല വിഭാഗത്തിൽ പെട്ടവർക്കും സെപ്റ്റംബർ 6 -മുതൽ ബൂസ്റ്റർ ഡോസ് നൽകാനുള്ള പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെ ആശുപത്രികളിൽ ഉടനീളം നിലനിൽക്കുന്ന ബ്ലഡ് ട്യൂബുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇറക്കുമതി വർധിപ്പിച്ചിരിക്കുകയാണ് വിതരണ കമ്പനിയായ ബക്ട്ടൻ ഡിക്കിൻസൺ. യുഎസ് പോലുള്ള രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്ന ബ്ലഡ് ട്യൂബുകളുടെ ഇറക്കുമതിക്ക് ബ്രിട്ടീഷ് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചതായി കമ്പനി രേഖപ്പെടുത്തി. ഇതോടൊപ്പംതന്നെ യുകെയിലെ ഉൽപാദനസംവിധാനം 20 ശതമാനമായി വർദ്ധിപ്പിച്ചതായും, അടുത്ത ആഴ്ച കൊണ്ട് തന്നെ 9 മില്യൺ ബ്ലഡ് ട്യൂബുകൾ എൻഎച്ച്എസിലേയ്ക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രക്തം ശേഖരിക്കുന്ന ട്യൂബുകളുടെ കുറവിനെ തുടർന്ന് സെപ്റ്റംബർ 17 വരെ ആവശ്യമില്ലാത്ത ബ്ലഡ് ടെസ്റ്റുകൾ എല്ലാം തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശം ഡോക്ടർമാർക്ക് നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഈ കുറവ് പരിഹരിക്കുമെന്നും, രോഗികളുടെ സുരക്ഷയാണ് മുഖ്യമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് അറിയിച്ചു.
റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്റിന്റെ കണക്കുകൾ പ്രകാരം എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു വർഷം 1.1 ബില്യനോളം ടെസ്റ്റുകളാണ് നടത്തുന്നത്. നിലവിൽ അത്യാവശ്യം അല്ലാത്ത ടെസ്റ്റുകൾ ഒഴിവാക്കാനാണ് എൻഎച്ച്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ പകുതിയോളം ഈ ക്ഷാമം തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സാഹചര്യം ഡോക്ടർമാരേയും രോഗികളെയും കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ ഡോക്ടർ ഡേവിഡ് റിഗ്ലി വ്യക്തമാക്കി.
നിർമാണസാമഗ്രികൾ മറ്റും എത്തിക്കുന്നതിനുള്ള യാത്രാ തടസ്സങ്ങളാണ് നിലവിലെ ക്ഷാമത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ബക്ട്ടൻ ഡിക്കിൻസൺ ആണ് ബ്ലഡ് ട്യൂബുകളുടെ മുഖ്യ വിതരണക്കാർ. അതിനാൽ തന്നെ ഉടനടി മറ്റ് വിതരണക്കാരെ കണ്ടെത്തുന്നതിനും ഉൾപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് ഹെൽത്ത് കെയർ സപ്ലൈ അസോസിയേഷൻ ചെയർമാൻ മാർക്ക് റോസ്ക്രോ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായിഎൻ എച്ച് എസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലേയ്ക്ക് മലയാളി കുടിയേറ്റത്തിൻെറ തുടക്കത്തിൽ തന്നെ യുകെയിലെത്തിയ പാലാ കടപ്ലാമറ്റം സിറിയക് അഗസ്റ്റിൻ (70) അന്തരിച്ചു. എഡിങ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജെറി സിറിയക്കിന്റ പിതാവാണ് .
കുടുംബത്തോടൊപ്പം യുകെയിലായിരുന്ന സിറിയക് ചേട്ടൻ ചികിത്സയുടെ ഭാഗമായാണ് കേരളത്തിൽ വന്നത് . സിറിയക് ചേട്ടൻെറ ഭാര്യ ആനി സിറിയക് ബിർമിംങ്ഹാം ഗുഡ്ഹോപ്പ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആണ് . മക്കൾ ജിതേഷ്, ജിയാൻ, ജെറി. മരുമക്കൾ : റിറ്റി, നീതു, ഷാരോൺ
മൃതസംസ്‌കാര ശുശ്രുഷകൾ ഇന്ന് (1/09/21) രാവിലെ 11 -ന് ഭവനത്തിൽ നിന്നും ആരംഭിച്ച് പാലാ കടപ്ലാമറ്റം സെൻ്റ്. മേരീസ് ദേവാലയത്തിൽ .
സിറിയക് അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികളെ സ്കൂളിൽ അയക്കുന്നതിനുള്ള ചിലവ് വഹിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാ സ്കൂൾ യൂണിഫോമുകളും നികുതി രഹിതമായിരിക്കണമെന്ന ആവശ്യവുമായി പ്രചാരണ സംഘം. കുട്ടിക്ക് 14 വയസ്സ് തികയുമ്പോൾ മാത്രമേ നികുതി ബാധകമാവുകയുള്ളൂവെങ്കിലും ഇംഗ്ലണ്ടിലെ കുടുംബങ്ങൾ സ്കൂൾ യൂണിഫോമുകളിൽ 9 മില്യൺ പൗണ്ട് വാറ്റ് ( വാല്യൂ ആഡഡ് ടാക്സ് ) അടയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 3,456 സെക്കൻഡറി സ്കൂളുകളിൽ ഓരോന്നിലും ഇത് ശരാശരി 2,604 പൗണ്ടാണെന്ന് സ്കൂൾ അസോസിയേഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. 1973 മുതൽ, യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾക്ക് അനുസൃതമായി, കൊച്ചുകുട്ടികൾക്കുള്ള വസ്ത്രവും ഷൂസും നികുതി രഹിതമാണ്. എന്നാൽ 14 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളും വലിയ വസ്ത്രങ്ങളും മുഴുവൻ 20% വാറ്റിന് വിധേയമാണ്. സ്കൂൾ യൂണിഫോം വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിനർത്ഥം കുട്ടിക്ക് ഉയരക്കൂടുതലോ വലിയ വലിപ്പമുള്ള വസ്ത്രങ്ങളോ ആവശ്യമായി വന്നാൽ വാങ്ങിയ യൂണിഫോമിന് നികുതി നൽകേണ്ടിവരും.
സ്കൂൾ യൂണിഫോമുകളിലെ വാറ്റ് നിർത്തലാക്കുന്നത് കുടുംബങ്ങൾക്ക് യൂണിഫോമിന്റെ വില താങ്ങാൻ സഹായിക്കുമെന്നും, ഒരു ശരാശരി രക്ഷിതാവ് അവരുടെ കുട്ടിയെ സ്കൂളിൽ അയക്കാൻ 90 പൗണ്ട് നൽകേണ്ടി വരുന്നുവെന്നും സ്കൂൾവെയർ അസോസിയേഷൻ പറഞ്ഞു. വർഷത്തിൽ 195 ദിവസം യൂണിഫോമിൽ ചിലവഴിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച മൂല്യമുള്ള സ്കൂൾ യൂണിഫോം നൽകാൻ സ്കൂൾവെയർ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് മാത്യു ഈസ്റ്റർ പറഞ്ഞു. എന്നാൽ നിലവിലുള്ള നികുതി സമ്പ്രദായം ചില കുടുംബങ്ങളെ ബാധിക്കുന്നുണ്ട്. വാറ്റ് സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി യുകെക്ക് ഇപ്പോൾ ബന്ധമില്ലാത്തതിനാൽ, രാജ്യമെമ്പാടുമുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂൾ യൂണിഫോമുകൾ നികുതി രഹിതമായി നൽകാൻ സർക്കാരിന് ഒരവസരം ഒരുങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു വ്യാവസായിക സംഘടന എന്ന നിലയിൽ, വാറ്റ് വെട്ടിക്കുറവിൽ നിന്നുള്ള പണം നേരിട്ട് കുടുംബങ്ങളിലേയ്ക്ക് കൈമാറാൻ ഞങ്ങൾ പരസ്യമായി പ്രതിജ്ഞാബദ്ധരാണ്. കൂടാതെ നയങ്ങൾ കഴിയുന്നത്ര ആനുപാതികവും ന്യായയുക്തവുമാണെന്ന് ഉറപ്പാക്കാൻ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും.” ഈസ്റ്റർ വ്യക്തമാക്കി. ചരക്കുകളിലേക്കും സേവനങ്ങളിലും ചേർക്കുന്ന ഒരു തരം നികുതിയാണ് വാറ്റ്. യുകെയിൽ ഇത് 20% ആണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ഞായറാഴ്ച ഓൾഡ് ഫേം മത്സരത്തിന് മുമ്പ് റേഞ്ചേഴ്സ് ആരാധകർ ഐറിഷ് വിരുദ്ധ ഗാനം ആലപിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗ്ലാസ്ഗോ സിറ്റി സെന്റർ വഴി പട്ടിണിയെ പരാമർശിക്കുന്ന ഒരു ഐറിഷ് വിരുദ്ധ ഗാനം ആലപിച്ച് നടക്കുമ്പോൾ പോലീസ് സമീപത്തു നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. ഐറിഷ് വിരുദ്ധ കത്തോലിക്കാ പെരുമാറ്റം പൂർണ്ണമായും അസ്വീകാര്യമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ബെർണാഡ് ഹിഗ്ഗിൻസ് പറഞ്ഞു. നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോയിൽ ഉള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരുടെ ഇത്തരം പെരുമാറ്റത്തിൽ മാപ്പ് ചോദിച്ചുകൊണ്ട് ക്ലബ് എല്ലാത്തരം വംശീയതയെയും വിഭാഗീയതയെയും വിവേചനത്തെയും എതിർക്കുന്നുവെന്ന് റേഞ്ചേഴ്സ് പറഞ്ഞു.
ഈ സീസണിലെ ആദ്യ ഓൾഡ് ഫേം ഗെയിമിൽ റേഞ്ചേഴ്സ് 1-0ന് കെൽറ്റിക്കിനെ കീഴ് പ്പെടുത്തി. മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം. “ഈ ഐറിഷ് വിരുദ്ധ കത്തോലിക്കാ ഗാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും അവലോകനം ചെയ്യുന്നതുൾപ്പെടെ നിരവധി അന്വേഷണ മാർഗങ്ങൾ ഞങ്ങൾ പിന്തുടരുന്നുണ്ട്. നിരവധി അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഞാൻ പൂർണ്ണമായി പ്രതീക്ഷിക്കുന്നു.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഹിഗ്ഗിൻസ് പറഞ്ഞു.
ഏതു തരത്തിലുള്ള വിദ്വേഷവും അന്ധവിശ്വാസവും പൂർണമായും അസ്വീകാര്യമാണെന്ന് സ്കോട്ടിഷ് സർക്കാർ വക്താവും വ്യക്തമാക്കി. “സ്‌കോട്ട്‌ലൻഡ് വൈവിധ്യമാർന്നതും ബഹുസ്വരവുമായ ഒരു സമൂഹമാണ്. ഐറിഷ് വിരുദ്ധ വംശീയത ഉൾപ്പെടെ എല്ലാത്തരം മതഭ്രാന്തും മുൻവിധികളും വംശീയതയും നേരിടാൻ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ ഞങ്ങൾ പോലീസിനെ പിന്തുണയ്ക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാബൂൾ : ഇരുപത് വർഷത്തിന് ശേഷം അഫ്ഗാൻ മണ്ണിൽ നിന്ന് അമേരിക്കയുടെ മടക്കം. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായി. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന് താലിബാൻ അനുവദിച്ചിരുന്ന അവസാന തീയതി ഓഗസ്റ്റ് 31 ആയിരുന്നു. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 2400-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ജനറൽ ഫ്രാങ്ക് മക്കെൻസി പറഞ്ഞു.
അഫ്ഗാൻ, ആഗസ്റ്റ് 14 ന് താലിബാൻ ഏറ്റെടുത്ത ശേഷം 123,000 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരിൽ 6,000 അമേരിക്കൻ പൗരന്മാരായിരുന്നു. ഇനിയും പുറത്തെത്താൻ ആഗ്രഹിക്കുന്ന 100 മുതൽ 200 വരെ അമേരിക്കൻ പൗരന്മാർ രാജ്യത്ത് ഉണ്ടെന്നും ജനങ്ങളെ സ്വതന്ത്രമായി രാജ്യം വിടാൻ അനുവദിക്കുമെന്ന വാഗ് ദാനം താലിബാൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു. ഒഴിപ്പിക്കപ്പെട്ടവരിൽ എത്രപേർ അഫ്ഗാൻ പൗരന്മാരാണെന്ന് വ്യക്തമല്ല. അമേരിക്കൻ വ്യോമസേനയുടെ അഫ് ഗാനിസ്ഥാനിലുള്ള അവസാന വിമാനമായ സി- 17, കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നപ്പോൾ ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷമാക്കിയത്. വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.
യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 15,000 പേരെ ബ്രിട്ടനിൽ എത്തിച്ചിട്ടുണ്ട്. ഏകദേശം 3,700 കനേഡിയൻ, അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാൻ കാനഡ സൗകര്യമൊരുക്കി. 4000 -ത്തിലധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 5,300 പേരെ ജർമ്മനിയും ഒഴിപ്പിച്ചു. 4,890 അഫ്ഗാൻ സ്വദേശികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേരെ ഇറ്റലി ഒഴിപ്പിച്ചപ്പോൾ 2,600 ൽ അധികം അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 3,000 പേരെ ഫ്രാൻസ് പുറത്തെത്തിച്ചു. 3,200 ലധികം പൗരന്മാരും അഫ്ഗാൻ സ്വദേശികളും ഉൾപ്പെടെ 4100 പേരെ ഓസ്ട്രേലിയ രാജ്യത്തേയ്ക്ക് വിസയുമായി സ്വാഗതം ചെയ്തു. നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവർ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 1000 -ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്നും യുകെയിലെത്തി ചേർന്നിരിക്കുകയാണ് മൃഗപരിപാലകനായ ബ്രിട്ടീഷ് പൗരൻ പെൻ ഫാർതിങ്. മുൻ റോയൽ നേവി ഉദ്യോഗസ്ഥനും, നൗസാദ് ഡോഗ് ഫൗണ്ടേഷൻ ഉടമയുമായ പെൻ ഫാർതിങ് തന്റെ 173 ഓളം വരുന്ന നായകളും പൂച്ചകളുമായാണ് ബ്രിട്ടനിൽ എത്തിച്ചേർന്നത്. ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ ഞായറാഴ്ചയാണ് അൻപത്തിരണ്ടുകാരനായ ഫാർതിങ് മടങ്ങിയെത്തിയത്. എന്നാൽ തിരിച്ചു വന്നതിൽ തനിക്ക് ദുഃഖമാണെന്നും, തന്റെ അഫ് ഗാൻ ജീവനക്കാരെ പിരിഞ്ഞു വന്നതിൽ തനിക്ക് അതിയായ കുറ്റബോധം ഉണ്ടെന്നും ഫാർതിങ് പറഞ്ഞു. തന്റെ വളർത്തു നായകളിൽ ഒന്നിനെ താലിബാൻകാർ കുത്തി മുറിവേൽപ്പിച്ചതായും, യുകെയിലേയ്ക്കുള്ള യാത്രയ്ക്കിടെ അഞ്ചോളം പൂച്ചകൾ ചത്തു പോയതായും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ഏകദേശം 68 അഫ് ഗാൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഇതു തന്നെ വളരെയധികം വേദനിപ്പിക്കുന്നതായി ഫാർതിങ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ ഫാർതിങിന്റെ ഭാര്യ കൈസ യു കെയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ പെന്നിന്റെ പേപ്പർ വർക്കുകൾ വീണ്ടും നീണ്ടു പോയതിനാൽ ആണ് യാത്രയ്ക്ക് കാലതാമസം ഉണ്ടായത്. തന്റെ ജീവനക്കാർ തന്നെയാണ് മൃഗങ്ങളോടൊപ്പം തന്നെ യാത്രയാക്കിയതെന്ന് ഫാർതിങ് ഓർമ്മിച്ചു. മൂന്നുമാസത്തെ അധികവേതനവും, കുറച്ചധികം പണവും അവർക്ക് നൽകിയാണ് താൻ അവിടെനിന്നും യാത്രയായത് എന്ന് ഫാർതിങ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചകളിൽ ആയി പതിനയ്യായിരത്തിലധികം പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും യു കെ തിരിച്ചെത്തിച്ചത്. ഫാർതിങിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ചെറിയ വിവാദങ്ങളും യുകെയിൽ ഉണ്ടായിരുന്നു. ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് തന്റെ യാത്ര തടയാൻ ശ്രമിച്ചതായി ഫാർതിങ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ പ്രസ്താവന സംബന്ധിച്ച് ഫാർതിങ് ക്ഷമാപണം നടത്തി.