ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് ബ്രിട്ടനിൽ ഭൂരിഭാഗം പ്രൈവറ്റ് സ്കൂളുകളും ഗ്രേഡിങ് സംവിധാനം ദുരുപയോഗം ചെയ്തതായി സൺഡേ ടൈംസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിരിക്കുകയാണ്. അവസാനമായി ഇത്തരം സ്കൂളുകളിൽ വിദ്യാർഥികൾക്കായി പബ്ലിക് പരീക്ഷ നടത്തിയത് 2019 ലാണ്. അതിനുശേഷം ലോക്ക്ഡൗൺ മൂലം പബ്ലിക് പരീക്ഷകൾ നടക്കാതെ വരികയും, ഈ സാഹചര്യം സ്കൂൾ മാനേജ്മെന്റുകൾ മുതലെടുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ കാലഘട്ടത്തിൽ എ -സ്റ്റാർ ഗ്രേഡുകൾ നേടിയ വിദ്യാർത്ഥികളുടെ എണ്ണം 2019 -നെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 2019 -ൽ 16.1 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു എ – ലെവൽ പരീക്ഷകളിൽ എ- സ്റ്റാർ ഗ്രേഡെങ്കിൽ, പബ്ലിക് പരീക്ഷ ഇല്ലാതിരുന്ന സമയങ്ങളിൽ ഇതു 39.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടീച്ചർമാർ തന്നെ കുട്ടികൾക്ക് മാർക്ക് നൽകുന്ന രീതി ആയിരുന്നു ഈ സമയം നടപ്പിലാക്കിയിരുന്നത്.

21000 പൗണ്ട് ഒരുവർഷം ഫീസായി വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ലണ്ടനിലെ എഡ്ഗ്വെയറിലെ ഗേൾസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ എ-സ്റ്റാർ ഗ്രേഡ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2019 -ൽ ഈ സ്കൂളിൽ 33.8 ശതമാനം വിദ്യാർഥികൾക്കായിരുന്നു എ-സ്റ്റാർ ഗ്രേഡെങ്കിൽ, കോവിഡ് കാലത്ത് 90.2 ശതമാനം വിദ്യാർഥികൾക്ക് ഈ ഗ്രേഡ് ലഭിച്ചു. ഇതുമൂലം സ്റ്റേറ്റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റികളിലും മറ്റും അഡ്മിഷൻ ലഭിക്കുവാൻ ബുദ്ധിമുട്ടേണ്ടതായി വരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.

സ്റ്റേറ്റ് സ്കൂളുകളിൽ ചെറിയതോതിലുള്ള ഗ്രേഡ് വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സമ്മറിൽ എ – ലെവൽ പരീക്ഷകളും മറ്റും ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനിയും തീരുമാനമായിട്ടില്ല.