Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ രണ്ട് മാസമായി താൻ ഭർത്താവിന്റെ ചിതാഭസ്മം കഴിച്ചാണ് ജീവിക്കുന്നതെന്ന വിചിത്ര വാദം ഉന്നയിച്ചിക്കുകയാണ് ഇരുപത്താറുകാരി യുവതി. യു കെ സ്വദേശിയായ കാസി എന്ന യുവതിയാണ് താൻ പോകുന്നിടത്തൊക്കെയും ഭർത്താവിന്റെ ചിതാഭസ്മം കൊണ്ടുപോകുമെന്നും, അതാണ് താൻ ഭക്ഷിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ൽ വിവാഹിതരായ കാസിക്കും,ഭർത്താവ് സീനിനും വെറും രണ്ടു വർഷം മാത്രമാണ് ഒരുമിച്ചു ജീവിക്കുവാൻ സാധിച്ചത്. രണ്ട് മാസം മുൻപാണ് കാസിയുടെ ഭർത്താവ് ആസ്മ ബാധിച്ച് മരിച്ചത്. ഭർത്താവ് മരിച്ചതോടെ തന്റെ ലോകം അവസാനിച്ചതായി തനിക്ക് അനുഭവപ്പെട്ടതായും, അതിനാൽ തന്നെ ഭർത്താവിന്റെ ഓർമ്മകളെ ചിതാഭസ്മ ത്തിന്റെ രൂപത്തിൽ താൻ എവിടെ പോയാലും കൂടെ കൊണ്ടു പോകാറുണ്ടെന്നും അവർ പറഞ്ഞു. ഒരു ടെലിവിഷൻ ഷോയിലൂടെയാണ് കാസി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭർത്താവിൻെറ മരണശേഷം അദ്ദേഹത്തിൻെറ ചിതാഭസ്മം ഒരു ബോക്സിൽ ആയാണ് തനിക്ക് ലഭിച്ചത്. ലഭിച്ച സമയത്ത് കുറച്ച് അവശിഷ്ടങ്ങൾ തന്റെ കയ്യിൽ പറ്റിയതായും, അത് കളയുവാൻ മനസ്സില്ലാതെ രണ്ടു വിരലുകൾ നക്കിതുടച്ചതായും കാസി പറഞ്ഞു. ഇതോടെയാണ് ഭർത്താവിനെ ചിതാഭസ്മം താൻ കഴിക്കുന്നത് ആരംഭിച്ചത്. ഇപ്പോൾ രണ്ടുമാസമായി താൻ ഇതു മാത്രമാണ് കഴിക്കുന്നതെന്നും, അഴുകിയ മുട്ട, കടലാസ്, മണൽ തുടങ്ങിയവയുടെ രുചിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും കാസി വ്യക്തമാക്കി.

ഭർത്താവിനോടുള്ള കാസിയുടെ അകലാൻ ആകാത്ത ബന്ധമാണ് ഈ പ്രവർത്തിയിലൂടെ വെളിപ്പെടുന്നത്. ബോക്സിലെ ചിതാഭസ്മം തീരാറായെന്നും, അതിനുശേഷം താൻ എന്ത് ചെയ്യും എന്നാണ് കാസിയുടെ ചിന്ത.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ആരോഗ്യപ്രവർത്തകരെ സാരമായി ബാധിച്ചതായും ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഇടയിലുള്ള ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പുറത്ത് വന്നു. വാക്സിനുകൾ നൽകുന്നതിൽ ഹെൽത്ത് കെയർ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ വിതരണം ചെയ്യുമ്പോഴുള്ള അനീതിയേയും അദ്ദേഹം വിമർശിച്ചു. 2020 ജനുവരി മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിലുള്ള മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഈ കണക്കുകൾ പുറത്ത് വിട്ടത്.

ലോകത്താകമാനം ഏകദേശം 135 ദശലക്ഷം ആരോഗ്യ പ്രവർത്തകരാണുള്ളത്. 119 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ശരാശരി, അഞ്ച് ആരോഗ്യ പ്രവർത്തകരെ എടുക്കുമ്പോൾ അവരിൽ രണ്ടുപേരെങ്കിലും രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്‌പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരിൽ പത്തിൽ എട്ടു പേർ വാക്സിൻ സ്വീകരിച്ചപ്പോൾ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ പത്തിൽ ഒരാൾ മാത്രമാണ് പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിരിക്കുന്നത്.

ദരിദ്ര രാജ്യങ്ങൾ മതിയായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള വീഴ്ച്ച ലോകാരോഗ്യ സംഘടനയുടെ മുതിർന്ന നേതാവായ ഡോ. ബ്രൂസ് ഐൽവാർഡ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം 2022-ൽ കോവിഡ് മൂലമുള്ള പ്രതിസന്ധി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ഭൂഖണ്ഡങ്ങളിൽ 40% ജനങ്ങൾ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിച്ചപ്പോൾ ആഫ്രിക്കയിലെ ജനസംഖ്യയുടെ 5% ത്തിൽ താഴെ മാത്രം ജനങ്ങളാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിരിക്കുന്നത്.

കോവിഡ് വാക്സിനുകളുടെ ഭൂരിഭാഗവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വെറും 2.6% ഡോസുകൾ മാത്രമാണ് ആഫ്രിക്ക ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിഡ്ജ്ൻഡ്.: ലോഗൻ മവാംഗി (5) യെ കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ കോടതിയിൽ ഹാജരായി. ലോഗൻ വില്യംസൺ എന്നറിയപ്പെടുന്ന ലോഗൻ മവാംഗിയെ ബ്രിഡ്ജ്ൻഡ് കൗണ്ടിയിലെ ഒഗ് മോർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ജൂലൈ 31 നാണ്. അഞ്ച് വയസുകാരനായ ലോഗൻ മവാംഗിയുടെ മരണം അന്വേഷിക്കുന്ന സംഘം 14 വയസുകാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് സൗത്ത് വെയിൽസ് പോലീസ്‌ അറിയിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പേരും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ലോഗന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയും രണ്ടാനച്ഛനും കുറ്റക്കാരാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 39 കാരനായ ജോൺ കോളിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ വഴി തെറ്റിച്ചതിന് ലോഗന്റെ അമ്മ അങ്കരാഡ് വില്യംസണെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥിയായ 14 കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ജഡ്ജി മൈക്കിൾ ഫിറ്റൺ ക്യുസി 2022 ജനുവരി 31 ആണ് വിചാരണ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ് മോർ നദിയിൽ ജൂലൈ 31 ശനിയാഴ്ചയാണ് ലോഗനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഗനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ബ്രിഡ്ജൻഡിലെ ബ്രൈൻമെനിൻ പ്രൈമറി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയായിരുന്നു ലോഗൻ. മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന COP26 എന്നറിയപ്പെടുന്ന പ്രധാന കാലാവസ്ഥാ ഉച്ചകോടിക്ക് ഭീഷണിയായി ശുചീകരണ തൊഴിലാളികളുടെ സമരം. 1500ഓളം ശുചീകരണ തൊഴിലാളികൾ നവംബർ 1 മുതൽ ഒരാഴ്ചത്തെ പണിമുടക്ക് ആസൂത്രണം ചെയ്യുകയാണ്. തൊഴിലാളികൾ സമരത്തിൽ പോകുന്നതോടെ മാലിന്യ വീപ്പ എടുക്കാൻ ആളില്ലാതാകും. ഇത് നഗരത്തെ ഒരു മാലിന്യകൂമ്പാരമാക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. റെഫ്യൂസ് ആൻഡ് ക്ലീനിംഗ് ജീവനക്കാരുടെ തീരുമാനം സർക്കാരിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ശമ്പളവർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിന് തയ്യാറെടുക്കുന്നത്. ജിഎംബി യൂണിയൻ പ്രതിവർഷം 2,000 പൗണ്ടിന്റെ വർദ്ധനവ് ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ ജീവനക്കാരും സ്കോട്ട് റെയ് ലുമായുള്ള ശമ്പള തർക്കവും നിലനിൽക്കുന്നുണ്ട്.

ആഗോള ശ്രദ്ധാകേന്ദ്രമാകുന്ന സമയത്ത് ഗ്ലാസ്ഗോ നഗരം ഗതാഗതക്കുരുക്കിൽ സ്തംഭിക്കുകയും മാലിന്യ കൂമ്പാരമാകുകയും ചെയ്യുമെന്ന വസ്തുത അധികാരികളെ അലട്ടുകയാണ്. സമരം ഒഴിവാക്കണമെങ്കിൽ, തങ്ങളുടെ പ്രധാന തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പാക്കണമെന്ന് സീനിയർ ഓർഗനൈസർ ഡ്രൂ ഡഫി പറഞ്ഞു. അതേസമയം തീരുമാനങ്ങൾ പുനഃപരിശോധിക്കാനാണ് ഗ്ലാസ്ഗോ സിറ്റി കൗൺസിൽ യൂണിയനോട്‌ ആവശ്യപ്പെട്ടത്. തിരക്കേറിയ സമയം വരുമ്പോൾ ഇത്തരത്തിലുള്ള വലിയ പ്രതിസന്ധികൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

അതേസമയം ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടി ലോകത്തിന്റെ തന്നെ വലിയ പ്രതീക്ഷയാണെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രതിനിധിയായ ജോൺ കെറി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മുന്നിൽകണ്ട് ലോകത്തിന് ഒന്നിച്ച് പ്രവർത്തിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഈ ഉച്ചക്കോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെയിൽ നിശാ ക്ലബുകളിൽ സ്ത്രീകൾക്ക് നേരെ സിറിഞ്ച് സൂചി കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. ഈ സംഭവത്തിൽ ഉടൻതന്നെ ശക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹോം അഫയേഴ്സ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. വളരെയധികം നിസ്സഹായയും, ദുർബലയായുമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് നോട്ടിങ്ഹാം ക്ലബ്ബിൽ നിന്നും ഈ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനി പറഞ്ഞു. നിശാ ക്ലബുകളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേർ ഒപ്പുവെച്ച പെറ്റീഷനും അധികൃതരുടെ പക്കൽ ലഭിച്ചിട്ടുണ്ട്. വളരെ ഭീതിജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്നും, ശക്തമായ അന്വേഷണം വേണമെന്നും ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. നിശാക്ലബുകൾ ബഹിഷ്കരിക്കാനായി മുപ്പതോളം യൂണിവേഴ്സിറ്റികളിൽ നിന്നായി നിരവധി പേർ ഓൺലൈൻ ക്യാമ്പയി‍നും നടത്തുന്നുണ്ട്.


യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമിലെ വിദ്യാർത്ഥിനിയായ സാറ ബക്കിളിനു സെപ്റ്റംബർ 28 നാണ് നോട്ടിങ്ഹാമിലെ തന്നെ നിശാക്ലബ്ബിൽ നിന്നും ഈ ദുരനുഭവം സംഭവിച്ചത്. തുടർന്ന് തനിക്ക് കുറച്ചുദിവസത്തേക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുറേ മണിക്കൂറുകൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാൻ ആകാത്ത സാഹചര്യമായിരുന്നു എന്നും അവർ പറഞ്ഞു. കൂടുതലും വിദ്യാർഥികൾക്ക് നേരെ ആണ് ഇത്തരം ആക്രമണങ്ങൾ സംഭവിക്കുന്നത്. ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമും അറിയിച്ചു. എഡിൻബർഗ്, ഡണ്ടീ, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായ സഹകരണം ഉണ്ടാകണമെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ മേധാവി സാറാ ക്രൂ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരവകുപ്പും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വീണ്ടും ബ്രിട്ടൻെറ ഉറക്കം കെടുത്താൻ തുടങ്ങിയിരിക്കുന്നു. യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കടുത്ത കോവിഡ് നിയന്ത്രണങ്ങളാലും വൈറസ് വ്യാപനത്തെ തടയുന്നതിൽ രാജ്യം ഒരു പരിധി വരെ വിജയം കണ്ടിരുന്നു. എന്നാൽ ശൈത്യകാലത്ത് രോഗവ്യാപനം കടുത്തേക്കാം എന്നാണ് നിലവിൽ ആരോഗ്യവിദഗ്ധർ കണക്കുകൂട്ടുന്നത്. പ്രതിദിന രോഗവ്യാപന നിരക്ക് തുടർച്ചയായ എട്ടാം ദിവസവും 4000 -ത്തിന് മുകളിലായത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇന്നലെ 49,139 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നിലവിൽ അർഹതപ്പെട്ട പരമാവധി ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കാനാണ് പ്രാധാന്യം നൽകുന്നതെന്ന് ഗവൺമെൻറ് വക്താവ് പറഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ നിർബന്ധിതരാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് . അതിൻറെ ഭാഗമായി മാസ്‌ക് ധരിക്കൽ , വർക്ക് ഫ്രം ഹോം തുടങ്ങിയ നടപടികളിലേയ്ക്ക് വീണ്ടും തിരിച്ചു പോകേണ്ടതായി വന്നേക്കാം. എൻഎച്ച്എസിന് കോവിഡ് രോഗികൾ മൂലമുണ്ടാകുന്ന അധിക സമ്മർദം ഒഴിവാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ തലവൻ മാത്യു ടെയ് ലർ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് മന്ത്രിമാർ യോജിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. പൊതുജനങ്ങൾക്ക് ഇടയിൽ വൈറസ് പകരുന്നത് തടയാൻ ഫെയ്സ് മാസ്കുകൾ സഹായിക്കുമെന്ന് പഠനം തെളിയിച്ചുണ്ട്. അതേസമയം ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു സർവേ പ്രകാരം സ്വീഡനിലും നെതർലാൻഡിലുമുള്ള ആളുകൾ യുകെയിലെ ജനങ്ങളുടെ അത്രപോലും മാസ്ക് ധരിക്കുന്നില്ലെങ്കിലും അവിടെ കേസുകൾ ഉയരുന്നില്ല. അതിനാൽ രാജ്യത്ത് പ്രതിദിനം കേസുകൾ വർധിക്കുന്നതിന്റെ കാരണം മാസ്ക് ധരിക്കാത്തത് മാത്രമാണെന്ന് പറയാൻ കഴിയില്ലെന്ന അഭിപ്രായവും ഉണ്ട്. സ്കോട്ട്ലൻഡ് സർക്കാർ ഇപ്പോഴും വീടിനകത്ത് മാസ്കുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിൽ അത് നിർബന്ധമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊല്ലം : മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് റിപ്പോർട്ട്‌ ചെയ്ത് ബിബിസി. അപൂർവങ്ങളിൽ അപൂർവമായ കേസിന്റെ വിശദാംശങ്ങൾ ബിബിസി റിപ്പോർട്ട്‌ ചെയ്തതോടെ കേരളത്തിൽ നടന്ന ഒരു കൊലപാതകം ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സൂരജ് – ഉത്ര ദമ്പതികളുടെ കുടുംബ ജീവിതവും ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ശ്രമങ്ങളും കൊലപാതകവും പിന്നീട് ഉണ്ടായ വഴിത്തിരിവും ശിക്ഷാവിധിയും ബിബിസി വിശദീകരിക്കുന്നുണ്ട്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇന്ത്യയിൽ തന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 2018 മാര്‍ച്ച് 25നായിരുന്നു സൂരജുമായുള്ള ഉത്രയുടെ വിവാഹം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് വലിയ സ്ത്രീധനമാണ് ഉത്രയുടെ കുടുംബം നൽകിയത്. മൂന്നര ഏക്കർ വസ്തുവും നൂറുപവൻ സ്വർണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നൽകി. കൂടാതെ മാസം തോറും ചിലവിന് 8000 രൂപ വീതവും നൽകി.

2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്കു ആദ്യം പാമ്പുകടിയേറ്റത്. സൂരജിന്റെ വീടിന്റെ മുകളിലത്ത് നിലയില്‍ വച്ചായിരുന്നു ഇത്. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. പിന്നീട് മെയ് ആറിന് രാത്രിയിൽ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. മെയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടേത് പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. എന്നാൽ കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ് പിയെ കണ്ടതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

രണ്ടു തവണയും പാമ്പിനെക്കാണ്ട് കടിപ്പിക്കും മുന്‍പ് സൂരജ് ഉത്രയ്ക്ക് മയക്കുഗുളികള്‍ വിദഗ് ധമായി നല്‍കിയിരുന്നു. കൊലപാതക ദിവസം രാത്രി ഉറങ്ങുന്നതിന് ജ്യൂസില്‍ കലര്‍ത്തിയാണ് മയക്കുഗുളികള്‍ നല്‍കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ ലോക്കറില്‍നിന്ന് സൂരജ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു. ഉത്രയുടെ മാതാപിതാക്കളുടെ പരാതിയിൻ മേൽ മെയ് 24ന് സൂരജടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. സൂരജിനെ പിന്നീട് അറസ്റ്റ് ചെയ്തു. സൂരജിന്റെ അമ്മയും സഹോദരിയും പിന്നാലെ അറസ്റ്റിലായിരുന്നു. 2020 ഒക്ടോബർ 7ന് ഉത്ര കേസിൽ വിചാരണ തുടങ്ങി. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്. പ്രതിയും ഭര്‍ത്താവുമായ സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്. കേരളത്തിൽ നടന്ന അത്യപൂർവമായ കൊലപാതകത്തിന്റെ വിവരങ്ങൾ ബിബിസി റിപ്പോർട്ട്‌ ചെയ്തതോടെ ഉത്ര വധക്കേസിന്റെ വിവരങ്ങൾ ആഗോള ജനതയിലേക്ക് എത്തുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജിപികളുടെ ജോലിഭാരം ലഘൂകരിക്കാനായി കുട്ടികളെ സ്വയമായി ചികിത്സിക്കാൻ പഠിപ്പിക്കണമെന്ന വാദവുമായി എൻ എച്ച് എസ് മേധാവികൾ. വീട്ടിലിരുന്ന് തന്നെ ചികിത്സിക്കാവുന്ന രോഗങ്ങൾക്ക് പോലും ആളുകൾ കുടുംബ ഡോക്ടർമാരെ ആശ്രയിക്കുന്നത് കാരണം സമ്മർദ്ദം വർധിക്കുകയാണെന്ന് എൻ എച്ച് എസ് പറയുന്നു. അനാവശ്യമായ ജിപി സന്ദർശനങ്ങൾ തടയാനായി ഒൻപത് ശുപാർശകളാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്. ഛർദ്ദി, പരിക്ക് തുടങ്ങിയവ സ്വയമായി ചികിത്സിക്കാൻ 5 വയസ്സിന് താഴെയുള്ള കുട്ടികളെ പഠിപ്പിക്കണമെന്ന് അതിൽ പറയുന്നുണ്ട്. ഈയൊരു നിർദേശത്തിൽ സംശയം നിലനിൽക്കുന്നുവെന്ന് മാത്രമല്ല, എപ്രകാരം പ്രയോഗത്തിൽ വരുത്തണമെന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്.

സ്വയം പരിചരണ സാങ്കേതികതകളെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. എൻഎച്ച്എസ് ക്ലിനിക്കൽ കമ്മീഷൻ, റോയൽ കോളേജ് ഓഫ് നഴ്സിംഗ്, റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി എന്നിവർ ചേർന്നാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. ജിപികളുടെ ജോലിഭാരം കുറയ്ക്കണമെന്നും അതിലൂടെ അവരുടെ സമയം ലാഭിച്ച് സമ്മർദ്ദം കുറയ്ക്കേണ്ടത് പ്രധാനമാണെന്നും എൻ എച്ച് എസ് ചൂണ്ടിക്കാട്ടുന്നു. സർക്കാരും ജിപികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടയിലാണ് ഇത്തരമൊരു റിപ്പോർട്ട്‌ പുറത്തിറങ്ങുന്നത്.

രോഗികളുമായി നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ പരമാവധി വർധിപ്പിക്കണമെന്ന് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടുക്കഴിഞ്ഞു. ഫോണിലൂടെ ഉൾപ്പെടെയുള്ള അപ്പോയിന്റ്മെന്റ് സംവിധാനങ്ങൾ പരിഷ്കരിച്ച് രോഗികൾക്ക് എളുപ്പത്തിൽ ജിപിയുമായി ബന്ധപ്പെടാൻ സാഹചര്യം ഒരുക്കണം. പുതിയ മാറ്റങ്ങൾക്കായി 250 മില്യൺ പൗണ്ടിന്റെ വിന്റർ പാക്കേജാണ് ആരോഗ്യ സെക്രട്ടറി മുന്നോട്ടു വയ്ക്കുന്നത്. തുച്ഛമായ വിന്റർ പാക്കേജ് അപര്യാപ്തമാണെന്നും ജിപികൾക്കായുള്ള പുതിയ സർക്കാർ പദ്ധതി അംഗീകരിക്കാനാവില്ലെന്നുമാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞത്. സർക്കാർ മാർഗനിർദേശങ്ങൾ അവഗണിക്കാൻ നൂറുകണക്കിന് ജിപികളാണ് ആവശ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെയും വെയിൽസിലെയും വീടുകളിൽ ഗ്യാസ് ബോയിലറുകൾക്ക് പകരം ഹീറ്റ് പമ്പുകൾ സ്ഥാപിക്കുവാൻ 5000 പൗണ്ട് വീതം സബ് സിഡി നൽകുവാനുള്ള ഗവൺമെന്റ് തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. അടുത്ത വർഷം ഏപ്രിൽ മാസം മുതലാണ് ഈ ധനസഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ബഡ് ജറ്റ് ഈ പദ്ധതിക്ക് പര്യാപ്തമല്ലെന്ന ആരോപണമാണ് ഒരു വിഭാഗം പേർ മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ 25 മില്യനോളം ഭവനങ്ങളിലാണ് ഗ്യാസ് ബോയ് ലറുകൾ ഉള്ളത്. എന്നാൽ നിലവിൽ അനുവദിച്ചിരിക്കുന്ന തുക കൊണ്ട്, മൂന്ന് വർഷത്തിനുള്ളിൽ വെറും 90000 കുടുംബങ്ങളിൽ മാത്രമാകും ഹീറ്റ് പമ്പുകൾ സ്ഥാപിക്കാനാവുക. ഈ പദ്ധതി വലിയതോതിൽ വിജയിക്കുകയില്ലെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഹീറ്റ് പമ്പുകളുടെ കാർബൺ പുറന്തള്ളൽ ഗ്യാസ് ബോയ് ലറുകളേക്കാൾ കുറവായതിനാലാണ് അവയുടെ പ്രചാരണം വർദ്ധിപ്പിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഇൻസ്റ്റോൾ ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ ഇനം അനുസരിച്ചു 6000 പൗണ്ട് മുതൽ 18000 പൗണ്ട് വരെ തുകയാണ് ഇതിനായി ആവശ്യമാകുന്നത്. ഗവണ്മെന്റ് അനുവദിക്കുന്ന സബ്‌സിഡി തുക കൊണ്ടു ജനങ്ങൾക്ക് ഇവ കൂടുതൽ എളുപ്പത്തിൽ സ്ഥാപിക്കാനാകുമെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്. എന്നാൽ ഈ പദ്ധതികൾക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന 450 മില്യൺ പൗണ്ട് തുക പോരാതെ വരുമെന്ന് ലേബർ പാർട്ടി ഷാഡോ ബിസിനസ്‌ സെക്രട്ടറി എഡ് മിലിബാൻഡ് ആരോപിച്ചു. 2025 മുതൽ പുതിയ കെട്ടിടങ്ങളിൽ ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്ന് ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ 2030 മുതൽ പൂർണമായി ഇവ നിരോധിക്കാനുള്ള തീരുമാനവും ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? പക്ഷേ ബ്രിട്ടീഷുകാർക്ക് ചില പേരുകളോട് താത്പര്യം കൂടും. 2020ലെ യുകെയിലെ ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവും പ്രചാരമുള്ള പേരുകൾ ഒലീവിയയും ഒലിവറുമാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം 2020-ൽ 4225 ആൺകുട്ടികൾക്കാണ് ഒലിവർ എന്ന പേര് നൽകിയിരിക്കുന്നത്. അതേസമയം 3640 പെൺകുട്ടികൾക്ക് ഒലിവ് എന്ന പേര് നൽകിയിട്ടുണ്ട്.

പേരുകൾ നൽകുമ്പോൾ രാജകുടുംബത്തിലെ കുട്ടികളുടെ പേരുകൾ തിരഞ്ഞെടുക്കുന്നത് ബ്രിട്ടീഷുകാരുടെ പ്രത്യേകതയാണ്. ഡ്യൂക്കിന്റെയും ഡച്ചസ് ഓഫ് സക്സസിന്റെയും മകൻ ആർച്ചിയുടെ പേര് 2944 കുട്ടികൾക്കാണ് നൽകപ്പെട്ടത്. ഏറ്റവും ജനപ്രിയം ഉള്ള പേരുകളിൽ ഒമ്പതാം സ്ഥാനം ആണ് ആർച്ചിക്കുള്ളത്. അതേസമയം 2005നു ശേഷം ആദ്യമായി ചാർലി എന്ന പേര് ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിക്കാതിരുന്നതും ശ്രദ്ധേയമായി.


കുട്ടികളുടെ പേര് തിരഞ്ഞെടുക്കുമ്പോൾ ആ പേരിലുള്ള പ്രശസ്തരുടെ ജീവിതവും സ്വാധീനിക്കുന്നതായാണ് വിലയിരുത്തുന്നത്. ഈ ഇൻറർനെറ്റ് യുഗത്തിൽ ഒരു പേരു ഇടുന്നതിനു മുമ്പ് മാതാപിതാക്കൾ ഒട്ടേറെ പഠനം നടത്തുന്നു. പ്രായം കൂടിയ അമ്മമാരുമായി താരതമ്യം ചെയ്യുമ്പോൾ ചെറുപ്പക്കാരായ അമ്മമാർ ചെറുതും ആധുനികവുമായ പേരുകൾ തിരഞ്ഞെടുക്കാനാണ് കഴിഞ്ഞവർഷം താല്പര്യം കാട്ടിയത്. അങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങളാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved