ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹൈവേ കോഡിലെ പുതിയ മാറ്റങ്ങളിൽ മുൻഗണന കാൽനടയാത്രക്കാർക്ക്. നിലവിലെ കോഡ് അനുസരിച്ച്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ മാത്രമേ വാഹനങ്ങൾ വഴിമാറി നൽകൂ. എന്നാൽ ഗതാഗത മന്ത്രി പ്രഖ്യാപിച്ച പുതിയ കോഡ് പ്രകാരം ജംഗ്ഷനുകളിൽ നേരെ യാത്ര ചെയ്യുന്ന സൈക്കിൾ യാത്രികർക്കും മുൻഗണന ലഭിക്കും. പകർച്ചവ്യാധി സമയത്ത് സജീവമായ യാത്ര നിലനിർത്താൻ സൈക്ലിംഗും നടത്തവും പോലുള്ള പ്രവർത്തികൾ വർദ്ധിപ്പിക്കുന്നതിനുള്ള 338 മില്യൺ പൗണ്ട് ഫണ്ടിംഗ് പാക്കേജിനൊപ്പം മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സൈക്കിൾ സവാരിയും നടത്തവും ആളുകളുടെ ശാരീരികക്ഷമത നിലനിർത്താനും നിരത്തിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതിയെ സഹായിക്കാനും സജ്ജമാക്കുന്നതിനാലാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
ഹൈവേ കോഡിലെ മാറ്റങ്ങൾ ശരത്കാലത്തിലാണ് പ്രസിദ്ധീകരിക്കേണ്ടത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിയമം ബാധികമാണ്. നോർത്തേൺ അയർലണ്ടിന് സ്വന്തമായി കോഡ് ഉണ്ട്. പുതുക്കിയ കോഡ് നടപ്പാതകളിലും റോഡ് മുറിച്ചുകടക്കുമ്പോഴും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുമെന്ന് ഡിഎഫ്‌ടി പറഞ്ഞു. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക് വഴി നൽകാൻ ജംഗ്ഷനിലെ റോഡിലേക്ക് തിരിയുന്ന വാഹനമോടിക്കുന്നവരോടും നിലവിലെ കോഡ് ആവശ്യപ്പെടുന്നു.
നാഷണൽ സൈക്കിൾ നെറ്റ്‌വർക്കിലുടനീളമുള്ള മെച്ചപ്പെടുത്തലുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള സൈക്കിൾ പാതകൾക്ക് അധിക ധനസഹായം നൽകുമെന്നും നടത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും സർക്കാർ പറഞ്ഞു. സൈക്കിൾ സഞ്ചാരത്തിൽ കഴിഞ്ഞ 20 വർഷങ്ങളെ അപേക്ഷിച്ച് ഒരു വലിയ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായതായി ഡിഎഫ് ടി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി സിമണ്ട്സ് രണ്ടാമതും ഗർഭിണി ആയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ വർഷമാദ്യം തനിക്ക് ഗർഭാവസ്ഥയിൽ വച്ച് തന്നെ കുഞ്ഞു നഷ്ടപ്പെട്ട വിവരവും മുപ്പതിമൂന്നുകാരിയായ സിമണ്ട്സ് തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ വേദനാജനകമായ ഒരു അനുഭവത്തിലൂടെ ആണ് താൻ കടന്നു വന്നതെന്ന് അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കാരി ഇക്കാര്യം വെളിപ്പെടുത്തിയത്. വീണ്ടും ഗർഭിണി ആയതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഇതേ സാഹചര്യം അനുഭവിക്കുന്ന മറ്റുള്ളവർക്ക് തന്റെ തുറന്നുപറച്ചിൽ ഒരു ആശ്വാസകരം ആകുമെന്ന് അവർ പറഞ്ഞു.
ഡിസംബറോടുകൂടി കാരി കുഞ്ഞിന് ജന്മം നൽകും. ലേബർ പാർട്ടി നേതാവ് സർ കെയിൻ സ്റ്റാർമർ ദമ്പതികൾക്ക് എല്ലാ ആശംസകളും നൽകി.
ഇപ്പോൾ ജനിക്കാൻ പോകുന്ന ഈ കുഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഏഴാമത്തെ കുട്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. മറ്റു രണ്ടു വിവാഹങ്ങളിൽ നിന്നായി ബോറിസ് ജോൺസന് 5 കുട്ടികളുണ്ട്. കൺസർവേറ്റീവ് എംപിമാർ എല്ലാവരും തന്നെ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ദമ്പതികളുടെ ആദ്യത്തെ മകൻ ബോറിസ് ജോൺസന്റെ ആശുപത്രി വാസത്തിനു ശേഷം ഉടനെയാണ് ജനിച്ചത്. ബോറിസ് ജോൺസനെ ചികിത്സിച്ച ഡോക്ടറോടുള്ള ആദരസൂചകമായി മകന്റെ പേരിനോടൊപ്പം നിക്കോളാസ് എന്ന് കൂടി ചേർത്തിരുന്നു. ഈ വർഷം മെയിലാണ് ബോറിസ് ജോൺസൺ കാരിയെ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി വിവാഹം ചെയ്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒ.സി.ഐ കാർഡ് പുതുക്കൽ പ്രവാസി മലയാളികൾക്ക് എന്നും തലവേദനയായിരുന്നു . ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിലും ഒ.സി.ഐ കാർഡ് പുതുക്കാനായി നിരവധി ദിവസങ്ങളിൽ അവധിയെടുത്ത് ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥ. എന്നാൽ ഇനി കുട്ടികളും 50 വയസ്സ് കഴിഞ്ഞവർക്കും ഒസിഐ കാർഡ് പുതുക്കാനായി വി.എഫ്.എസ് ഓഫീസുകളിൽ കയറിയിറങ്ങേണ്ടതില്ല.തങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനായി ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യയുടെ (ഒ.സി.ഐ ) പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു . 20 വയസ്സുവരെയോ 50 വയസിന് ശേഷമോ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഓരോതവണയും ഒ.സി.ഐ പോർട്ടൽ വഴി പാസ്പോർട്ടിൻെറ പകർപ്പും ഏറ്റവും പുതിയ ഫോട്ടോയും അപ്‌ലോഡ് ചെയ്താൽ മതി. പാസ്പോർട്ടിൻെറ പകർപ്പ് ഫോട്ടോയും ഇനി ഒ.സി.ഐ പോർട്ടലിൽ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള മാറ്റങ്ങളാണ് വെബ്സൈറ്റിൽ വരുത്തിയിരിക്കുന്നത് .
തികച്ചും സൗജന്യമായി പുതിയ പാസ്പോർട്ട് ലഭിച്ച് മൂന്നുമാസത്തിനുള്ളിൽ മേൽപ്പറഞ്ഞ രേഖകൾ ഒ.സി.ഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം. നേരത്തെ ഒസിഐ കാർഡ് പുതുക്കുന്നതിനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം ഇന്ത്യൻ മിഷൻ ഓഫീസിൽ ആയിരുന്നു സമർപ്പിക്കേണ്ടത് . വളരെ സമയമെടുത്തിരുന്ന ഈ നടപടികൾക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. വിലാസം , തൊഴിൽ, ഫോൺ നമ്പർ സംബന്ധിച്ചുള്ള വിവരങ്ങൾ പുതുക്കാനും ഓൺലൈൻ സേവനങ്ങൾ അപേക്ഷകന് ഉപയോഗപ്പെടുത്താനാകും.
താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് ഒസിഐ സേവനങ്ങൾ ലഭ്യമാണ്.
https://ociservices.gov.in/welcome
ഡോ. ഐഷ വി
CAD/CAM ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ശിവപ്രസാദ് സർ , സാറിന്റെ ചില ജീവിതാനുഭവങ്ങൾ അയവിറക്കി. താഴ്ന്ന ക്ലാസ്സുകൾ മുതൽ ക്ലാസ്സിൽ ഒന്നാമൻ .ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്ക് ഹോൾഡർ ആയിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റും കിട്ടി. ആ ജോലിയ്ക്ക് ജോയിൻ ചെയ്തു. കടലുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില അസൈൻമെന്റുകളുണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്കിടയിൽ പ്ലാറ്റ് ഫോം തകർന്ന് സാറും സഹപ്രവർത്തകരും കടലിൽ വീണു. ഏതോ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതുകൊണ്ട്. നീന്തൽ വശമില്ലാത്ത സാറിനും സഹപ്രവർത്തകർക്കും ജീവൻ തിരിച്ചു കിട്ടി. എന്നാൽ കടലിൽ വീണതിന്റെ ഭയത്തിൽ നിന്നും സാറിന് മോചിതനാകാൻ ആ കാലഘട്ടത്തിൽ കഴിഞ്ഞില്ല. അതിനാൽ ആദ്യം കിട്ടിയ നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കേണ്ടി വന്നു. പിന്നെ എംടെക്കിന് ചേർന്നു. അതിനും റാങ്ക് ഹോൾഡർ ആയി. അതു കഴിഞ്ഞ് പി എച്ച് ഡി. അതും വിജയകരമായി പൂർത്തിയാക്കി.
ആഹ്ളാദം നൽകിയ വിജയങ്ങളെക്കാൾ വേദനപ്പിക്കുന്നതായിരുന്നു പിന്നീടുള്ള ഏതാനും വർഷങ്ങൾ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും ലഭിച്ചില്ല. ആകെ നിരാശ ബാധിച്ച കാലം. സ്കൂളിലും കോളേജിലും സാറിനേക്കാൾ മാർക്ക് കുറഞ്ഞയാൾ ഐ എ എസുകാരനായി. നിരന്തരമായ ശ്രമവും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാനുള്ള തന്റേടവുമായിരുന്നു അദ്ദേഹത്തിന് തുണയായത്. സാറിന്റെ മറ്റൊരു കൂട്ടുകാരൻ മാർക്ക് സ്കോർ ചെയ്യുന്ന കാര്യത്തിൽ പുറകോട്ടായിരുന്നെങ്കിലും ഒരു മെട്രോപോളിറ്റൻ സിറ്റിയിൽ ഒന്നാന്തരമൊരു ഷോപ്പിംഗ് കോംപ്ലെക്സിന്റേയും സൂപ്പർ മാർക്കറ്റിന്റേയും ഉടമയായി കഴിഞ്ഞിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞാണ് സാറിന് ആർ ഇ സിയിൽ സ്ഥിരമായി ലക്ചറർ പോസ്റ്റ് ലഭിച്ചത്. അദ്ദേഹം അന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഫുൾ സ്കോറർ ആയി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കരെന്നും വിജയിച്ചവരെന്നും നമ്മൾ ചിന്തിക്കും. എന്നാൽ ജീവിത വിജയം മറ്റു ചില നൈപുണ്യങ്ങൾ ( സ്കിൽ) കൂടിയുള്ളവർക്കായിരിക്കും.
ഇപ്പോൾ റിസൾട്ടുകളുടെ സീസൺ ആണ്. പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഫുൾ എപ്ലസ് നേടിയവർ ധാരാളം. ഫുൾ എപ്ലസുകാർക്ക് അഭിനന്ദന പ്രവാഹമായിരിക്കും. അവർക്ക് ഫ്ലക്സ് , അനുമോദന യോഗങ്ങൾ, ട്യൂഷൻ സെന്ററുകാരുടെ നോട്ടീസിൽ ഫോട്ടോ എല്ലാം ഉണ്ടാകും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഒന്നോ രണ്ടോ എ പ്ലസ്സുകൾ നഷ്ടപ്പെട്ട ഡിസ്റ്റിംഗ്ഷൻ നേടിയ , നല്ല കഴിവും നൈപുണ്യമുള്ള ധാരാളം വിദ്യാർത്ഥികൾ റിസൾട്ടു വന്നവരുടെ കൂട്ടത്തിലുണ്ടാകും. അവർ പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങൾ ആകാറില്ല. അവർക്ക് ചിലപ്പോൾ വീട്ടിൽ നിന്ന് പോലും അനുമോദനങ്ങൾ ലഭിച്ചെന്ന് വരില്ല. രക്ഷിതാക്കൾ ചിലപ്പോൾ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥിയെ നോക്കി പഠിക്കാൻ അവരെ ഉപദേശിച്ചേക്കാം. അവർക്ക് വേണ്ടിയാണ് എന്റെ ഈ കുറിപ്പ്. ഒന്നോ രണ്ടോ റിസൾട്ടുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല.
മക്കൾക്ക് കുറച്ച് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവരെ ശകാരിക്കുകയോ രക്ഷിതാക്കൾ മനോവിഷമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം പലവിധത്തിലുള്ള കഴിവുകളുള്ള ബഹുമുഖ പ്രതിഭകളായിരിക്കും അവർ. ചിലർ കര കൗശല വിദഗ്ദരാകാം. ചിലർ ദീനാനുകമ്പയുള്ളവരാകാം , ചിലർ സാഹിത്യത്തിലോ ശാസ്ത്രത്തിലോ കൃഷിയിലോ ഒക്കെ മിടുക്കരാകാം. അവരാരും മോശക്കാർ അല്ല. നാളെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്നവർ ആയിരിക്കും അവർ. രക്ഷിതാക്കളും സമൂഹവും അധ്യാപകരും അവരെയും പ്രോത്സാഹിപ്പിക്കണം. അടുത്ത ഘട്ടത്തിലെ വിജയത്തിലേയ്ക്ക് കുതിക്കാൻ അവരെ സഹായിക്കണം. ആദ്യ ഘട്ടത്തിൽ സ്കോർ കുറഞ്ഞ കുട്ടിയാണെങ്കിലും വിജയിക്കാനുള്ള മനസുണ്ടായിരുന്നാൽ ശുഭപ്രതീക്ഷയുണ്ടായിരുന്നാൽ നിരന്തര ശ്രമമുണ്ടായിരുന്നാൽ തീർച്ചയായും പിന്നീട് അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. ഒരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിയണം. അവനവനെ തന്നെ തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചുമിനുക്കിയെടുക്കുമ്പോഴേ യഥാർത്ഥ വിജയമാകുന്നുള്ളൂ. അവരവർക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ എടുത്ത് പഠിക്കുമ്പോൾ അവർക്കത് നന്നായി പൂർത്തിയാക്കാൻ സാധിക്കുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന മൈക്കിൾ തരകൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന് കണക്കിലും സയൻസിലും സ്കിൽ കുറവായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായെടുത്ത് പഠിച്ചപ്പോൾ റാങ്ക് നേടാനും ഉന്നത പദവിയിൽ എത്താനും സാധിച്ചു. അതിനാൽ എല്ലാ വിദ്യാർത്ഥികളും ഒരാത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. ഭാവിയിൽ ഉന്നത വിജയം സുനിശ്ചിതം . എല്ലാ കൊച്ചു കൂട്ടുകാർക്കും സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് തത്ക്കാലം നിർത്തുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബേസിൽ ജോസഫ്
ബെല്ലാരി രാജാസ് ബീഫ് ഫ്രൈ
ചേരുവകൾ
ബീഫ് -1 കിലോ
വെളുത്തുള്ളി – 1 കുടം
ഇഞ്ചി – 2 പീസ്
കുഞ്ഞുള്ളി – 15 എണ്ണം
മഞ്ഞൾപൊടി -1 1 / 2 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
പെരുജീരകപ്പൊടി -1 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
വെളിച്ചെണ്ണ -50 എംൽ
കൊണ്ടാട്ടം മുളക് -4 എണ്ണം
ചുവന്ന മുളക്(വറ്റൽമുളക്) -5 എണ്ണം
സബോള – 2 എണ്ണം
കുരുമുളക് പൊടി -1 / 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പച്ചമുളക് -2 എണ്ണം
പാചകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകി എടുക്കുക .1 പീസ് ഇഞ്ചി , 10 വെളുത്തുള്ളി അല്ലി ,10 കുഞ്ഞുള്ളി എന്നിവ തൊലി കളഞ്ഞു ഒരു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഒരു മിക്സിങ് ബോളിലേയ്ക്ക് ബീഫ് മാറ്റി 1 ടീസ്പൂൺ മഞ്ഞൾപൊടി ,മുളക്പൊടി ,മല്ലിപൊടി ,പെരുംജീരകപ്പൊടി, അരച്ച് വച്ചിരിക്കുന്ന പേസ്റ്റ്,1 തണ്ടു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഒരു പാനിൽ അല്പം ഓയിൽ ചൂടാക്കി മസാല ചേർത്ത് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി കുക്ക് ചെയ്യുക .ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കിക്കൊടുക്കുക. കുക്ക് ആയി വരുന്നതനുസരിച്ചു ചെറു തീയിൽ നന്നായി വരട്ടി എടുത്തു മാറ്റി വയ്ക്കുക .ഇനിയാണ് ഈ റെസിപ്പിയുടെ രണ്ടാമത്തെ കുക്കിംഗ് സ്റ്റെപ്പ്. അതായത് ബെല്ലാരി രാജ സ്പെഷ്യൽ ബീഫ് ഫ്രൈ യുടെ മാത്രം പാചക രീതി . ഇനി മറ്റൊരു പാനിലേയ്ക്ക് അല്പം ഓയിൽ ചൂടാക്കി കൊണ്ടാട്ടം മുളക് വറുത്തെടുക്കുക ,വറ്റൽമുളക്,വറുത്തെടുത്ത കൊണ്ടാട്ടം മുളക് എന്നിവ പൊടിച്ചെടുത്തു വയ്ക്കുക .ചുവടു കട്ടിയുള്ള ഒരു പാനിൽ അരിഞ്ഞു വച്ചിരിക്കുന്ന 1 കഷണം ഇഞ്ചി,5 അല്ലി വെളുത്തുള്ളി, 5 കുഞ്ഞുള്ളി,പച്ചമുളക് ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി ,ഗരം മസാല ,കുരുമുളക് പൊടി എന്നിവ ചെറിയ തീയിൽ വഴറ്റി എടുക്കുക . മസാലയുടെ പച്ച മണം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സബോളയും കൂടി ചേർത്ത് വഴറ്റുക . ഓയിൽ വലിഞ്ഞു നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കി വരട്ടി വച്ചിരിക്കുന്ന ബീഫ് കൂടി ചേർത്ത് ചെറുതീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കുക . ഇടയ്ക്ക് അല്പം വെളിച്ചെണ്ണ കൂടിചേർത്ത് കൊടുത്താൽ നല്ല ഡാർക്ക് ബ്രൗൺ കളർ ആയി കിട്ടും . ബെല്ലാരി സ്പെഷ്യൽ ബീഫ് വളരെ എരിവുള്ള ഒരു ഡിഷ് ആയി തോന്നുമെങ്കിലും അത്രക്ക് എരിവ് ഉള്ള ഒരു ഫ്രൈ അല്ല . ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഒരു നല്ല കോംബോ ആണ്.
ബേസിൽ ജോസഫ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലഡ് ഓക്സിജൻ മോണിറ്റർ ത്വക്കിൻെറ നിറവ്യത്യാസത്തിന് അനുസരിച്ച് ഫലത്തിൽ വ്യത്യാസം കാണിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് പടർന്നു പിടിച്ചതു മുതൽ രോഗികളായി വീടുകളിൽ കഴിയുന്നവർ ഏറ്റവും കൂടുതൽ ആശ്രയിച്ച ഉപകരണമായിരുന്നു ബ്ലഡ് ഓക്സിജൻ മോണിറ്ററുകൾ. ഇരുണ്ടതോ തവിട്ടു നിറത്തിലോ ആണ് ചർമത്തിൻെറ നിറമെങ്കിൽ ബ്ലഡ് ഓക്സിജൻ മീറ്റർ നൽകുന്നത് തെറ്റായ വിവരങ്ങൾ ആയേക്കാമെന്ന് എൻഎച്ച്എസ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചതിനുശേഷം പൾസ് ഓക്സിമീറ്ററിൻെറ ഉപയോഗം വളരെ വർധിച്ചിട്ടുണ്ട് . രോഗിയുടെ വിരലിൽ ഘടിപ്പിക്കുന്ന ഉപകരണം പ്രകാശകിരണങ്ങൾ തൊലിയിലൂടെ കടത്തിവിട്ടാണ് ഓക്സിജൻെറ അളവ് കണക്കാക്കുന്നത് .
ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ളവരാണെങ്കിൽ പൾസ് ഓക്സിമീറ്റർ ഓക്സിജൻ അളവ് ഉള്ളതിനേക്കാൾ കൂടുതൽ കാണിക്കും എന്നാണ് എൻഎച്ച്എസ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പുതിയ മാർഗ നിർദേശത്തിൽ പറയുന്നത്. ബ്രിട്ടനിൽ കോവിഡ് വന്ന് ബ്ലാക്ക് ഏഷ്യൻ വംശജർ കൂടുതൽ മരണമടയുന്നത് നേരത്തെ വൻ ചർച്ചാവിഷയമായിരുന്നു. വീടുകളിൽ ചികിത്സയിൽ കഴിയാതെ പലരും പൾസ് ഓക്സിമീറ്ററിൻെറ തെറ്റായ ഫലത്തെ ആശ്രയിച്ചത് രോഗാവസ്ഥ ഗുരുതരമാകാൻ ഇടയാക്കിയെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന സംശയമാണ് ഈ അവസരത്തിൽ ഉയർന്നുവരുന്നത്. ആരോഗ്യപരിപാലന ഉപകരണങ്ങളുടെ സാധ്യതയെക്കുറിച്ചും പരിമിതികളെ കുറിച്ചും ജനങ്ങളെ ശരിയായ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എൻഎച്ച്എസ് റേസ് ആൻഡ് ഹെൽത്ത് ഒബ്സർവേറ്ററി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റ്: ഗുരുതരമായി പൊള്ളലേറ്റ യുകെ പ്രവാസി മലയാളി യുവാവിനെ പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ജീവൻ രക്ഷപ്പെടുത്തി അതോടൊപ്പം വലിയ ഒരു അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച വൈകിട്ട് സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ചീഡിലെ ദി ഗ്രീനിലുള്ള ബുക്ക് ഹൗസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. യുവാവിന് ഗുരുതരമായ പൊള്ളലേറ്റു എന്നാണ് റിപ്പോർട്ടുകൾ. കാറിനും തീ പിടിച്ചിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ ആശുത്രിയിൽ ആണ് ചികിത്സയിൽ ഉള്ളത്. എയർ ആംബുലൻസ് ഉപയോഗിച്ചാണ് യുവാവിനെ മാഞ്ചെസ്റ്റെർ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച ആണ് സംഭവം ഉണ്ടായത്. 4.49 -ന് വിവരം ലഭിച്ചതനുസരിച്ച് 10 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. അതിനുള്ളിൽ തന്നെ തീ അണയ്ക്കാൻ പെട്രോൾ പമ്പ് ജീവനക്കാർക്ക് സാധിച്ചു എന്ന് ഫയർ ഇൻവെസ്റ്റിഗേറ്റർ ഗാരി ഫോക്സ്സ് പറഞ്ഞു . സംഭവിച്ചത് വളരെ ഭയാനകമായിരുന്നു എന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.
പൊള്ളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ യുവാവിൻെറ ഭാര്യ നേഴ്സാണ്. ഒരു കുട്ടിയുമുണ്ട്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം യുകെയിൽ എത്തിയത്.
ഈ സംഭവവുമായി എന്തെങ്കിലും വിവരം അറിയുന്നവർ സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസിന്റെ ഫേസ്ബുക്കിലോ, ട്വിറ്റെർ വഴിയോ അറിയിക്കാൻ പോലീസ് അഭ്യർത്ഥിക്കുന്നു. ഇൻസിഡന്റ് നമ്പർ 483 ജൂലൈ 27.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആൽഡി, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളേക്കാൾ മുപ്പതു ശതമാനം വിലക്കുറവ് അവകാശപ്പെടുന്ന ‘മിയർ ‘ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ആദ്യ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘റഷ്യൻ ലിഡിൽ ‘ എന്നറിയപ്പെടുന്ന ഈ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ യുകെയിലെ ആദ്യ ബ്രാഞ്ചാണ് പ്രെസ്റ്റണിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നത്. 2021 ന്റെ ആദ്യം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് മൂലമുള്ള ജോലിക്കാരുടെ ക്ഷാമം മൂലം നീട്ടി വെക്കുകയാണ് ചെയ്തത്. വിലക്കുറവ് ലഭ്യമാക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും, സൗകര്യവും സർവീസുകളും കുറവായിരിക്കുമെന്നും മിയർ ഗ്രൂപ്പ് യുകെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലക്സാണ്ടർ ജാക്ലോവ് വ്യക്തമാക്കി.
പ്രസ്റ്റണിലെ ബ്രാഞ്ചിനോടൊപ്പം തന്നെ, മറ്റ് മൂന്ന് ഔട്ട്‌ലെറ്റുകൾ കൂടി ഈ വർഷം ഉണ്ടാകുമെന്നാണ് കമ്പനി നൽകുന്ന റിപ്പോർട്ടുകൾ. വെയിൽസിലെ മോൾഡിലും, കാൽഡികോട്ടിലും, വടക്കൻ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫോർഡിലും ആകും മറ്റു മൂന്നു ബ്രാഞ്ചുകളും ഉണ്ടാകുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ, യുകെയിൽ മുഴുവനായി മുന്നൂറോളം ബ്രാഞ്ചുകൾ തുറക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മിയർ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 3200 ബ്രാഞ്ചുകൾ ആണ് റഷ്യയിൽ മാത്രമായി മിയർ ഗ്രൂപ്പിനുള്ളത്. 2018 ലാണ് ഇവർ യൂറോപ്പിലെ തങ്ങളുടെ ആദ്യ ബ്രാഞ്ച് തുറന്നത്. റഷ്യയ്ക്ക് പുറമേ, റൊമേനിയ, ലിത്തുവേനിയ, ലാറ്റ്വിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ബ്രിട്ടനിൽ ക്യാഷ് മെഷീനുകളിലൂടെ പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ക്യാഷ് മെഷീനുകളിലെ വിത്ത്‌ഡ്രോവൽ സ്ലോട്ടുകൾ മറച്ചുവെച്ച് ജനങ്ങളുടെ പണം തട്ടുന്ന സംഘം ശക്തമായി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഫുട്ടേജുകൾ പുറത്തുവന്നതിനെ തുടർന്നാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പണം പിൻവലിക്കുന്നതിനും, നിക്ഷേപിക്കുന്നതിനും വെവ്വേറെ സ്ലോട്ടുകളുള്ള മെഷീനിന്റെ, പണം പിൻവലിക്കാനുള്ള സ്ലോട്ട് മറച്ചുവെയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതുമൂലം പണം പിൻവലിക്കാൻ ശ്രമിക്കുന്ന കസ്റ്റമർക്ക് പണം ലഭിക്കാതെ വരുമ്പോൾ മെഷീൻ പ്രവർത്തനരഹിതമാണെന്ന ധാരണയിൽ അവർ തിരിച്ചു പോകും. ഈ സമയം മറച്ചുവെച്ച വിത്ത്‌ഡ്രോവൽ സ്ലോട്ടിൽ എത്തിയിരിക്കുന്ന പണം തട്ടിപ്പുകാർ കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഈ സമയമത്രയും തങ്ങൾക്ക് പണം നഷ്ടപ്പെട്ടതായി കസ്റ്റമർ അറിയുന്നില്ല.
സോഷ്യൽ മീഡിയയിൽ ഒരു ടിക് ടോക് യൂസർ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി വെളിവാക്കിയിരിക്കുന്നത്. എന്തുകൊണ്ട് തനിക്ക് പണം ലഭിക്കുന്നില്ലെന്ന് വീഡിയോയിൽ ഹസൻ മഹമൂദ് എന്ന കസ്റ്റമർ ചോദിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഈ കസ്റ്റമർ പ്ലാസ്റ്റിക് കൊണ്ട് മൂടിവെയ്ക്കപ്പെട്ട സ്ലോട്ട് കണ്ടെത്തുകയും, അതിൽ തന്റെ പണം കണ്ടെത്തുകയും ചെയ്യുന്നതായാണ് വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. നേഷൻ വൈഡ് ബിൽഡിങ് സൊസൈറ്റിയുടെ ക്യാഷ് പോയിന്റിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റ് ക്യാഷ് മെഷീനുകളിലും സംഭവിക്കാവുന്നതാണ്. പണം പിൻവലിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് ലഭിച്ചില്ലെങ്കിൽ ഉടൻതന്നെ തങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി ജനങ്ങൾ ബന്ധപ്പെടണമെന്ന് ഇൻഡസ്ട്രി ബോഡി യുകെ ഫിനാൻസ് വ്യക്തമാക്കി. എന്തെങ്കിലും തരത്തിൽ തട്ടിപ്പ് കണ്ടെത്തുന്ന ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടോക്കിയോ : ടോക്കിയോ ഒളിമ്പിക്സിൽ ഗ്രേറ്റ് ബ്രിട്ടന് ഇന്ന് ആറു മെഡലുകൾ. ആവേശകരമായ സൈക്ലിങ് ബിഎംഎക്സ് മത്സരത്തിൽ ബഥനി ശ്രീവർ സ്വർണം കരസ്ഥമാക്കിയപ്പോൾ പുരുഷന്മാരുടെ ബിഎംഎക്സിൽ കൈ വൈറ്റ് വെള്ളി നേടി. പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ വെള്ളി നേടിയതോടെ ഡങ്കൻ സ്കോട്ട് ഈ ഒളിമ്പിക്സിലെ തന്റെ മെഡൽ നേട്ടം മൂന്നായി ഉയർത്തി. ലൂക്ക് ഗ്രീൻബാങ്ക് 200 മീറ്റർ ബാക്ക് സ്ട്രോക്ക് വെങ്കലം നേടി. വനിതാ ട്രാംപോളിംഗിൽ ബ്രയോണി പേജ് വെങ്കലം നേടിയപ്പോൾ റോയിംഗിൽ പുരുഷന്മാരുടെ ടീം മൂന്നാം സ്ഥാനത്തേയ്ക്ക് തുഴഞ്ഞു കയറി. മെഡൽ പട്ടികയിൽ ബ്രിട്ടൻ ആറാം സ്ഥാനത്താണ്. രണ്ട് റോയിംഗ് മെഡലുകളോടെയാണ് ബ്രിട്ടൻ ഗെയിംസ് പൂർത്തിയാക്കിയത്.
പരിശീലനച്ചെലവ് നികത്താൻ അദ്ധ്യാപക സഹായിയായി ജോലി ചെയ്ത ഇരുപത്തിരണ്ടുകാരിയുടെ സ്വർണ മെഡൽ നേട്ടം ഏറെ പ്രതീക്ഷ നൽകുന്നതാണ്. “സത്യസന്ധമായും ഞാൻ ഞെട്ടിപ്പോയി. ഇവിടെയെത്തുന്നത് തന്നെ ഒരു നേട്ടമാണ്.” – എസ്സെക്സ് സ്വദേശിയായ ബഥനി പ്രതികരിച്ചു. ഇന്ന് ആരംഭിച്ച അത്‌ലറ്റിക്സിൽ 100 മീറ്റർ ഹീറ്റ്സിലെ മികച്ച പ്രകടനത്തോടെ ഡിന ആഷർ-സ്മിത്ത് സെമി ഫൈനലിലേക്ക് പ്രവേശനം നേടി. സെമി ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവിനോട് തോൽവി ഏറ്റുവാങ്ങിയതോടെ സ്വർണനേട്ടവുമായി മടങ്ങാമെന്ന നൊവാക് ജോക്കോവിച്ചിന്റെ പ്രതീക്ഷ അസ്തമിച്ചു.
ആറു സ്വർണവും ഒമ്പതു വീതം വെള്ളിയും വെങ്കലവുമായി 24 മെഡലുകളാണ് ഇതുവരെ ബ്രിട്ടൻ നേടിയെടുത്തിട്ടുള്ളത്. ലണ്ടനിൽ, ബ്രിട്ടന് ഈ ഘട്ടത്തിൽ എട്ട് സ്വർണ്ണ മെഡലുകൾ ഉണ്ടായിരുന്നു. റിയോയിൽ ഏഴും. ആകെ മെഡൽ നേട്ടങ്ങളുടെ കണക്കിൽ കഴിഞ്ഞ രണ്ട് ഒളിമ്പിക്സിനെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇപ്പോൾ ബ്രിട്ടൻ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ വിജയിച്ച ബ്രിട്ടീഷ് ബോക്സിംഗ് താരങ്ങളായ ബെൻ വിറ്റേക്കറും പാറ്റ് മക്കോർമാക്കും മെഡലുകൾ ഉറപ്പാക്കി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ബെൽജിയവുമായി 2-2 സമനില നേടിയ ശേഷം ഗ്രേറ്റ് ബ്രിട്ടൻ പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഇന്ത്യയെ നേരിടും.