ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഓസ്ട്രേലിയ :- പ്രമുഖ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. രാജ്യത്തേക്കുള്ള പ്രവേശനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിക്കുവാൻ താരത്തിന് കഴിയാത്തതാണ് വിസ റദ്ദാക്കാൻ കാരണമെന്ന് ഓസ്ട്രേലിയൻ ബോർഡർ ഏജൻസി വ്യക്തമാക്കി. മെൽബൺ എയർപോർട്ടിലെത്തിയ ജോക്കോവിച്ചിന്റെ നിരവധി മണിക്കൂറുകളുടെ കാത്തിരുപ്പിന് ശേഷമാണ് ബോർഡർ ഫോഴ്സ് അധികൃതർ വിസ റദ്ദാക്കിയ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ഇതിനുശേഷം ഇദ്ദേഹത്തെ ഗവൺമെന്റ് ഡിറ്റൻഷൻ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വ്യാഴാഴ്ച ഇദ്ദേഹത്തെ തിരിച്ചയയ്ക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ വിവരം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സോഷ്യൽ മീഡിയയിൽ അറിയിച്ചു. അടുത്തതായി വരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ എത്തിയ താരത്തെ വാക്സിൻ എടുക്കാത്തത് മൂലമാണ് നിയന്ത്രിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.


രാജ്യത്തിന്റെ നിയമങ്ങൾ ആർക്കുവേണ്ടിയും ഒഴിവാക്കാനാവില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പുതിയ വിസയ്ക്ക് ജോക്കോവിച്ചിന് അപേക്ഷിക്കാം എന്നാണ് നിലവിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി മാത്രമാണ് ഓസ്ട്രേലിയൻ അധികൃതർ വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കുന്നത്. ഇതിനായി വിസ ആപ്ലിക്കേഷൻ സമയത്ത് പ്രത്യേകമായി രേഖപ്പെടുത്തണമെങ്കിലും ജോക്കോവിച്ച് ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകിയില്ല എന്നതാണ് വിസ റദ്ദാക്കാൻ കാരണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെന്നും അതുപോലെയാണ് ജോക്കോവിച്ചിനെതിരെ ഇത്തരമൊരു നടപടിയെന്നും ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

എന്നാൽ ജോക്കോവിച്ചിനെതിരെയുള്ള ഈ നടപടി അദ്ദേഹത്തിന്റെ മാതൃരാജ്യമായ സെർബിയയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ജോക്കോവിച്ചിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ 90% ജനങ്ങളും വാക്സിൻ ലഭിച്ചവരാണ്. പണമുള്ളവർക്ക് നിയമങ്ങൾ വളച്ചൊടിക്കാമെന്നും, സാധാരണക്കാർക്ക് മാത്രമാണ് കോവിഡ് നിയമങ്ങൾ ബാധകമെന്നുമുള്ള ആരോപണങ്ങൾ ഓസ്ട്രേലിയൻ ഗവൺമെന്റിനെതിരെ ജനങ്ങൾ ഉയർത്തിയിരുന്നു. ഇതേതുടർന്നാണ് പ്രമുഖ ടെന്നിസ് താരത്തിനെതിരെയുള്ള ഇത്തരമൊരു നടപടി. മെൽബണിൽ ജനുവരി 17 നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. മുൻപ് 9 പ്രാവശ്യം ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.