Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂകാസിൽ: ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനമായി പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥിക്ക് വൻ വിജയം. ന്യൂകാസിൽ ബറോയിലെ ബ്ലെക്‌ലോ വാർഡിൽ നിന്ന് ജനവിധി തേടിയ ജുന സത്യൻ, പോൾ ചെയ്ത വോട്ടിന്റെ അറുപതു ശതമാനം നേടിയാണ് വിജയിച്ചത്. ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് 23 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 13 ശതമാനം നേടിയ കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തെത്തി.

നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററായി (ഫിസിക്സ്) ജോലി ചെയ്യുകയാണ് ജുന. മുൻപ് ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഓണററി സീനിയർ ലക്ചറർ ആയിരുന്നു. പാലാ സ്വദേശിയായ ജുന കേരളത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി-പിഎച്ച്ഡി ഫിസിക്‌സിൽ തുടർ പഠനങ്ങൾ നടത്തി.

ഭർത്താവ് സത്യൻ ഉണ്ണി, മക്കളായ മിലൻ സത്യ (6), മിലിന്ദ് സത്യ (6) എന്നിവർക്കൊപ്പം ഇപ്പോൾ ന്യൂകാസിലിൽ സ്ഥിരതാമസം. ഭർത്താവിനും മക്കൾക്കുമൊപ്പം ബ്ലെക്‌ലോ പാർക്കിൽ പോയി മാലിന്യം ശേഖരിച്ചു
തുടങ്ങിയതോടെയാണ് ജുന ജനശ്രദ്ധയാകർഷിച്ചത്. 2021ൽ ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ഫേസ്ബുക്ക് പേജ് തുടങ്ങി.

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയും സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ക്യാമ്പെയ്‌ൻ ഇപ്പോഴും ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ശനിയാഴ്ചയും, ജൂനയുടെ മക്കൾ ഹിൽട്ടൺ പ്രൈമറി അക്കാദമിയിലുള്ള സുഹൃത്തുക്കളോടൊപ്പം മാലിന്യ ശേഖരണത്തിൽ ഏർപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപത്തിനാലുകാരിയായ എൻഎച്ച്എസ് നേഴ്സിന്‌ ബ്രെയിൻ ട്യൂമർ കണ്ടെത്തി.ഡൺ‌ഡിയിലെ നൈൻ‌വെൽ‌സ് ഹോസ്പിറ്റലിൽ നൈറ്റ് ഷിഫ്റ്റിലായിരിക്കുമ്പോഴാണ് തൻറെ ബാലൻസ് നഷ്ടപ്പെടുന്നതും ഇരട്ടിയായി കാണുന്നതും ഫേൺ കാമറൂൻെറ ശ്രദ്ധയിൽപ്പെട്ടത്. ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന ഇവർ 2021 ജനുവരി മുതൽ താൻ പെട്ടെന്ന് ദേഷ്യപ്പെടുന്നതും മുറിവേൽക്കുന്നതും ശ്രദ്ധിക്കാൻ തുടങ്ങി. ഇതേതുടർന്ന് അവരെ ജിപി നൈൻവെൽസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. തുടർന്ന് എംആർഐ സ്കാനിങ്ങിൽ വലിയ ബ്രെയിൻ ട്യൂമർ കണ്ടെത്തി. ബ്രെയിൻ ട്യൂമറിൻെറ സമ്മർദ്ദം ബ്രെയിൻ സ്റ്റെമിൽ വന്നതിനാൽ ഉടൻതന്നെ ശസ്ത്രക്രിയ നടത്തി.

നേത്രരോഗ വിദഗ്ധൻെറ അടുക്കൽ എത്തിയപ്പോൾ തൻറെ കണ്ണുകൾ താൻ നിയന്ത്രിക്കാതെ തന്നെ ചലിക്കുന്നതായി കണ്ടെത്തി. അടുത്തദിവസംതന്നെ എംആർഐ സ്കാനിങ് നടത്തുകയും ട്യൂമർ കണ്ടെത്തുകയും ആയിരുന്നു. 2021 ഒക്ടോബറിൽ ഇവർ ജോലിയിൽ തിരിച്ചെത്തി. ഇപ്പോൾ മറ്റ് ബ്രെയിൻ ട്യൂമർ വന്ന രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് ട്രാൻസ്‌ജെൻഡർ എസ്‌കോർട്ടിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇംഗ്ലണ്ട് ഫുട്ബോൾ താരം ബ്ലാക്ക് മെയിലിൽ കുടുങ്ങി. പ്രമുഖ താരത്തിന്റെ കയ്യിൽ നിന്നും ഭീഷണിയിലൂടെ 30,000 പൗണ്ട് തട്ടിയെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഏപ്രിലിൽ 150 പൗണ്ട് മുടക്കിയാണ് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. എല്ലാം സ്വകാര്യമാണെന്ന് കരുതിയെങ്കിലും താരം അറിയാതെ ഫോട്ടോയും വീഡിയോയും എടുത്ത യുവതി അതിലൂടെ ഭീഷണി മുഴക്കിയാണ് പണം തട്ടിയത്. താരം പോലീസിൽ പരാതിപ്പെട്ടെന്നും ജൂൺ അവസാനം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും സൺ റിപ്പോർട്ട്‌ ചെയ്തു.

എന്നാൽ ഇത് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനനഷ്ടവും ആരാധകരിൽ നിന്നുണ്ടാകുന്ന പരിഹാസവും ഓർത്ത് താരം ആശങ്കയിലായിരുന്നു. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് കേസെടുത്തെങ്കിലും മൊഴി നൽകാൻ അദ്ദേഹം തയ്യാറായില്ല. താരത്തിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളും ബാങ്ക് ട്രാൻസ്ഫറുകളും പോലീസ് ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. ഇതോടെ കേസ് ഉപേക്ഷിക്കുകയായിരുന്നു എന്ന് താരത്തിന്റെ ക്ലബ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ നേരിടുന്ന കടുത്ത വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ചിരിക്കുകയാണ്. ജീവിതച്ചെലവ് അനിയന്ത്രിതമായി വർധിച്ചതിനാൽ പലരും തങ്ങളുടെ കടം തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. അതുകൊണ്ട് തന്നെ പലരുടേയും മാസംതോറുമുള്ള തിരിച്ചടവ് മുടങ്ങി തുടങ്ങി.

30 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗത്തിലാണ് വിലകൾ കുതിച്ചുയരുന്നത്. അതുകൊണ്ടുതന്നെ കടങ്ങൾ തിരിച്ചടയ്ക്കാൻ പല കുടുംബങ്ങൾക്കും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പലതും മാറ്റി വയ്ക്കേണ്ടതായി വരുന്നു. വിലക്കയറ്റത്തിനൊപ്പം തന്നെ ഗാർഹിക ഗ്യാസിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ വർധിക്കുന്നതും കുടുംബങ്ങളെ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിൽ ആക്കുന്നു.

കമ്പനികൾ പലതും കോവിഡ് അനുബന്ധ സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതും തൊഴിലില്ലായ്മയെ രൂക്ഷമാക്കിയിട്ടുണ്ട്. സാമ്പത്തിക നില ഭദ്രമാക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കമ്പനികൾ തുനിയുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നതായാണ് സൂചനകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ജീവിത ചെലവിലെ വര്‍ധനയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ബോറിസിന്റെ നടപടികളുമൊക്കെയാണ് കണ്‍സര്‍വേറ്റിവിന്റെ പതനത്തിന് കാരണം. ലണ്ടന്‍ നഗരത്തിലെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. ലണ്ടനിൽ ടോറി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വെസ്റ്റ്മിനിസ്റ്റർ, വാൻസ്വർത്ത്, ബാർനറ്റ് എന്നീ കൗൺസിലുകൾ മികച്ച ഭൂരിപക്ഷത്തിൽ ലേബർ പാർട്ടി തിരിച്ചു പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ വിജയം. 1964 മുതല്‍ ആധിപത്യമുള്ള ബാര്‍നെറ്റിലും 1978 മുതല്‍ കൈവശംവച്ചിരുന്ന വാന്‍ഡ്‌സ്‌വര്‍ത്തിലും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം നേരിടേണ്ടിവന്നു.


ലണ്ടൻ സിറ്റിയിലെ 32 ബറോകളിലാണ് ലേബർ പാർട്ടി മികച്ച വിജയം നേടിയത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഫലം വൈകുമെന്നാണ് സൂചന. പരാജയപ്പെട്ട പ്രാദേശിക നേതാക്കൾ ഇതിനകം തന്നെ ജോൺസനെതിരെ തിരിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കൗണ്‍സിലര്‍മാരെ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലുമായി 7000 ഓളം കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ലേബർ പാര്‍ട്ടി കൈവശം വെച്ചിരുന്ന ഹള്‍ സിറ്റി കൗണ്‍സില്‍ ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു. ഗ്രീന്‍ പാര്‍ട്ടിയും ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റീവ്, ലേബര്‍ സീറ്റുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 10 കൗൺസിലുകളിൽ നിന്നുണ്ടായ തോൽവിക്ക് ശേഷം, “കൺസർവേറ്റീവുകൾക്ക് ഇതൊരു കഠിനമായ രാത്രിയാണെന്ന്” ബോറിസ് ജോൺസൺ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയങ്ങൾ വലിയ വഴിതിരിവാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞെങ്കിലും ലണ്ടന് പുറത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ ലേബർ പാർട്ടിക്കും കഴിഞ്ഞിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബീൽഫെൽഡ്, ജർമനി : ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കിയ സ്ത്രീയ്ക്ക് ആറു മാസത്തെ ജയിൽ ശിക്ഷ വിധിച്ച് ജർമ്മൻ കോടതി. ഗർഭിണിയാകുക എന്ന ലക്ഷ്യത്തോടെയാണ് 39കാരിയായ സ്ത്രീ പങ്കാളിയുടെ അനുവാദം ഇല്ലാതെ ഇത് ചെയ്തത്. ‘സ്റ്റെൽത്തിംഗ്’ എന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തിൽ സ്ത്രീയുടെ സമ്മതം കൂടാതെ പുരുഷൻ കോണ്ടം നീക്കം ചെയ്യുന്ന രീതിയാണ് സ്റ്റെൽത്തിംഗ്. എന്നാൽ ഈ രീതി തിരിച്ചും ബാധകമാണെന്നും പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോണ്ടത്തിൽ ദ്വാരങ്ങൾ ഇട്ടതെന്നും ജഡ്ജി പറഞ്ഞു. സാധാരണ വിവാഹേതര ബന്ധങ്ങളില്‍, പ്രത്യേകിച്ചു ഡേറ്റിംഗ് പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഇതു നടക്കുന്നത്.

ലൈംഗിക ബന്ധത്തിന് ശേഷം, താൻ കോണ്ടത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കിയെന്നും ഇപ്പോൾ ഗർഭിണിയാണെന്നും സ്ത്രീ പുരുഷനോട് പറഞ്ഞു. ഇങ്ങനെയാണ് സ്ത്രീക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പരാതി നൽകാൻ പങ്കാളി തയ്യാറായത്. 2021 മുതൽ സുഹൃത്തുക്കളാണ് ഇവർ. എന്നാൽ സ്ത്രീക്കെതിരെ എന്ത് കുറ്റം ചുമത്തണമെന്ന് കോടതിക്ക് ഉറപ്പില്ലായിരുന്നു. ആദ്യം ബലാത്സംഗക്കുറ്റം ചുമത്തിയെങ്കിലും പിന്നീട് ലൈംഗിക അതിക്രമത്തിനാണ് കേസ് എടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അറുപത്തഞ്ച് വയസ്സുകാരനായ തന്റെ അയൽക്കാരൻ ഡേവിഡ് ബട്ട്ലറുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കാളിയായ യുവതി അടുത്തദിവസം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ മോഷണം നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹള്ളിൽ നിന്നുള്ള ഇരുപത്തേഴുകാരിയായ ലിയൻ ഹണ്ടറാണ് ഇത്തരത്തിൽ മോഷണം നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു. മരിച്ചയാളുടെ വിവാഹ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ വാലറ്റിൽ ഉണ്ടായിരുന്ന 200 പൗണ്ട് തുക എന്നിവയെല്ലാം തന്നെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ഡേവിഡ് ബട്ട്ലർ മരണപ്പെട്ടത്. അതിനു ശേഷം ഉടൻ തന്നെ ഹണ്ടർ മോഷണം നടത്തിയിട്ടുണ്ടെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. രണ്ടാഴ്ചകൾക്ക് ശേഷം കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അയൽക്കാരിൽ ഒരാൾ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ഹണ്ടർ വെറും കയ്യോടെ ഫ്ലാറ്റിൽ പ്രവേശിച്ചതിനു ശേഷം പിന്നീട് സാധനങ്ങളുമായി തിരികെ പോകുന്നത് വ്യക്തമായി തന്നെ കാണുന്നുണ്ട്. മരണപ്പെട്ട ബട്ട്ലറുടെ മകൾ മെലനി ബട്ട്ലർ ഹണ്ടറോട് തന്റെ പിതാവിന്റെ സാധനങ്ങൾ തിരികെ നൽകുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വളരെ മോശമായ രീതിയിൽ മേലനിയോട് ഹണ്ടർ പ്രതികരിക്കുകയും വാതിൽ അടക്കുകയും ചെയ്തതായാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. തന്റെ മാതാപിതാക്കളുടെ വിലയേറിയ വസ്തുക്കൾ എടുക്കുവാൻ ഹണ്ടറിനു യാതൊരു അവകാശവുമില്ലെന്ന് മേലനി പ്രതികരിച്ചു. ഹണ്ടർ മുൻപും ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുള്ളതായാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധം മുതലെടുത്ത് നിരവധി വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ. യുക്രൈനിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാനായി ഓൺലൈൻ തട്ടിപ്പുകാർ നൂറുകണക്കിന് വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിബിസിയാണ് അന്വേഷണം നടത്തിയത്. ‘സേവ് ദി ചിൽഡ്രൻ’ പോലുള്ള ചാരിറ്റികളുടെ ബ്രാൻഡിംഗ് ഉപയോഗിച്ച് പല വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തി. സൈനികർക്ക് ആയുധം നൽകുന്നുവെന്ന വ്യാജേന ധനസമാഹരണം നടത്തുന്ന സൈറ്റുകളുമുണ്ട്. 100,000 ഡോളർ (80,000 പൗണ്ട്) സമാഹരിച്ചതായി അവകാശപ്പെടുന്ന സേവ് ലൈഫ് ഡയറക്റ്റ് എന്ന വ്യാജ സൈറ്റ് നൈജീരിയയിലെ അബുജയിലുള്ള ഒരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ “പടിഞ്ഞാറൻ യുക്രൈനിലുള്ള ഒരു സുഹൃത്തിന് താൻ സംഭാവനകൾ അയയ്‌ക്കുകയാണെന്ന്” മറുപടി നൽകി.

എന്നാൽ താൻ 100,000 ഡോളർ സമാഹരിച്ചിട്ടില്ലെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം വെബ്സൈറ്റ് നീക്കം ചെയ്തതായി കണ്ടെത്തി. ധനസമാഹരണം നടത്തുന്ന യഥാർത്ഥ സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ മോഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വ്യാജ സൈറ്റുകളുമുണ്ട്. മുൻനിര പോരാളികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന ടാന്യ താരസെവിച്ചിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചും തട്ടിപ്പ് നടത്തി. “ഈ രാജ്യം മുഴുവൻ തീപിടിക്കുകയും ഇവിടുത്തെ കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിയോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഇത് ഒരു കുറ്റകൃത്യമാണ്.” ടാന്യ പ്രതികരിച്ചു.

സേവ് ദി ചിൽഡ്രൻ എന്ന ചാരിറ്റിയുടെ ലോഗോയും ബ്രാൻഡിംഗും മോഷ്ടിച്ച് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായും ബിബിസി കണ്ടെത്തി. ഓൺലൈൻ തട്ടിപ്പുകാർ എപ്പോഴും ഒരു പുതിയ അവസരം തിരയുകയാണെന്ന് സറേ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന ജാക്ക് വിറ്റേക്കർ പറഞ്ഞു. “ഇപ്പോൾ അവർ യുക്രൈൻ പ്രതിസന്ധി മുതലെടുത്ത് പ്രവർത്തിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് ഒരു ശതമാനമായി ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെ നേതൃത്വത്തിൽ മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തെ പലിശ നിരക്ക് 0.75 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി ഉയർത്തി. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ ആറുപേരും പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിച്ചു. ബാക്കിയുള്ളവർ നിരക്ക് 1.25% ആയി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ടു. ഡിസംബറിന് ശേഷം തുടർച്ചയായ നാലാമത്തെ വർധനയാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്ക് ഉയർത്തുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

യുദ്ധം മൂലം ഇന്ധനം, ഊർജ്ജം, ഭക്ഷണം എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ വർഷാവസാനത്തോടെ പണപ്പെരുപ്പം 10% കടക്കുമെന്നാണ് പ്രവചനം. പണപ്പെരുപ്പം മാർച്ചിൽ 7 ശതമാനത്തിലെത്തിയിരുന്നു. ഇതിന്റെ ഫലമായി ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുടുംബങ്ങൾ നിർബന്ധിതരാകും. ചെറുകിട വ്യവസായങ്ങളും അതിജീവിക്കാൻ പാടുപെടുകയാണ്. അതേസമയം, ആഗോളതലത്തിൽ എണ്ണ, വാതക വിലകൾ ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത് കാര്യമായ ഫലമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നാണ് പ്രവചനം.

വരും മാസങ്ങളിൽ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. യുദ്ധം മൂലം ലോകത്തിന്റെയും യുകെയുടെയും സാമ്പത്തിക വളർച്ചയിൽ ഭൗതികമായ തകർച്ച ഉണ്ടായതായി ബാങ്ക് നയരൂപകർത്താക്കൾ പറഞ്ഞു. വില വർധനയിൽ പകച്ചു നിൽക്കുന്ന മലയാളി കുടുംബങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.

RECENT POSTS
Copyright © . All rights reserved