Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അപേക്ഷകരുടെ വർദ്ധനവിനെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളോട് ഒരു വർഷത്തേക്ക് തങ്ങളുടെ കോഴ്സ് നീട്ടി വയ്ക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എക്സറ്റർ യൂണിവേഴ്സിറ്റി. ഇത്തരത്തിൽ നീട്ടി വയ്ക്കുന്നവർക്ക് അടുത്ത വർഷം സൗജന്യ താമസ സൗകര്യവും, 10,000 പൗണ്ട് തുകയും ഉറപ്പാണെന്ന വാഗ് ദാനവും യൂണിവേഴ്സിറ്റി നൽകുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വിദ്യാർഥികളുടെ വർദ്ധനവാണ് മെഡിക്കൽ അഡ്മിഷൻ രംഗത്ത് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ സർക്കാർ ഈ വർഷം വെട്ടിച്ചുരുക്കൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ കുട്ടികൾ അടുത്ത വർഷത്തേക്ക് കാത്തിരുന്നാൽ, അടുത്ത വർഷം അഡ്മിഷൻ എടുക്കുന്നവരെ ഇത് കാര്യമായി ബാധിക്കും. എക്സറ്റർ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ 2022 ലേയ്ക്ക് കാത്തിരിക്കുവാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിൽ കാത്തിരിക്കുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുമെന്നാണ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി 6574 പൗണ്ട് മുതൽ 7611 പൗണ്ട് വരെയാണ് വിദ്യാർത്ഥികളോട് താമസ സൗകര്യത്തിനായി യൂണിവേഴ്സിറ്റി ഈടാക്കുന്നത്. വളരെ അധികം വിദ്യാർഥികൾ ഈവർഷം തങ്ങളുടെ പഠനത്തിനായി എക്സറ്റർ യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫസർ മാർക്ക് ഗുഡ്‌വിൻ അറിയിച്ചു. അഡ്മിഷൻ എടുക്കുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യവും, പഠനാന്തരീക്ഷവും ഒരുക്കുക എന്നത് യൂണിവേഴ്സിറ്റിയുടെ കർത്തവ്യമാണ്. അതിനാൽ തന്നെയാണ് അധികമുള്ള കുട്ടികളോട് കാത്തിരിക്കുവാനായി ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കായി ചെലവാക്കേണ്ടുന്ന തുകയുടെ അളവ് വളരെ കൂടുതലായതിനാൽ ആണ് ഗവൺമെന്റ് ഇത്തരത്തിലുള്ള സീറ്റുകളുടെ എണ്ണം കുറച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങളിൽ എൻഎച്ച്എസ് ആശുപത്രികളിൽ വിദ്യാർഥികൾ സേവനം ചെയ്യേണ്ടതുമാണ്. ഗവൺമെന്റിൻെറ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന സൂചനകൾ പുറത്തുവന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണവും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സമ്പർക്ക പട്ടികയിലുള്ളവർക്ക് എൻഎച്ച്എസ് ആപ്പിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം നൽകുന്നതാണ് കടുത്ത പ്രതിസന്ധിയ്ക്ക് ആധാരം. സൂപ്പർമാർക്കറ്റ് ഉൾപ്പെടെ ആവശ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ ജീവനക്കാർക്കാണ് ദിനംപ്രതി ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കാരുടെ ക്ഷാമം മൂലം പല സ്ഥാപനങ്ങളും ബ്രിട്ടനിൽ അടച്ചിടൽ ഭീക്ഷണിയിലാണ്.

ലോറി ഡ്രൈവർമാർ, മറ്റ് ഭക്ഷ്യ സംഭരണ മേഖലയിലുള്ളവർ തുടങ്ങിയവർക്ക് എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചതിനാൽ ഭക്ഷ്യ വിതരണശൃംഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നാണ് ആ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തത്ഫലമായി അധികം താമസിയാതെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയാകുമെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ശൂന്യമായ സൂപ്പർമാർക്കറ്റിലെ ഷെൽഫുകളുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റപ്പെടൽ നിർദേശത്തെ തുടർന്നുണ്ടാകുന്ന ഗുരുതര പ്രതിസന്ധി മുന്നിൽ കണ്ട് എൻഎച്ച്എസിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. സമാന രീതിയിൽ 10 ദിവസത്തെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ഇൻ-സ്റ്റോർ സ്റ്റാഫിനെയും വിതരണക്കാരെയും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡർബി സെന്റ് ഗബ്രിയേൽ മിഷനിലെ സീറോ മലബാർ വിശ്വാസ സമൂഹം ഒന്നായി ദൈവത്തിന് നന്ദി പറയുന്ന ദിവസമാണ് 2021 ജൂലൈ 22. സീറോ മലബാർ സമൂഹത്തിൽ നിന്നുള്ള യൂജിൻ ജോസഫ് ഇന്ന് പുരോഹിതനായി അഭിഷിക്തനാക്കപ്പെടുകയാണ്. അമേരിക്കയിലെ കൊളംബസ് രൂപതയ്ക്ക് വേണ്ടി വൈദീകനാകുന്ന യൂജിൻ, ബിർമിങ്ഹാം കത്തീഡ്രലിൽ വച്ചാണ് പട്ടമേൽക്കുന്നത്. തുടർന്ന് ജൂലൈ 25 ഞായറാഴ്ച ബ്രിട്ടീഷ് സമയം മൂന്നു മണിക്ക്, സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബ്ബാന നവവൈദികൻ ഡെർബി സെന്റ് ജോസഫ് ദൈവാലയത്തിൽ അർപ്പിക്കുന്നു. ഈ അസുലഭ മുഹൂർത്തത്തെ സമൂഹത്തിന്റെ ആഘോഷമാക്കി മാറ്റാൻ പ്രയത്നിക്കുന്നതും നേതൃത്വം നൽകുന്നതും യുവജനങ്ങളാണ്. യുവജനങ്ങൾ നയിക്കുന്ന ഗായക സംഘം വിശുദ്ധ കുർബ്ബാനയുടെ സവിശേഷതയാകും. കൂടാതെ കുട്ടികൾ മാത്രം അൾത്താര ശുശ്രൂഷയും അന്നേ ദിവസത്തെ ക്രമീകരണങ്ങളും നടത്തുന്നു.

പലതും ത്യജിച്ചുള്ള ഒരു പ്രയാണമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. വൈദിക ജീവിതത്തിലേക്കുള്ള യൂജിന്റെ കാൽവയ്പ്പ്, പ്രവാസി മലയാളികൾക്കും സീറോ മലബാർ വിശ്വാസ സമൂഹത്തിനും ഒന്നടങ്കം സന്തോഷം പകരുന്നതാണ്. പാലാ തിടനാട് പൊട്ടനാനിയിൽ ജോസഫ്- സാലമ്മ ദമ്പതികളുടെ മൂത്തമകനായ യൂജിൻ കുടുംബത്തോടൊപ്പം യുകെയിൽ എത്തുന്നത് 2002ലാണ്. ബ്രട്ടൺ ഓൺ ട്രെന്റിൽ താമസമാക്കി. ഇളയ സഹോദരൻ ഏയ്‌ബൽ ജോസഫും ഒപ്പമുണ്ടായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ബ്രിട്ടനിലെത്തിയ യൂജിൻ പഠനത്തിൽ മുൻപന്തിയിലായിരുന്നു. നാട്ടിൽ വക്കീലായിരുന്ന പിതാവ് ജോസഫ്, യുകെയിൽ എത്തിയ ശേഷം റോയൽ മെയിൽ ഉദ്യോഗസ്ഥനായി. മാതാവ് സാലമ്മ ക്വീൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു. സ്കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടുകൂടി പൂർത്തിയാക്കിയ ശേഷം കെ. പി. എം. ജിയിൽ പ്രവേശനം നേടിയെടുത്തു. എന്നാൽ ആ വഴിയിൽ തുടരാൻ യൂജിൻ തയ്യാറായില്ല. ഒരു വർഷത്തിന് ശേഷം വൈദികവഴിയിലേക്ക് തിരിയുകയാണെന്ന തീരുമാനം സ്വീകരിച്ചു. അതിനുശേഷം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം. 2015 മുതൽ 2021 വരെ സെമിനാരി വിദ്യാഭ്യാസം. 2019ൽ ഡീക്കനായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പൗരോഹിത്യ സ്വീകരണം വൈകുകയായിരുന്നു.

സ്വയം തിരഞ്ഞെടുത്ത പാതയിൽ നിലയുറപ്പിച്ച് നിന്ന വ്യക്തിയാണ് യൂജിൻ ജോസഫ്. യുകെയിൽ ഒരുപാട് ആളുകളെ ആത്മീയതയിലേക്ക് കൈപിടിച്ചു നടത്തിയ സോജി ഓലിക്കൽ അച്ചന്റെ ധ്യാനത്തിലൂടെയാണ് മകൻ വൈദീകവഴിയിലേക്ക് കടന്നതെന്ന് മാതാവ് സാലമ്മ ജോസഫ് മലയാളം യുകെയോട് പറഞ്ഞു . വൈദികനാവാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ, ബിരുദം പൂർത്തിയാക്കിയതിന് ശേഷം തീരുമാനമെടുക്കാൻ പിതാവ് അവശ്യപ്പെട്ടു. മകന്റെ തീരുമാനം ഉറച്ചതാണെന്ന് തിരിച്ചറിഞ്ഞ ജോസഫും സാലമ്മയും യൂജിന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നു. “എന്റെ പിതാവിന്റെയും മാതാവിന്റെയും കൂടെ നിന്നാണ് ഏഴു വയസുവരെ യൂജിൻ വളർന്നത്. ചാച്ചൻ കാണിച്ചുകൊടുത്ത നല്ല ജീവിതമാതൃകയും അവനെ സ്വാധീനിച്ചിട്ടുണ്ട്.” തീക്കോയി ഞായറുകുളം കുടുംബാംഗമായ സാലമ്മ പറഞ്ഞു. നിരവധി വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന കുടുംബത്തിൽ നിന്നാണ് ഇപ്പോൾ പുതുതലമുറയിലെ വൈദീകനായി യൂജിൻ പട്ടമേൽക്കുന്നത്. ഇളയസഹോദരൻ ഏയ്‌ബൽ ദൈവശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ കുർബ്ബാനയിലും തുടർന്നുള്ള സ്നേഹവിരുന്നിലും പങ്കെടുക്കുന്ന എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളിക്കമ്മറ്റി അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സമയം ഇന്ന് വൈകുന്നേരം 7:30നാണ് പൗരോഹിത്യ സ്വീകരണം.

ഇന്നത്തെ പൗരോഹിത്യ ശുശ്രൂഷയുടെ തിരുക്കർമ്മങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.stchadscathedral.org.uk/

ഇരുപത്തിയഞ്ചാം തീയതി ഫാ.യൂജിൻ ജോസഫ് ഡെർബിയിലെ സെന്റ് ജോസഫ് പള്ളിയിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://m.youtube.com/watch?v=xjMYu2unRno

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിക്കെതിരെ പടപൊരുതിയ മലയാളി നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാരുടെ ഒരു ശതമാനം ശമ്പള വർദ്ധനവ് മൂന്ന് ശതമാനമാക്കി ഗവൺമെൻറ് തീരുമാനമെടുത്തു. ശമ്പള വർദ്ധനവ് ഏപ്രിൽ 2021 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. നേഴ്സുമാർ, ജി.പികൾ, കൺസൾട്ടൻ്റ്സ്, പാരാമെഡിക്സ്, ഡെൻ്റിസ്റ്റ് എന്നീ വിഭാഗങ്ങൾക്ക് ശമ്പളവർദ്ധനവിൻെറ പ്രയോജനം ലഭിക്കും. നേഴ്സുമാർക്ക് 1000 പൗണ്ടും പോർട്ടർമാർ, ക്ളീനർമാർ എന്നിവർക്ക് 540 പൗണ്ടും ശരാശരി വർദ്ധനവ് ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

പൊതുമേഖലയിലെ ശമ്പളവർദ്ധനവ് താൽക്കാലികമായി നിർത്തി വെച്ചിട്ടും എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവുമായി മുന്നോട്ടു പോകുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മലയാളികളാണ്. നേരത്തെ കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം അലയടിച്ചിരുന്നു .

2020 ജൂലൈയിൽ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ ആരോഗ്യമേഖലയ്ക്ക് 3% ശമ്പള വർദ്ധനവും അപര്യാപ്‌തമാണെന്നുള്ള അഭിപ്രായമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന യൂണിയനുകൾക്കുള്ളത്. ആകർഷകമായ ശമ്പളം ഇല്ലാത്തതിനാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ആവശ്യമായ നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് പറഞ്ഞു. 12.5% ശമ്പള വർദ്ധനവാണ് എൻഎച്ച്എസിലെ വിവിധ നേഴ്‌സിംഗ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റിട്ടയർമെന്റ് പ്രായം കഴിഞ്ഞ യു കെ യിലെ എല്ലാ ജനങ്ങൾക്കും അനുഗ്രഹമാണ് സർക്കാർ നൽകുന്ന സ്റ്റേറ്റ് പെൻഷൻ. ഏകദേശം 12.6 മില്യൺ ജനങ്ങളാണ് ഓരോ മാസവും സർക്കാരിന്റെ പെൻഷൻ കൈപ്പറ്റുന്നത്. ഭൂരിഭാഗം പേർക്കും തങ്ങളുടെ റിട്ടയർമെന്റ് കാലത്തെ ഏക വരുമാന മാർഗ്ഗവും സ്റ്റേറ്റ് പെൻഷനാണ്. ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് ആണ് ഈ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നത്. റിട്ടയർമെന്റ് പ്രായം കഴിഞ്ഞ എല്ലാവർക്കും ഈ തുക ലഭ്യമാകും. 2020 ഒക്ടോബറിൽ പെൻഷൻ ലഭിക്കുന്ന പ്രായം 66 ആയി സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു.

പുതിയ പെൻഷൻ നിയമങ്ങൾ അനുസരിച്ച് 179.60 പൗണ്ട് തുകയാണ് ഓരോ ആഴ്ചയിലും ജനങ്ങൾക്ക് ലഭ്യമാകുക. 1951 ഏപ്രിലിനു മുൻപ് ജനിച്ച പുരുഷന്മാരും, 1953 ഏപ്രിലിനു മുൻപ് ജനിച്ച സ്ത്രീകളും പഴയ പെൻഷൻ നിയമങ്ങളുടെ പരിധിയിൽ ആകും ഉൾപ്പെടുക. ഇതിനു ശേഷം ജനിച്ചവർക്ക് പുതിയ നിയമങ്ങൾ അനുസരിച്ച് തുക ലഭിക്കും. പുതിയ നിയമങ്ങൾ അനുസരിച്ച് പെൻഷൻ ലഭിക്കുന്നവർ മരണപ്പെട്ടാലും ഈ തുക അധികമായി പങ്കാളിക്ക് ലഭ്യമാകും. പെൻഷൻ കുറച്ചു കാലത്തേക്ക് കൂടി നീട്ടി വെക്കുന്നവർക്ക് ഈ തുക പിന്നീട് ഒരുമിച്ച് ലഭ്യമാകുന്നതാണ്. ഇത്തരത്തിൽ ജനങ്ങളെ സഹായിക്കുന്ന നിരവധി പുതിയ നിയമങ്ങൾ ആണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറുന്നത് ക്രിമിനൽ കുറ്റമാകുന്ന പുതിയ ബില്ലിനെ പിന്തുണച്ച് എംപിമാർ. യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറുന്നവരെ സഹായിക്കുന്ന മാഫിയാ സംഘങ്ങളുടെ പ്രവർത്തനത്തെ തകർക്കാൻ പുതിയ നിയമം കൊണ്ട് സാധിക്കുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം കോമൺസിൽ 265 നെതിരെ 366 വോട്ടുകൾക്ക് പാസാക്കിയ ബിൽ ഫ്രാൻസിൽനിന്ന് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റ ബോട്ടുകളെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ബോർഡർ ഫോഴ്സിനെ അധികാരം നൽകും.

എന്നാൽ യുദ്ധത്തിൽ നിന്നും ആക്രമണത്തിൽ നിന്നും അഭയം തേടുന്നവരുടെ കുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നതിന് പകരം അവരെ ശിക്ഷിക്കുന്ന നിയമത്തിനെതിരെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ വിമർശനവുമായി രംഗത്തുവന്നു. പുതിയ നിയമപ്രകാരം അനുമതി ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവരുടെ ശിക്ഷ ആറ് മാസം മുതൽ നാല് വർഷമായി വർദ്ധിക്കും. അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന മാഫിയാ സംഘങ്ങൾക്ക് പരമാവധി ജീവപരന്ത്യം തടവ് ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തിയിരിക്കുന്നത്. നിയമം കർശനമാക്കിയതോടെ അനധികൃത കുടിയേറ്റങ്ങൾ ഗണ്യമായി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി കാരണം ഏകദേശം ഒരു ദശലക്ഷത്തിലധികം കുട്ടികളാണ് കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടിൽ സ്കൂളുകളിൽ എത്താതിരുന്നത്. എല്ലാ വിദ്യാർഥികൾക്കുമായി ക്ലാസുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനുശേഷം ഇത്രയധികം കുട്ടികൾ ക്ലാസുകളിൽ എത്തിച്ചേരാതിരിക്കുന്നത് ആദ്യമായാണെന്ന് സർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻെറ നിർദ്ദേശമനുസരിച്ച് ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതിനെ തുടർന്നാണ് പലർക്കും ക്ലാസുകളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നത്. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻ നിർദ്ദേശം അനുസരിച്ച് ഒറ്റപ്പെടാൻ നിയമപരമായ ബാധ്യതയില്ല. പക്ഷെ ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന നിർദേശം ‘ഉടൻ സ്വയം ഒറ്റപ്പെടണം’ എന്നാണ്.

യുകെയിൽ തന്നെ 47, 200 സ്കൂൾ കുട്ടികൾക്ക് കോവിഡ്-19 ബാധിച്ചതായാണ് റിപ്പോർട്ട് . കൂടാതെ 34 ,500 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി സംശയിക്കപ്പെടുന്നുമുണ്ട്. 773,700 കുട്ടികൾ ഒറ്റപ്പെടലിന് വിധേയരായി തീർന്നത് സ്കൂളുകളിൽ നിന്ന് തന്നെയുള്ള കോവിഡ്-19 സമ്പർക്ക പട്ടികയിൽ പെട്ടതിനാലാണ് . എന്നാൽ 160, 300 കുട്ടികളിൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നത് സ്കൂളുകൾക്ക് പുറത്ത് കോവിഡ് -19 രോഗികളുമായി സമ്പർക്ക പട്ടികയിൽ വന്നതിനാലാണ് . കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തെളിവുകളൊന്നും ബാക്കി വയ്ക്കാതെ സ്മാര്‍ട്ട് ഫോണിനകത്ത് സമര്‍ത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് 2019 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെഗാസസ്. വളരെ നേരത്തെ തന്നെ ഇതേ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകള്‍ക്കൊടുവിലാണ് അത് പെഗാസസ് എന്ന മാല്‍വേറാണെന്ന് മനസിലാകുന്നത്. ക്യൂ സൈബർ ടെക്നോളജീസ് എന്നും വിളിക്കപ്പെടുന്ന ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗാസസ്.

ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് തങ്ങളെന്നും എന്‍.എസ്.ഒ വ്യക്തമാക്കികഴിഞ്ഞു. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിര്‍മിച്ച പെഗാസസ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍. അഭിഭാഷകര്‍ എന്നിവരെയാണ് പെഗാസസ് ലക്ഷ്യമിട്ടത്.

ഒരു ലിങ്കിലൂടെയോ വോയ്സ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഫോണുകളിലേയ്ക്ക് കടത്തിവിട്ട് ഫോൺ ഹാക്ക് ചെയ്യുകയാണ് പെഗാസസിന്റെ പതിവ് രീതി. വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്‌റ്റ് വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ് വേഡുകൾ, ഫോൺ നമ്പറുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം.

ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പുതിയ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ പെഗാസസ് സ്പൈവെയർ രഹസ്യമായി ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. മനുഷ്യാവകാശ സംഘടന വിശദമായ റിപ്പോർട്ടും ടൂൾകിറ്റും പുറത്തിറക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് അവരുടെ എൻ‌ക്രിപ്ഷൻ സിസ്റ്റത്തിലെ വലിയ സുരക്ഷാ പഴുതുകൾ പരിഹരിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള വാട്‌സ്ആപ്പില്‍ പെഗാസസ് എങ്ങനെ കടന്നുകൂടിയെന്നതായിരുന്നു തുടക്കത്തിലെ എല്ലാവരേയും അതിശയിപ്പിച്ച കാര്യം. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിക്ഷേപിക്കും. തുടർന്ന് നിയന്ത്രണം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ച്ചുകളയും.

50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പറുകൾ പെഗാസസ് ഡേറ്റാ ബേസിൽ ഉൾപ്പെട്ടിരിക്കുമെന്ന് മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധരാജ്യങ്ങളിൽനിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണ്.

യുകെയിൽ ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് വില വർദ്ധനവ് ഇരട്ടടിയായി. ആവശ്യ സാധനങ്ങളുടെ വില വർദ്ധനവ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. ജൂൺ വരെ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് 2.5 ആണ്. ഇതും മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 2.2 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളെ തകിടംമറിച്ച് കുതിച്ചുയരുന്ന പണപ്പെരുപ്പ് നിരക്ക് എങ്ങനെ പിടിച്ച് നിർത്തുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. വിലവർദ്ധനവും പണപ്പെരുപ്പ് നിരക്കും പിടിച്ചുനിർത്താൻ പലിശനിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമാണ്.

നിലവിലെ പണപ്പെരുപ്പ് നിരക്ക് “താൽക്കാലികം” ആണെന്നും 3 ശതമാനത്തിലെത്തിയ ശേഷം പിന്നോട്ട് പോകുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ മോണിറ്ററി പോളിസി കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്യാപിറ്റൽ ഇക്കണോമിക്സിലെ രൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ ഈ വർഷാവസാനം പണപ്പെരുപ്പം 4 ശതമാനമായി ഉയരാനാണ്‌ സാധ്യത. ധനകാര്യ വകുപ്പിൻെറ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടായില്ലെങ്കിൽ യുകെയെ കാത്തിരിക്കുന്നത് വൻവിലവർദ്ധനവിൻെറ നാളുകളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അമേരിക്ക തങ്ങളുടെ പൗരന്മാർ യുകെയിലേയ്ക്ക് പോകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ എല്ലാ ലോക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിച്ച ഇന്നലെ മുതലാണ് ബ്രിട്ടനെ യുഎസ് റെഡ് ലിസ്റ്റിൽ പെടുത്തിയത് . അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുകെയെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത യാത്രക്കാർ പോലും ബ്രിട്ടനിലേയ്ക്ക് പോകുന്നത് അപകട സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.

യുഎസിന്റെ യാത്രാ പട്ടികയിൽ ബ്രിട്ടൻ ഇപ്പോൾ ലെവൽ 4 -ലാണ്. ലെവൽ 1 -ൽ പെട്ട രാജ്യങ്ങളിലേയ്ക്ക് യാത്ര പോകുമ്പോൾ സാധാരണ മുൻകരുതൽ എടുക്കാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ലെവൽ – 2 രാജ്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനും ലെവൽ -3 രാജ്യങ്ങളിലേയ്ക്ക് യാത്ര പോകണോ എന്ന് പുനർവിചിന്തനം ചെയ്യാനും ആണ് അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ചയ്ക്ക് മുമ്പ് മെയ് മാസം മുതൽ യുകെ ലെവൽ 3 -യിൽ ആയിരുന്നു . യുകെയെ കൂടാതെ ബ്രസീൽ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ് എന്നീ രാജ്യങ്ങളും യുഎസിലെ ലെവൽ – 4 പട്ടികയിലാണ്. യുകെയിലെ നിലവിലെ സാഹചര്യം കാരണം പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് പോലും കോവിഡ് – 19 വേരിയന്റുകൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. നിലവിൽ യുഎസ് പൗരന്മാർ യുകെയിൽഎത്തുമ്പോൾ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയമാകണം. യുകെ – യുഎസ് പ്രത്യേക യാത്ര പാതയ്ക്ക് വേണ്ടി ശ്രമിക്കുന്ന ബോറിസ് ജോൺസന്റെ നീക്കത്തിന് തിരിച്ചടിയാണ് യുഎസ് – ൻറെ പുതിയ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

RECENT POSTS
Copyright © . All rights reserved