Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലും അയൽരാജ്യമായ ബെൽജിയത്തിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. ഇതുവരെ 69 പേർ മരിക്കുകയും 70 ലധികം പേരെ കാണാതാവുകയും ചെയ്തു. ജർമ്മനിയിൽ 58 മരണങ്ങളും ബെൽജിയത്തിൽ 11 മരണങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതയ്ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെസ്ഡ്രെ നദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് കിഴക്കൻ ബെൽജിയൻ പട്ടണമായ പെപിൻസ്റ്ററിൽ പത്തോളം വീടുകൾ തകർന്നു. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രളയത്തില്‍ ജീവൻ നഷ്ടപെട്ടവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാണാതായവരെ കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴ ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിലും വ്യാപിച്ചു. 2002 ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ ജർമ്മനിയിൽ 21 പേരും മധ്യ യൂറോപ്യൻ മേഖലയിൽ നൂറിലധികം പേരും മരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് ഫുട്ബോൾ ടീം സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ മ്യൂറൽ ചിത്രത്തെ തകർക്കുന്ന തരത്തിൽ നടത്തിയ ചുവരെഴുത്തിൽ വംശീയ അധിക്ഷേപം ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ പോലീസ്. എന്നിരുന്നാൽ തന്നെയും അന്വേഷണം ശരിയായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയുമായി നടന്ന യൂറോ കപ്പ് മത്സരത്തിൽ, മാർക്കസ് പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ചിത്രത്തെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. ഇതേത്തുടർന്ന് നിരവധി ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. മാർക്കസിനോടൊപ്പം തന്നെ, ടീമിലെ കറുത്തവർഗക്കാരായ ജാഡൺ സാഞ്ചോ, ബുകായോ സക എന്നിവർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


നീല അക്ഷരങ്ങളിൽ എഴുതിയിരുന്നത് വ്യക്തമായിരിന്നില്ലെങ്കിലും, തികച്ചും മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. റാഷ്‌ഫോർഡിന്റെ ചിത്രത്തിന്റെ കേടുപാടുകൾ പരിഹരിച്ചതായും, ശക്തമായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്ന ജനങ്ങൾ പോലീസ് അധികൃതരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


റാഷ്ഫോർഡിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിലും മറ്റും പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഉടൻതന്നെ കുറ്റവാളികളെ കണ്ടുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അടുത്തിടെ വാക്സിൻ എടുത്ത ശേഷം മരണം സംഭവിച്ച ബിബിസി ബ്രോഡ്കാസ്റ്റർ ലിസ ഷായുടെ മരണകാരണം അസ്ട്രാസെനെക വാക്‌സിന്റെ അനന്തരഫലം മൂലമാണോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ലിസയുടെ ഭർത്താവ് ഉന്നയിച്ചിരിക്കുന്നത്. നാൽപത്തിനാലുകാരിയായ ലിസയുടെ മരണം മെയിലാണ് സംഭവിച്ചത്. ലിസയുടെ ഭർത്താവ് ഗാരെത്ത് ഈവ് ആണ് ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. തങ്ങൾ എടുത്ത വാക്സിൻ ഏറ്റവും മികച്ചതായിരുന്നു, എന്നാൽ അതിന് ദോഷഫലങ്ങളുണ്ട് എന്നത് അവഗണിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനോടകം തന്നെ 81 മില്യൺ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞതായും , ഇതിൽ ഭൂരിഭാഗം ആളുകൾക്കും പ്രശ്നങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് വ്യക്തമാക്കി. അസ്ട്രാസെനെക വാക്സിൻ ആദ്യത്തെ ഡോസ് എടുത്തതിനുശേഷം ഒരാഴ്ചയ്ക്കകം തന്നെ ലിസയ്ക്കു തലവേദന ആരംഭിച്ചതായും, തുടർന്ന് ന്യൂകാസ്റ്റിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ലിസയെ പ്രവേശിപ്പിച്ചതായും ഗാരെത്ത് വ്യക്തമാക്കി.തുടക്കത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ മോശമാകുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തി. ഇതാണ് ലിസയുടെ മരണത്തിന് പിന്നീട് കാരണമായത്.


വാക്സിൻ മൂലം ഉള്ള ത്രോംബോസിസ് എന്ന അവസ്ഥയാണ് ലിസയ്ക്ക് ഉണ്ടായതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം അനന്തരഫലങ്ങൾ വളരെ അപൂർവ്വമാണ്. താനൊരിക്കലും വാക്സിൻ നൽകുന്നതിന് എതിരല്ലെന്നും, എന്നാൽ വാക്സിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കരുതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ലിസയുടെ ഭർത്താവ് വ്യക്തമാക്കി.

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/WalsinghamCatholicTV

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.

മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന്  രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക്  നേതൃത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..

തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..

12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം  ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.

അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…

അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  ഏകദേശം അഞ്ച് മാസക്കാലം  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

വീഡിയോ കാണാം

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസാലിനടുത്തുള്ള കനാലിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻവഴിത്തിരിവ്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മെയ് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാൽസാലിനടുത്തുള്ള റഫ് വുഡ് കൺട്രി പാർക്കിൽ ഒരു യാത്രക്കാരനാണ് കുട്ടിയുടെ മൃതദേഹം കണ്ടത് . നവജാത ശിശു നാലു ദിവസത്തോളം വെള്ളത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരം തരുന്നവർക്ക് ക്രൈം സ്റ്റോപ്പേഴ്സ് എന്ന സ്വതന്ത്ര ഏജൻസി 5000 പൗണ്ട് വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം വളരെ ദുഃഖകരവും ഞെട്ടിക്കുന്നതും ആണെന്ന് ക്രൈം സ്റ്റോപ്പേഴ്സിൻ്റെ ഡയറക്ടർ മിക് ഡൂത്തി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം കൂടുമ്പോഴും ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ബ്രിട്ടൻ . എന്നാൽ ബോറിസ് ജോൺസൻെറ സ്വാതന്ത്ര്യദിനം തികച്ചും അശാസ്ത്രീയവും രാജ്യത്തെ ആപത്തിലേയ്ക്ക് നയിക്കുന്നതുമാണെന്നുമുള്ള ആക്ഷേപം ശക്തമാണ് . ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ അപലപിച്ച് 1200 -ൽ അധികം ഡോക്ടർമാരും ശാസ്ത്രജ്ഞരുമാണ് സംയുക്ത പ്രസ്താവന നടത്തിയിരിക്കുന്നത്. തീരുമാനം അശാസ്ത്രീയവും അനീതിപരവും എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത് .

രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കുകയോ, ആർജ്ജിത പ്രതിരോധശേഷി കിട്ടുകയോ ചെയ്യുന്ന സമയം വരെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമാണ് പൊതുവേ ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞന്മാരും ഉന്നയിക്കുന്നത് . സർക്കാരിൻറെ മുൻ ശാസ്ത്ര ഉപദേഷ്ടാവും ഇൻഡിപെൻഡന്റ് സേജിന്റെ ചെയർമാനുമായ സർ ഡേവിഡ് കിംഗ് കത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും സർക്കാരിൻറെ നയം തെറ്റാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കാത്തതിൽ വിഷമമുണ്ടെന്ന്‌ ദി ലാൻസെറ്റ് എഡിറ്റർ ഇൻ ചീഫ് ഡോ. റിച്ചാർഡ് ഹോർട്ടൺ പറഞ്ഞു.

യുകെയിൽ ദിനംപ്രതി രോഗവ്യാപനം കുതിച്ചുയരുകയാണ് .ഇന്നലെ രാജ്യത്ത് 42 ,302 പേർക്കാണ് രോഗം ബാധിച്ചത്. 49 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു. ജനുവരി 15 -ന് ശേഷമുള്ള ഏറ്റവും കൂടിയ അണുബാധ നിരക്കിൽ പകച്ചുനിൽക്കുകയാണ് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും. ഇതോടെ തുടർച്ചയായ എട്ടാം ദിവസമാണ് മൊത്തം രോഗബാധിതരുടെ എണ്ണം 30,000 -ത്തിൽ കൂടുതൽ ആകുന്ന

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡെലിവറൂ സ്റ്റാഫിനോടുള്ള റെസ്റ്റോറന്റ് ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്ന് തുറന്ന് പറഞ്ഞ് ഡെലിവറൂ മുതലാളി. ജീവനക്കാർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്നറിയാൻ ഒരു രഹസ്യ ദൗത്യവുമായി ഇറങ്ങിയതാണ് സഹസ്ഥാപകനായ വിൽ ഷൂ. ഡെലിവറൂ ആപ്ലിക്കേഷൻ പരീക്ഷിക്കുന്നതിനും റെസ്റ്റോറന്റുകൾ പ്രവർത്തനക്ഷമമാണോയെന്ന് അറിയുന്നതിനുമായി ഇടയ്ക്കിടെ പേരറിയാത്ത ഉപയോക്താക്കൾക്ക് ഷൂ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നോട്ടിംഗ് ഹില്ലിലെ ഭക്ഷണശാലകളിലൊന്നിലെ ജീവനക്കാർ പരുഷമായി പെരുമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. ഡെലിവറൂ വിതരണക്കാരന്റെ വേഷത്തിലാണ് ഷൂ എത്തിയത്. വിതരണം ചെയ്യാൻ അവർ നൽകിയ ഭക്ഷണം തണുത്തതാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് റെസ്റ്റോറന്റ് ജീവനക്കാരിൽ നിന്നുള്ള മോശമായ പെരുമാറ്റം.

ഒരു സി‌ഇ‌ഒ പോഡ്‌കാസ്റ്റിന്റെ ഡയറിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു: “ഞാൻ ഇന്നലെ രാത്രി നോട്ടിംഗ് ഹില്ലിൽ അഞ്ച് ഡെലിവറികൾ ചെയ്തു. ആരും എന്നെ തിരിച്ചറിഞ്ഞില്ല. എനിക്ക് ഡെലിവറി ചെയ്യാൻ തന്ന ഭക്ഷണം തണുത്തതാണെന്ന് അറിയിച്ചപ്പോൾ അവർ ഇതാണ് പറഞ്ഞത് – “കൂടുതൽ ഒന്നും ആലോചിക്കാതെ ഡെലിവറി ചെയ്യൂ.” തന്റെ വ്യക്തിത്വം സ്റ്റാഫിന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവരുടെ പെരുമാറ്റം താൻ ശ്രദ്ധിച്ചുവെന്നും അവരുടെ മേലധികാരികളെ ഉറപ്പായും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിൽ ജങ്ക് ഫുഡുകൾ നിർമ്മിക്കുന്നതിന് അധികമായി ഉപയോഗിക്കുന്ന പഞ്ചസാരയ്ക്കും, ഉപ്പിനും മേൽ കൂടുതൽ ടാക്സുകൾ ഏർപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. ഇത്തരത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ബ്രിട്ടണിൽ ഉള്ള കുടുംബങ്ങൾക്ക് ഒരു വർഷം 3.4 ബില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാക്കും. ഇത്തരത്തിൽ അധികമായി സർക്കാരിന് ലഭിക്കുന്ന പണം ഉപയോഗിച്ച്, എൻ എച്ച് എസിലൂടെ പഴം, പച്ചക്കറികൾ എന്നിവ കഴിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കും. അനാരോഗ്യപരമായ ഭക്ഷണരീതികൾ ഒഴിവാക്കുക എന്നതാണ് പുതിയ ഭക്ഷ്യ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.


പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭക്ഷ്യ ഉപദേഷ്ടാവായിരിക്കുന്ന ഹെൻറി ഡിംബിൾബൈ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത്തരത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അനാരോഗ്യകരമായ ഭക്ഷണ രീതികൾ മൂലം 45 വയസ്സ് കഴിയുമ്പോൾ തന്നെ രോഗികൾ ആകുന്നവർ നിരവധിപേരാണ്. ഇത്തരത്തിൽ പഞ്ചസാരയുടെയും, ഉപ്പിന്റെയും മേലുള്ള ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകും. ഈ തീരുമാനത്തെ നിരവധി ആരോഗ്യ പ്രവർത്തകരാണ് സ്വാഗതം ചെയ്തിരിക്കുന്നത്.എന്നാൽ ഈ തീരുമാനം ബിസിനസുകാർക്ക് തിരിച്ചടിയാകും എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളോട് ഈടാക്കുമെന്നും ബിസിനസ് രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മദ്യപാനവുമായി ബന്ധപ്പെട്ട് കാൻസർ രോഗികളുടെ എണ്ണം ആഗോളതലത്തിൽ കുതിച്ചുയരുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ലാൻസെറ്റ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവർഷം ലോകമൊട്ടാകെ 740,000 പേർക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസർ രോഗം പിടിപെട്ടത്. മദ്യപാനം മൂലം സ്തനം , കരൾ, വൻകുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ക്യാൻസർ ഉണ്ടായതിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്.

മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുജന അവബോധം വളർത്താൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും ഒരാളെ ക്യാൻസറിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. യുകെയിൽ നടത്തിയ സർവേ അനുസരിച്ച് മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 10-ൽ ഒരാൾക്ക് മാത്രമേ അറിവുള്ളൂ. മദ്യ ബോട്ടിലുകളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ഉൾപ്പെടുത്തുക, ഉയർന്ന നികുതി ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കാനുള്ള നിർദ്ദേശമാണ് പഠനം മുന്നോട്ടു വയ്ക്കുന്നത്.

പുരുഷന്മാരിൽ 568,700 മദ്യപാനത്തോട് ബന്ധപ്പെട്ട ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സ്ത്രീകളിൽ അത് 172, 600 ആണ്. മദ്യവുമായി ബന്ധപ്പെട്ട ക്യാൻസറുകൾ തടയുന്നതിന് ഇനിയും ധാരാളം മുന്നോട്ട് പോകാനുമുണ്ടന്ന് ഗവേഷണം തെളിയിച്ചതായി ക്യാൻസർ റിസർച്ച് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു, “മദ്യപാനം ഏഴ് തരം ക്യാൻസറിന് കാരണമാകുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. ഒരാളുടെ മദ്യപാന ശീലങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും. സ്കോട്ട്‌ലൻഡിലും വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിലുള്ള മദ്യത്തിനായുള്ള മിനിമം യൂണിറ്റ് പ്രൈസിങ് ഇംഗ്ലണ്ടിലും ഏർപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ക്യാൻസർ കേസുകളുടെ അനുപാതം വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും ഏറ്റവും താഴ്ന്നതാണെങ്കിൽ കിഴക്കൻ ഏഷ്യയിലും മധ്യ, കിഴക്കൻ യൂറോപ്പിലും ഏറ്റവും ഉയർന്നതാണ്. അതായത് കണ്ടെത്തലുകൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കിഴക്കൻ ഏഷ്യ, മധ്യ, കിഴക്കൻ യൂറോപ്പ് പ്രദേശങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ട ക്യാൻസർ കേസുകളുടെ അനുപാതം 6 ശതമാനമാണ്. യുകെയിൽ 4 ശതമാനവും വടക്കൻ ആഫ്രിക്കയും പശ്ചിമേഷ്യയും ഒരു ശതമാനത്തിൽ താഴെയുമാണ്.

RECENT POSTS
Copyright © . All rights reserved