ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ പവർ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കാൻ റഷ്യ ഒരുങ്ങുന്നുവെന്ന് എംഐ 5 മുന്നറിയിപ്പ്. റഷ്യൻ അട്ടിമറിയുടെ ഭീതിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. യുക്രൈനെതിരെ പൊതുജനാഭിപ്രായം ഉയർത്താൻ ഇന്റലിജൻസ് ഏജന്റുമാരെ അയക്കാൻ പുടിൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസനെയും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെയും ഇന്റലിജൻസ് മേധാവികൾ വിവരമറിയിച്ചിട്ടുണ്ട്.

റഷ്യയുടെ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഏജന്റുമാരോ യുകെയിൽ കടന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിടാൻ ശ്രമിച്ചേക്കുമെന്ന ഗുരുതരമായ ആശങ്കയുണ്ട്.’ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈന് പൂർണ്ണ പിന്തുണയുമായി യുകെ രംഗത്തുണ്ട്. ഈ പിന്തുണ ഇല്ലാതാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. യുകെ സർക്കാരിനെ അപമാനിക്കാനുള്ള പ്രവർത്തനങ്ങളും അവർ നടത്തും.

ഇതിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാർ തയ്യാറായിട്ടുണ്ട്. അതേസമയം, ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് , ട്വിറ്റെർ , യൂട്യൂബ് , ടിക്ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം 200 യുദ്ധ അനുകൂല, പുടിൻ അനുകൂല കമന്റുകൾ പോസ്റ്റ് ചെയ്യാൻ റഷ്യ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികൾക്ക് പ്രതിമാസം 45,000 റൂബിൾസ് (£500) വരെ ശമ്പളം ലഭിക്കും. ഇത്തരം നീക്കങ്ങളിലൂടെ യുക്രൈനെ ഒറ്റപ്പെടുത്താനാണ് പുടിൻ ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞവർഷം 2.7 ദശലക്ഷം ആളുകളെ ക്യാൻസർ പരിശോധനയ്ക്കായി റഫർ ചെയ്‌തെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. 2020-ൽ കോവിഡ് പകർച്ചവ്യാധികൾക്ക് ശേഷം ക്യാൻസർ രോഗികളിൽ ഗണ്യമായ കുറവുണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. എന്നാൽ ഇവരിൽ 30,000 പേരെങ്കിലും ചികിത്സ തുടങ്ങാൻ കാത്തിരിക്കുന്നവരാണ്. അർബുദം എന്ന് സംശയിക്കുന്ന റഫറലുകൾ നിലവിൽ 16 ശതമാനം കൂടുതലാണ്. കഴിഞ്ഞ 12 മാസത്തിനിടയിൽ 2.4 ദശലക്ഷത്തിൽ നിന്നും ഇത് 2.65 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. പകർച്ചവ്യാധി മൂലം ചികിത്സ ആരംഭിച്ചിട്ടില്ലാത്ത മുപ്പതിനായിരം പേർ ഇപ്പോഴും ഉണ്ട് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ദേശീയ ക്യാൻസർ ഡയറക്ട് ഡാം കാലിൽ പാമ്പാർ പറഞ്ഞു. തങ്ങൾക്കാവുന്ന വിധം അർബുദങ്ങളെ ആദ്യ സ്റ്റേജിൽ കണ്ടെത്തുവാനും അതിന് ചികിത്സിക്കാനും ഒരു ജീവൻ നിലനിർത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡെവോണിൽ നിന്നുള്ള 72 കാരനായ ക്ലൈവ് ഹോർസ്‌നെലിന് കഴിഞ്ഞവർഷം കുടലിൽ ക്യാൻസർ കണ്ടെത്തിയിരുന്നു അത്യാധുനിക റോബോട്ട് സർജറിയിലൂടെ ചികിത്സ ലഭിച്ചതിനുശേഷം ഇദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. മിസ്റ്റർ ഹോർസ്‌നെൽ രോഗലക്ഷണങ്ങൾ കാണിക്കുകയും ഒടുവിലൊരു കൊളോനോസ്കോപ്പി നടത്തിയതിൻെറ ഫലമായി രോഗം കണ്ടെത്തുകയുമായിരുന്നു.

പരിശോധനകൾ നടത്താനായി സ്റ്റോപ്പ് ഷോപ്പുകളും മൊബൈൽ ക്ലിനിക്കുകളും രോഗലക്ഷണ ഹോട്ട്‌ലൈനുകളും രാജ്യത്ത് വർധിച്ചുവരുന്ന രോഗികളുടെ രോഗനിർണയത്തിനും ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനുമായി സജ്ജീകരിച്ചിട്ടുണ്ട് എന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഈ വർഷത്തെ റഫറലുകളുടെ വർദ്ധനവിനെ ചാരിറ്റി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും പരിചരണത്തിൽ കോവിഡ് പകർച്ചവ്യാധി ഉണ്ടാക്കിയ ആഘാതത്തിൻെറ മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. 2020 മാർച്ചിനും സെപ്റ്റംബറിനുമിടയിൽ യുകെയിൽ മൂന്നു ദശലക്ഷം ആളുകൾക്കാണ് സ്ക്രീനിങിനായി ക്ഷണം ലഭിച്ചതെന്ന് ഈ മാസം ആദ്യം ഒരു റിപ്പോർട്ടിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി പറഞ്ഞിരുന്നു. 2020 മാർച്ചിനെ അപേക്ഷിച്ച് 2021 മാർച്ചിൽ ഇംഗ്ലണ്ടിൽ രോഗം ഉള്ളതായി സംശയിച്ച് റഫറൽ ലഭിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വില്യം രാജകുമാരന്റെയും, കെയ്റ്റ് മിഡിൽടണിന്റെയും മകൾ ഷാർലറ്റിന്റെ ഏഴാം പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് രാജകുടുംബം. നോർഫോക്കിൽ ആയിരിക്കുന്ന മകളുടെ ചിത്രങ്ങൾ അമ്മ കെയ്റ്റ് തന്നെയാണ് എടുത്തിരിക്കുന്നത്. ബ്ലൂബെൽ പുഷ്പങ്ങൾക്കിടയിൽ സന്തോഷത്തോടെ ഇരിക്കുന്ന ഷാർലറ്റിന്റെ ചിത്രവും, അതോടൊപ്പം തന്നെ തന്റെ വളർത്തു പട്ടിയായ ഓർലയോടൊപ്പമുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

2015 മെയ് രണ്ടിന് സെൻട്രൽ ലണ്ടനിലെ പാഡിങ്ടൺ ഹോസ്പിറ്റലിലാണ് ഷാർലറ്റിന്റെ ജനനം. അടുത്തിടെയുള്ള രണ്ടു പബ്ലിക് ചടങ്ങുകളിൽ ഷാർലറ്റിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പുതിയതായി ലഭിച്ച ഓർല എന്ന നായയോടൊപ്പമുള്ള ചിത്രം ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നോർഫോക്കിലുള്ള രാജ്ഞിയുടെ സാന്ദ്രിൻഗ്രാം എസ്റ്റേറ്റിലെ ആൻമർ ഹാളിലാണ് കുടുംബം പിറന്നാൾ ആഘോഷങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കെയർ പാക്കേജ് ക്ലെയിം ചെയ്യുന്നതിനായി നാഡീസംബന്ധമായ അസുഖമുണ്ടെന്നഭിനയിച്ച് ലോക്കൽ അതോറിറ്റിയെ 12 വർഷം കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്നംഗ കുടുംബം ജയിലിലേക്ക്. ഹിച്ചിനടുത്തുള്ള വെസ്റ്റൺ ഗ്രാമത്തിൽ നിന്നുള്ള കുടുംബം 2005 ഓഗസ്റ്റ് 1 നും 2018 നവംബർ 30 നും ഇടയിൽ കൗൺസിലിൽ നിന്ന് വ്യാജ രോഗത്തിന്റെ മറവിൽ 733,936 പൗണ്ട് തട്ടിയെടുത്തു. ദമ്പതികളായ ലോറ, ഫിലിപ്പ് ബോറെൽ, ബോറെലിന്റെ അമ്മ ഫ്രാൻസിസ് നോബിൾ എന്നിവരാണ് പ്രതികൾ. 66 കാരിയായ നോബിളിന് മസ്തിഷ്ക തകരാറുണ്ടെന്ന് അവർ ഹെർട്ട്ഫോർഡ്ഷയർ കൗണ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തി. ഇങ്ങനെയാണ് പണം തട്ടിയത്.

2020 ജൂണിൽ ഇവർ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ 2022 ഏപ്രിൽ 27 ന് സെന്റ് ആൽബൻസ് ക്രൗൺ കോടതിയിൽ മൂവരുടെയും വിചാരണ ആരംഭിച്ചു. ജൂൺ 24ന് ശിക്ഷ വിധിക്കും. ഒരു തദ്ദേശ സ്ഥാപനത്തിനെതിരെ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജർമ്മനിയിൽ കഴിയുന്ന ഇവർ കേസിന്റെ ഭാഗമായി യുകെയിൽ എത്തി. എന്നാൽ ഫ്രാൻസിസ് നോബിൾ ഇപ്പോഴും ബെർലിനിലാണ്.

അതേസമയം 2017-ൽ, 39 വയസ്സുള്ള ലോറ ദിസ് മോർണിംഗ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് താൻ ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ ബാധിതയാണെന്ന് പറയുകയുണ്ടായി. ഈ രോഗനിർണയം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് താനെന്ന് അവൾ അവകാശപ്പെട്ടു. എന്നാൽ ദമ്പതികളുടെ മറ്റ് കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :-യു കെയിൽ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികൾ ആണ് ബ്രിട്ടനിൽ സ്വന്തമായി ഒരു വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നത്. വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബ്രിട്ടനിൽ വീടിൻറെ വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അതോടൊപ്പം തന്നെ വീടിൻറെ വില കുറയുന്നത് പ്രോപ്പർട്ടി മാർക്കറ്റിൽ പണം മുടക്കിയവർക്ക് അത്ര സുഖകരമായ വാർത്ത ആയിരിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രിട്ടനിൽ അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഹൗസ് പ്രൈസുകൾ അഞ്ച് ശതമാനത്തോളം കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത് . ക്യാപിറ്റൽ ഇക്കണോമിക്സ് മുൻപ് നടത്തിയ പ്രവചനത്തിൽ 2022- ൽ ഒൻപത് ശതമാനത്തോളം വർധന ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിൽ 2023-ൽ മൂന്ന് ശതമാനവും, 2024- ൽ 1.8 ശതമാനവും കുറവുണ്ടാകുമെന്നാണ് പ്രവചനം. നിലവിൽ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളുടെ വർധനവും, പണപ്പെരുപ്പവും, അടുത്ത മാസങ്ങളിൽ ഉണ്ടാകുന്ന ലോണുകളുടെ പലിശ നിരക്കുകളുടെയും മറ്റും വർധനവും എല്ലാമാണ് ഇത്തരത്തിൽ വീടുകളുടെ വിലയിൽ ഇടിവ് ഉണ്ടാകാൻ കാരണം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ക്യാപിറ്റൽ ഇക്കണോമിക്സ് നടത്തിയ വിശകലനത്തിൽ നിലവിലെ ശരാശരി ലോണുകളുടെ പലിശനിരക്ക് 1.8 ശതമാനത്തിൽനിന്നും 2023ൽ 3.6 ശതമാനം വർദ്ധനവ് ഉണ്ടാകും എന്ന് വ്യക്തമാക്കുന്നു. എന്നാൽ ഹൗസ് പ്രൈസുകളിൽ കുറവ് ഉണ്ടാകുമ്പോഴും 2008 ലെയും 1990 കളിലെയും പോലെ പൂർണ്ണ തകർച്ചയിൽ എത്തുകയില്ല എന്നാണ് ശക്തമായ വിലയിരുത്തൽ.

നിരവധിപേർ ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളുടെ വിലയിൽ കുറവുണ്ടാകുമെന്നും, അടുത്തുണ്ടായ പണപ്പെരുപ്പം ആണ് അതിനു കാരണമെന്നും ദി ഗിൾഡ് ഓഫ് പ്രോപ്പർട്ടി പ്രൊഫഷണൽസ് സിഇഒ ഇയാൻ മകൻസി വ്യക്തമാക്കി. അടുത്ത കുറച്ച് മാസങ്ങളിൽ ഈ കുറവ് പ്രതിഫലിക്കും എന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസങ്ങളിൽ നടപ്പിലാക്കുന്ന പലിശനിരക്കുകളുടെ വർദ്ധനവും മാർക്കറ്റിന് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിൽ ഏകദേശം 20 മില്യണ്‍ കുടുംബങ്ങള്‍ 150 പൗണ്ടിന്റെ കൗൺസിൽ ടാക്സ് റിബേറ്റിനായി കാത്തിരിക്കുകയാണ്. ജീവിതച്ചെലവ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്നോണം ഫെബ്രുവരിയിലാണ് ചാൻസലർ നികുതിയിൽ ഇളവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നീണ്ട കാലയളവിലാണ് ഈ കിഴിവ് നൽകുക. അതിനാൽ മിക്ക കുടുംബങ്ങളുടെയും കാത്തിരിപ്പ് നീളുകയാണ്. ദീര്‍ഘകാല സമയപരിധി കാരണം ചില കുടുംബങ്ങള്‍ക്ക് ടാക്‌സ് റിബേറ്റ് ലഭിക്കാന്‍ ആറുമാസം വരെ കാത്തിരിക്കേണ്ടിവരുന്നു.
സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കാരണം ജൂൺ വരെ പണം ലഭിക്കില്ലെന്ന് സൗത്ത് ഡെർബിഷെയറിലെ 39,000 ആളുകളോട് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പേയ്‌മെന്റ് സ്ഥാപനമായ ക്യാപിറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസ്ട്രിക്ട് കൗൺസിൽ വക്താവ് പറഞ്ഞു. ഇതുമൂലം നികുതിയിളവ് ലഭിക്കുന്ന സമയം രാജ്യത്തുടനീളം വ്യത്യസ്തമായിരിക്കും. സെപ്തംബർ 30-നകം പണം നൽകണമെന്ന് സർക്കാർ കൗൺസിലുകളെ അറിയിച്ചിട്ടുണ്ടെങ്കിലും അത് നേരത്തെ ലഭിക്കുമെന്ന് പല കുടുംബങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡെർബി സിറ്റി കൗൺസിൽ, ലണ്ടൻ ബറോ കൗൺസിൽ ഹാവറിംഗ്, റീഡിംഗ് ബറോ കൗൺസിൽ, ലൂട്ടൺ ബറോ കൗൺസിൽ, നോർത്തംബർലാൻഡ് കൗണ്ടി കൗൺസിൽ, നോർത്ത് നോർത്താംപ്ടൺഷയർ കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടില്ല.

സമയം നീളുന്നത് തട്ടിപ്പുകാർക്ക് പുതിയ അവസരമൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഫിസിംഗ് ടെക്‌നിക്കുകളും ഫോണ്‍ വിളികളും വഴി ഇവര്‍ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈക്കലാക്കും. അതിനാൽ ഫോണിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്നും കൗണ്‍സിലുകള്‍ ശക്തമായി ആവശ്യപ്പെടുന്നു. നിങ്ങള്‍ ഏത് അക്കൗണ്ടില്‍ നിന്നാണോ ഡയറക്ട് ഡെബിറ്റ് വഴി ടാക്‌സ് അടയ്ക്കുന്നത് ആ അക്കൗണ്ടിലേക്കായിരിക്കും തുക വരിക. ഇതിനായി പ്രത്യേകിച്ച് ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല.
ഡയറക്ട് ഡെബിറ്റ് വഴിയല്ല ടാക്‌സ് അടയ്ക്കുന്നതെങ്കില്‍ കൗൺസിലിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ലഭിക്കും. ഫോണിലൂടെ ബാങ്ക് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് ലോക്കല്‍ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്കോട്ട്‌ലൻഡിൽ ഇനി കോവിഡ് പോസിറ്റീവ് ആയവർക്ക് സെൽഫ് ഐസലേഷനിൽ കഴിയേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് പിന്നാലെ കോൺടാക്ട് ട്രെയ്‌സിംങ്ങും നിർത്തി. അഞ്ചാം ആഴ്ചയും കോവിഡ്-19 അണുബാധ കുറഞ്ഞു. നിലവിൽ 25 പേരിൽ ഒരാൾക്കാണ് വൈറസ് ബാധ ഉള്ളത്. കഴിഞ്ഞ ആഴ്ച 19 ആളുകളിൽ ഒരാൾ എന്ന കണക്കിൽ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. സ്കോട്ടിഷ് ഗവൺമെൻറ് മാർഗനിർദേശത്തിലെ മാറ്റത്തെത്തുടർന്ന് കോവിഡ് ലക്ഷണമുള്ളവർക്ക് ഇപ്പോൾ വീട്ടിൽ തുടരാനാകും. ടെസ്റ്റിംഗ് സെൻററുകൾ അടയ്ക്കുകയും മാസ് ടെസ്റ്റിംങ്ങുകൾ അവസാനിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നൽകുന്നതും ഇതിനോടകം അവസാനിച്ചു.

പ്രൊട്ടക്ട് സ്കോട്ട്‌ലൻഡ് ആപ്പ് വൈകാതെ ക്ലോസ് ചെയ്യും എന്നാൽ ഭാവിയിൽ ഈ ആപ്പിൻെറ ആവശ്യം ഉണ്ടായേക്കാം എന്ന് കരുതി ഉപയോക്താക്കളോട് തങ്ങളുടെ ഫോണിൽ ഈ ആപ്പ് നിലനിർത്തണം എന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൻെറ ഔദ്യോഗിക കൊറോണ വൈറസ് രോഗലക്ഷണങ്ങളുടെ പട്ടിക ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. പനി,തുടർച്ചയായ ചുമ, ഗന്ധമോ രുചിയോ തിരിച്ചറിയാനാവാത്ത അവസ്ഥ എന്നിവയാണ് യുകെയിൽ നിലവിലുള്ള കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ. അതേസമയം ശ്വാസതടസ്സം, കാരണങ്ങൾ ഇല്ലാത്ത ക്ഷീണം, ഊർജ്ജ കുറവ്, പേശിവേദന, അസാധാരണമായ വിശപ്പ്, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് സ്കോട്ട്‌ലൻഡ് പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ ആഴ്ച ലങ്കാഷെയറിൽ കാണാതായ കാറ്റി കെൻയോണിയുടേത് എന്ന് വിശ്വസിക്കുന്ന മൃതശരീരം പോലീസ് കണ്ടെത്തി. ഏപ്രിൽ 22 വെള്ളിയാഴ്ച ബേൺലിയിൽ വച്ച് 33-കാരൻ കാറ്റി ഒരു സിൽവർ ഫോർ ട്രാൻസിറ്റ് വാൻ ഓടിച്ച് പോകുന്നത് കണ്ടിരുന്നു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ തിരച്ചിൽ പോലീസ് നടത്തിയത്. അതേസമയം യുവതിയുടെ മുൻകാമുകനായ ആൻഡ്രൂ ബർഫീൽഡിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. യുവതി എവിടെയായിരിക്കും എന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് കാറ്റിയുടേത് എന്ന് കരുതപ്പെടുന്ന മൃതശരീരം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഫോറസ്റ്റ് ഓഫ് ബൗലാൻഡിലെ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് പോലീസിന് മൃതശരീരം ലഭിച്ചത്. യുവതിയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. വിപുലമായ പോലീസ് അന്വേഷണങ്ങൾക്കും നിരവധി ദിവസത്തെ തിരച്ചിലിനും ശേഷമാണ് കാറ്റി കെനിയൻെറ എന്ന് കരുതുന്ന മൃതശരീരം കണ്ടെത്തിയതെന്നും അവരുടെ മരണം കുടുംബാംഗങ്ങൾക്ക് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നും ലങ്കാഷെയർ ഫോഴ്‌സ് മേജർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് മേധാവി ഡെറ്റ് സപ്റ്റ് ഗാരി ബ്രൂക്‌സ് പറഞ്ഞു. ഈ സമയത്ത് കാറ്റിയുടെ കുടുംബാംഗങ്ങളെ തങ്ങൾ പിന്തുണയ്ക്കുമെന്നും സങ്കീർണവും വൈകാരികവുമായ ഈ തിരച്ചിലിനിടെ തങ്ങൾക്ക് എല്ലാവിധ സഹായവും നൽകിയ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അന്വേഷണത്തിൽ പങ്കാളികളായ ഏജൻസികൾക്കും എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും താൻ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമീപകാലത്ത് കുട്ടികളിൽ ഉയർന്നുവന്ന ഹെപ്പറ്റൈറ്റിസിന് കോവിഡ് പ്രതിരോധകുത്തിവയ്പ്പുകളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിരുന്നു. രോഗം ബാധിച്ച കുട്ടികളിൽ ഭൂരിപക്ഷവും അഞ്ചുവയസ്സിനു താഴെയുള്ളവരാണെന്നും അതിനാൽ തന്നെ ഇവർക്കൊന്നും തന്നെ വാക്സിൻ സ്വീകരിക്കാൻ അർഹത ഇല്ല എന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ആരോഗ്യ ഏജൻസികൾ പറഞ്ഞു. 2022 ജനുവരി മുതൽ ഏപ്രിൽ 21 വരെയുള്ള ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 11 രാജ്യങ്ങളിലെ കുട്ടികളിൽ വിശദീകരണങ്ങൾ ഇല്ലാത്തരീതിയിൽ ഹെപ്പറ്റൈറ്റിസ് അഥവാ കരളിന്റെ വീക്കം കണ്ടെത്തുകയായിരുന്നു. രേഖപ്പെടുത്തിയ 269 കേസുകളിൽ 114 കേസുകളും യുകെയിൽ നിന്നുള്ളതാണ്. സാധാരണയായി ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന 5 വൈറസുകളെയും ഇവിടെ കണ്ടെത്താനായില്ല. എന്നാൽ രോഗം ബാധിച്ച ഭൂരിപക്ഷം യുവാക്കളിലും ഒരു പ്രത്യേക അഡെനോവൈറസിൻെറ സാന്നിധ്യം കണ്ടത്താൻ സാധിച്ചു. ജലദോഷം മുതൽ കണ്ണുകളുടെ അണുബാധയ്ക്ക് വരെ കാരണമാകുന്ന വൈറസിൻെറ കുടുംബത്തിൽപ്പെട്ടതാണ് ഇവ.

രോഗങ്ങളിലുള്ള വർധനവ് അഡെനോവൈറസ് അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ)യിലെ ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷനുകളുടെ ഡയറക്ടർ ഡോ. മീരാ ചന്ദ് പറഞ്ഞു. എന്തായാലും സാധ്യമായ മറ്റു കാരണങ്ങളെക്കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്നും വാക്സിൻ സ്വീകരിച്ചത് ഇതിന് ഒരു കാരണം ആവുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. യുകെഎച്ച്എസ്എ ഉയർന്നുവരുന്ന ഹെപ്പറ്റൈറ്റിസിന് കാരണമായി കോവിഡ് വാക്സിനെ തള്ളിക്കളയാം എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്വിറ്റർ, റെഡ്ഡിറ്റ്, ഫേസ്ബുക്ക്, ടെലിഗ്രാം എന്നിവയിൽ ഹെപ്പറ്റൈറ്റിസ് കേസുകൾക്ക് കാരണം കോവിഡ് വാക്സിൻ ആണ് എന്ന തെറ്റായ അവകാശവാദങ്ങൾ നടക്കുന്നതായി കണ്ടെത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഈസ്റ്റ് സസ്സെക്സിലുള്ള സൗദി സ്റ്റോൺ ട്രെയിനിൽവച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏപ്രിൽ 22ന് രാത്രി 11 മണിയോടെയാണ് ലിയോനാർഡ്‌സ് വാരിയർ സ്ക്വയറിനും വാഡ്ഹസ്റ്റിനുമിടയിൽ ഓടുന്ന ട്രെയിനിൽവച്ച് സ്ത്രീയെ ആദ്യമായി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, പിന്നീട് റേപ്പ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന നാൽപത്തിനാലുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട്. സംഭവം നടക്കുന്നതിനു മുൻപ് സ്ത്രീ രണ്ട് പുരുഷന്മാരുമായി സംസാരിച്ചിരുന്നതായും, ഇവരിലൊരാൾ സംഭവത്തിനു മുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയതായും സ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് രണ്ടാമത്തെ ആൾ തന്നെ ട്രെയിനിന്റെ ടോയ് ലറ്റിൽ വെച്ച് റേപ്പ് ചെയ്തതെന്ന് അവർ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന സംഭവമാണ് ട്രെയിനിൽവച്ച് ഉണ്ടായതെന്നും, സംഭവത്തിൽ സ്ത്രീക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് മേജർ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ഗെമ്മ ലിറ്റിൽവുഡ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ അന്വേഷണം തുടർന്നു വരികയാണെന്നും അവർ പറഞ്ഞു. സംഭവത്തിനു തൊട്ടുമുൻപ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയ ആളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും അധികൃതർ നൽകി കഴിഞ്ഞു.