ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കോട്ട്ലൻഡ് : കരോലിൻ ഗ്ലാച്ചൻ വധക്കേസിലെ പ്രതികൾ 25 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. വെസ്റ്റ് ഡൺബാർട്ടൺഷയറിലെ ബോൺഹിൽ സ്വദേശിനിയായിരുന്ന കരോലിൻ ഗ്ലാച്ചൻ (14), 1996 ഓഗസ്റ്റ് 25 നാണ് കൊല്ലപ്പെട്ടത്. ലെവൻ നദിയുടെ തീരത്ത് നിന്നാണ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കരോലിന്റെ മൃതദേഹം കണ്ടെടുത്തത്. റോബർട്ട് ഒബ്രിയൻ (43) ആൻഡ്രൂ കെല്ലി, ഡോണ ബ്രാൻഡ് (42) എന്നിവരാണ് പ്രതികൾ. കൊലപാതകം നടന്നു 25 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടു.

സ്‌കോട്ട്‌ലൻഡ് പോലീസ്, പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കോടതി കേസ് വിളിച്ചത്. അന്വേഷണത്തിൽ സഹായിച്ച പൊതുജനങ്ങൾക്കും കരോളിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പങ്കുവച്ചവർക്കും പോലീസ് നന്ദി അറിയിച്ചു. കരോലിൻ കൊല്ലപ്പെടുമ്പോൾ ഡംബാർടണിലെ ഔവർ ലേഡി ആൻഡ് സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. അമ്മ മാർഗരറ്റ് മക്കീച്ചിന്റെ 40-ാം ജന്മദിനത്തിലാണ് കരോളിന്റെ മൃതദേഹം കണ്ടെത്തിയത്. കരോളിന്റെ മരണം ബിബിസിയുടെ ക്രൈംവാച്ച് പ്രോഗ്രാമിൽ ഇടം നേടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഊർജ്ജ ദാതാക്കളെ സംബന്ധിച്ചിടത്തോളം ഇത് തകർച്ചയുടെ വർഷമാണ്. 25 കമ്പനികൾ ഇതിനകം വ്യാപാരം നിർത്തിയിരിക്കുകയും 11 എണ്ണം തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഇന്ധനച്ചെലവ് വർധിച്ചതോടെ, ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്‌ട്രിസിറ്റി മാർക്കറ്റ്‌സ് ദാതാക്കളെ പിടിച്ചുനിർത്തുന്നതിനായി നിരക്ക് വർധിപ്പിച്ചിരുന്നു. യുകെയിലെ വീടുകളിൽ എനർജി ബിൽ £139 നും £1,277 നും ഇടയിൽ ഉയരുമെന്ന് ആശങ്കയുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ഊർജ വിതരണ കമ്പനികളുടെയും തകർച്ചയുടെ പ്രധാന കാരണം ലോകമെമ്പാടുമുള്ള ഇന്ധന വിലക്കയറ്റമാണ്.
റഷ്യയിൽ നിന്നുള്ള വിതരണത്തിലെ കുറവും ഏഷ്യയിലെ ഉയർന്ന ആവശ്യകതയും അറ്റകുറ്റപ്പണികൾക്കായി നിരവധി നോർത്ത് സീ പ്ലാറ്റ്‌ഫോമുകൾ അടച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. കോവിഡ് അനന്തര കാലത്ത് ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു. ഓയിൽ & ഗ്യാസ് യുകെയുടെ കണക്കനുസരിച്ച് ഗ്യാസ് വിലയിൽ ഓഗസ്റ്റിൽ മാത്രം 70% വർദ്ധനവ് ഉണ്ടായി. വർഷാരംഭം യുകെയിൽ 71 ഊർജ്ജ വിതരണക്കാർ ഉണ്ടായിരുന്നെങ്കിലും, 2021 അവസാനത്തോടെ എണ്ണം പത്തിൽ താഴെയാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഈ വർഷം ഇതുവരെ തകർന്ന കമ്പനികൾ ഇവയാണ്;
• സിംപ്ലിസിറ്റി എനർജി
• ഗ്രീൻ നെറ്റ്‌വർക്ക് എനർജി
• ഹബ് എനർജി
• പിഎഫ് പി എനർജി
•മണിപ്ലസ് എനർജി
•യൂട്ടീലിറ്റി പോയിന്റ്
•പീപ്പിൾസ് എനർജി
•ഗ്രീൻ
•അവ്റോ എനർജി
•ഇഗ്ലൂ എനർജി
•സിംബയോ എനർജി
•ഇൻസ്‌ട്രോഗ
• പ്യുവർ പ്ലാനറ്റ്
•കൊളോറാഡോ എനർജി
•ഡാലിഗ്യാസ്
•ഗോട്ടോ എനർജി
•ബ്ലൂഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്
•ഒമ്നി എനർജി ലിമിറ്റഡ്
•എംഎ എനർജി ലിമിറ്റഡ്
•സീബ്ര പവർ ലിമിറ്റഡ്
•ആംപവർയുകെ ലിമിറ്റഡ്
•സിഎൻജി എനർജി
•നിയോൺ എനർജി
•സോഷ്യൽ എനർജി സപ്ലൈ
•ബൾബ്
പ്രതിസന്ധി രൂക്ഷമാണെങ്കിലും ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒഎൻ, എസ്.എസ്.ഇ, ഇഡിഎഫ് എനർജി, സ്കോട്ടിഷ് പവർ, എൻപവർ എന്നീ കമ്പനികൾ പിടിച്ചുനിൽക്കാനാണ് സാധ്യത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുതിയ മ്യുട്ടന്റ് സ്‌ട്രെയിൻ കോവിഡ് വൈറസ് സംബന്ധിച്ചുള്ള ആശങ്കകൾ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് ജനങ്ങളോട് പങ്കുവെച്ചിരിക്കുകയാണ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ 40 ശതമാനത്തോളം കുറയ്ക്കുന്നതാണ് പുതിയ സ്ട്രെയിൻ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഇതു കൂടുതൽ ആശങ്കകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് സൗത്ത് ആഫ്രിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിച്ചു. ‘നു ‘ എന്ന പേരിടാനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചിരിക്കുന്ന ഈ സ്ട്രെയിൻ നിലവിൽ സൗത്ത് ആഫ്രിക്കയിൽ കേസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലും ഈ സ്ട്രെയിൻ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്നാണ് ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്സ്വാന, എസ്‌വാറ്റിനി, സിംബാബ്‌വെ എന്നിവിടങ്ങളിൽനിന്നുള്ള ഫ്ലൈറ്റുകൾ ബ്രിട്ടൻ നിരോധിക്കുവാൻ തീരുമാനിച്ചത്. അതോടൊപ്പം തന്നെ ആറ് രാജ്യങ്ങളെയും റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. യുകെയിൽ ഇതുവരെയും ഈ സ്ട്രെയിൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാൽ തന്നെയും സൗത്ത് ആഫ്രിക്കയിൽ നിന്നും കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തിയവർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സ്‌ട്രെയിൻ സംബന്ധിച്ച് ശാസ്ത്രജ്ഞർ എല്ലാവരും തന്നെ ആശങ്കരാണെന്നും ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഈ സ്‌ട്രെയിനിന് കൂടുതൽ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും, ജനങ്ങൾ എല്ലാവരുംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. സൗത്താഫ്രിക്കയിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ലോകാരോഗ്യസംഘടന അധികൃതർ വെള്ളിയാഴ്ച ആഫ്രിക്കൻ ആരോഗ്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 59 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ആശങ്കകൾ വിട്ടൊഴിയുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു കുട്ടികളും ഏഴു സ്ത്രീകളും പതിനേഴു പുരുഷന്മാരും അടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് മരിച്ചു. ഇതിൽ ഗർഭിണിയായ സ്ത്രീയും ഉൾപ്പെടുന്നുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാമത് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 2014-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഡേറ്റാ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട ഒരു ദുരന്തമാണിത്. ഇരുപത്തേഴ് അഭയാർഥികൾ മരണപ്പെട്ട സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ മനുഷ്യക്കടത്തു നടത്തുവാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന നാല് പേരെ നേരത്തെ ഡൻകിർക്, ഫ്രാൻസ് – ബെൽജിയൻ ബോർഡറിനു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് അടിയന്തരമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോഗം വിളിച്ചുകൂട്ടി, സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാൻ ഫ്രാൻസും അനുവദിക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ അഭയാർഥികളെ അനുവദിക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ നയങ്ങളും മാറ്റണം എന്ന് അദ്ദേഹം ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു നേതാക്കളും തമ്മിൽ ചർച്ച ഉണ്ടായതായും, സംഭവത്തിൽ രണ്ട് രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായതായും ടൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. അഭയാർഥികളുടെ മറവിൽ നിരവധി പേർ പണമുണ്ടാക്കാൻ ശ്രമിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്. സ്കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2020 ജൂണിൽ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളുമടക്കം 54,000 -ത്തിലധികം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ഇരകളെ പിന്തുണയ്ക്കുന്നതിനുമായി അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. റേപ്പ് കൾച്ചർ വളരുന്നതിന്റെ തെളിവായി സോമ സാറ തന്റെ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. ആൺകുട്ടികളിൽ നിന്ന് ലൈംഗികചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സാറാ വെളിപ്പെടുത്തി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളിൽ നിന്നാണ് സാറയ്ക്ക് സന്ദേശങ്ങൾ ലഭിച്ചത്. തന്റെ പുതിയ ഡോക്യുമെന്ററിയിൽ , സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാറാ തുറന്ന് പറയുകയുണ്ടായി.

ബലാത്സംഗത്തിനിരയായ വിവരം പങ്കുവെച്ച ഒരു പെൺകുട്ടി, സ്കൂളിലേയ്ക്ക് മടങ്ങാൻ ഭയമാണെന്ന് വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ കുറ്റപ്പെടുത്തുന്ന പ്രവണതയും ഏറിവരികയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആരോപണങ്ങൾക്ക് മറുപടിയായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഹെൽപ്പ് ലൈനും ഉടനടി അവലോകനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ ഇരകളെ പിന്തുണയ്ക്കുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഉപദേശം നൽകുന്നതിനുമായി എൻഎസ് പിസിസി ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നു. ഏതു തരത്തിലുള്ള ലൈംഗികാതിക്രമവും വെറുപ്പുളവാക്കുന്നതാണെന്നും ഈ ആരോപണങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി.

“എനിക്ക് തിരികെ സ്കൂളിൽ പോകാൻ താൽപ്പര്യമില്ല, അവൻ എന്നെ ബലാത്സംഗം ചെയ്തു.”: മരിക്കുന്നതിന് മുമ്പ് പന്ത്രണ്ടുകാരിയായ സെമിന ഹാലിവെൽ തന്റെ അമ്മ റേച്ചൽ ഹാലിവെല്ലിനോട് പറഞ്ഞ വാക്കുകളാണിത്. 2020 മാർച്ചിൽ, തന്റെ സ്കൂളിലെ ഒരു മുതിർന്ന ആൺകുട്ടിയിൽ നിന്ന് സെമിനയ്ക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി റേച്ചൽ വെളിപ്പെടുത്തി. പിന്നീട് അത് ഭീഷണിയായി. നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നേരിട്ട് കണ്ടപ്പോൾ ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. ആൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. താൻ സ്‌കൂളിൽ വിവരമറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് റേച്ചൽ പറഞ്ഞു. ദുഃഖം താങ്ങാനാവാതെ 2020 ജൂണിലാണ് സെമിന ആത്മഹത്യ ചെയ്തത്. സെമിനയുടെ മരണശേഷം, സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്ന ആവശ്യം ശക്തമായി. വേറൊരു കുട്ടിയ്ക്കും ഇത് സംഭവിക്കരുതെന്ന് പറഞ്ഞ റേച്ചൽ, ‘ദ സെമിന ഫൗണ്ടേഷൻ’ എന്ന ചാരിറ്റി സ്ഥാപിക്കുകയാണ്. സ്‌കൂളുകളിൽ ബലാത്സംഗത്തിന് ഇരയായവർക്ക് ശരിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്‌കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ചുള്ള ഓഫ്സ്റ്റഡിന്റെ അവലോകന റിപ്പോർട്ട് ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്നത് ഇപ്പോഴും മുൻഗണന വിഷയമായി നിലകൊള്ളുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിസ്മസ് നാളുകളിൽ ഏറ്റവും ചിലവ് വരുന്ന ഉൽപ്പന്നങ്ങളാണ് വീഞ്ഞും മദ്യവും. എന്നാൽ ക്രിസ്മസിന് ബ്രിട്ടീഷുകാർ വീഞ്ഞ്, മദ്യ ക്ഷാമം നേരിടേണ്ടിവരുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ചെലവുകളും കോവിഡ് പ്രതിസന്ധിയും വിതരണത്തിലെ കാലതാമസവും കാരണം ക്ഷാമം ഉണ്ടാകുമെന്ന് വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ (ഡബ്ല്യുഎസ്ടിഎ) വ്യക്തമാക്കി. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സിന് അയച്ച കത്തിലാണ് ഈ ആശങ്ക വിവരിച്ചത്. പെർനോഡ് റിക്കാർഡ്, മൊയെ ഹെന്നസി, വൈൻ സൊസൈറ്റി എന്നിവയുൾപ്പെടെ 49 സ്ഥാപനങ്ങൾ കത്തിൽ ഒപ്പുവച്ചു. എന്നാൽ ക്രിസ്മസിന് മദ്യവിതരണം തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സർക്കാർ വാദം. എച്ച്‌ജിവി ഡ്രൈവർ ക്ഷാമം ഈ മേഖലയെ രൂക്ഷമായി ബാധിച്ചു. ഡ്രിങ്ക്സ് ബിസിനസുകൾ ഇപ്പോഴും ബുദ്ധിമുട്ടിലാണെന്നും കൂടുതൽ നടപടി ആവശ്യമാണെന്നും കത്തിൽ പറയുന്നു.

നിർണായക വ്യാപാര കാലഘട്ടമാണ് വരുന്നതെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൈൻ, മദ്യം എന്നിവയുടെ വിതരണം നിലയ്ക്കുമെന്നും കത്തിൽ വിശദമാക്കി. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയിരുന്ന ഓർഡറുകൾ ഇപ്പോൾ 15 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കുന്നത്. കൃത്യസമയത്ത് ഓർഡറുകൾ പൂർത്തിയാക്കാൻ കഴിയാത്തത് ബിസിനസിൻെറ തകർച്ചയ്ക്ക് കാരണമാകുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർദ്ധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഡ്രൈവർമാരെ ആകർഷിക്കാൻ വൻകിട ബിസിനസുകളുമായി മത്സരിക്കാൻ കഴിയാത്ത ചെറുകിട, ഇടത്തരം സംരംഭകരും പ്രതിസന്ധിയിലാണ്. എച്ച്ജിവി ഡ്രൈവർമാർക്കുള്ള താൽക്കാലിക വിസ പദ്ധതി ഒരു വർഷത്തേക്ക് നീട്ടണമെന്ന് ഡബ്ല്യുഎസ് ടിഎ ആവശ്യപ്പെട്ടു. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം ഈ ക്രിസ്‌മസിന് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഭക്ഷ്യ വിതരണക്കാർ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രിങ്ക്സ് ബിസിനസിൽ നിന്നുള്ള മുന്നറിയിപ്പ്. യുകെ സ്ഥിരമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ (എഫ് ഡിഎഫ്) മേധാവി ഇയാൻ റൈറ്റ് സെപ്റ്റംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലീഷ് ചാനൽ കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഇരുപത്തേഴോളം അഭയാർഥികൾ മരണപ്പെട്ട സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമനന്ത്രി ബോറിസ് ജോൺസൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ മനുഷ്യക്കടത്തു നടത്തുവാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന നാല് പേരെ ഡൻകിർക്, ഫ്രാൻസ് – ബെൽജിയൻ ബോർഡറിനു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ അഞ്ചു സ്ത്രീകളും, ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതികൂല കാലാവസ്ഥയിൽ നിറച്ച് ആളുകളുമായിയെത്തിയ ബോട്ടിനെ മത്സ്യബന്ധനക്കാരാണ് കണ്ടെത്തിയത്. ഉടൻതന്നെ സംഭവസ്ഥലത്തേയ്ക്ക് 3 കോസ്റ്റ് ഗാർഡ് കപ്പലുകളും, ഹെലികോപ്റ്ററും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നിരവധി പേർ മരണപ്പെട്ടു. അടുത്തയിടെ നടന്ന ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട ഒരു ദുരന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് അടിയന്തരമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോഗം വിളിച്ചുകൂട്ടി, സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാൻ ഫ്രാൻസും അനുവദിക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ അഭയാർഥികളെ അനുവദിക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ നയങ്ങളും മാറ്റണം എന്ന് അദ്ദേഹം ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു നേതാക്കളും തമ്മിൽ ചർച്ച ഉണ്ടായതായും, സംഭവത്തിൽ രണ്ട് രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായതായും ടൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ആവശ്യമെങ്കിൽ ബ്രിട്ടൻ സൈനികരെ ഫ്രാൻസിൽ അയക്കാം എന്ന് ബോറിസ് ജോൺസൻ വാഗ്ദാനം ചെയ്തതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അഭയാർഥികളുടെ മറവിൽ നിരവധി പേർ പണമുണ്ടാക്കാൻ ശ്രമിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലിസിയുടെ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരുടെ കൊലയാളികൾക്ക് നിർബന്ധിത ജീവപര്യന്തം നൽകണമെന്ന ലിസിയുടെ ആവശ്യത്തിന് സർക്കാർ പിന്തുണ. 2019 ഓഗസ്റ്റിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ആൻഡ്രൂ ഹാർപ്പറുടെ ഭാര്യയാണ് ലിസി. ഇംഗ്ലണ്ടിലും വെയിൽസിലും എത്രയും വേഗം നിയമഭേദഗതി കൊണ്ടുവരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പാസാക്കിയാൽ, അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരെ കൊലപ്പെടുത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കും. നിയമഭേദഗതിയിലൂടെ പോലീസ്, ജയിൽ ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ എന്നിവർക്ക് അധിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലിസിയുടെ രണ്ടുവർഷത്തെ നിയമപോരാട്ടമാണ് ഇതോടെ ഫലം കണ്ടത്. ആവശ്യം സർക്കാർ അംഗീകരിച്ചതോടെ താൻ സന്തോഷവതിയാണെന്ന് ലിസി പ്രതികരിച്ചു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാർക്കെതിരായ ആക്രമണത്തിന് കഴിഞ്ഞ വർഷം ഏകദേശം 10,000 പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. നിയമഭേദഗതി അടുത്ത വർഷം ആദ്യം നിലവിൽ വന്നേക്കും.

2019 ഓഗസ്റ്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആൻഡ്രൂ ഹാർപ്പർ കൊലപാതകം. ക്വാഡ് ബൈക്ക് മോഷ്ടാക്കളെ പിടികൂടാൻ ചെന്ന് ഹാർപ്പറെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കിലോമീറ്ററിലേറെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച ശേഷം പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് സ്ഥലം വിട്ടു. കാർ ഓടിച്ചിരുന്ന ഹെൻറി ലോംഗ് (19), കൂട്ടുകാരായ ജെസ്സി കോൾ, ആൽബർട്ട് ബോവേഴ്സ് (18) എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കി. പ്രതികളിൽ ലോങ്ങിന് 16 വർഷവും കോളിനും ബോവേഴ്‌സിനും 13 വർഷം വീതവുമാണ് തടവുശിക്ഷ ലഭിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നീ ആപ്പുകളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം മുന്നോട്ട് നീട്ടി മെറ്റാ കമ്പനി. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയക്കുന്ന സന്ദേശങ്ങൾ അധികൃതർക്കോ മെറ്റ കമ്പനിയ് ക്കോ ഉൾപ്പെടെ മൂന്നാമതൊരാൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഈ സംവിധാനം. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന വിമർശനങ്ങളെ തുടർന്നാണ് തീരുമാനം നടപ്പിലാക്കുന്നത് മുന്നോട്ടു നീട്ടി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു പലപ്പോഴും ഇത്തരം പ്രൈവറ്റ് മെസ്സേജുകൾ ഉപയോഗപ്പെടുത്തുമെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു ചിൽഡ്രൻ (എൻ എസ് പി സി സി ) ആരോപിച്ചു. ഈ സംവിധാനം നിയമ വ്യവസ്ഥയെ ബാധിക്കുമെന്നും, കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സഹായിക്കുമെന്നും യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആരോപിച്ചു.

വാട് സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിൽ സന്ദേശം അയച്ച ആളുടെ ഫോണോ, ലഭിച്ചയാളുടെ ഫോണോ അല്ലാതെ മൂന്നാമതൊരാൾക്ക് അത് ചോർത്തിയെടുക്കാൻ സാധിക്കില്ല. ഈ മെസ്സേജിങ് സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്ന് നിരവധി പേർ പ്രതികരിച്ചു.എൻഎസ് പിസിസിപുറത്തുവിട്ട വിവരത്തിൽ ഏകദേശം ഇംഗ്ലണ്ട്, വെയിൽസ് സ് കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രമായി 9470 കേസുകളാണ് ഇത്തരത്തിൽ ഓൺലൈൻ രീതിയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുവാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഇല്ലാതാകുമെന്നാണ് വിമർശനം. എന്നാൽ ഈ സംവിധാനം ഗുണപ്രദമാണെന്ന നിലപാടെടുക്കുന്നവരും ഉണ്ട്. ഗവൺമെന്റോ, മറ്റ് ഹാക്കർമാരോ വ്യക്തികളുടെ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ല എന്ന് ഈ സംവിധാനം ഉറപ്പുവരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്യാസ് മൊത്തവില ഉയർന്നതിനെത്തുടർന്ന് 17 ലക്ഷം ഉപഭോക്താക്കളുള്ള ബൾബ് എനർജി കമ്പനി തകർന്നു. പ്രതിസന്ധി രൂക്ഷമായതോടെ പ്രത്യേക നടത്തിപ്പിലേയ്ക്ക് (Special Administration) നീങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ റെഗുലേറ്റർ ഓഫ്ഗെമിലൂടെ സർക്കാർ നടത്തുന്ന ആദ്യത്തെ ഊർജ്ജ കമ്പനിയായി ബൾബ് മാറും. ബൾബിന്റെ ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ലന്നും ബൾബ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ഓഫ്ഗെം വ്യക്തമാക്കി. “ഉപഭോക്താക്കൾക്ക് അവരുടെ വിതരണത്തിൽ തടസ്സം ഉണ്ടാവില്ല. അവരുടെ അക്കൗണ്ടും താരിഫും സാധാരണ നിലയിൽ തന്നെ തുടരും. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബൾബ് ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാകും.” ഓഫ്ഗെം കൂട്ടിച്ചേർത്തു.

ഊർജ്ജ വിതരണ സ്ഥാപനത്തിന്റെ ഉപഭോക്താക്കളെ ഏറ്റെടുക്കാൻ തക്ക പ്രാപ്തിയുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ ഓഫ്ഗെമിന് കഴിയുന്നില്ലെങ്കിൽ മാത്രമാണ് സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ നടപടി ഉപയോഗിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റെഗുലേറ്റർ പറഞ്ഞു. യുകെയിലെ ഏഴാമത്തെ വലിയ ഊർജ്ജ കമ്പനിയാണ് ബൾബ്. ആയിരം ജീവനക്കാരും ഉണ്ട്.

ബൾബിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020 മാർച്ച് 31 വരെ കമ്പനിക്ക് 63 മില്യൺ പൗണ്ട് നഷ്ടമുണ്ടായി. പ്രത്യേക നടത്തിപ്പിലൂടെ വൻ സാമ്പത്തിക തകർച്ച തടയുകയാണ് പ്രധാന ലക്ഷ്യം. സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റർ റെജിം സ്കീമിന് കീഴിൽ കമ്പനിയുടെ നടത്തിപ്പിനായി സർക്കാരിന് ഗ്രാന്റുകളും വായ്പകളും നൽകാം. വാതക വില കുതിച്ചുയർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി നിരവധി കമ്പനികൾ അടച്ചുപൂട്ടി. കഴിഞ്ഞയാഴ്ച തകർന്ന നിയോൺ റീഫ്, സോഷ്യൽ എനർജി സപ്ലൈ എന്നിവരുടെ ഉപഭോക്താക്കളെ ബ്രിട്ടീഷ് ഗ്യാസ് ഏറ്റെടുക്കും. രണ്ട് സ്ഥാപനങ്ങൾക്കും കൂടി 35,000 ഉപഭോക്താക്കളുണ്ട്.