Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എച്ച്ഐവി ബാധ ഉണ്ടെന്ന് അറിഞ്ഞിരിക്കെ, അതു മറച്ചുവെച്ച് തന്റെ പങ്കാളിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് രോഗം പകർന്നുനൽകിയ യുവ ഡോക്ടർക്കെതിരെയുള്ള കേസിൽ ലണ്ടനിലെ സൗത്ത്വർക്ക് ക്രൗൺ കോടതി ഇന്നലെ വാദം കേട്ടു. മുപ്പത്തെട്ടുകാരനായ മൻരൂപ് ബേയിൻസ്‌ ആണ് ഇത്തരത്തിൽ രോഗം മറച്ചുവെച്ച് തന്റെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപിന് രോഗം ഉണ്ടായിരുന്നതായി സാക്ഷിക്കുന്ന എൻ എച്ച് എസ് രേഖകൾ പങ്കാളി കണ്ടെത്തിയതിനെത്തുടർന്നാണ് മൻരൂപിനെതിരെ കോടതിയിൽ കേസ് ആരംഭിച്ചത്. മൻരൂപുമായി ബന്ധം ആരംഭിച്ച് ദിവസങ്ങൾക്കുശേഷം തന്നെ തനിക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായും, ഇതേ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് തനിക്കും എച്ച്ഐവി ആണെന്ന് ഉറപ്പിച്ചതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

തുടക്കത്തിൽ രോഗലക്ഷണങ്ങൾ മൻരൂപുമായി പങ്കുവച്ചപ്പോൾ പനിയുടെ ലക്ഷണങ്ങൾ ആണെന്നാണ് അദ്ദേഹം തന്നെ വിശ്വസിപ്പിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഒരു ഡോക്ടർ എന്ന രീതിയിലും തന്റെ പങ്കാളി എന്ന രീതിയിലും താൻ പൂർണമായി മൻരൂപീനെ വിശ്വസിച്ചതായി പരാതിക്കാരൻ പറഞ്ഞു.
എന്നാൽ തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപ് രോഗബാധിതനെ ആണെന്ന് സത്യം അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടതെന്ന് അറിഞ്ഞതെന്നും ഇതേതുടർന്നാണ് കോടതിയെ ആശ്രയിച്ചതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റഷ്യൻ പ്രവിശ്യകളിൽ ആക്രമണം നടത്താൻ ഉക്രൈനിനെ പ്രേരിപ്പിച്ചത് ബ്രിട്ടനെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടൻ നൽകിയ ആയുധങ്ങൾ റഷ്യൻ മിലിറ്ററി ടാർഗറ്റുകൾക്ക് നേരെ ഉപയോഗിക്കുവാൻ ഉക്രൈനിനു യാതൊരു ബുദ്ധിമുട്ടുമില്ലെന്ന ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയാണ് റഷ്യയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ ബെൽഗോരോദ് പ്രവിശ്യയിലുള്ള എണ്ണ സൂക്ഷിക്കുന്ന ഡിപ്പോകൾ ഉക്രൈൻ തകർത്തതായി റഷ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണവും ഉക്രൈൻ നടത്തിയതായി അവർ അംഗീകരിച്ചിട്ടില്ല. ഉക്രൈനിനു മേൽ ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത് മുതൽ പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധി മില്യൻ പൗണ്ടുകളുടെ മിലിറ്ററി സഹായമാണ് ഉക്രൈനിനു നൽകിയത്. ഇതോടൊപ്പം തന്നെ നാറ്റോയും യൂറോപ്യൻ യൂണിയൻ അധികൃതരും ഇനിയുള്ള മിലിറ്ററി സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സമ്മർദം തങ്ങളെ തിരിച്ചടിക്കുവാൻ പ്രേരിപ്പിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ഉക്രൈനിലെ പ്രധാന കേന്ദ്രങ്ങളിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടെന്നുള്ളത് റഷ്യയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ മിലിറ്ററി വക്താവ് വ്യക്തമാക്കി. എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും, ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹാ യുദ്ധത്തിലേക്ക് ലോകം നയിക്കപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി. ഉക്രൈൻ സ്വന്തമായാണ് തീരുമാനമെടുക്കേണ്ടത് മറിച്ച്, ആയുധങ്ങൾ നൽകിയ രാജ്യങ്ങളുടെ തീരുമാനങ്ങൾ കടമെടുക്കുകയല്ല വേണ്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 18 ആയി ഉയർത്താൻ ബിൽ. സർക്കാർ പിന്തുണയോടെ പാർലമെന്റിൽ പാസായ ബിൽ ഈ ആഴ്ച തന്നെ നിയമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത മതപരമായ വിവാഹങ്ങൾക്കും പുതിയ നിയമം ബാധകമാണ്. മുൻപ്, മാതാപിതാക്കളുടെ സമ്മതപ്രകാരം മക്കൾക്ക് 16 അല്ലെങ്കിൽ 17 വയസ്സിൽ വിവാഹം കഴിക്കാമായിരുന്നു. ഇത് നിരവധി പെൺകുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന നിയമമായിരിക്കുമെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കൺസർവേറ്റീവ് എംപി പോളിൻ ലാതം പറഞ്ഞു.

പുതിയ നിയമം പ്രകാരം 18 വയസിൽ താഴെയുള്ളവർ വിവാഹം ചെയ്താൽ അവർക്ക് ശിക്ഷ ലഭിക്കില്ല. പകരം അവരുടെ വിവാഹത്തിനായി സമ്മതിച്ച മുതിർന്നവർക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും. നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും നിയമം ബാധകമല്ല. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങളുടെയോ പങ്കാളിത്തത്തിന്റെയോ സാധുതയെ പുതിയ നിയമം ബാധിക്കില്ല. നിരവധി പെൺകുട്ടികളാണ് പുതിയ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടിക്ടോക്കിലൂടെ പ്രചരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റിന്റെ തെറ്റായ ഉപയോഗ രീതികളെ സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എൻഎച്ച്എസ് ഡോക്ടർ കരൺ രാജൻ. ടിക് ടോക് പ്ലാറ്റ് ഫോമിലൂടെ പ്രചരിക്കുന്ന വീഡിയോകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം വലുതായതിനാൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഗ്നൻസി ടെസ്റ്റിലെ പ്ലാൻ ബി എന്ന പേരിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ, പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് തുറന്നു പരിശോധിക്കുന്ന ഒരാൾക്ക് ഒരു ഗുളിക ലഭിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ കോൺട്രാസെപ്റ്റീവ് അഥവാ ഗർഭനിരോധന ഗുളികകൾ ആണെന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ പ്രഗ്നൻസി ടെസ്റ്റ് കിറ്റിലെ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിട്ടുള്ളവയാണെന്ന് ഡോക്ടർ വ്യക്തമാക്കി. സാധാരണയായി പുതുതായി വാങ്ങുന്ന ഷൂകൾ,ബാഗ് എന്നിവിടങ്ങളിൽ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിരിക്കുന്ന സിലിക്കാ പാക്കറ്റുകളുടെ അതേ ഉപയോഗം തന്നെയാണ് ഇത്തരം ഗുളികകൾക്കും ഉള്ളതെന്നും, ഇത് ഒരു കാരണവശാലും കഴിക്കരുതെന്നും ഡോക്ടർ കരൺ മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ഗുളികകൾ കഴിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു മില്യൻ വ്യൂസ് ആണ് ഡോക്ടർ കരണിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ് ഫോമിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും പൂർണമായും വിശ്വസിക്കരുതെന്ന കർശന നിർദേശവും ഈ വീഡിയോയിൽ അദ്ദേഹം നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റർ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട അഞ്ചു വയസുകാരിക്ക് ടോയ്‌ലെറ്റ് അനുവദിക്കാതെ ടെസ്കോ. പരാതിയുമായി അമ്മ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓഫർടണിൽ താമസിക്കുന്ന സാറാ ബ്രൂക്‌സ് (35) സ്റ്റോക്ക്‌പോർട്ടിലെ ടെസ്‌കോ എസ്സോ എക്‌സ്‌പ്രസിൽ തന്റെ മകൾ മിയയുമായി സാധനങ്ങൾ വാങ്ങാൻ എത്തിയതാണ്. അവിടെ വെച്ചാണ് മിയക്ക് കലശലായ വേദന അനുഭവപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാർക്കറ്റിലെ ജീവനക്കാരൻ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് സാറാ പറയുന്നു. “എന്റെ മകൾ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. അവൾക്ക് അത്രയും വേദന ഉണ്ടായിരുന്നു.” സാറാ കൂട്ടിച്ചേർത്തു.

ഇത് സ്റ്റാഫിന് വേണ്ടിയുള്ള ടോയ്‌ലെറ്റ് ആണെന്നും അത്യാവശ്യമെങ്കിൽ റോഡിന് അപ്പുറത്തുള്ള പബ്ബിലേക്കോ മക്‌ഡൊണാൾഡിലേക്കോ പോകാണമെന്നും ജീവനക്കാരൻ പറഞ്ഞു. പരുഷമായ പ്രതികരണത്തിൽ തനിക്ക് വെറുപ്പുണ്ടെന്നും ടെസ്‌കോയോട് പരാതിപ്പെട്ടിട്ടുണ്ടെന്നും സാറ പറഞ്ഞു. എൻഎച്ച്എസ് പ്രവർത്തകയായ സാറാ ടെസ്‌കോയുടെ ഫെയ്‌സ്ബുക്ക് പേജിൽ ഈ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടു.

എന്നാൽ പല ഉപഭോക്താക്കളും മോശമായ രീതിയിലാണ് പ്രതികരിച്ചത്. ഇതോടെ സാറാ പോസ്റ്റ്‌ പിൻവലിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം വെറുപ്പുളവാക്കുന്നതായിരുന്നുവെന്ന് സാറാ പറഞ്ഞു. മകളെ പുല്ലിൽ മൂത്രമൊഴിക്കാൻ അനുവദിക്കണമെന്നായിരുന്നു ഒരാൾ പറഞ്ഞത്. “ഞാൻ വാർഡുകളിൽ ജോലി ചെയ്യുന്ന ഒരു എൻഎച്ച്എസ് പ്രവർത്തകയാണ്. ഞങ്ങൾക്ക് പേഷ്യന്റ് ടോയ്‌ലറ്റുകളും സ്റ്റാഫ് ടോയ്‌ലറ്റുകളും ഉണ്ട്. രോഗിയുടെ ബന്ധു സന്ദർശിക്കാൻ വന്നാൽ അവർ ആശുപത്രിയിലെ പ്രധാന ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഒരു കുട്ടിയോ പ്രായമായ വ്യക്തിയോ ആണെങ്കിൽ ഞങ്ങൾ സ്റ്റാഫ്‌ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കും.” സാറാ വ്യക്തമാക്കി. സംഭവിച്ചതിൽ ഖേദമുണ്ടെന്നു ടെസ്കോ വക്താവ് പ്രതികരിച്ചു. കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ടെസ്കോയിലെ ഏതു ടോയ്‌ലെറ്റും ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആംസ്റ്റർഡാം : ഈസിജെറ്റ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ ഹണിമൂണിന് പോയ നവദമ്പതികൾ. ആംസ്റ്റർഡാമിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ നതാഷയും ക്രിസ് സ്റ്റുവർട്ടുമാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിമാനത്താവളത്തിൽ 14 മണിക്കൂർ കാത്തിരിക്കേണ്ടതായും വന്നു. ഏപ്രിൽ 22 വെള്ളിയാഴ്ച ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നതാഷയും ക്രിസും നാട്ടിലെത്താനുള്ള വിമാനം കാത്തിരിക്കുകയായിരുന്നു. എന്നാൽ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതോടെ ദമ്പതികൾ പ്രതിസന്ധിയിലായി. പിന്നീട്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ താമസിച്ച ശേഷം അവർ ഞായറാഴ്ച വൈകുന്നേരം 5.35 ന് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും ഫ്ലൈറ്റ് വീണ്ടും റദ്ദാക്കിയ വിവരം ലഭിച്ചു.

എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ കാരണമാണ് ഫ്ലൈറ്റ് റദ്ദാക്കിയതെന്നാണ് ഈസിജെറ്റ് അധികൃതർ നൽകുന്ന വിവരം. ‘ഹണിമൂൺ പൂർത്തിയായതിന് ശേഷവും വീട്ടിൽ പോകാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ബെൽഫാസ്റ്റിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം 14 മണിക്കൂർ ഞങ്ങൾ ഒരു വിമാനത്താവളത്തിൽ ചെലവഴിച്ചു. ഈ പ്രതിസന്ധി ഞങ്ങളുടെ ഹണിമൂൺ യാത്രയെ പൂർണമായും നശിപ്പിച്ചു.” ക്രിസ് പ്രതികരിച്ചു.

യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് ഈസിജെറ്റ് പറഞ്ഞു. നവദമ്പതികളോടും അവർ ക്ഷമാപണം നടത്തി. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനു (34.5 ബില്യൺ പൗണ്ട് ) വാങ്ങാൻ ഇലോൺ മസ്ക് മുന്നോട്ടുവെച്ച ഓഫർ ട്വിറ്റർ ബോർഡ് അംഗീകരിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് ഇത്തരത്തിലൊരു വാഗ്ദാനം മസ്ക് മുന്നോട്ടുവെച്ചത്. വളരെയധികം സാധ്യതകളുള്ള ഒരു പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്നും, കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്വിറ്റർ തുടക്കത്തിൽ മസ്കിന്റെ ഓഫർ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ചർച്ചകൾക്ക് ശേഷമാണ് ബോർഡ് ഈ തീരുമാനം അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ മേധാവി ആയിരിക്കുന്ന ഇലോൺ മസ്ക്, ഫോബ്സ്‌ മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെതന്നെ ഏറ്റവും കോടീശ്വരനായ വ്യക്തിയാണ്. 273.6 ബില്യൺ ഡോളർ ആസ്തി മസ്കിന് ഉണ്ടെന്നാണ് ഫോബ്സ്‌ മാസിക റിപ്പോർട്ട് ചെയ്തത്.

ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ പ്രത്യേകത സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യം ആണ്. ഇത്തരത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്ന് മസ്ക് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ട്വിറ്ററിൽ കൂടുതൽ പുതിയ പ്രത്യേകതകൾ കൊണ്ടുവരുവാനും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അടുത്തിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളെ നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയനേതാക്കളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും ശ്രമങ്ങളെയാണ് മസ്ക് എതിർക്കുന്നത്. കമ്പനിയുടെ ഒൻപത് ശതമാനത്തിൽ കൂടുതൽ ഓഹരി നേരത്തെതന്നെ മസ്ക് സ്വന്തമാക്കിയിരുന്നു.

ട്വിറ്റർ ഏറ്റെടുത്തത് സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയില്ല. സോഷ്യൽ മീഡിയ രംഗത്തെ മറ്റൊരു നിർണായകമായ ചുവടുവെപ്പാണ് ഇതെന്ന് യുകെ ഡിജിറ്റൽ, കൾച്ചർ, മീഡിയ ആൻഡ് സ്പോർട്സ് കമ്മിറ്റി എം പി ജൂലിയൻ നൈറ്റ്‌ ട്വിറ്ററിൽ കുറിച്ചു.

ആഷ്ഫോര്‍ഡ്‌ : ആഷ്ഫോര്‍ഡ്‌ മലയാളികളെ വേദനയിലാഴ്ത്തി രണ്ടാഴ്ച മുൻപ് മരണത്തിന് കീഴടങ്ങിയ നേഹ രാജു (23) വിന്റെ സംസ്കാരം നാളെ. കെന്റിലെ ആഷ്ഫോഡില്‍ താമസിക്കുന്ന മണര്‍കാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് നേഹ. ഇന്ന് വൈകിട്ട് ആറു മുതൽ എട്ടുവരെ പ്രിയപ്പെട്ടവർക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ അവസരമുണ്ട്. നാളെ ഉച്ചയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇരു ചടങ്ങുകളും ആഷ്ഫോര്‍ഡിലെ സെന്റ് തെരേസ പള്ളിയിലാണ് നടക്കുക. തുടർന്ന് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ബൈബ്റൂക് സെമിത്തേരിയില്‍ സംസ്കരിക്കും.

മികച്ച മാർക്കോടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നേഹ ജോലി സംബന്ധമായി അകലെയുള്ള പട്ടണത്തിലാണ് താമസിച്ചിരുന്നത്. നേഹയുടെ മരണം സംബന്ധിച്ച് ‘താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു’ എന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിക്കുന്നത്. എല്ലാവരുമായി നല്ല സ്നേഹബന്ധം പുലർത്തി ജീവിച്ചിരുന്ന നേഹയുടെ അപ്രതീക്ഷിത മരണം ഒരു കുടുംബത്തെ മാത്രമല്ല, ഒരു നാടിനെ ഒട്ടാകെ പിടിച്ചുലച്ചു.

ജോലി സ്ഥലത്തും മറ്റും ഏവര്‍ക്കും പ്രിയപ്പെട്ട പെരുമാറ്റ രീതിയായിരുന്നു നേഹയുടേത്. ആഷ്ഫോഡ് മലയാളികൾ നേഹയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന്, നേഹയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ആഷ്ഫോഡ് മലയാളികൾ .

നേഹ രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനും ഇടയിൽ റഷ്യ അവരുടെ പുതിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സർമാറ്റ് ബുധനാഴ്ച പരീക്ഷിച്ചു. ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് റഷ്യയുടെ ആർഎസ്–28 സാർമാറ്റ്. സാത്താൻ-II എന്നാണ് നറ്റോ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. സാർമാറ്റ് മിസൈൽ അടുത്ത വർഷത്തോടെ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നാണു വിലയിരുത്തൽ. ഇതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ എതിർ ചേരിയിലുള്ള യുഎസ്, യുകെ, നാറ്റോ ശക്തികളെ ഉന്നമിട്ടാണ് പുടിന്റെ ഈ അഭിപ്രായപ്രകടനം. ഹിരോഷിമയെ ഇല്ലാതാക്കിയ ബോംബിനേക്കാൾ 3,000 മടങ്ങ് പ്രഹരശേഷി ഉണ്ടെന്നും ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കാൻ കഴിയുമെന്നും മെട്രോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ “അജയ്യം” എന്നാണ് പുടിന്‍ വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.

വെയിൽസ് : ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ ട്രാൻസ് ജൻഡർ എംപിയാണ് ജാമി വാലിസ്. കോമൺസിൽ വച്ചാണ് താൻ ട്രാൻസ് വ്യക്തിയാണെന്ന് വാലിസ് പ്രസ്താവിച്ചത്. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ താൻ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2019 മുതൽ ബ്രിഡ് ജൻഡ് എംപിയാണ് വാലിസ്. യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം തനിക്ക് അവിശ്വസനീയമായ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷം വരെ, തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് വാലിസ് കഴിഞ്ഞത്. എന്നാൽ ഇതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് സ്വയം മനസ്സിലാക്കിയതോടെ വെളിപ്പെടുത്തൽ നടത്തി.

ജെൻഡർ ഐഡന്റിറ്റി പ്രതിസന്ധി നേരിടുന്നവരോട്, സ്വയം കണ്ടെത്താൻ ശ്രമിക്കണമെന്നും അതിനുവേണ്ടി തിരക്ക് കൂട്ടരുതെന്നും എംപി നിർദേശിച്ചു. 2020-ൽ ഒരു വ്യക്തി തന്റെ കുടുംബത്തിലേക്ക് ചിത്രങ്ങൾ അയച്ച് 50,000 പൗണ്ട് ആവശ്യപ്പെട്ടതായി വാലിസ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയ ആൾക്ക് പിന്നീട് തടവ് ശിക്ഷ ലഭിച്ചു. ബലാത്സംഗത്തിനിരയായെങ്കിലും അതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് വാലിസ് പറഞ്ഞു.

കോമൺസിലെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ലേബർ നേതാവ് കെയർ സ്റ്റാർമറും വാലിസിനെ അഭിനന്ദിച്ചു. ഞങ്ങൾ എല്ലാവരും താങ്കളോടൊപ്പം നിൽക്കുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്റെ സഹപ്രവർത്തകനായ ജാമി വാലിസിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നു. ധീരമായ പ്രസ്താവന മറ്റുള്ളവർക്ക് പ്രചോദനമാകും.” ടോറി പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ അഭിപ്രായപ്പെട്ടിരുന്നു.

Copyright © . All rights reserved