ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ജൂലൈ 19 മുതൽ യാത്രാ ക്വാറന്റീൻ നിയമങ്ങൾ ഒഴിവാക്കി ബോറിസ് ജോൺസൻ. ഇതോടെ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ക്വാറന്റീൻ കൂടാതെ അവധിക്കാലം ആഘോഷിക്കാം. ഫ്രാൻസ് , സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റീൻ എപ്പോൾ ഉപേക്ഷിക്കണമെന്ന കാര്യത്തിൽ മന്ത്രിമാർ അന്തിമ തീരുമാനം കൈകൊള്ളും. ഈ ഇളവുകൾ നിലവിൽ വരുന്നതിനോടൊപ്പം ആഭ്യന്തര നിയന്ത്രണങ്ങളും പ്രധാനമന്ത്രി റദ്ദാക്കിയേക്കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, മാറ്റങ്ങൾ നേരത്തെ തന്നെ കൈകൊള്ളുകയാണ്.
അതേസമയം ഹീത്രോ വിമാനത്താവളം ഈ ആഴ്ച സമാരംഭിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും. വിമാനത്താവളത്തിലെത്തുമ്പോൾ, ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ ഇത് സഹായിക്കും. ആമ്പർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാനുള്ള സർക്കാരിന്റെ പദ്ധതികളുടെ വിശദാംശങ്ങൾ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കും.
നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ പുതിയ കോവിഡ് കേസുകളുടെ എണ്ണം ഒരു ദിവസം 100,000 ആയി ഉയരുമെന്ന ആശങ്ക സാജിദ് ജാവിദ് പങ്കുവച്ചിട്ടുണ്ട്. ആളുകൾക്ക് ഗുരുതര സ്ഥിതി ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും ആശുപത്രി പ്രവേശനം അമിതമാകുന്നത് തടയുന്നതിനുമായി മന്ത്രിമാർ വാക്സിനേഷൻ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നു. കഴിയുന്നത്ര സ്വാതന്ത്ര്യം നൽകി സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം ആനുപാതികമായ രീതിയിൽ കേസുകൾ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യമെന്ന് ജാവിദ് പറഞ്ഞു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- സ്കൂളുകളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നതിനായുള്ള ബബ്ബിൾ സിസ്റ്റം നിർത്തലാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പാർലമെന്റിലെ കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ഓഗസ്റ്റ് 16 മുതൽ കോവിഡ് പോസിറ്റീവ് ആയാൽ മാത്രം 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഐസൊലേഷനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ മാർച്ചിൽ സ്കൂളുകൾ തുറന്നപ്പോഴാണ് ബബ്ബിൾ സംവിധാനം നടപ്പിലാക്കിയത്. പുതിയ നടപടി കുട്ടികളുടെ ഹാജർ കാര്യമായി കുറച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ ജോലിയോടൊപ്പം കുട്ടികളെ നോക്കുവാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെ മേൽ ഇരട്ടി സമ്മർദ്ദം ചെലുത്തിയതായാണ് കണ്ടെത്തൽ. എന്നാൽ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബബ്ബിൾ സംവിധാനം ഒഴിവാക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച്, ഈ ഗ്രൂപ്പുകൾ തമ്മിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്നാണ് നിയമം. ഇത്തരം ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒരു കുട്ടി പോസിറ്റീവ് ആയാൽ, മുഴുവൻ ഗ്രൂപ്പും ഐസൊലേഷനിൽ കഴിയേണ്ടതാണ്. ഈ നിയമത്തിനാണ് മാറ്റം വരുന്നത്. പുതിയ നിയമമനുസരിച്ച് പോസിറ്റീവ് ആയാൽ മാത്രം ഐസലേഷനിൽ കഴിഞ്ഞാൽ മതി.
ബബിൾ സംവിധാനം കുട്ടികളുടെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതായി കണ്ടെത്തിയതായി വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഈ സിസ്റ്റം ഒഴിവാക്കുന്നതോടൊപ്പം, ടെസ്റ്റിംഗ് സംവിധാനം കൂടുതൽ ഫലപ്രദമാക്കാൻ ആണ് തീരുമാനം. കുട്ടികൾക്കായി മാത്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സ്വീകാര്യമായ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഓടെ പഴയ രീതിയിൽ പരീക്ഷകൾ നടത്തുന്ന സംവിധാനം നടപ്പിലാക്കണമെന്നാണ് ആഗ്രഹമെന്നും വിദ്യാഭ്യാസ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ 19ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഇളവുകളിൽ, സ്കൂളുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ ബ്രിട്ടനിൽ 28773 പേർക്കാണ് രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് -19 മൂലം 39 പേർ മരണപ്പെടുകയും ചെയ്തു. ജനുവരി 29 – ന് ശേഷം രാജ്യം കണ്ട ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കും രോഗവ്യാപനത്തിനുമാണ് രാജ്യം ഇന്നലെ സാക്ഷ്യംവഹിച്ചത് . അതേസമയം പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നത് രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് . 224776 പേർക്കാണ് ഇന്നലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയത്. ഇതിൽ തന്നെ 76962 പേർക്ക് ആദ്യ ഡോസും 147814 പേർക്ക് രണ്ടാമത്തെ ഡോസ് വാക്സിനുമാണ് നൽകിയത് .
ഓഗസ്റ്റ് 16 മുതൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചവർ കോവിഡ് പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടാലും ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചിരുന്നു . എന്നാൽ അടുത്ത വർഷം വരെ ബ്രിട്ടൻ സാധാരണനിലയിലേയ്ക്ക് മടങ്ങി വരില്ലെന്ന് ഗവൺമെൻറിൻറെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി . ജൂലൈ 19 -ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം രോഗവ്യാപനവും മരണനിരക്കും ഉയരുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയുടെ കിഴക്കൻ ഉപദ്വീപായ കാംചട് കയിൽ നിന്ന് 28 പേരുമായി വിമാനം കടലിൽ തകർന്നുവീണതായി ആർ ഐ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . 22 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് . വില്ലേജ് മേയറായ ഓൾഗ മൊഖിരേവയും യാത്രക്കാരിലുൾപ്പെടുന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വിമാനം തകർന്നു വീണ പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 1981- ലാണ് തകർന്നുവീണ വിമാനം നിർമ്മിച്ചിരിക്കുന്നത്. അപകടത്തിൽ പെട്ടപ്പോൾ പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് വടക്കൻ കാംചട് കയിലെ പലാനയിലേക്കുള്ള യാത്രയിലായിരുന്നു വിമാനമെന്ന് റഷ്യയുടെ അത്യാഹിത മന്ത്രാലയം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഡെൽറ്റ വേരിയന്റ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുമെന്ന് സേജ് മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്നെങ്കിലും ‘ഇളവുകളിൽ സന്തുഷ്ടരാവരുതെന്ന്’ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് വിശാലമായ ഇളവുകളിലൂടെ ലോക്ക്ഡൗൺ അവസാനിപ്പിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചു. ഇത് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയല്ലെന്നും കോവിഡ് അവസാനിക്കുന്നില്ലെന്നും ദൈനംദിന കേസുകൾ 50,000ത്തിന് മുകളിൽ എത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രി പ്രവേശനവും മരണവും കുറവാണെങ്കിലും കേസുകൾ കുതിച്ചുയരുന്നതിൽ വലിയ അപകടങ്ങളുണ്ടെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി ( സേജ് ) വിലയിരുത്തി.
വൈറസ് നിയന്ത്രിക്കാനായി പുറത്തിറക്കിയ രേഖകളിലെ ചില ‘അടിസ്ഥാന നടപടികൾ’ തുടരേണ്ടിവരുമെന്ന് സേജ് മുന്നറിയിപ്പ് നൽകി. ജൂലൈ 19 ന് ഇളവുകൾ കൊണ്ടുവരണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ആഴ്ച ആരംഭത്തിൽ തന്നെ എടുക്കുമെങ്കിലും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാണ്. വാക്സിൻ പ്രോഗ്രാം വിജയകരമായി തുടരുകയാണെന്നും നിയന്ത്രണങ്ങൾ നിലനിർത്തുന്നത് ‘ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും അവരുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും’ ജോൺസൺ പറഞ്ഞു. വലിയ വിവാഹങ്ങളും ആൾക്കൂട്ടങ്ങളും മാസ്ക് ഉപേക്ഷിച്ചുള്ള സഞ്ചാരവുമൊക്കെ ഇളവുകളിൽ ഉൾപ്പെടുന്നുണ്ട്. കെയർ ഹോമിൽ സന്ദർശകരെ അനുവദിക്കുകയും ചെയ്യും.
ഗവൺമെന്റ് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസറും (സിഎംഒ) ക്രിസ് വിറ്റിയും ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ ജോൺസനൊപ്പം പങ്കെടുത്തിരുന്നു. രോഗം വരുമ്പോൾ ഐസൊലേഷനിൽ കഴിയുന്നത് തുടരണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വളരെ ഫലപ്രദമാണെന്നും വിദഗ്ദ്ധർ പറഞ്ഞു. സമീപഭാവിയിൽ ബ്രിട്ടീഷുകാർ ചില നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന സൂചന നൽകിയ സേജ്, ‘ ശീതകാലത്തും ശക്തമായ നടപടികൾ ആവശ്യമാണെന്ന്’ മുന്നറിയിപ്പ് നൽകി. അതേസമയം 40 വയസ്സിന് താഴെയുള്ളവർക്ക് വാക്സീൻ ഒന്നാം ഡോസ് സ്വീകരിച്ചതിനു എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് അറിയിച്ചു. നേരത്തെ ഇത് പന്ത്രണ്ട് ആഴ്ച ആയിരുന്നു. ബ്രിട്ടനിൽ ഇന്നലെ 27,334 കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് യാത്രക്കാർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുത്തി ജർമനി. ബോറിസ് ജോൺസണും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും ചെക്കറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് ജർമനിയുടെ നടപടി. ഇതിനെ തുടർന്ന് ബ്രിട്ടൻെറ സ്ഥാനം ഉയർന്ന രോഗവ്യാപനമുള്ള രാജ്യം എന്ന നിലയിൽ നിന്ന് ജർമ്മനി നീക്കം ചെയ്തു. ജർമനിയുടെ നടപടിയെ തുടർന്ന് രണ്ട് ഡോസ് വാക്സിൻ ലഭിച്ചതോ, ആൻറിബോഡി ഉള്ളതോ ആയ ബ്രിട്ടീഷുകാർക്ക് ക്വാറന്റീൻ ഒഴിവാക്കപ്പെടും. ഇതുകൂടാതെ നെഗറ്റീവ് ടെസ്റ്റ് ഉള്ളവർക്ക് ക്വാറന്റീൻ ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച യുകെയിൽ നടത്തിയ സന്ദർശന വേളയിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഏഞ്ചല മെർക്ക് സൂചന നൽകിയിരുന്നു. മെയ് 23 മുതൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും ജർമനി ഇപ്പോഴും യുകെയുടെ ആംബർ രാജ്യങ്ങളുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ ജർമനിയിൽനിന്ന് മടങ്ങിയെത്തുന്നവർ പത്ത് ദിവസത്തെ ഒറ്റപ്പെടലിന് വിധേയമാകുകയും രണ്ട് വൈറസ് ടെസ്റ്റുകൾ ചെയ്യുകയും വേണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക് ക്ഷെയർ: രക്തസ്രാവവും ഛർദ്ദിയും വകവയ്ക്കാതെ ഡോക്ടർമാർ തിരികെ വീട്ടിലേക്ക് അയച്ച ഗർഭിണിയായ യുവതിയ്ക്ക് കുഞ്ഞിനെ നഷ്ടമായി. 2020 ഓഗസ്റ്റ് 16 ന് പിൻഡർഫീൽഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ റിബേക്ക മൾഡൗണിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 40 ആഴ്ച ഗർഭിണിയായ റിബേക്കയുടെ ആരോഗ്യനില പരിശോധിച്ച ശേഷം വേദനസംഹാരികളുമായി അവളെ വീട്ടിലേക്ക് അയച്ചു. എന്നാൽ വലിയ വേദന അനുഭവപ്പെടാൻ തുടങ്ങിയ അതേ ദിവസം തന്നെ തിരിച്ചെത്തേണ്ടിവന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനുശേഷം കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് ആശങ്കാകുലയാണെന്ന് അവൾ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം, ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനായി ഒരു അൾട്രാസൗണ്ട് നടത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടുവെന്ന് അറിയുന്നത്.
ബ്രാഡ്‌ഫോർഡിലെ ഓകെൻഷോയിൽ നിന്നുള്ള റിബേക്കയും തോമസ് മൾഡൗണിയും കുഞ്ഞിനെ നഷ്ടപെട്ട ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഡോക്ടർമാരുടെ അനാസ്ഥ മൂലം ഭൂമിയിലേക്ക് പിറന്ന് വീഴേണ്ട കുഞ്ഞ് മരണത്തിലേക്ക് യാത്രയായതിന്റെ നിരാശയിലാണ് അവർ. “എന്നെ രണ്ടാം തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അപകടസാധ്യത കുറവാണെന്നു ഡോക്ടർമാർ വിലയിരുത്തി. തിയോയുടെ ചലനങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചപ്പോൾ ശ്രദ്ധിച്ചില്ല. എന്റെ കുഞ്ഞ് ദുരിതത്തിലായിരിക്കുമ്പോൾ ഞാൻ ഒരു വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങിപ്പോയി.” റിബേക്ക വെളിപ്പെടുത്തി. നഷ്ടപെട്ട പെൺകുഞ്ഞിന് തിയോഡോറ എന്ന് പേര് നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.
വെസ്റ്റ് യോർക്ക് ക്ഷെയറിലെ വേക്ക്ഫീൽഡിലെ പിൻഡർഫീൽഡ്സ് ആശുപത്രിയിലാണ് റിബേക്കയെ പ്രവേശിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ടിൽ മരണകാരണം അക്യൂട്ട് കോറിയോ അമ്നിയോട്ടിസിസ് ആണ്. ഇത് കുഞ്ഞിന് ചുറ്റുമുള്ള ചർമ്മത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണ്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന്, റിബേക്കയും തോമസും ഇർവിൻ മിച്ചലിലെ മെഡിക്കൽ നെഗ്ലജൻസ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. എൻഎച്ച്‌എസ് പ്രമേയത്തിലൂടെ, ട്രസ്റ്റ് ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. പിൻഡർഫീൽഡിന്റെ പ്രസവ വിഭാഗത്തിൽ റിബേക്കയ്ക്ക് നൽകിയ പരിചരണവുമായി ബന്ധപ്പെട്ട് പരാജയങ്ങളുണ്ടെന്ന് തെളിഞ്ഞു. ട്രസ്റ്റ് റിബേക്കയ്ക്ക് ക്ഷമാപണം അയച്ചു. കുടുംബത്തിനായി ഒരു ഒത്തുതീർപ്പിലെത്താൻ കക്ഷികൾ ശ്രമിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയയുടെ മരണം ലോകമെങ്ങുമുള്ള മലയാളി പൊതു സമൂഹത്തിൽ സ്ത്രീധനത്തിനെതിരെ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തെ വാർത്ത ആക്കിയിരിക്കുകയാണ് ബിബിസി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്ത്രീധനസമ്പ്രദായം എല്ലാ സ്ഥലങ്ങളിലും സമുദായങ്ങളിലും നിലനിൽക്കുന്ന ഏർപ്പാട് ആണെന്നാണ് ലോക ബാങ്കിൻറെ പ്രധാന കണ്ടെത്തൽ. 1960 നും 2008 നും ഇടയിൽ ഇന്ത്യയിൽ നടന്ന 40000 ത്തോളം വിവാഹങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1961 മുതൽ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണ്. എന്നാലും 90% വിവാഹങ്ങളിലും സ്ത്രീധനം നൽകിയതായാണ് കണ്ടെത്തൽ.
സാമൂഹിക തിന്മ എന്ന് വിശേഷിപ്പിക്കുമ്പോഴും സ്ത്രീധന സമ്പ്രദായം കൂടുതൽ ശക്തി പ്രാപിക്കുകയാണ് . വിവാഹശേഷം ഗാർഹിക പീഡനത്തിനും മരണത്തിനും വരെ ഇടയാക്കുന്നതിൻെറ മുഖ്യകാരണം സ്ത്രീധനമാണെന്നാണ് ഗവേഷണം ചൂണ്ടി കാണിക്കുന്നത് . ഇന്ത്യയിൽ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ് . ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനം വരുന്ന 17 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീധന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സാമ്പത്തിക വിദഗ്ധരായ എസ് അനുക്രിതി, നിഷിത് പ്രകാശ്, സുൻഹോ ക്വോൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത് . ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും സ്ത്രീധനം വ്യാപകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമാണ് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സ്ത്രീധനത്തിൽ വർദ്ധനവ് കാണിക്കുന്നത്.1970 മുതൽ കേരളത്തിൽ സ്ത്രീധന തുക ഗണ്യമായി ഉയർന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഏഴു പതിറ്റാണ്ടിന്റെ പൊതുസേവനത്തിനും കോവിഡിനെ സധൈര്യം നേരിടുന്നതിനുമുള്ള ആദരമെന്നോണം എൻഎച്ച്‌എസിന് ജോർജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും കോവിഡ് മുൻനിര പോരാളികൾക്കും മെഡൽ സമ്മാനിക്കും. ഉദ്യോഗസ്ഥർ കാണിച്ച ധൈര്യം, അനുകമ്പ, അർപ്പണബോധം എന്നിവയെ പ്രശംസിക്കുകയും സംഘടനയോട് നന്ദി അറിയിക്കുകയും ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് മുൻനിര തൊഴിലാളികൾ പ്രകടിപ്പിച്ച ധീരതയെക്കുറിച്ച് വിൻഡ്‌സർ കാസിൽ ഹെഡ് പേപ്പറിൽ രാജ്ഞി വിശദമായി എഴുതിയിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ഗാലൻട്രി മെഡൽ എല്ലാ എൻ എച്ച് എസ് സ്റ്റാഫുകൾക്കും നൽകുമെന്ന് രാജ്ഞി അറിയിച്ചു. “നന്ദിയുള്ള ഒരു രാജ്യത്തിന് വേണ്ടി ഞാൻ വളരെ സന്തോഷത്തോടെയാണ് യുണൈറ്റഡ് കിംഗ് ഡത്തിലെ ദേശീയ ആരോഗ്യ സേവനങ്ങൾക്ക് ജോർജ്ജ് ക്രോസ് സമ്മാനിക്കുന്നത്. ഈ അവാർഡ് നാല് രാജ്യങ്ങളിലെയും എല്ലാ വിഭാഗത്തിലുമുള്ള എൻഎച്ച്‌എസ് ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്.” രാജ്ഞി എഴുതി.
“ഏഴ് പതിറ്റാണ്ടിലേറെയായി, പ്രത്യേകിച്ചും ഈ കാലത്ത്, നിങ്ങൾ നമ്മുടെ രാജ്യത്തെ ജനങ്ങളെ ധൈര്യത്തോടും അനുകമ്പയോടും അർപ്പണബോധത്തോടും കൂടി പിന്തുണച്ചിട്ടുണ്ട്. പൊതുസേവനത്തിന്റെ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ നന്ദിയും ഹൃദയംഗമമായ അഭിനന്ദനവും ഉണ്ട്.” രാജ്ഞിയുടെ ഈ സന്ദേശം വിലമതിക്കാനാവാത്ത എൻ എച്ച് എസ് സേവങ്ങൾക്കുള്ള അംഗീകാരമാണ്. ജോർജ്ജ് ക്രോസ് കമ്മിറ്റിയുടെയും പ്രധാനമന്ത്രിയുടെയും ഉപദേശപ്രകാരമാണ് രാജ്ഞി ജോർജ്ജ് ക്രോസ് നൽകുന്നത്. അവാർഡ് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 1940 സെപ്റ്റംബർ 24 ന് ജോർജ്ജ് ആറാമൻ രാജാവാണ് ജോർജ്ജ് ക്രോസ് സ്ഥാപിച്ചത്. ധീരതയ്ക്കുള്ള അവാർഡ് ആണിത്.
സ്വന്തം ജീവിൻ പണയപ്പെടുത്തിയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എൻഎച്ച്‌എസ് സ്റ്റാഫുകൾ മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. പലരും ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ട് പലരെയും മാനസികമായും ശാരീരികമായും ബാധിച്ചു. 79 ദശലക്ഷം കുത്തിവയ്പ്പുകൾ നൽകാനും 405,000 കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ നൽകാനും മുൻനിരയിൽ പ്രയത്നിച്ച എൻ എച്ച് എസ് പോരാളികൾക്കല്ലാതെ മാറ്റാർക്കാണ് ഈ രോഗപ്രതിസന്ധിയുടെ കാലത്ത് ധീരതയ്ക്കുള്ള അംഗീകാരം നൽകുക.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഈസ്റ്റ് യോർക്ക് ഷെയറിലെ ഡ്രിഫീൽഡിൽ രണ്ടു പോൾട്രി ഫാമുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങി. വെള്ളിയാഴ്ച ഉണ്ടായ തീ നിരവധി അഗ്നിശമനസേനാംഗങ്ങളുടെ പരിശ്രമത്തിലാണ് അണയ്ക്കുവാൻ സാധിച്ചത്. തീ അണച്ചതിനു ശേഷവും ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യു ടീമംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം ആണെന്നും, ഏകദേശം അമ്പതിനായിരത്തോളം കോഴികൾ ചത്തൊടുങ്ങിയതായും അഗ്നിശമനസേനാ അംഗങ്ങൾ അറിയിച്ചു. തനിയെ ഉണ്ടായ തീപിടുത്തം ആണെന്നും, ബാഹ്യ കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെ തീ അണച്ചു എങ്കിലും, വീണ്ടും സംഭവസ്ഥലത്ത് തങ്ങൾ നിരീക്ഷണം നടത്തിയതായി ഹംബർസൈഡ് ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ അറിയിച്ചു. വലിയ തോതിലുള്ള തീപിടുത്തം ആണ് ഉണ്ടായതെന്ന് പ്രദേശവാസികളും അറിയിച്ചു. ഫെയ് സ്ബുക്കിൽ പങ്കുവെച്ച ഡ്രോൺ ഫൂട്ടേജിലൂടെയാണ് അപകടത്തിന്റെ തോത് ജനങ്ങൾ അറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉടൻതന്നെ അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. ആദ്യം അഗ്നിശമനസേനയുടെ രണ്ടു വണ്ടികൾ മാത്രമാണ് സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ പിന്നീട് അപകടത്തിന്റെ തോത് കണക്കിലെടുത്ത് ആറു വണ്ടികളാണ് രക്ഷാപ്രവർത്തനത്തിന് എത്തി.