Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബിബിസി 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് നൽകിവന്ന ലൈസൻസ് ഫീ അടക്കാനുള്ള അധിക കാലാവധി ജൂലൈയോടുകൂടി അവസാനിക്കും. എന്നാൽ 260,000 പേർ ഇനിയും പണം അടയ്ക്കുവാനായി ഉണ്ട്. പെൻഷൻ ക്രെഡിറ്റ് ഉള്ളവർക്കല്ലാതെ, മറ്റുള്ളവർക്കുള്ള ഫ്രീ ടിവി ലൈസൻസ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് ഓടുകൂടി തന്നെ അവസാനിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മൂലം ബിബിസി അധികസമയം നൽകിയതാണ് ജൂലൈയോടുകൂടി അവസാനിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള 3.9 മില്യൺ ആളുകളിൽ, 3.6 മില്യൺ ആളുകളോളം തന്നെ നിലവിൽ പുതിയ ടിവി ലൈസൻസിനുള്ള നടപടികൾ ചെയ്തതായി ബിബിസി അറിയിച്ചു. ബാക്കിയുള്ള 260,000 ത്തോളം പേർക്ക് ആവശ്യമായ സഹായങ്ങൾ ബിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
എന്നാൽ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള ഫ്രീ ടി വി ലൈസൻസ് നടപ്പിലാക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . ഗവൺമെന്റ് ഉടൻ തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഫ്രീ ആയി തുടരുന്നത് വൻ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതായി ബിബി സി അറിയിച്ചിട്ടുണ്ട്. ഇത് നിരവധി സർവീസുകൾ നിർത്തലാക്കുന്നതിന് കാരണമാകും. 2000 മുതൽ ഇത്തരത്തിൽ 75 വയസ്സിന് മുകളിലുള്ളവർക്ക് ഫ്രീ ടിവി ലൈസൻസുകൾ നൽകി വന്നിരുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റ് ഉടൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വയോജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിൽ വെച്ച് എൻഎച്ച്എസ് ജീവനക്കാരിക്ക് നേരെ പ്രകോപനങ്ങൾ ഒന്നുമില്ലാതെ ആക്രമണം നടന്നു. ഇരുപത്തിരണ്ടുകാരിയായ ഷാനോൻ തോമസിനാണ് മുഖത്ത് സാരമായി പരിക്കേറ്റത്. ബ്ലാക്ക്പൂളിലെ ഒരു റസ്റ്റോറന്റിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. അടുത്തുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങി നടന്നു വരുന്നതിനിടയിൽ, എതിരെ വന്ന ഒരാൾ മുഖത്തേക്ക് ഇടിച്ച ശേഷം ഷാനോനിനെ തള്ളിയിടുകയായിരുന്നു. വായയുടെയും ചുണ്ടിന്റെയും ഭാഗങ്ങളിൽ നിരവധി സ്റ്റിച്ചുകൾ ഷാനോനിന് ആവശ്യമായി വന്നു. ആരാണ് തന്നെ ആക്രമിച്ചതെന്ന് തനിക്ക് കാണുവാൻ സാധിച്ചില്ലെന്ന് ആക്രമണത്തിനുശേഷം ഷാനോൻ വ്യക്തമാക്കി. ആംബുലൻസിൽ എത്തിയത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂ.


ഷാനോനിന് നേരെ നടന്ന ആക്രമണം പ്രകോപനങ്ങൾ ഒന്നുമില്ലാതെ ആണെന്നും, ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നും സഹോദരി സാറ മക്ഡേർമോന്റ് അറിയിച്ചു. തന്റെ സഹോദരിയുടെ പരിക്കേറ്റ ചിത്രങ്ങൾ ഇവർ പങ്കുവെച്ചു. ഇതിന് കാരണക്കാരനായ ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുറ്റവാളിയുടെ ചിത്രങ്ങൾ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 20 വയസ്സുള്ള ആളാണ് കുറ്റവാളി എന്നാണ് നിലവിൽ സംശയിക്കപ്പെടുന്നത്.

ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു.ഇതു വരെ അറസ്റ്റുകൾ ഒന്നുംതന്നെ നടന്നിട്ടില്ലെന്നും, അന്വേഷണം കാര്യമായ രീതിയിൽ പുരോഗമിക്കുകയാണെന്നും ലങ്കാഷെയർ പോലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഷെഫീൽഡ് : ഷെഫീൽഡിൽ നിന്നുള്ള ജെസീക്കയ്ക്കും ഭർത്താവ് ഹാരിയ്ക്കും ഒരു വർഷത്തിനിടെ പിറന്നത് നാല് കുട്ടികൾ. തികച്ചും അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. രണ്ടാമത്തെ കുഞ്ഞ് ജനിച്ച് പതിനൊന്ന് മാസത്തിന് ശേഷം ജെസിക്കയ്ക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ പിറന്നു. അവർ ഇപ്പോൾ അഞ്ചു കുട്ടിക്കളുടെ മാതാപിതാക്കളാണ്. 31 കാരിയായ ജെസീക്ക മകൾ മിയയ്ക്ക് ജന്മം നൽകി അഞ്ച് മാസങ്ങൾക്ക് ശേഷം താൻ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞു. മറ്റൊരു വെളിപ്പെടുത്തലിൽ, തങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങൾ പിറന്നതായി ദമ്പതികൾ പറഞ്ഞുവെന്ന് യോർക്ക്ഷയർ ലൈവ് റിപ്പോർട്ട് ചെയ്തു. “ഞാൻ സ്കാൻ ചിത്രം കാണിക്കുന്നത് വരെ ഹാരി വിശ്വസിച്ചിരുന്നില്ല. അവൻ വളരെ ആവേശഭരിതനായിരുന്നു. ഇത് തീർച്ചയായും ഒരു വലിയ ഞെട്ടലായിരുന്നു. എന്നിരുന്നാലും ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.” ജെസീക്കാ പ്രതികരിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം അമ്മമാർ തനിച്ചായിരുന്നു സ്കാനിങ്ങിന് വിധേയമാകേണ്ടിയിരുന്നത്. അതിനാൽ തന്നെ ഹാരിയ്ക്ക് മൂന്നു കുഞ്ഞുങ്ങളെ കാണാൻ സ്കാൻ ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. 2020 മെയ് മാസത്തിൽ മിയ ജനിച്ച് 11 മാസത്തിനുശേഷം ഈ വർഷം ഏപ്രിലിലാണ് എല്ല, ജോർജ്ജ്, ബൊളീവിയ എന്നിവർ ജനിച്ചത്. തനിക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് യാതൊരു സൂചനയും ലഭിച്ചില്ലെന്ന് വെളിപ്പെടുത്തിയ ജെസീക്കാ, ഇത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് അറിയിച്ചു. “എല്ലാ സാധനങ്ങളും മൂന്നെണ്ണം വീതം വാങ്ങാനുള്ള തിരക്കിലാണ് ഞങ്ങൾ.” അവൾ കൂട്ടിച്ചേർത്തു.

എട്ടുവയസ്സുള്ള മോളിയും ഉൾപ്പെടുന്ന ഈ കുടുംബം അവരുടെ പുതിയ ജീവിതത്തിലേയ്ക്കാണ് കാലെടുത്തു വച്ചിരിക്കുന്നത്. സഹോദരങ്ങളെ കളിപ്പിക്കാനും പരിചരിക്കാനും മോളിക്ക് ഏറെ താല്പര്യമാണെന്ന് ജെസീക്കാ പറഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപികയായ ജെസീക്കയ്ക്ക് ഇത്രയും വലിയ കുടുംബം പുലർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവർ കൂടുതൽ സന്തോഷകരമായ ജീവിതത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുകയറുന്നതിൻറെ ആശങ്കയിലാണ് ബ്രിട്ടൻ. കഴിഞ്ഞ ജനുവരി 30 ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗവ്യാപനമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം രാജ്യത്ത് 22868 പേരാണ് പുതിയതായി രോഗബാധിതരായത്. യുകെയിലാകെ 3 കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രാജ്യത്ത് ശരാശരി കോവിഡ് ബാധിതരുടെ എണ്ണം മെയ് അവസാനം മുതൽ കുത്തനെ കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏഴു ദിവസത്തെ ശരാശരി രോഗബാധിതരുടെ എണ്ണം 3500 -ൽ നിന്ന് 16000 -ത്തിൽ എത്തിയതിൻെറ ആശങ്കയിലാണ് രാജ്യം. രോഗവ്യാപനത്തിൻെറ വർദ്ധനവിന് ആനുപാതികമായി മരണനിരക്ക് ഉയരുന്നില്ല എന്ന ആശ്വാസത്തിലാണ് ബ്രിട്ടൻ. കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ ശരാശരി നിലവിൽ 17.4 ആണ്. എന്നാൽ രണ്ടാം തരംഗത്തിൻെറ മൂർദ്ധന്യത്തിൽ ജനുവരിയിൽ ഇത് 1200 -ൽ കൂടുതലായിരുന്നു. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണവും ഈ ഘട്ടത്തിൽ താരതമ്യേന കുറവാണ്. നിലവിൽ 1500 -ൽ അധികം ആൾക്കാരാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ജനുവരി പകുതിയോടെ ഇത് 39000 -ത്തിൽ അധികമായിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വിവാദ ചുംബന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് രാജിവച്ച മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഗിന കൊളഡാഞ്ചലോയും ഒരുമിച്ച് ജീവിതം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച അവസാനമാണ് മാറ്റ് ഹാൻകോക്ക് ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വച്ചത്. ഇതോടൊപ്പംതന്നെ 15 വർഷം നീണ്ട, ഭാര്യ മാർത്തയുമായുള്ള വിവാഹ ജീവിതവും അദ്ദേഹം അവസാനിപ്പിച്ചു. നാൽപത്തിമൂന്നുകാരിയായ ഗിനയും ഒലിവർ ട്രെസ്സുമായുള്ള 12 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചാണ് മാറ്റിനൊപ്പം എത്തിയത്. കഴിഞ്ഞാഴ്ചയാണ് സൺ പത്രം ഇരുവരും തമ്മിലുള്ള ബന്ധം ജനങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത്. ഇതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചിരിക്കുകയാണ്.

തങ്ങളുടെ ബന്ധം നിയമപരമായി സാധുവാക്കാനുള്ള തീരുമാനത്തിലാണ് ഇരുവരുമെന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാർത്ത തന്റെ ഭർത്താവിനെ മറ്റൊരു ബന്ധമുണ്ടെന്ന് ആദ്യമായി അറിയുന്നത്. വൈറ്റ് ഹാളിലെ സിസിടിവി ഓഫീസ് ദൃശ്യങ്ങളിൽ, ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ സൺ ടിവി പുറത്തുവിട്ടതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. മാർത്തയ്ക്ക് ഇതൊരു ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. യൂണിവേഴ്സിറ്റി തലം മുതൽ തന്നെ മാറ്റുമായി കൊളഡാഞ്ചലോയ്ക്ക് സൗഹൃദം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിവാദത്തിൽ ഉൾപ്പെട്ട് കടുത്ത വിമർശനങ്ങൾക്ക് ഒടുവിലാണ് മാറ്റ് ഹാൻകോക്ക് രാജി അറിയിച്ചത്.

ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇപ്പോൾ ലീവിങ്ങ് ടുഗെതറിലായ ഇരുവരും നേരത്തെ വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലം മുതൽ സുഹൃത്തായ എം‌എസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിൽ ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻ‌കോക്ക് നിയമിച്ചതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ബ്രിട്ടീഷ് ജനതയുടെ അനാരോഗ്യത്തിന്റെ വലിയൊരു കാരണമാണ് പൊണ്ണത്തടി. ബ്രിട്ടനിലെ കുട്ടികളിൽ അടുത്തകാലത്തായി പൊണ്ണത്തടി കൂടി വരുന്നതിന്റെ പ്രധാന കാരണമാണ് ജങ്ക് ഫുഡുകളുടെയും കോള പോലുള്ള പാനീയങ്ങളുടെയും അമിത ഉപയോഗം. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം കുട്ടികളിൽ കുറയ്ക്കുന്നതിനായി ടിവിയിലെയും ഓൺലൈൻ മാധ്യമങ്ങളിലേയും പരസ്യങ്ങളിൽ കടുത്ത നിയന്ത്രണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ .

ജങ്ക് ഫുഡിന്റെ പരസ്യം രാത്രി 9 മണിക്ക് ശേഷവും പുലർച്ചെ അഞ്ചരയ്ക്ക് മുമ്പായി മാത്രമേ കാണിക്കാവൂ എന്ന നിബന്ധനയാണ് ഗവൺമെൻറ് മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്തവർഷം അവസാനത്തോടെ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ചോക്ലേറ്റ്, ബർഗർ, ശീതളപാനീയങ്ങൾ , കേക്ക്, മധുരപലഹാരങ്ങൾ, ഐസ്ക്രീം, ബിസ്ക്കറ്റ്, ക്രിസ്പ്, ചിപ്സ്, പിസാ തുടങ്ങി ഇനിയും മുതൽ പ്രൈടൈമിൽ പരസ്യം കാണിക്കാൻ പാടില്ലാത്ത ഉൽപ്പന്നങ്ങൾ നിരവധിയാണ്. എന്നാൽ 250 താഴെമാത്രം ജോലിക്കാരുള്ള കമ്പനികളുടെ ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല . ഗവൺമെൻറിൻറെ പുതിയ നയത്തിനെതിരെ പരസ്യ കമ്പനികളിൽ നിന്നും ഉൽപാദകരിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് രാജ്യത്തിൽ നിന്നുള്ള സന്ദർശകർക്ക് ഹോങ്കോങ് നിരോധനം ഏർപ്പെടുത്തി . ബ്രിട്ടീഷ് സന്ദർശകർക്കുള്ള യാത്രാവിലക്ക് ഈ വ്യാഴാഴ്ച മുതൽ നിലവിൽ വരും. കോവിഡ് -19 ൻെറ ജനിതകമാറ്റം വന്ന പുതിയ വകഭേദമായ ഡെൽറ്റാ വേരിയന്റിൻെറ വ്യാപനം തടയുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.

ബ്രിട്ടീഷ് യാത്രക്കാരെ നിരോധിക്കാനുള്ള ഹോങ്കോങ്ങിൻെറ നീക്കം യുകെയിൽ നിന്നുള്ള ബിസിനസ് യാത്രകളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന വ്യവസായിക കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഹോങ്കോങ്ങുമായുള്ള യാത്രാനിരോധനം രണ്ട് രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയ്ക്ക് വൻ തിരിച്ചടിയായേക്കും. പുതിയ നിയമം അനുസരിച്ച് ബ്രിട്ടനിൽ രണ്ടു മണിക്കൂറിലേറെ ചിലവഴിച്ചവർക്ക് ഹോങ്കോങ്ങിൽ പ്രവേശിക്കുന്നതിന് സാധിക്കില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹോങ്കോങ് ഇതിനകം നിരോധിച്ചിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരൊറ്റ ചുംബനം കൊണ്ട് ആരോഗ്യ സെക്രട്ടറി എന്ന പദവിയിൽ നിന്നും ഹാൻകോക്ക് പുറത്തായി. പതിനഞ്ചു വർഷം നീണ്ട കുടുംബബന്ധം താറുമാറായി. കോവിഡിന് മുന്നിൽ രാജ്യം അടിപതറുമ്പോൾ, ആരോഗ്യ സെക്രട്ടറി അടിതെറ്റി വീഴുമ്പോൾ പൊതുജനങ്ങൾ ആശങ്കാകുലരാകുകയാണ്. ആറാഴ്ച മാത്രം നീണ്ട പ്രണയ ബന്ധമാണ് ഹാൻകോക്കിന്റെ രാജിയിൽ കലാശിച്ചത്. ആ​രോ​​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഓഫീസിനക​ത്തെ സു​ര​ക്ഷ ക്യാമ​റ ദൃശ്യം ​സൺ പ​ത്രം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ ഹാ​ൻ​കോക്കിന് രാജി വയ്ക്കേണ്ടി വന്നത്. പൊതുവിടങ്ങളിൽ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കർശനനിർദേശം നിലവിലിരിക്കെ ഗിന കൊളാഡേഞ്ചലോയെ ചുംബിച്ച ഹാൻകോക്കിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ചുംബന വിവാദത്തിൽ കുരുങ്ങി ഹാൻകോക്ക് പടിയിറങ്ങുമ്പോൾ ഇനി ബാക്കിയാവുന്നത് ഒരുപിടി ചോദ്യങ്ങളാണ്.

താനും ഗിനയും തമ്മിലുള്ള രഹസ്യബന്ധം പുറത്തുവരുമെന്ന് നേരത്തെ അറിഞ്ഞ ഹാൻകോക്ക്, ഭാര്യ മാർത്തയോട് വിവാഹബന്ധം അവസാനിപ്പിക്കുമെന്ന് വ്യാഴാഴ്ച തന്നെ പറഞ്ഞിരുന്നു. മാറ്റും ഗിനയും പ്രണയത്തിലാണെന്നും മെയ് മാസത്തിൽ ആരംഭിച്ച ബന്ധം ഇപ്പോൾ ദൃഢമായി തുടരുന്നുണ്ടെന്നും ഹാൻകോക്കിന്റെ സുഹൃത്ത് വെളിപ്പെടുത്തി. ഇരുവരും തുടർന്ന് ഒരുമിച്ചു താമസിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനകൾ ഉണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ രാജിക്കത്തിൽ ഹാൻ‌കോക്ക് ഭാര്യയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. “ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനാണ് ഞാൻ എഴുതുന്നത്. പകർച്ചവ്യാധിയെ ചെറുക്കാൻ ഒരു രാജ്യം എന്ന നിലയിൽ കഠിനമായി പരിശ്രമിച്ചു. എന്നാൽ സത്യസന്ധത തെളിയിക്കാൻ ഇപ്പോൾ ഇതാണ് മാർഗം.” പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഹാൻകോക്ക് ഇപ്രകാരം കുറിച്ചു.

മാറ്റ് ഹാൻ‌കോക്കും ഗിന കൊളഡാഞ്ചലോയും സ്റ്റുഡന്റ് റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ജോലി ചെയ്തിരുന്നു. 1990 കളുടെ അവസാനത്തിൽ യൂണിവേഴ്സിറ്റി റേഡിയോ സ്റ്റേഷൻ ഓക്സിജൻ എഫ്എമ്മിൽ ഇരുവർക്കുമൊപ്പം പ്രവർത്തിച്ച ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് മാക്സി അലൻ, കൊളഡാഞ്ചലോയെ കാണാൻ ഒട്ടേറെ പുരുഷന്മാർ ആഗ്രഹിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഗിന വളരെ സുന്ദരിയായിരുന്നുവെന്ന് പറഞ്ഞ അലെൻ, ഹാൻകോക്കിനെ പറ്റി നല്ല അഭിപ്രായമല്ല പങ്കുവച്ചത്. ഹാൻകോക്കിന് ഗിനയോട് നേരത്തെ തന്നെ ഇഷ്ടം തോന്നിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതേസമയം പു​തി​യ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി മു​ൻ ചാ​ൻ​സ​ല​റും ആ​ഭ്യ​ന്ത​ര സെക്രട്ടറിയുമായ സാജിദ് ജാവിദിനെ നിയമിച്ചു. പു​തി​യ ത​സ്​​തി​ക ത​നി​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന്​ സാ​ജി​ദ്​ പ്രതികരിച്ചു. വിവാദചുഴിയിൽ പെട്ട് സ്ഥാനം നഷ്ടപെട്ട ഹാൻകോക്കിന് പകരം നിന്ന് രോഗപ്രതിസന്ധിയെ നേരിടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ജാവിദിന് മുന്നിലുള്ളത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഫ്ലോറിഡ : – ഫ്ലോറിഡയിലെ സർഫ്സൈഡിൽ 12 നിലയുള്ള കെട്ടിടം തകർന്ന് വീണ് മരണപ്പെട്ടവരുടെ എണ്ണം ഒൻപതായി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 1.30 നാണ് കെട്ടിടം തകർന്നു വീണത്. രാത്രി ആയതിനാൽ തന്നെ മിക്ക താമസക്കാരും ഉറക്കത്തിലായിരുന്നു. ഏകദേശം 150 ഓളം ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണപ്പെട്ട ഒൻപത് പേരിൽ, എട്ടു പേരുടെ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്. ഒരാൾമാത്രം ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.


കെട്ടിടം തകർന്നു വീഴാൻ ഉണ്ടായ കാരണം ഇനിയും വ്യക്തമല്ല. കെട്ടിടത്തിന്റെ ബേസിലെ വാട്ടർ ഡ്രെയിനേജ് സിസ്റ്റം ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്നും, ഇതുമൂലമുള്ള ബലക്ഷയം ആകാം തകർന്നു വീഴാൻ കാരണം ആയതെന്നും വിലയിരുത്തപ്പെടുന്നു. കൂടുതൽ ആളുകളെ ജീവനോടെ രക്ഷിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ തിരച്ചിൽ തുടരുന്നത്. ഇസ്രായേൽ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. എന്നാൽ കെട്ടിടം തകർന്നു വീണതിന് ശേഷമുള്ള മണിക്കൂറുകളിൽ ഉണ്ടായ തീ മൂലം, തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. 136ഓളം അപ്പാർട്ട്മെന്റുകളുള്ള കെട്ടിടത്തിലെ, ഏകദേശം 55 ഓളം അപ്പാർട്ട്മെന്റുകൾ തകർന്നു വീണു. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇത്. 2018 ൽ തയ്യാറാക്കിയ എൻജിനീയറുടെ റിപ്പോർട്ടിൽ, കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ട്രക്ച്ചറിനു സാരമായ ബലക്ഷയം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ബ്രിട്ടനിൽ ഉടനീളം ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികൾ മുഴുവൻ സമയം അധ്യയനത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല. സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 93514 വിദ്യാർഥികളാണ് മുഴുവൻ സമയ വിദ്യാഭ്യാസത്തിലേയ്ക്ക് മടങ്ങിവരുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊറോണ മഹാമാരി രാജ്യത്തെ വിദ്യാഭ്യാസത്തെ അടിമുടി തകിടം മറിച്ചതിൻറെ നേർക്കാഴ്ചകളാണ് റിപ്പോർട്ടിൽ ഉടനീളം . കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്കൂളുകളിൽ നിന്ന് പുറത്തായവരുടെ എണ്ണം 50 ശതമാനത്തിലധികമാണ് ഉയർന്നത്. ലോക് ഡൗൺ മൂലം സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടതിനെ തുടർന്ന് പലപ്പോഴും കുട്ടികൾ തുടർവിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പുറത്തുവരുന്ന കണക്കുകൾ വിരൽ ചൂണ്ടുന്നത്. ഇടയ്ക്കുവെച്ച് പഠനം അവസാനിപ്പിക്കുന്ന കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട് . കോവിഡ് മൂലം തകർന്ന വിദ്യാഭ്യാസരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ 3 ബില്യൺ പൗണ്ട് ധനസഹായമാണ് ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇടയ്ക്കുവെച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചവരിലേയ്ക്ക് ഈ സഹായങ്ങളൊന്നും എത്തിച്ചേരില്ല . സ്കൂൾ സംവിധാനത്തിൽ നിന്ന് ഒരു കുട്ടി പുറത്താക്കപ്പെടുമ്പോൾ അവരുടെ ഭാവി പലപ്പോഴും ഇരുളടഞ്ഞതാകുമെന്ന് സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡി കുക്ക് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved