ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- കോവിഡ് മാനദണ്ഡങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ എടുത്തവരെങ്കിൽ, വാക്സിനേഷൻ ലഭിക്കാത്ത 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇവരോടൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് അവധിക്കാലയാത്രകളും മറ്റും ചെയ്യാനുള്ള അനുമതി ഓഗസ്റ്റ് മുതൽ ഉണ്ടാകും. ഇതോടൊപ്പം തന്നെ രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷം ആമ്പർ ( യെല്ലോ ) ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കുന്ന കാര്യവും സർക്കാരിന്റെ ആലോചനയിലുണ്ട്. ഇത്തരം പുതിയ നടപടികൾ ഒക്കെ തന്നെ ഓഗസ്റ്റ് മുതൽ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സ്കൂൾ അവധിക്കാലം കുട്ടികൾക്ക് നഷ്ടമാകാതിരിക്കാനായി, ജൂലൈ 19 മുതൽ തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാരുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
പുതിയ നിയമങ്ങൾ അനുസരിച്ച് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുത്ത മാതാപിതാക്കളോടൊപ്പം മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടാകും. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ഇത്തരം യാത്രകൾ ചെയ്യാൻ പാടുള്ളൂ എന്നാണ് ആരോഗ്യവിദഗ് ധർ നിഷ് കർഷിക്കുന്നത്. ഇതോടൊപ്പം തന്നെ വിവിധ ലിസ്റ്റിൽ പെട്ട രാജ്യങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച അവസാനത്തോടുകൂടി മാറ്റങ്ങൾ ഉണ്ടാകും. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല. എന്നാൽ ഇത്തരത്തിലുള്ളവർ തിരിച്ചെത്തി കോവിഡ് ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ നിലവിൽ ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, തിരിച്ചെത്തിയ ശേഷം പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നീ രാജ്യങ്ങളാണ് നിലവിൽ ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്രചെയ്ത് തിരിച്ചെത്തുന്നവർ, ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഈ നിയമങ്ങൾ എല്ലാം തന്നെ ഒരു മാറ്റം ഈയാഴ്ച അവസാനത്തോടുകൂടി ഉണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്ഥിരമായി വർക്ക്- ഫ്രം- ഹോം രീതി നടപ്പിലാക്കുന്നത് ലിംഗ അസമത്വങ്ങൾക്ക് കാരണമാകുമോ?? കാരണമാകുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ, തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കണോ വേണ്ടയോ എന്ന് ആശങ്കയിലാണ്. ഓൺലൈനും ഓഫ്‌ലൈനും കൂടിച്ചേർന്നുള്ള ഒരു സംവിധാനം നടപ്പിലാക്കുന്നതിനാണ് കൂടുതൽ തൊഴിലുടമകളും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിലാക്കുന്നത് ലിംഗ സമത്വത്തെ ബാധിക്കുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കൂടുതലും സ്ത്രീകൾ ആയിരിക്കും വർക്ക് -ഫ്രം- ഹോം രീതി തിരഞ്ഞെടുക്കുവാൻ സാധ്യതയുള്ളത് . പുരുഷന്മാരിൽ ഭൂരിഭാഗവും ഓഫീസിലെത്തി ജോലി ചെയ്യുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് സ്ത്രീകളുടെ കരിയറിനെ സാരമായ രീതിയിൽ ബാധിക്കും.
കോവിഡ് കാലഘട്ടം കഴിഞ്ഞാലും ഓൺലൈൻ രീതിയിലുള്ള ജോലി സംവിധാനം തുടരാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് മന്ത്രിമാരുടെ പദ്ധതി. ഇതേതുടർന്നാണ് ഇത്തരത്തിലുള്ള ചർച്ചകൾ ശക്തമായി ഉയർന്നു വരുന്നത്. ഓൺലൈൻ രീതി തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്ത ബോധത്തിലുള്ള വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും, അതോടൊപ്പം തന്നെ തൊഴിലുടമകളുമായുള്ള ബന്ധം ഇത്തരത്തിലുള്ളവർക്ക് കുറയാനുള്ള സാധ്യതയുമുണ്ട്. എന്നാൽ നിലവിൽ ഇത്തരത്തിലുള്ള ഒരു സംവിധാനം തുടരാനാണ് സാധ്യതയെന്നാണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കിൽ ഗോവ് വ്യക്തമാക്കിയത്. ഉടൻതന്നെ സാധാരണ രീതിയിലേക്ക് എത്തുക എന്നത് തികച്ചും അപ്രാപ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് മന്ത്രിമാരിൽ ഭൂരിഭാഗം പേരും എടുത്തിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശക്തമായ എതിർപ്പുകളും പലഭാഗത്തുനിന്നും വരുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മി. എസ്സ്
കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് 24 വയസ്സുകാരി ആത്മഹത്യചെയ്തു. ആയുർവ്വേദ മെഡിസിൻ വിദ്യാർത്ഥിനിയായ വിസ്മയയാണ് ഭർത്താവ് കിരണിന്റെ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയത്. അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ സ്ത്രീധനം ലഭിച്ച കാറിനെച്ചൊല്ലി നിരന്തരം വിസ്മയയുമായി വഴക്കിടാറുണ്ടായിരുന്നത്രെ. 100 പവനും 1.25 ഏക്കർ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും നൽകിയായിരുന്നു വിസ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. സമാനസംഭവത്തിൽ ഉത്രയെന്ന പെൺകുട്ടി മരിച്ച് ഒരു വർഷം ആകുമ്പോഴേയ്ക്കും വീണ്ടും മറ്റൊരാൾ. സ്ത്രീധനത്തിന്റെ പേരിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചായിരുന്നു ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. വിസ്മയയുടെ മരണത്തിനു പിന്നാലെ ആലപ്പുഴയിൽ സുചിത്രയെന്ന 19കാരിയും സമാനരീതിയിൽ മരിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. വീണ്ടും കേരള നാടറിഞ്ഞ ഒരു സ്ത്രീധനപീഡന മരണംകൂടി. അതെ പുറംലോകം അറിയാത്ത മരണങ്ങൾ പലതും പിന്നെയുമുണ്ട്.
പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുമ്പോഴും സ്വന്തം മക്കളുടെ കാര്യത്തിൽ ജ്യോതിഷന്റെ അഭിപ്രായം തേടും. നിങ്ങൾ വളർത്തിയ കുട്ടിയ്ക്ക് മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരാളെ വേണം അവൾക്ക് പങ്കാളിയായി കണ്ടെത്താൻ. ഒരൊറ്റ ചായസൽക്കാരമോ നാട്ടുകാരോ അദ്ധ്യാപകരോ പറയുന്ന സ്വഭാവസർട്ടിഫിക്കറ്റുംകൊണ്ട് അളന്നിട്ടാവരുത് മോളുടെ ഭർത്താവിനെ നിശ്ചയിക്കേണ്ടത്. സ്ത്രീധനം അതെത്ര വലുതായാലും ചെറുതായാലും നിയമം മൂലം നിരോധിക്കേണ്ടതാണ്. ഇനി അതിന് കാലതാമസങ്ങൾ നേരിട്ടാലും സ്ത്രീധനം കൊടുക്കില്ലായെന്ന് ഓരോ മാതാപിതാക്കളും തീരുമാനിക്കണം. അതിന് വിവാഹം ആലോചിക്കുന്ന സമയം മുതൽ തീരുമാനം ഉണ്ടാകണം. പരസ്യങ്ങൾ നൽകുമ്പോഴും ഇടനിലക്കാരെവച്ച് അന്വേഷിപ്പിക്കുമ്പോഴും വ്യക്തമായി പറയുക. നിങ്ങളുടെ സ്വത്തിന്റെ കണക്ക് പറഞ്ഞു കേൾപ്പിക്കാതെ മകളുടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും കലാവാസനകളുടെയും കാര്യങ്ങൾ പറയുക. അതേപോലെ മറിച്ചും. മകളുടെ ഭർത്താവാകാൻ പോകുന്നയാളുടെ കുടുംബമഹാത്മ്യവും സ്വത്തിന്റെ കണക്കും മാത്രം തിരക്കാതെ അയാളുടെ താല്പര്യങ്ങളും അഭിരുചിയും ചോദിച്ചറിഞ്ഞ് പൊരുത്തപ്പെട്ടു പോകാൻ സാധിക്കുന്നതാണോയെന്ന് ആലോചിക്കുക.
നിങ്ങളുടെ കുട്ടിയെ അവളുടെ അഭിരുചിക്കനുസരിച്ച് ഒരു ജോലിക്ക് പ്രാപ്തയാക്കുക. അതെന്തു ജോലിയായിക്കോട്ടെ വരുമാനം എത്രയുമായിക്കോട്ടെ. പഠിച്ചുതീരും മുന്നേ ഏത് ചൊവ്വയുടെയും ശനിയുടെയും പേരിലായാലും വിവാഹംകഴിച്ചയക്കുന്നത് അത്ര നല്ലതല്ല. ഇനിയും ഇതെല്ലാം കഴിഞ്ഞാലും മനുഷ്യന്റെ സ്വഭാവമാണ് മാറാം. അത് ആണായാലും പെണ്ണായാലും. ജീവിതം നിങ്ങളുടേത് മാത്രമാണ്. സ്വയം അവസാനിപ്പിക്കാനോ കൊല്ലപ്പെടാനോ ഇടം നൽകരുത്. പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ അവിടെവച്ചു നിർത്തിയേക്കുക. സഹിക്കാനും ക്ഷമിക്കാനും പറയാൻ എളുപ്പമാ. ഈ പറഞ്ഞവർതന്നെ നാളെ നിങ്ങളുടെ ജീവന് അപായം സംഭവിക്കുമ്പോൾ ആ കൊച്ചിന് രക്ഷപ്പെട്ടൂടാരുന്നോന്ന് കളം മാറ്റി ചവിട്ടും. ഒരുതരം ഭാഗ്യപരീക്ഷണങ്ങൾക്കും നിങ്ങൾ സ്വയം ഹോമിക്കരുത്.
ഇനി വിവാഹം കഴിഞ്ഞതോ വിവാഹത്തിന് തയ്യാറെടുക്കുന്നതോ ആയ സ്ത്രീകളോടും പുരുഷൻമാരോടും. നിങ്ങൾ സ്വയം പ്രാപ്തരാവുക. സ്ത്രീധനം കിട്ടുന്നതിന്റെ കണക്കെടുക്കാതെ നിങ്ങൾക്ക് ജീവിക്കാനാവശ്യമായത് നിങ്ങൾ അധ്വാനിച്ചുണ്ടാക്കുക. സ്ത്രീധനം തന്നാലും വേണ്ടെന്നു പറയാനുള്ള മനക്കരുത്തും മനസ്സാക്ഷിയും ഓരോ സ്ത്രീകളും പുരുഷന്മാരും ഉണ്ടാക്കിയെടുക്കണം. നാട്ടുകാരെക്കൊണ്ട് പൊങ്ങച്ചം പറയിപ്പിക്കാനാവരുത് നിങ്ങളുടെ വിവാഹം. ആണായാലും പെണ്ണായാലും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാവണം. ഈ ലോകം എല്ലാവരുടേതുമാണ്. പരസഹായം ആവശ്യമുള്ളവർപോലും അവരുടെ ജീവിതം മികവുറ്റതാക്കുമ്പോൾ സ്ത്രീധനക്കണക്ക് പറയുന്ന രക്ഷിതാക്കളേ സ്ത്രീ പുരുഷന്മാരേ നിങ്ങളൊരു തികഞ്ഞ പരാജയമാണെന്ന് പറയാതിരിക്കാനാവുന്നില്ല.
ജീവിതപങ്കാളികളേ നിങ്ങളുടെ ഉപദ്രവം ഏറ്റുവാങ്ങാനല്ല മറ്റൊരു വ്യക്തിയും ജീവിക്കുന്നത്. അഭിപ്രായങ്ങളും വ്യത്യാസങ്ങളും പറഞ്ഞു പരിഹരിക്കുക. അതിനാവുന്നില്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു കടിഞ്ഞാണിടാതെ അവരെ സ്വതന്ത്രമാക്കുക. ഇതൊക്കെ സ്ത്രീ പുരുഷ ഭേദമന്യേ പറഞ്ഞു പഠിപ്പിക്കുകയെന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. വിവാഹം കഴിച്ചയച്ചാൽ ഉത്തരവാദിത്തം തീർന്നുവെന്ന് കരുതാതെ അവരുടെ സുഖദുഃഖങ്ങൾ
അന്വേഷിക്കുകയും തിരുത്തേണ്ടിടത്ത് തിരുത്തകയും ചെയ്യുക. വീട്ടിൽ മറ്റ് സഹോദരങ്ങളുണ്ട് അവരുടെ ഭാവി നീ നശിപ്പിക്കരുതെന്ന മുടന്തൻ ന്യായം പറയാതിരിക്കുക. അവൾക്കായി ഒരിടം ഉറപ്പുവരുത്തുക. അതേപോലെ മകന്റെയും മരുമകളുടെയും പ്രശ്നമല്ല നിങ്ങളുടേതുകൂടിയാണതെന്ന് തിരിച്ചറിഞ്ഞു വേണ്ട സമയത്തിടപെടുക. തെറ്റാരു ചെയ്താലും അത് മറയ്ക്കരുത്. മകന്റെ ഭാവിയോർത്ത് മറ്റൊരു കുട്ടിയുടെ ജീവിതം തകർക്കാൻ കൂട്ടുനിൽക്കരുത്. പ്രശ്നങ്ങളെ തുറന്ന സമീപനത്തോടെതന്നെ കാണുകയും അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുക. മൂടിപൊതിഞ്ഞ് വീർപ്പു മുട്ടലുകൾക്ക് ഒരു രക്ഷിതാക്കളും ഇടം കൊടുക്കരുത്.
സമൂഹമേ , വ്യക്തികളുമായി പൊരുത്തപ്പെടാനാകുമോയെന്ന് മാത്രം ആലോചിച്ച് നിങ്ങളുടെയോ മക്കളുടെയോയൊക്കെ പങ്കാളികളെ തിരഞ്ഞെടുക്കുക. അവരുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ അവരുടെ സ്വത്തോ ജോലിയോ സ്വഭാവമോ തറവാടിത്തമോ അല്ല നിങ്ങളുടെ പങ്കാളി അല്ലെങ്കിൽ മരുമകൻ/മരുമകൾ ആ വ്യക്തിയും അവരുടെ മാനസീകപൊരുത്തങ്ങളും മാത്രമാവണം ഇനിയെങ്കിലും വിവാഹത്തിനുള്ള അടിസ്ഥാനം. കുറഞ്ഞപക്ഷം ഇത്രയുമൊക്കെ കൃത്യമായ നിലപാടുകൾ എടുക്കാനായാൽ ഇനിയൊരു സ്ത്രീ പീഡനമരണം നമുക്കൊഴിവാക്കാം. അതെ ജീവനില്ലാത്ത മകളുടെ/മരുമകളുടെ ശരീരത്തേക്കാൾ എത്രയോ ഭേദമാണ് വിവാഹമോചനം നേടിയ മകൾ/മരുമകൾ.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
മുൻപ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഒരു പുതിയ തലമുറ ആരോഗ്യപ്രവർത്തകരെ എൻ എച്ച് എസിന് ആവശ്യമാണെന്ന് വാദിച്ചിരുന്നു. എന്നാൽ പുറത്തുനിന്നുള്ള ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ സേവനരംഗത്ത് കൂടുതൽ മുതൽക്കൂട്ടാവുന്നതെന്ന സാമ്പ്രദായിക ചിന്ത തിരുത്തിക്കുറിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് ടോറി പ്രവർത്തകയായ ഹാർഡിംഗ് നടത്തിയിരിക്കുന്നത്.
രണ്ടുവർഷം മുൻപ് മാത്രമാണ് ലേഡി ഹാർഡിംഗ് അന്താരാഷ്ട്ര മേഖലയിൽനിന്നുള്ള കൂടുതൽ ആരോഗ്യ പ്രവർത്തകരെ രാജ്യത്തിന് ആവശ്യമാണെന്ന് റിപ്പോർട്ട് നൽകിയത്. പുറം രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ക്ലിനിക്കൽ സ്റ്റാഫ് എന്നിവരെ കൂടുതൽ ആവശ്യം ഉണ്ടെന്നാണ് അന്ന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്.സർ സൈമൺ സ്റ്റീവനു ശേഷം സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കെയാണ് വിവാദ പരാമർശം.
ധാരാളം വിവാദങ്ങൾ ഏറ്റുവാങ്ങിയ ടെസ്റ്റ് ആൻഡ് ട്രാൻസ് വകുപ്പിന്റെ മേധാവിയായിരുന്ന ബാരൊനെസ്സ് ഹാർഡിങ് പുതിയ പദവിക്കായി ഒരാഴ്ച മുൻപ് ആണ് അപേക്ഷ നൽകിയത്. മുൻ ടോക് ടോക് മേധാവിയായിരുന്ന ഹാർഡിങ് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും. കോൺടാക്ട് ട്രേസിംഗ് സ്കീമുമായി ബന്ധപ്പെട്ട് മുൻപും ഇവർ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 37 മില്യൻ പൗണ്ട് ചെലവഴിച്ച പദ്ധതിയെ പൊതുമുതൽ നശിപ്പിച്ചു നിർമിച്ച വേസ്റ്റ് എന്നാണ് മാർച്ചിൽ ട്രഷറി വകുപ്പ് മേധാവി അഭിസംബോധന ചെയ്തത്. എൻ എസ് എസ് ജീവനക്കാരിൽ 15 ശതമാനം പേരും ബ്രിട്ടണ് പുറത്ത് നിന്നുള്ളവരാണ്. ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ഈ രീതിയിലുള്ള നയപരമായ തീരുമാനങ്ങൾ ഉണ്ടായാൽ മലയാളികൾക്ക് വൻ തിരിച്ചടിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നഗ്നചിത്രങ്ങളോ വീഡിയോകളോ ഇന്റർനെറ്റിൽ നിന്ന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ ടൂൾ വഴി ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാനാകും. ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനിൽ നിന്നും ചൈൽഡ് ലൈനിൽ നിന്നുമുള്ള ഈ സേവനം കൗമാരക്കാരായ ചെറുപ്പക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഐഡബ്ല്യുഎഫ് ചിത്രങ്ങൾ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തുകയാണെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യും. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കംചെയ്യാൻ ഐഡബ്ല്യുഎഫ് പ്രവർത്തിക്കുന്നു. ഒരാൾ നഗ്നചിത്രങ്ങളോ വീഡിയോകളോ ഓൺലൈനിൽ പോസ്റ്റുചെയ്യാൻ നിരവധി കാരണങ്ങളുണ്ടെന്ന് ചാരിറ്റി പറയുന്നു. ചിലർ വിനോദത്തിനായി ചിത്രങ്ങൾ അയച്ചിരിക്കാം. അല്ലെങ്കിൽ കാമുകന്റെയോ കാമുകിയുടെയോ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കാം.
സമീപ വർഷങ്ങളിൽ, കുട്ടികൾ തന്നെ സൃഷ്ടിച്ച ഇത്തരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ ഓൺലൈനിൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഐഡബ്ല്യുഎഫ് അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ, 38,000 ചിത്രങ്ങൾ റിപ്പോർട്ടുചെയ്‌തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഇത്. എന്നാൽ ഇപ്പോൾ ചൈൽഡ് ലൈൻ വെബ്സൈറ്റിലെ റിപ്പോർട്ട് റിമൂവ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
ഈ ടൂൾ ലോകത്ത് ആദ്യം ആണെന്നും പുതിയ ഉപകരണം യുവജനങ്ങൾക്ക് ശക്തിയും ആത്മവിശ്വാസവും നൽകുമെന്നും ചിത്രങ്ങൾ വീണ്ടെടുക്കാനും ഓൺലൈനിൽ തെറ്റായ കരങ്ങളിൽ വീഴുന്നില്ലെന്ന് ഉറപ്പുവരുത്താനും ഈ ടൂൾ സഹായിക്കുമെന്ന് ഐഡബ്ല്യുഎഫ് മേധാവി സൂസി ഹാർഗ്രീവ്സ് പറഞ്ഞു. പല കുട്ടികളും വളരെയധികം ആശങ്കാകുലരാണെന്നും പിന്തുണ നേടാൻ അവർക്ക് സാധിക്കുന്നില്ലെന്നും ചൈൽഡ് ലൈൻ പറഞ്ഞു. ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് 14 വയസുള്ള ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇപ്രകാരം ആയിരുന്നു; “എന്തുചെയ്യണമെന്ന് എനിക്കറിയില്ല. കാരണം ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എന്റെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് തുടരുന്നു. ഒരു സുഹൃത്താണെന്ന് കരുതിയ ഒരാളുമായി ഞാൻ നഗ്നചിത്രങ്ങൾ പങ്കിട്ടതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. പക്ഷേ അത് ഒരു വ്യാജ അക്കൗണ്ടായിരുന്നു. എനിക്ക് നിരാശ തോന്നുന്നു. അത് എങ്ങനെ നിർത്തണമെന്ന് എനിക്കറിയില്ല.” ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന നിരവധി കുട്ടികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂൾ ഒരുക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ :- ബ്രിട്ടണിൽ പുതിയ പദ്ധതികൾക്കായി കൂടുതൽ തുക നീക്കി വയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിർത്ത് ചാൻസലർ ഋഷി സുനക്. കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യമാണ് ചാൻസലർ മുന്നോട്ടുവയ്ക്കുന്നത്. സ്റ്റേറ്റ് പെൻഷനിൽ നാല് ബില്യൻ പൗണ്ടിന്റെ വർധന നടത്താനുള്ള തീരുമാനവും ചാൻസലർ എതിർത്തു. ഇതോടൊപ്പം തന്നെ നിരവധി പുതിയ പണച്ചെലവുകൾക്ക് ചാൻസലർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അടുത്തിടെയായി ചാൻസിലറുടെ അഭിപ്രായം പോലും തേടാതെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
ഇതിലൊന്നാണ് വാർദ്ധക്യത്തിൽ എത്തുന്നവരുടെ ചിലവുകൾ മുഴുവനായി സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനം. ഇത് സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്നാണ് ചാൻസലറുടെ വിലയിരുത്തൽ. ഇതോടൊപ്പംതന്നെ പുതിയ റോയൽ കപ്പൽ വാങ്ങാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനവും വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചാൻസലറുടെ അഭിപ്രായം പോലും തേടാതെ ചിലവുകൾ മാത്രമാണ് വരുത്തിവയ്ക്കുന്നത് എന്ന് ഷാഡോ ട്രഷറി ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രിയും ചാൻസലറും ഒരുമിച്ച് ഒരേ തീരുമാനങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഗവൺമെന്റ് വക്താവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഫാസ്റ്റ് ഫുഡ് മേഖലയില്‍ ലോകത്തെല്ലായിടത്തും ഒരുപോലെ അജയ്യരാണ് ബര്‍ഗര്‍ കിംഗ്. ബർഗർ പ്രേമികൾക്ക് ഈ ആഴ്ച ബർഗർ കിംഗിൽ നിന്നും സൗജന്യമായി ഒരു വോപ്പർ ബർഗർ നേടാൻ അവസരം ഒരുങ്ങുകയാണ്. ബർഗർ കിംഗിലെ ഒരു വോപ്പറിന്റെ വില രാജ്യമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി 4.49 പൗണ്ട് നൽകേണ്ടി വരും. സെൻട്രൽ ലണ്ടനിൽ 6 പൗണ്ട് വരെ നൽകേണ്ടി വരും. ഫ്ലേം-ഗ്രിൽഡ് ബർഗർ ആണ് ബർഗർ കിംഗിലെ പ്രധാന വിഭവം. ഇത് 1957 മുതൽ നൽകി വരുന്നുണ്ട്. സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ബർഗർ കിംഗ് ആപ്ലിക്കേഷൻ വഴിയാണ് ഇത്തവണ സൗജന്യ വോപ്പർ ഓഫർ ലഭിക്കുക.
ഐഫോൺ ആണെങ്കിൽ ആപ്പിൾ സ്റ്റോർ വഴിയും ആൻഡ്രോയ്ഡ് ഫോൺ ആണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പേര്, ഇമെയിൽ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കിട്ട് ബർഗർ കിംഗ് അപ്ലിക്കേഷനിൽ സൈൻ അപ്പ് ചെയ്യുക. ജൂൺ 23 ബുധനാഴ്ച രാവിലെ 6 മണി മുതൽ ആപ്ലിക്കേഷന്റെ ഓഫർ സെക്ഷനിൽ ‘ഫ്രീ വോപ്പർ വൗച്ചർ’ ലഭ്യമാകും. ഒരു ദിവസം മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. വൗച്ചർ ഉപയോഗിക്കുന്നതിനായി ഒരു ബർഗർ കിംഗ് ബ്രാഞ്ചിൽ എത്തി കൗണ്ടറിൽ ഓർഡർ ചെയ്യുകയോ ആപ്പിലെ ക്ലിക്ക് & കണക്ട് പ്രയോജനപ്പെടുത്തുകയോ ചെയ്യാം. പ്ലാന്റ് ബേസ്ഡ് ബർഗറും ഓഫറിൽ ഉൾപ്പെട്ടിട്ടുണ്ട് .
നിർഭാഗ്യവശാൽ ഈ ഓഫറിന് ഹോം ഡെലിവറി ഇല്ല. ഈ ഓഫർ എല്ലാ സ്റ്റോറുകളിലും ലഭ്യമല്ല. അതിനാൽ ആദ്യം നിങ്ങളുടെ പ്രാദേശിക സ്റ്റോറിൽ ലഭ്യമാണോയെന്ന് പരിശോധിക്കുക. മോട്ടോർവേ സർവീസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, ഹോളിഡേ പാർക്കുകൾ എന്നിവിടങ്ങളിലുള്ള ബർഗർ കിംഗിൽ നിങ്ങൾക്ക് ഈ ഓഫർ ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, ബുധനാഴ്ച വരെ കാത്തിരിക്കാനാകുന്നില്ലെങ്കിൽ, ഇപ്പോൾ ഒരു പ്രത്യേക ഡീൽ ലഭ്യമാണ്. ആപ്പിലെ പുതിയ ഉപയോക്താക്കൾക്ക് വെറും 1.59 പൗണ്ടിന് ഒരു വോപ്പർ ലഭിക്കും. ബർഗർ കിംഗ് സൗജന്യ വോപ്പറുകൾ നൽകുന്നത് ഇതാദ്യമല്ല. 15 പൗണ്ടിന് മുകളിൽ ചിലവഴിക്കുന്ന ഡെലിവറൂ ഉപയോക്താക്കൾക്ക് ഫ്രീ ബർഗർ നൽകുന്ന ഓഫർ കഴിഞ്ഞ മാസം നടപ്പിലാക്കിയിരുന്നു.
ഭർത്താവിൻെറ വീട്ടിൽ തൂങ്ങി മരിച്ച യുവതി നേരിട്ടത് ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കൾ. നിലമേല്‍ കൈതത്തോട് സ്വദേശിനിയായ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി മുന്നോട്ട് വന്നത്. സ്ത്രീധനത്തിന്റെ പേരിൽ പലപ്പോഴും വിസ്മയ നേരിട്ടത് ക്രൂര പീഡനമായിരുന്നുവെന്ന് അവർ പറഞ്ഞു. ആത്മഹത്യയ്ക്ക് മുൻപ് ഭര്‍ത്താവ് തന്നെ മർദിച്ചതായുള്ള സന്ദേശം വിസ്മയ സഹോദരന് അയച്ചിരുന്നു.
വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാര്‍ തന്നെ മർദിച്ചതായി വിസ്മയ പറഞ്ഞിരുന്നു. താൻ നേരിട്ട പീഡനങ്ങൾ വിശദീകരിച്ച സന്ദേശങ്ങള്‍ അയച്ച് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്നെയും അച്ഛനേയും അസഭ്യം പറയുന്നതായും കാറിൻെറ കണ്ണാടി പൊട്ടിച്ചതായും വിസ്മയയുടെ സന്ദേശത്തിൽ ഉണ്ട്.
കഴിഞ്ഞ വർഷമാണ് വിസ്മയയുടെ വിവാഹം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറുമായി നടന്നത്. വിവാഹശേഷം പലപ്പോഴായി ഉണ്ടായ വഴക്കുകളെ തുടർന്ന് സ്വന്തം വീട്ടിലായിരുന്ന വിസ്മയ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിനെ തുടർന്ന് തിരിച്ചുവരുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ഭർത്താവിൽ നിന്ന് സ്ത്രീധനത്തിൻെറ പേരിൽ പലപ്പോഴായി മർദ്ദനമേറ്റിരുന്നതായി സന്ദേശത്തിൽ പറയുന്നു.
വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിൽ നിന്ന് നേരിട്ട ക്രൂര മർദനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. അതേസമയം സംഭവശേഷം വിസ്മയയുടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ട് തേടിയതായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ബ്രിട്ടനെ ശാസ്ത്ര ശക്തിയായി വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗവേഷണങ്ങൾക്ക് കൂടുതൽ ബഡ് ജറ്റ് തുക നീക്കി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ പുതിയതായി രൂപപ്പെടുത്തുന്ന നാഷണൽ സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന് അദ്ദേഹം നേതൃത്വം വഹിക്കുകയും ചെയ്യും. ജനനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഗവേഷണങ്ങൾക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൗൺസിൽ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയിരിക്കുന്ന സർ പാട്രിക് വാലൻസ്, ഇനിമുതൽ നാഷണൽ ടെക്നോളജി അഡ്വൈസർ എന്ന നിലയിലും സേവനമനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നിലവിലെ വാക്സിനേഷൻ പ്രോഗ്രാമിൽ ബ്രിട്ടൻ നേടിയിരിക്കുന്ന വിജയം മറ്റു മേഖലകളിലും എത്രത്തോളം ബ്രിട്ടന് മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടനിലെയും അതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളുടെയും ജീവിതത്തിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ നടത്തുവാൻ ബ്രിട്ടനു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കൗൺസിലുകളും മറ്റും രൂപപ്പെടുത്തിയിരിക്കുന്നത്. ലോക ശാസ്ത്ര ശക്തി എന്ന നിലയിലുള്ള ബ്രിട്ടന്റെ സ്ഥാനത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ തീരുമാനിച്ചിരിക്കുന്നത്. 2025 ഓടുകൂടി ഗവേഷണ മേഖലയ്ക്കായി 22 ബില്യൺ പൗണ്ട് തുകയോളം വകയിരുത്തും. കാലാവസ്ഥാവ്യതിയാനം തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും മറ്റും ആലോചിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയതായി രൂപപ്പെടുത്തിയ ഓഫീസ് ഫോർ സയൻസ് ആൻഡ് ടെക്നോളജി സ്ട്രാറ്റജി പുതിയ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യു കെയിൽ നിന്ന് ഐഎസിൽ ചേരാൻ പോകുന്നതിന് മുമ്പ് തങ്ങളോട് കൂടെ വരാൻ ഷമീമ ബീഗം അവശ്യപ്പെട്ടിരുന്നതായി സഹപാഠികൾ. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി തന്റെ പുറങ്കുപ്പായത്തിൽ ഒരു ഐഎസ് ബാഡ് ജ് ധരിച്ചിട്ടുണ്ടായിരുന്നുവെനും ഷമീമ ബീഗത്തിന്റെ മുൻ സഹപാഠികൾ പറഞ്ഞു. ബെത്‌നാൽ ഗ്രീൻ അക്കാദമിയിലെ മുൻ വിദ്യാർത്ഥികൾ, തങ്ങളുടെ കൂടെ പഠിച്ച ഷമീമയെക്കുറിച്ച് ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഷമീമ ബീഗവും അമീറ അബാസും അവരുടെ പുറങ്കുപ്പായത്തിൽ ഒരു കറുത്ത തുണി കുത്തി വച്ചിരുന്നെന്നും അതിൽ വെളുത്ത നിറത്തിൽ അറബിക് എഴുതപ്പെട്ടിരുന്നെന്നും സഹപാഠിയായ യുവാവ് വെളിപ്പെടുത്തി. നിരന്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മൂവരും സിറിയയിലേക്ക് പോയത്. മൂന്നു പെൺകുട്ടികൾ ഐഎസിൽ ചേരാൻ പോയതോടെ, മറ്റ് വിദ്യാർത്ഥികളെ തടയാനായി സ്കൂൾ അധികൃതർ കർശനമായ ഒരു നിയമം ഏർപ്പെടുത്തുകയും എല്ലാ ദിവസവും രാവിലെ പോലീസ് രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്ന നിയമം നിലവിൽ വരികയും ചെയ്തു.
കാണാതായ സഹപാഠികളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും അവരെ വിലക്കി. “ഇതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാൽ ഞങ്ങൾ തടങ്കലിലാകുമെന്ന് ഭയപ്പെട്ടു.” അദ്ദേഹം വെളിപ്പെടുത്തി. “അവളെ വീണ്ടും കണ്ടാൽ ഞാൻ ആദ്യം ആലിംഗനം ചെയ്യും. കാരണം ആളുകൾ തെറ്റുകൾ വരുത്തുന്നു. അത് ക്ഷമിച്ചു അവർക്ക് വീണ്ടും അവസരം നൽകുക എന്നതാണ് പ്രധാനം.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ 21 വയസുള്ള ഷമീമയെ അൽ-റോജ് ജയിൽ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. യുകെയിലേക്ക് മടങ്ങാനുള്ള അവസരത്തിനായി അവർ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും കഴിഞ്ഞ ദിവസം ഷമീമ അറിയിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, കഴിഞ്ഞാഴ്ച്ച പുറത്തിറങ്ങിയിരുന്നു. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമീമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.