Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന റിപ്പോർട്ട്‌ നടുക്കമുളവാക്കുന്നതാണ്. സ്കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2020 ജൂണിൽ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. നിലവിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളുമടക്കം 54,000 -ത്തിലധികം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ഇരകളെ പിന്തുണയ്ക്കുന്നതിനുമായി അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. റേപ്പ് കൾച്ചർ വളരുന്നതിന്റെ തെളിവായി സോമ സാറ തന്റെ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. ആൺകുട്ടികളിൽ നിന്ന് ലൈംഗികചുവയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സാറാ വെളിപ്പെടുത്തി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളിൽ നിന്നാണ് സാറയ്ക്ക് സന്ദേശങ്ങൾ ലഭിച്ചത്. തന്റെ പുതിയ ഡോക്യുമെന്ററിയിൽ , സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാറാ തുറന്ന് പറയുകയുണ്ടായി.

ബലാത്സംഗത്തിനിരയായ വിവരം പങ്കുവെച്ച ഒരു പെൺകുട്ടി, സ്കൂളിലേയ്ക്ക് മടങ്ങാൻ ഭയമാണെന്ന് വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ കുറ്റപ്പെടുത്തുന്ന പ്രവണതയും ഏറിവരികയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആരോപണങ്ങൾക്ക് മറുപടിയായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യാനായി ഹെൽപ്പ് ലൈനും ഉടനടി അവലോകനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമ ഇരകളെ പിന്തുണയ്ക്കുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഉപദേശം നൽകുന്നതിനുമായി എൻഎസ് പിസിസി ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നു. ഏതു തരത്തിലുള്ള ലൈംഗികാതിക്രമവും വെറുപ്പുളവാക്കുന്നതാണെന്നും ഈ ആരോപണങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി.

“എനിക്ക് തിരികെ സ്കൂളിൽ പോകാൻ താൽപ്പര്യമില്ല, അവൻ എന്നെ ബലാത്സംഗം ചെയ്തു.”: മരിക്കുന്നതിന് മുമ്പ് പന്ത്രണ്ടുകാരിയായ സെമിന ഹാലിവെൽ തന്റെ അമ്മ റേച്ചൽ ഹാലിവെല്ലിനോട് പറഞ്ഞ വാക്കുകളാണിത്. 2020 മാർച്ചിൽ, തന്റെ സ്കൂളിലെ ഒരു മുതിർന്ന ആൺകുട്ടിയിൽ നിന്ന് സെമിനയ്ക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി റേച്ചൽ വെളിപ്പെടുത്തി. പിന്നീട് അത് ഭീഷണിയായി. നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നേരിട്ട് കണ്ടപ്പോൾ ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. ആൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. താൻ സ്‌കൂളിൽ വിവരമറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്ന് റേച്ചൽ പറഞ്ഞു. ദുഃഖം താങ്ങാനാവാതെ 2020 ജൂണിലാണ് സെമിന ആത്മഹത്യ ചെയ്തത്. സെമിനയുടെ മരണശേഷം, സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്ന ആവശ്യം ശക്തമായി. വേറൊരു കുട്ടിയ്ക്കും ഇത് സംഭവിക്കരുതെന്ന് പറഞ്ഞ റേച്ചൽ, ‘ദ സെമിന ഫൗണ്ടേഷൻ’ എന്ന ചാരിറ്റി സ്ഥാപിക്കുകയാണ്. സ്‌കൂളുകളിൽ ബലാത്സംഗത്തിന് ഇരയായവർക്ക് ശരിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്‌കൂളുകളിലെ റേപ്പ് കൾച്ചറിനെക്കുറിച്ചുള്ള ഓഫ്സ്റ്റഡിന്റെ അവലോകന റിപ്പോർട്ട്‌ ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയണമെന്നത് ഇപ്പോഴും മുൻഗണന വിഷയമായി നിലകൊള്ളുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്രിസ്മസ് നാളുകളിൽ ഏറ്റവും ചിലവ് വരുന്ന ഉൽപ്പന്നങ്ങളാണ് വീഞ്ഞും മദ്യവും. എന്നാൽ ക്രിസ്മസിന് ബ്രിട്ടീഷുകാർ വീഞ്ഞ്, മദ്യ ക്ഷാമം നേരിടേണ്ടിവരുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ചെലവുകളും കോവിഡ് പ്രതിസന്ധിയും വിതരണത്തിലെ കാലതാമസവും കാരണം ക്ഷാമം ഉണ്ടാകുമെന്ന് വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ (ഡബ്ല്യുഎസ്ടിഎ) വ്യക്തമാക്കി. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സിന് അയച്ച കത്തിലാണ് ഈ ആശങ്ക വിവരിച്ചത്. പെർനോഡ് റിക്കാർഡ്, മൊയെ ഹെന്നസി, വൈൻ സൊസൈറ്റി എന്നിവയുൾപ്പെടെ 49 സ്ഥാപനങ്ങൾ കത്തിൽ ഒപ്പുവച്ചു. എന്നാൽ ക്രിസ്മസിന് മദ്യവിതരണം തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സർക്കാർ വാദം. എച്ച്‌ജിവി ഡ്രൈവർ ക്ഷാമം ഈ മേഖലയെ രൂക്ഷമായി ബാധിച്ചു. ഡ്രിങ്ക്സ് ബിസിനസുകൾ ഇപ്പോഴും ബുദ്ധിമുട്ടിലാണെന്നും കൂടുതൽ നടപടി ആവശ്യമാണെന്നും കത്തിൽ പറയുന്നു.

നിർണായക വ്യാപാര കാലഘട്ടമാണ് വരുന്നതെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൈൻ, മദ്യം എന്നിവയുടെ വിതരണം നിലയ്ക്കുമെന്നും കത്തിൽ വിശദമാക്കി. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയിരുന്ന ഓർഡറുകൾ ഇപ്പോൾ 15 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കുന്നത്. കൃത്യസമയത്ത് ഓർഡറുകൾ പൂർത്തിയാക്കാൻ കഴിയാത്തത് ബിസിനസിൻെറ തകർച്ചയ്ക്ക് കാരണമാകുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർദ്ധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഡ്രൈവർമാരെ ആകർഷിക്കാൻ വൻകിട ബിസിനസുകളുമായി മത്സരിക്കാൻ കഴിയാത്ത ചെറുകിട, ഇടത്തരം സംരംഭകരും പ്രതിസന്ധിയിലാണ്. എച്ച്ജിവി ഡ്രൈവർമാർക്കുള്ള താൽക്കാലിക വിസ പദ്ധതി ഒരു വർഷത്തേക്ക് നീട്ടണമെന്ന് ഡബ്ല്യുഎസ് ടിഎ ആവശ്യപ്പെട്ടു. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം ഈ ക്രിസ്‌മസിന് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഭക്ഷ്യ വിതരണക്കാർ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഡ്രിങ്ക്സ് ബിസിനസിൽ നിന്നുള്ള മുന്നറിയിപ്പ്. യുകെ സ്ഥിരമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ (എഫ് ഡിഎഫ്) മേധാവി ഇയാൻ റൈറ്റ് സെപ്റ്റംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലീഷ് ചാനൽ കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഇരുപത്തേഴോളം അഭയാർഥികൾ മരണപ്പെട്ട സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ബ്രിട്ടനും ഫ്രാൻസും തമ്മിൽ സംയുക്ത സഹകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമനന്ത്രി ബോറിസ് ജോൺസൻ. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ മനുഷ്യക്കടത്തു നടത്തുവാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന നാല് പേരെ ഡൻകിർക്, ഫ്രാൻസ് – ബെൽജിയൻ ബോർഡറിനു സമീപത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ അഞ്ചു സ്ത്രീകളും, ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് പോലീസ് നൽകുന്ന വിവരം. പ്രതികൂല കാലാവസ്ഥയിൽ നിറച്ച് ആളുകളുമായിയെത്തിയ ബോട്ടിനെ മത്സ്യബന്ധനക്കാരാണ് കണ്ടെത്തിയത്. ഉടൻതന്നെ സംഭവസ്ഥലത്തേയ്ക്ക് 3 കോസ്റ്റ് ഗാർഡ് കപ്പലുകളും, ഹെലികോപ്റ്ററും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നിരവധി പേർ മരണപ്പെട്ടു. അടുത്തയിടെ നടന്ന ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട ഒരു ദുരന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് അടിയന്തരമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോഗം വിളിച്ചുകൂട്ടി, സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുവാൻ ഫ്രാൻസും അനുവദിക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മനുവേൽ മക്രോൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ അഭയാർഥികളെ അനുവദിക്കുന്ന തരത്തിലുള്ള ബ്രിട്ടന്റെ നയങ്ങളും മാറ്റണം എന്ന് അദ്ദേഹം ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇരു നേതാക്കളും തമ്മിൽ ചർച്ച ഉണ്ടായതായും, സംഭവത്തിൽ രണ്ട് രാജ്യങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായതായും ടൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ആവശ്യമെങ്കിൽ ബ്രിട്ടൻ സൈനികരെ ഫ്രാൻസിൽ അയക്കാം എന്ന് ബോറിസ് ജോൺസൻ വാഗ്ദാനം ചെയ്തതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അഭയാർഥികളുടെ മറവിൽ നിരവധി പേർ പണമുണ്ടാക്കാൻ ശ്രമിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലിസിയുടെ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരുടെ കൊലയാളികൾക്ക് നിർബന്ധിത ജീവപര്യന്തം നൽകണമെന്ന ലിസിയുടെ ആവശ്യത്തിന് സർക്കാർ പിന്തുണ. 2019 ഓഗസ്റ്റിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ആൻഡ്രൂ ഹാർപ്പറുടെ ഭാര്യയാണ് ലിസി. ഇംഗ്ലണ്ടിലും വെയിൽസിലും എത്രയും വേഗം നിയമഭേദഗതി കൊണ്ടുവരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പാസാക്കിയാൽ, അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരെ കൊലപ്പെടുത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കും. നിയമഭേദഗതിയിലൂടെ പോലീസ്, ജയിൽ ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ എന്നിവർക്ക് അധിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലിസിയുടെ രണ്ടുവർഷത്തെ നിയമപോരാട്ടമാണ് ഇതോടെ ഫലം കണ്ടത്. ആവശ്യം സർക്കാർ അംഗീകരിച്ചതോടെ താൻ സന്തോഷവതിയാണെന്ന് ലിസി പ്രതികരിച്ചു. അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാർക്കെതിരായ ആക്രമണത്തിന് കഴിഞ്ഞ വർഷം ഏകദേശം 10,000 പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. നിയമഭേദഗതി അടുത്ത വർഷം ആദ്യം നിലവിൽ വന്നേക്കും.

2019 ഓഗസ്റ്റിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആൻഡ്രൂ ഹാർപ്പർ കൊലപാതകം. ക്വാഡ് ബൈക്ക് മോഷ്ടാക്കളെ പിടികൂടാൻ ചെന്ന് ഹാർപ്പറെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കിലോമീറ്ററിലേറെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച ശേഷം പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് സ്ഥലം വിട്ടു. കാർ ഓടിച്ചിരുന്ന ഹെൻറി ലോംഗ് (19), കൂട്ടുകാരായ ജെസ്സി കോൾ, ആൽബർട്ട് ബോവേഴ്സ് (18) എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കി. പ്രതികളിൽ ലോങ്ങിന് 16 വർഷവും കോളിനും ബോവേഴ്‌സിനും 13 വർഷം വീതവുമാണ് തടവുശിക്ഷ ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നീ ആപ്പുകളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം മുന്നോട്ട് നീട്ടി മെറ്റാ കമ്പനി. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയക്കുന്ന സന്ദേശങ്ങൾ അധികൃതർക്കോ മെറ്റ കമ്പനിയ് ക്കോ ഉൾപ്പെടെ മൂന്നാമതൊരാൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഈ സംവിധാനം. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന വിമർശനങ്ങളെ തുടർന്നാണ് തീരുമാനം നടപ്പിലാക്കുന്നത് മുന്നോട്ടു നീട്ടി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനു പലപ്പോഴും ഇത്തരം പ്രൈവറ്റ് മെസ്സേജുകൾ ഉപയോഗപ്പെടുത്തുമെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു ചിൽഡ്രൻ (എൻ എസ്‌ പി സി സി ) ആരോപിച്ചു. ഈ സംവിധാനം നിയമ വ്യവസ്ഥയെ ബാധിക്കുമെന്നും, കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സഹായിക്കുമെന്നും യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആരോപിച്ചു.


വാട് സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നിലവിലുണ്ട്. ഈ സംവിധാനത്തിൽ സന്ദേശം അയച്ച ആളുടെ ഫോണോ, ലഭിച്ചയാളുടെ ഫോണോ അല്ലാതെ മൂന്നാമതൊരാൾക്ക് അത് ചോർത്തിയെടുക്കാൻ സാധിക്കില്ല. ഈ മെസ്സേജിങ് സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്ന് നിരവധി പേർ പ്രതികരിച്ചു.എൻഎസ് പിസിസിപുറത്തുവിട്ട വിവരത്തിൽ ഏകദേശം ഇംഗ്ലണ്ട്, വെയിൽസ് സ് കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രമായി 9470 കേസുകളാണ് ഇത്തരത്തിൽ ഓൺലൈൻ രീതിയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുവാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഇല്ലാതാകുമെന്നാണ് വിമർശനം. എന്നാൽ ഈ സംവിധാനം ഗുണപ്രദമാണെന്ന നിലപാടെടുക്കുന്നവരും ഉണ്ട്. ഗവൺമെന്റോ, മറ്റ് ഹാക്കർമാരോ വ്യക്തികളുടെ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ല എന്ന് ഈ സംവിധാനം ഉറപ്പുവരുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗ്യാസ് മൊത്തവില ഉയർന്നതിനെത്തുടർന്ന് 17 ലക്ഷം ഉപഭോക്താക്കളുള്ള ബൾബ് എനർജി കമ്പനി തകർന്നു. പ്രതിസന്ധി രൂക്ഷമായതോടെ പ്രത്യേക നടത്തിപ്പിലേയ്ക്ക് (Special Administration) നീങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ റെഗുലേറ്റർ ഓഫ്ഗെമിലൂടെ സർക്കാർ നടത്തുന്ന ആദ്യത്തെ ഊർജ്ജ കമ്പനിയായി ബൾബ് മാറും. ബൾബിന്റെ ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ലന്നും ബൾബ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ഓഫ്ഗെം വ്യക്തമാക്കി. “ഉപഭോക്താക്കൾക്ക് അവരുടെ വിതരണത്തിൽ തടസ്സം ഉണ്ടാവില്ല. അവരുടെ അക്കൗണ്ടും താരിഫും സാധാരണ നിലയിൽ തന്നെ തുടരും. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബൾബ് ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാകും.” ഓഫ്ഗെം കൂട്ടിച്ചേർത്തു.

ഊർജ്ജ വിതരണ സ്ഥാപനത്തിന്റെ ഉപഭോക്താക്കളെ ഏറ്റെടുക്കാൻ തക്ക പ്രാപ്തിയുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താൻ ഓഫ്ഗെമിന് കഴിയുന്നില്ലെങ്കിൽ മാത്രമാണ് സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ നടപടി ഉപയോഗിക്കുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റെഗുലേറ്റർ പറഞ്ഞു. യുകെയിലെ ഏഴാമത്തെ വലിയ ഊർജ്ജ കമ്പനിയാണ് ബൾബ്. ആയിരം ജീവനക്കാരും ഉണ്ട്.

ബൾബിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020 മാർച്ച് 31 വരെ കമ്പനിക്ക് 63 മില്യൺ പൗണ്ട് നഷ്ടമുണ്ടായി. പ്രത്യേക നടത്തിപ്പിലൂടെ വൻ സാമ്പത്തിക തകർച്ച തടയുകയാണ് പ്രധാന ലക്ഷ്യം. സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റർ റെജിം സ്കീമിന് കീഴിൽ കമ്പനിയുടെ നടത്തിപ്പിനായി സർക്കാരിന് ഗ്രാന്റുകളും വായ്പകളും നൽകാം. വാതക വില കുതിച്ചുയർന്നതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി നിരവധി കമ്പനികൾ അടച്ചുപൂട്ടി. കഴിഞ്ഞയാഴ്ച തകർന്ന നിയോൺ റീഫ്, സോഷ്യൽ എനർജി സപ്ലൈ എന്നിവരുടെ ഉപഭോക്താക്കളെ ബ്രിട്ടീഷ് ഗ്യാസ് ഏറ്റെടുക്കും. രണ്ട് സ്ഥാപനങ്ങൾക്കും കൂടി 35,000 ഉപഭോക്താക്കളുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്പിനെ പ്രതിസന്ധിയിലാക്കി കോവിഡ് രോഗവ്യാപനവും മരണവും കുത്തനെ ഉയരുന്നു. ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് മാറുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. ഇത് യുകെയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാലത്ത് കോവിഡ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാക്സിൻ വികസിപ്പിച്ചശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ദേശീയ ലോക്ക്ഡൗൺ ആരംഭിച്ചു. നെതർലൻഡ്, ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലേതുപോലെ തന്നെ ബ്രിട്ടനിൽ കേസുകൾ ഉയരുന്നുണ്ട്. ഒരാഴ്ച കൊണ്ട് കോവിഡ് വ്യാപനതോത് 13.1 ശതമാനം വർധിച്ചുവെങ്കിലും മരണനിരക്കും ആശുപത്രി പ്രവേശനവും കുറവാണ്.

ജൂലൈ പകുതിയോടെ ലോക്ക്ഡൗൺ പിൻവലിക്കാൻ യുകെ തയ്യാറായി. തുടർന്ന് കോവിഡ് വകഭേദങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചു. ഇത് വൈറസിനെതിരെയുള്ള സ്വാഭാവിക പ്രതിരോധശേഷി കൂടുതല്‍ പേരില്‍ ഉണ്ടാകാന്‍ കാരണമായി. വാക്സിൻ വിതരണം ലക്ഷ്യം കണ്ടതോടെ ശൈത്യകാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. ബൂസ്റ്റർ ഡോസ് കാരണം 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടു.

ഇതോടെ വാക്സിനേഷനും കോവിഡും മൂലമുണ്ടായ രോഗ പ്രതിരോധശേഷി രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ പറഞ്ഞു. കോവിഡിന്റെ അഞ്ചാംതരംഗം രാജ്യത്ത് മിന്നൽവേഗത്തിൽ വ്യാപിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളേർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോമർസെറ്റ് : സോമർസെറ്റിലെ നോർട്ടൺ ഫിറ്റ്‌സ്‌വാറനിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപകനും ഭാര്യയും കുത്തേറ്റു മരിച്ചു. സ്റ്റീഫൻ ചാപ്പിൾ (36), ഭാര്യ ജെന്നിഫർ (33) എന്നിവരാണ് അയൽവാസിയുടെ കുത്തേറ്റു മരിച്ചത്. സംഭവത്തെ തുടർന്ന് അയൽവാസിയായ 34 കാരനെയും അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിതാവിനെ അന്വേഷണ വിധേയമായി വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി. സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനാണ് സ്റ്റീഫൻ. ജെന്നിഫർ ഗാർഡൻ സെന്റർ ജീവനിക്കാരിയാണ്. കൊലപാതകം നടക്കുമ്പോൾ അവരുടെ നാലും ഏഴും വയസ്സുള്ള ആൺമക്കൾ വീട്ടിലുണ്ടായിരുന്നു.

എസ്റ്റേറ്റിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ സൈനിക പശ്ചാത്തലമുള്ളയാളാണെന്നാണ് വിവരം. രണ്ട് കുടുംബങ്ങളും അഞ്ച് വർഷത്തോളമായി എസ്റ്റേറ്റിൽ താമസിക്കുന്നു. “സംഭവം നടക്കുമ്പോൾ രണ്ട് കൊച്ചുകുട്ടികൾ വീട്ടിലുണ്ടായിരുന്നു. ഭാഗ്യവശാൽ അവർക്ക് പരിക്കൊന്നും ഉണ്ടായിട്ടില്ല.” ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ നീൽ മീഡ് പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങൾ വളരെ അപൂർവമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉറപ്പ് നൽകി. സ്റ്റീഫന്റെയും ജെന്നിഫറിന്റെയും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാർ ഗ്ലാസുകളിലെ മഞ്ഞും ഐസും മറ്റും നീക്കം ചെയ്യുവാൻ എൻജിനുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കുവാൻ ധാരണയായിരിക്കുകയാണ്. എൻജിനുകൾ ഓൺ ചെയ്ത് വാഹനം വഴിയിൽ പാർക്ക് ചെയ്താൽ 20 പൗണ്ട് ഫൈൻ ഈടാക്കാനും, കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ ഇത് 40 പൗണ്ട് വരെ ഉയർത്താനും ധാരണയായിട്ടുണ്ട്. ഇത്തരത്തിൽ കാറുകൾ മണിക്കൂറുകളോളം എൻജിനുകൾ ഓൺ ചെയ്ത് ഇടുന്നത് പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഫൈൻ ഈടാക്കാൻ ലോക്കൽ കൗൺസിലുകൾക്ക് അധികാരങ്ങൾ നൽകുന്നതാണ് പുതിയ നിയമം. ജനങ്ങൾ രാത്രികാലങ്ങളിൽ കാർ ഗ്ലാസ്സുകൾ മൂടി സൂക്ഷിക്കുവാൻ ശ്രമിക്കണമെന്ന് കാർമണി മാർക്കറ്റിങ് ആൻഡ് പാർട്ട്ണർഷിപ്പ്സ് മാനേജർ ആൻട്രു മാർഷൽ വ്യക്തമാക്കി. കാർബൺ ഡൈ ഓക്സൈഡ് എമിഷനുകൾ പരമാവധി കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിയമം.

ഇലക്ട്രിക് കാറുകളും മറ്റും ഉപയോഗിക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും പ്രകൃതിയ്ക്ക് അനുയോജ്യമായിരിക്കണമെന്ന് ആൻട്രു മാർഷൽ വ്യക്തമാക്കി. 1988 ലെ റോഡ് ട്രാഫിക് ആക്റ്റിലെ സെക്ഷൻ 42 പ്രകാരം എൻജിനുകൾ ഓൺചെയ്ത് കാറുകൾ വഴിയിൽ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ജനങ്ങൾ എല്ലാവരും തന്നെ ഇതു സംബന്ധിച്ച് ബോധവാന്മാരാകണമെന്ന നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കെയറിലുള്ള കുട്ടികളുടെ എണ്ണം 2025 ഓടെ ഒരു ലക്ഷമാകുമെന്ന് ഗവേഷണ റിപ്പോർട്ട്‌. ബക്കിംഗ്ഹാംഷെയറിലെ മാർലോയിൽ നടക്കുന്ന ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്കിന്റെ (സിസിഎൻ) ചെയർമാൻ ടിം ഒലിവർ ഈ പ്രശ്നം അവതരിപ്പിക്കും. പ്രാദേശിക അധികാരികൾ കൈകൊള്ളേണ്ട സുപ്രധാന തീരുമാനമാണ് ഒരു കുട്ടിയെ പരിപാലിക്കുക എന്നത്. ഒരു കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കുന്നതിന് ആഴ്ചയിൽ ശരാശരി 4,000 പൗണ്ടിലധികം ചിലവാകും. ഇത് കൗൺസിലുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാൽ കുട്ടികളുടെ പരിചരണം ഉൾപ്പെടെയുള്ള മുൻനിര സേവനങ്ങൾ നിലനിർത്തുന്നതിനായി കൗൺസിലുകൾക്ക് 4.8 ബില്യൺ പൗണ്ട് ധനസഹായം നൽകുന്നുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

2015-ൽ 69,000 കുട്ടികളെ കൗൺസിലുകൾ പരിപാലിച്ചു. എന്നാൽ 2020 മാർച്ചിൽ കുട്ടികളുടെ എണ്ണം 80,080 ആയി. ഇനിയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഇത് 95,000 -ത്തിൽ എത്തുമെന്ന് സിസിഎൻ ഗവേഷണം വ്യക്തമാക്കുന്നു. റസിഡൻഷ്യൽ കെയർ ഹോമുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പണം ഉൾപ്പെടെയുള്ള പരിമിതികൾ കാരണം കൗൺസിലുകൾക്ക് കുടുംബങ്ങളുമായി നേരിട്ട് ഇടപെടാൻ സാധിച്ചില്ല. കുട്ടികളെ കെയറിൽ അയക്കുന്നതിനു പകരം കുടുംബങ്ങളെ ഒന്നിച്ചു നിർത്താനാണ് ശ്രമിക്കേണ്ടതെന്ന് ഈസ്റ്റ് സസെക്സ് കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവുമായ കീത്ത് ഗ്ലേസിയർ അഭിപ്രായപ്പെട്ടു.

കൗൺസിലുകൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടാണ് 4.8 ബില്യൺ പൗണ്ട് ധനസഹായം ഉറപ്പാക്കിയതെന്ന് സർക്കാർ വക്താവ് അറിയിച്ചു. കുട്ടികളുടെ സോഷ്യൽ കെയർ ഉൾപ്പടെയുള്ള സേവനങ്ങൾക്കായി പ്രാദേശിക അധികാരികൾക്ക് പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved