Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രവാസി മലയാളികളെ ഒന്നാകെ കടുത്ത ദുഃഖത്തിലാഴ്ത്തി മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാച്ചിറ സ്വദേശിയായ നിതിക ബെന്നിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .

പൊലീസ് നടപടികളും അന്വേഷണവും പൂർത്തീകരിച്ചതിനുശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കാനാവുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. നികിത ഒരു ഇന്ത്യക്കാരിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ പഠനത്തിനായുള്ള ഉള്ള പരിശീലനത്തിൻെറ ഭാഗമായി കുറേ നാളായി നിതികയ്ക്കൊപ്പമല്ലായിരുന്നു താമസിച്ചിരുന്നത് എന്നാണ് അറിയാൻ സാധിച്ചത്.   ജർമനിയിൽ പഠനത്തിനായി എത്തിയിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ.  കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിസിൻ ലൈഫ് സയൻസ് ആയിരുന്നു നിതിക പഠിച്ചിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ എൻഎച്ച്എസ് നൽകിവരുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തും. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എൻഎച്ച്എസിന് ഇതുവഴി 300 മില്യൺ പൗണ്ട് അധികവരുമാനം ലഭ്യമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ പ്രിസ്ക്രിപ്ഷൻ ചാർജ് ആയ 9.35 പൗണ്ട് നൽകേണ്ടതില്ല. പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തുന്നതുമൂലമുള്ള അധിക ചികിത്സാ ചെലവ് കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കും .

മഹാമാരിക്ക് ശേഷം വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിൻെറ ഭാഗമായാണ് സൗജന്യ പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള പ്രായ പരിധി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം പെൻഷൻ പ്രായത്തിനനുസരിച്ച് പ്രായപരിധി ഉയർത്തുന്ന തീരുമാനത്തിന് ആരോഗ്യവകുപ്പും പൂർണ്ണ പിന്തുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2066 ആകുമ്പോഴേക്കും 65 വയസ്സിനും അതിനുമുകളിലുള്ളവരുടെയും എണ്ണം യുകെയിൽ 8.6 ദശലക്ഷം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് മൊത്ത ജനസംഖ്യയുടെ 26 ശതമാനം വരും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട അസ്ട്രാസെനക്ക കോവിഡ് വാക്സീൻ സ്വീകരിച്ച 50 ലക്ഷം ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്‌ഐ‌ഐ) കോവിഷീൽഡ് നിർമ്മിക്കുന്ന വാക്സീൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎം‌എ) അംഗീകരിക്കുന്നില്ല. ഡിജിറ്റൽ കോവിഡ് പാസ്‌പോർട്ടുകളിൽ ബാച്ച് നമ്പറുകൾ പരിശോധിക്കുമ്പോൾ ഈ വാക്സിൻ സ്വീകരിച്ച അവധിക്കാല യാത്രികരെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയേക്കാം. വാക്സിൻ പൂർത്തിയാക്കിയവർക്കാണ് യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഇവർക്ക് കൂടുതൽ പരിശോധനയോ ക്വാറന്റീനോ കൂടാതെ യൂറോപ്പിലൂടെ സഞ്ചരിക്കാൻ സാധിക്കും. ഫൈസർ-ബയോടെക്, മോഡേണ, ജോൺസൺ & ജോൺസൺ, യൂറോപ്പിൽ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഇഎം‌എ അംഗീകാരം ഉള്ളത്.

കോവിഷീൽഡ് വാക്സിന് ഇ.എം.എ അംഗീകാരം നൽകിയിട്ടില്ല. കാരണം അതിന്റെ ഇന്ത്യൻ നിർമ്മാതാക്കൾ യൂറോപ്പിൽ വാക്‌സിനായി ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. ഇന്ത്യയിൽ നിർമിച്ച വാക്സീൻ ഫലപ്രദമാണെന്നല്ല, നിർമാതാക്കൾ ലൈസൻസ് നേടാത്തത് കാരണമാണ് അംഗീകാരം നഷ്ടമായത്. എന്നാൽ ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയോട് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാരെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്റ്, അയർലൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നിവ ഇ.എം.എയുടെ തീരുമാനത്തെ അവഗണിച്ചു. ഈയാഴ്ച ഇറ്റലിയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നതിലുള്ള പ്രശ്നം താൻ ഉന്നയിച്ചെന്ന് മന്ത്രി സുബ്രഹ്മണ്യൻ ജയ്‌ശങ്കർ പറഞ്ഞു.

ആഫ്രിക്കയിൽ താമസിക്കുന്ന ആളുകൾക്ക് കോവിഷീൽഡ് വാക്സീൻ വ്യാപകമായി നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നില്ലെന്ന ഇഎംഎയുടെ തീരുമാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളോട് വിവേചനം കാണിക്കുന്നതുപോലെ ആണെന്ന് കോവാക് സ് പറഞ്ഞു. ഇത് ആഗോള വാക്സിൻ വിഭജനം വർദ്ധിപ്പിക്കുകയും കോവിഡ് -19 വാക്സിനുകളുടെ വിതരണത്തിൽ നാം ഇതിനകം കണ്ട അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യൻ നിർമിത വാക്സീനിൽ എത്ര ഡോസുകൾ യുകെയിൽ നൽകിയിട്ടുണ്ടെന്ന് കൃത്യമായി പറയാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചെങ്കിലും 2021 ൽ അമ്പത് ലക്ഷം ഇറക്കുമതി ചെയ്തിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- 2022 ലെ എ ലെവൽ, ജി സി എസ്‌ പരീക്ഷകളെ സംബന്ധിച്ച് വ്യക്തത വേണമെന്ന് അധ്യാപകരും അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വർഷം കോവിഡ് മൂലം പരീക്ഷകൾ ഒഴിവാക്കിയിരുന്നു. സ്കൂളുകൾ തന്നെയായിരുന്നു തങ്ങളുടെ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ നിർണയിച്ചത്. എന്നാൽ ഇത് തങ്ങൾക്ക് വളരെയധികം സമ്മർദം നൽകുന്നുണ്ടെന്നും, അതിനാൽ അടുത്തവർഷത്തെ തീരുമാനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെട്ടിരിക്കുന്നത്. 2022 ലെ ക്വാളിഫിക്കേഷൻ പ്ലാനുകളെ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് വെൽഷ് ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.

അധ്യാപകർ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഒരു അധ്യാപിക ബിബിസി വെയിൽസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്കൂളിൽ അദ്ധ്യാപകർ തന്നെ ഗ്രേഡുകൾ നിശ്ചയിക്കുന്നതിനാൽ, വിദ്യാർഥികൾ ഉദ്ദേശിക്കുന്ന ഗ്രേഡ് കിട്ടിയില്ലെങ്കിൽ അധ്യാപകരെ കുറ്റപ്പെടുത്തുക എന്ന പ്രവണതയാണ് ഇപ്പോൾ ഉണ്ടാകുന്നത് എന്ന് അവർ പറഞ്ഞു. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി അഡ്മിഷൻ കിട്ടിയില്ലെങ്കിൽ, അധ്യാപകരുടെ കുറ്റമായാണ് അവർ വിലയിരുത്തുന്നത്. ഇത് അധ്യാപകർക്ക് മേൽ ഏൽപ്പിച്ച മാനസിക സമ്മർദ്ദം വളരെയധികം ആണ്.

2020 ന്റെ ഭൂരിഭാഗം സമയവും സ്കൂൾ അടച്ചിരുന്നതിനാലും, ഓൺലൈൻ ക്ലാസുകൾ ആയതിനാലും പരീക്ഷ നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നിരുന്നു. അതിനു പകരമായി ഗ്രേഡുകൾ നൽകുക എന്ന മാർഗമാണ് അവലംബിച്ചത്. എന്നാൽ ഈ സിസ്റ്റം നടപ്പിലാക്കിയത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചു എന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുശേഷം അധ്യാപകർ നൽകിയ റിസൾട്ടുകൾക്ക് മേൽ എക്സാമിനിങ് ഒഫീഷ്യൽസ് മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ ഇങ്ങനെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ അധ്യാപകർ നൽകിയ ഗ്രേഡുകൾ വളരെയധികം താഴ്ത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇത്തരത്തിൽ മേൽനോട്ട സംവിധാനം ഉപേക്ഷിച്ച്, അധ്യാപകർ നൽകിയ ഗ്രേഡുകൾക്ക് തന്നെ അംഗീകാരം നൽകിയിരുന്നു. ഇത്തരത്തിൽ വീഴ്ച സംഭവിച്ചതിന് വിദ്യാഭ്യാസമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെയാണ് അടുത്തവർഷത്തെ സംവിധാനങ്ങളെ സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി വർദ്ധിച്ചില്ലെങ്കിൽ പരീക്ഷകൾ നടത്തുവാൻ തന്നെയാണ് തീരുമാനം എന്നാണ് നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വെൽഷ് ഗവൺമെന്റിനോട് ചേർന്ന് ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് വ്യാപനത്തെ തടയാൻ ഫലപ്രദമായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരിൽ ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധം അതിശക്തമാകുന്നു. ഏറ്റവും ഒടുവിൽ ഒരു ശതമാനം ശമ്പള വർദ്ധനവിനെതിരെ സമരം നടത്താനൊരുങ്ങുകയാണ് എൻഎച്ച്എസ് ഡോക്ടർമാർ . നാലു ശതമാനത്തിനടുത്ത് ശമ്പളവർദ്ധനവ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ശമ്പളവർധനവിൽ ശരിയായ പരിഗണന കിട്ടാത്തതിനെതിരെ എൻഎച്ച്എസ് നേ ഴ്സുമാർ നേരത്തെ തന്നെ നിലപാട് കടിപ്പിച്ചിരുന്നു . 12.5% ശമ്പളവർദ്ധനവാണ് എൻഎച്ച്എസിലെ വിവിധ നേഴ്‌സിങ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കുടക്കീഴിൽ ജോലി ചെയ്യുന്ന മിക്ക ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ശമ്പളവർധനവിൻെറ ശുപാർശകൾ ശമ്പള അവലോകന സമിതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസിൽ ഏറ്റവും മുന്തിയ പരിഗണന ലഭിക്കുന്ന ഡോക്ടർമാർ ആദ്യമായാണ് പരസ്യമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയും വില്യമും തങ്ങളുടെ അമ്മയ്ക്കായി വീണ്ടും ഒരുമിച്ചു. ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ഇരുവരും തങ്ങളുടെ വിദ്വേഷം മാറ്റിവച്ച് ഒരുമിച്ചു. ഡയാന രാജകുമാരിയുടെ സ്മാരകമെന്നോണം ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് ഹാരിയും വില്യമും ഒരുമിച്ചു നടക്കുകയും സംസാരിക്കുകയും ചെയ്തു. കെൻസിംഗ് ടൺ കൊട്ടാരത്തിലെ പുനർ‌നിർമ്മിച്ച സൺ‌കെൻ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സ്വകാര്യ ചടങ്ങിൽ ഇരുവരും രാജകുമാരിയുടെ സഹോദരങ്ങളായ ഏൾ സ്പെൻസർ, ലേഡി സാറാ മക്കാർക്കോഡേൽ, ലേഡി ജെയ്ൻ ഫെലോസ് എന്നിവരോടൊപ്പം ഒത്തുച്ചേർന്നു. ചടങ്ങിന് 15 മിനിറ്റുകൾക്ക് മുമ്പാണ് ഹാരി എത്തിച്ചേർന്നത്.

അതേസമയം യൂറോ കപ്പിൽ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് നേടിയ വിജയം ഹാരിയ്ക്കും വില്യമിനും ഇടയിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കാരണമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം സഹോദരന്മാർ പരസ്പരം ഫോണിലൂടെ സംസാരിച്ചതായാണ് റിപ്പോർട്ട്‌. ഏകദേശം 18 മാസത്തോളം പരസ് പരം നല്ല രീതിയിൽ സംസാരിക്കാതിരിക്കുകയായിരുന്നു ഇരുവരും. ഇംഗ്ലണ്ടിന്റെ വിജയത്തെപറ്റിയാണ് ഇരുവരും സംസാരിച്ചത്. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. അമ്മയുടെ ഓർമയ്ക്ക് മുന്നിൽ ഒരുമിച്ചു കൂടിയ മക്കൾ വീണ്ടും ഒന്നുചേരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ വില്യം, ഭാര്യ കേറ്റ്, ഫുട്ബോൾ ഭ്രാന്തനായ മൂത്തമകൻ ജോർജ് എന്നിവർ കാഴ്ചക്കാരായി ഗാലറിയിൽ ഉണ്ടായിരുന്നു. ആർച്ചിയുമായി ഹാരിയും കുടുംബവും തിരികെ കൊട്ടാരത്തിലെത്തണമെന്ന ആഗ്രഹം രാജകുടുംബാംഗങ്ങൾ പങ്കുവച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്തു. ആർച്ചി പിറന്നതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ കേംബ്രിഡ് ജ് സന്ദർശിച്ചിട്ടുള്ളത്. ഹാരിയുടെ വരവും ഫോൺ സംഭാഷണവും ഒരു പൂർണ്ണമായ അനുരഞ്ജനത്തിൽ നിന്ന് വളരെ അകലെയാണെന്ന് ചിലർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇതൊരു ശുഭ സൂചനയാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അമേരിക്കൻ വസ്ത്ര ശൃംഖലയായ ഗ്യാപ്പ് യുകെയിലെയും അയർലണ്ടിലെയും 81 സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇനി പൂർണ്ണമായും ഓൺലൈനിലൂടെ ബിസിനസ് നടത്താനാണ് പദ്ധതി. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ യുകെയിലെ എല്ലാ സ്റ്റോറുകളും ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് അവർ അറിയിച്ചു. ജൂലൈ അവസാനത്തോടെ വാടക കാലാവധി അവസാനിക്കുന്ന 19 സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നു. അടച്ചുപൂട്ടലിന് ഒരുങ്ങുന്നതോടെ വലിയ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ടോപ്ഷോപ്പ്, ബർട്ടൺ, ഡൊറോത്തി, പെർകിൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡെബൻഹാംസും, ആർക്കേഡിയയും ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധിയിൽ നേരിട്ടത് വൻ തകർച്ചയാണ്. യുണൈറ്റഡ് കിംഗ് ഡത്തിലും യൂറോപ്പിലും ഞങ്ങൾ ഗ്യാപ് ഓൺലൈൻ ബിസിനസ് നിലനിർത്താൻ പോകുന്നുവെന്ന് ഒരു പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.

“ഇ-കൊമേഴ്‌സ് ബിസിനസ് വളരുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കളെ അവർ ഷോപ്പിംഗ് നടത്തുന്നിടത്ത് കണ്ടുമുട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പൂർണമായും ഡിജിറ്റൽ ആയി മാറുന്ന ആദ്യത്തെ ബിസിനസ് ആണ് ഞങ്ങളുടേത്. ഓൺലൈൻ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ ഒരു പങ്കാളിയെ തിരയുകയാണ്.” ഗ്യാപ് വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം യുകെയിലെ എല്ലാ ഷോപ്പുകളും യൂറോപ്പിലുടനീളമുള്ള 59 ഷോപ്പുകളും അടയ്ക്കാൻ ഗ്യാപ് പദ്ധതിയിടുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. “പങ്കാളിത്തത്തിലൂടെ” യൂറോപ്പിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്യാപ് പറഞ്ഞു.

2019 ൽ ഗ്യാപ് ലോകവ്യാപകമായി ഇരുന്നൂറിലധികം സ്റ്റോറുകൾ അടച്ചിരുന്നു. 1969 ൽ സ്ഥാപിതമായ ഗ്യാപ്, 1987 ൽ യുകെയിലും 2006 ൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലും ആദ്യത്തെ ഔട്ട്‌ലെറ്റുകൾ തുറന്നു. ചില്ലറ വിൽപ്പനയിലെ എക്കാലത്തെയും മോശമായ സമയമാണ് ഇതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ അടച്ചുപൂട്ടൽ. മഹാമാരി ഏല്പിച്ച ആഘാതത്തെ തുടർന്ന് 30 സ്റ്റോറുകൾ കൂടി അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി മാർക്സ് ആൻഡ് സ്പെൻസർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കച്ചവട തകർച്ച നേരിടുന്നത് മൂലം 600 ജോലികൾ അപകടത്തിലാക്കുമെന്ന് തോൺടൺസ് വെളിപ്പെടുത്തി. മെയ് മാസത്തിൽ ഒരു മെഗാ വിൽപ്പന നടത്തിയതിന് ശേഷം ഡെബൻഹാംസ് അവരുടെ എല്ലാ കടകളും അടച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 800,000 പൗണ്ടോളം തുക ആരോഗ്യ സർവീസിനെ കബളിപ്പിച്ച് സ്വന്തമാക്കിയ കേസിൽ മുൻ എൻഎച്ച്എസ് ഐ ടി മാനേജർ ജയിലിലായി. അമ്പത്തിമൂന്നുകാരനായ ബാരി സ്റ്റാന്നർഡ് ആണ് ജയിലിൽ ആയിരിക്കുന്നത്. 2012 മുതൽ 2019 വരെ ഇദ്ദേഹം ജോലി ചെയ്തിരുന്ന സമയത്ത് , മിഡ്‌ എസ്സെക്സ് ഹോസ്പിറ്റൽ ട്രസ്റ്റിന് രണ്ട് കമ്പനികളിൽ നിന്നായി നിരവധി കൃത്രിമമായ ഇൻ വോയിസുകൾ ഇദ്ദേഹം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. 7500 പൗണ്ട് തുക വരെ അനുവദിക്കാനുള്ള അംഗീകാരം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം അയച്ച ഇൻ വോയിസുകൾ എല്ലാം തന്നെ ഈ തുകയിൽ താഴെ ആയിരുന്നതിനാൽ, കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. അഞ്ചുവർഷവും നാല് മാസവുമാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. കൃത്രിമമായ ഇൻ വോയിസുകൾ അയച്ചതോടൊപ്പം തന്നെ, വാറ്റ് രജിസ്റ്റേഡ് അല്ലാത്ത കമ്പനികൾക്ക് വേണ്ടി അദ്ദേഹം എൻഎച്ച് എസിൽ നിന്ന് വാറ്റ് തുക ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.


എൻ എച്ച് എസിനു വേണ്ടി സാധനങ്ങൾ നൽകിവന്നിരുന്നവയാണ് ഈ കമ്പനികൾ. ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ അയച്ചു എന്ന രീതിയിൽ,പല ഇമെയിലുകളും ബാരി തന്റെ സഹപ്രവർത്തകർക്ക് ഫോർവേഡ് ചെയ്തിരുന്നു. എന്നാൽ ഇവരെല്ലാം ആ കമ്പനികളിൽ തന്നെ ആണ് ജോലി ചെയ്യുന്നത് എന്നതിന് ഒരു തെളിവുകളും ഉണ്ടായിട്ടില്ല. ഈ കമ്പനികൾ തന്നെ തിരഞ്ഞെടുക്കുവാൻ തന്റെ സഹപ്രവർത്തകരെ ബാരി നിർബന്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. 132000 പൗണ്ടോളം തുകയാണ് അനധികൃതമായി വാറ്റ് ഇനത്തിൽ ഇദ്ദേഹം കബളിപ്പിച്ചെടുത്തതെന്ന് കോടതി വിലയിരുത്തി.


ബാരി തന്നെയാണ് ഈ രണ്ട് കമ്പനികളുടെയും ഡയറക്ടർ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ജനങ്ങളുടെ പണമാണ് ബാരി തട്ടിപ്പിലൂടെ നേടിയതെന്നും, ഇത് വളരെ വേദനാജനകമാണെന്നും കോടതി വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഏറെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കോവിഡിന്റെ ആഘാതം കൂടുതലെന്ന് പഠന റിപ്പോർട്ട് . പ്രവാസി മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 25 ശതമാനം കൂടുതൽ മരണനിരക്ക് ഇവിടെ കൂടുതലാണെന്നുള്ള റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. പകർച്ചവ്യാധിയുടെ ആധിക്യംമൂലം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും വഷളായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പാർട്ണർഷിപ്പ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്.

2021 മാർച്ച് വരെയുള്ള 13 മാസങ്ങളിൽ 19 പേരാണ് കോവിഡ് ബാധിച്ച് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മരണമടഞ്ഞത്. ഇത് ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. പഠനം നടത്തിയ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള മൂന്നാമത്തെ സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ. വെസ്റ്റ് മിഡ്‌ലാന്റ്സിനും ഗ്രേറ്റർ ലണ്ടനും പിന്നിലായി മൂന്നാമതാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൻെറ സ്ഥാനം . കോവിഡ് മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറഞ്ഞതായി പഠനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ ഇപ്പോൾ എൻ എച്ച് എസ് വാക്സീൻ സർട്ടിഫിക്കറ്റ് ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡാനന്തര യാത്രയ്ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ സർട്ടിഫിക്കറ്റ്. രണ്ട് ഡോസ് വാക്സീൻ പൂർത്തിയായതിന് ശേഷം ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ വാക്സീൻ വിവരങ്ങൾ അടങ്ങിയ കത്താണ് എൻ എച്ച് എസിൽ നിന്നും ലഭിക്കുക. വരും നാളുകളിൽ പൊതുപരിപാടികളിൽ സംബന്ധിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ ഇത് ആവശ്യമായി വന്നേക്കാം.

രണ്ട് ഡോസും ഇംഗ്ലണ്ടിൽ എടുത്തവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. അതോടൊപ്പം പ്രായം 16 വയസ്സിനു മുകളിൽ ആയിരിക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം ഈ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കത്തിനായി രജിസ്റ്റർ ചെയ്തതിനു ശേഷം വാക്സീൻ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് പരിശോധിച്ച ശേഷം ജി പിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ വിലാസത്തിൽ കോവിഡ് പാസ്സ് ലെറ്റർ ലഭിക്കും. 5 പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ കത്ത് ലഭിക്കുമെന്ന് എൻ എച്ച് എസ് പറയുന്നു.

ഡിജിറ്റൽ കോവിഡ് പാസ്സ് ആണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ് മാർട്ട്‌ഫോണിൽ എൻ എച്ച് എസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഓൺലൈൻ കോവിഡ് പാസ്സ് സർവീസ് വഴിയും ഈ ഡിജിറ്റൽ പാസ്സ് ലഭിക്കുന്നതാണ്. ഓൺലൈനിൽ കത്ത് ലഭിച്ചില്ലെങ്കിൽ 119 എന്ന നമ്പറിൽ ബന്ധപ്പെട്ട് കത്തിനായി ആവശ്യപ്പെടാവുന്നതാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം

https://www.nhs.uk/conditions/coronavirus-covid-19/covid-pass/

Copyright © . All rights reserved