Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടെസ്കോ സൂപ്പർ മാർക്കറ്റിൽ നിന്നും ട്രോളിയിൽ നിറയെ കുക്കിംഗ്‌ ഓയിൽ വാങ്ങി തന്റെ കാറിൽ നിറയ്ക്കുന്ന കസ്റ്റമറുടെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ ബ്രിട്ടണിൽ വൈറലായിരിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. സൂപ്പർ മാർക്കറ്റിൽ എത്തിയ മറ്റൊരു കസ്റ്റമറായ മാർക്ക്‌ റെയിൻഫോർഡാണ് ഈ ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്. ഇന്ധനവില എവിടെയെത്തി നിൽക്കുന്നു എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. പലപ്പോഴും കാണുമ്പോൾ പരിഹാസകരമായി തോന്നുമെങ്കിലും, ജനങ്ങളുടെ അവസ്ഥ പ്രതിസന്ധിയിലാണെന്ന് പോസ്റ്റ് ചെയ്ത മാർക്ക്‌ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഡീസൽ വില റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഡീസൽ വില നിലവിൽ ഒരു ലിറ്ററിന് 1.76 പൗണ്ടും പെട്രോളിന് 1.64 പൗണ്ടുമാണ് ഉള്ളത്.


ഈ പ്രവർത്തി മൂലം വാഹനത്തിന്റെ എഞ്ചിന് ഉണ്ടാകാവുന്ന തകരാറുകളെ സംബന്ധിച്ചും വീഡിയോയ്ക്ക് പുറകെ ചർച്ചയായിരുന്നു. വെജിറ്റബിൾ ഓയിലിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാൻ സാധ്യമാണെങ്കിലും, നേരിട്ട് കുക്കിംഗ്‌ ഓയിൽ വാഹനത്തിലേക്ക് ഒഴിക്കുന്നത് എഞ്ചിന് തകരാർ ആണെന്നാണ് വാഹന കമ്പനികൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

15 വയസ് മാത്രം പ്രായമുള്ള കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. രോഷാകുലരായ പ്രകടനക്കാർ ഹാക്ക്‌നി ടൗൺ ഹാളിന് പുറത്താണ് തടിച്ചുകൂടിയത് . 1000 ത്തിനും 1500 നും ഇടയിൽ ആളുകൾ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ഫുട്ബോൾ താരം ഇയാൻ റൈറ്റ്, ടിവി താരം റോഷെൽ ഹ്യൂംസ്, ലിറ്റിൽ മിക്‌സിന്റെ ലീ-ആൻ പിനോക്ക് എന്നിവരും സംഭവത്തിൽ വംശീയത ആരോപിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ സംഭവത്തെക്കുറിച്ചു പറഞ്ഞത് .

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.

2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിന്റെ പുതിയ തരംഗത്തെ ചെറുക്കുന്നതിന് ജാഗ്രതയോടെയുള്ള നീക്കം ബ്രിട്ടൻ ആരംഭിച്ചു. നാളെ മുതൽ ഇംഗ്ലണ്ടിലെ പ്രായമായവർക്കും ദുർബലർക്കും സ്പ്രിങ് ബൂസ്റ്റർ ജാബ് കൊടുത്തു തുടങ്ങും. ഏകദേശം 600,000 ആളുകൾക്ക് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും കെയർ ഹോം അന്തേവാസികൾക്കും 12 വയസിന് മുകളിലുള്ള ഏറ്റവും ദുർബലരായവർക്കും ആണ് സ്പ്രിങ് ബൂസ്റ്റർ ആദ്യഘട്ടത്തിൽ ലഭിക്കുന്നത് . യുകെയിൽ ഉടനീളം രോഗവ്യാപനം വർധിക്കുന്നതിന്റെ കണക്കുകൾ കഴിഞ്ഞ ആഴ്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. 20 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചതായുള്ള കണക്കുകൾ കടുത്ത ആശങ്കയാണ് ഉണർത്തിയത്. ബൂസ്റ്റർ ഡോസ് നൽകാനായി എൻഎച്ച്എസ് ബന്ധപ്പെട്ടാൽ മുന്നോട്ടുവരണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്കോട്ലൻഡും വെയിൽസും സ്പ്രിങ് ബൂസ്റ്റർ നൽകുന്ന നടപടി നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. നോർത്തേൺ അയർലൻഡിൽ എന്ന് തൊട്ട് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് വ്യക്തത വന്നിട്ടില്ല . എന്നിരുന്നാലും ഈ വസന്തകാലത്ത് സ്പ്രിംഗ് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടി നോർത്തേൺ അയർലൻഡിലും ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്ൻകാരുടെ പോരാട്ടവീര്യത്തെ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ് ത ബ്രിട്ടീഷുകാരുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ താരതമ്യം ചെയ്തത് വൻ വിമർശനങ്ങൾക്കാണ് വഴി തുറന്നത്. ഉക്രെയ്ൻകാരെ പോലെ ബ്രിട്ടീഷുകാർക്കും സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള സമാന മനസ്സ് ഉണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയിലെ ജനങ്ങളുടെ അഭിപ്രായവോട്ടെടുപ്പിന് ഉദാഹരണമാക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശം യുകെയിലെയും യൂറോപ്പിലെയും രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽനിന്ന് കടുത്ത എതിർപ്പാണ് വിളിച്ചുവരുത്തിയത് . യൂറോപ്യൻ കൗൺസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് പ്രധാനമന്ത്രിയുടെ പരാമർശം കുറ്റകരമാണെന്നാണ് വിശേഷിപ്പിച്ചത് . ബ്രെക്സിറ്റും യുദ്ധത്തിൽ ജീവൻ അപകടത്തിലാകുന്നതുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താനാകുമില്ലന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ലോർഡ് ബാർവെൽ പറഞ്ഞത് . ശനിയാഴ്ച ബ്ലാക്ക്പൂളിൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്പ്രിംഗ് കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്.

ഉക്രെയ് നിൽ റഷ്യയുടെ ആകണം ശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്ന മരിയ പോളിൽ സ്ഥിതി കൂടുതൽ വഷളായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും മരുന്നുമൊന്നുമില്ലാതെ മൂന്നു ലക്ഷത്തോളം പേരാണ് കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്വവർഗ്ഗ ദമ്പതികളായ ഡാനിയേൽ മക്ഡോണലിനെയും ഗൈൽസ് നോർട്ടനെയും ചെൽട്ടൻഹാമിൽ വച്ചുള്ള ബസ് യാത്രയ്ക്കിടെ ഒരുകൂട്ടം കൗമാരക്കാർ അപമാനിച്ചതായി പരാതി. നാലഞ്ചു പേരടങ്ങുന്ന കൗമാരക്കാരാണ് കഴിഞ്ഞ ആഴ്ച രാത്രിയിൽ ബസ് യാത്രയ്ക്കിടെ ദമ്പതികളെ കടുത്ത ഭാഷയിൽ വാക്കുകൾകൊണ്ട് അപമാനിച്ചത്. ഇരുവരുടെയും സാധാരണയിൽ നിന്ന് വ്യത്യസ്തമായുള്ള വസ്ത്രധാരണമാകാം അപമാനത്തിനു ഇരയാകാൻ കാരണമെന്ന് പോലീസ് അധികൃതർ വിലയിരുത്തുന്നു. മാർച്ച് 12 ശനിയാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ബസിലെ ഡ്രൈവർ ഇരുവർക്കും രക്ഷപെടുന്നതിനായി ബസ് നിർത്തി കൊടുത്തതാണ് ദമ്പതികൾക്ക് സഹായകമായത്. അപമാനിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ വെളുത്ത വർഗ്ഗക്കാരായ കൗമാരക്കാരായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കിയത്. ദമ്പതികളെ അപമാനിക്കുന്ന തരത്തിലുള്ള മോശമായ പല വാക്കുകളും ഇവർ ഉപയോഗിച്ചു.

ഗ്ലോസസ്റ്റർഷെയർ എല്ലാത്തരത്തിലും വളരെ സ്വാഗതാർഹമായ ഒരു പ്രദേശമാണെന്നും, ഇത്തരത്തിലുള്ള യാതൊരു കുറ്റകൃത്യങ്ങളും അനുവദിക്കുകയില്ലെന്നും പോലീസ് കമ്മീഷണർ സ്റ്റെഫ് ലോറൻസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദൃക്സാക്ഷികളായിട്ടുള്ളവർ ഉടൻ തന്നെ പോലീസ് അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്ലെർക്കൻവെല്ലിലെ സെബാസ്റ്റ്യൻ സ്ട്രീറ്റിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ താമസിച്ചിരുന്ന 19 വയസ്സുള്ള വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ 22കാരനായ മഹർ മറൂഫിനെ തിരയുന്നതായി പോലീസ് അറിയിച്ചു. ഇയാൾ ലണ്ടനിൽ നിന്ന് കേംബ്രിഡ്ജ്ഷെയറിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറൂഫിനെ കണ്ടാൽ അയാളെ സമീപിക്കരുതെന്നും പകരം 999 എന്ന നമ്പറിലേക്ക് വിളിക്കണം എന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 5:10ന് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലമായ ആർബർ ഹൗസിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. യുവതിയുടെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിചരണം ഉടൻ ലഭിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു.

മരിച്ച യുവതി ലണ്ടൻ യൂണിവേഴ്സിറ്റി സിറ്റിലിൽ പഠിക്കുകയായിരുന്നു എന്ന് ചീഫ് ഇൻസ്‌പെക്ടർ ലിൻഡ ബ്രാഡ്‌ലി പറഞ്ഞു. മിഡിൽ ഈസ്റ്റ് പശ്ചാത്തലത്തിൽ നിന്നുള്ള ഒന്നാംവർഷ വിദേശ വിദ്യാർത്ഥിയാണ് മരണപ്പെട്ടത് എന്ന് മനസ്സിലാക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് മരിച്ച യുവതിക്ക് മറൂഫുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്ന് വൈകുന്നേരം ഇരുവരും ഒരുമിച്ചായിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്. മറൂഫിനെ കണ്ടെത്താനുള്ള അടിയന്തര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫ്

നവരത്ന പുലാവ്

എന്താണ് “നവരത്ന” എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ?നമ്മൾ കണ്ടിട്ടുണ്ട് ചിലര് 9 കല്ലുകൾ ഉള്ള മോതിരം അല്ലെങ്കിൽ ലോക്കറ്റ് ഉപയോഗിക്കുന്നത് ഇതെല്ലാം നവരത്ന എന്നാണ് അറിയപ്പെടുന്നത് .ഇത് 9 ഗ്രഹങ്ങളെ ആണ് പ്രതിനിധീകരീക്കുന്നത് .ഈ ഗ്രഹങ്ങൾ നല്ല സൗഭാഗ്യങ്ങൾ ഇത് ഉപയോഗിക്കുന്നവർക്ക് കൊണ്ട് വരുന്നു എന്നാണ് വിശ്വാസം .ഇവിടെ 9 പ്രധാനപ്പെട്ട ചേരുവകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് അതു കൊണ്ടാണ് ഇതിനു ഈ പേര് വരാനുള്ള കാരണം .മുഗൾ ഭരണ കാലത്തെ രാജക്കമാരുടെ ഏറ്റവും ഇഷടമുള്ള ഒരു ഡിഷ്‌ ആയിരുന്നു എന്നുള്ളതും ഇതിന്റെ ജനപ്രീതി വർദ്ധിക്കാൻ ഇടയായി .ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാനപെട്ട വെജിറ്റേറിയൻ വിഭവം ആണ് നവരത്ന പുലാവ് .

ചേരുവകൾ

ബസ് മതി അരി -2 കപ്പ്
പനീർ -100 ഗ്രാം
പൊട്ടറ്റോ -1 എണ്ണം
കാരറ്റ് -1 എണ്ണം
പീസ് -100 ഗ്രാം
കോൺ -50 ഗ്രാം
കശുവണ്ടി -15 എണ്ണം
ഉണക്ക മുന്തിരി -20 എണ്ണം
ആൽമണ്ട്സ് -8
പൈനാപ്പിൾ -2 പീസ്
ബേ ലീഫ് -2 -3 ഇല
കറുവപ്പട്ട രണ്ട് എണ്ണം
സ്റ്റാർ ഐൻസ് രണ്ട് എണ്ണം
ഏലക്കാ -5 എണ്ണം
നെയ്യ് -200 മില്ലി

പാചകം ചെയ്യേണ്ട വിധം

ബസ് മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക . പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.പനീറും പൊട്ടറ്റോയും ചെറിയ ക്യൂബ് സ് ആയി വേണം കഷണങ്ങൾ ആക്കേണ്ടത് . ഒരു പാനിൽ പകുതി നെയ്യ് ചൂടാക്കി പച്ചക്കറികൾ ,പനീർ ,പൊട്ടറ്റോ കശുവണ്ടി , ഉണക്ക മുന്തിരി ,ആൽമണ്ട്സ് എന്നിവ ഓരോന്നായി ചെറുതീയിൽ വറത്തു എടുക്കുക .മറ്റൊരു പാനിൽ ബാക്കിയുള്ള നെയ്യ് ചൂടാക്കി ബേ ലീഫ് , കറുവപ്പട്ട , സ്റ്റാർ ഐൻസ് ,ഏലക്കാ എന്നിവ മൂപ്പിച്ചെടുത്തു കുതിർത്തു വച്ച അരിയും നാലു കപ്പ് വെള്ളവും ചേർത്ത് റൈസ് കുക്ക് ചെയ്തെടുക്കുക .ഒരു മിക്സിങ് പാനിലേയ്ക് റൈസ് മാറ്റി കുക്ക് ചെയ്ത് മാറ്റി വച്ചിരിക്കുന്ന പച്ചകറികളും പനീറും കശുവണ്ടി ഉണക്ക മുന്തിരി, ആൽമണ്ട്സ്,മുറിച്ചു വച്ചിരിക്കുന്ന പൈനാപ്പിൾ എന്നിവ ചേർത്ത് ചെറുതീയിൽ മിക്സ് ചെയ്തെടുക്കുക .ആവി വന്നു കഴിയുമ്പോൾ ഗ്യാസ്ഓഫ് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക . കറി ഒന്നുമില്ലെങ്കിൽ കൂടിയും ഈ പുലാവ് കഴിക്കാൻ വളരെ ടേസ്റ്റ് ആണ്.

ബേസിൽ ജോസഫ്

 

 

 

 

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി പോളണ്ടിലേക്ക് ലോറി ഓടിച്ചു എത്തിയിയിരിക്കുകയാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. വെള്ളിയാഴ്ച ഉച്ചയോടെയാണ് തന്റെ ഈ യാത്രയെക്കുറിച്ച് ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചത്. വെസ്റ്റ് ഓക്സ്ഫോർഡ്ഷെയറിലെ ചാരിറ്റി ഫുഡ്‌ പ്രൊജക്റ്റ്‌ ആയ ചിപ്പി ലാർഡറുമായി ചേർന്ന് രണ്ടു വർഷമായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഉക്രൈനിലെ അഭയാർഥികൾക്ക് ആവശ്യമായ ഡോനെഷനുകൾ ശേഖരിച്ചതായും, സാനിറ്ററി നാപ്കിനുകൾ തുടങ്ങി വസ്ത്രങ്ങൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ മുതലായവ എല്ലാം തന്നെ തന്റെ ലോറിയിൽ ഉള്ളതായും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം തന്നെ ഉക്രൈനിലേക്ക് ആവശ്യമായ സഹായങ്ങൾ എല്ലാവരും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വരുമാനത്തിന്റെ 0.7 ശതമാനം മറ്റു രാജ്യങ്ങൾക്കായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഗവൺമെന്റ് ഇതു 0.5 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ബ്രിട്ടന്റെ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന് ചാൻസലർ റിഷി സുനകും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ചുവർഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനഃസ്ഥാപിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. 156 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ രാജ്യക്കാർക്കുമുള്ള സാധാരണ വിസ, അമേരിക്ക, ജപ്പാൻ എന്നീരാജ്യങ്ങളിലെ പൗരൻമാർക്കുള്ള 10 വർഷത്തെ വിസ എന്നിവയാണ് വീണ്ടും പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇതിൽ നിന്ന് യു കെ ഒഴിവാക്കപ്പെട്ടു.

കോവിഡ് കാരണം രണ്ടുവർഷമായി സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. യു.എസ്., ജപ്പാൻ പൗരന്മാർക്ക് പുതിയ ദീർഘകാല ടൂറിസ്റ്റ് വിസ നൽകും. കാലാകാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അഞ്ചുവർഷം വരെയുള്ള പുതിയ റെഗുലർ ടൂറിസ്റ്റ് വിസയും നൽകും. എന്നാൽ നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 171 രാജ്യങ്ങളിൽ നിന്ന് 156 രാജ്യങ്ങൾക്ക് മാത്രമാണ് ഈ സൗകര്യം പുനഃസ്ഥാപിച്ചു നൽകിയത്. ഒഴിവാക്കിയ രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ ഇറാൻ, ഇന്തോനേഷ്യ, കാനഡ, യുകെ, ചൈന, മലേഷ്യ, സൗദി അറേബ്യ എന്നിവയാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുകെ പൗരന്മാർക്കുള്ള ഇ-വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഇന്ത്യ ഗവണ്മെന്റിന്റെ ഇ-വിസ ഓൺലൈൻ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തി. വിനോദസഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന യുകെ പൗരന്മാർക്ക് ഇന്ത്യയിൽ സാധാരണ പേപ്പർ ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാൻ അനുമതി നൽകും. മാർച്ച് 17 മുതൽ ഇ-വിസ സൗകര്യത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

അതേസമയം ഇ-വിസ അനുവദിക്കുന്നതിലും നിരസിക്കുന്നതിലും തങ്ങൾക്ക് പങ്കില്ലെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. ഇ-വിസകൾ ന്യൂഡൽഹിയിൽ നിന്ന് നേരിട്ടാണ് നൽകുന്നതെന്നും, ഇതിന്മേലുള്ള ഏത് അന്വേഷണവും ഇ-വിസ പോർട്ടലിൽ നടത്തണമെന്നും അവർ കൂട്ടിചേർത്തു. കാനഡയിലെയും യുകെയിലെയും പൗരന്മാർക്ക് ഇതുമൂലം തെറ്റിധാരണ ഉണ്ടായെന്നും, ഇന്ത്യൻ സർക്കാർ അവർക്കുള്ള ഇ-വിസ സൗകര്യം പിൻവലിച്ചതായും ഇന്ത്യയിലെ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് ശേഷം യുകെ, കാനഡ എന്നിവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പലപ്പോഴും യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഈസ്റ്റർ, വേനൽ തുടങ്ങി അവധി ദിനങ്ങൾ അടുത്തു വരുന്നതിനാൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നതിൽ വർദ്ധനവുണ്ടാകുമെന്നും അതിനാൽ യുകെ പൗരന്മാർക്കുള്ള ഇ-വിസ പുനഃസ്ഥാപിക്കുമെന്നും പ്രവാസികളായ മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തന്റെ മകൾക്ക് വേണ്ടി താൻ ഇപ്പോൾ മൂന്നു നാല് ദിവസത്തോളം പട്ടിണി കിടക്കേണ്ട സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്ന് ഒരു പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡേവിഡ് ലിഞ്ച് എന്ന വ്യക്തിയാണ് തന്റെ നിസ്സഹായാവസ്ഥ ബിബിസി ന്യൂസിനോട് തുറന്നു പറഞ്ഞത്. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാത്തത് മൂലം എടുത്തിരിക്കുന്ന ഫ്ലാറ്റിന്റെ റെന്റ് നൽകാനും, ഭക്ഷണം വാങ്ങാനും മറ്റുമായി പണം തികയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യങ്ങളിൽ തകർന്നിരിക്കുന്ന ജനത്തിനേറ്റ അടുത്ത തിരിച്ചടിയാണ് യുദ്ധം മൂലമുണ്ടാകുന്ന വിലവർദ്ധനവ്. പെട്രോൾ, ഡീസൽ വിലകളിൽ റെക്കോർഡ് വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യം ഗവൺമെന്റിനുമേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മാർച്ച് 23ന് മിനി – ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കുന്ന ചാൻസലർ റിഷി സുനക് വൻ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

നിരവധി സാധാരണക്കാരാണ് ഈ സാഹചര്യത്തിൽ ജീവിക്കാൻ ആകാതെ വലയുന്നതെന്ന് ഡേവിഡ് ലിഞ്ച് തുറന്നു പറഞ്ഞു. 21 ബില്യൺ പൗണ്ട് തുകയുടെ സപ്പോർട്ട് പാക്കേജ് ഗവൺമെന്റ് ഉടൻ പ്രഖ്യാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുദ്ധം മാത്രമല്ല, മറ്റു നിരവധി സാഹചര്യങ്ങൾ എല്ലാം കൂടി ചേർന്നാണ് ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ നിരവധി പേർക്ക് തങ്ങളുടെ വേതനത്തിൽ വന്ന കുറവ് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ആളുകളുടെ ജീവിതസാഹചര്യങ്ങൾ ക്രമാതീതമായി താഴ്ന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ആളുകളെ പലതും ഒഴിവാക്കുന്നതിലേക്ക് പ്രേരിപ്പിക്കുകയാണ്. ഇതോടൊപ്പംതന്നെ എനർജി ബില്ലുകളിൽ ഉള്ള വർധനവും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗവൺമെന്റ് അടിയന്തരമായി ഈ സാഹചര്യങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Copyright © . All rights reserved