Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 – ത്തിന് മുകളിലായി. ഇന്നലെ മാത്രം 4182 പേർക്കാണ് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ വേരിയന്റ് അതിവേഗം വ്യാപിക്കുന്നതാണ് ബ്രിട്ടനിൽ രോഗവ്യാപനം കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പുതിയ കേസുകളിൽ 75 ശതമാനവും ഇന്ത്യൻ വേരിയന്റ് മൂലമാണെന്നത് ആശങ്ക ഉയർത്തുന്നതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 21- ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ വർധിച്ചുവരുന്ന രോഗവ്യാപനതോത് കാരണമാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. ബറി, ബർൺലി എന്നിവയുൾപ്പെടെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ കൂടുതൽ നഗരങ്ങളിൽ ജൂൺ ആദ്യ ആഴ്ചകളിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രോഗവ്യാപനം ഉയരാനുള്ള സാധ്യത സർക്കാർ മുന്നിൽ കണ്ടിരുന്നുവെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞിരുന്നു. ജനങ്ങളിൽ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞതിനാൽ എൻഎച്ച്എസി – ന് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. പുതിയ വൈറസ് വകഭേദങ്ങൾ പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. നിയന്ത്രണം പിൻവലിക്കുന്നത് രണ്ട് മാസമെങ്കിലും വൈകിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് ഇന്ത്യൻ വേരിയന്റിന് 33% മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ കെന്റ് വേരിയന്റിന് ഇത് 50 ശതമാനമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എൻഎച്ച്എസ് കോൺട്രാക്ട് തന്റെ സഹോദരിയുടെ കമ്പനിക്ക് നൽകിയതിലൂടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിയമ ലംഘനം നടത്തിയതായി റിപ്പോർട്ട്. സഹോദരിയുടെ കമ്പനിയിൽ ആരോഗ്യ സെക്രട്ടറിയും ഷെയർ ഹോൾഡറാണ്. മന്ത്രിമാരുടെ സ്വതന്ത്ര ഉപദേശകനായ ലോർഡ് ഗെയ് ഡിറ്റ്‌ ആണ് ആരോഗ്യ സെക്രട്ടറി മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം നടത്തിയതായി കണ്ടെത്തിയത്. എന്നാൽ ഇത് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് മനഃപ്പൂർവമായി ഉണ്ടായതല്ലെന്നും, അദ്ദേഹത്തിന് കോൺട്രാക്റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും ഗെയ് ഡിറ്റ്‌ വ്യക്തമാക്കി.

ടോപ് വുഡ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എൻ എച്ച് എസ്‌ കോൺട്രാക്ട് ലഭിച്ചത്. ഈ കമ്പനി ആരോഗ്യ സെക്രട്ടറിയുടെ സഹോദരിയും ഭർത്താവും ചേർന്ന് നടത്തുന്നതാണ്. ആരോഗ്യ സെക്രട്ടറിക്കും ഈ കമ്പനിയിൽ 20 ശതമാനത്തോളം ഷെയറുകൾ ഉണ്ട്. എന്നാൽ ഈ കാര്യം കോൺട്രാക്റ്റിന് മുൻപ് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്താതിരുന്നത് മനഃപ്പൂർവ്വമല്ല എന്നാണ് ഗെയ് ഡിറ്റ്‌ റിപ്പോർട്ടർ രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ചെറിയതോതിലുള്ള നിയമ ലംഘനം മാത്രമാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആരോപണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിക്ക് നേരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എപ്പോഴും താൻ മിനിസ്റ്റീരിയൽ കോഡ് അനുസരിച്ച് പ്രവർത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ കോൺട്രാക്ട് നൽകുന്ന സമയത്ത് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനപ്പൂർവ്വമല്ല എന്ന നിഗമനത്തിലാണ് എല്ലാവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒറ്റ ഡോസ് കൊണ്ടുതന്നെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പുതരുന്ന ജോൺസൻ ആൻഡ് ജോൺസൻ പ്രതിരോധ വാക്സിന് യുകെയിൽ അനുമതി നൽകി. നിലവിലെ പരീക്ഷണങ്ങൾ അനുസരിച്ച് ജാൻസൺ വാക്‌സിൻ 85 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ. 20 ദശലക്ഷം വാക്‌സിനാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. നിലവിൽ യുകെയിൽ വിതരണത്തിന് അനുമതി കൊടുക്കുന്ന നാലാമത്തെ വാക്സിനാണ് ജാൻസൺ . യുകെയിൽ ഇതുവരെ 39 ലക്ഷം ആളുകൾക്ക് വാക്‌സിൻെറ ആദ്യ ഡോസ് ലഭിച്ചു.

എല്ലാം മുതിർന്നവർക്കും എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വാക്‌സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.ഫൈസർ, മോഡോണ,ഓക്സ്ഫോർഡ് – ആസ്ട്രസെനക്കാ തുടങ്ങിയ വാക്‌സിനുകളാണ് യുകെയിൽ പ്രതിരോധ കുത്തിവെയ്പുകൾക്കായി ഉപയോഗിച്ചു വരുന്നത്. തങ്ങളുടെ പൗരന്മാർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകാനായി വളരെ വിപുലമായ നീക്കങ്ങളാണ് യുകെ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും നടപ്പാക്കിയത്. മറ്റുള്ള രാജ്യങ്ങളേക്കാൾ മുൻപേ വാക്‌സിനുകൾക്ക് ഓർഡർ കൊടുക്കാൻ ബോറിസ് സർക്കാരിനായി. എന്നാൽ കോവിഡിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും തങ്ങളുടെ പൗരന്മാർക്ക് വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ഫലപ്രദമായ നീക്കം നടന്നില്ല എന്ന ആക്ഷേപം ശക്തമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യം ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം നടത്തിയിരുന്നെങ്കിൽ തടയാമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരുടെയും വിലയിരുത്തൽ.

Don’t think family means a love of affair.

കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ട ഒന്നാണ് . പക്ഷെ കൂടണം. ഇന്ന് ആരും കൂടുന്നില്ല. ആർക്കും കൂടാൻ സമയമില്ല . ഒരാൾ ജോലിക്കു പോവുമ്പോൾ ഒരാൾ വരുന്നു. അല്ലങ്കിൽ പിള്ളേർ സ്‌കൂളിൽ പോവുമ്പോൾ വേറൊരാൾ വരുന്നു. ഇനി എല്ലാരും ഉണ്ടങ്കിൽ തന്നെ അവർ അവരുടേതായ ലോകത്ത്. അടുക്കള, ഫ്രണ്ട്സ്, ഓൺലൈൻ അങ്ങനങ്ങനെ ..അങ്ങനെ കൂടാതെ കൂടുമ്പോൾ കൂട്ടിമുട്ടലുകളും പ്രശ്നങ്ങളും ഉറപ്പല്ലേ ?

അഥവാ ഇനി കൂടിയാൽ തന്നെ അവിടെ കൂടുന്നവർ പല സ്വഭാത്തിൽ ഉള്ളവരും രണ്ടു ഫാമിലിയിൽ നിന്നും വന്നവരും ആണ് . അപ്പോൾ ഇമ്പം ഉണ്ടാകാനും ഉണ്ടാക്കാനും വളരെ പാടുപെടേണ്ടി വരും. അല്ലാതെ നമ്മൾ സിനിമയിൽ കാണുന്നപോലെ അടിച്ചുപൊളിച്ചു താമസിച്ചു തീർക്കാൻ ഇതൊരു രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യം മാത്രമുള്ള ഡ്രാമ അല്ല .

സിനിമ അല്ലങ്കിൽ ഒരു അരങ്ങ് തട്ടകത്തിൽ വരുന്നതിനു മുമ്പ് എന്തുമാത്രം പ്രാക്ടീസ് നടത്തീട്ടുണ്ടായിരിക്കും. അവരുടെ മേക്കപ്പ് റൂം ഒന്ന് പോയ് കണ്ടു നോക്കണം എത്ര മാത്രം മെസ്‌ ആണന്ന് . പക്ഷെ അവർ ആടിത്തിമിർക്കുമ്പോൾ കാണാൻ നമുക്ക് ചന്തമേറെ. പക്ഷെ ഇങ്ങനൊരു റിഹേഴ്സലും ഇല്ലാതെ തട്ടകത്തിൽ വരുമ്പോൾ പ്രോബ്ലെംസ് ഇല്ലാതെ ആടി തീർക്കാൻ പറ്റില്ല.

നമ്മൾ മലയാളികൾ ചെറുപ്പം മുതൽ കണ്ടു വളർന്ന സമൂഹം ആണിനെയും പെണ്ണിനേയും വേർതിരിക്കുന്നത് കണ്ടു തന്നാണ്. ഉദാഹരണത്തിന് സ്കൂൾ കാലം തന്നെ എടുക്ക്. ആൺ പിള്ളേർ എല്ലാം ഒരു വശത്ത് പെൺപിള്ളേർ എല്ലാം മറ്റൊരു വശത്ത്. പള്ളിയിൽ പോയാലും ആശുപത്രി ടോക്കൺ ക്യുവിൽ നിന്നാലും എന്തിനേറെ കഞ്ഞീം പയറും മേടിക്കാൻ പോലും ആണ് പെണ്ണ് മിക്സ് ആകുന്നത് പാപമാണ് എന്ന് കണ്ടു വളർന്ന തലമുറയിൽ പെട്ട നമ്മൾ പെട്ടെന്നൊരു ദിവസം വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് ഉറപ്പിച്ച ബന്ധത്തിൽ പെട്ട് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു .

ഇതുവരെ ഓപ്പോസിറ്റ് പാർട്ടി ആയി മാത്രം കണ്ടുവളർന്ന രണ്ടു പറ്റം ആളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ ഉറപ്പായും താളപ്പിഴകൾ ഉണ്ടാകും . അത് എത്ര കല്യാണ കോഴ് സുകൾ കൂടിയാലും ശരി എത്ര അഡ് ജസ്റ് റ്മെന്റ് ചെയ്താലും പ്രശ്നങ്ങൾ വരും . അവിടെയാണ് നമുക്ക് ലോട്ട് ഓഫ് മാനേജ്‌മന്റ് സ്‌കിൽസ് വേണ്ടി വരുന്നത് .

പിന്നെ ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് . രണ്ടുപേർ തമ്മിൽ കല്യാണം കഴിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ഒരാൾക്ക് ഉള്ള എന്തോ ഒരു കുറവിനെ പരിഹരിക്കപ്പെടാൻ വേണ്ടി തന്നാണ് . അത് ചിലപ്പോൾ സമൂഹത്തിൽ ഫാമിലി ആയി ജീവിക്കാനുള്ള കാരണം ആകാം, രണ്ടുപേരുടെയും വികാരപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയായിട്ടാകാം. അല്ലെങ്കിൽ സാമ്പത്തികമായി ഉയരാൻ ആകാം. അതുമല്ലെങ്കിൽ സമൂഹത്തിൽ ഒരു പെൺ അല്ലെങ്കിൽ ആൺ തുണ സുരക്ഷിതത്വത്തിന് വേണം എന്ന് കരുതിയാകാം.

അങ്ങനെ പല പല ആവശ്യകതകൾ മനസ്സിൽ കണ്ടുകൊണ്ടു മേടിക്കുന്ന ഒരു ബെറ്റർ പാക്കേജ് ആയിട്ടാണ് കല്യാണത്തിനെ തിരഞ്ഞെടുക്കുന്നത്. അപ്പോൾ ഈ മേൽപറഞ്ഞ എല്ലാമൊന്നും നേടാൻ പറ്റിയില്ലെങ്കിലും , കുറഞ്ഞത് ഒരു ആവശ്യമെങ്കിലും അതായത് ജോലിക്ക് പോകുമ്പോൾ കുട്ടികളെ അടുത്തിരുത്തി പോകാനൊരിടം അല്ലെങ്കിൽ രാത്രിയിൽ ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കൂടെ ഒരാൾ . അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ പാർടണർ മൂലം നമുക്ക് നേടിയെടുക്കാൻ പറ്റുന്നുണ്ടങ്കിൽ നമ്മൾ അവിടെ ഓപ്പോസിറ് പാർട്ടിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത്‌ .

കാരണം അവിടെ നമ്മുടെ കുറവുകൾ തന്നല്ലേ മറ്റേ ആൾമൂലം നികത്തപ്പെടുന്നത് . അങ്ങനുള്ളപ്പോൾ നമുക്ക് നമ്മുടെ പങ്കാളിയോട് വിരോധപ്പെടാൻ എന്തവകാശം .

എന്നിരുന്നാലും ഫിസിക്കൽ പവർ മാത്രം വല്യ സംഭവം ആണന്നു ശീലിച്ചു വളർന്ന ആണുങ്ങൾ അവർ കുടുംബത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി ആണല്ലോ എന്നോർത്ത്‌ ആശ്വസിക്കുമ്പോൾ . ഒരു പെണ്ണ് ആണിന്റെ ഒരു തലോടൽ അല്ലെങ്കിൽ ഒരു ആശ്ലേഷം അത്രയേ പ്രതീക്ഷിക്കുന്നുള്ളു .

പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരാറുള്ള ചില കാഴ്ചകൾ ആണ് ജോലിക്ക് കെട്ടിയവളെ ഡ്രോപ്പ് ചെയ്യുമ്പോൾ കൊടുക്കുന്ന ഒരു ചുംബനം അല്ലെങ്കിൽ കൈ കോർത്തുള്ള ഒരു നടത്തം അതുമല്ലെങ്കിൽ ഒരുമിച്ചു സൊറ പറഞ്ഞ് ഒരു ചായകുടിയൊക്കെ..

അത്രയൊക്കെയേ ഒരു പെണ്ണ് പ്രതീക്ഷിക്കുന്നുള്ളു . ആണുങ്ങൾ നിസ്സാരമായി കരുതുന്ന ഇങ്ങനത്തെ ഇമ്പങ്ങൾ ഇല്ലാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാം.

ആഹാ ഇത്രയേ ഉള്ളോ കാര്യം എന്ന് നമ്മളിപ്പോ ചിന്തിക്കും പക്ഷെ ആ ഇത്രേം വരാൻ നമ്മൾ ഒത്തിരി സ്‌കിൽസ് ആൻഡ് അഡ്ജസ്റ്മെന്റ്‌സുകൾ ചെയ്യേണ്ടിവരും .
എന്നിരുന്നാലും
No where in the history of humanity or today or in any time in future will human relationship will absolute?

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കെയർ ഹോമിൽ കോവിഡ് പിടിപെട്ടു മരിച്ചവരുടെ ബന്ധുക്കൾ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് അവർ സുരക്ഷിതരായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ “അറക്കുവാനുള്ള ആടുകളെ” പോലെ ആയിരുന്നു അവരെന്ന് പ്രിയപ്പെട്ടവർ കൂട്ടിച്ചേർത്തു. കെയർ ഹോമുകളെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ വർഷം മാറ്റ് ഹാൻ‌കോക്ക് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പ്രായമായവർ സുരക്ഷിതമായ സ്ഥലത്താണെന്ന് അവർ കരുതി. കെയർ ഹോമുകളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ആശുപത്രി രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് നുണ പറഞ്ഞുവെന്ന ഡൊമിനിക് കമ്മിംഗ് സിന്റെ വാദത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചു. പ്രധാനമന്ത്രിയ്ക്കും ആരോഗ്യ സെക്രട്ടറിയ്ക്കും മേൽ നരഹത്യാക്കുറ്റം ചുമത്തണമെന്ന് അവർ വിശ്വസിക്കുന്നു. സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്ത വിധം ഒട്ടും ശരിയല്ലായിരുന്നുവെന്നും ആളുകൾ കുറ്റപ്പെടുത്തി.

ഡൊമിനിക് കമ്മിംഗ്സ് ഈ ആഴ്ച സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഏഴ് മണിക്കൂർ നീണ്ട തെളിവുകൾ നൽകുന്നത് കണ്ടപ്പോൾ ഡെവോണിലെ സിഡ്മൗത്തിൽ നിന്നുള്ള ഡോ. കാതി ഗാർഡ് നർ കരഞ്ഞു. കാരണം 2020 ഏപ്രിൽ 3 നാണ് അവളുടെ 88 വയസ്സുള്ള അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചത്. “ഞാൻ മാത്രമല്ല കരയുന്നത്. പലരും കരയുകയാവും. കാരണം അത് ഞങ്ങളെ ദുരന്തത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.” ഡോ. ഗാർഡ് നർ വെളിപ്പെടുത്തി. കെയർ ഹോമുകൾക്കായി വ്യക്തമായ ഒരു പ്ലാൻ ഇല്ലെന്നും ആയിരക്കണക്കിന് ആളുകൾക്ക് അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചിട്ടും ഒരു രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കെയർ ഹോമിൽ എത്തിച്ച നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഒരുങ്ങുകയാണ്.

ബോറിസ് ജോൺസൺ , മാറ്റ് ഹാൻ‌കോക്ക് എന്നിവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജനങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി എത്രയും വേഗം അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. “ഇനിയും മറ്റൊരു ജീവിതം നഷ്ടപ്പെടുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” ആളുകൾ തുറന്നടിച്ചു. മുഴുവൻ പരിചരണ സംവിധാനത്തിലും ഒരു അവലോകനം ആവശ്യമാണ്. മഹാമാരിയുടെ തുടക്കം മുതൽ പരിചരണ മേഖലയോട് കള്ളം പറഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്. കെയർ ഹോമുകളെ രണ്ടാം നിര സ്ഥാപനങ്ങൾ പോലെ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും ആളുകൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ട് :- 2018 ൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ നടന്ന തീപിടുത്തത്തിൽ അമ്മയും നാലുവയസ്സുകാരൻ മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി വിധി. മുപ്പത്തിനാലുകാരിയായ ജിന ഇങ്ങൽസും, മകൻ മിലോ ഇങ്ങൽസുമാണ് 2018 ജൂലൈയിൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. ജിനയുടെ ഭർത്താവ് ടോബി ജാരറ്റിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ജിനയുടെ ഭർത്താവുമായുള്ള പണമിടപാടിൽ വന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജേക്കബ് ബെർണാർഡ്, ആൻട്രു മിൽനെ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരോടൊപ്പം ഉള്ള മൂന്നാമൻ ജോൺ ടബാക്കിസും കുറ്റക്കാരനെന്ന് കോടതി വിലയിരുത്തിയെങ്കിലും, ജാമ്യം അനുവദിച്ചു. മറ്റു രണ്ടു പേരുടെ വിധി വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.


മനപ്പൂർവ്വം ആയുള്ള കൊലപാതകശ്രമം ആണ് ഇരുവരും നടത്തിയത്. വീടിനു പുറത്ത് അധികൃതർ പെട്രോൾ കാനും, ലൈറ്ററും മറ്റും കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഒരാളായ ബർണാഡിന്റെ വിരലടയാളം ലൈറ്ററിൻെറ മുകളിലും, ആൻട്രുവിന്റെ വിരലടയാളം പെട്രോൾ കാനിന്റെ മുകളിലും ഫോറൻസിക് അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം തന്നെ അടുത്തുള്ള സിസിടിവിയിൽ തീ കത്തിയ ഉടൻതന്നെ രണ്ടുപേർ ഓടിപ്പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.


മുഖ്യപ്രതിയായ ബർണാഡ് സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന നടത്തുന്ന ആളാണ്. യുകെയിൽ നിന്നും കാറുകൾ വാങ്ങി പോർച്ചുഗലും മറ്റുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇതോടൊപ്പംതന്നെ മയക്കുമരുന്ന് കച്ചവടവും അദ്ദേഹം നടത്തിയിരുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കുന്നു. ആൻട്രു ഇദ്ദേഹത്തിന്റെ പണപ്പിരിവുകാരനായി ജോലിചെയ്തുവരികയായിരുന്നു. മരിച്ച ജിനയുടെ പങ്കാളി ടോബിക്കു ഒരു പ്രാദേശിക ഡ്രഗ് ഡീലറിലൂടെ, ബർണാർഡുമായി കടബാധ്യത ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.


ആക്രമണത്തിൽ ടോബിക്കും സാരമായി പരിക്കേറ്റിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹം ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുവർക്കും നീണ്ട ശിക്ഷ ലഭിക്കുമെന്നാണ് ജഡ്ജി വിലയിരുത്തിയത്. ഈ കേസിലെ അന്വേഷണം വളരെ നീണ്ടതും സങ്കീർണവും ആയിരുന്നുവെന്ന് സീനിയർ ഇൻവെസ്റ്റിഗേറ്റീങ്ങ് ഓഫീസർ ഗോർഡൺ ഡെൻസ് ലോ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ പുതിയതായി രോഗം പിടിപെട്ട കോവിഡ് കേസുകളിൽ മുക്കാൽഭാഗവും ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് വെളിപ്പെടുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ആഴ്ച ഇന്ത്യൻ വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം 3535 ആയത് നിലവിൽ 6959 ആയത് ആശങ്ക ഉളവാക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ഇന്നലെ പുതിയതായി രാജ്യത്ത് 3542 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം മരണമടഞ്ഞത് 10 പേരാണ്. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 3000 -ത്തിന് മുകളിൽ എത്തുന്നത്. ഇതിനിടെ തായ്‌ലൻഡിൽ നിന്ന് ഉത്ഭവിച്ച പുതിയ ഒരു വൈറസ് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തി. C 36.3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതൽ പഠിച്ചു വരികയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. തായ്‌ വേരിയന്റ് ബാധിച്ച 109 കേസുകളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒ‌സി‌ഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം 50 വയസ്സ് പൂർത്തിയായ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. 20 വയസ്സിനു മുൻപ് ഒസിഐ കാർഡ് നേടുന്നവർ 20 വയസ്സ് പൂർത്തിയായ ശേഷം ഒരു തവണ മാത്രം കാർഡ് പുതുക്കിയാൽ മതിയാകും. 20 വയസ്സിനു ശേഷം ഒസിഐ കാര്‍ഡിന് അപേക്ഷ നല്‍കുന്നവർ കാർഡ് ഇത്തരത്തിൽ പുതുക്കേണ്ടതില്ല. പാസ്പോർട്ട്‌ മാറ്റുമ്പോഴെല്ലാം ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഒപ്പം മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഒപ്പം യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. ഈ സൗകര്യം 2021 മെയ്‌ 31 ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക. 20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട്‌ ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ പറഞ്ഞതുപോലെ പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലെ നോട്ടീസ് ശ്രദ്ധിക്കുക

https://www.hcilondon.gov.in/docs/1618897004Untitled_19042021_172708.pdf

പുതിയ അപേക്ഷകർ കാലതാമസമോ അപേക്ഷ തള്ളിക്കളയലോ ഒഴിവാക്കാനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

https://www.hcilondon.gov.in/docs/1605272008Document%20Requirement%2004112020.pdf

കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ നിലവിലെ പാസ്പോർട്ടിന്റെയും ഒസിഐ കാർഡിന്റെയും പകർപ്പുമായി [email protected] ഇമെയിൽ അയക്കാൻ സംവിധാനമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ വില്യം ഹോക്കിങ്ങിന്റെ ശാസ്ത്രീയ പ്രബന്ധങ്ങളും വ്യക്തിഗത സ്വത്തുക്കളും രാജ്യത്തിനായി സംരക്ഷിക്കുന്നു. കുട്ടിക്കാലത്തെഴുതിയ അക്ഷരങ്ങൾ, ടിവി പ്രോഗ്രാമിൽ നിന്നുള്ള സ്ക്രിപ്റ്റുകൾ, തമോഗർത്തങ്ങളെക്കുറിച്ചുള്ള ഹോക്കിംഗിന്റെ ഗവേഷണങ്ങൾ എന്നിവ ഈ വസ്തുക്കളിൽ ഉൾപ്പെടുന്നു. 10,000 പേജുള്ള ആർക്കൈവ് കേംബ്രിഡ് ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിക്കും. അദ്ദേഹത്തിന്റെ ഓഫീസ് അടുത്ത വർഷം സയൻസ് മ്യൂസിയത്തിൽ പുനർനിർമിക്കുകയും തിരഞ്ഞെടുത്തവ പ്രദർശിപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ജോലിസ്ഥലവും ജീവിതത്തിന്റെ ഓർമ്മകളും ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നതിൽ കുടുംബം സന്തോഷിക്കുന്നുവെന്ന് ഹോക്കിങ്ങിന്റെ മകൻ ടിം പറഞ്ഞു.

 

ആറുവയസ്സുകാരനായ സ്റ്റീഫൻ എഴുതിയ കത്തിൽ കടൽക്കൊള്ളക്കാരെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുന്നുണ്ട്. ഹോക്കിങ് തന്റെ പിതാവിന് നോട്ട്പേപ്പറിൽ അയച്ച കത്താണ് ഇത്. ടിം ഹോക്കിംഗ് ആദ്യമായി ഈ കുറിപ്പ് കണ്ടത് അടുത്തിടെയാണ്. ആൽബർട്ട് ഐൻസ്റ്റീന് ശേഷം അദ്ദേഹത്തോടൊപ്പം തന്നെ ആദരിക്കപ്പെട്ട ശാസ്ത്രകാരനാണ് സ്റ്റീഫൻ ഹോക്കിങ്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകി. തമോഗർത്തങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പ്രപഞ്ചോത്പത്തിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളെ അപ്പാടെ കുലുക്കി. ഭൂഗുരുത്വം, പ്രപഞ്ച ഘടന, ക്വാണ്ടം തിയറി, തെർമോഡൈനാമിക് സ് തുടങ്ങി വ്യത്യസ് ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന ശാസ്ത്രശാഖകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ.

 

അവിചാരിതമായി ബാധിച്ച രോഗം അദേഹത്തിന്റെ ശരീരത്തിന്റെ ബലം നഷ്ടപ്പെടുത്തി തുടങ്ങി. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് (Amytorophic Lateral Sclerosis) എന്ന വിഭാഗത്തിൽപ്പെട്ട മോട്ടോർ ന്യൂറോൺ രോഗമാണ് ഹോക്കിങ്ങിനെ ബാധിച്ചത്. ആർക്കൈവിൽ, 1999 ൽ സിംപ്‌സണിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഹോക്കിംഗിന്റെ സ്വകാര്യ സ്ക്രിപ്റ്റും ഉൾപ്പെടുന്നുണ്ട്. ഹോക്കിംഗ് ശാസ്ത്രലോകത്തിന് നൽകിയ സംഭാവനയുടെ ഒരു പ്രധാന വശമാണ് സ്ക്രിപ്റ്റുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയുടെ ലൈബ്രറി സേവന ഡയറക്ടർ ഡോ. ജെസീക്ക ഗാർഡ്നർ പറഞ്ഞു. ഹോക്കിംഗിന്റെ ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ കത്തിടപാടുകളുമാണ് ചരിത്രകാരൻമാരെ ആകർഷിക്കുന്നത്. ഹോക്കിംഗിന്റെ ഓഫീസിലെ ഉപകരണങ്ങൾ, ഇഷ്ടാനുസൃതമായി നിർമ്മിച്ച വീൽചെയറുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവയും സയൻസ് മ്യൂസിയത്തിലേക്ക് മാറ്റും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഫ്രാൻസ് ക്വാറന്റീൻ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇന്ത്യൻ വേരിയന്റിൻെറ വ്യാപനം മൂലം ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ് . മാർച്ച് 31 മുതൽ യുകെയിൽ നിന്ന് വരുന്ന എല്ലാവരും ഏഴു ദിവസത്തേയ്ക്ക് ക്വാറന്റീനിൽ ഇരിക്കണമെന്നാണ് ഫ്രഞ്ച് സർക്കാർ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ജർമനി യുകെയിൽ നിന്നുള്ളവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു . ജൂൺ ഒന്നുമുതൽ ബ്രിട്ടനിൽ നിന്ന് നേരിട്ടുള്ള വിമാനസർവ്വീസുകൾ ഓസ്ട്രേലിയ നിരോധിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസിൻെറ 3424 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വളരെ കൂടിയത് പരക്കെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ശൈത്യകാലത്ത് വൈറസിൻെറ തരംഗം ആഞ്ഞടിക്കുന്നതിന് കാരണമായ കെന്റ് വേരിയന്റിനേക്കാൾ മാരകവും വേഗത്തിൽ വ്യാപിക്കുന്നതുമാണ് ഇന്ത്യൻ വേരിയൻറ് എന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved