Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 38 – 39 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിനായി ക്ഷണിച്ചുകൊണ്ടുള്ള ഒരു ദശലക്ഷത്തോളം ടെക്സ്റ്റ് മെസ്സേജുകളാണ് ഈ പ്രായക്കാർക്ക് അയച്ചു കഴിഞ്ഞത്. ഇതുവരെ 40 വയസ്സുള്ള മുക്കാൽഭാഗം ജനങ്ങൾക്കും ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ ഗർഭിണികളായ സ്ത്രീകൾ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിനുകൾ നൽകുന്ന കേന്ദ്രങ്ങളിൽനിന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന പ്രത്യേകം മാർഗ്ഗനിർദ്ദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. അവരുടെ പ്രായപരിധിയിലുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന അതേ സമയം തന്നെ ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകണമെന്ന് വാക്‌സിനേഷൻ ആന്റ് ജോയിന്റ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യാൻ പ്രയാസം നേരിടുന്നവർക്ക് 119 എന്ന നമ്പറിൽ വിളിച്ചും പ്രതിരോധകുത്തിവെയ്പ്പിനായി ബുക്ക് ചെയ്യാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ലോക പ്രശസ്തനും, പകർച്ചവ്യാധി രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനുമായ ഡോക്ടർ കപില ഇന്ത്യയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചു. റട്‌ജേഴ്‌സ് ന്യൂജേഴ്‌സി മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം. അതോടൊപ്പംതന്നെ ന്യൂജേഴ്സി ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു ഡോക്ടർ കപില. കൊറോണ പോസിറ്റീവ് ആയതിനുശേഷം ഏകദേശം മൂന്നാഴ്ച കഴിഞ്ഞതിനു ശേഷമാണ് 81 കാരനായ ഇദ്ദേഹം മരണപ്പെട്ടത്. രണ്ട് ഡോസ് ഫൈസർ വാക്സിനും ഡോക്ടർ കപില എടുത്തിരുന്നു. കോവിഡ് സാഹചര്യം വഷളായ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ആണ് അദ്ദേഹം ന്യൂഡൽഹിയിൽ എത്തിയതെന്ന് മുൻ ഭാര്യ ഡോക്ടർ ബീന കപില പറഞ്ഞു.

1964 ൽ യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, പിന്നീട് യുഎസിൽ എത്തി ന്യൂജേഴ്സിയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ന്യൂജേഴ്സി മെഡിക്കൽ സ്കൂൾ, മാർട്ട്ലാൻഡ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം തന്റെ ജീവിതത്തിൽ കാഴ്ചവെച്ചത്. നിരവധി രോഗികൾക്ക് കൈത്താങ്ങ് ആയതോടൊപ്പം, നിരവധി തലമുറകളിലെ മെഡിക്കൽ വിദ്യാർഥികളെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തു. പകർച്ചവ്യാധി രോഗങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന് അദ്ദേഹം ലോക പ്രശസ്തനായിരുന്നു. ഏറ്റവും സങ്കീർണമായ പകർച്ചവ്യാധി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, ചികിത്സിക്കുന്നതിനുമെല്ലാം ലോകമെമ്പാടും അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.


ഡോക്ടർ കപിലയുടെ മരണത്തിൽ വെൽ കോർണിൽ ഇൻഫെക്ഷ്യസ് ഡിസീസസ് ഡിവിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഡോക്ടർ കപില ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപായി രണ്ട് ഡോസ് ഫൈസർ വാക്സിനും എടുത്തിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ദീപ്തി അറിയിച്ചു. ഡയബറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യമേഖലയ്ക്ക് ഒരു വൻ നഷ്ടമാണ് ഡോക്ടർ കപിലയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

റസിയ പയ്യോളി

വിശ്വാസികളുടെ അഞ്ചനുഷ്ഠാനങ്ങളിൽ നാലാമത്തേതായ പരിശുദ്ധ റമദാൻ വിടപറഞ്ഞിരിക്കുന്നു. മഹത്തായ ആശയങ്ങളാൽ നിർമ്മിതമായ റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തരായി നിർമ്മലമായ മനസും ശരീരവുമായി തെറ്റുകളൊന്നും ചെയ്യാതെ ഇനിയൊരു പുതിയ മാറ്റത്തിൻ്റെ പ്രാർത്ഥനാനിർഭരമായ ജീവിതത്തിനായി പ്രതിജ്ഞയെടുക്കുകയാണ് വാസ്തവത്തിൽ വിശ്വാസികൾ .. പെരുന്നാൾ അറിയിപ്പുമായ് മേലേ വാനിൽ പൊന്നമ്പിളി പ്രത്യക്ഷപ്പെട്ടു. ഈദുൽ ഫിത്തർ അറിയിച്ചു കൊണ്ട് എങ്ങും തക്ബീർ ധ്വനികൾ മുഴങ്ങുകയായി.. അങ്ങനെ പുണ്യമായ പെരുന്നാളിൻ്റെ സുകൃതത്തിലേക്ക് നാം വന്ന് നിൽക്കുന്നു. റമദാനിൻ്റെ ഓരോ നിമിഷവും വേണ്ടവിധത്തിൽ ഭയഭക്തിയോടെ സൂക്ഷ്മമായി ഉപയോഗപ്പെടുത്തിയ വിശ്വാസിക്ക് പെരുന്നാൾ വലിയ ആനന്ദം തരുന്നതായിരിയ്ക്കും.

കോവിഡ് മാരിയിൽ കുടുങ്ങിയ രണ്ടാമത്തെ പെരുന്നാൾ. അത് കൊണ്ട് തന്നെ കോവിഡിൽ ബന്ധപ്പെടുത്തി മാത്രമേ പെരുന്നാൾ വിശേഷങ്ങൾ പറയാനൊക്കു.. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമൂഹത്തോടൊപ്പം ചേരാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കണം കടുത്ത ജാഗ്രതയിലാണെന്നറിയാം എങ്കിൽ കൂടി ഓർമ്മപ്പെടുത്തുന്നു. മതം അനുശാസിക്കുന്നതിനൊപ്പം അതിർത്തി കടക്കാതെ ഭരണകൂടം നിർദ്ദേശിക്കുന്ന നിയമാവലികൾ പാലിച്ചു കൊണ്ടായിരിക്കണം ഓരോ വിശ്വാസിയുടേയും ആഘോഷം.

“പാപകറകൾ കഴുകി കളയാനും ആത്മശുദ്ധി വരുത്താനും കിട്ടുന്ന സുവർണാവസരമായി ഓരോ വിശ്വാസിയും ഈ പുണ്യമാസത്തെ മനസിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയായിരുന്നു”.

ഷഹബാൻ മാസത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും നോമ്പിനെ വരവേൽക്കാൻ കണ്ണുംനട്ടിരിക്കുന്ന നോമ്പിൻ്റെ മഹത്വം അത്രകണ്ട് മനസിലാക്കിയ കാത്തിരിപ്പിലായിരിക്കും വിശ്വാസികൾ… സൗഹൃദം പങ്കുവെക്കുന്നതിനിടയിൽ മറക്കാതെ നോമ്പ് പടിവാതിൽക്കലെത്തിയെ ഓർമ്മപ്പെടുത്തലിൽ ഒരുങ്ങി കോളിൻ. എണ്ണപ്പെട്ട മുപ്പത് ദിവസങ്ങൾ കടന്ന് പോകുന്നതിൻ്റെ വേഗത കൂടി പോയോ എന്ന് തോന്നിപോകും വിധത്തിലായിരിക്കും നോമ്പ് വിശ്വാസികളെ സ്വാധീനിക്കുക. ഓരോ വിശ്വാസിയും അത്രകണ്ട് അള്ളാഹുവിനെയും അവൻ്റെ പ്രവാചകനേയും ഓർത്ത് കൊണ്ടാണ് നോമ്പിലൂടെ കടന്ന് പോകുന്നത്. പെരുന്നാളിൻ ശോഭയിൽ കുടുംബ ബന്ധങ്ങൾ കൂടുതൽ പ്രശോഭിതമാകുന്നു. സുഹൃതവാനായ ഒരു വിശ്വാസിക്ക് സൃഷ്ടാവ് സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന് റമദാനിനെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തണം കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അതിന് വേണ്ടത് ആത്മസമർപ്പണമാണ് .

കോവിഡ് മാരിയിൽ വിറങ്ങലിച്ച് പള്ളികളിലും മറ്റു വീടുകളിലും പോകാൻ കഴിയാതെ ഏതാനും ദിവസങ്ങൾക്ക് ശേഷം നോമ്പാഘോഷങ്ങൾ ഇന്നിതാ പെരുന്നാളാഘോഷങ്ങളും വീടുകളിലൊതുക്കേണ്ടി വന്നു. അതിൻ്റെ അസ്വസ്ഥതകൾ എല്ലാവരും കണക്കിനനുഭവിച്ചു. കാരണം നോമ്പ് കാലം പള്ളികളിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ് ആണുങ്ങളായ വിശ്വാസികളിൽ പലരും. എന്നിരുന്നാലും കടുത്ത ജാഗ്രതയിലാണവർ.. അനുഷ്ഠാനങ്ങളിൽ നിന്ന് കൊണ്ട് തന്നെ കട്ട പ്രതിരോധം തീർത്തിരിക്കുന്നു.

ഖുർആൻ പാരായണം കൊണ്ടും ദിക്റ് സ്വലാത്തുകൾ കൊണ്ടും സുന്നത്ത് നമസ്കാരങ്ങൾ കൊണ്ടും ഭക്തിനിർഭരമായ നോമ്പുകാല വീടുകൾ ഏറെ സന്തോഷം തരുന്നതായിരുന്നു.അതുവരേയുള്ള സാധാരണ അവസ്ഥയിൽ നിന്ന് പെട്ടെന്ന് അന്തരീക്ഷം മാറുന്നത് നോമ്പിനെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ പറയാതെ വയ്യ. അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്റ് പ്രതീക്ഷിച്ച് വിശ്വാസി എല്ലാ തിരക്കുകളിൽ നിന്നും മാറികൂടുതൽ ആത്മീയതയിലേക്ക് ഉള്ളിൽ ഭയം കലർന്ന ഭക്തിയിലേക്ക് ആത്മത്യാഗത്തിൻ്റെ സഹനത്തിൻ്റെ മാത്രം ലോകത്തിൽ ഒതുങ്ങി കൂടുകയായിരുന്നു.. അത്തരത്തിലുള്ള കാഴ്ചകൾ ഏറെ കർണാനന്ദകരമാണുണ്ടാക്കിയത്.

പെരുന്നാളാഘോഷങ്ങളിൽ പ്രിയപ്പെട്ടവരെ പുണരാൻ കാത്തിരുന്ന വിശ്വാസിയും കൈയകലത്തിൽ ഒരു ചിരിയിലൊതുക്കി കടന്നു പോകുന്നു. അത് ആഘോഷത്തിൻ്റെ ആസ്വാദനം അത്രകണ്ട് കുറച്ചിട്ടുണ്ട്. ഏറെ ജാഗ്രതയോടെ കാത്തിരിക്കാം ചേർത്ത് പിടിച്ച ആ നല്ല കാലത്തിനായ്..

വിശപ്പും ദാഹവും കാമവും ദൈവികമാർഗ്ഗത്തിൽ ഉപേക്ഷിച്ച് ഒരു മാസത്തെ ത്യാഗനിർഭരമായ ജീവിതാവസ്ഥ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ വല്ലാത്തൊരു വിജയാഹ്ലാദമാണ് അനുഭവിക്കുന്നത്. പെരുന്നാളിനെ പറ്റി ചർച്ച ചെയ്യുമ്പോൾ അതിൻ്റെ ഗുണഫലങ്ങൾ വളരെ വലുതാണ്.. ഒന്നാമത് ആളുകൾ ഒത്തുചേർന്ന് അകലം പാലിച്ചുകൊണ്ട് ആലിംഗനമില്ലാതെയാണെങ്കിലും ചിരിച്ച് സലാം ചൊല്ലി തമാശകൾ പറഞ്ഞ് സന്തോഷം അലയടിക്കുന്ന ഒരിടത്തെ കാഴ്ച എത്ര മനോഹരമാണ്.
കുടുംബത്തിനുള്ളിലെ സന്തോഷത്തേക്കാളും വലുതാണ് സമൂഹത്തിനൊപ്പമുള്ള സന്തോഷമെന്ന് ആ കാഴ്ചകൾ നമ്മെ പഠിപ്പിച്ച് തരും. അവിടെയാണ് മതം പ്രസക്തമാകുന്നത്. ഇസ്ലാമിൻ്റെ മികച്ച സന്ദേശങ്ങളിൽ ഒന്നായ നോമ്പിൻ്റെ ശ്രേഷ്ഠതകൾ എത്ര പറഞ്ഞാലും തീരാത്തതാണ്.. ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കുകയും അറ്റുപോയ ബന്ധങ്ങളെ കണ്ണി ചേർക്കുകയും മനുഷ്യത്വം കിളിർപ്പിക്കുകയും ചെയ്യുന്ന സുദിനം കൂടിയാക്കാം ഈ പെരുന്നാൾ ദിനം.

ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടത് പോലെ നിങ്ങളുടെ മേലും നോമ്പ് നോൽക്കൽ നിയമിക്കപ്പെട്ടിരിക്കുന്നു..(183 ബഖ്വറ)

റസിയ പയ്യോളി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. പിതാവ് കാവിൽ ഹംസ ഹാർമൊണിസ്റ്റ്
മാതാവ് ആമിന.. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
പാഠം ഒന്ന് എൻ്റെ അമ്മ, മെഹബൂബ്,
എൻ്റെ കഥ വില്പനയ്ക്ക് കൂടാതെ ഒത്തിരി കഥകളും കവിതകളും അനുഭവങ്ങളും ലേഖനങ്ങളും കൂടുതലായി ഈ ലോക് ഡൗണിൽ വന്നു..

ജോളി മാത്യൂ

സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതിരൂപം. മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും സ്വയം വത്ക്കരണം. അർപ്പണബോധത്തിൻ്റെയും ഉൾക്കൊണ്ട മനോഭാവത്തിൻ്റെയും പ്രയോക്താവ്. നേഴ്സ്മാരെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട്… തീർച്ചയായും അവർ അത് അർഹിക്കുന്നതാണ്..

കോവിഡ് മഹാമാരി കാലഘട്ടങ്ങളിൽ എല്ലാം മറന്ന് സ്വയം ഹോമിക്കുവാൻ മനസാ തയ്യാറായി. ജീവൻ്റെ വിലയറിഞ്ഞ് സമാനതകളില്ലാതെ കർമ്മനിബന്ധരായ സഹോദരിമാരെ, നമ്മളിലെ ദൈവാംശം പ്രതിഫലിക്കുകയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങിലും സമ്മർദ്ദങ്ങളിലും തളരാത്ത ചോരാത്ത നിശ്ചയ ദാർഢ്യവും അതിജീവനത്തിൻ്റെ കരുത്തും നമ്മളെ നമ്മളാക്കി വേറിട്ട് നിർത്തുന്നു.

ഈ കർമ്മ മണ്ഡലത്തിലെ പ്രിയ മാലാഖാമാരേ, നമ്മൾ തളരാൻ പാടില്ല. പോരാടണം. സൂര്യനായും ചന്ദ്രനായും എന്നും പ്രകാശിക്കണം. വേദനിക്കുന്നവർക്ക് വെളിച്ചമാകണം. സ്നേഹത്തിൻ്റെ ഒരു തൂവലെങ്കിലും കൊഴിച്ചിട്ടിട്ടേ ഈ ഭൂമിയിൽ നിന്ന് മടങ്ങാവൂ..

ഇന്ന് ലോക നേഴ്സസ് ദിനം. ലോകം നമ്മളെ ആദരിക്കുന്നു. മൂവായിരത്തോളം സഹപ്രവർത്തകരുടെ ജീവൻ കോവിഡ് എടുത്തു. എങ്കിലും നമ്മൾ തളരാൻ പാടില്ല. അവസാന ശ്വാസം വരെയും നമ്മൾ കൂടെയുണ്ടാവണം. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം. ആതുര സേവന രംഗത്തേയ്ക്ക് കടന്നു വരുന്നവർക്ക് നമ്മൾ പ്രചോദനമാകണം. നമ്മൾ എടുത്ത പ്രതിജ്ഞയിൽ ഉറച്ച് നിൽക്കാം..

ലോകത്തിലാകമാനം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിൻ്റെ ആശംസകളും പ്രാർത്ഥനയും നേരുന്നു.

ജോളി മാത്യൂ : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, രൂപതയുടെ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി, C C ഗ്ലോബൽ മെഡിക്കൽ കൗൺസിൽ മെമ്പർ, നോർത്ത് കുമ്പ്രിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷ്യനർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുന്നു. അടുത്ത തിങ്കളാഴ്ച മുതൽ എൻഎച്ച്എസിൻെറ വാക്‌സിൻ പാസ്പോർട്ടിനുവേണ്ടിയുള്ള ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുമെന്ന് സർക്കാർ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർക്കാണ് വാക്സിൻ പാസ്പോർട്ട് ലഭ്യമാകുക. ബ്രിട്ടനിൽ വിദേശ യാത്രയുൾപ്പെടെ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന മെയ് 17 മുതലാണ് വാക്‌സിൻ പാസ്പോർട്ടും യാഥാർഥ്യമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോൺ‌ടാക്റ്റ് ട്രെയ്‌സിനു വേണ്ടി ഉപയോഗിക്കുന്ന എൻഎച്ച്എസ് ആപ്ലിക്കേഷനും വാക്സിൻ പാസ്പോർട്ടിന് വേണ്ടിയുള്ള ആപ്ലിക്കേഷനും വിഭിന്നമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ആപ്ലിക്കേഷനിലൂടെ ഓരോ വ്യക്തിയും പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചതിൻെറ വിവരങ്ങളും അറിയാൻ സാധിക്കും. നിലവിൽ ഈ ആപ്ലിക്കേഷൻ വഴിയായി കൊറോണ വൈറസ് പരിശോധന ഫലങ്ങൾ അറിയാൻ സാധിക്കില്ല. എങ്കിലും ഭാവിയിൽ കോവിഡ്-19 ടെസ്റ്റ് റിസൾട്ട് കൂടി ഇതിൽ ഉൾപ്പെടുത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യാത്രചെയ്യുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചതിൻെറ പേരിൽ വിദേശ യാത്രക്കാരെ അനുവദിക്കുന്നുള്ളു. ഒട്ടുമിക്ക രാജ്യങ്ങളും യാത്ര തുടങ്ങുന്നതിനു മുൻപ് നടത്തിയ നെഗറ്റീവ് ടെസ്റ്റ് റിസൾട്ടിനെയുമാണ് അവലംബിക്കുന്നത്. ബ്രിട്ടൻ 12 രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി അവിടെ നിന്ന് എത്തുന്നവർക്കു ക്വാറന്റീൻ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഓരോരുത്തർക്കും ശുശ്രൂഷയോടൊപ്പം സ്നേഹവും നൽകിയാണ് അവർ പരിചരിക്കുന്നത്. ലോക നേഴ്സസ് ദിനമായ ഇന്ന് നേഴ്സുമാരെ വാഴ്ത്തിപ്പാടുമ്പോൾ ഈ മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപെട്ട നേഴ്സുമാരെ കൂടി അറിയണം. 2020 മാർച്ച് മുതൽ 60 രാജ്യങ്ങളിലായി മൂവായിരത്തോളം നേഴ്‌സുമാരാണ് കോവിഡ് പിടിപെട്ടു മരിച്ചത്. 2020 മാർച്ച് 11 മുതൽ, ദശലക്ഷക്കണക്കിന് നേഴ്‌സുമാർ രണ്ടാം ലോകമഹായുദ്ധത്തേക്കാൾ മോശമായ മാനസിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു. ആഗോളതലത്തിൽ സംഭവിക്കുന്ന മരണത്തിന്റെ 10 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകരാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്‌സസ് (ഐസിഎൻ) റിപ്പോർട്ട് വെളിപ്പെടുത്തി.

മാർച്ച് 10 ന് പ്രസിദ്ധീകരിച്ച ഐസിഎന്റെ പുതിയ വിശകലനത്തിൽ ജീവനക്കാരുടെ കുറവ്, കോവിഡ് രോഗികളുടെ മോശമായ പെരുമാറ്റം തുടങ്ങിയവ ആരോഗ്യപ്രവർത്തകരെ മാനസികമായി തളർത്തുന്നുണ്ടെന്ന് പറയുന്നു. “പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ വലിയ തോതിലുള്ള മാനസികാഘാതത്തിലൂടെ കടന്നുപോയി. കാരണം ആശുപത്രികളിലെ പ്രതിസന്ധി ശാരീരികവും മാനസികവുമായ തളർച്ചയിലേക്ക് തള്ളിവിട്ടു. കൂടാതെ, അവർ തങ്ങളാലാവുന്നതെല്ലാം നൽകിയ ഒരു ഘട്ടത്തിലെത്തുന്നു.” ഒരു പ്രസ്താവനയിൽ, ഐസി‌എൻ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കാറ്റൺ പറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് ആശുപത്രികളിലെ നഴ്സുമാരുടെ എണ്ണം 27 മില്യണിൽ നിന്ന് വെറും 6 മില്യണായി ചുരുങ്ങിയതായി കാറ്റൺ പ്രസ്താവിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിൽ ഇതുവരെ ജീവൻ നഷ്ടമായത് 90 നേഴ്സുമാർക്കാണ്. കേരളത്തിൽ നേഴ്സുമാർ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടിലെങ്കിലും ഡൽഹിയിൽ നാല് മലയാളി നേഴ്സുമാർ മരിച്ചു. കോവിഡിനെതിരെ പോരാടുമ്പോഴും സ്വന്തം ജീവനോ ജീവിതമോ നോക്കാൻ അവർ തയ്യാറാകുന്നില്ല. ആരോഗ്യപ്രവർത്തകർക്ക് ആദരം ഒരുക്കുന്നത് നല്ലത് തന്നെ, എന്നാൽ രോഗപ്രതിസന്ധിയുടെ നാളുകളിൽ രോഗം പിടിപെടാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കണം. ഇതിലൂടെയാണ് അവരുടെ ജോലിഭാരവും യാതനകളും നാം കുറയ്ക്കേണ്ടത്. രാജ്യങ്ങളെ താങ്ങിനിർത്തുന്ന, രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ പോരാടിക്കുന്ന നേഴ്സുമാർക്ക് ആദരവ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രായേൽ :- പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ അക്രമങ്ങൾക്ക് തിരിച്ചടിയായി, ഇസ്രായേൽ നഗരമായ ടെൽ അവിവിൽ ആക്രമണം നടത്തിയിരിക്കുകയാണ് പലസ്തീൻ. കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 28 പലസ്തീനികൾ മരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേലിലെ ടെൽ അവിവിൽ നടന്ന ആക്രമണം. പാലസ്തീൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളി നേഴ്സ് ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇത് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഒരു അപ്രതീക്ഷിത വാർത്തയായിരുന്നു. ഇരുരാജ്യങ്ങളോടും സമാധാനം പുലർത്തണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം ജറുസലേമിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് സംഘടന അതിരുകൾ ലംഘിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ തങ്ങൾ ആക്രമണത്തിലൂടെ ജെറുസലേമിലെ അൽ – അക്സ പള്ളി സംരക്ഷിക്കുവാൻ മാത്രമാണ് ശ്രമിച്ചതെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങൾക്കും, ജൂതന്മാർക്കും ഒരുപോലെ വിശുദ്ധ സ്ഥലമായ ഈ പള്ളിക്ക് സമീപം കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേലി പോലീസും, പാലസ്തീനികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും മോശമായ അന്തരീക്ഷത്തിലൂടെ ആണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്. ബുധനാഴ്ച യുഎൻ കൗൺസിൽ കൂടി ഇരുരാജ്യങ്ങളിലെയും അവസ്ഥകൾ വിലയിരുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

വർഷങ്ങൾ നീണ്ടുനിൽക്കുന്ന അറബ് – ജൂത സംഘർഷങ്ങൾ ആണ് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും കാരണം. ജറുസലേം ആണ് സംഘർഷങ്ങളുടെ പ്രധാന കേന്ദ്രം. ഇരുരാജ്യങ്ങളിലെയും നിരവധി പേർക്കാണ് ഈ ആക്രമണങ്ങളിലൂടെ പരിക്കേറ്റിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ട്രോക്ക് ബാധിച്ച് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തിൽ വൻ വഴിത്തിരിവ്. 75 കാരിയായ വലേരി ക്നാലെ 2018 നവംബർ 16 -നാണ് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സ്ട്രോക്ക് നേരിട്ട വലേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. കസേരയിൽ നിന്ന് വീണ് ഇവരുടെ കാലും ഒടിഞ്ഞിരുന്നു. 75 കാരി കൊല്ലപ്പെട്ടത് ആന്തരികമായ മുറിവേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകം, ബലാത്‌സംഗം ,ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പുരുഷ ഹോസ്പിറ്റൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യഭാഗത്ത് ഏറ്റ മുറിവുകളാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. വലേരി ക്നാലെയുടെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ രീതിയിൽ മറ്റ് രണ്ട് രോഗികൾക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയിരുന്നു .

ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നേരെ നടന്ന ലൈംഗികാതിക്രമണത്തിൻെറ വാർത്താ ബ്രിട്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനെ പിടിച്ചുകുലുക്കിയ സാറാ എവറാർഡിൻെറ കൊലപാതകത്തിൽ അറസ്റ്റിലായത് ഒരു പോലീസ് ഓഫീസർ ആയിരുന്നത് ബ്രിട്ടനിലെ തെരുവീഥികളിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് വൻ പ്രാധാന്യം നേടി കൊടുത്തിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ നഗരമായ കസാനിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 7 വിദ്യാർത്ഥികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്ക് പറ്റിയതിൽ ഭൂരിഭാഗവും കുട്ടികളാണ്. 19 -കാരനായ പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. തീവ്രവാദി ആക്രമണം ആണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആദ്യം സംശയിച്ചെങ്കിലും ഒരാൾ മാത്രമേ ഉള്ളൂ എന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.

മോസ്കോയിൽ നിന്ന് 820 കിലോമീറ്റർ കിഴക്കുമാറി പ്രധാനമായും മുസ്ലിം റിപ്പബ്ലിക്ക് ആയ ടാറ്റർസ്താനിൽ ആണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് വലിയ ദുരന്തം എന്നാണ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞത്. രാജ്യത്തെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ പുനരവലോകനം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയിൽ സ്‌കൂളുകളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ അപൂർവ്വമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആപ്ലിക്കേഷൻ വിൽപ്പനയിൽ ആപ്പിളിന്റെ 30% കമ്മീഷൻ ആധിപത്യം ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്ന് യുകെ കോംപറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ (ക്യാറ്റ്). അംഗീകാരം ലഭിച്ചാൽ 20 മില്യൺ യുകെ ഉപയോക്താക്കളെ കൂട്ടായ പ്രവർത്തനത്തിൽ ഉൾപ്പെടുത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 1.5 ബില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം തേടാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലെയിമിന് പിന്നിലുള്ളവർ പറഞ്ഞു. എന്നാൽ നിയമനടപടി യോഗ്യമല്ലെന്ന് ആപ്പിൾ മറുപടി പറഞ്ഞു. 2015 ഒക്‌ടോബർ മുതൽ ഒരു ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ പണമടച്ചുള്ള ആപ്ലിക്കേഷനുകൾ, പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ അല്ലെങ്കിൽ മറ്റ് ആപ്ലിക്കേഷനിലെ വാങ്ങലുകൾ എന്നിവ നടത്തിയവരെ ക്ലെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരമൊരു കൂട്ടായ നടപടി തുടരുന്നതിന് മുമ്പ് ട്രൈബ്യൂണൽ അംഗീകരിക്കേണ്ടതുണ്ട്.

30% ആപ്പിൾ വിൽപ്പന വെട്ടിക്കുറച്ചത് ഇതിനകം തന്നെ മറ്റ് കമ്പനികളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നുണ്ട്. സാധ്യതയുള്ള മത്സരം ആപ്പിൾ മനഃപൂർവം നിർത്തലാക്കുന്നു, സാധാരണ ഉപയോക്താക്കൾ ആപ്പിളിന്റെ സ്വന്തം പേയ്‌മെന്റ് പ്രോസസ്സിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതുണ്ട്, അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമായി അമിതമായ ലാഭം സൃഷ്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇത് ഒരു കുത്തകയുടെ പെരുമാറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കേസ് ട്രൈബ്യൂണലിലേക്ക് കൊണ്ടുപോകുകയും എല്ലാവരെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന കിംഗ്സ് കോളേജ് ലണ്ടൻ ഡിജിറ്റൽ എക്കണോമി ലക്ചറർ ഡോ. റാഫേൽ കെന്റ് പറഞ്ഞു. ആപ്പിൾ ഉപയോക്താക്കൾക്ക് അംഗീകരിക്കാനാവാത്ത നിരക്കുകൾ ഈടാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് യോഗ്യതയില്ലാത്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും ആപ് സ്റ്റോർ യുകെയുടെ നവീകരണ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകിയ നിരവധി നേട്ടങ്ങളെയും കോടതിയുമായി ചർച്ച ചെയ്യാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നു.” ഒരു പ്രസ്താവനയിൽ ആപ്പിൾ ഇപ്രകാരം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved